Thursday, January 28, 2016

വിയറ്റ്‌നാം - അറിഞ്ഞതും അനുഭവിച്ചതും

വിയറ്റ്നാം എന്ന പേരു കേൾക്കുന്ന മാത്രയിൽതന്നെ നമ്മുടെ മനസ്സിൽ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട്. അമേരിക്കൻ വിമാനങ്ങൾ വർഷിക്കുന്ന ബോംബുകളിൽ നിന്ന് രക്ഷപ്പെടാനായി ഉറക്കെ നിലവിളിച്ചുകൊണ്ടോടുന്ന നഗ്നയായ ഒരു പിഞ്ചു ബാലികയുടേത്. ലോകാഭിപ്രായം അമേരിക്കയ്ക്കെതിരെ തിരിയാൻ സഹായകമായ ഒരു വാർത്താചിത്രമായിരുന്നു അത്. സർക്കാർ സർവീസിൽ നിന്ന് വിരമിച്ചതിനുശേഷം ഭാരതത്തിലുടനീളവും അതിനുശേഷം വിദേശരാജ്യങ്ങളിലും സന്ദർശനം നടത്തിയ ശ്രീ. ജി. ശശികുമാർ തന്റെ വിയറ്റ്നാം യാത്രയുടെ വിവരണമാണ് ഈ പുസ്തകത്തിൽ നല്കിയിരിക്കുന്നത്.

അമേരിക്കയെ തോൽപ്പിച്ചോടിച്ചതിനുശേഷം കമ്യൂണിസ്റ്റ് പാർട്ടി ഉത്തര-ദക്ഷിണ വിയറ്റ്നാമുകളെ സംയോജിപ്പിച്ച് സമ്പൂർണ ആധിപത്യം കയ്യാളി. എൺപതുകളുടെ അവസാനത്തോടെ പെരിസ്ട്രോയിക്ക മാതൃകയിൽ ഡോയ് മോയ് എന്ന പരിപാടി അവതരിപ്പിച്ച പാർട്ടി സ്വകാര്യസ്വത്തവകാശം അനുവദിച്ചു. 'നിങ്ങൾ പണമുണ്ടാക്കിക്കൊള്ളൂ, ഭരണം ഞങ്ങൾ നടത്തിക്കൊള്ളാം' എന്നാണ് പാർട്ടിയുടെ ഇപ്പോഴത്തെ മുദ്രാവാക്യം. ഉദാരവല്ക്കരണത്തെത്തുടർന്ന് പുതിയ വ്യവസായ, വാണിജ്യസംരംഭങ്ങളുടെ വരവോടെ സമ്പന്നതയുടെ ബഹിർസ്ഫുരണങ്ങൾ തലസ്ഥാനനഗരത്തിലെങ്കിലും കാണാനാവുന്നു. പക്ഷേ, രാഷ്ട്രീയം ചായക്കടയിൽ പോലും ചർച്ച ചെയ്യാൻ ജനങ്ങൾക്കനുവാദമില്ല.ഭരണകൂടം സാമൂഹ്യജീവിതത്തിന്റെ എല്ലാ തലങ്ങളിലും കൈകടത്തുന്നു. വിവാഹം കഴിക്കാൻ സർക്കാരിന്റെ ലൈസൻസ് എടുക്കേണ്ട വിയറ്റ്നാമിൽ കമ്യൂണിസ്റ്റുകാർക്കെതിരെ പോരാടിയവരുടെ പിൻതലമുറകളിൽ പെട്ടവരെ വിവാഹം കഴിച്ചാൽപോലും ജോലി നഷ്ടപ്പെടുമെന്നതാണവസ്ഥ. സാധാരണജനങ്ങളെ കൂട്ടിലിട്ടു വളർത്തുന്ന മൃഗതുല്യം അനുസരിപ്പിക്കുമ്പോഴും ഉന്നതങ്ങളിൽ പാർട്ടി സഖാക്കൾ അഴിമതിയിൽ മുങ്ങിക്കുളിക്കുന്നു. സിംഗപ്പൂരിലേയ്ക്ക് ലൈംഗികത്തൊഴിലാളികളായി പോകുന്ന വിയറ്റ്നാം യുവതികളുടെ തിരക്ക് വിമാനങ്ങളിൽ ദൃശ്യമാണ്.

