Sunday, May 17, 2015

സർ രാമവർമ രാജർഷി

1914-ൽ രാജാധികാരം സ്വയം കയ്യൊഴിഞ്ഞ, രാജർഷി എന്ന നാമധേയത്താൽ അറിയപ്പെടുന്ന സർ രാമവർമ പതിനഞ്ചാമൻ രാജാവിനെക്കുറിച്ച്, അദ്ദേഹത്തിന്റെ തന്നെ വകയിൽ ചെറുമകനായ ഐ.കെ.കെ മേനോൻ എഴുതിയ പുസ്തകം. ഒരു രാജാവിനെക്കുറിച്ച് സ്തുതിപാഠകർ രചിക്കുന്ന പുസ്തകത്തിൽ ഉണ്ടാകാനിടയുള്ള പ്രത്യേകതകളെല്ലാം ഇതിലുമുണ്ട്. സകലകലാവല്ലഭനായ നായകൻ,ജനക്ഷേമ തല്പരനായ പൊന്നുതമ്പുരാൻ, ബ്രിട്ടീഷ്‌ മേധാവിത്വത്തെ തന്റെ മനസ്ഥൈര്യത്താൽ തടുത്തു നിർത്തിയ നയതന്ത്രജ്ഞൻ എന്നിങ്ങനെ സത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്ത പ്രസ്താവനകൾ ഇതിലും കാണുന്നുണ്ട്. ജീവചരിത്രസംബന്ധിയായ ഒരു ഗ്രന്ഥത്തിൽ അങ്ങനെ കാണുന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല എന്നു പറയേണ്ടി വരും. തന്റെ നായകനെ ഒരുയർന്ന പീഠത്തിൽ പ്രതിഷ്ഠിക്കുക എന്നത് ഏതൊരു കഥാകൃത്തിന്റെയും പ്രഥമ കർത്തവ്യമാണ്. ജീവചരിത്രം എന്നാൽ കുറച്ചൊക്കെ കഥയുമാണ്.

