Wednesday, February 9, 2022

ഒ.എൻ.വി - പഠനം, സംഭാഷണം, ഓർമ്മ

ദന്തഗോപുരങ്ങളിൽ വസിച്ചിരുന്ന കവിതയെ ക്രമാനുഗതമായി താഴത്തേക്കിറക്കി കൂടുതൽ ജനങ്ങളിലെത്തിക്കുന്ന പ്രസ്ഥാനങ്ങൾ മലയാള സാഹിത്യചരിത്രത്തിൽ സ്ഥിരമായി കാണാം. മണിപ്രവാള - തമിഴ് കലർപ്പിൽനിന്ന് ഭാഷയെ ശുദ്ധീകരിച്ച എഴുത്തച്ഛനും, വരേണ്യ പ്രമേയങ്ങളെ തിരസ്കരിച്ച് സാധാരണജനതയുടെ വികാരങ്ങൾ ആവിഷ്കരിച്ച ആശാനും, വൃത്തത്തിന്റെ ഉരുക്കുപഞ്ജരത്തിൽനിന്ന് കവിതയെ പുറത്തുചാടിച്ച ചങ്ങമ്പുഴയും, കാല്പനികതയുടെ മൂടുപടം മാറ്റി നവോത്ഥാനാശയങ്ങൾ സന്നിവേശിപ്പിച്ച ആധുനികകവികളും കവിതയുടെ ജനകീയവൽക്കരണത്തിലെ വിവിധ തലമുറകളെ പ്രതിനിധാനം ചെയ്യുന്നവരാണ്. എന്നാൽ കഴിഞ്ഞ നൂറ്റാണ്ടിൽ നാടകവും സിനിമയും വൻ ജനപ്രീതി നേടിയതോടെ ബൗദ്ധികമായി ഏറ്റവും കീഴെയുള്ളവർക്കുപോലും ആസ്വദിക്കാൻ സാധിക്കുന്ന ഗാനങ്ങൾ കവികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഉയർന്ന പ്രതിഫലവും, കൂടുതൽ പ്രശസ്തിയും, കുറഞ്ഞ സമയം കൊണ്ട് രചിക്കാമെന്നതും നിരവധി കവികൾ കവിത മാറ്റിവെച്ച് ഗാനങ്ങളുടെ പുറകേ പോകാനിടയാക്കി. എന്നാൽ ഗാനശാഖയിൽ പൂർണമായി മുഴുകിയിരിക്കുമ്പോഴും കവിതക്കുനേരെ അവഗണന കാട്ടാതിരുന്ന സാഹിത്യകാരനായിരുന്നു ഒ.എൻ.വി. പ്രായം കൂടിയപ്പോഴും സർഗ്ഗചൈതന്യം അദ്ദേഹത്തെ കൈയ്യൊഴിഞ്ഞില്ല. 2010-ൽ ജ്ഞാനപീഠപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയപ്പോൾ കേരളം ഒന്നടങ്കം ആഹ്ലാദിക്കുകയും അഭിമാനിക്കുകയും ചെയ്തു. ഒരു മികച്ച ഗാനരചയിതാവ് എന്ന നിലയിൽ നേടിയെടുത്ത ജനപ്രീതിയായിരുന്നു ഇതിനുപിന്നിൽ. പുരസ്കാരലബ്ധിക്കുശേഷം ഒ.എൻ.വി എന്ന വ്യക്തിയെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകൾ, ഗാനങ്ങൾ എന്നിവയെക്കുറിച്ചും സുഹൃത്തുക്കളും നിരൂപകരും ആരാധകരും ശിഷ്യരും നടത്തിയ പഠനങ്ങളും പ്രസംഗങ്ങളും സ്മരണകളും അടങ്ങുന്ന 53 ലേഖനങ്ങളാണ് കെ. ബി. ശെൽവമണി എഡിറ്റുചെയ്ത ഈ കൃതിയിലുള്ളത്.

