Saturday, December 31, 2016

കള്ളപ്പണവേട്ട - മിഥ്യയും യാഥാർത്ഥ്യവും

കേരളത്തിന്റെ ധനകാര്യമന്ത്രിയായ തോമസ് ഐസക്ക് നവം. 8-ന് പ്രഖ്യാപിക്കപ്പെട്ട നോട്ട് പിൻവലിക്കലിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ്. മോദിയുടെ പ്രഖ്യാപനം വന്ന് ഒരു മണിക്കൂറിനുള്ളിൽത്തന്നെ ഈ നടപടി പരാജയപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഫേസ് ബുക്കിൽ നിരവധി കുറിപ്പുകൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. പുതിയ പരിഷ്കരണത്തിനെതിരെ ജനങ്ങളെ പരിഭ്രാന്തരാക്കുക മാത്രമാണ് ഐസക്കിനു ചെയ്യാൻ കഴിഞ്ഞത് എന്ന ആരോപണം ശക്തിയാർജിക്കുമ്പോഴും നോട്ട് നിരോധനത്തിനെതിരെ പ്രചാരവേല സംഘടിപ്പിക്കലായിരുന്നു ധനമന്ത്രിയുടെ ദൗത്യം. ഏറ്റവും ഒടുവിൽ കോട്ടക്കൽ ആര്യവൈദ്യശാലയിൽ സുഖചികിത്സ നടത്തുന്നതിനിടയിൽ ഫേസ് ബുക്ക് പോസ്റ്റുകളും മറ്റഭിപ്രായങ്ങളും ക്രോഡീകരിച്ചു പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതാണ് 'കള്ളപ്പണവേട്ട - മിഥ്യയും യാഥാർത്ഥ്യവും' എന്ന ഈ പുസ്തകം.

തീർത്തും ഒരു പാർട്ടി പ്രസിദ്ധീകരണമായ ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. കള്ളപ്പണം എങ്ങനെ ഉണ്ടാകുന്നു, നവം.8-ലെ നടപടി സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്നതിന്റെ പാർട്ടിയുടെ വീക്ഷണം, കേരളത്തെ ഈ നടപടി എങ്ങനെ സ്വാധീനിക്കുന്നു, സഹകരണപ്രസ്ഥാനത്തിന്റെ വീഴ്ചയിൽ നിന്ന് എങ്ങനെ കരകയറാം, കാഷ്‌ലെസ്സ് സമ്പദ്‌വ്യവസ്ഥ എന്ത്, എന്തിന്, എങ്ങനെ എന്നിങ്ങനെ നിരവധി വിഷയങ്ങൾ പുസ്തകം കൈകാര്യം ചെയ്യുന്നു. ചോദ്യം - ഉത്തരം എന്ന വിധത്തിലാണ് പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കാഷ്‌ലെസ്സ് ഇക്കോണമിയെക്കുറിച്ചുള്ള പരാമർശങ്ങൾ വിജ്ഞാനദായകമാണ്. നികുതിപിരിവിലുണ്ടാകുന്ന വർദ്ധന, കള്ളപ്പണത്തിന്റെ തടയൽ എന്നിവയൊക്കെ പുതിയ വ്യവസ്ഥയിൽ സാദ്ധ്യമാകും എന്ന് ഗ്രന്ഥകർത്താവ് സമ്മതിക്കുന്നു. എന്നാൽ അതോടൊപ്പം തന്നെ, "പണിയെത്തിക്കൂ, പട്ടിണി മാറ്റൂ, പിന്നീടാകാം കമ്പ്യൂട്ടർ" എന്ന പഴയ മുദ്രാവാക്യത്തിന്റെ ഓർമ്മ തികട്ടിവരുന്നതുകൊണ്ടാകാം "ആദ്യം സമ്പദ്ഘടന വികസിക്കട്ടെ, എന്നിട്ടാകാം കാഷ്‌ലെസ്സ്" എന്നു പറഞ്ഞുവെക്കുന്നു (പേജ് 80). ഫേസ് ബുക്കിൽ ഐസക്കിന്റെ പോസ്റ്റുകളിൽ എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരെ തെറിവിളിക്കാർ എന്നാണദ്ദേഹം വിശേഷിപ്പിക്കുന്നത്. സാമൂഹ്യമാദ്ധ്യമങ്ങളുടെ ശക്തിയാണ് എതിരഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം നൽകുക എന്നത്. മോദിയുടേയും മറ്റ് ബി. ജെ. പി നേതാക്കളുടേയും പോസ്റ്റുകൾക്കു കീഴിലും നമുക്കിത് കാണാൻ കഴിയും. അവരാരും ഐസക്കിനെപ്പോലെ അസ്വസ്ഥരായി കണ്ടിട്ടില്ല. പാർട്ടി സെക്രട്ടറിയുടെ തിരുമൊഴി പഞ്ചപുച്ഛമടക്കി അണികൾ അനുസരിച്ചിരുന്ന പഴയ സോവിയറ്റ് സമ്പ്രദായത്തിന്റെ തകർച്ച ഐസക്കിനെ ഗൃഹാതുരനാക്കുന്നുണ്ടെന്നു തോന്നുന്നു.

ഒരു അക്കൗണ്ടിന് ആഴ്ചയിൽ 24000 രൂപയേ പിൻവലിക്കാൻ സാധിക്കൂ എന്ന നിബന്ധനയെ പുസ്തകത്തിൽ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കുടുംബത്തിന്റെ ഒരാഴ്ചയിലെ എല്ലാ ചെലവുകളും ഇതിൽ ഒതുക്കണം എന്നദ്ദേഹം വ്യസനിക്കുന്നു. ആഴ്ചയിൽ 24000 രൂപ ചെലവുള്ള കുടുംബത്തിന് ഡെബിറ്റ് കാർഡ് ഉണ്ടാവില്ലേ എന്നും, ഭാര്യക്കും ഭർത്താവിനും വെവ്വേറെ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ 48000 രൂപ പിൻവലിക്കാമല്ലോ എന്നുമൊക്കെയുള്ള ലോജിക്കൽ ചിന്തകൾ നമ്മുടെ ധനമന്ത്രിയെ അലട്ടുന്നില്ല. അല്ലെങ്കിലും സാമാന്യബുദ്ധി പാർട്ടി ഓഫീസിൽ പണയം വെച്ചുകഴിഞ്ഞാൽ 'പിന്നെ ചെയ്യുന്നതൊക്കെയും യാന്ത്രികമായിരിക്കുമല്ലോ'! എങ്കിലും കേരളത്തിലെ സിംഹഭാഗം കുടുംബങ്ങളിലും ആഴ്ച പോയിട്ട് ഒരു മാസം 24000 രൂപ ചെലവുണ്ടാകില്ല എന്ന വസ്തുതയെ മറികടക്കാൻ അദ്ദേഹം പൊക്കിക്കൊണ്ടുവരുന്നത് കോട്ടയത്തെ മൊത്തവ്യാപാരിയായ നാരായണൻ നമ്പൂതിരിയുടെ ആത്മഹത്യയാണ്. സ്വാഭാവികമായ കാരണങ്ങളാൽ ക്യൂ നിൽക്കുന്നതിനിടെ എൺപതോളം പേർ മരണമടഞ്ഞതായി നാം പത്രങ്ങളിൽ വായിച്ചുവെങ്കിലും ഐസക്ക് ഈ മരണങ്ങളൊന്നും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നതിനായി ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഒരു ബ്രാഹ്മണന്റെ മരണം എന്ന പാപം മതിയാകും മോദിയെ തളക്കാൻ എന്നാണദ്ദേഹം ചിന്തിക്കുന്നതെന്നു തോന്നുന്നു. കള്ളപ്പണത്തിന്റെ കൂത്തരങ്ങാണ് റിയൽ എസ്റ്റേറ്റ് മേഖല എന്ന് നമുക്കെല്ലാമറിയാം. നാട്ടിൽ അദ്ധ്വാനിച്ചു ജീവിക്കുന്നവർക്ക് എത്തിപ്പിടിക്കാനാവാത്തവിധം ഭൂമിവില കയറിപ്പോയത് കള്ളപ്പണത്തിന്റെ കളിയായിരുന്നു. ആ മേഖല നവം. 8-നു ശേഷം സ്തംഭിച്ചു എന്നതാണ് ലേഖകനെ വേദനിപ്പിക്കുന്ന മറ്റൊരു വസ്തുത.