രാമവർമ മഹാരാജാവിന്റെ ഡയറിക്കുറിപ്പുകൾ ഒരു ഭാഗത്ത് എടുത്തു ചേർത്തിട്ടുണ്ട്. തികഞ്ഞ ആത്മാർഥതയോടെയും, സത്യസന്ധതയോടെയും എഴുതപ്പെട്ട ആ വിവരണങ്ങൾ നമ്മെ ആശ്ചര്യഭരിതരാക്കുന്നു. തന്റെ സംസ്കൃത പഠനത്തെക്കുറിച്ച് അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക. "രാമുപട്ടരുടെ ശിക്ഷണത്തിൽ എന്റെ മലയാളം കയ്യക്ഷരം മെച്ചപ്പെട്ടുവെങ്കിലും, സംസ്കൃത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഒരു പുരോഗതിയുമുണ്ടായില്ല.എന്റെ വയസ്സിൽ ഇതൊരപമാനം തന്നെയായിരുന്നു" (പേജ് 28). "സ്കൂളിനു പുറത്ത് ഞാൻ പുസ്തകങ്ങൾ തുറക്കുക പോലും ചെയ്യാറില്ല" (പേജ് 30). "എന്റെ ഗുരുനാഥന് അതികഠിനമായ വസൂരി രോഗം പിടിപെടുകയും അദ്ദേഹം മരിക്കുകയും ചെയ്തു. ഈ വ്യസനകരമായ സംഭവത്തിൽ എനിക്ക് ഒട്ടും ദുഃഖമുണ്ടായില്ല. അസാധാരണമെങ്കിലും അതെനിക്ക് ആശ്വാസം തരികയാണ് ചെയ്തത്" (പേജ് 32). ഇത്രയുമൊക്കെ വായിക്കുമ്പോൾ രാമവർമ ബുദ്ധിയില്ലാത്ത കുട്ടിയായിരുന്നു എന്ന് വായനക്കാർക്ക് തോന്നിപ്പോകുമെങ്കിലും, ഇതെല്ലാം വിനയാന്വിതമായ കഥനം മാത്രമാണെന്നും, യഥാർത്ഥത്തിൽ അദ്ദേഹം തികഞ്ഞ ഒരു സംസ്കൃതപണ്ഡിതൻ തന്നെയായിരുന്നുവെന്നും വെളിവാക്കുന്ന ഒരു സംഭവവും ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. പണ്ഡിറ്റ്‌ ഗണനാഥസെൻ എന്ന ഒരു ബംഗാളി മഹാവൈദ്യൻ കേരളത്തിലെ ആയുർവേദ ചികിത്സാസമ്പ്രദായങ്ങളെപ്പറ്റി കൂടുതൽ മനസ്സിലാക്കാനായി തൃശ്ശൂരിൽ എത്തിച്ചേർന്നു. അതിനായി അഷ്ടവൈദ്യന്മാരുടെ ഒരു സഭ കാനാട്ടുകര കോവിലകത്ത് വിളിച്ചുചേർത്തു. പണ്ഡിറ്റ്‌ സെൻ സംസ്കൃത ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാൻ ആരംഭിച്ചു. മഹാവൈദ്യന്മാരിൽ ഒരാൾക്കുപോലും സംസ്കൃതത്തിൽ ഉത്തരം പറയുവാൻ സാധിച്ചില്ല. 'ത്രിദോഷങ്ങളിൽ വായുവിന്റെ കോപം കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്ക് എന്തെല്ലാം ചികിത്സാ സമ്പ്രദായങ്ങളാണ് കേരളത്തിൽ നടപ്പുള്ളത്' എന്നു ചോദിച്ചപ്പോൾ, വായുദോഷത്തെപ്പറ്റി അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിട്ടുള്ള ശ്ലോകങ്ങൾ തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടിൽ ഉരുവിടാനാണ് കുട്ടഞ്ചേരി മൂസ്സ് ഒരുമ്പെട്ടത്. ആലത്തൂർ നമ്പി, തൈക്കാട്ട് മൂസ്സ്, ദിവാകരൻ മൂസ്സ് എന്നീ ബ്രാഹ്മണ 'മഹാ'വൈദ്യന്മാർ 'ബബ്ബബ്ബ' അടിക്കുന്നതു കണ്ടപ്പോൾ ഇവറ്റകളുടേയും, തന്റെ രാജ്യത്തിന്റേയും മാനം രക്ഷിക്കാൻ തമ്പുരാൻ തന്നെ ഇടപെടുകയും ദ്വിഭാഷി ആയി വർത്തിക്കുകയും ചെയ്തു. സെൻ സംസ്കൃതത്തിൽ ചോദിക്കുന്നത് അദ്ദേഹം മലയാളത്തിലാക്കുകയും കിട്ടുന്ന മറുപടികൾ സംസ്കൃതത്തിലേക്ക് തർജമ ചെയ്യുകയും ചെയ്തു. പണ്ഡിതരിൽ രാജാവ് എന്ന ബിരുദത്തിന് അദ്ദേഹം അങ്ങനെ തീർത്തും അർഹനായി.

വിരമിക്കൽ പ്രായം ഉയർത്തണമെന്ന് ഏറ്റവും താഴേക്കിടയിലുള്ള ജീവനക്കാർ പോലും ആവശ്യപ്പെടുമ്പോൾ മരണം വരെ നിലനിർത്താൻ സാധിക്കുമായിരുന്ന അധികാരം 62 വയസ്സിൽ വെച്ചൊഴിയാൻ തയ്യാറായ ത്യാഗമനോഭാവം രാമവർമയെ രാജർഷി എന്ന സ്ഥാനത്തിന് സർവഥാ യോഗ്യനാക്കിത്തീർക്കുന്നു. മറ്റു തമ്പുരാക്കന്മാരെപ്പോലെ അസാന്മാർഗികമായ ജീവിതചര്യ അദ്ദേഹം യൗവനകാലത്ത് പുലർത്തിയിരുന്നു. ഭർതൃമതിയായ ഒരു സ്ത്രീയുമായി നിലനിർത്തിയിരുന്ന ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കൊട്ടാരത്തിലെ ആശ്രിതനായ ഭർത്താവിന്റെ അനുമതിയോടെ നടത്തിപ്പോന്ന ഈ വേഴ്ച അക്കാലത്തെ രാജകുടുംബങ്ങളുടെയും അവിടങ്ങളിലെ ആശ്രിതന്മാരുടെയും സന്മാർഗനിലവാരം പ്രകടമാക്കുന്നു. അക്കാലത്തു നടന്ന കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരം രാജാവിന്റെ പേര് പറയുന്നതിനു തൊട്ടുമുമ്പായി അവസാനിപ്പിക്കുകയായിരുന്നു എന്നൊരു അപവാദവും പ്രചാരത്തിലുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം കവികളുടെ സദസ്സിൽ നിമിഷകവിതകൾ രചിക്കാൻ ആവശ്യപ്പെടുമ്പോൾ അതിൽ ശൃംഗാരരസം വേണ്ട എന്നും സർ രാമവർമ ആവശ്യപ്പെടുന്നുണ്ട്. വർഷങ്ങളുടെ സാത്വികപ്രേരണ അദ്ദേഹത്തെ കുലീനനായ ഒരു വ്യക്തിയായി മാറ്റിയിരുന്നു. വിശ്രമജീവിതം നയിച്ചുവരവേ എണ്‍പതാമത്തെ വയസ്സിൽ ഇഹലോകവാസം വെടിഞ്ഞ ഈ മഹദ് വ്യക്തിത്വം കൊച്ചി രാജാക്കൻമാർക്കിടയിൽ ഒരു രത്നം തന്നെയായിരുന്നു എന്നതിൽ സംശയലേശമില്ല.

