Sunday, December 29, 2013

ഭാഷാപഠനം 25 വർഷം

ഭാഷാപഠനം 25 വർഷം കൊണ്ട് എങ്ങനെയൊക്കെയാണ് മാറിപ്പോയത്! കഴിഞ്ഞ ദിവസം എട്ടാം ക്ലാസ്സിലെ മകളുടെ ക്രിസ്തുമസ് പരീക്ഷാ ചോദ്യങ്ങൾ മറിച്ചു നോക്കിയപ്പോഴാണ് ആ മാറ്റം ശ്രദ്ധയിൽ പെട്ടത്. അന്നൊക്കെ ഒന്നോ രണ്ടോ പദ്യങ്ങളിലെ പതിനഞ്ചോ ഇരുപതോ വരികൾ കാണാതെ പഠിച്ച് എഴുതാൻ ഒരു ചോദ്യം എന്തായാലും ഉണ്ടാകും. അതിനുവേണ്ടി തയ്യാറെടുക്കുന്നതിന് കുറെ പദ്യങ്ങൾ ഹൃദിസ്ഥമാക്കി പോകാതെ യാതൊരു നിവൃത്തിയുമില്ല.

പക്ഷേ ഇന്നോ? ഒരു മാതൃകാ ചോദ്യം താഴെ. എട്ടാം ക്ലാസ്സിലെ ചോദ്യമാണെന്നു മറക്കരുത്.

ഓണം 1987

ഒരു ചെടിയും നട്ടു വളർത്തീ-
ലോണപ്പൂവെങ്ങനെ നുള്ളാൻ?
ഒരു വയലും പൂട്ടി വിതച്ചീ-
ലോണച്ചോറെങ്ങനെയുണ്ണാൻ?
ഒരു വാഴക്കന്നും നട്ടീ-
ലോണപ്പഴമെങ്ങനെ തിന്നാൻ?

ഒരു കഴിനൂൽ പോലും നൂറ്റീ-
ലോണത്തുണിയെങ്ങനെയണിയാൻ?
ഒരു രാഗം മൂളിപ്പഴകീ-
ലോണപ്പാട്ടെങ്ങനെ പാടാൻ?
ഒരു കരളിൻ സ്നേഹം പാകീ-
ലോണക്കളിയെന്തു കളിക്കാൻ?
ഉള്ളത്തിൽ കള്ളക്കർക്കിടകം;
എങ്ങനെ പൊന്നോണം പുലരാൻ?
(എൻ. വി. കൃഷ്ണവാരിയർ)


- ആശയം, ആനുകാലിക പ്രസക്തി, താളഭംഗി എന്നിവ പരിഗണിച്ച് ആസ്വാദനം തയ്യാറാക്കുക.

ഗംഭീരചോദ്യം തന്നെ. ഇതിന് എന്താണ് ഉത്തരം എഴുതി വെച്ചിരിക്കുന്നതെന്ന് പേപ്പർ കിട്ടിയാലേ അറിയാനാകൂ!

Saturday, December 28, 2013

ബാലിയിലെ ശൌണ്ടികർ

കേരളത്തിലെ ഈഴവരുടെ ഉത്ഭവത്തെക്കുറിച്ച് എസ്.കെ.പൊറ്റക്കാടിന്റെ തിയറി. 'ബാലി ദ്വീപ്‌' എന്ന പുസ്തകത്തിൽ നിന്ന്
-------------------------------
കേരളത്തിലെ ഈഴവരുടെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായൊരു തിയറി ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല. ഇവർ ഈഴത്തുനാട്ടിൽ നിന്ന് വന്നവരാണെന്ന് ഒരു കൂട്ടർ വിശ്വസിക്കുന്നു. "നമ്മുടെ പണ്ടത്തെ കാരണോന്മാർ ഈഴത്തുനാട്ടീന്ന് വന്നോരാണ്" എന്ന വടക്കൻ പാട്ടിലെ വരികളാണ് ഇതിനാലംബം. ഈഴത്തുനാട് ഉത്തര സിലോണാണെന്നും പറയപ്പെടുന്നു. മലബാറിലെ തീയരും തിരുവിതാംകൂർ-കൊച്ചിയിലെ ഈഴവരും രണ്ടു വർഗക്കാരാണെന്നു വിശ്വസിക്കേണ്ടിയിരിക്കുന്നു - ഇവർ രണ്ടു കാലഘട്ടങ്ങളിലായി കേരളത്തിൽ വന്ന് കുടിയേറിപ്പാർത്തവരാണെന്നും വരാം. മലബാറിലെ തീയരോട്, ബാലിയിലെ - പഴയ ജാവാ ഹിന്ദുക്കൾ തങ്ങളുടെ ആരാധനാസമ്പ്രദായങ്ങളും ജീവിതരീതികളും അങ്ങനെതന്നെ നിലനിർത്താൻ ബാലിദ്വീപിലാണല്ലോ അഭയം പ്രാപിച്ചത് - ചില താഴ്ന്ന വർഗക്കാർക്ക് അത്ഭുതകരമായ സാദൃശ്യം കാണുന്നുണ്ട്. വിശേഷിച്ചും തീയരുടെ പണ്ടത്തെ പ്രധാന തൊഴിലായ തെങ്ങുചെത്തിന്റെ സമ്പ്രദായത്തിൽ. സിലോണിൽ ഇന്നും തെങ്ങുചെത്തുന്നവർ, തെങ്ങുകളിൽ അന്യോന്യം കെട്ടിയ കമ്പയിലൂടെ പിടിച്ചുതൂങ്ങിക്കൊണ്ടാണ് ചെത്താൻ തെങ്ങിന്റെ കുരലിലെത്തുന്നത്. ഈ കമ്പത്തിൻമേൽ കളി കേരളത്തിലൊരിടത്തും ചെത്തുകാർക്കറിഞ്ഞുകൂടാ. സിലോണിൽ നിന്നു വന്നവരാണെങ്കിൽ ഇക്കൂട്ടർ തങ്ങളുടെ പഴയ തൊഴിൽ സമ്പ്രദായം ഇവിടെയും പ്രകടിപ്പിക്കുമായിരുന്നു.

മലബാറിലെ തീയരുടെ പൂർവികർ ഇന്തോനേഷ്യയിൽ നിന്ന് ഇവിടെ വന്നു കുടിയേറിപ്പാർത്തവരാണോ എന്ന കാര്യം ഒന്നു ചിന്തിച്ചുനോക്കേണ്ടിയിരിക്കുന്നു. ഇന്തോനേഷ്യയിൽ ആയിരക്കണക്കിന് ദ്വീപുകളുണ്ട്. അവയിൽ പലതിൽനിന്നും ഇക്കൂട്ടർ സമാനപ്രകൃതിയോടു കൂടിയ ഒരു ഭൂവിഭാഗവും തേടിപ്പുറപ്പെട്ട് കേരളക്കരയിൽ വന്നുപറ്റിയതാവാം - ചിലർ സിലോണിൽ തന്നെ തങ്ങിയിട്ടുമുണ്ടാകാം - അങ്ങനെ സിലോണിൽ തങ്ങിയവരുടെ ചില സന്താനപരമ്പരകൾ കേരളത്തിൽ വന്ന് സ്ഥിരതാമസമാക്കിയെന്നു വിചാരിക്കാനും വഴിയുണ്ട്.

നമ്മുടെ ഭാഷയിൽ ശൌണ്ടികൻ എന്നൊരു വാക്കുണ്ട്. കള്ളുചെത്തുന്നവൻ എന്നാണ് നിഘണ്ടുവിൽ ഈ വാക്കിന് കൊടുത്തിരിക്കുന്ന അർത്ഥം. ശൌണ്ടികൻ എന്ന വാക്കിന്റെ ഉത്ഭവത്തെക്കുറിച്ച് പല സംസ്കൃതപണ്ഡിതൻമാരോടും ഞാൻ അന്വേഷിക്കുകയുണ്ടായി. ഒരാൾക്കും അറിഞ്ഞുകൂടാ. ഇന്തോനേഷ്യയിൽ ശുണ്ടാ എന്നൊരു ദ്വീപുണ്ട്. ഇന്തോനേഷ്യയിൽ ഒരു കോടി ജനങ്ങൾ ശുണ്ടാനീസ് ഭാഷ സംസാരിക്കുന്നുണ്ട്. ശുണ്ടാദ്വീപുകാരനാണ് ശൌണ്ടികൻ. തീയരുടെ പഴയ നാട് ശുണ്ടാദ്വീപാണെന്ന് കരുതാൻ ന്യായമില്ലേ?
----------------------------------------------------------------------
 എന്തു ന്യായമാണ് സാറേ, പേരിലുള്ള യാദൃശ്ചികസാമ്യമല്ലാതെ? ചരിത്രവസ്തുതകൾ കണ്ടെത്തേണ്ടത്‌ പുരാവസ്തുഗവേഷണങ്ങളിലും പ്രാചീന സാഹിത്യത്തിലും ശിലാലിഖിതങ്ങളിലുമൊക്കെയാണ്, അല്ലാതെ ടെലിഫോണ്‍ ഡയറക്ടറിയിലല്ല. 'നൈൽ' എന്നും 'നിള' എന്നും ഇംഗ്ലീഷിൽ എഴുതിയാൽ സാമ്യമുണ്ടെന്നു കരുതി പ്രാചീന ഈജിപ്തുകാരും കേരളീയരും തമ്മിൽ ബന്ധമുണ്ടെന്നു വരുമോ?


Thursday, December 12, 2013

ഒരു കുഞ്ഞാടിന്റെ കരച്ചിൽ

ഫേസ് ബുക്കിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റും അതിനുള്ള മറുപടിയും. വിവാദ പോസ്റ്റ്‌ താഴെ കൊടുക്കുന്നു.
-----------------------------------------
ടിപ്പു സുല്‍ത്താന്‍

ടിപ്പു സുല്‍ത്താനു ക്രിസ്ത്യന്‍ മിഷ്ണറിമാരോടുള്ള വിരോധത്തിനു കാരണമുണ്ട്. ക്രൈസ്തവരെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താനുതകുന്ന മഹത്വം ഇസ്ലാം മതത്തിന് ഇല്ലായിരുന്നു. മാത്രവുമല്ല മലബാറിന്, അപ്പുറത്തേക്ക് പട നയിക്കാന്‍ കൊച്ചിയിലെ പോര്‍ട്ടുഗീസ് സ്വാധീനം ടിപ്പുവിന്നു തടസമായിരുന്നു. പോര്‍ട്ടുഗീസുകാരുടെ വരവോടെ അസ്തമിച്ചുപോയ അറബികളുടെ കച്ചവടം ടിപ്പുവിനെ ചൊടിപ്പിച്ചു. അറബികള്‍ മുഖേന തുര്‍ക്കിയുടെ സഹായം ടിപ്പുവിനു ലഭിച്ചിരുന്നു..പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയില്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യ അഫ്ഗാനിസ്ഥാന്‍ പോലെയാകുമായിരുന്നു എന്നതാണ്, സത്യം!

ഇന്ത്യയുടെ വടക്കുഭാഗം മുകളന്മാരും തെക്കുഭാഗം ടിപ്പുവും ചേര്‍ന്ന് ഇസ്ലാം രാജ്യമാക്കാനുള്ള നീക്കം ബ്രിട്ടനും പോര്‍ട്ടുഗീസുമാണ് തടയിട്ടത്. അന്ന് ഇന്ത്യയുടെ ഭാഗമായിരുന്നു പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമെല്ലാം.

ക്രൈസ്തവര്‍ ബലമായി മതം മാറ്റിയിരുന്നെങ്കില്‍ 121 കോടിയും ക്രൈസ്തവരാകുമായിരുന്നു. ബ്രിട്ടനും പോര്‍ട്ടുഗീസും ഇന്ത്യയില്‍ സര്‍വ്വാധികാരികളായിരുന്നു
എന്നതു വിസ്മരിക്കരുത്. 
-------------------------------------
ഇനി മറുപടി.....
മതവിശ്വാസത്തിനുവേണ്ട അടിസ്ഥാനഘടകങ്ങളിലൊന്ന് ചരിത്രത്തെക്കുറിച്ചുള്ള ബോധമില്ലായ്മയാണോ? 'വേൾഡ് ഓർത്തഡോക്സ് ക്രിസ്ത്യാനിറ്റി'യുടെ പേരിലിറങ്ങിയ ഈ പോസ്റ്റ്‌ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നത്. ഇതു കണ്ട സ്ഥിതിക്ക് മറുപടി പറയാതെ പോകാനും കഴിയുന്നില്ല.

കൊച്ചിയിലെ പോർച്ചുഗീസ് സ്വാധീനം കൊണ്ടാണ് ടിപ്പുവിന് കേരളം പിടിച്ചടക്കാൻ കഴിയാതിരുന്നത് എന്നു പറയുന്നുണ്ട്. കൊച്ചിയിലെ പോർച്ചുഗീസ് സ്വാധീനം 1663-ൽ തന്നെ ഡച്ചുകാർ ഇല്ലായ്മ ചെയ്തിരുന്നു എന്ന് ഒരു പക്ഷേ ഇത് എഴുതിയ ആൾക്ക് അറിയില്ലായിരിക്കാം. 1750-ൽ ജനിച്ച് 1799-ൽ മരിച്ച ടിപ്പുവിന് 1663-ൽ ഇല്ലാതായ കൊച്ചിയിലെ പോർച്ചുഗീസുകാർ എങ്ങനെയാണ് തടസമാകുന്നത്? ഇനി, ഡച്ചുകാരെയാണോ ലേഖകൻ ഉദ്ദേശിച്ചത്? പക്ഷേ അതും ശരിയാവില്ല. 1741-ലെ കുളച്ചൽ യുദ്ധത്തിലൂടെ അനിഴം തിരുനാൾ മാർത്താണ്ഡവർമ ഡച്ചുകാരുടെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞിരുന്നല്ലോ. ടിപ്പുവിന്റെ ആക്രമണം ബ്രിട്ടീഷുകാർക്ക് കൊച്ചിയിൽ പിടിമുറുക്കാനാണ് സഹായകമായത്.

ഇനി തുർക്കികളുടെ കാര്യം. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ധാർമികസഹായം ടിപ്പുവിന് ഉണ്ടായിരുന്നിരിക്കണം. പക്ഷേ 'യൂറോപ്പിലെ രോഗി' എന്ന വിശേഷണം നേടിക്കഴിഞ്ഞിരുന്ന തുർക്കിക്ക് ഇന്ത്യയിൽ ഇടപെടാൻ സാധിക്കുമായിരുന്നില്ല. ടിപ്പു സഹായം തേടിയതും സൗഹൃദം സ്ഥാപിച്ചതും ഫ്രാൻസിനോടാണ് - ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ. ഫ്രഞ്ച് ആയുധങ്ങൾ സ്വീകരിക്കാൻ പടിഞ്ഞാറൻ തീരത്ത് ഒരു തുറമുഖം വേണം എന്ന ആഗ്രഹമാണ് കേരളത്തെ ആക്രമിക്കാൻ മൈസൂരിനെ പ്രേരിപ്പിച്ച ഒരു ഘടകം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. നെപ്പോളിയൻ ചക്രവർത്തി 1798-ൽ ഈജിപ്റ്റ്‌ ആക്രമിച്ചപ്പോൾ അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാൻ ഏറ്റവുമധികം പരിശ്രമിച്ചത് ടിപ്പുവായിരുന്നു. പക്ഷേ ബ്രിട്ടീഷുകാർ നെപ്പോളിയനെ ഈജിപ്തിൽ നിന്നുതന്നെ തുരത്തി. ടിപ്പു ഇതിനു മുതിർന്നത് ദേശാഭിമാനം കൊണ്ടായിരുന്നു എന്നൊന്നും ധരിക്കരുത്. സ്വന്തം കസേര നിലനിർത്താൻ ഭരണാധികാരികൾ ഇന്നത്തെപ്പോലെ തന്നെ അന്നും ഏതറ്റം വരെയും പോകും എന്നുമാത്രമാണ് ഇതിലെ ഗുണപാഠം. മതം അതിനു സഹായമാവുമെങ്കിൽ നല്ലത്, അത്രതന്നെ.

