Saturday, May 25, 2019

ഹിന്ദുത്വവാദവും ഇസ്ലാമിസവും



ഇസ്ലാമിക തീവ്രവാദം ഏറ്റവും ഒടുവിലായി അതിന്റെ വിഷപ്പല്ലുകൾ നീട്ടിയത് കഴിഞ്ഞ മാസം ശ്രീലങ്കയിലാണ്. ക്രിസ്തീയ ദേവാലയങ്ങളിൽ ഈസ്റ്റർ ദിവസം പ്രാർത്ഥനാനിരതരായിരുന്ന നൂറുകണക്കിനാളുകളെയാണ്  സ്വയം പൊട്ടിത്തെറിച്ച ചാവേറുകൾ അന്ന് കൊന്നുതള്ളിയത്. സഹോദരഭാവേന വർത്തിക്കേണ്ട സമുദായങ്ങളിൽ ഒരെണ്ണം മാത്രം മറ്റുള്ളവരുടെ നേർക്ക് കുതിര കയറുന്നത് എന്തിന് എന്ന ചോദ്യത്തിനുള്ള ശരിയായ ഉത്തരം കണ്ടെത്തുന്നതിലാണ് ഭീകരതയുടെ തകർച്ചയുടെ ആണിക്കല്ല്. ഇതിലേക്കുള്ള ഒരു ചെറിയ പരിശ്രമമാണ് ഹമീദ് ചേന്നമംഗലൂരിന്റെ ഈ പുസ്തകം.

സമൂഹത്തിന്റെ മതപരമായതുമാത്രമല്ലാത്ത ഭൂമികകളിലും ഇസ്ലാമിന്റെ ആധിപത്യം സ്ഥാപിക്കാൻ കോപ്പുകൂട്ടുന്ന ഇസ്ലാമിസവും, ഹിന്ദുരാഷ്ട്രം എന്ന സാങ്കൽപ്പിക ആശയത്തെ താലോലിക്കുന്ന ഹിന്ദുത്വവും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ ആണെന്ന ധാരണ സ്ഥാപിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കറുത്ത കൊടിയും കാവിനിറമാർന്ന ഭഗവദ്ധ്വജവും ഒന്നിച്ച് കൂട്ടിക്കെട്ടിയിരിക്കുന്നതാണ് പുസ്തകത്തിന്റെ പുറംചട്ട. മാത്രവുമല്ല അമേരിക്കയിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളിലും ജൂതരിലുമെല്ലാം മതമൗലികവാദികൾ ഉണ്ടെന്നും, ഹിന്ദുരാഷ്ട്രം, ജൂതരാഷ്ട്രം എന്നീ പരികല്പനകൾ പോലെയേ ഇസ്ലാമികരാഷ്ട്രം എന്ന ആശയവും നാം പരിഗണിക്കുവാൻ പാടുള്ളൂ എന്ന് അഭിപ്രായപ്പെടുക കൂടി ചെയ്യുന്നു. സത്യത്തിൽ ഈ ഉദ്യമം മതതീവ്രവാദത്തെ നിസ്സാരവൽക്കരിക്കുകയും അറിഞ്ഞോ അറിയാതെയോ അതിന് വളം വെച്ചുകൊടുക്കാനും മാത്രം ഉപകരിക്കുന്ന ഒന്നാണ്. വർഗീയത എല്ലാ മതങ്ങളിലും ഉണ്ടെങ്കിലും പൊതുസമൂഹത്തിന് വിനാശകരമായ വിധം അക്രമാസക്തമായ മതാന്ധത ഇസ്ലാമിൽ മാത്രമേയുള്ളൂ എന്ന നഗ്നസത്യം എന്നാണ് ഇക്കൂട്ടർ അംഗീകരിക്കാൻ പോകുന്നത്? ഇസ്രയേൽ ഒരു ജൂതരാഷ്ട്രമാണ്. എന്നാൽ മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരും അവിടെ സമാധാനപരമായി ജീവിച്ചു പോകുന്നില്ലേ? ഹിന്ദുരാഷ്ട്രമായ നേപ്പാളിനെ നോക്കുക. അവിടെയും തത്തുല്യമായ ശാന്തിയും സമാധാനവും നിലനിൽക്കുന്നു. എന്നാൽ ഇസ്ലാമികരാഷ്ട്രം എന്ന പേരിൽ നിലവിൽ വന്ന സിറിയയിലേയും ഇറാഖിലേയും ഭരണകൂടങ്ങൾ മതന്യൂനപക്ഷങ്ങളെ കൊന്നുതള്ളുകയും അവരുടെ സ്ത്രീകളെ ലൈംഗികഅടിമകളാക്കി ആസ്വദിക്കുകയുമായിരുന്നുവെന്ന ദുഃഖകരമായ യാഥാർത്ഥ്യം ചേന്നമംഗലൂരിനെപ്പോലുള്ള ചിന്തകർ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? രാജാവ് നഗ്നനാണെന്നു വിളിച്ചു പറയുന്നതിനുപകരം ഇവർ മറ്റേ പ്രഭു അംഗവസ്ത്രം ധരിച്ചിട്ടില്ലെന്നും വേറൊരു പ്രഭു മുട്ടിനു താഴെ മറച്ചിട്ടില്ലെന്നുമൊക്കെ വിളിച്ചുപറയുകയല്ലേ ഇത്തരം സത്യവിരുദ്ധമായ തുലനങ്ങൾ വഴി ചെയ്യുന്നത്?