രാമവർമയുടെ ഭരണനേട്ടങ്ങൾ പ്രതിപാദിക്കുന്നതിൽ ഗ്രന്ഥകാരൻ പരാജയപ്പെടുന്നു. ഷൊർണൂർ - കൊച്ചി റെയിൽവേ ലൈൻ പണിയാനായി തൃപ്പൂണിത്തുറ ക്ഷേത്രത്തിലെ സ്വർണം വിറ്റഴിച്ചതിനെക്കുറിച്ച് പരാമർശിക്കുന്നതു പോലുമില്ല. അദ്ദേഹം രചിച്ച 'ബാലബോധനം' എന്ന കുട്ടികൾക്കു വേണ്ടിയുള്ള സംസ്കൃത വ്യാകരണപ്രബന്ധം അനാവശ്യമായി ചേർത്തിട്ടുമുണ്ട്. കുറച്ചു കൂടി ചിത്രങ്ങൾ ആകാമായിരുന്നു എന്നു തോന്നി.


Monday, May 11, 2015

പാനിപ്പട്ടിലെ നാലാം യുദ്ധം

ശ്രീ. ടി. പദ്മനാഭന്റെ 'പാനിപ്പട്ടിലെ യുദ്ധം' എന്നൊരു കഥ നളിനകാന്തി എന്ന സമാഹാരത്തിലുണ്ട്.കാന്റീൻ സൂപ്പർവൈസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കുന്നതിനായി കമ്പനിയിൽ നടത്തപ്പെടുന്ന ഇന്റർവ്യൂ ആണ് കഥാതന്തു. കാന്റീനിലെ കാര്യങ്ങളെല്ലാം നേരാംവണ്ണം പഠിച്ച്, ആഗ്രഹിച്ച പ്രമോഷൻ നേടാനായി ഹാജരാവുന്ന പ്രാരാബ്ധക്കാരനായ ഒരു ജീവനക്കാരന്റെ സ്വപ്‌നങ്ങൾ തകർന്നടിയുന്നതാണ് വിഷയം. പ്രത്യേക സ്വഭാവക്കാരനായ ജനറൽ മാനേജർ അയാളോട് ചോദിക്കുന്നത് പാനിപ്പട്ട് യുദ്ധത്തെക്കുറിച്ചും! മനസ്സുകൊണ്ട് താൻ അവസാനിപ്പിച്ചുകഴിഞ്ഞ പഴയ ജോലിയിലേക്ക് തിരിച്ചുപോകേണ്ടിവരുന്നതിലുള്ള മനംമടുപ്പും, ജീവിതം ജീവിച്ചുതീർക്കുക എന്നതുതന്നെ ഭാരമേറിയ ജോലിയാകുമ്പോഴുള്ള നിസ്സഹായതയും അയാൾക്ക് പുതുധൈര്യം നല്കുന്നു. 'ഇന്ത്യയിൽ എതുഭാഗത്തുള്ള പാനിപ്പട്ടിനെക്കുറിച്ചാണ് സാർ ചോദിക്കുന്നത്' എന്ന മറുചോദ്യത്തിൽ ഉദ്യോഗസ്ഥർ ഉത്തരമില്ലാതെ മിഴിച്ചിരിക്കേ ക്ഷുഭിതനായി അയാൾ മുറിവിട്ടിറങ്ങുന്നിടത്താണ് കഥയുടെ അവസാനം. ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണെന്നാണ് കഥയുടെ പിന്നാമ്പുറം. അത് സഹപ്രവർത്തകരിൽ നിന്ന് കേട്ടറിഞ്ഞ പദ്മനാഭൻ അതിനെ അനശ്വരമാക്കുകയും ചെയ്തു.