പോർച്ചുഗീസുകാർ ഇല്ലായിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു അഫ്ഗാനിസ്ഥാൻ ആകുമായിരുന്നു എന്നാണ് വേറൊരു കണ്ടുപിടിത്തം. ഇതിന് യാതൊരു അടിസ്ഥാനവുമില്ല. 1000 വർഷം നീണ്ട ഇസ്ലാമിക ഭരണത്തിനുശേഷം ഇവിടെയുള്ളത് 13% മുസ്ലീങ്ങളാണ്. എന്നാൽ വെറും 300 വർഷം നീണ്ട പോർച്ചുഗീസ് ഭരണത്തിനുശേഷം ഗോവയിൽ ഉള്ളത് 34% ക്രിസ്ത്യാനികളാണ്. മതവെറിയുടെ കാര്യത്തിൽ ആരും ആരുടേയും പിന്നിലല്ല എന്നല്ലേ ഇതു കാണിക്കുന്നത്? പറങ്കികൾ ഭരിച്ച ബ്രസീലിൽ ദുഃഖവെള്ളിയാഴ്ച ദിവസം കുരിശിന്റെ വഴിയിൽ വിശ്വാസികൾ കാട്ടിക്കൂട്ടുന്ന കോപ്പിരാട്ടികൾ കണ്ടാൽ താലിബാൻ അതിലും ഭേദമാണെന്നുതന്നെ തോന്നും. പോർച്ചുഗീസുകാർ ഭരിച്ചിരുന്നെങ്കിൽ ഹൈന്ദവർ മതം മാറുന്നതിനു മുൻപുതന്നെ അവർ ഓർത്തഡോക്സ് മുതലായ സഭാവിഭാഗങ്ങളെ കത്തോലിക്കരായി മാറ്റുമായിരുന്നു എന്നതാണ് സത്യം.

ക്രൈസ്തവർ ബലമായി മതം മാറ്റിയിരുന്നെങ്കിൽ 121 കോടിയും കൃസ്ത്യാനികളാകുമായിരുന്നു എന്ന് വീണ്ടും അദ്ദേഹം പറയുന്നു. ക്രൈസ്തവർ എന്നതുകൊണ്ട്‌ അദ്ദേഹം ഉദ്ദേശിച്ചത് കത്തോലിക്കാ പോർച്ചുഗീസുകാരെയും പ്രൊട്ടസ്റ്റന്റ് ബ്രിട്ടീഷുകാരെയുമായിരിക്കാം. അവർ ശ്രമിച്ചുനോക്കാഞ്ഞിട്ടാണോ? മതവിശ്വാസത്തിൽ നിന്ന് തിരികൊളുത്തിയ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽനിന്നു പഠിച്ച തിക്തമായ പാഠങ്ങളല്ലേ ബ്രിട്ടീഷുകാരെ മതപരമായ കാര്യങ്ങളിൽ ഇടപെടുകയില്ല എന്നു പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചത്? ഒരു ഓർത്തഡോക്സ് വിശ്വാസി പോർച്ചുഗീസുകാർക്ക് ഓശാന പാടുന്ന വിചിത്രമായ സംഗതിയാണ് നമ്മളിവിടെ കാണുന്നത്. പറങ്കികളുടെ അന്ധമായ കത്തോലിക്കാവല്ക്കരണത്തിൽ ശ്വാസം മുട്ടിയത് ഹൈന്ദവരേക്കാളുപരി ഭാരതത്തിലെ പ്രാചീന ക്രൈസ്തവസഭകളാണ്. സിറിയയിൽ നിന്നുവന്ന മാർ അഹതള്ള എന്ന മെത്രാപ്പോലീത്തയെ 1652-ൽ കഴുത്തിൽ കല്ലുകെട്ടി കൊച്ചിക്കായലിൽ മുക്കിത്താഴ്ത്തിയത് ആരാണ്? ആ സംഭവമല്ലേ അതിനടുത്ത വർഷം കൂനൻകുരിശുസത്യത്തിലേക്ക് നയിച്ച അവസാന വൈക്കോൽത്തുരുമ്പ്?

ലേഖനത്തിലെ ധിക്കാരപരമായ മറ്റു പരാമർശങ്ങൾ സ്വന്തം വിശ്വാസത്തിനുവേണ്ടിയുള്ള ഒരു കുഞ്ഞാടിന്റെ നിലവിളിയായി കരുതിയാൽ മതി. ക്രൈസ്തവരെ പരിവർത്തനം ചെയ്യാനുള്ള മഹത്വം ഇസ്ലാമിനില്ല എന്നൊക്കെ അദ്ദേഹം എഴുതുന്നുണ്ട്. ഇസ്ലാമിനോ ഹിന്ദുമതത്തിനോ ജൂതമതത്തിനോ ഇല്ലാത്ത എന്തു മഹത്വമാണ് ക്രിസ്തുമതത്തിന് ഉള്ളത് എന്നു ചോദിക്കുന്നത് നിലവാരമില്ലായ്മ ആകുമെന്നതുകൊണ്ട് അതിന് നമ്മൾ മുതിരേണ്ട. പക്ഷേ ഒരു കാര്യത്തിൽ നാം സംശയിക്കണം - ബ്രിട്ടീഷുകാരോ പറങ്കികളോ ഇന്നും ഇന്ത്യ ഭരിച്ചിരുന്നെങ്കിൽ ഇത്തരം 'ഐഡിയ'കളുമായി നടക്കുന്നവർ ആരെയാണ് പിന്തുണക്കുമായിരുന്നത് എന്നതിൽ!


ആദരപൂർവ്വം...

ക്ഷണികമായ ജീവിതം എന്നൊക്കെ പറയുന്നത് എത്ര വാസ്തവമാണ്! ഇന്നു വരാമെന്നുപറഞ്ഞു പോയ ശിവദാസൻ ഇന്നലെ വൈകുന്നേരം മരിച്ചുപോകുമെന്ന് ആരെങ്കിലും അറിഞ്ഞിരുന്നോ?

നാലുമാസമേ ആയിട്ടുള്ളൂ ശ്രീ ശിവദാസനെ പരിചയപ്പെട്ടിട്ട്. മിതമായ പെരുമാറ്റവും സത്യസന്ധതയും ഇടകലർന്ന സ്വഭാവം അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. കോണ്‍ട്രാക്ടർമാരുടെയിടയിൽ കുലീനനായ ഒരാൾ. അദ്ദേഹം നിശ്ചയിച്ചിരുന്ന നിരക്കുകളിൽ നിന്ന് വളരെ കുറച്ച് മറ്റാരെങ്കിലും ജോലി ഏറ്റെടുത്താൽ അവർക്ക് അത് എങ്ങനെ മുതലാകുമെന്ന് ചിന്തിച്ചുകൊണ്ട് മുൻനിരയിലെ പല്ലുകളില്ലാത്ത മോണ കാണിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചിരി കണ്ടിട്ടുള്ളവർക്ക് മറക്കാനാവില്ല.

ഇന്നലെ രാവിലെ അദ്ദേഹം മുറിയിലേക്ക് വന്നു, അത്യാവശ്യമായി വിളിക്കേണ്ടിയിരുന്ന ഒരു ജോലിയുടെ നോട്ടീസ് ആയിട്ടുണ്ടോ എന്നന്വേഷിച്ചുകൊണ്ട്. നാളത്തേക്കേ ആകൂ എന്നു പറഞ്ഞപ്പോൾ തന്റെ സ്വതസിദ്ധമായ 'മില്ല്യൻ ഡോളർ' ചിരി ചിരിച്ചുകൊണ്ട് 'എന്നാൽ ഞാൻ നാളെ വരാം' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം പോയി - ഒരിക്കലും തിരിച്ചുവരവില്ലാത്ത യാത്രയിലേക്ക്. വൈകുന്നേരം ഇരുമ്പനത്ത് ഒരു ഹോട്ടലിൽ ചായ കുടിച്ചുകൊണ്ടിരിക്കേ ഹൃദയാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹം ആശുപത്രിയിലെത്തുംമുൻപേ അന്ത്യശ്വാസം വലിക്കുകയാണുണ്ടായത്.

താമരയിലയിലെ വെള്ളം പോലെ ക്ഷണികമാണ് ജീവിതം എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്? അത് ഇത്ര കൃത്യമായി മനസ്സിലാക്കിയ സന്ദർഭം മുൻപുണ്ടായിട്ടില്ല.

ശിവദാസന് ആദരാഞ്ജലികളോടെ....

Monday, November 25, 2013

ബഷീറിന്റെ ഭഗവദ് ഗീത

2000-നു മുമ്പ് കോളജുകളിൽ നിന്ന് പഠിച്ചിറങ്ങിയ പഴയ തലമുറയ്ക്ക് മൊബൈൽ ഫോണുകളുമായി വിലസുന്ന പുതിയ കോളജ് തലമുറയോട് കടുത്ത അസൂയയാണ് - സാങ്കേതികവിദ്യ തങ്ങൾക്ക് നിഷേധിച്ച അവസരങ്ങളെയോർത്ത്! പക്ഷേ ഒരൊറ്റ കാര്യം മാത്രം മതി ആ കൊതിക്കെറുവുകളെല്ലാം ഇല്ലാതാക്കാൻ. എന്തൊക്കെയുണ്ടായിട്ടെന്താ, പ്രീ-ഡിഗ്രി കോളജുകളിൽ നിന്ന് മാറ്റി സ്കൂളിലെ +2 ആയി മാറിയതോടെ വിലപ്പെട്ട 2 വർഷങ്ങളല്ലേ പുത്തൻ തലമുറയ്ക്ക് ഇനിവരാത്ത വിധം നഷ്ടമായത്? സ്കൂളിലെ കടുത്ത അച്ചടക്കത്തിനും ബിരുദത്തിന്റെ പക്വതയ്ക്കും ഇടയിലുള്ള ക്ഷണികമായ ഒരു അന്തരാള ഘട്ടമായിരുന്നു പ്രീ-ഡിഗ്രി. പഠിക്കുന്നവർക്ക് പഠിക്കാനും, ഉഴപ്പുന്നവർക്ക് ഉഴപ്പാനും മാത്രമല്ലാതെ, പഠിക്കുന്നവർക്കും കാര്യമായ പരിക്കുപറ്റാതെ അല്പമൊന്ന് ഉഴപ്പാൻ അവസരം നല്കിയിരുന്ന ആ സുവർണയുഗം യൂണിഫോം ധരിച്ച് +2 ക്ലാസിൽ പോകുന്നവർക്ക് സ്വപ്നം കാണാൻപോലും സാധിക്കുമോ? എത്ര മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന സ്കൂളിനും എത്ര പരിമിതമായ സൗകര്യങ്ങളുള്ള കോളജിന്റെ ഒപ്പമെത്താൻ സാധിക്കില്ലല്ലോ, പ്രത്യേകിച്ചും ലാബ്, ലൈബ്രറി, കാന്റീൻ (!), സ്റ്റേഡിയം (!) മുതലായ കാര്യങ്ങളിൽ.

അങ്ങനെയാണ് ഞാൻ 1987-ൽ ഒന്നാം ഗ്രൂപ്പുകാരനായി ആലുവ യു.സി.കോളജിന്റെ പടി കയറുന്നത്. വായനയിൽ ചെറിയൊരു താല്പര്യം ആദ്യമേ ഉണ്ടായിരുന്നതുകൊണ്ട് അന്ന് ഒരു ലക്ഷത്തിലധികം പുസ്തകങ്ങൾ ഉണ്ടായിരുന്ന വിശാലമായ കോളജ് ലൈബ്രറി ഒരത്ഭുതമായി തോന്നി. ഇന്ന് എത്ര പുസ്തകങ്ങൾ ഉണ്ടാകുമോ ആവോ? കുടുംബശ്രീ പോലെ പഞ്ചായത്തുകൾ തോറും പ്രൊഫഷണൽ കോളജുകൾ വന്നപ്പോൾ പഴയ കേമന്മാരായിരുന്ന ആർട്സ് & സയൻസ് കോളജുകളുടെ കഷ്ടകാലം തുടങ്ങി. അതുകൊണ്ട് എന്റെയൊരു ഊഹം പുസ്തകങ്ങളുടെ കാര്യത്തിൽ കാര്യമായ വർദ്ധനയൊന്നും ഉണ്ടാകാൻ ഇടയില്ലെന്നാണ്. എങ്കിലും ഇക്കാര്യത്തിൽ എന്റെ അനുമാനം തെറ്റായി തീരുകയാണെങ്കിൽ ഏറ്റവുമധികം സന്തോഷിക്കുന്നതും ഞാനായിരിക്കും. എന്തായാലും അന്ന് പ്രീ-ഡിഗ്രിക്കാരായ കുട്ടിപ്പയ്യന്മാർക്കൊന്നും ബുക്ക്‌-റാക്കുകൾ വെച്ചിരിക്കുന്ന മുറികളിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ബിരുദാനന്തരബിരുദക്കാരായ ഏമാന്മാരാണ് അവിടെ കയറിയിറങ്ങിക്കൊണ്ടിരുന്നത്. പുസ്തകം വേണമെങ്കിൽ ഞങ്ങൾ ചെയ്യേണ്ടിയിരുന്നത് കാർഡെക്സ് നോക്കി ഒരു സ്ലിപ്പിൽ മൂന്നോ നാലോ പേരുകൾ എഴുതി ലൈബ്രറി അസ്സിസ്റ്റന്റിന്റെ കയ്യിൽ കൊടുക്കുകയായിരുന്നു. അതിൽ ഓട്ടം പോയിട്ടില്ലാത്തവയുണ്ടെങ്കിൽ  വൈകുന്നേരം ഇഷ്യൂ ചെയ്യും.

ആ സമയത്താണ് നല്ല ഗ്രന്ഥകാരന്മാരുടെ പുസ്തകങ്ങൾ വായിച്ചുകളയാം എന്ന ലക്ഷ്യത്തോടെ ഈ പാവം ഞാൻ അവിടെ കടന്നുചെല്ലുന്നത്. കാർഡെക്സിൽ 'ബഷീർ' എന്ന ഭാഗം നോക്കിപ്പിടിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഓരോന്നോരോന്നായി ലിസ്റ്റ് ചെയ്തിരിക്കുന്നു. അതിൽ ഒരെണ്ണം എന്റെ ശ്രദ്ധയാകർഷിച്ചു - 'ഒരു ഭഗവദ് ഗീതയും കുറെ മൂലകളും'. തലക്കെട്ട് നല്ലതായി തോന്നി. ഒരു കൗമാരക്കാരൻ ആത്മീയ ചിന്തകളടങ്ങിയ പുസ്തകം വായിക്കുന്നുവെന്ന് മറ്റുള്ളവർ കാണുമ്പോഴുണ്ടാകാനിടയുള്ള മതിപ്പിനെക്കുറിച്ച് ആലോചിച്ചപ്പോൾ പിന്നെയൊന്നും നോക്കിയില്ല. ആ പുസ്തകം തന്നെ എഴുതിക്കൊടുത്തു. നീതി നടത്തിയാൽ മാത്രം പോര, അത് നടത്തിയതായി കാണപ്പെടുകയും വേണം എന്ന ആപ്തവാക്യം വായനയുടെ കാര്യത്തിലും ശരിയാണെന്ന് വിശ്വസിച്ചിരുന്ന പ്രായം! കോളജ് ഓണം അവധിക്ക് അടക്കുന്ന ആഴ്ചയായതിനാൽ അവസാന ദിവസമാണ് പുസ്തകം ലഭിക്കുന്നത്.