ഭൂപ്രകൃതിയിലും കാലാവസ്ഥയിലും കേരളത്തിനു സമാനമാണ് വിയറ്റ്നാം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ലേഖകൻ യാത്ര ചെയ്യുന്നുണ്ട്. മൺമറഞ്ഞ രാജഭരണത്തിന്റെ നഷ്ടാവശിഷ്ടങ്ങൾ എമ്പാടും കാണപ്പെടുന്നു. ഫ്രഞ്ച് കോളനിവാഴ്ചയുടെ പ്രതീകങ്ങൾ വളരെ പ്രകടമാണ്. സഹയാത്രികരുമായും നാട്ടുകാരുമായും പരമാവധി ഇഴുകിച്ചേരാൻ ലേഖകൻ ശ്രദ്ധിക്കുന്നു. ഇത് കേവലം ഒരു ടൂറിസ്റ്റ് എന്നതിനുപരി ആ നാടിന്റെ ഒരു പരിഛേദം ദർശിക്കാൻ അദ്ദേഹത്തെ സഹായിക്കുന്നു. യാത്രയിലെ ഓരോ ചെറിയ അനുഭവവും വായനക്കാരുമായി പങ്കുവെയ്ക്കുവാൻ ശശികുമാർ ശ്രദ്ധിക്കുന്നു.

Book Review of Vietnam - Arinjathum Anubhavichathum by G. Sasikumar
ISBN: 9788126435753


Saturday, January 23, 2016

കോടമ്പാക്കം കുറിപ്പുകൾ

സിനിമ ആധുനികകാലത്തിന്റെ അതുല്യമായ കലാരൂപമാണ്‌. പ്രയത്നമേതും കൂടാതെ എല്ലാ വീടുകളിലും കടന്നെത്തുന്ന ചലച്ചിത്രമാധ്യമം ഒരു വിഭാഗം യുവജനങ്ങളെ വളരെയധികം ആകർഷിക്കുന്നു. സാമ്പത്തികനേട്ടവും പ്രശസ്തിയും പ്രമുഖ സിനിമാപ്രവർത്തകരെ മറ്റു മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്ഥരാക്കുന്നു. തിളങ്ങുന്ന ഓരോ താരത്തിനും പിന്നിൽ വഴിയിൽ വീണുപോയ നൂറുകണക്കിന് ഹതഭാഗ്യരുണ്ടെന്നു നാം ഓർക്കാറില്ല. മനസ്സിൽ വിരിഞ്ഞുനില്ക്കുന്ന സ്വപ്നങ്ങളെ ലക്ഷ്യമാക്കി സ്വന്തം കഴിവുമാത്രം മൂലധനമെന്നു കരുതി കലാപ്രതിഭകൾ മദിരാശിയിലേയ്ക്ക് തീവണ്ടി കയറിയിരുന്ന ഒരു കാലം ഇവിടെയുണ്ടായിരുന്നു. ദക്ഷിണഭാരത ഭാഷകളിലെ ചലച്ചിത്രങ്ങളെല്ലാം ചെന്നൈയിലാണ് അന്ന് നിർമ്മിക്കപ്പെട്ടിരുന്നത്. ലോസ് ഏഞ്ചൽസിനു  ഹോളിവുഡ് എന്നപോലെ ചെന്നൈയിലെ കോടമ്പാക്കം എന്ന പ്രദേശത്താണ് സിനിമാക്കാരും സ്റ്റുഡിയോകളുമെല്ലാം ഉണ്ടായിരുന്നത്. ആർക്കോട്ട് നവാബിന്റെ കുതിരകളെ (ഘോട) തീറ്റിപ്പോറ്റിയിരുന്ന ഘോടാബാഗ് ആണ് ക്രമേണ കോടമ്പാക്കം ആയതത്രേ. ഗാനാലാപനരംഗത്തേക്ക് പ്രതീക്ഷയോടെ കടന്നുവന്ന എസ്. രാജേന്ദ്രബാബു പതുക്കെ കോറസ് ഗായകനാവുന്നതും ട്രാക്ക് പാടുന്നതുമൊക്കെ കഴിഞ്ഞ് അവസാനം ഉപജീവനത്തിനായി സിനിമാ ജേർണലിസ്റ്റ് ആവുന്ന കഥയാണ് ഈ പുസ്തകത്തിലൂടെ വിവരിക്കുന്നത്.