ഏതാണ്ട് നാലു പതിറ്റാണ്ടുകൾക്കുശേഷമുള്ള അതേ കമ്പനിയിലെ മറ്റൊരു മുറി. പമ്പ് ഓപ്പറേറ്റർ എന്ന തസ്തികയിലേക്ക് കമ്പനിയിലെ തന്നെ ഹെൽപർമാരിൽ നിന്ന് സ്ഥാനക്കയറ്റം നല്കുന്നതിനുള്ള ഇന്റർവ്യൂ നടക്കുകയാണ്. ജോലിക്കിടയിൽ നിന്ന് വിളിപ്പിച്ചതാണെങ്കിലും ഉദ്യോഗാർഥികളെല്ലാം സ്മാർട്ടായി വസ്ത്രധാരണം ചെയ്തവരാണ്. എന്നാൽ അവർക്കിടയിൽ ദിവസങ്ങളായി ഷേവ് ചെയ്തിട്ടില്ലാത്ത, കറുപ്പും വെളുപ്പും ഇടകലർന്ന താടിരോമങ്ങളുമായി ഒരാൾ പ്രത്യക്ഷപ്പെട്ടു. സീനിയോറിറ്റിയിൽ മുകളിലൊന്നുമല്ലാതിരുന്ന അയാൾ തന്റെ കർമം താൻ തന്നെ ചെയ്തു തീർക്കേണ്ടതാണെന്ന മട്ടിൽ നിസ്സംഗനായി ആൾക്കൂട്ടത്തിനു നടുവിൽ തനിയെ നിന്നു.

അഭിമുഖപരീക്ഷ തുടങ്ങി. ഓരോരുത്തരായി മുറിയിലേക്ക് കയറുകയും അല്പസമയത്തിനുശേഷം പുറത്തേക്കിറങ്ങുകയും ചെയ്തു. ഓരോരുത്തരോടും പേർസണൽ മാനേജർ ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. "നിങ്ങൾ എന്തിനാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്?". ഉത്തരങ്ങൾ പലതായിരുന്നു. പുതിയ വെല്ലുവിളികൾ നേരിടാനാണെന്ന് ഒരാൾ. പഴയ ലാവണത്തിൽ അനവധി വർഷങ്ങൾ പിന്നിട്ടതിനാൽ അർഹിക്കുന്ന പ്രമോഷൻ നേടിയെടുക്കാനാണെന്ന് മറ്റൊരാൾ. പമ്പുകളോട് വളരെ താല്പര്യമായതിനാൽ വിരമിക്കാനുള്ള ഒന്നോ രണ്ടോ വർഷങ്ങൾ അവയോടൊപ്പം ചെലവഴിക്കാനാണെന്ന് പിന്നെയുമൊരാൾ. ഇന്റർവ്യൂ ബോർഡ്‌ കേൾക്കാനാഗ്രഹിക്കുന്നതെന്ന് ഉദ്യോഗാർഥികൾ കരുതുന്ന ആത്മാർഥതയില്ലാത്ത പ്രതികരണങ്ങൾ.

അങ്ങനെയിരിക്കേ അയാളുടെ ഊഴം വന്നെത്തി. കസേരയെ വേദനിപ്പിക്കാതെ അതിലേക്കിരുന്ന അയാളുടെ സൗമ്യത പേർസണൽ മാനേജരെ അതിശയപ്പെടുത്തിക്കാണണം. ഉദ്യോഗാർഥിയുടെ സൗമ്യത ഇന്റർവ്യൂ നടത്തുന്നവരെ അസ്വസ്ഥരാക്കും. മറ്റൊരർത്ഥത്തിൽ, ഇന്റർവ്യൂവിലെ സൗമ്യതയുടേയും അസ്വസ്ഥതയുടേയും ആകെത്തുക തുല്യമാണെന്നു വരുന്നു. ഒന്നാം കക്ഷിയിൽ സൗമ്യത കൂടുമ്പോൾ രണ്ടാം കക്ഷി അസ്വസ്ഥനാകുന്നു, നേരെ തിരിച്ചും.