വെള്ളിയാഴ്ച കൃത്യസമയത്ത് ലൈബ്രറിയിലെത്തി. ഇത്ര 'ഗഹനമായ' പുസ്തകങ്ങൾ വാങ്ങുന്നത് ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഒളികണ്ണിട്ടുനോക്കിക്കൊണ്ട്‌ പുസ്തകം ഏറ്റുവാങ്ങി...

ഞെട്ടിത്തരിച്ചുപോയി......കണ്ണിൽ ഇരുട്ട് കയറുന്നതുപോലെ....

കയ്യിലിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ട് വീണ്ടും വായിച്ചുനോക്കി - 'ഒരു ഭഗവദ് ഗീതയും കുറെ മുലകളും'. സെൻസർ ബോർഡിൽ ജോലി നോക്കേണ്ടിയിരുന്ന ആരോ കാർഡെക്സിൽ അത് 'മൂലകൾ' എന്നാക്കിയതാണ്.

മനസ്സിൽ വന്ന തെറിയെല്ലാം ബഷീറിനെ വിളിച്ചു. ഈ പുസ്തകം ഇനിയെന്തുചെയ്യും എന്നായി ചിന്ത. അപ്പോൾ തന്നെ അത് തിരികെ കൊടുക്കാൻ പറ്റുമോ എന്ന് തിരക്കി. ക്ലാർക്ക് കൈമലർത്തി. അവരുടെ മുഖത്ത് ഒരു പരിഹാസച്ചിരിയുണ്ടായിരുന്നോ എന്ന സംശയം എന്റെ ആധി വീണ്ടും വർദ്ധിപ്പിച്ചു. പുറത്തേയ്ക്ക് നടക്കുന്ന എന്റെ പിറകിൽ അവർ ചിരിക്കുകയായിരിക്കുമോ എന്ന ശങ്ക കാലുകളെ ഇടറിച്ചു.

ഈ പുസ്തകം എന്തായാലും വീട്ടിൽ കാണിക്കാൻ പറ്റില്ല. ക്ലാസ് തുടങ്ങിയിട്ട് രണ്ടുമാസമേ ആയുള്ളൂ, അപ്പോഴേക്കും ഇവൻ ഇത്തരം പുസ്തകങ്ങളായോ വായന എന്ന് വീട്ടുകാർ ധരിച്ചാലോ? ആരുമില്ലാതിരുന്ന തക്കം നോക്കി വീട്ടിലെ പുസ്തകഷെൽഫിന്റെ ഏറ്റവും പിന്നിൽ സാധനം ഒളിപ്പിച്ചു. അച്ഛനെങ്ങാനും ആ മുറിയിൽ കയറുമ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ താളവും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരുന്നു. എന്തിനേറെപ്പറയുന്നു, ആ ഓണക്കാലം മുഴുവൻ അസ്വസ്ഥതയുടെ തീക്കനൽ എന്റെ മനസ്സിൽ എരിഞ്ഞുകൊണ്ടേയിരുന്നു.

കോളജ് തുറന്ന ആദ്യദിവസം തന്നെ പുസ്തകം മടക്കിക്കൊടുത്തപ്പോഴാണ് ശ്വാസം നേരെ വീണത്‌. അത് വായിക്കുന്നതുപോയിട്ട് തുറന്നുനോക്കാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം ബഷീറിന്റെ 'ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' പബ്ലിക് ലൈബ്രറിയിൽ നിന്ന് എടുത്തുകൊടുക്കുമോ എന്നാവശ്യപ്പെട്ട് മകൾ സമീപിച്ചിരുന്നു. അവിടെ ബഷീർ വിഭാഗം തിരഞ്ഞപ്പോൾ ആവശ്യമുള്ള പുസ്തകം കിട്ടിയില്ലെങ്കിലും 'ഭഗവദ് ഗീത' വീണ്ടും കയ്യിൽ തടഞ്ഞപ്പോഴാണ് കാൽ നൂറ്റാണ്ട് മുൻപ് നടന്ന ഈ കഥ ഓർത്തുപോയത്.

കാലം എത്രെപെട്ടെന്നാണ് കടന്നുപോയത്...

സത്യം പറഞ്ഞാൽ, ആ പുസ്തകം ഞാനിന്നും വായിച്ചിട്ടില്ല.

Monday, October 7, 2013

ശ്യാമമാധവത്തിന് വയലാർ അവാർഡ്

അർഹതയെ അംഗീകാരം തേടിവരും എന്നു തെളിയിച്ചിരിക്കുന്നു ഇത്തവണത്തെ വയലാർ അവാർഡ് പ്രഖ്യാപനം. പ്രഭാ വർമയുടെ ശ്യാമമാധവം എന്ന കാവ്യം ബഹുമതി നേടിയെടുത്തു. 2012-ലെ ഒരു വലിയ കോലാഹലമായിരുന്നു മലയാളം വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന ഈ കാവ്യത്തിന്റെ ഗഡുക്കൾ നിർത്തിക്കളഞ്ഞത്. അതിനു കാരണമായതോ പന്ന രാഷ്ട്രീയവും!

പ്രഭാ വർമ ഒരു നല്ല കവിയാണെങ്കിലും അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയവീക്ഷണം കാലഹരണപ്പെട്ടതും പുതിയ സാഹചര്യങ്ങളിൽ തികച്ചും പിന്തിരിപ്പനുമാണ്. മാത്രവുമല്ല, കമ്യൂണിസ്റ്റ് പാർട്ടിയിൽ മാത്രം കാണാൻ കഴിയുന്ന, ചിന്താശീലമുള്ള വ്യക്തികളുടെ മാനസിക അടിമത്തത്തോളമെത്തുന്ന പ്രത്യയശാസ്ത്ര പ്രതിബദ്ധത നമ്മുടെ കവിയുടെ അഭിപ്രായങ്ങളെ രാഷ്ട്രീയ ജല്പനങ്ങളുടെ നിലവാരത്തിലേക്ക് ചവുട്ടിത്താഴ്ത്തി. അല്ലെങ്കിൽ കമ്യൂണിസ്റ്റ് വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകികളെ ന്യായീകരിക്കേണ്ട ആവശ്യം പ്രഭാ വർമയ്ക്കുണ്ടായിരുന്നോ? ഈ വിമതരുടെ കാര്യമാണെങ്കിൽ പറയാനുമില്ല - മുഖ്യധാരാ കമ്യൂണിസ്റ്റുകൾ സമൂഹത്തെ 90 വർഷം മുൻപത്തെ ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ് കാലത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ ആഗ്രഹിക്കുമ്പോൾ വിമതർ നമ്മെ 160 വർഷം മുൻപത്തെ മാർക്സ്-ഏംഗൽസ് കാലത്തേക്ക് പറിച്ചുനടുവാൻ ആഗ്രഹിക്കുന്നു. അത്രയേയുള്ളൂ അവർ തമ്മിലുള്ള വ്യത്യാസം! മലേറിയയും കോളറയും തമ്മിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടുന്ന അവസ്ഥയിൽ നാം പാവപ്പെട്ട ജനവും.

പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച ഒരു സംഭവമായിരുന്നു മലയാളം വാരികയുടെ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രൻ നായരുടെ കൊടുവാളുമെടുത്തുള്ള അങ്കപ്പുറപ്പാട്. പ്രഭാ വർമ പുറപ്പെടുവിച്ച സ്വന്തം അഭിപ്രായത്തിനെതിരെ വിറളിയെടുത്ത് അദ്ദേഹം ശ്യാമമാധവം തന്റെ വാരികയിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചു. ആസ്വാദകലോകത്തിന് ഇന്നും മനസ്സിലാകാത്ത കാര്യമാണ് ഒരു കവിയുടെ വികലമെങ്കിലും വ്യക്തിപരമായ രാഷ്ട്രീയവീക്ഷണം ഇതിഹാസത്തിൽ അടിയുറപ്പിച്ച അയാളുടെ കാവ്യത്തിൽ പ്രതിഫലിക്കുന്നത് എങ്ങനെയെന്ന്! എന്നാൽ ഈ വാരികയുടെ കാര്യമോ? തീവ്ര ഇടതുപക്ഷ കാഴ്ചപ്പാടുകൾ മാത്രം പുളിച്ചുതികട്ടുന്നതും എല്ലാത്തരത്തിലുമുള്ള വ്യാവസായികവളർച്ചയേയും മുളയിലേ നുള്ളിക്കളയാൻ ശ്രമിക്കുന്നതുമായ കുറെ ലേഖനങ്ങളുടെ സമാഹാരത്തിന്റെ ആഴ്ചതോറുമുള്ള വിസർജനത്തിന്റെ പത്രാധിപരായി വാഴുമ്പോഴാണ് ജയചന്ദ്രൻ നായരുടെ ചാരിത്ര്യപ്രസംഗം അരങ്ങുതകർക്കുന്നത്. കുത്തക മുതലാളിയായ ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള മലയാളം വാരിക കമ്യൂണിസ്റ്റ് ആശയങ്ങൾ വിറ്റ് നല്ലതോതിൽ കാശുവാരുന്നുണ്ടെന്നാണ് കേൾവി. പണ്ട് കുഞ്ചാക്കോ മുതലാളി 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' മട്ടിലുള്ള സിനിമകളിറക്കി സഖാക്കളുടെ പോക്കറ്റിൽ കിടന്നിരുന്ന കുറെ കാശ് സ്വന്തം പെട്ടിയിലിട്ടതുപോലെ.

മലയാളം വാരികയുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് അന്നേ ഒരു പോസ്റ്റ്‌ എന്റെ മറ്റൊരു ബ്ലോഗിൽ ഇട്ടിരുന്നു. ശ്യാമമാധവം എന്ന അനിതരസാധാരണമായ ഒരു കാവ്യത്തിന്റെ മേന്മ സാംസ്കാരികകേരളം കാണാതെ പോകരുതേ എന്നൊരു അപേക്ഷയും അതിലുണ്ടായിരുന്നു. ആ കാവ്യത്തിന് വയലാർ അവാർഡ് സമ്മാനിക്കുമ്പോൾ കവിയോടൊപ്പം ഞാനും അഭിമാനിക്കുന്നു. വയലാർ അവാർഡ് കമ്മറ്റി ഇടതുപക്ഷക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞതാണെങ്കിലും ശ്യാമമാധവത്തിന് അടുക്കളവാതിലിലൂടെയുള്ള ഒരു സഹായവും ആവശ്യമില്ല. വിവാദങ്ങളെല്ലാം മാറ്റിവെച്ച് നമുക്കാ കാവ്യം വീണ്ടും വീണ്ടും വീണ്ടും വായിക്കാം.

Saturday, September 14, 2013

കേരളീയ ജീവിതം എന്നാൽ..

സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരു ആമുഖം' എന്ന പുസ്തകത്തിൽ നിന്നൊരു ഭാഗം. കേരളീയ സമൂഹത്തെ ഇത്ര കൃത്യമായി ആവിഷ്കരിക്കുന്ന നിഗമനങ്ങൾ വേറെയധികം കാണില്ല.

"പരദൂഷണങ്ങൾ, പൊങ്ങച്ചങ്ങൾ, വിധി കൽപ്പിക്കലുകൽ, അവനവനിലേക്കു നോക്കാതെ സമൂഹത്തെക്കുറിച്ചുള്ള ശാപവചനങ്ങൾ, പെറ്റ തള്ളയെ തള്ളിപ്പറയുന്ന നാക്കുകൊണ്ട് അമ്മദൈവങ്ങളെ പുകഴ്ത്തൽ, സ്വന്തം സന്തതികളെക്കുറിച്ചുള്ള അന്ധമായ മതിപ്പ്, മറ്റുള്ളവരുടേതിനോടുള്ള വെറുപ്പ്‌, ചിരിക്കുന്ന മുൻപല്ലുകൾക്കുള്ളിൽ ഇറുമ്മുന്ന അണപ്പല്ലുകൾ ഒളിപ്പിച്ചുകൊണ്ട് അയൽക്കാരോട് പുലർത്തുന്ന മൈത്രി, സമൂഹത്തിൽ ആദരിക്കപ്പെടുന്നവർ മാധ്യമങ്ങളിൽ അവമതിക്കപ്പെട്ടുകണ്ടാൽ എങ്ങുനിന്നെന്നില്ലാതെ ഹൃദയത്തിൽ നിറയുന്ന സന്തോഷം, അപരന്റെ മുഖത്തുനോക്കി അഭിനന്ദനം ചൊല്ലാനുള്ള അശേഷി, ഉള്ളിൽ ഉറവ വറ്റിയ നന്മകളെക്കുറിച്ചുള്ള കുറ്റബോധമൊളിപ്പിക്കാൻ എല്ലാ സാമൂഹ്യമൂല്യങ്ങളും തകർന്നിരിക്കുന്നതായുള്ള പ്രഖ്യാപനം, ഒട്ടും ഉറപ്പില്ലാഞ്ഞിട്ടും വയസ്സാകുന്തോറും സ്വന്തം മതത്തിലെ ദൈവത്തിൽത്തന്നെ തട്ടിത്തടഞ്ഞു വട്ടംകറങ്ങുന്ന ഭക്തി, അശ്ലീലമെന്നാൽ മറ്റുള്ളവന്റെ ലൈംഗികത മാത്രമാണെന്ന തീർപ്പ്‌, കൈവന്നവയേക്കാൾ മഹത്വമുള്ള കാര്യങ്ങൾക്ക് താൻ സർവഥാ അർഹനാണെന്നുള്ള തോന്നലിൽനിന്നുളവായ മനംമടുപ്പ്, പിന്നെ ഇതിനെല്ലാം മുകളിൽ, നാലുപേർ മാത്രമുള്ള സ്വന്തം കുടുംബത്തിനുവെളിയിലുള്ള സർവ മനുഷ്യാത്മാക്കളോടും ഉള്ളിൽ പുലർത്തിയ സമാനതകളില്ലാത്ത പുച്ഛം..."

ഏറിയും കുറഞ്ഞും അളവിൽ നമ്മുടെയെല്ലാം മനസ്സിലുള്ള ഇരുണ്ടുമൂടിക്കിടന്ന കാര്യങ്ങൾ തന്നെയല്ലേ ലേഖകൻ തന്റെ മെഴുകുതിരി വെളിച്ചത്തിൽ കാണിച്ചുതരുന്നത്?

Saturday, July 27, 2013

വാനമ്പാടിയ്ക്ക് 50 വയസ്സ്

എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നുപോകുന്നത്! ഗായിക ചിത്രയുടെ അൻപതാം പിറന്നാൾ ഇന്നാണെന്നു കേൾക്കുമ്പോൾ മനസോടുന്നത് 23 വർഷം മുൻപത്തെ ഒരു ജനുവരിയിലേക്ക്. 1990ൽ കോളേജ് ക്ലാസ്മുറിയിലെ ഒരു ഡെസ്ക്കിൽ 'DAS IS 50' എന്ന് കോറിയിട്ടുകൊണ്ട് ഗാനഗന്ധർവന്റെ അൻപതാം വയസ്സ് ആഘോഷിച്ച ആ കൗമാരക്കാരൻ ഇന്ന് മധ്യവയസ്ക്കനായിക്കഴിഞ്ഞിരിക്കുന്നു. 'മഞ്ഞൾ പ്രസാദത്തിന്റെ' ശബ്ദമാധുരി കേട്ടുവളർന്ന അവൻ ഇന്ന് ആ ഗായികയുടെ പ്രതിഭയ്ക്കുമുന്നിൽ ശിരസ്സു നമിക്കുന്നു. ചിത്രയെപ്പോലൊരു സ്ത്രീശബ്ദം ഇനി മലയാളത്തിലുണ്ടാകുമോ?

