Tuesday, February 25, 2020

ഒപ്പം കഴിഞ്ഞ കാലം

പാലക്കാട്ടുരാജാവിന്റെ ചെറുമകനായി 1886-ൽ ജനിച്ച കെ. പി. കേശവമേനോൻ തന്റെ അഭിജാത കുടുംബപശ്ചാത്തലം വിസ്മരിച്ചുകൊണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. മാതൃഭൂമി ദിനപ്പത്രത്തിന്റെ സ്ഥാപകനും ദീർഘകാലം പത്രാധിപത്യം വഹിക്കുകയും ചെയ്ത അദ്ദേഹം വിശാലമായ ഒരു സ്വാധീനവലയത്തിന്റെ ഉടമയായിരുന്നു. 'കഴിഞ്ഞ കാലം' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ആ ജനുസ്സിൽ മലയാളത്തിൽ ഉണ്ടായവയിൽ ശ്രദ്ധേയമായ ഒന്നാണ്. 1959-ൽ തിമിരബാധയെത്തുടർന്ന് കാഴ്ച്ച നഷ്ടമായ മേനോൻ ഇംഗ്ലണ്ടിലും ചികിത്സ നടത്തിനോക്കിയെങ്കിലും യാതൊരു ഫലവും ലഭിച്ചില്ല. തുടർന്ന് വിശ്വസ്ഥനായ ഒരു പരിചാരകനെ തേടിയിറങ്ങിയ അദ്ദേഹത്തിന് വരദാനം പോലെ ലഭിച്ച അനുയായിയായിരുന്നു എൻ. ശ്രീനിവാസൻ. ബന്ധുവൊന്നുമല്ലെങ്കിലും പിതൃതുല്യമായ ഭക്തിബഹുമാനങ്ങളോടെ ശ്രീനിവാസൻ പതിനെട്ടുവർഷങ്ങൾക്കുശേഷം കേശവമേനോന്റെ മരണം വരെ അദ്ദേഹത്തിന്റെ 'കണ്ണും ഊന്നുവടിയുമായി' പ്രവർത്തിച്ചു. അക്കാലത്തെ സ്മരണകളാണ് കേശവമേനോന്റെ ആത്മകഥയെ അനുസ്മരിപ്പിക്കുന്ന 'ഒപ്പം കഴിഞ്ഞ കാലം' എന്ന തലക്കെട്ടുള്ള ഈ സ്മരണാഗ്രന്ഥം.

മകളുടെ ഡോക്ടറേറ്റ് ബിരുദദാന ചടങ്ങിൽ സംബന്ധിക്കുന്നതിനായി ഇംഗ്ലണ്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഈ പുസ്തകത്തിന്റെ ബീജാവാപം നടക്കുന്നത്. തന്മൂലം ഇംഗ്ലണ്ടിലെ യാത്രയുടെ ഒരു ലഘുവിവരണവും വിവിധ അദ്ധ്യായങ്ങളിൽ കാണാം. താൻ നേരിടുന്ന വ്യക്തികളിലും വസ്തുക്കളിലും നല്ലതുമാത്രം സ്വീകരിക്കാനുള്ള ശ്രീനിവാസന്റെ തെളിമയാർന്ന മനസ്സ് "സായ്പ്പന്മാർ ആരെയും ഉപദ്രവിക്കുകയോ പരദൂഷണം നടത്തുകയോ ഇല്ല" എന്ന സാമാന്യവൽക്കരണത്തിൽനിന്നു വ്യക്തമാകും (പേജ് 70). ഇംഗ്ലണ്ടിലെ യാത്രക്കിടയിൽ അദ്ദേഹം രൂപപ്പെടുത്തിയെടുത്ത ഒരു നിരീക്ഷണമാണിത്. കേശവമേനോന്റെ നിഴലായി ജീവിച്ച രണ്ടു പതിറ്റാണ്ടുകൾ ആത്മാർത്ഥസേവനത്തിന്റെ ദൃഷ്ടാന്തമായി മാറ്റിയ ആ നിസ്വാർത്ഥസേവകന്റെ നാൾവഴികൾ ഈ ഗ്രന്ഥത്തിൽ കാണാൻ സാധിക്കും.