പതിറ്റാണ്ടുകളുടെ പരിചയം സിനിമാലോകത്തെ സർവ'ക്ലിക്കു'കളേയും ലേഖകന് സുപരിചിതമാക്കുന്നുണ്ട്. ഒട്ടനവധി ഗായകരുടെയും അഭിനേതാക്കളുടെയും സുതാര്യമായ രേഖാചിത്രം ഇതിൽ കാണാം. മുഖം നോക്കാതെ അഭിപ്രായം പറയേണ്ട ഘട്ടത്തിൽ അതിനും രാജേന്ദ്രബാബു തയ്യാറാകുന്നുണ്ട്. എ.ടി. ഉമ്മറിന്റെ സംഗീതസംവിധാനം പലപ്പോഴും മറ്റു ഗാനങ്ങളിൽനിന്ന് മോഷ്ടിച്ചുകൊണ്ടായിരുന്നു എന്നു പ്രഖ്യാപിക്കുമ്പോഴും അദ്ദേഹത്തോടുള്ള ആദരവ് നിലനിർത്തുന്നു. പിന്നണിഗായിക കൂടിയായ സ്വന്തം സഹോദരി ലതികയെ വേണ്ടതിലധികം ഉയർത്തിക്കാണിക്കുന്ന ലേഖകൻ പിന്നീടവർ സംഗീതാധ്യാപികയായി മാറേണ്ടി വരുന്ന സാഹചര്യവും വിശദീകരിക്കുന്നു. വിഖ്യാത സംഗീതസംവിധായകനായ ജി. ദേവരാജന്റെ സ്വഭാവസവിശേഷതകളുടെ തന്മയത്വമാർന്ന ചിത്രത്തോടൊപ്പം ഇളയരാജയുടെ ഉയർച്ചയും താഴ്ചയും നമുക്കു കാണാൻ കഴിയുന്നു.

എന്തുകൊണ്ടോ, യേശുദാസ് ലേഖകന്റെ വിമർശനം ഉടനീളം ഏറ്റുവാങ്ങുന്നുണ്ട്. വളരെ നേർത്ത മുഖപടമണിഞ്ഞ ആരോപണങ്ങൾ ഗാനഗന്ധർവനു നേരെ ഉയർത്തുമ്പോഴും ആ മാസ്മര ശബ്ദത്തിനു പകരം വെയ്ക്കാൻ മറ്റൊന്നില്ല എന്ന അനിഷേധ്യസത്യം ലേഖകൻ തിരിച്ചറിയുന്നു. മറ്റു ഗായകർ ഉയർന്നുവരാതിരിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നോ എന്നു നാം സംശയിച്ചുപോകുന്നു. പക്ഷേ നിരവധി ഗായകർ കൊണ്ടുവരുമായിരുന്ന ശബ്ദവൈവിധ്യം മലയാളത്തിൽ ഇല്ലാതെ പോയത് ഗാനശാഖയെ ശുഷ്കമാക്കിയെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. എങ്കിലും മറ്റു പല മേഖലകളിലും രാജാവ് നഗ്നനാണെന്നു വിളിച്ചുപറയുന്ന കുട്ടിയെപ്പോലെ സത്യത്തിന്റെ മുഖം വെളിപ്പെടുത്താൻ തയ്യാറാകുന്ന രാജേന്ദ്രബാബുവിന്റെ പുസ്തകം അനുമോദനം അർഹിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Kodambakkam Kurippukal' by S. Rajendra Babu
ISBN:9788126432066

