Monday, February 25, 2019

ഭീകരതയുടെ ദൈവശാസ്ത്രം

അല്പം പഴയതെങ്കിലും കാലികപ്രസക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പുസ്തകമാണ് പ്രമുഖ സാമൂഹികചിന്തകനായ ശ്രീ. ഹമീദ് ചേന്നമംഗലൂരിന്റെ ഈ കൃതി. പാശ്ചാത്യശക്തികളുടെ ശക്തമായ തിരിച്ചടികളെ തുടർന്ന് ഭീകരതയുടെ പത്തി അല്പം താഴ്‌ന്നുതുടങ്ങിയ ഈ 2019-ലും അതിന്റെ നിലനിൽപ്പിനാധാരമായ പ്രത്യയശാസ്ത്രത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്ന ഈ ഗ്രന്ഥം ചിലരുടെയെങ്കിലും കണ്ണുതുറപ്പിക്കുമെന്നു തീർച്ച. ഭീകരതയുടെ പ്രജനനകാരണങ്ങൾ നിരവധി നിരത്താനുണ്ട് - ദാരിദ്ര്യം, തൊഴിലില്ലായ്മ, അനീതി, അടിച്ചമർത്തൽ, വിവേചനം - അങ്ങനെയങ്ങനെ. പക്ഷേ അതിനെല്ലാം ഇരയാകുന്നവർ എല്ലാ മതങ്ങളിലും പെട്ടവരാണെങ്കിലും ഭീകരർ മുളച്ചുപൊന്തുന്നത് ഒരു പ്രത്യേക മതത്തിൽ മാത്രമാവുന്നത് എന്തുകൊണ്ട് എന്ന ചോദ്യം വളരെ പ്രസക്തവും എന്നാൽ ബുദ്ധിജീവികൾ പൊതുവേ ഒഴിവാക്കുന്നതുമാണ്. ഈ ചോദ്യത്തിന് ഹമീദ് ചേന്നമംഗലൂരും ഉത്തരം തരുന്നില്ല, പകരം അദ്ദേഹം ചെയ്യുന്നത് മറ്റു മതങ്ങളിലും ഭീകരസംഘടനകൾ നിലനിൽക്കുന്നു എന്നു സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിൽ ആർഎസ്എസ്, ഇസ്രയേലിൽ പേരുപോലും കേട്ടിട്ടില്ലാത്ത ഒരു ജൂത സംഘടന - ഇതെല്ലാം ഭീകര പ്രസ്ഥാനങ്ങൾ ആണത്രേ. ഇവരെല്ലാം അരയിൽ ബോംബും വെച്ചുകെട്ടി സ്ത്രീകളും കുട്ടികളും തിങ്ങിനിറഞ്ഞ തെരുവീഥികളിൽ സ്വയം പൊട്ടിത്തെറിക്കാറുണ്ടോ എന്ന ചോദ്യം സ്വയം ചോദിക്കാൻ അദ്ദേഹം മെനക്കെടുന്നില്ല.

എന്നിരിക്കിലും അക്രമത്തിലേക്ക് നയിക്കുന്ന പ്രവണതയുടെ ഉൽഭവം കൃത്യമായി കണ്ടെത്താൻ ഗ്രന്ഥകാരനു സാധിക്കുന്നുണ്ട്. ജിഹാദ് എന്ന വിശുദ്ധ യുദ്ധം ആത്മീയമായി മാത്രമോ, ഭൗതികമായിട്ടാണെങ്കിൽ സ്വയം പ്രതിരോധത്തിനോ മാത്രമേ ഉപയോഗിക്കാവൂ എന്ന ഇസ്ലാമികതത്വത്തെ ഇരുപതാം നൂറ്റാണ്ടിലെ പുനരുദ്ധാനവാദികളായ ജമാ അത്തെ ഇസ്ലാമിയുടെ അബുൽ ആലാ മൗദൂദി, ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡിലെ ഹസനുൽ ബന്ന, സയ്യിദ് ഖുത്തബ് എന്നിവർ തെറ്റായി വ്യാഖ്യാനിച്ചു പ്രചരിപ്പിച്ചതാണ് ഇസ്ലാമിസത്തിന്റെ വളർച്ചയ്ക്കു കാരണം. മുസ്ലിമിന്റെ വിശ്വാസം മാത്രം ശരിയും, ഹിന്ദുവിന്റേയും, ക്രിസ്ത്യാനിയുടേയും, പാർസിയുടേയും ശിഖന്റേയും വിശ്വാസം തെറ്റുമാണെന്ന ശരാശരി മുസ്ലിം ധാരണ തിരുത്തപ്പെടേണ്ടതുണ്ട് എന്നദ്ദേഹം ഉറക്കെ പ്രഖ്യാപിക്കുന്നു (പേജ് 58). ഇത്തരം സ്വമതശ്രേഷ്ഠബോധം, മതാടിസ്ഥാനത്തിലുള്ള സ്വത്വരൂപവൽക്കരണം, ഇസ്ലാമിന്റെ രാഷ്ട്രീയവൽക്കരണം എന്നിവ ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്.