നന്നേ ചെറുപ്പത്തിലേ കേശവമേനോന്റെ സന്തതസഹചാരിയായി കൂടിയ ശ്രീനിവാസൻ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗം തന്നെയായി മാറി. ക്രമേണ തനിക്കും ഭാര്യക്കും മാതൃഭൂമി പത്രത്തിൽ ജോലി സ്ഥിരപ്പെടുത്തിക്കിട്ടിയതോടെയാണ് ജീവിതസുരക്ഷ എന്ന ആശയം ഗ്രന്ഥകർത്താവിൽ ബലപ്പെട്ടത്. ഈ പുസ്തകം മാതൃഭൂമിയുടെ വളർച്ചയും വികാസവും പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. കോഴിക്കോട്ടുനിന്നുമാത്രം പ്രസിദ്ധീകരിച്ചിരുന്ന ആ പത്രം ക്രമേണ നിരവധി സ്ഥലങ്ങളിലേക്കു വ്യാപിക്കുകയും തദ്വാരാ പ്രചാരം നിരവധി ദശലക്ഷങ്ങളിലേക്കു വളരുകയും ചെയ്തു. ഇതിനെല്ലാം പിന്നിൽ മുഖ്യപത്രാധിപരായിരുന്ന കേശവമേനോന്റെ പ്രവർത്തനവും വിശദമായി വരച്ചുകാട്ടുന്നുണ്ട്. എങ്കിലും താൻ 'വല്യച്ഛൻ' എന്നു വിളിച്ചിരുന്ന കേശവമേനോന്റെ വ്യക്തിപരമായ ഒരു സ്തുതിപാടലിനപ്പുറം കാര്യങ്ങളുടെ സങ്കീർണതകളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശ്രീനിവാസൻ ഒരിക്കലും തയ്യാറാകുന്നില്ല എന്നത് നമ്മെ തെല്ലു നിരാശപ്പെടുത്തും.

കേശവമേനോന്റെ നിര്യാണത്തിനുശേഷം മാതൃഭൂമിയിലെ ജോലിയിൽ വ്യാപൃതനായ ഗ്രന്ഥകർത്താവ് മിക്കപ്പോഴും ഉന്നതരുടെ പരിചരണത്തിൽ നിതാന്തജാഗ്രത പുലർത്തുന്നതുകാണാം. അവരുടേയോ വേണ്ടപ്പെട്ടവരുടേയോ ആശുപത്രിവാസക്കാലത്ത് അദ്ദേഹം ഒഴിച്ചുകൂടാനാകാത്ത സഹായമായി മാറി. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടർ കൂടിയായ എം. പി. വീരേന്ദ്രകുമാറിനെ ഈ കൃതിയിൽ പലയിടങ്ങളിലും വാനോളം പുകഴ്ത്തുന്നുണ്ട്. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന അധികം പ്രശസ്തരല്ലാത്ത പലരുടേയും രചനകളിൽ പ്രസാധകൻ കൂടിയായ വീരേന്ദ്രകുമാറിന്റെ പ്രശംസ ഒരു ചടങ്ങെന്നോണം കാണുന്നു. അദ്ദേഹം സ്വാഭാവികമായും ഇതാസ്വദിക്കുന്നുണ്ടാകാമെങ്കിലും വായനക്കാരിൽ ഇത് അറപ്പുളവാക്കുന്നുവെന്ന് ആ പ്രസാധനശാല തിരിച്ചറിയാൻ വൈകിക്കൂടാ. വീരേന്ദ്രകുമാറിനെ മാത്രമല്ല, അദ്ദേഹത്തിന്റെ പിതാവ് പത്മപ്രഭ ഗൗഡർ, ഭാര്യ, മറ്റു ബന്ധുമിത്രാദികൾ എന്നിവരേയും ശ്രീനിവാസൻ മുറതെറ്റാതെ പൊക്കിവിടുന്നുണ്ട്.

