Wednesday, February 28, 2018

ആർ എസ് എസ് - രാജ്യദ്രോഹത്തിന്റെ ചരിത്രവും വർത്തമാനവും

സ്തോഭജനകമായ തലക്കെട്ടാണ് ഈ പുസ്തകം വായിക്കുവാൻ പ്രേരണ നൽകിയത്. നമ്മുടെ രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, നിരവധി സംസ്ഥാനമുഖ്യമന്ത്രിമാർ എന്നിവർ തങ്ങളുടെ സാമൂഹ്യ, രാഷ്ട്രീയപ്രവർത്തനങ്ങൾ ആരംഭിച്ച ആർ. എസ്. എസ്‌ എന്ന പ്രസ്ഥാനം ലേഖകൻ സൂചിപ്പിക്കുന്നതുപോലെ രാജ്യദ്രോഹപരമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിൽ ഭാരതീയജനത വളരെ കരുതലോടെ നീങ്ങണമല്ലോ! ഗ്രന്ഥകാരന്റെ ജീവചരിത്രക്കുറിപ്പുകളൊന്നും പുസ്തകത്തിൽ കാണാനില്ലാതിരുന്നതിനാൽ പുസ്തകം നേരെ വായിച്ചുതുടങ്ങി. തുടക്കത്തിലേ തന്നെ 'സാമ്രാജ്യത്വ ഗൂഢാലോചന', 'മുതലാളിത്ത അധിനിവേശം', 'CIA ചാരൻ' മുതലായ പദങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ബൗദ്ധികദാസ്യം അനുഭവിക്കുന്നയാളാണ് ഗ്രന്ഥകർത്താവ് എന്നു മനസ്സിലായി. ഗൂഗിളിൽ അല്പം തെരഞ്ഞപ്പോൾ കൂടുതൽ വിവരങ്ങൾ തെളിഞ്ഞുവന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിലൂടെ വളർന്നുവന്ന ശ്രീ. കെ. ടി. കുഞ്ഞിക്കണ്ണൻ പ്രസ്ഥാനം തളർന്നതോടെ അതിനെ പിളർത്തി സി.പി.എമ്മിലേക്ക് ചേക്കേറി. പാർട്ടിയിലെ മേലാളന്മാരെ തൃപ്തിപ്പെടുത്തുന്നവിധത്തിൽ ലേഖനപരമ്പരകൾ രചിച്ചുകൊണ്ട് അദ്ദേഹം ഇപ്പോൾ സി.പി.എമ്മിന്റെ കോഴിക്കോട് ജില്ലാകമ്മറ്റി അംഗമായി പ്രവർത്തിക്കുന്നു. പുസ്തകത്തിന്റെ ധൈഷണികമേന്മ ഇതിനാൽ വെളിവായതോടെ തുടർന്ന് വായിച്ച് സമയം മെനക്കെടുത്തണോ എന്നായി സംശയം. എന്തായാലും രണ്ടാഴ്ചക്കുശേഷമാണ് തിരിച്ചുകൊടുക്കാനുള്ള തീയതി എന്നതിനാൽ വായിച്ചുതീർക്കാമെന്നുവെച്ചു.

ഒരു 'തനി' കമ്യൂണിസ്റ്റുകാരന്റെ കൃതിയിൽ പ്രതീക്ഷിക്കാവുന്ന ചേരുവകളെല്ലാം സമാസമം ചേർത്ത് ഉണ്ടാക്കിയെടുത്തിരിക്കുന്ന ഒരവിയലാണ് ഈ രചന. സത്യം എന്തെന്ന് അന്വേഷിക്കാൻ പോലും ഗ്രന്ഥകാരൻ മിനക്കെട്ടിട്ടില്ല. 'ദേശാഭിമാനി' പത്രമല്ലാതെ മറ്റൊരു റഫറൻസ് രേഖകളും ആശ്രയിച്ചിട്ടുമില്ല. ആർ. എസ്. എസ്സിനെതിരെ 130 പേജുകളിലായി നീളുന്ന തെളിയിക്കപ്പെടാത്ത ആരോപണങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം.

