Tuesday, April 30, 2013

പറയൂ ഞാനൊരു സുന്ദരി എന്ന്.....

റഫീക്ക് അഹമ്മദ്
ഒരു ഗാനം മനസ്സിൽ കടന്നുകൂടുന്നത് എത്ര അപ്രതീക്ഷിതമായാണ്! പുതിയ പാട്ടുകൾ പലപ്പോഴും ഒരു സോഷ്യൽ ഗാതറിങ്ങിൽ മാത്രമേ കേൾക്കാറുള്ളൂ. എന്റെ സ്വന്തം ഗാനശേഖരം വയലാർ മരിച്ച വിവരം പോലും അറിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച വാഹനം സർവീസിനു കൊടുത്തതിനുശേഷം അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാൻ ആനവണ്ടിക്കു കാത്തുനിന്നു. നഷ്ടം നികത്താനായിരിക്കണം എല്ലാറ്റിനേയും 'സ്റ്റോപ്പ്‌ ലിമിറ്റഡ്' ആക്കി മാറ്റിയിരിക്കുന്നു. അത് നമ്മുടെ സ്റ്റോപ്പിൽ നിർത്തുകയുമില്ല. ഏറെ നേരം നിന്ന് കാലുകഴച്ചപ്പോഴാണ് ഒരു ലോ-ഫ്ലോർ അതുവഴി വന്നത്. കഴുത്തറുപ്പൻ റേറ്റായതുകൊണ്ട് അത് എവിടെയും നിർത്തും. നിവൃത്തിയില്ലാത്തതുകൊണ്ട് കയറി. ആവശ്യത്തിന് സീറ്റുകൾ ഒഴിവുണ്ട്, കൂടാതെ തണുപ്പും പാട്ടും. തരക്കേടില്ലെന്നു തോന്നി. വണ്ടി നീങ്ങിയതും ബസ്സിൽ മുഴങ്ങിയ പാട്ടാണ് 'പറയൂ ഞാനൊരു സുന്ദരി എന്ന്...' എന്നത്. തട്ടുപൊളിപ്പൻ സംഗീതം.

വോൾവോ ബസ്സുകളിൽ അതിന്റെ പുറകുവശത്തേക്ക് തിരിച്ചുവെച്ചിട്ടുള്ള രണ്ടു സീറ്റുകൾ മുൻഭാഗത്തുണ്ട്. സാധാരണഗതിയിൽ ആരും അതിലിരിക്കാൻ മടിക്കും. ബസ്സിലുള്ള ജനത്തിനു മുഴുവൻ മുഖംകൊടുത്തുള്ള ഇരിപ്പ് സഭാകമ്പമുള്ള ആരും ഒഴിവാക്കും. ഇവിടെ നന്നായി അണിഞ്ഞൊരുങ്ങിയ ഒരു 35 തോന്നിക്കുന്ന സുന്ദരി വേറെ സീറ്റില്ലാത്തതുകൊണ്ട് അവിടെ ഇരിക്കുന്നുണ്ട്‌. ബസ്സിലെ ബാക്കി പുരുഷന്മാരെല്ലാം പാട്ടിൽ ഹരം പിടിച്ച്  'പ്രത്യേകിച്ച് പറയാനുണ്ടോ, നീയൊരു സുന്ദരി തന്നെ' എന്ന മനോഭാവത്തോടെ അവരെ തുറിച്ചുനോക്കുന്നു. ഗത്യന്തരമില്ലാതെ അവൾ പുറത്തെ കാഴ്ചകളും നോക്കി നിർവികാരതയോടെ ഇരുന്നു. നല്ല ആംബിയൻസ് ആയി തോന്നി.