രാഷ്ട്രപതിയോളം എത്തിയിരുന്ന ഒരു സ്വാധീനചക്രവാളം കേശവമേനോൻ പുലർത്തിയിരുന്നു എന്ന് നമുക്കിതിൽ കാണാൻ കഴിയും. അക്കാലത്തെ സാമ്പത്തിക-വ്യാവസായിക പരിതസ്ഥിതിയിൽ ഇത്തരം സ്വാധീനം അനിവാര്യവുമായിരുന്നു. നിർമ്മാതാക്കൾ എന്തു നിർമ്മിക്കണം, എത്ര നിർമ്മിക്കണം, എങ്ങനെ നിർമ്മിക്കണം എന്നൊക്കെ സർക്കാർ നിയന്ത്രിച്ചിരുന്ന ഇന്ദിരാഗാന്ധിയുടെ ലൈസൻസ്-ക്വോട്ട-പെർമിറ്റ് വ്യവസ്ഥയിൽ ഉന്നതങ്ങളിൽ നല്ല പിടിപാടുള്ളവർക്കുമാത്രമേ മുന്നേറാൻ കഴിയുമായിരുന്നുള്ളൂ. സ്വാഭാവികമായും ഇത് വ്യാപക അഴിമതിക്ക് വളം വെച്ചുകൊടുത്തു. അത്തരം രണ്ടുദാഹരണങ്ങൾ ഇതിൽ കൊടുത്തിരിക്കുന്നു.  കോഴിക്കോട് നഗരസഭയുടെ അദ്ധ്യക്ഷന് കാർ വാങ്ങാൻ തീരുമാനിച്ചപ്പോൾ ദീർഘമായ വെയ്റ്റിംഗ് ലിസ്റ്റാണ് അദ്ദേഹത്തിന് കാണാൻ സാധിച്ചത്. അന്നൊക്കെ ഒരു കാർ വാങ്ങണമെങ്കിൽ പണമടച്ച് ഒന്നോ രണ്ടോ വർഷം കാത്തിരുന്നാലേ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ കേശവമേനോൻ ഗവർണറെ നേരിട്ടു വിളിച്ചു പറഞ്ഞതോടെ ഗവർണറുടെ പ്രത്യേക ക്വോട്ടയിൽ ഉൾപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ കാർ ലഭ്യമായി. പിന്നീട് മാതൃഭൂമിക്ക് കാർ വാങ്ങേണ്ടിവന്നപ്പോഴും ഈ അഭ്യാസം ആവർത്തിക്കപ്പെട്ടു. ഉദാരവൽക്കരണത്തോടെയാണ് ഇത്തരം സ്വകാര്യവൽക്കരിക്കപ്പെട്ട അഴിമതി അപ്രത്യക്ഷമായത്.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Oppam Kazhinja Kalam' by N Sreenivasan
ISBN: 9788182680340

Saturday, February 15, 2020

വെളിച്ചപ്പാടിന്റെ ഭാര്യ

കേരളപ്പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച 'കേരളം 60' എന്ന പരമ്പരയിലെ സാമൂഹ്യശാസ്ത്രപരമായ ഒരു പുസ്തകമാണ് സി. രവിചന്ദ്രന്റെ 'വെളിച്ചപ്പാടിന്റെ ഭാര്യ'. പത്തൊൻപതാം നൂറ്റാണ്ടിൽ അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും കൂത്തരങ്ങായിരുന്നു കേരളം എന്നതിന് നിരവധി ദൃഷ്ടാന്തങ്ങൾ ലഭ്യമാണ്. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ ഒരു മൂന്നു പതിറ്റാണ്ടുകാലത്തേക്ക് - 1980 വരെ - മതനേതാക്കൾക്ക് സ്വീകാര്യത കുറഞ്ഞുവരികയും അല്പമൊരു ശാസ്ത്രബോധം ജനങ്ങളിലേക്ക് കടന്നുചെല്ലുകയും ചെയ്തു എന്ന നിഗമനത്തെ ആസ്പദമാക്കിയാണ് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്. 1980-നു ശേഷം അന്ധവിശ്വാസത്വരയും ആചാരപരതയും വർദ്ധിച്ചുവന്നു. പ്രവാചകനിന്ദ ആരോപിച്ചുകൊണ്ട് ഒരു കോളേജ് പ്രൊഫസ്സറുടെ കൈവെട്ടുന്ന സംഭവം പോലും കേരളത്തിൽ അരങ്ങേറി. ഈ സാഹചര്യത്തിൽ കേരളത്തിന്റെ അറുപതു വർഷങ്ങളിലെ പ്രോഗ്രസ്സ് കാർഡാണ് രവിചന്ദ്രൻ ഇവിടെ അവതരിപ്പിക്കുന്നത്. അത് കാഴ്ചവെക്കുന്നത് 'D-' എന്ന സ്‌കോറുമാണ്.