കേരളത്തിലേക്ക് കടന്നു ചിന്തിക്കുമ്പോൾ എൺപതുകളുടെ തുടക്കംമുതൽ ഇവിടേക്ക് ഒഴുകിയെത്തിയ വൻതോതിലുള്ള വിദേശസമ്പത്ത് ഇസ്ലാമിക വർഗീയവാദത്തിന് വളമേകി എന്ന് ലേഖകൻ കണ്ടെത്തുന്നു. പല സാംസ്കാരികപ്രവർത്തകരും ഇതുചൂണ്ടിക്കാട്ടുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. വൻകിട സാമ്പത്തികസാമ്രാജ്യങ്ങൾ ഉള്ള മതസംഘങ്ങളുടെ അപ്രീതി സമ്പാദിച്ചുകൊണ്ട് മതാത്മകപ്രതിലോമതയെ എതിർക്കുന്നതിനു പകരം സാമ്രാജ്യങ്ങളുടെ ഗുണഭോക്താക്കൾ ആകുന്നതാണ് ബുദ്ധി എന്ന ചിന്ത മുസ്ലിങ്ങളായ സാംസ്കാരിക പ്രവർത്തകരിൽ കണ്ടുവരുന്നു എന്ന് ഈ പുസ്തകം കുറ്റപ്പെടുത്തുന്നു. ഈ വർഗീയത പലയിടങ്ങളിലും സംഘർഷത്തിലേക്കും, മതനിയമങ്ങൾ അന്ധമായി അനുസരിക്കുന്നതിലേക്കും നയിക്കുന്നു. മലയാളസാഹിത്യത്തിൽ ഒരു മഹനീയസ്ഥാനമാണ് ശ്രീ വൈക്കം മുഹമ്മദ് ബഷീറിനുള്ളതെങ്കിലും കേരളത്തിൽ ഒരിടത്തും അദ്ദേഹത്തിന്റെ ഒരു പ്രതിമ പോലും സ്ഥാപിക്കപ്പെടാതെ പോയത് ജീവനുള്ള എന്തിന്റെയെങ്കിലും പ്രതിമകൾ സ്ഥാപിക്കരുത് എന്ന ഇസ്ലാമികനിയമം ലംഘിക്കാൻ അതിന്റെ വിശ്വാസികൾ തയ്യാറാകാത്തതുകൊണ്ടാണ്. മാത്രവുമല്ല, ഗൾഫ് പണത്തിന്റെ ഹുങ്കിൽ മനംമയങ്ങി 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന മട്ടിലുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ അവർ പടച്ചുവിടുന്നു. 'മുസ്ലിം വൃക്ക ആവശ്യമുണ്ട്' എന്ന ഒരു പരസ്യം മാധ്യമം ദിനപത്രത്തിൽ 1998 ആഗസ്റ്റ് 20-ന് പ്രത്യക്ഷപ്പെട്ടു എന്ന വാർത്ത നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