കള്ളപ്പണം ഉണ്ടാകുന്നത് എങ്ങനെ എന്ന് ലേഖകൻ വിശദീകരിക്കുന്നു. അത് വായിക്കുന്നവരെ "അയ്യോ, ഇതായിരുന്നോ കള്ളപ്പണം, ഇതിലിത്ര കുഴപ്പമുണ്ടോ?" എന്നു ചിന്തിപ്പിക്കുന്ന വിധത്തിൽ കൗശലത്തോടെ മെനഞ്ഞെടുത്ത ഉദാഹരണങ്ങൾ സഹിതമാണ് വിശദീകരണം. നാം ഡോക്ടർക്ക് 500 രൂപ കൺസൽറ്റേഷൻ ഫീസ് കൊടുക്കുമ്പോൾ അതിന് രസീത് നൽകാത്തതുകൊണ്ട് അത് കള്ളപ്പണമാണ്, നിയമവിധേയമായി സമ്പാദിച്ച 20 ലക്ഷം രൂപ മകളുടെ പ്രൊഫഷണൽ കോളേജ് പ്രവേശനത്തിന് കാപ്പിറ്റേഷൻ ഫീസായി നൽകുമ്പോൾ രസീത് നൽകാത്തതുകൊണ്ട് അതും കള്ളപ്പണം - ഇതാണ് ഉദാഹരണങ്ങൾ! എന്നാൽ കള്ളപ്പണത്തിന്റെ മുഖ്യസ്രോതസ്സായ സർക്കാർ തലത്തിലെ കൈക്കൂലി ഐസക്ക് അറിഞ്ഞ മട്ടില്ല. അദ്ദേഹം സ്വയം കൈകാര്യം ചെയ്യുന്ന വാണിജ്യനികുതി വകുപ്പ് സർവാംഗം അഴിമതിയിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണ്. ഈ വകുപ്പിലെ ഉദ്യോഗസ്ഥന്മാരും ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരും ദിനംപ്രതി പതിനായിരങ്ങൾ സമ്പാദിക്കുമ്പോഴും ഐസക്കിന്റെ കള്ളപ്പണം ഡോക്ടറുടെ ഫീസായ അഞ്ഞൂറു രൂപയാണ്. സാധാരണക്കാരും കള്ളപ്പണം സൃഷ്ടിക്കുന്നതിൽ പങ്കാളികളാണെന്നു വരുത്തിത്തീർക്കാനുള്ള ആ കുറുക്കൻ ബുദ്ധി ശ്രദ്ധിച്ചോ?

വാണിജ്യബാങ്കുകളും പുതുതലമുറ ബാങ്കുകളും സംഘടിതമായി കള്ളപ്പണം വെളുപ്പിക്കുന്നതിനുദാഹരണമായി കോബ്രാപോസ്റ്റിന്റെ വെളിപ്പെടുത്തൽ ലേഖകൻ ഉപയോഗിക്കുന്നു. അതിന്റെ രീതികൾ നോക്കുമ്പോൾ സഹകരണസംഘങ്ങളും അതുതന്നെയല്ലേ ചെയ്യുന്നത് എന്നു സംശയിച്ചുപോകും. കേന്ദ്രസർക്കാരിന്റെ നടത്തിപ്പുകളെ വിമർശിക്കുന്ന കൂട്ടത്തിൽ പുതിയനോട്ടിനു പാകമായ ATM മെഷീൻ മുൻകൂട്ടി ഓർഡർ ചെയ്തില്ല എന്നു കുറ്റപ്പെടുത്തുന്നു. നിലവിലുള്ള ഒരൊറ്റ യന്ത്രം പോലും മാറ്റാതെ പുനഃക്രമീകരണം നടത്തി പുതിയ നോട്ട് വിതരണം ചെയ്യാൻ സാധിച്ച സ്ഥിതിക്ക് എന്തിനാണ് പുതിയ മെഷീൻ? പുതിയ 2000 രൂപയുടെ കള്ളനോട്ട് നവം.12-ന് പുറത്തിറങ്ങിയത് റിസർവ്വ് ബാങ്കിന്റെ പോരായ്മയാണത്രേ. ഇതിലെ വങ്കത്തരം നാം കാണാതെ പോകരുത്. ഏതൊരു നോട്ടും പകർത്തി കള്ളനോട്ട് ഉണ്ടാക്കാൻ സാധിക്കും. എന്നാൽ ഇതുവരെ ഇറങ്ങിയവയൊക്കെ വെറും കളർ ഫോട്ടോകോപ്പികൾ മാത്രമായിരുന്നു. 1800 രൂപ വിലമതിക്കുന്ന ഒരു കളർ ഇങ്ക്‌ജെറ്റ് പ്രിൻറർ കൈവശമുള്ള ആർക്കും സാധിക്കുന്ന ഒന്ന്. അവ വളരെ പെട്ടെന്നുതന്നെ പിടിക്കപ്പെടുകയും ചെയ്തു.

ഒട്ടനവധി പ്രവചനങ്ങൾ ഗ്രന്ഥകർത്താവ് നൽകുന്നുണ്ട്. ദേശീയവരുമാനത്തിൽ 3 ലക്ഷം കോടിയുടെ ഇടിവ്, നോട്ടടിക്കുന്നതിന് 128000 കോടി ചെലവ്, വർഷാന്ത്യത്തോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 75-ലേക്ക്, സംഘടിതമേഖലയിൽ ലോക്ക്ഔട്ടുകളും ലേ ഓഫുകളും വരാനിരിക്കുന്നതേയുള്ളൂ എന്നിങ്ങനെ പോകുന്നു ഗീർവാണങ്ങൾ. നോട്ട് നിരോധിക്കാൻ പോകുന്ന വിവരം മുൻകൂട്ടി അറിഞ്ഞതുകൊണ്ടാണ് ജനാർദ്ദൻ റെഡ്‌ഡിക്ക് മകളുടെ വിവാഹം കെങ്കേമമായി നടത്താൻ സാധിച്ചത് എന്നു പറയുമ്പോൾ കേരളവ്യവസായിയായ ബിജു രമേശും മുൻകൂട്ടി അറിഞ്ഞിരുന്നോ എന്നദ്ദേഹം പറയുന്നില്ല. കറൻസി പിൻവലിക്കൽ മൂലം റാബി വിള വിസ്തൃതി കുറഞ്ഞു എന്നാദ്യം കൊട്ടിഘോഷിച്ച ഐസക്ക് കണക്കുകൾ പുറത്തുവന്നപ്പോൾ മലക്കം മറിഞ്ഞ് ആന്ധ്ര, കർണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിൽ കൃഷി കുറഞ്ഞു എന്നായി. ശരിയാണ്, പക്ഷേ അതിന്റെ കാരണം മൺസൂൺ മഴയുടെ ഈ സംസ്ഥാനങ്ങളിലെ ലഭ്യതക്കുറവാണ്. സെപ്റ്റംബർ അവസാനം മുതൽ ഈ മേഖലയിലെ വളം വിൽപ്പനയിലെ മാന്ദ്യം അതാണ് സൂചിപ്പിക്കുന്നത് - അല്ലാതെ നോട്ട് നിരോധനമല്ല.