മതേതരപാർട്ടികളും പത്രങ്ങളും ഇസ്ലാമിസത്തെ ഭയപ്പെടുന്നു എന്ന നിരീക്ഷണം കൃത്യമായ ഒന്നാണ്. അവർക്കെതിരെ ഒരു വിമർശനമോ ആരോപണമോ ഉന്നയിക്കാൻ പോലും അക്രമം ഭയന്ന് അവർ മടിക്കുന്നു. വലത്-ഇടത് മതേതരക്കാർ കക്ഷിരാഷ്ട്രീയ തിമിരബാധയിൽ പ്രോത്സാഹിപ്പിച്ചു വന്നത് മതതീവ്രവാദികളെയാണ്. ഈ കുത്തൊഴുക്കിൽ ഒറ്റപ്പെട്ടുപോയത് മതനിരപേക്ഷ, മിതവാദ ഇസ്ലാമികചിന്തയാണ്. എങ്കിലും മിതവാദികളിൽപ്പോലും കാണപ്പെടുന്ന ‘ഇസ്ലാം മാത്രമാണ് ശരി’ എന്ന മിഥ്യാബോധത്തിന്റെ കാറ്റഴിച്ചുവിടാൻ ലേഖകൻ മുതിരുന്നില്ല. താരതമ്യേന മിതവാദവും മതേതരബോധവും പ്രദർശിപ്പിക്കുന്ന മുസ്ലിം ലീഗിന്റെ നേതാവ് കുഞ്ഞാലിക്കുട്ടി ഔദ്യോഗിക പരിപാടികളിൽ നിലവിളക്ക് കൊളുത്താൻ വിസമ്മതിക്കുന്നത് ശ്രദ്ധിക്കുക. നിരുപദ്രവകരമായ ഒരു സാംസ്കാരിക ചിഹ്നം എല്ലാവർക്കും ഹൃദ്യമായ രീതിയിൽ ഉപയോഗിക്കുന്നതിനുപകരം തന്റെ മതത്തെ പരമോന്നത സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ഇത്തരം നേതാക്കളേയും നാം സഹിക്കണം – ‘മതേതരത്വം’ സംരക്ഷിക്കുന്നതിനുവേണ്ടി! നീണ്ട ആറു നൂറ്റാണ്ടുകാലം മുസ്ലിം രാജവംശങ്ങൾ നാടുവാണിടത്ത് മുസ്ലീങ്ങൾ അപരവൽക്കരിക്കപ്പെട്ടിരിക്കുന്നു എന്ന വാദത്തിന്റെ മൂഢത ഗ്രന്ഥകർത്താവ് കണ്ടെത്തുന്നുമുണ്ട്.

രാഷ്ട്രപിതാവായ ഗാന്ധിജി വിമർശനങ്ങൾക്കതീതനാണെന്ന ഒരു തെറ്റിദ്ധാരണ പൊതുസമൂഹം വെച്ചുപുലർത്തുന്നുണ്ട്. എന്നാൽ അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായിരുന്നുവെന്നും അതിനാൽത്തന്നെ നിശിതവിമർശനം നേരിടേണ്ടിയിരിക്കുന്നു എന്നും നാം തിരിച്ചറിയണം. അത്തരത്തിലൊന്നാണ് ‘കേരളീയ നവോത്ഥാനം: ഗാന്ധിസത്തിന്റേയും മാർക്സിസത്തിന്റേയും പങ്ക്’ എന്ന അധ്യായം. ഖിലാഫത്ത് പ്രസ്ഥാനത്തിന് ഗാന്ധിജി നൽകിയ പിന്തുണ നവോത്ഥാനത്തെ പിറകോട്ടടിപ്പിക്കുന്നതായിരുന്നു എന്ന് ഗ്രന്ഥകാരൻ വിലയിരുത്തുന്നു. ഊർദ്ധശ്വാസം വലിക്കുന്ന ഒരു മതാധികാരകേന്ദ്രത്തെ താങ്ങിനിർത്താൻ അദ്ദേഹം മുല്ലമാരുടെ പിണിയാളായി മാറി. പ്രസ്ഥാനനേതാവായ മൗലാന മുഹമ്മദലിയുടെ അഭിപ്രായത്തിൽ ഇന്ത്യയിൽ മുസ്ലിമുകളും കാഫിറുകളും രണ്ട് രാഷ്ട്രങ്ങളാണ്! ഖിലാഫത്ത് പ്രക്ഷോഭം മുസ്ലിം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിൽ സൃഷ്ടിച്ചത് സ്വാതന്ത്ര്യത്തോടുള്ള അഭിവാഞ്ചയേക്കാൾ അന്ധമായ മതവികാരമായിരുന്നു. അത് മലബാർ കലാപത്തിന് ഹിന്ദുവിരുദ്ധതയുടെ നിറം നൽകി (പേജ് 102). ആ അർത്ഥത്തിൽ ഗാന്ധിസം കേരളീയനവോത്ഥാനത്തിന് ക്ഷീണമേൽപ്പിച്ചു എന്നദ്ദേഹം അടിവരയിട്ടു സ്ഥാപിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of Hindutvavaadavum Islamisavum by Hameed Chennamangaloor
ISBN 9789387357303