മതനിരപേക്ഷതയെ ഉയർത്തിപ്പിടിക്കേണ്ട ഇടതുപക്ഷകക്ഷികൾ മുസ്ലിം വർഗീയവാദികളുടെ അരമനകൾ നിരങ്ങി അവരുടെ കാലുതിരുമ്മുന്ന നെറികെട്ട രാഷ്ട്രീയസംസ്കാരത്തിനു നേരെ ഗ്രന്ഥകർത്താവ് രോഷം കൊള്ളുന്നു. മുസ്ലിം സമൂഹത്തിൽ മതനിരപേക്ഷമായി ചിന്തിക്കുന്നവരെ കാണാതെ വോട്ടുബാങ്കിനു പുറകെ പായുന്നതിൽ ഇരുമുന്നണികളും ആരുടെയും പിന്നിലല്ല. കേരളത്തിൽ മുസ്ലിംലീഗ് എന്ന കക്ഷിയുടെ ശക്തമായ സാന്നിധ്യം കാരണമാണ് തീവ്രവാദികൾക്ക് നിലയുറപ്പിക്കാൻ സാധിക്കാതെ പോകുന്നതെന്നും അവരെ തകർക്കാനാണ് ഇത്തരം ക്ഷുദ്രപ്രസ്ഥാനങ്ങൾ ഇടതുമുന്നണിയുടെ സഹായം തേടുന്നതെന്നും ചേന്നമംഗലൂർ രേഖപ്പെടുത്തുന്നു. ഇക്കൂട്ടർക്ക് ശരിക്കും പായവിരിച്ചു കൊടുക്കുന്ന സമീപനമാണ് ഇടതുമുന്നണിയും കൈക്കൊള്ളുന്നത്. പലസ്തീനിലെ തീവ്രമതമൗലിക പ്രസ്ഥാനമായ ഹമാസിന്റെ സാരഥിയായിരുന്ന ഷെയ്ക്ക് അഹമ്മദ് യാസീന്റെ ചിത്രം പ്രദർശിപ്പിച്ചാണ് സിപിഎം 2004-ൽ വോട്ട് തേടിയതെന്നത് അവസരവാദത്തിന്റേയും തീവ്രവാദപ്രീണനത്തിന്റേയും നഗ്നമായ ഉദാഹരണങ്ങളാണ്.

12 വർഷം മുൻപ് എഴുതപ്പെട്ട ഈ പുസ്തകത്തിൽ കാലാനുസൃതമായ ചില മിനുക്കുപണികളൊക്കെ ആവശ്യമുണ്ടെന്ന് വായനക്കാർ ധരിക്കുന്നു. അനായാസമായി വായിച്ചുപോകാവുന്ന ഒരു ശൈലിയല്ല ഈ പുസ്തകത്തിലുള്ളത്. വിശാലമായ വായനയെ ലളിതമല്ലാത്ത പദാവലിയിലൂടെ അവതരിപ്പിക്കുമ്പോൾ അത് പലരുടെയും തലക്കുമുകളിലൂടെ പോകുന്നതായി കാണപ്പെടുന്നുണ്ട്. വിമർശനത്തെ നേരിടാൻ ഒരു പ്രമാണപുരുഷന്റെ അഭിപ്രായത്തെ അന്ധമായി ആശ്രയിക്കുന്ന തെറ്റായ പ്രവണതയും ഒരിടത്ത് കാണുന്നു. "സംശയമുള്ളവർ ഫ്രെഡറിക് ഗ്രെയർ എഴുതിയ പുസ്തകത്തിന്റെ നാലാം അധ്യായം വായിക്കുക" (പേജ് 105) എന്ന പ്രസ്താവന വസ്തുനിഷ്ഠമായി കാര്യങ്ങൾ വിലയിരുത്തുന്ന ഒരു പണ്ഡിതനു യോജിച്ചതല്ല. ഗ്രെയർക്ക് തെറ്റാവരമൊന്നും ലഭിച്ചിട്ടില്ലല്ലോ!

പുസ്തകം ശുപാർശചെയ്യുന്നു.