നോട്ട് പരിഷ്കരണവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നടപടികളിൽ ഏറ്റവും ശക്തമായി ആക്രമിക്കപ്പെട്ടത് സഹകരണമേഖലയോടുള്ള കർശനനിലപാടായിരുന്നു. ഗ്രന്ഥകാരൻ ഈ പ്രശ്നം വ്യക്തമാക്കാൻ കാര്യമായി യത്നിച്ചിട്ടുണ്ട്. സാധാരണക്കാരിൽ സാധാരണക്കാരുടെ നിക്ഷേപമേഖലയായ സഹകരണ സംഘങ്ങളെ സംരക്ഷിക്കണം എന്നദ്ദേഹം പലവുരു ആവർത്തിക്കുന്നു. സഹകരണമേഖലയെ സംരക്ഷിക്കണം എന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല. എങ്കിലും പ്രാഥമിക സംഘങ്ങൾ കള്ളപ്പണം ഭദ്രമായി നിക്ഷേപിക്കാനുള്ള സുരക്ഷിത കേന്ദ്രങ്ങളാണെന്നത് വ്യക്തമാണ്. ഐസക്ക് നിരത്തുന്ന കണക്കുകൾ തന്നെ ആ വസ്തുത പറയാതെ പറയുന്നുണ്ട്. കേരളത്തിൽ ബാങ്ക് ശാഖകളുടെ എണ്ണത്തിൽ സഹകരണമേഖല 33% മാത്രം പ്രാതിനിദ്ധ്യം അവകാശപ്പെടുമ്പോൾ ഡെപ്പോസിറ്റ് ചെയ്ത തുകയുടെ 60% കയ്യടക്കുന്നു. ഇന്ത്യയിലെ ബാങ്ക് നിക്ഷേപങ്ങളിൽ 10% മാത്രം കേരളത്തിലുള്ളപ്പോൾ സഹകരണമേഖലയിലെ രാജ്യത്തെ 70% നിക്ഷേപവും കേരളത്തിലാണെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. അതുപോലെ ഇന്ത്യയിലെ 7% മാത്രം നിക്ഷേപം പ്രാഥമികസംഘങ്ങളിലുള്ളപ്പോൾ കേരളത്തിലത് 50% ആണ്. ഇതൊക്കെ സാധാരണക്കാരന്റെ പണമാണോ? കാർഷികവായ്പകൾ സംഘങ്ങൾ നൽകുമ്പോൾ അതിന് വാണിജ്യബാങ്കുകളേക്കാൾ എത്രയോ കൂടുതൽ പലിശയാണ് ചുമത്തുന്നത്! സഹകരണസംഘങ്ങളിൽ അനുവദിച്ച വായ്പ്പത്തുക പിൻവലിക്കാതെ അക്കൗണ്ടുകളിൽ തന്നെ കിടക്കുന്നതുകൊണ്ടാണ് നിക്ഷേപം ഉയർന്നതായി തോന്നുന്നതെന്ന വിചിത്രമായ വാദവും ഐസക്ക് ഉന്നയിക്കുന്നു. നിക്ഷേപപലിശയ്ക്ക് ആദായനികുതി ചുമത്താത്തതുകൊണ്ടാണ് സഹകരണസംഘങ്ങളിൽ വൻതോതിൽ നിക്ഷേപങ്ങൾ എത്തുന്നത്. KYC നിബന്ധനകൾ പാലിക്കാത്തതിനാൽ ആരുടെ പണമാണെന്നുപോലും തിരിച്ചറിയാനാവാത്ത സ്ഥിതി. സ്വിസ്സ് ബാങ്കുകളിലും ഇങ്ങനെയാണെന്നു കേട്ടിട്ടുണ്ട്. അവിടെ അക്കൗണ്ടുകൾക്ക് ഒരു കോഡ് നമ്പർ മാത്രമേ ഉണ്ടായിരിക്കൂ. സഹകരണവകുപ്പ് 25 ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുണ്ടെങ്കിൽ പലിശക്ക് നികുതി കണക്കാക്കുമെന്നു പറയുന്നു. എന്നാൽ ഏതൊരാൾക്കും എത്ര അക്കൗണ്ട് വേണമെങ്കിലും തിരിച്ചറിയൽ രേഖകളില്ലാതെ തുടങ്ങാമെന്നതിനാൽ ഈ നിബന്ധന നോക്കുകുത്തി മാത്രമാകുന്നു. പ്രാഥമികസംഘങ്ങളിലെ നിക്ഷേപകരെല്ലാം ചുറ്റുവട്ടത്തുള്ളവരായതുകൊണ്ട് KYC രേഖകളുടെ ആവശ്യമില്ലെന്ന മണ്ടൻ നിലപാടും ഐസക്ക് സ്വീകരിക്കുന്നു (പേജ് 65).

നോട്ട് നിരോധനതീരുമാനം ആരാണ് കൈക്കൊണ്ടത് എന്നതിനെപ്പറ്റി അദ്ദേഹം ഫേസ് ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. അത് ഒന്നുകൂടി പരിഷ്കരിച്ച് 'അർത്ഥക്രാന്തി' എന്ന സംഘടനയുടെ ആശയമായിരുന്നു എന്നാണ് പുസ്തകത്തിൽ കാണിച്ചിരിക്കുന്നത്. അതിന്റെ കാരണമോ? അർത്ഥക്രാന്തിയുടെ അവകാശവാദങ്ങളെ പ്രധാനമന്ത്രി ഖണ്ഡിച്ചില്ല എന്നതും! ഈ പുസ്തകത്തിൽ വ്യാപകമായ തോതിൽ അക്ഷരത്തെറ്റുകൾ നിറഞ്ഞിരിക്കുന്നു. ധൃതി പിടിച്ചുള്ള അച്ചടി ഒരു കാരണമാകാം. എന്നാൽ നിർണായകമായ സ്ഥിതിവിവരക്കണക്കുകളിൽപോലും അച്ചടിപ്പിശകുകൾ കാണുമ്പോൾ വെറും രണ്ടായിരം കോപ്പികൾ പോലും തെറ്റുകൂടാതെ അച്ചടിക്കാൻ സാധിക്കാത്തവരാണോ കോടിക്കണക്കിന് നോട്ടുകൾ തെറ്റുകൂടാതെ അച്ചടിച്ചു വിതരണം ചെയ്യുന്ന റിസർവ്വ് ബാങ്കിനെ കുറ്റം പറയുന്നതെന്ന് നാം അത്ഭുതപ്പെടും. സാമ്പത്തികശാസ്ത്രപരമായ ഗഹനമായ വിഷയങ്ങളൊന്നും ഇതിൽ കൈകാര്യം ചെയ്തിട്ടില്ല. പ്രധാനമായും ഒരു രാഷ്ട്രീയപ്രസംഗമായി മാത്രം ഇതിനെ കണ്ടാൽ മതി. പുസ്തകം അച്ചടിച്ചുതീരുവാനുള്ള കാലതാമസം കൊണ്ടാണോ ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല മുൻ നിശ്ചയത്തിൽനിന്നും ഒരു ദിവസം വൈകിപ്പിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Wednesday, December 28, 2016