1946-ൽ 'മുന്നോട്ട്' എന്ന കവിതാശകലവുമായി സാഹിത്യരംഗത്തേക്ക് കാൽവെച്ച ഒ.എൻ.വി അത്ഭുതകരമാംവിധം കുറഞ്ഞ കാലയളവിനുള്ളിൽത്തന്നെ നിരൂപകശ്രേഷ്ഠരുടെ ആദരം പിടിച്ചുപറ്റിയതായി കാണുന്നു. 'ഒരു ജന്മം കൊണ്ട് സാധിക്കേണ്ടതെല്ലാം സാധിച്ചയാൾ' എന്ന് മുണ്ടശ്ശേരി അഭിപ്രായപ്പെടുമ്പോൾ ഒ.എൻ.വിക്ക് 25 വയസ്സേ പ്രായമുണ്ടായിരുന്നുള്ളൂ. ഈ പ്രശംസ ലേഖകരെല്ലാം കൊണ്ടാടുന്നുണ്ടെങ്കിലും ആ ചെറുപ്രായത്തിൽ അദ്ദേഹം അതർഹിച്ചിരുന്നോ എന്ന് നമുക്കു സംശയമുണ്ടാകും. കവിയുടെ മാസ്റ്റർപീസുകളായ ഉജ്ജയിനി, സ്വയംവരം, മൃഗയ, ഭൂമിക്ക് ഒരു ചരമഗീതം, കോതമ്പുമണികൾ എന്നിവയെല്ലാം അപ്പോൾ ഭാവിയിൽ കാൽനൂറ്റാണ്ടിനപ്പുറമായിരുന്നു. മാത്രവുമല്ല, ചലച്ചിത്രഗാനരംഗത്തേക്ക് അദ്ദേഹം അന്ന് കാലുകുത്തിയിട്ടുമില്ല. എന്നിട്ടും വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുന്ന മുണ്ടശ്ശേരി എന്തിനിങ്ങനെയൊരു വൃഥാപ്രശംസ നടത്തി എന്ന സംശയം ഈ പുസ്തകം അവശേഷിപ്പിക്കുന്നു. അടുത്ത തലമുറക്കാരായ സുകുമാർ അഴീക്കോടിനോ എം. കൃഷ്ണൻ നായർക്കോ സംശയലേശമെന്യേ അതു പറയാവുന്നതുമാണ്, കാരണം എൺപതുകളായപ്പോഴേക്കും മലയാളസാഹിത്യത്തിൽ ഒ.എൻ.വി എന്ന മൂന്നക്ഷരങ്ങൾ സമാനതകളില്ലാത്ത ആചാര്യരൂപമായി വളർന്നുകഴിഞ്ഞിരുന്നു. 'സാഹിത്യത്തിൽ അടിസ്ഥാനപരമായി കവിതയേയുള്ളൂ. നോവൽ, ചെറുകഥ, മഹാകാവ്യം ഇതെല്ലം ബാഹ്യരൂപങ്ങളാണ്. കവിതയിൽ ഏറ്റവും പ്രാധാന്യമുള്ളത് സർഗ്ഗാത്മക പ്രതിഭയ്ക്കാണ്. കവിതയെ ഭാവാത്മകത്വം കൊണ്ട് സമ്പന്നമാക്കിയ കവിയാണ് ഒ.എൻ.വി. കേരളീയർക്ക് എന്നും അദ്ദേഹത്തോട് കൃതജ്ഞതയാണ് വേണ്ടത്' എന്ന് എം. കൃഷ്ണൻ നായർ പറഞ്ഞുവെക്കുകയും ചെയ്യുന്നു.

കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരകനായിട്ടാണ് ഒ.എൻ.വി തന്റെ ആദ്യകാലങ്ങൾ കഴിച്ചുകൂട്ടിയത്. കെ.പി.ഏ.സിയുടെ നാടകങ്ങളിൽ അദ്ദേഹം എഴുതി ദേവരാജൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആസ്വാദകരെ ഒന്നടങ്കം കീഴ്‌പ്പെടുത്തി. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ തെരഞ്ഞെടുപ്പു വിജയത്തിലും ഈ രാഷ്ട്രീയനാടകങ്ങൾ വഹിച്ച പങ്ക് നിസ്സാരമായിരുന്നില്ല. താൻ വിശ്വസിച്ചുപോന്ന പ്രത്യയശാസ്ത്രത്തിന്റെ പ്രചാരണത്തിനായി തന്റെ കാവ്യഭാവനയെ കടിഞ്ഞാണയച്ചുവിടാൻ ഒ.എൻ.വി തയ്യാറായി. പൂക്കളും പുല്ലാങ്കുഴലും പ്രകൃതിസൗന്ദര്യവും മറികടന്ന് ആ കവിതയുടെ സങ്കേതങ്ങൾ അരിവാളും ചോരയുമായി മാറി. എന്നാൽ 1962-ലെ ചൈനീസ് ആക്രമണവും തുടർന്ന് പാർട്ടിയിലുണ്ടായ പിളർപ്പും അദ്ദേഹത്തെ അൽപ്പംകൂടി യാഥാസ്ഥിതികമായ വഴിയിലേക്ക് തിരിച്ചുവിടുകയാണുണ്ടായത്. ഔദ്യോഗികമായി സർക്കാർ ലാവണത്തിലെ അദ്ധ്യാപകപദവി വഹിക്കുമ്പോൾ പ്രത്യക്ഷരാഷ്ട്രീയം പാടില്ലെന്ന നിബന്ധനകളും അതിനു പ്രചോദനമായിട്ടുണ്ടാകാം. എങ്കിലും ഛന്ദസ്സംസ്കൃതഭാഷയിലെ സരളത രചനയുടെ മുഖസൗന്ദര്യമായി വർത്തിക്കുമ്പോൾത്തന്നെ അതിൽ ജീവിതത്തിന്റെ തനിപ്പച്ചയായ അവസ്ഥകൾ തുന്നിച്ചേർത്തു. അധീശത്വത്തിനെതിരെയുള്ള ആഹ്വാനം വള്ളത്തോളിനുശേഷം ഒ.എൻ.വിയിലാണ് കാണുന്നതെന്ന് എം. ലീലാവതി നിരീക്ഷിക്കുമ്പോഴും, തന്റെ സോവിയറ്റ് യൂണിയൻ സന്ദർശനങ്ങളിൽപ്പോലും പ്രത്യയശാസ്ത്രത്തിലെ പുഴുക്കുത്തുകളോ അതിന്റെ കാൽച്ചുവട്ടിലെ മണ്ണൊലിച്ചുപോകുന്നതോ അദ്ദേഹത്തിന് കാണാനായില്ല. റഷ്യയിലെ അപചയത്തിനുകാരണം യുവതലമുറ അമേരിക്കൻ ഫാഷൻ അനുകരിക്കുന്നതും അവരുടെയിടയിൽ കൂടുതലായി കാണുന്ന ലിവിങ് ടുഗെതർ പോലുള്ള ലൈംഗിക അരാജകത്വവുമാണെന്നാണ് കവി കണ്ടെത്തുന്നത്!