കടന്നുപോയ കാൽനൂറ്റാണ്ടിന്റെ കണക്കെടുക്കുമ്പോഴാണ് ഒരായുസ്സും ഒരു തലമുറയുമൊക്കെ മറഞ്ഞുപോകുന്നതിന്റെ ഗതിവേഗം മനസ്സിലാകുന്നത്. ക്ഷണഭംഗുരത എന്നൊക്കെ വലിയ വായിൽ പറയാൻ സാധിച്ചേക്കും. വിജയ്‌ യേശുദാസിന്റെയോ അതുപോലെ പ്രാഗത്ഭ്യം ഭാവിയിൽ തെളിയിച്ചേക്കാൻ സാധ്യതയുള്ള മറ്റേതെങ്കിലും ഗായകന്റെയോ അൻപതാം വാർഷികം ഇതുപോലെ കുറിക്കണമെന്നൊന്നും ആഗ്രഹമില്ല. എന്തിനു വെറുതെ.....

'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം' എന്ന ചിത്രത്തിന്റെ അവസാന സീൻ ആണ് ഓർമയിൽ വരുന്നത്. പ്രിയപ്പെട്ടവരെയെല്ലാം നഷ്ടപ്പെട്ട വൃദ്ധദമ്പതികൾ (നെടുമുടിയും ശാരദയും) തങ്ങളുടെ സ്വാഭാവിക അന്ത്യത്തിലേയ്ക്ക് ചുവടുവെച്ച് അകന്നുമറയുന്ന ആ രംഗം ആരെയാണ് ഒരു നിമിഷം പിടിച്ചുനിർത്താതിരിക്കുക?

അതെ. യാത്ര തുടരുകതന്നെയാണ്‌.

കാലുകൾ ഇടറാതെ, ഒരേ ലക്ഷ്യത്തിലേക്ക്......

Wednesday, June 26, 2013

ചാനൽ വാർത്തകൾ സെൻസർ ചെയ്യുക

കേരളത്തിന്റെ മാധ്യമസംസ്കാരത്തിന് എന്താണ് സംഭവിക്കുന്നത്?

പീഡനങ്ങളും വേഴ്ചകളും നിറഞ്ഞുതുളുമ്പി കേൾവിക്കാരെ ഇക്കിളിപ്പെടുത്തുന്ന രീതിയിലേക്ക് വാർത്തകൾ മാറിപ്പോകുന്നു, ദൃശ്യമാധ്യമങ്ങളിൽ പ്രത്യേകിച്ചും. കാഴ്ചക്കാർക്ക് ആവശ്യമുള്ളതാണല്ലോ ചാനലുകൾ എത്തിച്ചുകൊടുക്കുന്നത് എന്നു വാദിക്കുന്നവരുണ്ടാകാം. പക്ഷേ അത്തരം ആവശ്യക്കാർ എല്ലാക്കാലത്തും ഉണ്ടായിരുന്നു എന്നു മറക്കരുത്. അന്ന് അക്കൂട്ടർക്ക് ഇക്കിളി എത്തിച്ചുകൊടുത്തിരുന്നവയെ മഞ്ഞപ്പത്രങ്ങൾ എന്നാണ് നാം വിളിച്ചിരുന്നത്‌. നൂറ്റാണ്ടിന്റെ പാരമ്പര്യം കൊട്ടിഘോഷിക്കുന്ന മാതൃഭുമി, മനോരമ മുതലായ പത്രങ്ങൾ പോറ്റിവളർത്തുന്ന ചാനലുകളും അങ്കമാലിയിലെ ഹതഭാഗ്യനായ എം.എൽ.എയുടെ രഹസ്യ കിടപ്പറദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ തമ്മിൽ തമ്മിൽ മത്സരിക്കുകയായിരുന്നല്ലോ. എല്ലാ ചാനലിലും ഒരേ ദൃശ്യങ്ങൾ, പക്ഷെ 'Exclusive' എന്ന അടിക്കുറിപ്പോടെ. ഇവരുടെ തൊലിക്കട്ടി അപാരം തന്നെ. ഒരുമ്പെട്ടിറങ്ങാൻ ഒരു പെണ്ണും വെബ് കാമറയുമുണ്ടെങ്കിൽ ടി.വി.യ്ക്കു മുന്നിലിരുന്ന് പല്ലിളിക്കുന്ന ഏതൊരുവന്റെയും മുഖം സ്ക്രീനിൽ കാണിക്കാൻ സാധിക്കും എന്ന വസ്തുത എത്ര സൌകര്യമായിട്ടാണ് നമ്മൾ മറന്നുകളയുന്നത്!

ഇതൊക്കെ കണ്ടുവളരുന്ന കുട്ടികളിൽ ഇതൊക്കെ നിസ്സാരമായ കാര്യമാണെന്ന ധാരണ ഉടലെടുത്താലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചോർക്കുമ്പോൾ ഞെട്ടിപ്പോകുന്നില്ലേ? ഈ നിസ്സാരവൽക്കരണത്തിന് സമൂഹം നല്കേണ്ട വില പക്ഷേ കനത്തതായിരിക്കും. ഈ കുട്ടികൾ തന്നെയാണ് ഭാവിയിൽ അതിന്റെ വില നൽകേണ്ടിവരിക എന്ന് അവർക്കറിയില്ലല്ലോ. ചാനൽ മാറ്റാമെന്നു വിചാരിച്ചാലും രക്ഷയില്ല, എല്ലാറ്റിലും ഒരേ വാർത്തകൾ, ഒരേ (ഇടതുപക്ഷ) വീക്ഷണങ്ങൾ. വിനോദ ചാനലുകളാണെങ്കിൽ എതിരാളി എന്തുകാണിക്കുന്നോ ആ സമയത്ത് ജനങ്ങൾക്കുവേണ്ടത് അതു മാത്രമാണെന്ന ധാരണയിലും. തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്നതല്ലാതെ ഒരു 'initiative' ആർക്കുമില്ല.

അതുകൊണ്ട്, മാധ്യമ രാജാക്കന്മാരേ, വാർത്തകൾ ദയവായി ഒന്നു സെൻസർ ചെയ്യണം. ജോസ് തെറ്റയിലിനെയോ, സരിതാ നായരെയോ ഒന്നും ഞങ്ങൾക്കുവേണ്ട. സെൻസർ ചെയ്ത വാർത്തകൾ എന്ന് വിളംബരം ചെയ്തുകൊള്ളൂ - നല്ലൊരു ജനക്കൂട്ടം അതു കാണാനുണ്ടാകും. രാത്രി 11 മണിക്കുശേഷം മുറിച്ചുമാറ്റാത്ത വാർത്തകൾ പ്രക്ഷേപണം ചെയ്‌താൽ അതിനും ഞങ്ങളിൽ കുറേപ്പേർ കാണാനുണ്ടാകും. അല്ലാതെ ഇരുപത്തിനാല് മണിക്കൂറും പരസ്യമായി അശ്ലീലം കേൾക്കാൻ ആർക്കാണ് താല്പര്യം? അധികമായാൽ എന്തും വിഷമാണല്ലോ - വിഷമവും!


Thursday, June 13, 2013

നാളെ മുതൽ എനിക്കായി മാത്രം...

ഹെസ്സ് സ്പാൻഡോയിലെ തോട്ടത്തിൽ
സ്പാൻഡോ - ഒരു ജയിലിന്റെ പേര്. രണ്ടാം ലോകയുദ്ധത്തിനുശേഷം പ്രമുഖരായ ഏഴു നാസി നേതാക്കളെ ദീർഘകാലതടവുശിക്ഷയ്ക്കു വിധിച്ച് അടച്ചിട്ടിരുന്ന പശ്ചിമബർലിനിലെ തടവറ. ഹിറ്റ്ലറുടെ മുഖ്യ വാസ്തുശില്പിയും യുദ്ധകാല ആയുധമന്ത്രിയും എൻജിനീയറുമായിരുന്ന ആൽബർട്ട് സ്പിയറിന്റെ ഡയറിക്കുറിപ്പുകളിൽ നിന്നാണ് 20 വർഷം നീണ്ടുനിന്ന തടവുജീവിതത്തിന്റെ ഹൃദയസ്പൃക്കായ  വിവരണം നമുക്കു ലഭിക്കുന്നത്. വെറും ഏഴുപേരെ ശിക്ഷിക്കാനായി നാലു സഖ്യരാജ്യങ്ങളും മാറിമാറി സ്പാൻഡോയുടെ നിയന്ത്രണം ഏറ്റെടുത്തു. പതിറ്റാണ്ടുകൾ തടവിൽ കഴിയാൻ വിധിക്കപ്പെട്ടവർക്ക് മാനസികനില തെറ്റിപ്പോകാനിടയുള്ളതിനാൽ സ്പിയർ കൃത്യമായി ഡയറിയെഴുത്ത് തുടങ്ങി.

വർഷങ്ങൾ കൊഴിഞ്ഞുവീണു. കാലാവധി പൂർത്തിയാക്കിയവർ ഓരോരുത്തരായി സ്വതന്ത്രരായി. തങ്ങളെ വരിഞ്ഞുമുറുക്കുന്ന മതിലുകൾക്കുമപ്പുറം ജർമനി വീണ്ടും സമ്പന്നതയിലേക്ക് ചുവടുവെച്ചുതുടങ്ങി. പക്ഷേ സ്പിയറും കൂട്ടാളിയായിരുന്ന റുഡോൾഫ് ഹെസ്സും അതൊന്നുമറിയാതെ കഴിഞ്ഞുപോയ കാലം തന്നെ അയവിറക്കി കഴിഞ്ഞുകൂടി. കാലം അവരെ സംബന്ധിച്ചിടത്തോളം നിലച്ചുപോയ ഒരു ക്ലോക്ക് ആയി മാറിയിരുന്നു.

20 വർഷങ്ങൾ ഇഴഞ്ഞുനീങ്ങി - സന്ദർശകരൊന്നുമില്ലാതെ. സ്പിയറിനെ മോചിപ്പിക്കുന്ന തീയതിയും അടുത്തെത്തി. 1966 സെപ്റ്റംബർ 29 - മോചിതനാകുന്നതിന്റെ തലേദിവസം. സ്പിയറും ഹെസ്സും തടവറയ്ക്കുള്ളിൽ അല്പം നടക്കാനിറങ്ങി. ഹെസ്സിന് വിധിച്ചിരുന്നത് ജീവപര്യന്തം തടവാണ് - അദ്ദേഹത്തിന് മോചനമില്ല. ജയിൽ മുറികൾ ചൂടാക്കാൻ കൊണ്ടുവന്ന കൽക്കരി ലോറിയിൽ നിന്നിറക്കുന്നത് അവർ അല്പസമയം നോക്കിനിന്നു. ഹെസ്സ് മെല്ലെ പറഞ്ഞു.

"എത്രയധികം കൽക്കരി! നാളെ മുതൽ എനിക്കായി മാത്രം... (So much coal! Tomorrow onwards, only for me..."

പതിറ്റാണ്ടുകളുടെ അസ്വാതന്ത്ര്യത്തിൽ ഊറിവന്ന വ്യഥയുടേയും നിരാശയുടേയും പ്രതിധ്വനി കേൾക്കുന്നില്ലേ?വർഷങ്ങൾ കഴിഞ്ഞിട്ടും മറ്റെല്ലാം മറന്നാലും ആ പുസ്തകത്തിലെ ഈയൊരു വരി ആരും മറക്കില്ല.

കഥ അവിടെ തീരുന്നില്ല. സ്പിയർ പോയതിനുശേഷം 72 കാരനായ ഹെസ്സിനു വേണ്ടിമാത്രം സ്പാൻഡോ നിലനിർത്തി. വർഷങ്ങൾ വീണ്ടും കടന്നുപോയി. ഹെസ്സ് ക്രൂരനായ യുദ്ധക്കുറ്റവാളിയാണെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും പതിറ്റാണ്ടുകളുടെ തടവ് മതിയായ ശിക്ഷയായി കണക്കാക്കണമെന്ന് അഭിപ്രായങ്ങൾ ഉയർന്നു. അദ്ദേഹത്തെ മോചിപ്പിക്കണമെന്ന ആവശ്യം ഉയർന്നപ്പൊഴെല്ലാം സോവിയറ്റ് യൂണിയൻ അതിനെ ശക്തിയായി എതിർത്തു. 1980-കളിൽ ഹെസ്സിന്റെ ഉറ്റ സുഹൃത്തായിക്കഴിഞ്ഞിരുന്ന ജയിലർ 'ലോകത്തിലെ ഏറ്റവും ഏകാകിയായ മനുഷ്യൻ' എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.

കല്ലിനേയും അമ്പരപ്പിക്കുന്ന കാഠിന്യത്തോടെ ലോകമനസ്സാക്ഷി നിൽക്കേ, 1987-ൽ 93-കാരനായ ഹെസ്സ് സ്വന്തം സെല്ലിൽ ആത്മഹത്യ ചെയ്തു, 37 വർഷം ചെലവിട്ട അതേ സെല്ലിൽ.

പുതുനാസികളുടെ ഒരു തീർഥാടനകേന്ദ്രമാകരുതെന്ന ഉദ്ദേശത്തോടെ അധികൃതർ സ്പാൻഡോ ഇടിച്ചുനിരത്തി അതിന്റെ അവശിഷ്ടങ്ങൾ വടക്കൻ കടലിൽ ഒഴുക്കി.

കടുത്ത ഏകാന്തതയുടെ നിശ്വാസങ്ങൾ ഉയർന്നിരുന്ന സ്പാൻഡോ നിന്ന സ്ഥലം ഇന്ന് ഒരു ഷോപ്പിംഗ്‌ കോംപ്ലക്സാണ്.

Tuesday, June 4, 2013

ചായക്കോപ്പയിലെ കൊടുങ്കാറ്റ്

ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യിൽ NSS-നെതിരെ വന്ന മുഖപ്രസംഗം വലിയ വിവാദം ഉണ്ടാക്കിയിരിക്കുകയാണല്ലോ. നായർ സർവീസ് സൊസൈറ്റിയും സുകുമാരൻ നായരും ഈ ലേഖനത്തെ ചൊല്ലി ഒരു കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുവാൻ പോകുന്നു. കേസ് എന്നൊക്കെ പറയുന്നത് വെറും ഉമ്മാക്കി കാണിക്കലാണെന്ന് എല്ലാവർക്കും അറിയാം. കോലാഹലമൊക്കെ കെട്ടടങ്ങുമ്പോൾ കേസിന്റെ കാര്യം മാനം നഷ്ടപ്പെട്ടവർ പോലും മറക്കും. അതു മാത്രവുമല്ല, ഒരു കോടി എന്നൊക്കെ പറയുന്നത് നായന്മാർക്ക് ഒരു വൻതുക ആയി തോന്നിയേക്കാമെങ്കിലും ചന്ദ്രികയ്ക്കും മുസ്ലിംലീഗിനും അത് കപ്പലണ്ടിക്ക് കൊടുക്കുന്നതുപോലെയേ ഉള്ളൂ. പൊതുമരാമത്ത്, വ്യവസായം, വിദ്യാഭ്യാസം എന്നീ വകുപ്പുകളൊക്കെ കൈകാര്യം ചെയ്യുന്ന പാർട്ടിക്ക് ഒരു കോടി എന്താണ്? ഇത്രയേ ഉള്ളോ സുകുമാരൻ നായരുടെ മാനത്തിന്റെ വില എന്ന് അവർ മനസിലോർത്ത് ചിരിക്കാതിരുന്നാൽ മതി.