Sunday, January 10, 2016

ആദികൈലാസയാത്ര

തൃശൂർ സ്വദേശിയായ ശ്രീ. എം.കെ.രാമചന്ദ്രൻ മലയാള സഞ്ചാരസാഹിത്യത്തിൽ സുപരിചിതനായിത്തീരുന്നത് 2001-ൽ അദ്ദേഹം നടത്തിയ കൈലാസയാത്രയുടെ വിവരണം 'ഉത്തരാഖണ്ഡിലൂടെ - കൈലാസ് മാനസസരസ്സ് യാത്ര' എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിലൂടെയാണ്. ഉറച്ച അർപ്പണബോധവും സംസ്കൃതസാഹിത്യത്തോടുള്ള ആഭിമുഖ്യവും മുഖമുദ്രയാക്കുന്ന ലേഖകന്റെ ഈ ഗ്രന്ഥം വളരെ പെട്ടെന്നുതന്നെ കൈലാസയാത്രയെക്കുറിച്ചുള്ള മലയാളത്തിലെ ആധികാരികഗ്രന്ഥമായിത്തീർന്നു. യാത്ര നടത്തിയവരും ഭാവിയിൽ നടത്താനാഗ്രഹിക്കുന്നവരുമായ മലയാളികളെല്ലാവരും രാമചന്ദ്രന്റെ വിഖ്യാതഗ്രന്ഥം വായിച്ചിട്ടുണ്ടാവുമെന്നു തീർച്ച. അതിനെ പിന്തുടർന്ന് ലേഖകൻ ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളിലും വിശിഷ്യാ ഉത്തരാഖണ്ഡിന്റെ അധികമൊന്നും അറിയപ്പെടാത്ത ഭൂമികകളിലും സഞ്ചരിച്ച് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. നേപ്പാൾ, തിബത്ത് എന്നീ അതിർത്തിപ്രദേശത്തോട് ചേർന്നു സ്ഥിതിചെയ്യുന്ന ആദികൈലാസപർവതം, ഓം പർവതം എന്നീ ഹിമഗിരിശ്രുംഗങ്ങളിലേക്ക് 2006-ൽ ലേഖകൻ നടത്തിയ യാത്രയുടെ മനോജ്ഞവിവരണമാണ് ഈ ഗ്രന്ഥം.

കൈലാസപർവതം ശിവ-പാർവതിമാരുടെ വാസസ്ഥാനമായി വിശ്വസിക്കപ്പെടുന്നു. ഇത് ചൈന കയ്യടക്കിവെച്ചിരിക്കുന്ന തിബത്തിലാണ്. ആദികൈലാസം പരമശിവൻ സതിയോടൊപ്പം കഴിഞ്ഞിരുന്ന ആദ്യവാസസ്ഥാനമാണ്. ഉത്തരാഖണ്ഡിലെ പിത്തോറാഗഡ് ജില്ലയിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തെ ചൊല്ലി ഭാരതവും നേപ്പാളും തമ്മിൽ അതിർത്തിത്തർക്കവുമുണ്ട്.നിത്യഹിമപാതമേഖലയായ ഇവിടെ സ്ഥിതി ചെയ്യുന്ന ഓം പർവതം പ്രത്യേകശ്രദ്ധയർഹിക്കുന്നു. വളരെ ഉയരമുള്ള ഈ പർവതത്തിന്റെ ഉച്ചിയോടടുത്ത ഭാഗങ്ങളിൽ മഞ്ഞുവീണുകിടക്കുന്നത് ദൂരെ നിന്നുനോക്കിയാൽ സംസ്കൃതാക്ഷരമായ ഓം (ॐ) പോലെ തോന്നിപ്പിക്കുന്നു. തികച്ചും യാദൃശ്ചികമായ ഭൗമ-പർവതചലനങ്ങൾ മൂലം ഉണ്ടായിട്ടുള്ളതാണെങ്കിലും ഈ അസാധാരണമായ സാദൃശ്യം ആശ്ചര്യം ജനിപ്പിക്കുന്നതാണ് - അപ്പോൾ വിശ്വാസികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ദിവസങ്ങൾ നീളുന്ന ട്രെക്കിംഗ് വഴിയാണ് സംഘം ലക്ഷ്യസ്ഥാനത്തെത്തുന്നത്. യാത്ര വളരെ കഠിനമാണ്. നദീതീരത്ത്, പർവതങ്ങളുടെ വശത്തുകൂടി വെട്ടിയുണ്ടാക്കിയിരിക്കുന്ന വഴികൾക്ക്‌ പലപ്പോഴും ഒന്നോ രണ്ടോ അടി വീതിയേ ഉണ്ടാകൂ. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന മലയിടിച്ചലിനെ വകവെക്കാതെ നടന്നുനീങ്ങുന്ന യാത്രക്കാർക്ക് ഭീഷണിയായി മഴയും കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും. പ്രകൃതി നിരത്തുന്ന പ്രതിബന്ധങ്ങളെ മറികടന്നു നീങ്ങുന്ന യാത്രികർ വളരെ കൃത്യമായ സസ്യാഹാരരീതിയും പാലിക്കേണ്ടതുണ്ട്. മിക്കദിവസങ്ങളിലും ലേഖകന് ലഭിക്കുന്നത് രോട്ടിയും കിഴങ്ങുകറിയും വെണ്ടക്കാത്തോരനും മാത്രമാണ്!