ഒരു ജന്മം

കേരളരാഷ്ട്രീയം പൊതുവെ ഇടതുപക്ഷച്ചായ്‌വ് പ്രകടിപ്പിക്കുന്ന ഒന്നാണ്. അതിൽ തന്നെ മാർക്സിസ്റ്റ് പാർട്ടിയുടെ സ്വാധീനം നിഷേധിക്കാനാവാത്തതും. അച്ചടക്കത്തിന്റെ പര്യായമായിരുന്ന ഈ പാർട്ടിയിൽ ആദ്യമായി കലാപക്കൊടി ഉയർത്തി, രാഷ്ട്രീയജീവിതം തകരാതെ ശേഷിച്ച നേതാവായിരുന്നു ശ്രീ. എം. വി. രാഘവൻ. പാർട്ടിയിൽനിന്നുള്ള പുറത്താക്കൽ എല്ലാ നേതാക്കളുടേയും രാഷ്ട്രീയ കരിയർ അവസാനിപ്പിച്ചപ്പോൾ രാഘവൻ സ്വന്തം പാർട്ടി രൂപീകരിച്ച് സി. പി. എമ്മിനെതിരെ വിജയകരമായി ചെറുത്തുനിന്നു. മാതൃപാർട്ടിക്കുവേണ്ടി കൊണ്ടും കൊടുത്തും ഗുണ്ടായിസം തന്നെ ഉപയോഗിച്ചും വളർന്ന എം. വി. ആർ പുറത്താക്കപ്പെട്ടതിനുശേഷം ശാരീരികമായ അക്രമങ്ങൾ നിരവധി നേരിട്ടു. അദ്ദേഹത്തിന്റെ ആത്മകഥയാണീ പുസ്തകം. കഴിഞ്ഞ അരനൂറ്റാണ്ടുകാലത്തെ കേരളരാഷ്ട്രീയത്തിന്റെ ഒരു പരിച്ഛേദമാണ് സാമാന്യം ദൈർഘ്യമുള്ള ഈ ഗ്രന്ഥം. ജനശ്രദ്ധയിൽ എത്തിപ്പെടാത്ത പലസംഭവങ്ങളും അദ്ദേഹം പരിശോധിക്കുന്നു, ഉന്നതന്മാരെന്നു കരുതിയിരുന്ന പല നേതാക്കന്മാരുടേയും യഥാർത്ഥസ്വഭാവം തുറന്നുകാട്ടുന്നു.

പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടി രാഷ്ട്രീയത്തിലിറങ്ങിയ എം. വി. ആർ പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി അധികാരരാഷ്ട്രീയത്തിൽ പ്രവേശിച്ചു. എം. എൽ. ഏ, മന്ത്രി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടി വളണ്ടിയർമാർ എന്ന പേരിൽ 1967-ൽ ഗുണ്ടാസംഘം രൂപീകരിക്കുന്നതിലും അടിതടവുകൾ, തോക്ക് എന്നിവ കൈകാര്യം ചെയ്യുന്നതിലും ജില്ലാ സെക്രട്ടറി ആയിരിക്കേ ശ്രദ്ധ ചെലുത്തി. DYFI സ്ഥാപിക്കുന്നതിലും അദ്ദേഹം സുപ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉയർച്ചയും താഴ്ചയും ശ്രദ്ധാപൂർവം വീക്ഷിക്കുന്നതുകൊണ്ട് അതിന്റെ വസ്തുനിഷ്ഠമായ വിവരണം നൽകുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ കാര്യമായ പങ്കൊന്നും വഹിക്കാനില്ലാതിരുന്ന കമ്യൂണിസ്റ്റ് പാർട്ടി 1947-ൽ നേടിയ സ്വാതന്ത്ര്യം അപര്യാപ്തമാണെന്നു സമർത്ഥിക്കുകയും പുതുതായി ജന്മമെടുത്ത ദേശീയ സർക്കാരിനുനേരെ സായുധസമരം പ്രഖ്യാപിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പുതിയ സർക്കാരിന്റെ ബാലാരിഷ്ടതകൾ ചൂഷണം ചെയ്ത് ഭൂപ്രദേശങ്ങൾ കയ്യടക്കാമെന്നും, വേണ്ടത്ര പ്രദേശങ്ങൾ കൈക്കലാക്കിക്കഴിഞ്ഞാൽ സോവിയറ്റ് സഹായത്തോടെ അധികാരം പിടിച്ചടക്കാമെന്നുമായിരുന്നു കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ മനപ്പായസം. എന്നാൽ നെഹ്രു ശക്തമായ സൈനികനീക്കങ്ങളിലൂടെ സായുധകമ്യൂണിസ്റ്റുകളുടെ നട്ടെല്ലൊടിച്ചു. കൈപൊള്ളുമെന്നു മനസ്സിലായതോടെ കമ്യൂണിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലേക്കു മടങ്ങിപ്പോയി. അങ്ങനെയിരിക്കെയാണ് 1962-ൽ ചൈന ഇന്ത്യയെ ആക്രമിച്ചത്. ഇത് പിളർപ്പിലേക്കു നീങ്ങിക്കൊണ്ടിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നതക്ക് ആക്കം കൂട്ടി എന്ന് ലേഖകൻ സ്ഥാപിക്കുന്നു. ഡാങ്കെയുടെ നേതൃത്വത്തിൽ നാഷണൽ കൗൺസിലിലെ ഭൂരിപക്ഷം ചൈനയെ ആക്രമണകാരിയായി കരുതുകയും നെഹ്രുവിന്റെ നിലപാടിനോട് ആഭിമുഖ്യം പുലർത്തുകയും ചെയ്തു. സുന്ദരയ്യയുടെയും രണദിവെയുടെയും നേതൃത്വത്തിൽ മറ്റൊരു വിഭാഗം ചൈനീസ് അനുകൂലനിലപാട് സ്വീകരിച്ചു (പേജ് 49). യുദ്ധം ചെയ്തു മുന്നേറുന്ന ചൈനയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ഒരു രാഷ്ട്രീയപ്പാർട്ടി ഇന്ത്യയിൽ! ഡാങ്കെയുടെ എതിർപ്പും രാജ്യസ്നേഹം കൊണ്ടൊന്നുമായിരുന്നില്ല. ആ വിഭാഗത്തിന്റെ യജമാനന്മാരായിരുന്ന സോവിയറ്റ് കമ്യൂണിസ്റ്റ് പാർട്ടി ചൈനീസ് ആക്രമണത്തെ എതിർത്തതുകൊണ്ടായിരുന്നു ഇത്.