പിന്നീട് വീട്ടിൽവന്ന് നെറ്റിൽ പരതിനോക്കിയപ്പോഴാണ് ആ ഗാനം 'ലക്കി സ്റ്റാർ' എന്ന ചിത്രത്തിലേതാണെന്ന് മനസ്സിലായത്. വരികൾ പരിശോധിക്കുമ്പോൾ ഒരു ഇരുത്തം വന്ന രചയിതാവിന്റെ കൃതിയാണെന്നു തോന്നിച്ചു. പ്രത്യേകിച്ചും ആ 'കിനാവിനോടൊരു കടം പറഞ്ഞേനെ' എന്ന പ്രയോഗം ഹൃദ്യമായി തോന്നി. വെറും ഒരു ഐറ്റം നമ്പറിനു വേണ്ടി എഴുതിയ പാട്ടിൽപോലും കാമ്പുള്ള വരികൾ നിരത്തിയ കവി ആരെന്നുള്ള അന്വേഷണം റഫീക്ക് അഹമ്മദിലാണ് ചെന്നുനിന്നത്. അത്ഭുതവും ആഹ്ലാദവും തോന്നി. മുൻപെപ്പൊഴെല്ലാം ഇത്തരം അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അത് തിരഞ്ഞുചെന്നത് വയലാറിന്റെയോ തമ്പിയുടെയോ ഒ.എൻ.വിയുടെയോ തൂലികത്തുമ്പിലായിരുന്നു. ഈയിടെയായി വളരെ ശ്രദ്ധിക്കപ്പെടുന്ന അഹമ്മദ് ആ ശ്രേണിയിലേക്ക് അധികം വൈകാതെ കടന്നിരിക്കുമോ?

തനിക്കുവേണ്ടി ഒരു സിംഹാസനമാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും ഒന്നു മനസ്സുവെച്ചാൽ അതിൽ അർഹതയോടെ തന്നെ ചെന്നിരിക്കാൻ കഴിയുമെന്നും ഉറച്ച ബോധ്യം അഹമ്മദിനുണ്ടെങ്കിൽ മലയാളഗാനരംഗത്ത് ഒരു നവവസന്തം വിരിയിക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ചതിക്കുഴികളും പ്രലോഭനങ്ങളും നിറഞ്ഞ ചലച്ചിത്രവീഥിയിൽ ഇടയ്ക്കുവെച്ച് ആ പ്രതിഭയ്ക്ക് കാലിടറാതിരിക്കട്ടെ.

Thursday, April 11, 2013

ആദ്യം കാലുകുത്തിയ വിദേശി

വാസ്‌കോ ഡാ ഗാമ (1460 - 1524)
കേരളത്തിൽ ആദ്യമായി കാലുകുത്തിയ പോർച്ചുഗീസ് നാവികൻ ആരാണ്? വാസ്‌കോ ഡാ ഗാമ എന്ന ഉത്തരം ലഭിക്കാൻ വലിയ താമസമൊന്നും വേണ്ടിവരില്ല. അദ്ദേഹം കപ്പലിറങ്ങിയ സ്ഥലവും കാണാൻ സാധിക്കും - കോഴിക്കോടിനടുത്ത് കാപ്പാട്. 500 വർഷങ്ങൾക്കുമുൻപ് നടന്ന ആ കാലുകുത്തലുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ.

1497 ജൂലൈ 7 ന്  പോർച്ചുഗലിൽനിന്ന് മൂന്നു കപ്പലുകളുമായി പുറപ്പെട്ട ഗാമയും 117  സംഘാംഗങ്ങളും 1498 ഏപ്രിൽ 15 ന് കിഴക്കനാഫ്രിക്കയിലെ മാലിന്ദി എന്ന തുറമുഖത്തെത്തി. മുൻപ് കണ്ടുമുട്ടിയ ഗോത്രവർഗക്കാരുമായെല്ലാം അടിവെച്ചുപിരിഞ്ഞ ഗാമ ഇവിടെയും തനിസ്വഭാവം പുറത്തെടുത്തു. ഇന്ത്യയിലേക്ക് പോകാൻ പരിചയസമ്പന്നനായ ഒരു വഴികാട്ടിയെയാണ് ആവശ്യപ്പെട്ടത്. നാടുവാഴിയുടെ ഒരു വിശ്വസ്തസേവകനെ തടവിലാക്കിക്കൊണ്ട് ഗാമ തന്റെ ആവശ്യം നേടിയെടുത്തു. അറബിക്കടലിനുകുറുകെ നീങ്ങിയ സംഘം മെയ്‌ 18 ന് കര കാണുകയും 20 ന് ഞായറാഴ്ച കോഴിക്കോടിനും പന്തലായിനിക്കും മദ്ധ്യേ നങ്കൂരമിട്ടു. ചെറുവഞ്ചികൾ കപ്പലിനെ സമീപിച്ച് കരയിലേക്കുവരാൻ നാവികരോട് അഭ്യർഥിച്ചു.