യാത്രചെയ്യുന്ന സ്ഥലങ്ങളിലെല്ലാം നാട്ടുകാരോട് ഇണങ്ങിച്ചേരാൻ അന്യാദൃശമായ കഴിവാണ് രാമചന്ദ്രൻ പ്രദർശിപ്പിക്കുന്നത്. എളുപ്പത്തിൽ ആരോടും സൗഹൃദം സ്ഥാപിക്കാൻ കഴിയുന്നതായിരിക്കണം ലേഖകന്റെ വാക്ചാതുരിയും ഭാഷാസ്വാധീനവും. പരിചയപ്പെടുന്നവരോടെല്ലാം താൻ കൈലാസയാത്രയും അതിന്റെ പരിക്രമണവും കാൽനടയായാണ് നടത്തിയതെന്നു പറയാൻ മടി കാണിക്കുന്നില്ല. ഈ ഇഴുകിച്ചേരൽ തദ്ദേശീയമായ ഒട്ടനവധി വിവരങ്ങളും മിത്തുകളും നാടോടിക്കഥകളും ലേഖകനു മുന്നിൽ തുറന്നുവെയ്ക്കുന്നു.വഴിയിൽ കണ്ടുമുട്ടുന്നവരുമായി സുഖാന്വേഷണം നടത്താനും സാമ്പത്തികബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ സഹായിക്കാനും അദ്ദേഹം തയ്യാറാകുന്നുണ്ട്.