ലേഖനം വീണ്ടും വായിച്ചുനോക്കുമ്പോൾ ഇത്രയൊക്കെ കോപിക്കാൻ അതിൽ എന്തെങ്കിലും ഉണ്ടോ എന്നൊരു സംശയം. ചില ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നു, അതിന് ചുട്ട മറുപടി കൊടുത്താൽ പോരേ? അല്ലാതെ 'ഞാൻ സാറിനോട് പറയും' എന്നു നിലവിളിച്ചോടുന്ന കുട്ടികളെപ്പോലെയാകരുത് എൻ.എസ്.എസ്. ലേഖനത്തിലെ പ്രധാന വസ്തുതകളാണ് താഴെ കൊടുത്തിരിക്കുന്നത്‌. അതിൽ ജനറൽ സെക്രട്ടറിയുടെ മാനം കളയുന്ന ഭാഗം ഏതാണെന്ന് മനസ്സിലാകുന്നില്ല. അദ്ദേഹം ഒരു പ്യൂണ്‍ ആയാണ് ജോലി തുടങ്ങിയത് എന്ന ഭാഗത്തിലെ ഹുങ്ക് കാണാതെയല്ല പറയുന്നത്. ഗൾഫ് പണം കൊണ്ട് തിന്നുകൊഴുത്ത ഏതെങ്കിലും മരുഭൂമിവാസി പറഞ്ഞുകൊടുത്ത് എഴുതിച്ചതാവണം ഇത്. അതു മാറ്റിവെച്ചാലും ബാക്കി കാര്യങ്ങളിൽ വസ്തുതാപരമായ തെറ്റ് എന്താണെന്ന് വിശദീകരിക്കണം.

1. എൻ.എസ്.എസ് . കമ്മ്യൂണിസ്റ്റ് വിരുദ്ധരാണെങ്കിലും നല്ല നായർ സ്ഥാനാർഥികളാണെങ്കിൽ ജാതി മാത്രം നോക്കി വോട്ട് ചെയ്യാറുണ്ട്.
2. കേരളരാഷ്ട്രീയത്തിന്റെ ഉൾച്ചുഴികൾ മനസ്സിലാക്കാതെ രമേശ്‌ ചെന്നിത്തലയെ മന്ത്രിയാക്കാൻ ഇറങ്ങിത്തിരിച്ചതുകൊണ്ടാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്.
3. വേദം കേള്‍ക്കാന്‍പോലും യോഗ്യതയില്ലാത്ത ശൂദ്രവര്‍ഗത്തിൽ പെട്ടതാണെങ്കിലും തങ്ങൾ മുന്നോക്കക്കാരാണെന്ന മിഥ്യാഭിമാനത്തിന്റെ ബലത്തില്‍ കെട്ടിയുണ്ടാക്കിയതാണ് എൻ.എസ്.എസിന്റെ അസ്തിവാരം. 

4. മകൾ സുജാതയെ വി.സി.യോ പി.വി.സി.യോ ആക്കണമെന്ന് സുകുമാരൻ നായർക്ക് മോഹമുണ്ടായിരുന്നു.
5. സുകുമാരൻ നായർ ആദ്യം കേരള സർവിസ് കമ്പനിയിൽ പ്യൂണ്‍ ആയും പിന്നീട് എയർ ഇന്ത്യയിലും ജോലി ചെയ്തു.
6. എന്‍.എസ്.എസ് ആപ്പീസില്‍ ഗുമസ്തനായി സേവനം തുടങ്ങിയ നായർ ബന്ധുബലത്താലാണ് ഉയരങ്ങളിലേക്ക് എത്തിച്ചേർന്നത്.
7. ആര്‍.എസ്.എസിന്റെ അജണ്ടയുമായി നടക്കുന്ന നായർ വായ തുറന്നാൽ അതില്‍നിന്ന് ഒരു പ്രശ്‌നം ചിറകടിച്ചുയരും

ന്യൂനപക്ഷപ്രീണനം അതിന്റെ എല്ലാ അതിരുകളും ഭേദിച്ച് മുന്നോട്ടുപോകുന്ന കാഴ്ചയാണ് നാം കേരളത്തിൽ ഇന്നു കാണുന്നത്. ജനസംഖ്യയുടെ 45% ക്രിസ്ത്യാനികളുള്ള ലെബനോണിൽ അവരുടെ സ്ഥിതിയും വെറും 17% ക്രിസ്ത്യാനികളുള്ള കേരളത്തിലെ അവരുടെ സ്ഥിതിയും താരതമ്യപ്പെടുത്തുമ്പോൾ ഇരിക്കുന്ന കൊമ്പ് മുറിക്കാനുള്ള വ്യഗ്രതയിൽ നമുക്ക് സഹതപിക്കാം. പക്ഷേ വെള്ളാപ്പള്ളിയും സുകുമാരൻ നായരുമൊന്നും ചരിത്രം വെച്ചുനീട്ടുന്ന ഈ സുവർണമുഹൂർത്തം തിരിച്ചറിയാൻ പോലും ആർജവമുള്ളവരല്ല എന്ന് തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. വെറും വാചാടോപം മാത്രമാണ് ഈ പ്രമാണിമാരുടെ കൈമുതൽ. നായർ ക്ഷേത്രങ്ങളിൽ സ്വന്തം ജാതിയിൽപെട്ട പൂജാരിമാരെ നിയോഗിക്കും എന്നുള്ള നായരുടെ വാഗ്ധോരണിയിൽ അത്ഭുതം പൂണ്ട് ഞാൻ അദ്ദേഹത്തെ പ്രശംസിച്ചുകൊണ്ട് ഒരു ബ്ലോഗ്‌ എഴുതിയിരുന്നു. പക്ഷേ വെറും ചപ്പടാച്ചി മാത്രമായിരുന്നു അത് എന്ന് പിന്നീട് മനസ്സിലായി. മടിയിൽ കനമുള്ളവന് ഒരു ജനതയെ നയിക്കാൻ എങ്ങനെ സാധിക്കും?

Friday, May 31, 2013

വ്യത്യസ്തനല്ലാത്ത ബാർബർ

ഉൾക്കടൽ എന്ന ചിത്രത്തിലെ ഒരു രംഗം
ഇഷ്ടമില്ലെങ്കിലും ഇടയ്ക്കിടെ കാണേണ്ടിവരുന്ന ഒരു കൂട്ടരാണല്ലോ ബാർബർമാർ. മുടിനീട്ടുകയല്ലാതെ ഗത്യന്തരമില്ലെന്നായപ്പോൾ കൂട്ടത്തിലൊരുവനെ കാണാൻ പോയി. മറ്റാരും ആ സമയം കടയിൽ ഇല്ലാതിരുന്നതുകൊണ്ട്‌ ആഘോഷപൂർവം കസേരയിലേക്ക് ആനയിക്കപ്പെട്ടു, പൊന്നാട എടുത്തണിയിച്ചു. ഒരു മൂല്യവർദ്ധിതസേവനം എന്ന നിലയിൽ എഫ്.എം.റേഡിയോ ഓണ്‍ ചെയ്തുതന്നു.

"ഒ.എൻ.വി. കുറുപ്പ് രചിച്ച ഗാനങ്ങളാണ് നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത്. അടുത്തതായി ഉൾക്കടൽ എന്ന ചിത്രത്തിൽ നിന്നൊരു ഗാനം", അവതാരിക ഹൃദ്യമായി പറഞ്ഞു. ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും നല്ലതായതുകൊണ്ടും ഒ.എൻ.വിയുടെ രചനകൾ ഈ മുടിവെട്ടിനെ സന്തോഷകരമാക്കുമെന്ന പ്രതീക്ഷ കൊണ്ടും ഞാൻ ചാരിതാർത്ഥ്യം  പൂണ്ടു -  പഴഞ്ചൊല്ലിൽ പറയുന്നതുപോലെ ഒരല്പം നേരത്തേ. "എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ പെണ്‍കൊടീ....", ഗാനഗന്ധർവൻ പാടിത്തുടങ്ങി.

ബാർബറുടെ മുഖം കോടുന്നത് ഞാൻ കണ്ണാടിയിൽ കണ്ടു. 'ഏതവനെടാ-ഈ-പാട്ടൊക്കെ-കേൾക്കുന്നത് ' എന്ന മുഖഭാവത്തോടെ ആ നീചൻ നടന്നുചെന്ന് റേഡിയോയിൽ മറ്റേതോ സ്റ്റേഷൻ വെച്ചു. പാടുന്നതെന്തെന്നുപോലും കേൾക്കാനാവാത്ത കാടൻ സംഗീതവുമായുള്ള ഒരു ഹിന്ദി ആഭാസം! അയാൾ സന്തോഷത്തോടെ മുടിവെട്ട് തുടർന്നു. 'ചിരയ്ക്കൽ' തന്നെയാണ്  ഇയാൾക്ക് പറ്റിയ പണിയെന്ന് വിഷമത്തോടെ ഞാനോർത്തു. (സഹൃദയരായ ബാർബർ സുഹൃത്തുക്കൾ സദയം ക്ഷമിക്കുക).

"വ്യാപാരമേ ഹനനമാം വനവേടനുണ്ടോ
വ്യാപന്നമാം കഴുകനെന്നും കപോതമെന്നും"

ആശാന്റെ വരികൾ എത്ര സാർഥകമാണ് !



Monday, May 27, 2013

ദയവായി ചിരിപ്പിക്കരുതേ....

ഇന്നലെ രാത്രി കോഴിക്കോട് നഗരത്തിൽ ദാരുണമായ ഒരു അപകടം ഉണ്ടായി. അശ്രദ്ധമായി തുറന്നിട്ടിരുന്ന ഓടയിൽ ഒരു സ്ത്രീ കാലുതെറ്റി വീഴുകയും കനത്ത മഴയെത്തുടർന്ന് നിറഞ്ഞൊഴുകിയിരുന്ന വെള്ളത്തിൽ മുങ്ങിമരിക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉടൻ സട കുടഞ്ഞെഴുന്നേറ്റു. കോഴിക്കോട് ജില്ലയിലെ എല്ലാ തുറന്നുകിടക്കുന്ന ഓടകളും മൂടാൻ മന്ത്രി മുനീർ കർശനനിർദേശം നൽകിയതായി ഫ്ലാഷ് ന്യൂസ്‌ കണ്ടു.

പൊട്ടിച്ചിരിച്ചുപോയി.

മറ്റു ജില്ലകളിലും ആരെങ്കിലുമൊക്കെ ഓടയിൽ വീണു മരിക്കാൻ തയ്യാറാവുകയാണെങ്കിൽ അവിടെയും ഓടകൾ മൂടാൻ  പുംഗവന്മാർ തയ്യാറാവുമായിരിക്കും.

ഇരുട്ടുകൊണ്ട് ഓട്ടയടക്കുന്നു (അതോ ഓടയോ!) എന്നൊക്കെ പറയേണ്ടത് ഇതിനെയല്ലേ?

Tuesday, April 30, 2013

പറയൂ ഞാനൊരു സുന്ദരി എന്ന്.....

റഫീക്ക് അഹമ്മദ്
ഒരു ഗാനം മനസ്സിൽ കടന്നുകൂടുന്നത് എത്ര അപ്രതീക്ഷിതമായാണ്! പുതിയ പാട്ടുകൾ പലപ്പോഴും ഒരു സോഷ്യൽ ഗാതറിങ്ങിൽ മാത്രമേ കേൾക്കാറുള്ളൂ. എന്റെ സ്വന്തം ഗാനശേഖരം വയലാർ മരിച്ച വിവരം പോലും അറിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച വാഹനം സർവീസിനു കൊടുത്തതിനുശേഷം അത്യാവശ്യമായി ഒരു സ്ഥലം വരെ പോകാൻ ആനവണ്ടിക്കു കാത്തുനിന്നു. നഷ്ടം നികത്താനായിരിക്കണം എല്ലാറ്റിനേയും 'സ്റ്റോപ്പ്‌ ലിമിറ്റഡ്' ആക്കി മാറ്റിയിരിക്കുന്നു. അത് നമ്മുടെ സ്റ്റോപ്പിൽ നിർത്തുകയുമില്ല. ഏറെ നേരം നിന്ന് കാലുകഴച്ചപ്പോഴാണ് ഒരു ലോ-ഫ്ലോർ അതുവഴി വന്നത്. കഴുത്തറുപ്പൻ റേറ്റായതുകൊണ്ട് അത് എവിടെയും നിർത്തും. നിവൃത്തിയില്ലാത്തതുകൊണ്ട് കയറി. ആവശ്യത്തിന് സീറ്റുകൾ ഒഴിവുണ്ട്, കൂടാതെ തണുപ്പും പാട്ടും. തരക്കേടില്ലെന്നു തോന്നി. വണ്ടി നീങ്ങിയതും ബസ്സിൽ മുഴങ്ങിയ പാട്ടാണ് 'പറയൂ ഞാനൊരു സുന്ദരി എന്ന്...' എന്നത്. തട്ടുപൊളിപ്പൻ സംഗീതം.

വോൾവോ ബസ്സുകളിൽ അതിന്റെ പുറകുവശത്തേക്ക് തിരിച്ചുവെച്ചിട്ടുള്ള രണ്ടു സീറ്റുകൾ മുൻഭാഗത്തുണ്ട്. സാധാരണഗതിയിൽ ആരും അതിലിരിക്കാൻ മടിക്കും. ബസ്സിലുള്ള ജനത്തിനു മുഴുവൻ മുഖംകൊടുത്തുള്ള ഇരിപ്പ് സഭാകമ്പമുള്ള ആരും ഒഴിവാക്കും. ഇവിടെ നന്നായി അണിഞ്ഞൊരുങ്ങിയ ഒരു 35 തോന്നിക്കുന്ന സുന്ദരി വേറെ സീറ്റില്ലാത്തതുകൊണ്ട് അവിടെ ഇരിക്കുന്നുണ്ട്‌. ബസ്സിലെ ബാക്കി പുരുഷന്മാരെല്ലാം പാട്ടിൽ ഹരം പിടിച്ച്  'പ്രത്യേകിച്ച് പറയാനുണ്ടോ, നീയൊരു സുന്ദരി തന്നെ' എന്ന മനോഭാവത്തോടെ അവരെ തുറിച്ചുനോക്കുന്നു. ഗത്യന്തരമില്ലാതെ അവൾ പുറത്തെ കാഴ്ചകളും നോക്കി നിർവികാരതയോടെ ഇരുന്നു. നല്ല ആംബിയൻസ് ആയി തോന്നി.