Tuesday, May 21, 2019

ഗുരുവായൂർ സത്യഗ്രഹം



തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ!

അതെ, അവിശ്വസനീയമാംവിധം തൊട്ടടുത്തുള്ള ഒരു ഭൂതകാലത്തിൽ നമ്മുടെ കേരളത്തിലെ സാമൂഹ്യസ്ഥിതിയായിരുന്നു അത്. ഹിന്ദു ജനസംഖ്യയുടെ ഏതാണ്ട് മുക്കാൽ ഭാഗത്തോളം വരുന്ന ജനവിഭാഗങ്ങളെ അവശേഷിച്ച കാൽഭാഗം വരുന്ന സമൂഹം കാൽക്കീഴിലിട്ട് ചവിട്ടിയരച്ചിരുന്ന കാലം. അവർക്ക് വഴി നടക്കുന്നതിനോ പൊതുസംവിധാനങ്ങൾ ഉപയോഗിക്കുന്നതിനോ അനുവാദമുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിൽ നിന്ന് അവരെ ആട്ടിയകറ്റിയിരുന്നു. എങ്കിലും സമൂഹമനസ്സാക്ഷിയുടെ ചക്രവാളങ്ങളിൽ യുഗപ്പകർച്ചയുടെ അടയാളങ്ങൾ കണ്ടുതുടങ്ങിയിരുന്നു. അപ്പോഴാണല്ലോ ഇത്തരം അനാചാരങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള സമയം ആഗതമാവുന്നത്. നവോത്ഥാന ആശയങ്ങൾ കേരളത്തിൽ ആളിപ്പടർന്നിരുന്നു. ഇവിടത്തെ പ്രമുഖ ക്ഷേത്രമായ ഗുരുവായൂരിൽ എല്ലാ ഹിന്ദുക്കൾക്കും പ്രവേശനം അനുവദിക്കുക എന്ന ആവശ്യം ശക്തമായി ഉയർന്നുവന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒരു വർഷക്കാലത്തോളം അമ്പലനടയിൽ സത്യഗ്രഹം അനുഷ്ഠിക്കുകയും കെ. കേളപ്പൻ നിരാഹാരവ്രതം സ്വീകരിക്കുകയും ചെയ്തെങ്കിലും അത് വിജയപര്യവസായിയായില്ല. വീണ്ടും 15 വർഷം കൂടി കഴിഞ്ഞതിനു ശേഷം സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുൻപ് നടപ്പിലാക്കിയ നിയമത്തിലൂടെയാണ് അധഃകൃതർ ക്ഷേത്രപ്രവേശനം നേടിയെടുത്തത്. പ്രത്യക്ഷത്തിൽ പരാജയമടഞ്ഞുവെങ്കിലും ഗുരുവായൂർ സത്യഗ്രഹം ഇളക്കിവിട്ട വികാരം കേരളത്തെ പരിവർത്തനം ചെയ്യിച്ചു. നാടെങ്ങും ഇത്തരം പ്രക്ഷോഭങ്ങൾ ആവർത്തിക്കാനും മിക്കയിടങ്ങളിലും വിജയം കൈവരിക്കാനും സാധിച്ചതോടെ കേരളത്തിൽ സാമൂഹ്യപുരോഗതിയുടെ കൈത്തിരി തെളിഞ്ഞു. ഈ സാമൂഹ്യമാറ്റത്തി ന്റെ കഥയാണ് ഈ പുസ്തകം നമ്മോടു പറയുന്നത്. മുൻപ് പത്രപ്രവർത്തനവും ഇപ്പോൾ തൃശൂരിൽ അഭിഭാഷകവൃത്തിയും നിർവഹിക്കുന്ന ശ്രീ. ഇ. രാജനാണ് ഈ കൃതിയുടെ കർത്താവ്.