1. ബ്രിട്ടീഷുകാരുടെ പ്രേരണയാലാണ് ആർ. എസ്. എസ്‌ സ്ഥാപിതമായത്. സ്വാതന്ത്ര്യത്തിനുശേഷം അമേരിക്കൻ ചാരസംഘടനയാണ് അതിനെ നിയന്ത്രിക്കുന്നത്.
2. കോൺഗ്രസ് അതിന് പരോക്ഷമായ പിന്തുണ എപ്പോഴും നൽകിപ്പോന്നു.
3. മാഫിയ, കള്ളക്കടത്ത് സംഘങ്ങളുമായി ആർ. എസ്. എസ്‌ ബന്ധം പുലർത്തുന്നു.
4. ഐ. എസ്സ് എന്ന ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്ഥാനം അമേരിക്കൻ, ഇസ്രായേലി സർക്കാരുകളുടെ സൃഷ്ടിയാണെന്നതുപോലെ ഒസാമ ബിൻ ലാദന്റെ ഭീകരസംഘടനയും ആർ. എസ്. എസ്സും യോജിച്ചുപ്രവർത്തിക്കുന്നു.
5. ഇന്ത്യയിൽ ഉണ്ടായിട്ടുള്ള എല്ലാ വർഗീയകലാപങ്ങളും ആർ. എസ്. എസ് സൃഷ്ടിച്ചിട്ടുള്ളതാണ്. കോൺഗ്രസ്സും അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസും കലാപകാരികൾക്ക് പിന്തുണ നൽകുന്നു.

തലക്ക് ലേശമെങ്കിലും വെളിവുള്ളവർ ചിരിച്ചുപോകുന്ന ഇത്തരം ആരോപണങ്ങൾ സ്ഥാപിച്ചെടുക്കാൻ ഗീബൽസിയൻ ശൈലിയിൽ കുഞ്ഞിക്കണ്ണൻ പല വസ്തുതകളും വളച്ചൊടിക്കുകയോ കൃത്രിമമായി ഉണ്ടാക്കിയെടുക്കുകയോ ചെയ്യുന്നു.