പിന്നീട് വീട്ടിൽവന്ന് നെറ്റിൽ പരതിനോക്കിയപ്പോഴാണ് ആ ഗാനം 'ലക്കി സ്റ്റാർ' എന്ന ചിത്രത്തിലേതാണെന്ന് മനസ്സിലായത്. വരികൾ പരിശോധിക്കുമ്പോൾ ഒരു ഇരുത്തം വന്ന രചയിതാവിന്റെ കൃതിയാണെന്നു തോന്നിച്ചു. പ്രത്യേകിച്ചും ആ 'കിനാവിനോടൊരു കടം പറഞ്ഞേനെ' എന്ന പ്രയോഗം ഹൃദ്യമായി തോന്നി. വെറും ഒരു ഐറ്റം നമ്പറിനു വേണ്ടി എഴുതിയ പാട്ടിൽപോലും കാമ്പുള്ള വരികൾ നിരത്തിയ കവി ആരെന്നുള്ള അന്വേഷണം റഫീക്ക് അഹമ്മദിലാണ് ചെന്നുനിന്നത്. അത്ഭുതവും ആഹ്ലാദവും തോന്നി. മുൻപെപ്പൊഴെല്ലാം ഇത്തരം അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടോ അപ്പോഴെല്ലാം അത് തിരഞ്ഞുചെന്നത് വയലാറിന്റെയോ തമ്പിയുടെയോ ഒ.എൻ.വിയുടെയോ തൂലികത്തുമ്പിലായിരുന്നു. ഈയിടെയായി വളരെ ശ്രദ്ധിക്കപ്പെടുന്ന അഹമ്മദ് ആ ശ്രേണിയിലേക്ക് അധികം വൈകാതെ കടന്നിരിക്കുമോ?

തനിക്കുവേണ്ടി ഒരു സിംഹാസനമാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും ഒന്നു മനസ്സുവെച്ചാൽ അതിൽ അർഹതയോടെ തന്നെ ചെന്നിരിക്കാൻ കഴിയുമെന്നും ഉറച്ച ബോധ്യം അഹമ്മദിനുണ്ടെങ്കിൽ മലയാളഗാനരംഗത്ത് ഒരു നവവസന്തം വിരിയിക്കാൻ അദ്ദേഹത്തിനു കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ചതിക്കുഴികളും പ്രലോഭനങ്ങളും നിറഞ്ഞ ചലച്ചിത്രവീഥിയിൽ ഇടയ്ക്കുവെച്ച് ആ പ്രതിഭയ്ക്ക് കാലിടറാതിരിക്കട്ടെ.

Thursday, April 11, 2013

ആദ്യം കാലുകുത്തിയ വിദേശി

വാസ്‌കോ ഡാ ഗാമ (1460 - 1524)
കേരളത്തിൽ ആദ്യമായി കാലുകുത്തിയ പോർച്ചുഗീസ് നാവികൻ ആരാണ്? വാസ്‌കോ ഡാ ഗാമ എന്ന ഉത്തരം ലഭിക്കാൻ വലിയ താമസമൊന്നും വേണ്ടിവരില്ല. അദ്ദേഹം കപ്പലിറങ്ങിയ സ്ഥലവും കാണാൻ സാധിക്കും - കോഴിക്കോടിനടുത്ത് കാപ്പാട്. 500 വർഷങ്ങൾക്കുമുൻപ് നടന്ന ആ കാലുകുത്തലുമായി ബന്ധപ്പെട്ട ചില സംഭവങ്ങൾ.

1497 ജൂലൈ 7 ന്  പോർച്ചുഗലിൽനിന്ന് മൂന്നു കപ്പലുകളുമായി പുറപ്പെട്ട ഗാമയും 117  സംഘാംഗങ്ങളും 1498 ഏപ്രിൽ 15 ന് കിഴക്കനാഫ്രിക്കയിലെ മാലിന്ദി എന്ന തുറമുഖത്തെത്തി. മുൻപ് കണ്ടുമുട്ടിയ ഗോത്രവർഗക്കാരുമായെല്ലാം അടിവെച്ചുപിരിഞ്ഞ ഗാമ ഇവിടെയും തനിസ്വഭാവം പുറത്തെടുത്തു. ഇന്ത്യയിലേക്ക് പോകാൻ പരിചയസമ്പന്നനായ ഒരു വഴികാട്ടിയെയാണ് ആവശ്യപ്പെട്ടത്. നാടുവാഴിയുടെ ഒരു വിശ്വസ്തസേവകനെ തടവിലാക്കിക്കൊണ്ട് ഗാമ തന്റെ ആവശ്യം നേടിയെടുത്തു. അറബിക്കടലിനുകുറുകെ നീങ്ങിയ സംഘം മെയ്‌ 18 ന് കര കാണുകയും 20 ന് ഞായറാഴ്ച കോഴിക്കോടിനും പന്തലായിനിക്കും മദ്ധ്യേ നങ്കൂരമിട്ടു. ചെറുവഞ്ചികൾ കപ്പലിനെ സമീപിച്ച് കരയിലേക്കുവരാൻ നാവികരോട് അഭ്യർഥിച്ചു.

കുടിക്കുന്ന വെള്ളത്തെപ്പോലും അവിശ്വസിച്ചിരുന്ന ഗാമ പെട്ടെന്ന് അതിനു തയ്യാറായില്ല. സംശയാലുവായ അദ്ദേഹം കുറെ കുറ്റവാളികളെയും നൌകയിൽ കൊണ്ടുവന്നിരുന്നു. സ്വാതന്ത്ര്യം വാഗ്ദാനം ചെയ്ത് അപകടകരമായ ദൌത്യങ്ങൾ ഏൽപ്പിക്കാനായിരുന്നു അവരെ കൂടെ കൂട്ടിയിരുന്നത്. ചതിപ്രയോഗം സംശയിച്ചിരുന്ന ഗാമ ജോവോ നൂനെസ് എന്ന ഒരു മുൻകുറ്റവാളിയെയാണ് മെയ്‌ 21 ന് ആദ്യമായി കരയിലിറങ്ങാൻ നിയോഗിച്ചത്. അയാൾ അങ്ങനെ ചരിത്രത്തിലേക്ക് നടന്നിറങ്ങി. ഒരാഴ്ച കൂടി കഴിഞ്ഞ്‌ സാമൂതിരി നിർബന്ധമായും ഗാമയെ കാണണമെന്നാവശ്യപ്പെട്ടപ്പോഴാണ് മെയ്‌ 28 ന് അദ്ദേഹം കരയിലെത്തുന്നത്.

സാമൂതിരിയും കേരളത്തിലെ ജനങ്ങളും വഴിതിരിഞ്ഞുപോയ ക്രിസ്തീയ ജനതയാണെന്നാണ് പോർച്ചുഗീസുകാർ കരുതിയത്‌. ക്ഷേത്രസന്ദർശനവും അവിടത്തെ വിഗ്രഹങ്ങളും ആരാധനാരീതികളുമൊന്നും ആ ധാരണ തിരുത്താൻ സഹായിച്ചില്ല എന്നതാണ് അത്ഭുതം. ഗാമ പോർച്ചുഗലിൽ തിരിച്ചെത്തിയതിനുശേഷം അയക്കപ്പെട്ട പെഡ്രോ അൽവാരെസ് കബ്രാളിന്റെ ദൌത്യവും ഈ ക്രിസ്തീയരാജാവിന് സഹായം ചെയ്ത് ഒട്ടോമൻ-മാമലൂക് സുൽത്താൻമാർക്കെതിരായ യുദ്ധത്തിൽ അവരെ പങ്കാളികളാക്കാം എന്നതായിരുന്നു. സാമൂതിരിയും ഗാമയും സംസാരിച്ചത് അവരവരുടെ ഭാഷകളിലായിരുന്നെങ്കിലും മാധ്യമമായി വർത്തിച്ചത്  അറബി ഭാഷയായിരുന്നു. രാജസദസ്സിലെ മുസ്ലിം സ്വാധീനം ഗാമ എതിർക്കുകയും അടികലശലിൽ എത്തുകയും ചെയ്തു. കോഴിക്കോടുള്ള ചില പ്രമുഖരെ തടവുകാരായി പോർച്ചുഗലിലേക്ക് കൊണ്ടുപോയി.

അതുകൊണ്ട് ആദ്യം കാലുകുത്തിയ പോർച്ചുഗീസുകാരൻ ആര് എന്നു ചോദിച്ചാൽ എന്തു പറയും? കൃഷ്ണരാജസാഗര അണക്കെട്ട് നിർമിച്ചത് സർ വിശ്വേശ്വരയ്യ ആണ് എന്നു പറയുന്ന അർത്ഥത്തിൽ ഗാമയാണ് എന്നു പറയാം. അല്ലെങ്കിൽ ജോവോ നൂനെസിനെ മറക്കരുത്.

Thursday, March 21, 2013

നിർബന്ധമായും ഉണ്ടായിരിക്കേണ്ട പുസ്തകങ്ങൾ

കേരളചരിത്രത്തേയും സംസ്കാരത്തേയും കുറിച്ചുള്ള കുറിപ്പുകൾ തയ്യാറാക്കുന്നതിന് അവശ്യമായും കയ്യിൽ സൂക്ഷിക്കേണ്ട ചില പുസ്തകങ്ങൾ.

1. ഭാസ്കരനുണ്ണി. പി. - പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം (കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ, 2000)
2. കുഞ്ഞൻപിള്ള, ഇളംകുളം - ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ (കോട്ടയം, 1961)
3. കുഞ്ഞൻപിള്ള, ഇളംകുളം - കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ (കോട്ടയം, 1963)
4. ഗോപാലകൃഷ്ണൻ പി.കെ - കേരളത്തിന്റെ സാംസ്കാരികചരിത്രം (കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് )
5. റോബിൻ ജെഫ്രി - The Decline and Fall of Nair Dominance
6. ശ്രീധരമേനോൻ എ - കേരളചരിത്രം (നാഷണൽ ബുക്ക്‌ സ്റ്റാൾ)
7. ശ്രീധരമേനോൻ എ - കേരളവും സ്വാതന്ത്ര്യ സമരവും (ഡി.സി.ബുക്സ്)
8. ശങ്കുണ്ണിമേനോൻ പി - തിരുവിതാംകൂർ ചരിത്രം (കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട്)
9. ബാലകൃഷ്ണൻ പി. കെ - ജാതിവ്യവസ്ഥയും കേരളചരിത്രവും (നാഷണൽ ബുക്ക്‌ സ്റ്റാൾ)
10. പദ്മനാഭമേനോൻ - കൊച്ചി രാജ്യചരിത്രം
 

Monday, March 4, 2013

ആത്മാവിന്റെ ഹിമാലയം

"ഇന്ത്യയുടെ തത്വജ്ഞാനത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഉപനിഷത്ത്; ലോകചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദിശൃംഗവും. അതിനാല്‍ ഉപനിഷത്തെന്ന്‍ കേള്‍ക്കുമ്പോള്‍, അറിയുന്നവരുടെ മനസ്സില്‍ പര്‍വതരാജനായ ഹിമാലയത്തിന്റെ ചിത്രം താനേ ഉയര്‍ന്നുവരുന്നു. വ്യോമം ഭേദിച്ച ഹിമാലയത്തിന്റെ താഴ്വരകളില്‍ നിന്നും സമതലങ്ങളില്‍നിന്നുമാണ് ഈ രണ്ടാം ഹിമാലയം ഉണ്ടായത്. എങ്കിലും അതുയര്‍ന്നുയര്‍ന്ന്‍ പരമവ്യോമം വരെ ചെന്നു മുട്ടിയപ്പോള്‍, ഹിമാലയത്തെക്കാള്‍ എത്രയോ മഹത്വമാര്‍ന്ന ഒരു കാവല്‍ക്കാരനെ ഭാരതത്തിന്‌ കിട്ടി."

കഴിഞ്ഞ വര്‍ഷം അന്തരിച്ച ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ 'തത്വമസി'യിലെ ആദ്യത്തെ വരികളാണിത്. എനിക്ക് സമ്മാനമായി ലഭിച്ച പുസ്തകമായതുകൊണ്ടാകാം തത്വമസി നന്നേ ചെറുപ്പത്തിലേ വായിച്ചിരുന്നു. അതിലെ ഗഹനമായ ചിന്തകളൊന്നും ചെവികള്‍ക്കിടയില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ മഹദ്ഗ്രന്ഥം വായിച്ചു തീര്‍ക്കണം എന്ന വാശിയോടെ അതുമുഴുവന്‍ ഒരു കണക്കിന് വായിച്ചെത്തിച്ചു. ആ വൃക്ഷത്തിലെ ഏതാണ്ടെല്ലാ ശിഖരങ്ങളും എനിക്ക് കയ്യെത്താവുന്നതിലും ഉയരത്തിലായിരുന്നെങ്കിലും താഴേക്ക് ചാഞ്ഞുനിന്നിരുന്ന 'ആത്മാവിന്റെ ഹിമാലയം' എന്ന ചില്ല വളരെ ആകര്‍ഷണീയമായി മാറി. ഭാരതത്തിന് ഹിമാലയം ഒരു ഭൌമശാസ്ത്രപരമായ അതിരു മാത്രമല്ല, അതിന്റെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ചിന്തയുടേയും കുടിയിരിപ്പുകൂടിയാണ്. ഭൌതികഹിമാലയം രാജ്യത്തിന് എങ്ങനെയാണോ അതിലും ഉത്കര്‍ഷമായ വിധത്തിലാണ് ഭാരതീയ തത്വചിന്തയ്ക്ക് ഉപനിഷത്തുക്കള്‍ എന്നാണ് അഴീക്കോട്‌ സ്ഥാപിക്കുന്നത്.

മഞ്ഞണിഞ്ഞ ഹിമാലയസാനുക്കള്‍ എന്നും എന്നെ ആകര്‍ഷിച്ചിരുന്നു. ആല്‍പ്സും ഹിമാലയവും ചിത്രങ്ങളിലേ കണ്ടിട്ടുള്ളൂ എങ്കിലും ഒറ്റനോട്ടത്തില്‍ തന്നെ അവയെ വേര്‍തിരിച്ചറിയുന്നത് എന്തുകൊണ്ടാണ്? ഹിമവാന്റെ അദൃശ്യകരങ്ങള്‍ തലമുറകളിലൂടെ വളര്‍ന്ന്  ഇവിടത്തെ ഓരോ കുഞ്ഞിന്റെയും തലച്ചോറില്‍ മായ്ക്കാനാവാത്തവിധം പതിഞ്ഞിട്ടുണ്ടാകാം. ആ പര്‍വതശ്രേഷ്ഠനെ തിരിച്ചറിയുവാനുള്ള ഒരു ജീന്‍ നമ്മുടെ ജനിതകഘടനയില്‍ പരിണാമം രേഖപ്പെടുത്തിയിട്ടുണ്ടാകുമോ?

ജീവിതത്തിലൊരിക്കലെങ്കിലും ഹിമവാന്റെ മടിത്തട്ടില്‍ ചെന്നിറങ്ങണമെന്ന് മനസ്സില്‍ പണ്ടുമുതലേയുള്ള ഒരു ചെറിയ മോഹം. ഇതുവരെ നടന്നില്ല, എങ്കിലും ഇനിയധികം വൈകിക്കേണ്ട എന്നൊരു തോന്നല്‍ ശക്തമായിവരുന്നു. ഹരിദ്വാറും ബദരീനാഥുമൊന്നുമല്ല, കാരക്കോറം മുതല്‍ അരുണാചല്‍ വരെ നീണ്ടുകിടക്കുന്ന ആ ഗിരിനിരയില്‍ എവിടെയെങ്കിലും കാലുകുത്താന്‍ ആഗ്രഹം ശക്തമാവുന്നു. ഡാര്‍ജീലിംഗും ഗാംഗ്ടോക്കും സന്ദര്‍ശിക്കാന്‍ വഴിതെളിയുന്നത് ഇങ്ങനെയാകാം!

Wednesday, February 27, 2013

പോപ്പ് അര്‍ബന്‍ എട്ടാമനും ഞാനും

ആദ്യം അല്പം ചരിത്രം.