ഹിമാലയത്തിന്റെ ആധ്യാത്മികമഹത്വം വളരെ ഉന്നതിയിലാണ് നിലകൊള്ളുന്നതെങ്കിലും കേരളീയരായ ഭൂരിപക്ഷം പേർക്കും ഇതേക്കുറിച്ച് സാമാന്യജ്ഞാനം പോലും ഇല്ല എന്ന കുറവുനികത്താനായി 'അസ്ത്യുത്തരസ്യാം ദിശി ദേവതാത്മാ' എന്നു പേരിട്ടിരിക്കുന്ന, പുസ്തകത്തിന്റെ മൂന്നിലൊന്നോളം വരുന്ന ഒരധ്യായം ലേഖകൻ നീക്കിവെയ്ക്കുന്നു. 112 പേജ് വരുന്ന ഈ അദ്ധ്യായം ഒന്നു കടന്നുകിട്ടുവാൻ കൈലാസയാത്രയുടെ കാഠിന്യം വായനക്കാർ അനുഭവിക്കണം. യോഗവിദ്യയുടെ അത്ഭുതസിദ്ധികൾ വിവരിക്കാനെന്ന മട്ടിൽ അബദ്ധജടിലമായ കുറെ പരാമർശങ്ങൾ നിരത്തി ഗ്രന്ഥത്തിന്റെ വിശ്വസനീയത നഷ്ടപ്പെടുത്തുന്നു. ഉത്തരാഖണ്ഡിൽ ധ്യാനനിരതരായിരുന്ന ഋഷിമാരാണ് ദിവ്യസിദ്ധി വഴി 1962-ൽ ചൈനീസ് സൈന്യത്തിനെ തുരത്തിയത് എന്നദ്ദേഹം അവകാശപ്പെടുമ്പോൾ നാമെന്തുത്തരം പറയും? ഭൂമിയിലൊരിടത്തും രേഖപ്പെടുത്തിയിട്ടില്ലാത്ത -80 ഡിഗ്രി സെൽഷ്യസ് എന്ന താപനിലയിലും ഋഷികൾ പുതപ്പുപോലുമില്ലാതെ ധ്യാനനിമഗ്നരായി ഇരിക്കുന്നണ്ടത്രേ. ഇതിനെല്ലാം തെളിവ് എന്ന മട്ടിൽ യോഗവിദ്യ നിമിത്തം സത്യസായിബാബ ഹിമാലയപർവതത്തിനു മുകളിലേക്ക് ഉടലോടെ ഉയർന്നതിന്റെ ഫോട്ടോയും നല്കിയിരിക്കുന്നു! മനസ്സിനെ ധ്യാനനിരതമാക്കുന്നതുമൂലം ഒരു മറാത്തി സ്ത്രീ ഒഴുക്കോടെ ബംഗാളി ഭാഷ സംസാരിച്ചതായി രേഖപ്പെടുത്തുന്ന രാമചന്ദ്രൻ പക്ഷേ സത്യസായിബാബ ഇംഗ്ലീഷ് പഠിക്കാൻ ജീവിതാവസാനം വരെ ശ്രമിച്ചിട്ടും നടന്നില്ല എന്ന വസ്തുത വിസ്മരിക്കുന്നു. യോഗികൾക്ക് ഗുരുത്വാകർഷണം മറികടന്ന് വായുവിലൂടെ സഞ്ചരിക്കാനാകുമെന്നു പറയുന്നതിനോടൊപ്പം തന്നെ, വായുവിനെ നീക്കം ചെയ്ത് വാക്വം സൃഷ്ടിച്ചാൽ ഗുരുത്വം ഇല്ലാതാകുമെന്ന അബദ്ധധാരണയും പ്രചരിപ്പിക്കുന്നു. രസായനവിദ്യ (alchemy) ഇന്ത്യയിൽ വിജയിച്ചുവത്രേ! കഴിഞ്ഞ നൂറ്റാണ്ടിൽ പോലും ചെമ്പിനേയും രസത്തിനെയും സ്വർണമാക്കിയിരുന്നുവെന്നാണ് അവകാശവാദം. വളരെ ഗുരുതരമായ അപകടം വരുത്തിവെച്ചേക്കാവുന്ന ഒരു തെറ്റിദ്ധാരണയും പുസ്തകത്തിലൂടെ നല്കുന്നുണ്ട്. രസം (mercury) ഗുളികരൂപത്തിലാക്കി സേവിക്കുന്നതുവഴി ശരീരത്തിന് സൗന്ദര്യവും വശ്യതയും വർധിക്കുന്നു, മാത്രമല്ല പ്രത്യേകമായൊരു സുഗന്ധവും ആ ദേഹത്തിന് കൈവരുന്നുവത്രേ (പേജ് 236). രസം സേവിച്ചാൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നതാണ് പരമാർത്ഥം.