ഇടതുപക്ഷചായ്‌വുള്ള കവി എന്ന വർഗ്ഗീകരണത്തിനുള്ളിൽ നിൽക്കുമ്പോഴും വ്യതിരിക്തമായ കാവ്യ-ജീവിതശൈലികളാണ് ഒ.എൻ.വിയുടേത്. സംസ്കൃതഭാഷയുടെ വളരെ പ്രകടമായ സ്വാധീനം ആ പദശേഖരത്തിൽ തെളിഞ്ഞുകാണാമെങ്കിലും ആഢ്യപാരമ്പര്യത്തിന്റെ സംസ്കൃതരൂപമല്ല, മറിച്ച് നാട്ടുമൊഴിയുടെ ശ്രുതിമധുരിമയാണ് കവി നാടകഗാനങ്ങളിൽ ഏറെയും സ്വീകരിക്കുന്നത്. എന്നാൽ ചലച്ചിത്രഗാനങ്ങളിൽ അദ്ദേഹം അല്പംകൂടി കടുപ്പമുള്ള ഭാഷ ഉപയോഗിക്കുന്നു. 'ശരദിന്ദു മലർദീപനാളം നീട്ടി' എന്ന ഗാനത്തിലെ ആദ്യപദം 'ശരബിന്ദു' എന്നുച്ചരിക്കുന്നവർ നിരവധിയാണ്. മറ്റൊരാൾ ചൂണ്ടിക്കാണിച്ചുതരുന്നതുവരെ ഈയുള്ളവനും അങ്ങനെയാണ് കരുതിയിരുന്നതെന്നൊരു കുമ്പസാരവും ഇവിടെ നടത്തിക്കൊള്ളട്ടെ. അതുപോലെതന്നെ കഠിനമാണ് 'വിശ്ലഥമാം തന്ത്രികളും', രാവിൽ ശീതാംശുവിനോടൊത്തു ചേരലും'. എങ്കിലും അവയിലൊക്കെ സംഗീതം എത്ര മധുരമായാണ് ഉൾച്ചേർന്നിട്ടുള്ളത്! അതേസമയം തന്നെ സഭയിൽ ചൊല്ലാനാവാത്ത ഒരു വരിയോ വാക്കോ പോലുമോ ആ ഗാനശേഖരത്തിലെവിടെയും ഇല്ല. സ്വസ്ഥമായ കുടുംബജീവിതം സൃഷ്ടിക്ക് തടസ്സമാണെന്ന തെറ്റിദ്ധാരണ ഒ.എൻ.വി നീക്കുന്നതോടൊപ്പം അതില്ലാത്തത് അവരുടെ തന്നെ കയ്യിലിരുപ്പുകൊണ്ടാണെന്നും ഒരഭിമുഖത്തിൽ പ്രസ്താവിച്ചുകാണുന്നു. അർദ്ധരാത്രിയിൽ ഉറക്കമൊഴിഞ്ഞ് എഴുതിയാലേ കവിതയുണ്ടാവൂ എന്നും മദ്യലഹരിയിൽ ആറാടി ചുണ്ടത്ത് എരിയുന്ന ബീഡിയും തോളിലൊരു സഞ്ചിയുമായി അലങ്കോലമായ വേഷത്തിൽ നടക്കുന്നവനാണ് സാഹിത്യകാരൻ എന്നുമുള്ള വികലധാരണകളെ ഒ.എൻ.വി പടിക്കുപുറത്താക്കുന്നു.

ലേഖകരെല്ലാംതന്നെ പ്രതിപാദ്യവിഷയത്തിൽ കേന്ദ്രീകരിക്കുകയും തങ്ങളുടെ ഭാഗം വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്നതിനാൽ പ്രസാദാത്മകമായ ഒരു വായനാനുഭവം ഈ കൃതി നൽകുന്നു. ഗഹനമായ ആശയങ്ങൾ ലളിതമായ വാക്കുകളിലും നേരെ തിരിച്ചും പ്രകടിപ്പിക്കുന്ന ലേഖനങ്ങൾ ഇതിൽ കാണാം. ഡി. ബെഞ്ചമിൻ പ്രതിപാദിക്കുന്ന 'ദുഃഖത്തിന്റെ നിദാഘം', 'തർഷിതാത്മാവായ മാനവികത', 'ദൗരന്തികബോധം' എന്നിവയൊക്കെ വായനക്കാരിൽ ആദരവിനുപകരം പരിഹാസച്ചിരിയാണ് ഉണർത്തുന്നത്. 400 പേജുകളുള്ള ഈ പുസ്തകത്തിൽ പൂർണമായും പ്രശംസാത്മകമായ ഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കുറച്ചൊക്കെ വിമർശനാത്മകമായ ഒന്നോ രണ്ടോ ലേഖനങ്ങൾ കൂടി ചേർക്കാമായിരുന്നു. സൂക്ഷിച്ചുനോക്കിയാൽ ചില കളങ്കങ്ങൾ കണ്ടുപിടിക്കാനാവുമെങ്കിലും സൂര്യതേജസ്സിന്റെ ഉജ്വലതക്ക് അതു മങ്ങലേൽപ്പിക്കുമോ?

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'ONV - Padanam, Sambhashanam, Orma', edited by K B Selvamani
Olive Publications, 2012 (First)
ISBN: 9789381788448
Pages: 401