കുടിക്കുന്ന വെള്ളത്തെപ്പോലും അവിശ്വസിച്ചിരുന്ന ഗാമ പെട്ടെന്ന് അതിനു തയ്യാറായില്ല. സംശയാലുവായ അദ്ദേഹം കുറെ കുറ്റവാളികളെയും നൌകയിൽ കൊണ്ടുവന്നിരുന്നു. സ്വാതന്ത്ര്യം വാഗ്ദാനം ചെയ്ത് അപകടകരമായ ദൌത്യങ്ങൾ ഏൽപ്പിക്കാനായിരുന്നു അവരെ കൂടെ കൂട്ടിയിരുന്നത്. ചതിപ്രയോഗം സംശയിച്ചിരുന്ന ഗാമ ജോവോ നൂനെസ് എന്ന ഒരു മുൻകുറ്റവാളിയെയാണ് മെയ്‌ 21 ന് ആദ്യമായി കരയിലിറങ്ങാൻ നിയോഗിച്ചത്. അയാൾ അങ്ങനെ ചരിത്രത്തിലേക്ക് നടന്നിറങ്ങി. ഒരാഴ്ച കൂടി കഴിഞ്ഞ്‌ സാമൂതിരി നിർബന്ധമായും ഗാമയെ കാണണമെന്നാവശ്യപ്പെട്ടപ്പോഴാണ് മെയ്‌ 28 ന് അദ്ദേഹം കരയിലെത്തുന്നത്.

സാമൂതിരിയും കേരളത്തിലെ ജനങ്ങളും വഴിതിരിഞ്ഞുപോയ ക്രിസ്തീയ ജനതയാണെന്നാണ് പോർച്ചുഗീസുകാർ കരുതിയത്‌. ക്ഷേത്രസന്ദർശനവും അവിടത്തെ വിഗ്രഹങ്ങളും ആരാധനാരീതികളുമൊന്നും ആ ധാരണ തിരുത്താൻ സഹായിച്ചില്ല എന്നതാണ് അത്ഭുതം. ഗാമ പോർച്ചുഗലിൽ തിരിച്ചെത്തിയതിനുശേഷം അയക്കപ്പെട്ട പെഡ്രോ അൽവാരെസ് കബ്രാളിന്റെ ദൌത്യവും ഈ ക്രിസ്തീയരാജാവിന് സഹായം ചെയ്ത് ഒട്ടോമൻ-മാമലൂക് സുൽത്താൻമാർക്കെതിരായ യുദ്ധത്തിൽ അവരെ പങ്കാളികളാക്കാം എന്നതായിരുന്നു. സാമൂതിരിയും ഗാമയും സംസാരിച്ചത് അവരവരുടെ ഭാഷകളിലായിരുന്നെങ്കിലും മാധ്യമമായി വർത്തിച്ചത്  അറബി ഭാഷയായിരുന്നു. രാജസദസ്സിലെ മുസ്ലിം സ്വാധീനം ഗാമ എതിർക്കുകയും അടികലശലിൽ എത്തുകയും ചെയ്തു. കോഴിക്കോടുള്ള ചില പ്രമുഖരെ തടവുകാരായി പോർച്ചുഗലിലേക്ക് കൊണ്ടുപോയി.

അതുകൊണ്ട് ആദ്യം കാലുകുത്തിയ പോർച്ചുഗീസുകാരൻ ആര് എന്നു ചോദിച്ചാൽ എന്തു പറയും? കൃഷ്ണരാജസാഗര അണക്കെട്ട് നിർമിച്ചത് സർ വിശ്വേശ്വരയ്യ ആണ് എന്നു പറയുന്ന അർത്ഥത്തിൽ ഗാമയാണ് എന്നു പറയാം. അല്ലെങ്കിൽ ജോവോ നൂനെസിനെ മറക്കരുത്.