1974-ൽ റിലീസ് ചെയ്ത 'നിർമാല്യം' എന്ന ചലച്ചിത്രം മലയാളസിനിമയിലെ എക്കാലത്തേയും ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ്. മികച്ച ചിത്രത്തിനും നടനുമുള്ള ആ വർഷത്തെ ദേശീയ അവാർഡ് ഇതിനും, നായകനായി അഭിനയിച്ച പി. ജെ. ആന്റണിക്കുമാണ് ലഭിച്ചത്. പാരമ്പര്യത്തിൽ നിന്ന് തെല്ലും വ്യതിചലിക്കാതെ ജീവിക്കുന്ന ഒരു വെളിച്ചപ്പാടിനെയാണ് ആന്റണി അവതരിപ്പിച്ചത്. കൊടിയ ദാരിദ്ര്യം മൂലം വെളിച്ചപ്പാടിന്റെ കുടുംബം തകരുന്നതും അയാളുടെ ഭാര്യ വ്യഭിചാരത്തിലേക്ക് തിരിയുന്നതുമാണ് ഇതിവൃത്തം. നിരാശനായ വെളിച്ചപ്പാട് ചിത്രത്തിനൊടുവിൽ താൻ അത്രയും കാലം ആരാധിച്ച ദേവീവിഗ്രഹത്തിൽ കാർക്കിച്ചുതുപ്പുന്ന രംഗമാണ് പല 'പുരോഗമന'വാദികളും ഗൃഹാതുരത്വത്തോടെ സ്മരിക്കുന്ന ഒരു സന്ദർഭം. അത്തരമൊരു രംഗം ഇന്നത്തെ കേരളത്തിൽ ചിത്രീകരിക്കാൻ സാദ്ധ്യമല്ല എന്ന യാഥാർഥ്യം അവരെ വേദനിപ്പിക്കുന്നു. സംഘപരിവാർ ശക്തികളുടെ വളർച്ച കൊണ്ടാണ് അതിനു സാധിക്കാത്തതെന്നും അവർ കുറ്റപ്പെടുത്തുന്നു. ഇത് കേരളത്തിന്റെ സാമൂഹ്യ അധഃപതനമാണെന്നും അവർ നിലവിളിക്കും. എന്നാൽ കാര്യങ്ങൾ അൽപ്പം കൂടി സൂക്ഷ്മമായും നിഷ്പക്ഷമായും ചിന്തിച്ചാൽ ഇതുവെറും വഞ്ചനയാണെന്നും കഴമ്പില്ലാത്ത വെറും കളവാണെന്നും നമുക്കു ബോദ്ധ്യപ്പെടും. അന്നും അവർക്ക് അവഹേളിക്കുവാൻ സാധിച്ചിരുന്നത് ഹൈന്ദവബിംബങ്ങളേയും ചിഹ്നങ്ങളേയും മാത്രമായിരുന്നു. ന്യൂനപക്ഷമതങ്ങളുടെ കാര്യത്തിൽ അന്നും അവർ സ്വയം സെൻസറിംഗ് നടത്തിയിരുന്നു. മതശക്തികൾക്ക് അപചയം സംഭവിച്ചിരുന്നുവെന്ന് രവിചന്ദ്രൻ അവകാശപ്പെടുന്ന ആ കാലഘട്ടത്തിലാണ് ക്രൈസ്തവസഭ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ വിമോചനസമരത്തിലൂടെ വലിച്ചുതാഴെയിറക്കിയത്. 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് നിരോധിക്കപ്പെടുമ്പോൾ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ കാര്യം ബന്ധപ്പെട്ടവർ സൗകര്യപൂർവ്വം മറന്നുകളഞ്ഞു. സൽമാൻ റുഷ്ദിയുടെ 'സാത്താന്റെ വചനങ്ങൾ' അന്നും ഇന്നും നിരോധിക്കപ്പെട്ടിരിക്കുകയാണ്. അപ്പോൾ അക്കാലത്തെ സ്വാതന്ത്ര്യം എന്നത് ഒരു സമുദായത്തെ മാത്രം ആക്ഷേപിക്കുവാനുള്ള ലൈസൻസ് ആയിരുന്നു എന്നൂഹിക്കേണ്ടിവരും. അള മുട്ടിയാൽ ചേരയും കടിക്കും എന്നു പറയുന്നതുപോലെ നിരന്തരമായ ഭർത്സനം സഹിക്കാനാവാതെ ആ സമുദായം സംഘടിച്ചതിന് ആരാണ് ഉത്തരവാദി? ഗുരുവായൂർ ക്ഷേത്രത്തിലെ കൊടിമരം ദേവസ്വത്തിന്റെ പണമുപയോഗിച്ച് സ്വർണം പൂശുന്നതിനെതിരെ 1977 ഡിസംബറിൽ യുക്തിവാദികൾ സത്യാഗ്രഹം പോലും സംഘടിപ്പിച്ചിരുന്നു. എങ്കിലും രവിചന്ദ്രന്റെ പുസ്തകത്തിന്റെ തലക്കെട്ട് മറ്റൊരു തരത്തിൽ ശ്രദ്ധേയമാണ്. മതത്തിന്റെ പ്രയോക്താക്കൾ ഇന്ന് താരതമ്യേന സമ്പന്നരാണ്. അവർക്ക് സമൂഹത്തിൽ നിലയും വിലയും ഇന്നുണ്ട്. അന്ധവിശ്വാസികളുടെ ഒരു സമൂഹം അവരെ എഴുന്നള്ളിച്ചു വഴിനടത്തുന്നു. ആ അർത്ഥത്തിൽ ഇന്ന് ഒരു വെളിച്ചപ്പാടിന്റെ ഭാര്യക്ക് മാനം വിൽക്കുകയോ ദേവീവിഗ്രഹത്തിൽ തുപ്പുകയോ വേണ്ടിവരുന്നില്ല എന്നാണ് ലേഖകൻ സ്ഥാപിക്കുന്നത്. വിചിത്രമെന്നുതന്നെ പറയട്ടെ, അതിൽ അദ്ദേഹത്തിന് എന്തോ മനസ്താപവും ഉള്ളതായി കാണപ്പെടുന്നു.