ഭാരതീയ തത്വചിന്തയുടെ ആധുനികസാംഗത്യം തെളിയിക്കാൻ ഒറ്റനോട്ടത്തിൽ ശാസ്ത്രീയമെന്നു തോന്നിപ്പിക്കുന്ന കുറെ സംഗതികൾ കൊടുത്തിട്ടുണ്ട്‌. എന്തിനും ആധുനികശാസ്ത്രത്തിന്റെ പിൻബലം വേണമെന്ന് ലേഖകൻ ആഗ്രഹിക്കുന്നു. പരിണാമസിദ്ധാന്തം അംഗീകരിക്കുമ്പോൾത്തന്നെ ഋഷിമാർ ആയിരക്കണക്കിനു വർഷം ജീവിക്കുമെന്ന വിചിത്രധാരണയും പുസ്തകം പുലർത്തുന്നു. ഏതെങ്കിലും കാര്യത്തിൽ വിദൂരസാമ്യമെങ്കിലും ഉണ്ടെങ്കിൽ ഭാരതം ആയിരക്കണക്കിനു വർഷം മുൻപേ ഈ സത്യം കണ്ടെത്തിയിരുന്നുവെന്ന് അവകാശമുയരുന്നു.ബ്രഹ്മ-വിഷ്ണു-മഹേശ്വരചൈതന്യം തന്നെയാണ് അണുവിലെ പ്രോട്ടോണ്‍-ന്യൂട്രോണ്‍-ഇലക്ട്രോണ്‍ എന്നത്! (പേജ് 138). ഭാരതീയചിന്ത ശാസ്ത്രവുമായി വഴിപിരിയുന്ന ഘട്ടങ്ങളിൽ രാമചന്ദ്രന് പറയാനുള്ളത് ശാസ്ത്രം ഇനിയും കണ്ടെത്തിയിട്ടില്ലാത്ത മേഖലയാണ് അത് എന്നാണ്. ശുദ്ധഅസംബന്ധങ്ങളായ ആശയങ്ങൾ അവതരിപ്പിക്കുന്നതിന് ലേഖകൻ നിർലോഭം ഉപയോഗിക്കുന്ന പദപ്രയോഗങ്ങളാണ് 'എന്നാണു കേൾവി', 'എന്നാണു പറയുന്നത്', 'എന്നാണു കരുതുന്നത്', 'ഉണ്ടത്രേ' എന്നിവ.

1998-ൽ പുറപ്പെട്ട കൈലാസയാത്രാസംഘത്തിന് മാൽപ്പ എന്ന സ്ഥലത്തുവെച്ച് ശക്തമായ മലയിടിച്ചലിനെ നേരിടേണ്ടിവന്നു. ഏതാണ്ട് 270 പേർ കൊല്ലപ്പെട്ട ഈ ദുരന്തത്തിന് കാരണമായി ലേഖകൻ കരുതുന്നത് സംഘാംഗമായ ഒരു സ്ത്രീ ലെയ്സൻ ഓഫീസറുമായി നടത്തിയെന്നു പറയപ്പെടുന്ന സദാചാരവിരുദ്ധ പ്രവർത്തനങ്ങളാണ് (പേജ് 49). അതായത്, തെറ്റുചെയ്ത രണ്ടുപേരെ ശിക്ഷിക്കാൻ കഴിയാത്ത ദൈവം സംഘത്തെ മുഴുവൻ കൊലയ്ക്കുകൊടുത്തുവെന്ന്! ഇത് ദൈവനിന്ദയല്ലെങ്കിൽ മറ്റെന്താണ്?ഏതായാലും മാനനഷ്ടക്കേസ് ഭയന്നാകാം, അദ്ദേഹം സംഘാംഗത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ല. പക്ഷേ ഇദ്ദേഹത്തിന്റെ കൈലാസയാത്രാപുസ്തകത്തിൽ പ്രസിദ്ധ നർത്തകിയായിരുന്ന പ്രൊതിമ ബേദി യാത്രയ്ക്കിടയിലെ ക്യാമ്പുകളിൽ നൃത്തം ചെയ്തിരുന്നുവെന്ന് അമർഷത്തോടെ രേഖപ്പെടുത്തുന്നുണ്ട്.ആദികൈലാസസംഘത്തിലും രണ്ടുപേർ അനാശാസ്യപ്രവർത്തനം നടത്തിയതുവഴി ഗുൻജി ക്യാമ്പ് എത്തുന്നതുവരെ പ്രകൃതി വളരെ പ്രതിബന്ധങ്ങൾ സമ്മാനിച്ചു എന്നു പറയുന്നു. പക്ഷേ പുസ്തകം ശ്രദ്ധിച്ചുവായിക്കുന്നവർ കാണുന്നത് ഹിമാലയയാത്രയുടെ പ്രത്യേകതയായ പ്രകൃതിക്ഷോഭങ്ങൾ യാത്രയിലുടനീളം ഉണ്ടായിരുന്നുവെന്നാണ്. അപ്പോൾ ഗുൻജി കഴിഞ്ഞും അസാന്മാർഗികം നടത്തിയത് ആരാണാവോ!

പുസ്തകം ഹിമാലയയാത്രികർക്കായി ശുപാർശ ചെയ്യുന്നു.

Book Review of Adi Kailasa Yathra by M K Ramachandran (ISBN 9788122608298)