പോവുന്നത് പതിനേഴാം നൂറ്റാണ്ടിലേക്ക്. കലാസാഹിത്യ രംഗങ്ങളില്‍ യൂറോപ്പ് നവോത്ഥാനത്തിന്റെ നിറവില്‍ ജ്വലിച്ചുനില്‍ക്കുന്നു. ശാസ്ത്രരംഗത്തും കുതിച്ചുചാട്ടം തുടങ്ങിക്കഴിഞ്ഞു. ഭൂമിയെ കേന്ദ്രമാക്കിക്കൊണ്ട് ഗലീലിയോ തന്റെ സിദ്ധാന്തം പ്രചരിപ്പിക്കുന്നു - കത്തോലിക്കാ സഭ അദ്ദേഹത്തെ തടവിലാക്കുന്നതുവരെ. യാഥാസ്ഥിതികത്വത്തിന്റേയും അസഹിഷ്ണുതയുടെയും മൂര്‍ത്തിമദ്ഭാവമായി വിശേഷിപ്പിക്കപ്പെടുന്ന അര്‍ബന്‍ എട്ടാമനാണ് പോപ്പ്. 1568-ല്‍ ജനിച്ച മഫിയോ ബര്‍ബെറീനി 1626-ലാണ് പരമോന്നതസ്ഥാനത്തെത്തുന്നത്. കലാകാരന്മാരേയും ശാസ്ത്രജ്ഞരേയും പ്രോത്സാഹിപ്പിച്ചിരുന്ന കര്‍ദിനാള്‍ ബര്‍ബെറീനി പക്ഷെ അര്‍ബന്‍ എട്ടാമനായി മാറിയപ്പോഴേക്കും അദ്ദേഹത്തിന്റെ സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകഴിഞ്ഞിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത വിധേയത്വം അദ്ദേഹം മറ്റുള്ളവരില്‍നിന്ന് ആവശ്യപ്പെട്ടു. യൂറോപ്പിനെ ആകെ ഗ്രസിച്ചിരുന്ന മുപ്പതുസംവത്സരയുദ്ധം (1618-1648) പോപ്പിന്റെ മനസ്സമാധാനം കെടുത്തി. കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മില്‍ തുടങ്ങിയ യുദ്ധം ക്രമേണ ഭൂഖണ്ഡമാകെ പടര്‍ന്നുപിടിച്ചു. 20-ആം നൂറ്റാണ്ടിലായിരുന്നെങ്കില്‍ അത് ഒരു ലോകയുദ്ധമായി മാറിയേനെ. പക്ഷേ അന്ന് കോളനികളുടെ മേലുള്ള യൂറോപ്പിന്റെ പിടി ശക്തമായിരുന്നില്ലല്ലോ. യുദ്ധതന്ത്രങ്ങളും മുറകളും മെനഞ്ഞുനടന്ന വിശ്വാസികളുടെ ഇടയന് ഉറക്കം നഷ്ടപ്പെട്ടതില്‍ അത്ഭുതമില്ല. മാനസികപിരിമുറുക്കത്തില്‍ സമനില തെറ്റിക്കൊണ്ടിരുന്ന അര്‍ബന്‍ എട്ടാമനില്‍നിന്ന് ഗലീലിയോക്ക് ലഭിച്ച ശിക്ഷ ഇത്ര ചെറുതായിപ്പോയതിലാണ് ആശ്ചര്യപ്പെടേണ്ടത്‌. രാത്രികളില്‍ ഉറങ്ങാന്‍ സാധിക്കാതിരുന്ന പോപ്പ് തന്റെ പൂന്തോട്ടത്തില്‍ ചിലക്കുന്ന വളര്‍ത്തുപക്ഷികളെയെല്ലാം കൊന്നുകളയാന്‍പോലും ഉത്തരവിട്ടുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

ഇനി വര്‍ത്തമാനത്തിലേക്ക്..

തന്റെ ഉറക്കംകെടുത്തുന്ന പക്ഷികളെ കൊല്ലാന്‍ നിര്‍ദേശിച്ച അര്‍ബന്‍ എട്ടാമന്റെ ക്രൗര്യം എന്നെ അമ്പരപ്പിച്ചിരുന്നു, ഈ ഫെബ്രുവരി മാസം തുടങ്ങുന്നതുവരെ. ഈ മാസത്തിലാണ് കുയിലുകളുടെ പ്രജനനകാലം. മരങ്ങളായ മരങ്ങളിലെല്ലാം കുയിലുകളുടെ ഗാനമേള തന്നെ. രാവിന്റെ അന്ത്യയാമങ്ങളില്‍ മനുഷ്യരെല്ലാം ഏറ്റവും ഗാഢമായ സുഷുപ്തിയിലായിരിക്കുമ്പോള്‍ അവറ്റ പാട്ടുതുടങ്ങുകയായി. ഉറക്കം കിട്ടാതെ ബുദ്ധിമുട്ടുന്ന മാസമായി ഫെബ്രുവരി. സംഗീതം എല്ലാവരും ആസ്വദിക്കും, പക്ഷേ ലൌഡ്സ്പീക്കറിന്റെ തൊട്ടുതാഴെയിരുന്ന് എങ്ങനെ ആസ്വദിക്കാനാണ്? കുയിലിന്റെ പാട്ട് അകലെയായിരുന്നെങ്കില്‍ ഹൃദ്യമായിരിക്കുമെങ്കിലും വീടിനു തൊട്ടുവെളിയില്‍....അര്‍ബന്‍ എട്ടാമനോട് സഹതാപം തോന്നിപ്പോയതില്‍ അതിശയിക്കാനില്ലല്ലോ.

ഒ.എന്‍ .വിയുടെ ഒരു പഴയ സിനിമാഗാനവും മനസ്സില്‍ വന്നു.

രാക്കുയിലേ, ഉറങ്ങൂ,
ഈ കുളിരില്‍ മയങ്ങൂ,
ഏതോ ചിലമ്പിന്‍ സ്വരാമൃതം
നുകര്‍ന്നുറങ്ങീ നിശീഥം....

Tuesday, February 12, 2013

ഹാര്‍മണി മാഗസിന്‍

ഹാര്‍മണി എന്ന കുടുംബമാഗസിന്റെ  ആദ്യ ലക്കത്തിന്  എഴുതിയ പ്രതികരണം
-----------------------------------------------------------------------------------------
 
'ഹാര്‍മണി' വായിച്ചു. നല്ലൊരു തുടക്കം. മാഗസിന്റെ കാര്യം പണ്ട് പറഞ്ഞപ്പോഴെല്ലാം മറ്റു പല പ്രോജെക്ടുകളും പോലെ ഇതും ഡ്രോയിംഗ് ബോര്‍ഡിനപ്പുറം പോകുമെന്നു വിചാരിച്ചിരുന്നില്ല. 70 പേജില്‍ ഇത്രയധികം പേരുടെ രചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു മാഗസിന്‍ പ്രസിദ്ധീകരിക്കുന്നതിലെ നിശ്ചയദാര്‍ഢ്യത്തിന് അഭിനന്ദനങ്ങള്‍. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് പഴങ്കഥയാകുന്ന കാലഘട്ടത്തില്‍ ബന്ധങ്ങളിലെ ഇഴയടുപ്പം എന്നെ വിസ്മയിപ്പിക്കുന്നു.

പത്രാധിപക്കുറിപ്പ് നന്നായിട്ടുണ്ട്. 'സ്വപ്നം' എന്ന കഥ 'ചിറകൊടിഞ്ഞ കിനാവുകളുടെ' (അഴകിയ രാവണന്‍) ശൈലിയില്‍ പുരോഗമിച്ചെങ്കിലും അവസാന പാരഗ്രാഫ് അതിന് വേറിട്ടൊരു പരിവേഷം നല്‍കി.

'ണ്ട' എന്ന അക്ഷരത്തോടുള്ള വിരോധം ഒഴിവാക്കാമായിരുന്നു.

തുടര്‍ലക്കങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,

ആശംസകളോടെ,

Sunday, January 27, 2013

ചായക്കോപ്പയിലെ ഒരു പഴയ കൊടുങ്കാറ്റ്

ഞാന്‍ 1992-ലെ കോളേജ് മാഗസിനില്‍ എഴുതിയ ലേഖനമാണിത്. അംബേദ്‌കറേയും ഗാന്ധിജിയെയും താരതമ്യം ചെയ്തുകൊണ്ടെഴുതിയ ഈ പടപ്പിന് സാഹിത്യമേന്മയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഇത് പ്രസിദ്ധീകരിച്ചപ്പോള്‍ വലിയ ഒച്ചപ്പാടായി. കെ.എസ്.യു. ഒരു ദിവസത്തെ പഠിപ്പുമുടക്ക് നടത്തുകയും മാഗസിന്റെ വിതരണം നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്‍ അദ്ധ്യാപകരുടെ ഒരു സമിതി ഈ ലേഖനം വിശദമായി പഠിച്ചതിനു ശേഷം വിതരണം തുടരാമെന്ന് പ്രഖ്യാപിച്ചപ്പോഴാണ്  മാഗസിന്‍ കമ്മറ്റിക്കാരുടെ ശ്വാസം നേരെ വീണത്‌.  പിന്നീടും കെ.എസ്.യു.ക്കാര്‍ മുറുമുറുപ്പ് തുടര്‍ന്നു. അടുത്ത വര്‍ഷത്തെ അവരുടെ മാഗസിന്‍ എഡിറ്റര്‍ സ്ഥാനാര്‍ഥിയുടെ പ്രചാരണം തന്നെ രാഷ്ട്രപിതാവിനെ അവഹേളിച്ച എസ്.എഫ്.ഐ.യെ തറ പറ്റിക്കുക എന്നതായിരുന്നു. കാലം മാറി, രാഷ്ട്രീയ കാഴ്ചപ്പാടുകളും! ഇന്നെനിക്ക് കമ്യൂണിസ്റ്റ് ചിന്താഗതികളുമായി വിദൂരബന്ധം പോലുമില്ലെങ്കിലും 20 വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ആ പൊടിപറ്റിയ മാഗസിന്‍ വീണ്ടും എങ്ങനെയോ കയ്യിലെത്തിയപ്പോള്‍ പണ്ട് ഞാന്‍ നടന്നിരുന്ന ആ ഇടനാഴികളും അന്നത്തെ ആരവങ്ങളും എന്തിനോ വെറുതെ മനസ്സിലെത്തി. അങ്ങനെ ആ ലേഖനം മുഴുവന്‍ ഇവിടെ പകര്‍ത്താന്‍ തോന്നിയതിന്റെ ബാക്കിപത്രമാണ് താഴെ.

അംബേദ്‌കറും ഗാന്ധിയും


നമ്മുടെ രാഷ്ട്രപിതാവായി ഗണിക്കപ്പെട്ടു വരുന്നത് മഹാത്മാഗാന്ധിയെയാണല്ലോ. ദളിത്‌ വിഭാഗങ്ങളുടെ സമുദ്ധാരകനായിരുന്നു ബാബാസാഹെബ് എന്നു വിളിച്ചിരുന്ന ഡോ. ഭീമറാവ് റാംജി അംബേദ്‌കര്‍. ഈ രണ്ടു മഹാത്മാക്കളുടെയും ഗുണഗണങ്ങള്‍ താരതമ്യം ചെയ്യലല്ല ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നത്. ഇരുവര്‍ക്കും പരസ്പരം ഉണ്ടായിരുന്ന ധാരണയെയും അഭിപ്രായവ്യത്യാസങ്ങളെയും ഒന്ന് സ്പര്‍ശിക്കുക മാത്രമേ ഇതുകൊണ്ടുദ്ദേശിച്ചിട്ടുള്ളൂ. മഹാത്മാഗാന്ധിയെ ഏതെങ്കിലും വിധത്തില്‍ അവഹേളിക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല എന്നാദ്യമേ പറഞ്ഞുകൊള്ളട്ടെ.

മഹാത്മാവ് നമുക്ക് സ്വാതന്ത്ര്യം നേടാന്‍ വളരെയധികം പരിശ്രമിച്ചിട്ടുള്ള ഒരു ധീരനാണ്. അദ്ദേഹം തന്നെയാണ്  നമ്മുടെ സ്വാതന്ത്ര്യം എന്നാണ് അന്നത്തെ ഭാരതം ആര്‍ത്തുവിളിച്ചിരുന്നത്‌. ഗാന്ധിജിയോടുള്ള എല്ലാ ബഹുമാനങ്ങളോടുംകൂടെ ചോദിച്ചു കൊള്ളട്ടെ - എന്താണ് സ്വാതന്ത്ര്യം? ജനങ്ങളുടെ പൌരാവകാശങ്ങളെ കാത്തുസൂക്ഷിക്കാനും, നിയന്ത്രിക്കാനും, നിയമങ്ങള്‍ രൂപീകരിക്കാനുമുള്ള ഒരു സ്ഥാപനത്തെ അധികാരത്തിലേറ്റാനുള്ള അവകാശം ഇല്ലാതെ സ്വാതന്ത്ര്യം - അത് എന്തായാലും - നിലനില്‍ക്കില്ല എന്നു നമുക്കറിയാം. 

സ്വാതന്ത്ര്യപൂര്‍വ ഭാരതത്തില്‍ (ഒരു പക്ഷെ അതിനു ശേഷവും) ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക്‌ പൌരാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു എന്നത് ഒരു നഗ്നസത്യം മാത്രമാണ്. ഇങ്ങനെ നഷ്ടപ്പെട്ടവര്‍ക്ക് സംരക്ഷിക്കാന്‍ എന്തവകാശങ്ങള്‍ ബാക്കിയുണ്ട്? അത് സംരക്ഷിക്കാന്‍ ജനകീയ സര്‍ക്കാരെന്തിന്? ഹൈന്ദവ സമൂഹത്തില്‍ പടര്‍ന്നുപിടിച്ചിരുന്ന അയിത്തമെന്ന പായലിന്റെ കറ പുരളാത്തവരായി അന്ന് ആരും ഉണ്ടായിരുന്നില്ല (ചുരുക്കം ചിലര്‍ ഇതിനൊരു അപവാദമായേക്കാം). ഈ അയിത്തജാതിക്കാര്‍ക്ക് ഭരണഘടനാപരമായ സ്ഥാപനങ്ങളില്‍ പ്രത്യേകപ്രാതിനിധ്യം നല്‍കാന്‍ 1928-29ല്‍ ഭാരതം സന്ദര്‍ശിച്ച സൈമണ്‍ കമ്മിഷന്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി. ഈ കമ്മിഷനെ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് ബഹിഷ്കരിക്കുകയും അംബേദ്‌കര്‍ അടക്കമുള്ള ബഹിഷ്കൃത ഹിതകാരിണി സഭ സഹര്‍ഷം സ്വാഗതം ചെയ്യുകയുമുണ്ടായി. ഈ രണ്ടു നിലപാടുകളും ബന്ധപ്പെട്ട കക്ഷികളുടെ കാഴ്ചപ്പാടുകളുമായി തട്ടിച്ചു നോക്കിയാല്‍ ശരി തന്നെയാണ് എന്ന് കാണാന്‍ കഴിയും. സാമൂഹ്യപരമായി മുന്നില്‍ നിന്നിരുന്ന വരേണ്യവര്‍ഗത്തിനെ അന്നു പ്രതിനിധാനം ചെയ്തിരുന്ന കോണ്‍ഗ്രസ്സിന് ബ്രിട്ടീഷ് ഭരണം അസഹ്യമായപ്പോള്‍ 'സാമൂഹികാവകാശങ്ങള്‍ നേടിയെടുക്കുക, ശേഷം സ്വയംഭരണം' എന്നത് പ്രഥമകര്‍ത്തവ്യമായി അയിത്തജാതിക്കാര്‍ കരുതിയതിനെ എങ്ങനെ ധാര്‍മികമായി എതിര്‍ക്കാനാവും? അംബേദ്കറും ഗാന്ധിയും തമ്മില്‍ നടന്ന ആദ്യത്തെ ശീതസമരം ഇതുതന്നെയാണ്.