Book Review of 'Bheekarathayude Daivashasthram' by Hameed Chennamangaloor
ISBN: 9788126414215



Tuesday, February 12, 2019

സെക്കുലർ പൊലീസ്


പ്രമുഖ സാഹിത്യകാരനായ ശ്രീ. മലയാറ്റൂർ രാമകൃഷ്ണന്റെ സർവീസ് സ്റ്റോറി ആണെന്നു തോന്നുന്നു വേണ്ടത്ര മസാലയോടെ മലയാളത്തിൽ പ്രചാരം നേടിയ ആദ്യത്തെ തൊഴിൽപരമായ ഓർമ്മക്കുറിപ്പുകൾ. ശ്രീ. സി. പി നായരുടെയും ജസ്റ്റിസ് കെ. ടി. തോമസിന്റേയും കൃതികൾ ഇത്തരുണത്തിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. കേരളം ആകാംക്ഷയോടെ ഇനി കാത്തിരിക്കുന്നത് മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാലാ വൈസ് ചാൻസലറുമായ ശ്രീ. കെ. ജയകുമാറിന്റെ ആത്മ/സർവീസ് കഥയാണ്. എന്തുകൊണ്ടോ അദ്ദേഹം ഈ വിഷയത്തിൽ കാര്യമായ പരിഗണന കൊടുത്തുകാണുന്നുമില്ല. ഐ.പി.എസ് നേടി ഗുജറാത്ത് പൊലീസിലും സിബിഐയിലും ദീർഘകാലം സേവനമനുഷ്ഠിച്ച ശ്രീ. പി. ജി. ജാതവേദൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം.

ഐ.പി.എസ് നേടിയെങ്കിലും ക്രമസമാധാന രംഗത്ത് വളരെ കുറഞ്ഞ പ്രവർത്തിപരിചയമേ ഗ്രന്ഥകാരൻ നേടിയിട്ടുള്ളൂ. പ്രത്യേകിച്ചും പൊതുജനങ്ങളുമായി ഇടപെടുന്ന മേഖലകളിൽ വിരലിലെണ്ണാവുന്ന വർഷങ്ങളുടെ അനുഭവസമ്പത്തു മാത്രമേ അദ്ദേഹത്തിന് കൈവശമുള്ളൂ. ഒട്ടു മിക്ക സമയങ്ങളിലും മേലുദ്യോഗസ്ഥരുടെ ഓഫീസുകളിൽ ഭരണപരമായ ചുമതലകളിലും സി.ബി.ഐ അന്വേഷണ വിഭാഗത്തിലും എല്ലാമായി അദ്ദേഹം സായൂജ്യമടഞ്ഞു. ഭാര്യയുടെ സ്ഥലംമാറ്റമില്ലാത്ത ജോലിയും മക്കളുടെ വിദ്യാഭ്യാസവും മൂലം നമ്പൂതിരി ഇത്തരം പണികളിൽ സ്വയം ഒതുങ്ങിക്കൂടി കാലം കഴിച്ചുകൂട്ടി. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റാൻ ഒരു കീഴ്ജീവനക്കാരൻ അയച്ചുകൊടുത്ത ഏതാനും പെട്ടി മാങ്ങകൾ കയ്യോടെ പിടികൂടുന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തിലെ സ്തോഭജനകമായ ഒരു സംഗതി! സി.ബി.ഐയിലും കേസന്വേഷണവുമായി നേരിട്ട് ബന്ധം വരാത്ത ഭരണചുമതലകൾ ലേഖകൻ തേടി കണ്ടെത്തി. സർവീസിന്റെ അവസാനകാലത്താണ് സിറ്റി പോലീസ് കമ്മീഷണർ, ഡി.ജി.പി എന്നീ തസ്തികകളിൽ മനസ്സില്ലാമനസ്സോടെ അദ്ദേഹത്തിന് സേവനമനുഷ്ഠിക്കേണ്ടി വന്നത്. എന്തായാലും ഒന്ന് ഉറപ്പിച്ചു പറയേണ്ടതുണ്ട് - വായനക്കാർ എന്തു ധരിക്കുമെന്ന ഭയമില്ലാതെ തന്റെ വീഴ്ചകൾ തുറന്നുപറയുന്നതിൽ കാണിക്കുന്ന സത്യസന്ധത.