മാർക്സിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന കാലത്തെ രാഘവൻ സ്മരിക്കുന്നത് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകന്റെ റോളിലാണ്. പതിറ്റാണ്ടുകൾക്കുശേഷവും സത്യം മറച്ചുവെച്ചുകൊണ്ട് പാർട്ടി നിലപാടുകളെ പിന്താങ്ങുന്ന വിചിത്രമായ വസ്തുതയും നമ്മൾ കാണുന്നു. ഈ ന്യായവാദത്തിന് പിന്തുണയെന്ന പേരിൽ കൊണ്ടുവരുന്നതോ, ദേശാഭിമാനി പത്രത്തിന്റെ റിപ്പോർട്ടുകളും! അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങൾ കുറെയൊക്കെ രാഘവൻ വെളിപ്പെടുത്തുന്നു. രാജൻ, വർക്കല വിജയൻ, നാദാപുരം കണ്ണൻ, വെള്ളത്തൂവൽ ദാസ് എന്നിവരുടെ കസ്റ്റഡി മരണങ്ങൾ, മലയിൻകീഴ് വിക്രമൻ, ഗുരുവായൂർ വേണുഗോപാലൻ എന്നിവരുടെ പോലീസിന്റെ പിടിയിൽനിന്നുള്ള തിരോധാനം എന്നിവയൊക്കെ അതിൽപ്പെടും. സി. പി. ഐയിലെ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായി വാഴുമ്പോഴാണ് ഇതൊക്കെ അരങ്ങേറിയത്. ദേശാഭിമാനി പത്രം നാവടക്കി സെൻസറിംഗിന് വിധേയമായി. അതിന്റെ പത്രാധിപരായിരുന്ന പി. ഗോവിന്ദപ്പിള്ള ബിർളയുടെ ഫെലോഷിപ്പോടെ മൈസൂരിൽ ഗവേഷണം നടത്തുകയുമായിരുന്നു.

ഇ. എം. എസ്, ഇ. കെ. നായനാർ എന്നീ സമുന്നതനേതാക്കളുടെ വ്യക്തിത്വങ്ങളിലെ അത്ര ശോഭനമല്ലാത്ത ചില മുഖങ്ങൾ എം. വി. ആർ തുറന്നുകാണിക്കുന്നു. 1957-ൽ ഒന്നാം കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ സാരഥ്യമേറ്റെടുക്കാൻ ഡൽഹിയിൽ ചെറിയ പ്രവർത്തനമൊക്കെ നടത്തിക്കഴിഞ്ഞിരുന്ന ഇ. എം. എസ്സിനെ എം. എൻ. ഗോവിന്ദൻ നായർ വിളിച്ചുവരുത്തിയതായിരുന്നെങ്കിലും ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഇ. എം. എസ് എം. എന്നെതിരെ ചതിക്കുഴികൾ തീർത്തു. 1964-ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി പിളർപ്പിലേക്കു നീങ്ങിയപ്പോൾ ഏതുവിഭാഗമാണ് ശക്തം എന്നു നിരീക്ഷിച്ചുകൊണ്ട് കയ്യാലപ്പുറത്തെ തേങ്ങയായി ഇ. എം. എസ് നിലകൊണ്ടു (പേജ് 53). അദ്ദേഹത്തെ ഗ്രന്ഥകാരൻ അവസരവാദിയെന്നു വിശേഷിപ്പിക്കുന്നില്ല, എന്നാൽ അവസരത്തിനൊത്തു മാറാൻ മിടുക്കനായിരുന്നു എന്നു രേഖപ്പെടുത്തുന്നു (പേജ് 54). ദീർഘവീക്ഷണമില്ലാത്ത രാഷ്ട്രീയനയങ്ങൾ ഭരണത്തിന്റെ തണലിൽ നടപ്പിൽ വരുത്തിയ ഇ. എം. എസ് ഒട്ടേറെ തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി. ബീഡിത്തൊഴിലാളി മിനിമം വേജസ് ആക്ട് പ്രാബല്യത്തിലായതോടെ ബീഡിക്കമ്പനികളെല്ലാം മംഗലാപുരത്തേക്കു മാറ്റി. അതോടെ പതിനായിരങ്ങൾക്ക് തൊഴിൽ നഷ്ടമായി പട്ടിണിയിലേക്കു വലിച്ചെറിയപ്പെട്ടു. 1980-ൽ ഇ. കെ. നായനാരെ മുഖ്യമന്ത്രിയാക്കിയത് ഇ. എം. എസ്സിന് ഇഷ്ടമായിരുന്നില്ല. ഇതിന് പ്രതികാരമെന്നോണം സി. പി. എം മന്ത്രിമാരുടെ എണ്ണം വെട്ടിക്കുറച്ച് രാഘവന് മന്ത്രിസ്ഥാനം നിഷേധിച്ചു. തന്റെ മകനെ ഉയർത്തിക്കൊണ്ടുവരാനും പരമാചാര്യൻ കാര്യമായിത്തന്നെ ശ്രമിച്ചു. 'ഭാവിയിലെ ധനകാര്യമന്ത്രി' എന്ന വിശേഷണമൊക്കെ ചാർത്തിക്കൊടുത്തിരുന്നെങ്കിലും ശ്രീധരൻ നമ്പൂതിരിപ്പാട് മത്സരിച്ചയിടത്തൊക്കെ ദയനീയമായി തോൽവിയടഞ്ഞു.

നായനാരുടെ അധികാരത്തോടുള്ള ആർത്തിയാണ് ഈ പുസ്തകത്തിൽ നഗ്നമാക്കപ്പെടുന്നത്. 1971-ൽ സുരക്ഷിതസീറ്റായ പാലക്കാട് സമുന്നതനായ ഏ. കെ. ജിയെ മത്സരിപ്പിക്കാൻ പാർട്ടി തയ്യാറായപ്പോൾ ആ സീറ്റ് തനിക്കുവേണമെന്ന് നായനാർ ആവശ്യപ്പെട്ടു. പാർട്ടി ഈ അവകാശവാദം പരിഹാസത്തോടെ തള്ളുകയും നായനാരെ കാസർഗോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കുകയും ചെയ്തു. ഉത്സാഹം നഷ്ടപ്പെട്ട അദ്ദേഹം അവിടെ മത്സരിച്ചുതോറ്റു. തുടർന്ന് 1974-ൽ ഇരിക്കൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയേ പറ്റൂ എന്ന് അദ്ദേഹം ശഠിച്ചതിന്റെ ഫലമായി സംസ്ഥാന സെക്രട്ടറിയായിരുന്ന നായനാർ കീഴ് വഴക്കം ലംഘിച്ച് മത്സരിച്ചുജയിച്ചു. നായനാർ മൂന്നുതവണ മുഖ്യമന്ത്രിയായതും മറ്റു മൂന്നു സഖാക്കളുടെ അവകാശത്തെ ചവിട്ടിമെതിച്ചുകൊണ്ടായിരുന്നു - 1980-ൽ ടി. കെ. രാമകൃഷ്ണൻ, 1987-ൽ ഗൗരിയമ്മ, 1996-ൽ വി. എസ്സ്. അച്യുതാനന്ദൻ.