ആർ. എസ്. എസ്‌ എന്ന സംഘടനയെ ന്യായീകരിക്കാനോ വെള്ളപൂശാനോ ഇവിടെ ഉദ്ദേശിക്കുന്നില്ല. സത്യത്തിൽ അവർക്കെതിരെ മാത്രമല്ല, കോൺഗ്രസ് ഉൾപ്പെടെ സി.പി.എമ്മിന്റെ എല്ലാ രാഷ്ട്രീയശത്രുക്കൾക്കുമെതിരെ കുഞ്ഞിക്കണ്ണൻ വാളോങ്ങുന്നുണ്ട്. എങ്കിലും വായനക്കാരെല്ലാവരും പാർട്ടി അണികളെപ്പോലെ മൂത്തസഖാവ് ഓതുന്നതെന്തും തൊണ്ടതൊടാതെ വിഴുങ്ങും എന്നു കരുതുന്നതുകൊണ്ട് ചില പ്രകടമായ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിക്കാതെ വയ്യ. "അദ്വാനി 1991 ജനുവരി മാസത്തിൽ അമേരിക്ക സന്ദർശിച്ച് സാമ്രാജ്യത്വ പ്രതിനിധികളുമായി ചർച്ച നടത്തി. നരസിംഹറാവുവിന്റെ പരിഷ്കാരങ്ങളെ അമേരിക്ക അഭിലഷിക്കുന്ന രീതിയിൽ നടപ്പാക്കാനുള്ള പ്രതിബദ്ധതയും ഇച്ഛാശക്തിയും തങ്ങൾക്കുണ്ടെന്ന് ബോദ്ധ്യപ്പെടുത്തി" എന്ന് വാദിക്കുന്ന (പേജ് 45) ലേഖകൻ പക്ഷേ 1991 ജനുവരിയിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ടുണ്ടായിരുന്നില്ല എന്നു മറന്നുപോയി. ആ വർഷം മേയിൽ ഒരു ചാവേർ സ്‌ഫോടനത്തിൽ രാജീവ് മരണപ്പെട്ടതോടെയാണല്ലോ നരസിംഹറാവു അപ്രതീക്ഷിതമായി നേതൃത്വത്തിലേക്കുയർന്നത്. അപ്പോൾ പിന്നെ എങ്ങനെയാണ് അദ്വാനി ജനുവരിയിൽ റാവുവിന്റെ പരിഷ്കാരങ്ങളെക്കുറിച്ച് ഉറപ്പുകൊടുക്കുന്നത്? ഗ്രന്ഥകാരന് വർഷം മാറിപ്പോയതായിരിക്കാമെന്നു വിചാരിക്കുന്നവർ തുടർന്നുവായിക്കുക. ബി. എസ്. മുൻജെ ഇറ്റലിയിൽ പോയി ഫാസിസത്തെക്കുറിച്ച് പഠിച്ചതിനുശേഷമാണ്  ആർ. എസ്. എസ് രൂപീകരിച്ചതെന്ന് പേജ് 21-ൽ സ്ഥാപിക്കുന്ന ലേഖകൻ തൊട്ടടുത്തപേജിൽ മലക്കം മറിഞ്ഞ് ആർ. എസ്. എസ് സ്ഥാപിച്ചതിനുശേഷമാണ് മുൻജെ ഇറ്റലിയിൽ പോയതെന്നു പറയുന്നു (പേജ് 22). ആർ. എസ്. എസ് മേധാവിയായിരുന്ന എം. എസ്. ഗോൾവാൾക്കർ 1970-ൽ എം.പി യായിരുന്ന വാജ്പേയി വശം അമേരിക്കൻ പ്രസിഡന്റ് ലിൻഡൻ ജോൺസന് കത്തുകൊടുത്തയച്ചു എന്ന പ്രഖ്യാപനം പേജ് 18-ൽ കാണുന്നു. എന്നാൽ ജോൺസൻ 1969-ൽ തന്നെ സ്ഥാനമൊഴിഞ്ഞിരുന്നുവെന്ന സത്യം വായനക്കാർ അന്വേഷിച്ചുകണ്ടുപിടിച്ചാലേ വെളിവാകുകയുള്ളൂ.