"എന്തെങ്കിലും അസുഖമുണ്ടോ?", പേർസണൽ മാനേജരുടെ ചോദ്യം അയാളുടെ ക്ഷീണിച്ച കണ്ണുകളിൽ ഒരു നിമിഷത്തേക്ക് ഒരു പ്രകാശകണികയുടെ രൂപത്തിൽ അന്തരാത്മാവിലേക്ക് ആണ്ടുപോയി. 
"ഇല്ല",ഒറ്റവാക്കിലുള്ള മറുപടി. 'എന്റെ രൂപം എപ്പോഴും ഇങ്ങനെയാണെന്ന് അയാൾ പറയാതെ പറഞ്ഞു. ഏതോ പ്ലാന്റിൽ ഹെൽപർ ആയി ജോലി നോക്കുകയാണയാൾ. 'എന്തിനാണീ ജോലിക്കപേക്ഷിച്ചതെ'ന്ന ചോദ്യം അയാളുടെ നേർക്കും ഉന്നയിക്കപ്പെട്ടു. അയാൾ ഒരു നിമിഷം നിശ്ശബ്ദനായി. ഫാനിന്റെ നേർത്ത മുരൾച്ചയും, കാറ്റിൽ ഇളകുന്ന കടലാസുകളുടെ മർമരവും, മുറിക്കു പുറത്തുള്ള ഉദ്യോഗാർഥികളുടെ പിറുപിറുക്കലുകൾക്കുമകലെ തടാകത്തിന്റെ കരയിലെ ലക്ഷക്കണക്കിന്‌ ചീവീടുകളുടെ വായ്ത്താരിയും പെട്ടെന്ന് മുറിയിലെ വാചാലസാന്നിധ്യമായി. അല്പസമയത്തിനുശേഷം ആദ്യമായി സന്ദേഹത്തിന്റെ ഇടർച്ചയോടെ അയാൾ പറഞ്ഞു തുടങ്ങി.

"എനിക്ക് രണ്ടു പെണ്‍മക്കളാണ്. അതിൽ മൂത്തവൾക്ക് വിവാഹപ്രായമായി. ആലോചനകൾ വരുന്നുണ്ട്. അച്ഛനെന്താണ് ജോലിയെന്നു ചോദിക്കുമ്പോൾ ഹെൽപർ എന്നതിനേക്കാളും പമ്പ് ഓപ്പറേറ്റർ എന്നു പറയുന്നതാണ് അവർക്ക് കൂടുതൽ നല്ല ആലോചനകൾ വരാൻ നല്ലത് എന്നു തോന്നിയതുകൊണ്ടാണ്", അയാൾ പറഞ്ഞു. ഇന്റർവ്യൂ ബോർഡ്‌ സത്യസന്ധതയുടെ ഈ മലവെള്ളപ്പാച്ചിലിൽ സ്തബ്ധരായിപ്പോയി. കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. നനുത്തതും എന്നാൽ ഉറച്ചതുമായ ചുവടുകളോടെ അയാൾ ഇറങ്ങിപ്പോയി. സീനിയോറിറ്റിയുടെ നൂലാമാലകളെല്ലാം പൊട്ടിച്ചെറിഞ്ഞ് അയാൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഈ മാസം അയാൾ വിരമിക്കുകയാണ്. വിടവാങ്ങൽ യോഗത്തിൽ ആശംസകൾ നേരാൻ അന്ന് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന പേർസണൽ മാനേജരും ഉണ്ട്. വിരമിക്കുന്നവരുടെ കുടുംബവിവരങ്ങൾ അടങ്ങിയ കടലാസ് പ്രസംഗിക്കുന്നവർക്ക് നൽകിയിട്ടുണ്ട്. നമ്മുടെ പമ്പ് ഓപ്പറേറ്ററുടെ പേരിനു നേരെ 24ഉം, 25ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ പേരുകളാണ് എഴുതിയിരുന്നത്. മാനേജർ കണ്ണുതിരുമ്മി വീണ്ടും നോക്കി. അതുതന്നെ!

അമ്പട മിടുക്കാ!