1930കളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ അയിത്തജാതിക്കാര്‍ക്ക് സഹായകമായ നിലപാടല്ല എടുത്തിരുന്നതെന്ന് വസ്തുതകള്‍ പരിശോധിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കും. 1928ല്‍ കോണ്‍ഗ്രസ്‌ നടത്തിയ സര്‍വകക്ഷിസമ്മേളനത്തില്‍ എല്ലാ പ്രധാനസംഘടനകളേയും അബ്രാഹ്മണസംഘടനയായ ദ്രാവിഡമഹാജനസഭയെപ്പോലും ക്ഷണിച്ചിരുന്നപ്പോള്‍ അംബേദ്‌കര്‍ നയിച്ചിരുന്ന ബഹിഷ്കൃതഹിതകാരിണി സഭയ്ക്ക്  ക്ഷണം ലഭിച്ചിരുന്നില്ലെന്നതില്‍ നിന്നു മനസ്സിലാക്കാം, അന്നത്തെ കോണ്‍ഗ്രസുകാരുടെ സാമൂഹ്യപരിഷ്കാരത്തിന്റെ ആക്കം.

ഗാന്ധിയുമായി അദ്ദേഹം വീണ്ടും ഇടയുന്നത്‌ വട്ടമേശസമ്മേളനത്തിനുശേഷമാണ്. 1930 നവംബറിലാണ് ആദ്യത്തെ വട്ടമേശസമ്മേളനം ലണ്ടനില്‍ വെച്ച് നടന്നത്. ഇത് കോണ്‍ഗ്രസ്‌ ബഹിഷ്കരിച്ചു. പങ്കെടുത്തവരെ ആദ്യമൊക്കെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ചെങ്കിലും പിന്നീട് നെഹ്രു തന്നെ ആ നിലപാട് തിരുത്തി. 
 
രണ്ടാം വട്ടമേശസമ്മേളനത്തില്‍ പങ്കെടുക്കാന്‍ തന്നെ കോണ്‍ഗ്രസ്‌ ഉറച്ചു. 1931ല്‍ ലണ്ടനില്‍ നടന്ന സമ്മേളനത്തില്‍ ഗാന്ധിജിയുടെ നിലപാട് വഞ്ചനാപരം എന്നല്ലെങ്കില്‍ വിചിത്രം എന്നെങ്കിലും പറയേണ്ടതാണ്‌. കോണ്‍ഗ്രസ്‌ അഥവാ താന്‍ സമസ്തശക്തികളുടേയും പ്രതിനിധിയാണ് എന്ന ഭാവമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലുടനീളം മുഴച്ചുനിന്നിരുന്നത്. ഭരണഘടനാപരമായ ചര്‍ച്ചക്കുപോയ ഗാന്ധിജി വേണ്ടപോലെ ആ വിഷയം അവതരിപ്പിക്കുകപോലുമുണ്ടായില്ല. ഇന്ത്യന്‍ സ്റ്റേറ്റുകളെ ദേശീയ ഫെഡറേഷനില്‍ ചേര്‍ക്കുന്നതിന് അംബേദ്‌കര്‍ ചില നിര്‍ദേശങ്ങള്‍ വെയ്ക്കുകയുണ്ടായി. ഇന്ത്യന്‍ രാജത്വത്തെ (Princehood) അവ ചൊടിപ്പിച്ചതില്‍ അതിശയിക്കാനില്ലല്ലോ. അത്ഭുതമെന്നു പറയട്ടെ, ഗാന്ധി രാജാക്കളെയാണ് അനുകൂലിച്ചത്. അദ്ദേഹത്തിന്റെ സ്വന്തം വാക്കുകളില്‍, "Here we have no right, in my humble way, to say to the states what they should do and what they shall not!". അതിനുശേഷം സമ്മേളനത്തിന്റെ പരിഗണനക്കെത്തിയത് വിവിധ സമുദായങ്ങള്‍ക്ക് നിയമനിര്‍മാണസഭയില്‍ പ്രത്യേക പ്രാതിനിധ്യം നല്‍കുക എന്ന ആവശ്യമായിരുന്നു. മുസ്ലിം, സിഖ് സമുദായങ്ങള്‍ക്ക് 'ചരിത്രപരമായ' കാരണങ്ങളാല്‍ പ്രാതിനിധ്യം നല്‍കാന്‍ തയ്യാറായ ഗാന്ധിജി അധകൃതര്‍ക്ക്, അവരെ ഹിന്ദുമതത്തില്‍നിന്ന്‍ വേറിട്ടുകാണുക സാധ്യമല്ലെന്ന കാരണത്താല്‍ പ്രാതിനിധ്യം നല്‍കുന്നതിനെ എതിര്‍ത്തു. അവരെ പ്രതിനിധീകരിക്കാന്‍ തന്നോളം അവകാശം മറ്റാര്‍ക്കുമില്ലെന്നുവരെ പ്രസ്താവിച്ച അദ്ദേഹം ആ സമ്മേളനത്തെ പൊള്ളയായ അവകാശവാദങ്ങളുടെ മഹാസമുദ്രത്തില്‍ മുക്കിത്താഴ്താനാണോ ശ്രമിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്‌ നേതാക്കളില്‍ തന്നെ ഗാന്ധിയുടെ നിലപാട് അസ്വസ്ഥത ജനിപ്പിച്ചു. മുസ്ലിം സമുദായത്തിന് അവര്‍ ആവശ്യപ്പെടുന്നതെന്തും (ബ്ലാങ്ക് ചെക്ക്) നല്‍കാന്‍ തയ്യാറായ അദ്ദേഹം അധകൃതര്‍ക്ക് ആ അവകാശങ്ങള്‍ ശക്തിയായി നിഷേധിച്ചതിനെ വാക്കുകളുടെ ഇന്ദ്രജാലത്തില്‍ മറ്റെന്തെങ്കിലും ആക്കിത്തീര്‍ക്കാന്‍ മറ്റൊരു ഗാന്ധിജി ജനിക്കേണ്ടിയിരിക്കുന്നു (അന്ന് അദ്ദേഹം അങ്ങനെ ചെയ്യാന്‍ ശ്രമിച്ചെങ്കിലും)!

ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ സ്വാതന്ത്ര്യമില്ലായ്മ, സവര്‍ണജാതിക്കാരെ കണ്ടാല്‍ വഴിമാറി നടക്കുക മുതലായ പീഡനങ്ങള്‍ പൊതുവായും മറ്റു ചിലയിടങ്ങളില്‍ ഒരു കുടം കഴുത്തില്‍ കെട്ടിയിടുക, ഒരു ചൂല്‍ അറയില്‍ ഞാത്തിയിടുക മുതലായവയും സഹിക്കേണ്ടിയിരുന്ന അവര്‍ണര്‍ക്ക് എതിരായി പ്രവര്‍ത്തിച്ച ഗാന്ധിജി അവരുടെ പ്രതിനിധിയായി ഭാവിച്ചതിനെ അംബേദ്‌കര്‍ എത്ര വീറോടെയാണ് എതിര്‍ത്തതെന്ന്  അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ മനസിലാക്കാം. "To that claim, I can only say that it is one of the many false claims which irresponsible people keep on making, although the persons concerned with regard to those claims have been invariably denying them".

ഈ ശീതസമരത്തിന്റെ തീവ്രത വീണ്ടും വര്‍ദ്ധിച്ചത് സ്വാതന്ത്ര്യത്തിനടുത്തെത്തിയപ്പോഴാണ്. പ്രധാന ചിന്തകരെല്ലാം തന്നെ ഗാന്ധിജിയുടെ അന്നത്തെ നിശ്ചലാവസ്ഥയെ വിമര്‍ശിച്ചിട്ടുണ്ട്. ഭാവിയിലെ ഐശ്വര്യത്തിനായി പാക്കിസ്ഥാന്‍ വിട്ടുകൊടുക്കണമെന്നും, അത് വൈകിക്കുന്നതുവഴി ദേശീയദ്രോഹം തന്നെയാണ് രാഷ്ട്രീയക്കാര്‍ ചെയ്യുന്നതെന്നുമാണ് അദ്ദേഹത്തിന്റെ 'Pakistan or the partition of India' എന്ന പുസ്തകത്തിന്റെ ധ്വനി എന്ന് അനായാസം മനസിലാക്കാം. പക്ഷെ ഒരു തുറന്ന സംഘട്ടനത്തിലേക്ക് ഇത് നയിച്ചില്ല. കൂടാതെ 1948ല്‍, ആരുടെ താല്‍പര്യങ്ങളെയാണോ താന്‍ സംരക്ഷിച്ചത്, ആ വിഭാഗത്തില്‍പെട്ട ഏതാനും മതഭ്രാന്തരുടെ ആയുധത്തിന് ഗാന്ധിജി ഇരയാവുകയും ചെയ്തല്ലോ.

കുറെയൊക്കെ മുന്‍വിധികള്‍ ഗാന്ധിജിക്ക് ഉണ്ടായിരുന്നു എന്ന് ഏവരും സമ്മതിക്കും. ഒരിക്കല്‍ അംബേദ്‌കറുമായി ചര്‍ച്ച നടത്തിയശേഷം ഗാന്ധിജി അന്വേഷിച്ചത് അദ്ദേഹത്തിന്റെ കുലം ഏതാണെന്നാണ്. അധകൃതരില്‍ താല്പര്യമെടുക്കുന്ന ഒരു ബ്രാഹ്മണനാണ് അംബേദ്‌കര്‍ എന്നാണ് അദ്ദേഹം കരുതിയത്. ഒരു അധകൃതന് അത്രയും ഉയരത്തില്‍ എത്താന്‍ കഴിയില്ല എന്ന മുന്‍വിധിയാണ് ഇതിനു കാരണമെന്നു സംശയലേശമെന്യേ പറയാം.

ഗാന്ധിജിയുടെ അഹിംസാത്മക സമീപനം ചിലപ്പോഴൊക്കെ ജാതിഭ്രാന്തര്‍ക്ക് സഹായകമായിട്ടുണ്ട് എന്നു പറയാതെ തരമില്ല. ഗുജറാത്തിലെ 'കവിതാ' ഗ്രാമത്തില്‍ നടന്ന സംഭവം ഇതിനു ഉത്തമ ഉദാഹരണമാണ്. അവിടെ, ദളിതരില്‍ ചിലര്‍ കുട്ടികളെ ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതോടെയാണ്‌ പ്രശ്നങ്ങള്‍ ആരംഭിച്ചത്. സവര്‍ണരെല്ലാം തങ്ങളുടെ കുട്ടികളെ പിന്‍വലിക്കുകയും ചെയ്തു. അല്‍പദിവസങ്ങള്‍ക്കു ശേഷം തന്നെ ആക്രമിച്ച ഒരു ബ്രാഹ്മണനെതിരെ പരാതി കൊടുക്കാന്‍ ദളിതരില്‍ ചിലര്‍ അടുത്ത പട്ടണമായ ദോല്കയിലേക്ക്  പോയ തക്കം നോക്കി സവര്‍ണര്‍ അധകൃതകോളനി ആക്രമിച്ചു. പട്ടണത്തില്‍ പോയവര്‍ക്ക് തിരിച്ചെത്താന്‍ കഴിയാത്ത വിധം കാവലിരിക്കുകയും ചെയ്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായപ്പോള്‍ ഗാന്ധിജിക്ക് ഇടപെടേണ്ടി വന്നു. അധകൃതരെ ഉപദ്രവിക്കരുതെന്ന് ഉന്നത ജാതിക്കാരെ പ്രേരിപ്പിക്കാന്‍ മാത്രമാണ് അദ്ദേഹവും, വലംകൈ ആയിരുന്ന സര്‍ദാര്‍ പട്ടേലും ശ്രമിച്ചത്. അവര്‍ണര്‍ക്ക് ഒരിക്കലും നടപ്പാക്കാന്‍ ആവശ്യപ്പെടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം അക്രമികള്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചു എന്നത് ഖേദകരമായ വസ്തുതയാണ്.

അംബേദ്കറും ഗാന്ധിജിയും തമ്മില്‍ മാനസികമായിത്തന്നെ അകല്‍ച്ച തോന്നിയേക്കാവുന്ന മറ്റൊരു കാര്യം ഇരുവരുടേയും മതവിശ്വാസമാണ്‌. ഗാന്ധിജി തികഞ്ഞ ഹിന്ദുമതവിശ്വാസിയായിരുന്നു. ജാതിക്കാര്യങ്ങള്‍ സവര്‍ണജാതിക്കാരുടെ പാപമാണെന്നും, അതിനാല്‍ അത് നീക്കം ചെയ്യാന്‍ മുന്‍കൈ എടുക്കേണ്ടത് അവര്‍ തന്നെയാണെന്നുമുള്ള വിചിത്രമായ ചിന്താഗതിയാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. അതവിടെ നില്‍ക്കട്ടെ. ഹിന്ദുമതത്തെക്കുറിച്ചുള്ള അംബേദ്‌കറുടെ അഭിപ്രായങ്ങള്‍ എന്തായിരുന്നു എന്ന്  'Riddles in Hinduism' എന്ന   പുസ്തകത്തിലും, 'Untouchables or the Children of India's Ghetto', 'Who Were Shudras?', 'Philosophy of Hinduism' തുടങ്ങിയ ലേഖനസമാഹാരങ്ങളിലും നിന്ന് വ്യക്തമായി നമുക്കു മനസ്സിലാകും. ശൂദ്രസംസര്‍ഗം ദൂരത പരിവര്‍ജിക്കണം എന്ന് മനുസ്മൃതിയില്‍ ഒരു ശ്ലോകമുണ്ട്. അത് ഹിന്ദുമതം ദൂരത പരിവര്‍ജിയേല്‍ എന്നാക്കിയാല്‍ ആ മതത്തെക്കുറിച്ചുള്ള അംബേദ്‌കറുടെ വീക്ഷണമായി. അദ്ദേഹം ബുദ്ധമതത്തിലേക്ക് പിന്നീട് പരിവര്‍ത്തനം ചെയ്തു എന്നത് ഇത്തരുണത്തില്‍ സ്മരണീയമാണ്. 

അനന്തമായ സ്വഭാവ സവിശേഷതകള്‍ നിറഞ്ഞ രണ്ടു വിശിഷ്ടാത്മാക്കളാണ് അംബേദ്‌കറും ഗാന്ധിജിയും. അവരുടെ പരസ്പരബന്ധം എങ്ങനെയുള്ളതായിരുന്നു എന്ന് ചെറുതായി ഒന്നു പരിശോധിക്കുകമാത്രമേ ഈ ലേഖനം കൊണ്ടുദ്ദേശിക്കുന്നുള്ളൂ. പണ്ഡിതര്‍ക്ക് ഗ്രന്ഥസമാഹാരങ്ങള്‍ വരെ എഴുതാന്‍ പറ്റിയതാണ് അനേകം വൈചിത്ര്യങ്ങള്‍ നിറഞ്ഞ ആ ജീവിതങ്ങള്‍. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടു കിടന്നിരുന്ന കോടികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചിരുന്ന രണ്ടുപേരുടെ യഥാര്‍ത്ഥ കാഴ്ചപ്പാടിനെക്കുറിച്ച് ഒരേകദേശധാരണ നല്‍കാനാണ് ഈ ലേഖനം കൊണ്ട് ഞാനുദ്ദേശിക്കുന്നത്.