സി.പി.എമ്മിന്റെ രാഷ്ട്രീയ എതിരാളികളായ സംഘപരിവാറിനെ നാലു തെറി പറഞ്ഞവസാനിപ്പിച്ചിരുന്നുവെങ്കിൽ മുകളിൽ പറഞ്ഞ ഉഡായിപ്പുകളൊക്കെ നമുക്കവഗണിക്കാമായിരുന്നു. എന്നാൽ അതുകൊണ്ട് തൃപ്തനാകാതെ കുഞ്ഞിക്കണ്ണൻ 1947-നുശേഷം ഇന്ത്യയിലുണ്ടായ വർഗീയലഹളകൾ ഒന്നൊന്നായി പരിശോധിച്ച് അവയിൽ എല്ലാറ്റിലും ആർ.എസ്.എസ്സും കോൺഗ്രസ്സും പോലീസും ചേർന്ന് മുസ്ലീങ്ങളെ കൊന്നൊടുക്കിയതായാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മുസ്ലിം മതവികാരം ഇളക്കിവിടത്തക്ക വിധത്തിൽ പൊടിപ്പും തൊങ്ങലും ചേർത്താണ് വിവരണം. മുസ്ലിം പള്ളികൾ ആക്രമിക്കപ്പെടുന്നു, സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെടുന്നു, പ്രവാചകൻ അവഹേളിക്കപ്പെടുന്നു എന്നിങ്ങനെ തീവ്ര ആഭിമുഖ്യമില്ലാത്ത മുസ്ലീങ്ങളെപ്പോലും പ്രകോപിതരാക്കുന്ന രീതിയിൽ കുറെ നുണകൾ പ്രചരിപ്പിക്കുന്നതുവഴി ഗ്രന്ഥകാരൻ എന്താണുദ്ദേശിക്കുന്നത്? അവരുടെ വോട്ടുകൾ സി. പി. എം. പെട്ടിയിൽ വീഴിക്കാനോ? എങ്കിൽ ഇത്ര നിന്ദ്യമായ രീതിയിൽ രാഷ്ട്രീയലക്ഷ്യങ്ങൾക്കായി മതവികാരം ചൂഷണം ചെയ്യുന്ന പാഷാണത്തിലെ കൃമികളെ കൈകാര്യം ചെയ്യാൻ ജനം ചമ്മട്ടിയെടുക്കേണ്ടിവരും. സി.പി.എം. ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ലഹളകൾ മനപ്പൂർവം ഒഴിവാക്കുന്നിടത്താണ് കുഞ്ഞിക്കണ്ണന്റെ കുടിലത മറനീക്കി പുറത്തുവരുന്നത്. ബംഗാളിലെ മുർഷിദാബാദ് (1988), കൊൽക്കത്ത (1992) കലാപങ്ങൾ, കേരളത്തിലെ മാറാട്, പൂന്തുറ, ചാല സംഘർഷങ്ങൾ തമസ്കരിച്ചുകൊണ്ട് ലേഖകൻ ഓടുന്നത് യു. പി.യിലേയും ഗുജറാത്തിലേയും ഗ്രാമീണ അടിപിടികൾ പോലും പർവതവൽക്കരിക്കാനാണ്.

പാർട്ടി അണികളെ മസ്തിഷ്കപ്രക്ഷാളനം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ രചിക്കപ്പെട്ട ഈ നിലവാരമില്ലാത്ത കൃതി ശുപാർശ ചെയ്യുന്നില്ല.

Book Review of RSS - Rajyadrohathinte Charithravum Varthamaanavum by K T Kunjikkannan
ISBN: 9789384638221

Tuesday, February 13, 2018

നെല്ല് പൗരാണികകേരളത്തിൽ

മലയാളികളുടെ പ്രധാന ഭക്ഷ്യവസ്തു അരിയായതിനാൽ നെല്ലിന്റെ ഉൽപ്പാദനവും നെൽകൃഷിയുടെ ചരിത്രവുമെല്ലാം നമുക്ക് താല്പര്യമുള്ള വിഷയങ്ങളാണ്. അതുകൊണ്ടുതന്നെയാണ് 'നെല്ല് പൗരാണികകേരളത്തിൽ' എന്ന ഈ കൃതിയുടെ തലക്കെട്ട് വായനക്കാരെ ആകർഷിക്കുന്നതും. എന്നാൽ നെൽകൃഷിയുടെ ഉത്ഭവം കേരളത്തിൽ എന്ന്, എങ്ങനെ, ആരിൽനിന്ന് ഉണ്ടായി എന്നറിയാനാഗ്രഹിക്കുന്നവരെ തീർത്തും നിരാശരാക്കുന്ന ഒരു പുസ്തകമാണിത്. കന്യാകുമാരിക്കടുത്ത നാഗർകോവിലിൽ ജനിച്ച ശങ്കരൻ നായർ ചരിത്രത്തിൽ ഡോക്ടറേറ്റ് നേടിയതിനുശേഷം വിഖ്യാതമായ വിദ്യാഭ്യാസസംബന്ധിയായ കേന്ദ്രസ്ഥാപനങ്ങളിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള വ്യക്തിയാണ്.