ഓർഡർ അനുസരിച്ച് തയ്യാറാക്കപ്പെടുന്ന ഇതുപോലുള്ള കൃതികളിൽ ഗ്രന്ഥകാരന്മാർ മറ്റിടങ്ങളിൽ ചർച്ച ചെയ്തിട്ടുള്ള വസ്തുതകളും ഇടം കണ്ടെത്തുന്നതിൽ അത്ഭുതമില്ല. കേരളത്തിലെ യുക്തിവാദപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള സാമാന്യം ദീർഘമായ അദ്ധ്യായങ്ങൾ വിജ്ഞാനപ്രദമാണ്. അംഗങ്ങളെല്ലാവരും സ്വയം ചിന്തിക്കുന്നവരായതിനാൽ ചേരിതിരിവുകളും തമ്മിലടികളും സ്വാഭാവികവും വളരെ കൂടുതലുമാണ്. ഇത് പ്രസ്ഥാനത്തിന്റെ ഓജസ്സ് ചോർത്തിക്കളയുന്നു. വിപ്ലവ രാഷ്ട്രീയപ്രസ്ഥാനങ്ങൾ പോലും 90-കളോടെ സംഘടിത മതത്തിന്റെ ദാസ്യവേലയിലേക്ക് തിരിഞ്ഞുപോയതിനെ ഗ്രന്ഥകാരൻ അപലപിക്കുന്നു. ഷാബാനു കേസ് വിധിയെത്തുടർന്ന് രാജീവ് ഗാന്ധി സർക്കാർ മൊഴിചൊല്ലപ്പെട്ട മുസ്ലിം സ്ത്രീകളുടെ ജീവനാംശം എടുത്തുകളയുന്നതിനായി നിയമം കൊണ്ടുവന്നപ്പോൾ ഇ.എം.എസ് അതിനെ എതിർത്ത് മതമൗലികവാദികളുടെ അസഭ്യവർഷം ഏറ്റുവാങ്ങുകയുണ്ടായി. എന്നാൽ ഇന്ന് വിപ്ലവനേതാക്കന്മാർ പോലും ജിഹാദികളുടെ തോളിൽ കയ്യിടാൻ മത്സരിക്കുന്ന പ്രവണതയാണ് കാണുന്നത്. ഏകീകൃത സിവിൽ നിയമത്തെ (Uniform Civil Code) രവിചന്ദ്രൻ ശക്തമായി പിന്താങ്ങുന്നു. മുസ്ലിം സമുദായത്തിലെ സ്ത്രീകളുടെ അടിമത്തത്തോളമെത്തുന്ന അടിച്ചമർത്തലുകൾ അവസാനിപ്പിക്കുന്നതിനായി ഏകീകൃത സിവിൽ നിയമം മോദി സർക്കാർ കൊണ്ടുവന്നാൽപ്പോലും അതിനെ പിന്താങ്ങാൻ അദ്ദേഹം അവരെ ആഹ്വാനം ചെയ്യുന്നു.

ഈ പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Velichappadinte Bharya - Andhavishwaasathinte Arupathu Malayala Varshangal' by C. Ravichandran
ISBN: 9789386560346