ഇതൊരു ആത്മകഥയാണെങ്കിലും രാഘവൻ എന്ന വ്യക്തിയുടെ സ്വകാര്യജീവിതം ഒരിക്കലും കഥനവിഷയമാക്കുന്നതേയില്ല. കേരളരാഷ്ട്രീയത്തെ മൂന്നാമതൊരു വ്യക്തിയുടെ കണ്ണിലൂടെയാണ് അധികസമയവും നോക്കിക്കാണുന്നത്. കാലപരമായ തുടർച്ച പുസ്തകത്തിന്റെ ഉള്ളടക്കം കാത്തുസൂക്ഷിക്കുന്നുണ്ടെങ്കിലും ആശയങ്ങൾ വസ്തുനിഷ്ഠമായിട്ടല്ല പ്രതിപാദിച്ചിരിക്കുന്നത്. എം. വി. ആറിന്റെ പാർട്ടിയിൽനിന്നുള്ള പുറത്താകലിനുകാരണമായ ബദൽ രേഖയുമായി ബന്ധപ്പെട്ട സംഭവങ്ങൾ യാതൊരു ഗൗരവവും നൽകാതെയാണ് വിവരിക്കുന്നത്. അതുപോലെതന്നെ സി. പി. എം രാഘവനെ രണ്ടുംകല്പിച്ച് എതിർക്കാൻ തുടങ്ങുന്നത് കൂത്തുപറമ്പ് വെടിവെപ്പിൽ തങ്ങളുടെ അഞ്ചു പ്രവർത്തകർ കൊല്ലപ്പെടുന്നതിലൂടെയാണ്. അക്രമം ഉണ്ടാകുമെന്നതിനാൽ ആ വഴി പോകരുതെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടും രാഘവൻ വഴങ്ങാതിരുന്നതുകൊണ്ടാണ് അതിക്രമങ്ങൾ മൂർച്ഛിച്ച് വെടിവെപ്പിലേക്കു നയിച്ചത്. എന്നാൽ പുസ്തകത്തിൽ കുറ്റം മുഴുവൻ പോലീസിന്റെ തലയിൽ കെട്ടിവെക്കുന്നു. അക്രമം ഉണ്ടാകുമെന്ന് രാഘവൻ അറിഞ്ഞില്ല എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ മറ്റൊരു മന്ത്രിയായിരുന്ന എൻ. രാമകൃഷ്ണൻ പാതിവഴിയിൽ പരിപാടി ഉപേക്ഷിച്ച് തിരിച്ചുപോയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്നതുമില്ല.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of "Oru Janmam' by M V Raghavan
ISBN: 9788126425945

Monday, December 19, 2016

ശാസ്ത്രവും കപടശാസ്ത്രവും

അന്ധകാരത്തിനു നടുവിൽ തെളിക്കുന്ന കൈത്തിരി എന്നാണ് പ്രമുഖ ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ കാൾ സേഗൻ ശാസ്ത്രത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. അന്ധവിശ്വാസങ്ങൾ തിരിച്ചെത്തുന്ന ഇക്കാലത്ത് അവയെ ദൂരീകരിക്കുന്നതിന് ഉതകുന്ന ഒരു കൈത്തിരിയാണ് ഈ പുസ്തകം. ശാസ്ത്രസാഹിത്യപരിഷത്ത് 2003-ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ അഞ്ചാം പതിപ്പാണിത് എന്ന വസ്തുത അതിന്റെ സ്വീകാര്യതയെ സൂചിപ്പിക്കുന്നു. ഡോ. കെ. പി. അരവിന്ദൻ, പ്രൊഫ. കെ. പാപ്പൂട്ടി, ഡോ. മനോജ് കോമത്ത്, പ്രൊഫ. എം. ശിവശങ്കരൻ, ഡോ. ആർ. വി. ജി. മേനോൻ എന്നീ അഞ്ചു വിദഗ്ധരുടെ പതിനൊന്നു ലേഖനങ്ങളാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കേരളത്തിൽ ശാസ്ത്രവിജ്ഞാനം ഉന്നതതലങ്ങളിൽ വരെ നേടിയിട്ടുള്ളവർ ലക്ഷക്കണക്കിനുണ്ടെങ്കിലും അതിൽ ശാസ്ത്രബോധം സ്വായത്തമാക്കിയിട്ടുള്ളവർ വളരെ കുറച്ചേയുള്ളൂ എന്നതാണ് നിർഭാഗ്യകരമായ വസ്തുത. ഫിസിക്സിൽ ഡോക്ടറേറ്റ് ബിരുദം നേടിയവർ പുതിയ വീടിനു പാലുകാച്ചാൻ ജ്യോത്സ്യന്റെ അടുക്കൽ സമയം കുറിക്കാൻ പോകുന്നതും, സിവിൽ എഞ്ചിനീയർമാർ വാസ്തുദോഷ പരിഹാരം അന്വേഷിക്കുന്നതും, ജീവശാസ്ത്രവിജ്ഞാനം നേടിയവർ ഹോമിയോപ്പതി 'മരുന്നുകൾ' കഴിക്കുന്നതുമെല്ലാം ഇന്ന് അപൂർവ്വസംഭവങ്ങളൊന്നുമല്ല. എന്തുകൊണ്ടിങ്ങനെ? ന്യൂട്ടന്റെ ചലനനിയമങ്ങൾ ശരിയായി മനസ്സിലാക്കി അത് പ്രായോഗികതലത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി അറിയാവുന്നവർക്കുപോലും ശാസ്ത്രബോധം ഇല്ലാതാകുന്നതിനു കാരണമെന്ത് എന്ന ചോദ്യത്തിനുത്തരം നല്കാൻ ഈ പുസ്തകം ശ്രദ്ധിക്കുന്നു. അനുഭവസിദ്ധാന്തം, അസത്യവൽക്കരണം, ആവർത്തനഭദ്രത - ഇതു മൂന്നുമാണ് ഒരു ശാസ്ത്രീയസിദ്ധാന്തത്തിന്റെ മൂലപ്രമാണങ്ങൾ എന്നും, സംശയാലുത്വം, സുതാര്യത, വിദഗ്ദ്ധ വിമർശനം എന്നിവയാണതിന്റെ പ്രവർത്തനരീതികൾ എന്നും മനസ്സിലാക്കാതെ പോയാൽ കുങ്കുമം ചുമക്കുന്ന കഴുതയെപ്പോലെ അന്ധവിശ്വാസങ്ങളുടെ പ്രവാചകരുടെ പുറകെ നടക്കാനായിരിക്കും ശാസ്ത്രജ്ഞാനമുള്ളവരുടെ ഗതി.

കിണറിന്റെ സ്ഥാനം കാണുന്ന ഡൗസിംഗ്, വേദാന്തസിദ്ധാന്തങ്ങൾ ക്വാണ്ഡം മെക്കാനിക്സിൽ അടിയുറച്ചതെന്നു പറയുന്നതിലെ യുക്തി, വാസ്തുശാസ്ത്രം, അതീന്ദ്രീയജ്ഞാനവും മറ്റ് അത്ഭുതസിദ്ധികളും, സൃഷ്ടിവാദം, ബുദ്ധിപര രൂപകൽപന, കപടവൈദ്യം - പ്രത്യേകിച്ചും ഹോമിയോപ്പതി, വെറുംകൈ ശസ്ത്രക്രിയ, ജൈവോർജ ചികിത്സകൾ, റെയ്‌ക്കി, പ്രാണിക് ചികിത്സ, പൊളാരിറ്റി ചികിത്സ,  കാന്തചികിത്സ, ഫാർ ഇൻഫ്രാറെഡ് ചികിത്സ എന്നീ തട്ടിപ്പുകളെയെല്ലാം അതാത് വിഷയങ്ങൾ വേണ്ടവിധം വിശകലനം ചെയ്ത വിദഗ്ദ്ധർ പൊളിച്ചടുക്കുന്നുണ്ട്. ഇതിൽ ഏറ്റവും ദയനീയം ഹോമിയോപ്പതിയുടെ സ്ഥിതിയാണ്. സർക്കാർ പ്രോത്സാഹനം വൻതോതിൽ ലഭിക്കുന്ന ഈ ചികിത്സാരീതിയിലേക്ക് അതിലെ അശാസ്ത്രീയത മനസ്സിലാക്കാതെ നൂറുകണക്കിന് വിദ്യാർത്ഥികൾ എൻട്രൻസ് പരീക്ഷകൾ വഴി കടന്നുചെല്ലുന്നുണ്ട്. Multiple Personality Disorder അഥവാ ബഹുവ്യക്തിത്വരോഗം മനോരോഗചികിത്സകർ സൃഷ്ടിച്ചെടുത്ത മിഥ്യയാണെന്ന കെ. പി. അരവിന്ദന്റെ നിഗമനങ്ങൾ നമ്മെ ഞെട്ടിക്കുന്നു.