ലേഖകന്റെ സ്വദേശമായ കന്യാകുമാരി ഉൾക്കൊള്ളുന്ന നാഞ്ചിനാടാണ് നെല്ലിന്റെ ജന്മദേശം എന്ന ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം മാത്രമാണ് ഈ പുസ്തകത്തിൽ പ്രേക്ഷകശ്രദ്ധ ആകർഷിക്കുന്ന ഒരേയൊരു ഭാഗം. നെല്ല് ചൈനയിലാണ് ആദ്യമായി കൃഷിചെയ്യപ്പെട്ടത് എന്ന ശാസ്ത്രവാദം തീർത്തും തെറ്റാണെന്ന് ലേഖകൻ സമർത്ഥിക്കുന്നു. ഇതിന് രണ്ടുകാരണങ്ങളുണ്ട്. ഒന്നാമതായി മകം നക്ഷത്രം നെല്ലിന്റെ പിറന്നാൾ എന്ന രീതിയിൽ നാഞ്ചിനാട്ടിൽ ആഘോഷിക്കുന്നു. മറ്റൊന്ന്, ചൈനീസ് കൃഷിദേവതയായ ക്വിൻയിൻ പേരുകൊണ്ട് കന്യാകുമാരി എന്ന പദത്തിനോട് സാമ്യം വഹിക്കുന്നു. തീർന്നു! ഇതാണ് ഗ്രന്ഥകാരന്റെ കയ്യിലുള്ള നിർണായകമായ തെളിവ്! ശാസ്ത്രബോധവുമായി പുലബന്ധം പോലും പുലർത്താത്ത ഈ പുസ്തകം പടച്ചുവിടുന്നതിന് ശങ്കരൻ നായരുടെ കയ്യിലുള്ള ലോജിക് ഇതുമാത്രമാണ്.

വിവിധഭാഷകളിലെ വാക്കുകളുടെ ഉച്ചാരണത്തിലുള്ള സമാനത അവ ഒരൊറ്റ പദത്തിൽനിന്ന് രൂപമെടുത്തതാണെന്ന അബദ്ധജടിലമായ ധാരണയാണ് ഗ്രന്ഥകാരൻ വെച്ചുപുലർത്തുന്നത്. മലയാളത്തിലെ 'ശിരസ്സ്' എന്ന പദത്തിൽനിന്നാണ് 'സിറിയസ്' നക്ഷത്രത്തിന് ആ പേരു ലഭിച്ചത്! വിർഗോ (കന്നി രാശി) ദുർഗ്ഗയാണ്; ശുചീന്ദ്രത്തിനടുത്ത് ആശ്രാമം എന്ന ചെറുഗ്രാമമുള്ളത് സപ്തർഷികളിലൊരാളായ അത്രി മഹർഷിയുടെ ആശ്രമമാണെന്നതിന് തെളിവാണ്; നക്ഷത്രങ്ങളുടെ രാജാവ് മകമാണെന്നും അത് ഭൂമിയിൽനിന്ന് കേവലം 98 പ്രകാശവർഷം മാത്രം അകലെയാണെന്നും മറ്റുമൊക്കെ തട്ടിവിടാൻ യാതൊരു ഉളുപ്പും ലേഖകൻ പ്രദർശിപ്പിക്കുന്നില്ല. ഒരേ ശബ്ദമുള്ള വാക്കുകൾ യോജിപ്പിക്കുന്നതിലെ വിഡ്ഢിത്തം ആമുഖകാരനായ ജി. ബാലമോഹൻ തമ്പിയും ചൂണ്ടിക്കാട്ടുന്നുണ്ട്. മലയാളത്തിലെ ചോറും ഹിന്ദിയിലെ ചോറും ഒന്നാണോ എന്നദ്ദേഹം പരിഹാസരൂപേണ ചോദിക്കുന്നു.