1998-ൽ വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക ദൂതൻ എന്ന പദവി വഹിക്കവേ സംഭവിച്ച 2002-ലെ ഗുജറാത്ത് കലാപത്തിന്റെ വളരെ ദീർഘമായ വിവരങ്ങളാണ് ഈ കൃതിയെ വേർതിരിച്ചു നിർത്തുന്നത്. ഒരുപക്ഷേ ഈ വിവരണങ്ങൾ ആയിരിക്കാം ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക - പ്രത്യേകിച്ചും ഔദ്യോഗികജീവിതം ഇത്രയധികം നിറമില്ലാത്തതായിരിക്കുമ്പോൾ! ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും കലാപത്തിൽ ഒരു വിഭാഗത്തിനെതിരെ ആസൂത്രിതമായി നീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ നമുക്കിതിൽ വായിക്കാം. എങ്കിലും അക്രമങ്ങളുടെ നാൾവഴിക്കണക്കുകൾ കള്ളികൾ തിരിച്ച് നിരത്തിവെക്കുന്നത് മുറിവുകൾ ഉണങ്ങുന്നതിന് സഹായകമാകുമോ എന്ന് ചിന്തിക്കേണ്ടതാണ്, പ്രത്യേകിച്ചും അതിനുശേഷം വലിയതോതിലുള്ള വർഗീയ കലാപങ്ങൾ ഒന്നും ഗുജറാത്തിൽ സംഭവിച്ചിട്ടില്ല എന്നതോർക്കുമ്പോൾ. കലാപത്തെ വംശഹത്യയെന്നും മറ്റും വിശേഷിപ്പിക്കുന്നത് വസ്തുതകൾക്ക് നിരക്കാത്തതും പ്രക്ഷുബ്ധത സൃഷ്ടിക്കാൻ ബോധപൂർവം മെനഞ്ഞെടുത്തതാണെന്നും തോന്നിപ്പിക്കുന്നു. 36 സ്ത്രീകളും 12 കുട്ടികളുമുൾപ്പെടെ 59 പേരെ തീവണ്ടിയിൽ ജീവനോടെ ചുട്ടെരിച്ചതിനെതുടർന്ന് ആളിപ്പടർന്ന കലാപത്തിൽ രണ്ടായിരത്തോളം മുസ്ലിങ്ങളും 750-ഓളം ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്നാണ് കണക്ക് എന്നിരിക്കെ അത് എങ്ങനെയാണ് വംശഹത്യ ആകുന്നത്? മരണത്തിന്റെ സ്ഥിതിവിവരക്കണക്കുകളിലെ മനുഷ്യത്വമില്ലായ്മ മാറ്റിനിർത്തിക്കൊണ്ട്, ഇനിയൊരിക്കലും രാജ്യത്തെവിടെയും ഇത്തരം കലാപങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

പുസ്തകം തീർത്തും നിരാശാജനകം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അത് പുതിയ തലമുറയ്ക്ക് നൽകുന്ന സന്ദേശം അലസതയുടെയും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറലിന്റേയുമാണ്. ഭാര്യയുടെ ജോലിയും കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ഉത്കർഷേച്ഛ ഇല്ലാത്ത ആളുകൾ ഔദ്യോഗിക കാര്യങ്ങളെക്കാൾ അവയ്ക്ക് പ്രാധാന്യം നൽകി എന്നും വരും. എങ്കിലും വിശാല വീക്ഷണത്തിൽ അണുവോളം ചെറിയ ഇത്തരം ഉൾക്കാഴ്ചകളെ ഒരു സർവീസ് സ്റ്റോറിയിലൂടെ മഹത്വവൽക്കരിക്കുന്ന നടപടി ശരിയല്ല. നമ്പൂതിരിയുടെ പുസ്തകം മാതൃകയാകുന്നത് ഭാവി തലമുറയിലെ ഉഴപ്പന്മാരായ ഉദ്യോഗസ്ഥർക്കു മാത്രമാണ്. 

പുസ്തകം ശുപാർശ ചെയ്യുന്നില്ല

Book Review of 'Secular Police' by P G Jathavedan Namboodiri
ISBN: 9788182649415