കേരള ശാസ്ത്രസാഹിത്യപരിഷത്ത് നിരവധി പ്രവർത്തനങ്ങൾ വഴി കേരളത്തിൽ വിജ്ഞാനത്തിന്റെ പാത തുറന്നുകൊടുക്കാൻ യത്നിക്കുന്നുണ്ടെങ്കിലും പൊതുവെ ഈ പ്രസ്ഥാനം ഒരു പരാജയമാണെന്നു സമ്മതിക്കാതെ വയ്യ. ശാസ്ത്രത്തിനുമുപരിയായി ഈ സംഘടന ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിഷ്ഠിക്കുന്നു. പ്രത്യയശാസ്ത്രത്തിന്റെ തൊഴുത്തിൽ തങ്ങളുടെ സ്വതന്ത്രചിന്തയെ കെട്ടിയിട്ടിരിക്കുന്ന പണ്ഡിതന്മാർ അന്ധവിശ്വാസങ്ങൾക്കെതിരെ ഘോരഘോരം പ്രസംഗിക്കുമ്പോൾ സാധാരണജനങ്ങൾ അത് പുച്ഛത്തോടെ തള്ളിക്കളയുന്നതിൽ എന്താണത്ഭുതം? കെ. പി. അരവിന്ദൻ എഴുതിയ ആദ്യലേഖനം തന്നെ നോക്കൂ. "നീതിക്കും സമത്വത്തിനും വേണ്ടി പോരാടിയ പരമ്പരാഗത ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തമായ ആയുധങ്ങളായിരുന്നു യുക്തിയും ആധുനിക സയൻസും. മാർക്‌സും ലെനിനും മാവോയുമെല്ലാം പാശ്ചാത്യമുതലാളിത്തത്തിന്റെ ഒരു നിർമ്മിതി എന്നതിലപ്പുറമായി മനുഷ്യമോചനത്തിന് ഒഴിച്ചുകൂടാനാവാത്ത ചിന്താപദ്ധതിയായാണ് ശാസ്ത്രത്തെ കണ്ടത്" (പേജ് 20). എന്തുപറയുന്നു? മുൻവിധികളില്ലാതെ ശാസ്ത്രത്തെപ്പറ്റി പറയുമ്പോഴും അവിടെയും കിടക്കട്ടെ മാർക്സിസത്തിന്റെ ഒരു ചൂണ്ടക്കൊളുത്ത് എന്ന ഈ കുടിലബുദ്ധിയാണ് പരിഷത്തിന്റെ വളർച്ച മുരടിപ്പിച്ചുകളഞ്ഞത്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Sasthravum Kapadashasthravum' by Kerala Sasthra Sahithya Parishad and written by a group of authors.
ISBN: 9789383330133

Thursday, December 8, 2016

നാളന്ദ - തക്ഷശില

ചരിത്രം ഏവരെയും ആകർഷിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ടുതന്നെ മറ്റു വിഷയങ്ങളിൽ വിദഗ്ധരായവർ പോലും ചരിത്രരചന നടത്തുന്നത് ഇടയ്ക്കിടെ കാണുന്നുണ്ട്. എന്നാൽ വിഷയത്തിലുള്ള പാണ്ഡിത്യവും താല്പര്യവും മാത്രം കൈമുതലാക്കി ചരിത്രരചനയുടെ രീതിശാസ്ത്രമറിയാതെ പുറത്തിറങ്ങുന്ന പുസ്തകങ്ങൾ വായനക്കാരെ കുറച്ചൊന്നുമല്ല തെറ്റിദ്ധരിപ്പിക്കുന്നത്. ഇതിനു തീർത്തും അപവാദമാണ് വേലായുധൻ പണിക്കശ്ശേരിയുടെ രചനകൾ. സർക്കാർ സർവീസിൽ ജോലി നോക്കുന്നതിനിടയിലും കറതീർന്ന നിരവധി പുസ്തകങ്ങൾ രചിച്ച് മലയാള സാംസ്കാരികരംഗത്ത് അദ്ദേഹം ഖ്യാതി നേടി. പ്രത്യേകിച്ചൊരു തലക്കെട്ടിലും ഒതുക്കാനാവാത്ത ഒൻപതു ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. അക്കൂട്ടത്തിലൊരു ലേഖനത്തിന്റെ ശീർഷകമാണ് പുസ്തകത്തിന്റേയും തലക്കെട്ട്.

അവലംബിക്കുന്ന മൂലഗ്രന്ഥങ്ങളുടെ ബാഹുല്യവും വൈവിധ്യവും പണിക്കശ്ശേരിയെ വ്യത്യസ്തനാക്കുന്നു. നാളന്ദ, തക്ഷശില, വിക്രമശില, വളഭി എന്നിങ്ങനെ പ്രാചീനഭാരതത്തിലെ വിജ്ഞാനകേന്ദ്രങ്ങളെ പുസ്തകം പരിചയപ്പെടുത്തുന്നു. ബഖ്തിയാർ ഖിൽജി നാളന്ദ നശിപ്പിക്കുന്ന വിവരണം നമ്മെ അതിയായി വേദനിപ്പിക്കും. മൂന്നു കൂറ്റൻ ഗ്രന്ഥശാലകളിലെ വിലമതിക്കാനാവാത്ത കയ്യെഴുത്തുകൃതികൾ തീവെച്ചു നശിപ്പിക്കാൻ ഖിൽജിക്ക് മൂന്നുമാസം വേണ്ടിവന്നു എന്ന ഒറ്റവസ്തുത മാത്രം മതി ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ സാംസ്കാരികപാരമ്പര്യത്തിൽ നടത്തിയ കടന്നുകയറ്റങ്ങൾ തിരിച്ചറിയാൻ. ഏതാനും ലേഖനങ്ങൾ കേരളചരിത്രത്തിൽ നിന്നെടുത്തവയാണ്. കൊടുങ്ങല്ലൂർ പട്ടണത്തിന്റെ പ്രാധാന്യം, ബുദ്ധ - ജൈന - യഹൂദമതങ്ങളുടെ സ്വാധീനവും പ്രസക്തിയും, കേരളീയജീവിതത്തിൽ പിന്നോക്കസമുദായങ്ങളുടെ ചരിത്രപരമായ കാൽപ്പാടുകൾ എന്നിവയൊക്കെ ഈ ലേഖനസമാഹാരത്തിലുൾപ്പെടുന്നു.