ഭീമാബദ്ധമെന്നോ ശുദ്ധവങ്കത്തമെന്നോ വിശേഷിപ്പിക്കാവുന്ന ചില കാര്യങ്ങളും ഗ്രന്ഥത്തിൽ കാണുന്നു. തെക്കൻ തിരുവിതാംകൂറിൽ പ്രാബല്യത്തിലിരുന്ന മരുമക്കത്തായസമ്പ്രദായം മാൻകൂട്ടങ്ങളിൽനിന്ന് കണ്ടുപഠിച്ചതാണെന്ന (പേജ് 151) വാദത്തിന് സ്ഥിരബുദ്ധിയുള്ളവർ എന്തു മറുപടി പറയും? വൈദ്യുതകാന്തികശക്തിയുടെ വൻനിക്ഷേപമുള്ള സിറിയസ് നക്ഷത്രത്തിൽനിന്നും നമ്മുടെ സൗരമണ്ഡലത്തിലേക്കൊരു 'മാന്ത്രികപ്രഭാവം' നിലനിൽക്കുന്നുണ്ടത്രേ! (പേജ് 180). നീലിനി എന്ന സംസ്‌കൃതശബ്ദത്തിൽനിന്നാണത്രേ ഈജിപ്തിലെ നൈൽ നദിക്ക് ആ പേരു ലഭിച്ചത്. ഇത് നൈൽ നദീതീരത്ത് ആദ്യസംസ്കാരം പടുത്തുയർത്തിയവരുടെ സംസ്കൃതസ്പർശം 'വെളിപ്പെടുത്തുന്നു' (പേജ് 173). ഇത് തീർത്തും അടിസ്ഥാനരഹിതമാണ്. 'നീലോസ്' എന്ന ഗ്രീക്കുപദത്തിൽനിന്നാണ് നൈൽ ഉണ്ടായതെങ്കിലും പ്രാചീന ഈജിപ്ഷ്യർ - അവിടത്തെ ആദിമസംസ്കാരത്തിന്റെ യഥാർത്ഥ ശിൽപികൾ - അതിനെ വിളിച്ചിരുന്നത് ഇത്തേറു, ഹപ്പി എന്നൊക്കെയാണ്. ആ വാക്കുകളുടെ അർത്ഥമോ, വെറും 'നദി' എന്നു മാത്രവും.

ഈ കൃതിയിൽ എന്തെങ്കിലും മേന്മ അവകാശപ്പെടാനുള്ളത് എഴുമറ്റൂർ രാജരാജവർമ്മയുടെ അവതാരികയ്ക്കു മാത്രമാണ്. പിന്നെയുള്ളതിൽ സിംഹഭാഗവും ഏതോ ജ്യോതിശാസ്ത്ര പുസ്തകത്തിൽനിന്ന് പകർത്തിവെച്ചിരിക്കുന്ന ക്ലിഷ്ടമായ കുറെ ഭാഗങ്ങളും. ജ്യോതിഷവും ലേഖകന്റെ കണ്ണിൽ ശാസ്ത്രമാണ്. കേരള സാഹിത്യ അക്കാദമി ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നെടുത്ത് ഇതുപോലുള്ള നിലവാരമില്ലാത്ത പടപ്പുകൾ പ്രസാധനം ചെയ്യുന്നത് കേരളജനതയുടെ നേർക്കുള്ള കൊഞ്ഞനംകുത്തലാണ്. പലപ്രാവശ്യം പുസ്തകം വലിച്ചെറിഞ്ഞുകളയാനുള്ള ശക്തമായ പ്രേരണ ബലമായി അടക്കിനിർത്തി ഒരു ശിക്ഷയെന്ന നിലയിൽ അതുമുഴുവൻ വായിച്ചുതീർത്തത് മറ്റു വായനക്കാർക്ക് ഒരു മുന്നറിയിപ്പെന്ന നിലയിൽ ഒരു കുറിപ്പ് തയ്യാറാക്കുന്നതിനുവേണ്ടി മാത്രമാണ്.

Book Review of 'Nellu Pouranika Keralathil' by Dr. V Sankaran Nair
ISBN: 9788176902977