മാമാങ്കത്തിന്റെ ചടങ്ങുകളും രീതികളും പരിശോധിക്കുന്ന അദ്ധ്യായം വളരെ  വിജ്ഞാനപ്രദമാണ്. രണ്ടര നൂറ്റാണ്ടുമുമ്പ് - 1755-ൽ - നിലച്ചുപോയ ഈ ഉത്സവം പുനരാരംഭിക്കുന്നത് കേരളത്തിന്റെ സാമൂഹിക - സാംസ്‌കാരിക - ടൂറിസം മേഖലകളിൽ പുത്തനുണർവ് സൃഷ്ടിച്ചേക്കുമെന്നതിനാൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിയുന്നത് ഉത്തമമായിരിക്കും. പ്രതിപാദിക്കപ്പെടുന്ന ചരിത്രസ്ഥലങ്ങളിൽ ലേഖകൻ വ്യക്തിപരമായി സന്ദർശനം നടത്തിയിട്ടില്ലെന്നാണ് തോന്നുന്നത്. അത്തരം യാത്രകൾ ലേഖനങ്ങളെ ഗുണപരമായി വളരെയധികം മാറ്റങ്ങൾ നേടുവാൻ സഹായിക്കുമായിരുന്നു.

ആധികാരികമാണ് പണിക്കശ്ശേരിയുടെ രചനയെങ്കിലും ചിലയിടങ്ങളിൽ അൽപ്പം പൊരുത്തക്കേടുകളും തലപൊക്കുന്നു. ഹാരപ്പയിലെ ജനങ്ങൾ സാക്ഷരരായിരുന്നുവെന്നും അവർ ചിത്രലിപിയിൽ എഴുതിയിരുന്നുവെന്നും പറയുന്നത് ചരിത്രകാരന്മാർ സാർവത്രികമായി അംഗീകരിക്കുന്ന ഒരു വസ്തുതയല്ല. അതുപോലെതന്നെ ബി.സി. ആറാം നൂറ്റാണ്ടിൽ സൈറസിന്റെ കീഴിൽ യഹൂദർക്ക് പിതൃരാജ്യത്ത് പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നപ്പോൾ അവർ കേരളത്തിൽ പ്രാണരക്ഷാർത്ഥം അഭയം തേടി എന്ന പരാമർശം (പേജ് 38) തീർത്തും തെറ്റാണെന്നു പറയേണ്ടിയിരിക്കുന്നു. കാൽദിയൻ ചക്രവർത്തിയായിരുന്ന നെബൂഖദ് നെസ്സർ ബാബിലോണിൽ അടിമകളാക്കിയിരുന്ന യഹൂദസമൂഹത്തെ സ്വതന്ത്രരാക്കുകയാണ് ബാബിലോൺ ആക്രമിച്ചുകീഴടക്കിയ അക്കേമെനിഡ് ചക്രവർത്തിയായ സൈറസ് ചെയ്തത്. കേരളത്തിൽ യഹൂദർ പണ്ടുതന്നെ എത്തിയിരുന്നു എന്നു സ്ഥാപിക്കാൻ ഈ പരാമർശം ആവശ്യമില്ലെങ്കിൽപോലും തെറ്റായ വിവരങ്ങൾ നൽകുന്നത് പുസ്തകത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തും.

ടിപ്പു സുൽത്താനെക്കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം അദ്ദേഹത്തെ കേരളീയർ എന്തുകൊണ്ടു വെറുക്കുന്നു എന്ന സമസ്യക്കുത്തരം നൽകുന്നു. സുൽത്താൻ പൊതുവെ ഹിന്ദു വിരുദ്ധനായിരുന്നില്ല. ശ്രീരംഗപട്ടണം കോട്ടയ്ക്കുള്ളിലെ ക്ഷേത്രങ്ങൾ, മൈസൂരിലെ ഭരണച്ചുമതലയിലുണ്ടായിരുന്ന നിരവധി ഹിന്ദുക്കൾ, ശങ്കരാചാര്യർ സ്ഥാപിച്ച ശൃംഗേരി മഠവുമായി ടിപ്പുവിനുണ്ടായിരുന്ന അടുത്ത ബന്ധം എന്നിവയൊക്കെ പണിക്കശ്ശേരി വിവരിക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ അദ്ദേഹം മറ്റൊരു തലത്തിലാണ് പെരുമാറിയത്. യുദ്ധം ചെയ്തു കീഴടക്കിയ പ്രദേശം എന്ന നിലയിലും, അക്കാലത്തെ കേരളത്തിലെ അയഞ്ഞ സദാചാരമൂല്യങ്ങളും, ബഹുഭർത്തൃത്വം, സംബന്ധം എന്നീ കുത്തഴിഞ്ഞ വിവാഹക്രമങ്ങളുമെല്ലാം ടിപ്പുവിനെ രോഷാകുലനാക്കി. ഇത്തരം അനാചാരങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ തദ്ദേശീയരെ ഇസ്‌ലാമിലേക്കു മതപരിവർത്തനം ചെയ്യുമെന്നദ്ദേഹം ഭീഷണിപ്പെടുത്തി. പലയിടത്തും ക്ഷേത്രങ്ങൾ തകർക്കുകയും നിർബന്ധിത മതപരിവർത്തനങ്ങൾ നടത്തുകയും ചെയ്തു. പുതിയ ഭരണ, സാമൂഹിക പരിഷ്കരണങ്ങൾക്കു നേരെ പുറംതിരിഞ്ഞു നിന്നവരാണ് ടിപ്പുവിന്റെ വിമർശകർ എന്ന ലേഖകന്റെ അഭിപ്രായം പലരേയും ചൊടിപ്പിക്കുമെന്നു തീർച്ച. ടിപ്പുവിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ ശരിയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കടുംകറുപ്പുനിറമായിരുന്ന ടിപ്പു സുൽത്താന്റെ ശരീരഘടന ചിത്രങ്ങളിൽ കാണുന്നതുവെച്ചുനോക്കുമ്പോൾ സീദികൾ എന്നറിയപ്പെടുന്ന ആഫ്രിക്കൻ അടിമകളുടെ പിന്മുറക്കാരനായിരുന്നോ എന്ന് ചില ചരിത്രകാരന്മാർ സംശയിക്കുന്നുണ്ട്. എന്നാൽ ഗ്രന്ഥകാരൻ അദ്ദേഹത്തെ ശൈഖ് മൊയിനുദ്ദീൻ ചിസ്തിയുടെ തലമുറയിൽപെട്ടയാളായി ചിത്രീകരിക്കുന്നത് എത്രകണ്ട് ശരിയാണ്? ദിണ്ടിഗലിലെ സൈന്യത്തലവനായിരുന്ന ടിപ്പുവിന്റെ പിതാവ് ഹൈദരാലി ഖാൻ അന്നത്തെ സുഖലോലുപനായിരുന്ന മൈസൂർ രാജാവിന് രാജ്യകാര്യങ്ങളിലോ പ്രജകളുടെ ക്ഷേമകാര്യങ്ങളിലോ താല്പര്യമുണ്ടാകാതിരുന്നതുകൊണ്ടാണ് രാജ്യഭരണം അട്ടിമറിയിലൂടെ കൈക്കലാക്കിയത് എന്നുംമറ്റുമുള്ള കഥകൾ ഒഴിവാക്കുന്നതായിരുന്നു ഭംഗി. അതുപോലെതന്നെയാണ് ടിപ്പു പുലികളുമായി മല്ലയുദ്ധം നടത്തിയിരുന്നതുപോലുള്ള അമർ ചിത്രകഥാനിലവാരത്തിലുള്ള സൂചനകളും.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Nalanda - Thakshashila' by Velayudhan Panikkassery
ISBN: 9788124020647