ബഹുജനപ്രസ്ഥാനമായി വേഷം പകരാനുള്ള കോൺഗ്രസിന്റെ ആദ്യശ്രമമായിരുന്നു ഖിലാഫത്തിനു വെച്ചുനീട്ടിയ പിന്തുണ. എന്നാൽ ഈ ശ്രമം തിരിച്ചടിച്ചതോടെ (ഇതിന്റെ കാരണങ്ങൾ പലതവണ ഇവിടെ പരാമർശിച്ചിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല) അയിത്തോച്ചാടനത്തിലേക്ക് മഹാത്മജി തന്റെ ശ്രദ്ധയെ തിരിച്ചുവിട്ടു. 1923-ലെ കാക്കിനഡ സമ്മേളനം ഈ വിഷയം മുഖ്യപ്രമേയമായി അംഗീകരിച്ചു. എന്നാൽ, 1920-കളിൽപ്പോലും കോൺഗ്രസ് സമ്മേളനങ്ങളിൽ ബ്രാഹ്മണർക്കും അല്ലാത്തവർക്കുമായി രണ്ടു പന്തികളും ഊട്ടുപുരകളും ഉണ്ടായിരുന്നുവെന്നോർക്കണം! ക്ഷേത്രമതിൽക്കെട്ടിനുപുറത്തെ പാതകളിൽ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചുകിട്ടുന്നതിനായി അവർണ്ണർ വൈക്കത്ത് 1924-ൽ നടത്തിയ സത്യഗ്രഹത്തിന് പാർട്ടി പൂർണ്ണപിന്തുണ നൽകി. അയിത്തം, തീണ്ടൽ, തൊടീൽ എന്നീ അനാചാരങ്ങളുടെ ചരിത്രപശ്ചാത്തലം ഈ കൃതിയിൽ വ്യക്തമാക്കുന്നുണ്ട്.

രാജ്യം ടിപ്പുവിന്റെ ആക്രമണത്തോടെ അന്യാധീനപ്പെട്ടുപോയെങ്കിലും സാമൂതിരിയായിരുന്നു ഗുരുവായൂർ ക്ഷേത്രത്തിന്റെ ഭരണാധിപൻ. ബ്രിട്ടീഷ് സർക്കാരിൽ ജില്ലാ ജഡ്ജിയായി വിരമിച്ച കെ. സി. മാനവേദൻ ആയിരുന്നു അക്കാലത്തെ സാമൂതിരി. സനാതനികൾ എന്നറിയപ്പെട്ടിരുന്ന യാഥാസ്ഥിതികപ്പരിഷകളുടെ കയ്യിലെ കളിപ്പാവയായിരുന്നു മാനവേദൻ. അധഃസ്ഥിതരോടു കാട്ടിപ്പോരുന്ന അനീതി ഈ ജാതിക്കോമരത്തിന്റെ മനസ്സലിയിച്ചില്ല. 1931 നവംബർ 1-ന് ഗുരുവായൂരിൽ കെ. കേളപ്പന്റെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിച്ചു. ഇതിനഭിവാദ്യം അർപ്പിച്ചുകൊണ്ട് ബ്രാഹ്മണശ്രേഷ്ഠനായ സുബ്രമണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ കണ്ണൂരിൽനിന്ന് ഗുരുവായൂർ വരെ കാൽനടജാഥ സംഘടിപ്പിച്ചു. എന്നാൽ കേവലം പത്തുകൊല്ലം മുമ്പ് ഏറനാട്ടിൽ നടമാടിയ മാപ്പിള ലഹള എന്ന ഭീകരമായ വർഗ്ഗീയകലാപത്തിന്റെ അലകൾ അപ്പോഴും പൂർണ്ണമായും കെട്ടടങ്ങിയിരുന്നില്ല. മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ഏറനാട് താലൂക്കിൽ ജാഥയെ തടയുമെന്നു ഭയപ്പെട്ടതിനാൽ ഫറോക്ക് മുതൽ തിരൂർ വരെ 'കാൽനട ജാഥ' തീവണ്ടിയിലാണ് സഞ്ചരിച്ചതെന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നു (പേജ് 118). 1932 ജനുവരി 1 മുതൽ ഒരുമാസത്തോളം കാലം സാമൂതിരി ക്ഷേത്രം പൂട്ടിയിട്ടു. സത്യഗ്രഹം അനന്തമായി നീണ്ടുപോയപ്പോൾ 1932 സെപ്റ്റംബറിൽ കേളപ്പൻ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചുവെങ്കിലും ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നിരാഹാരവും സത്യഗ്രഹവും ഏതാനും ദിവസങ്ങൾക്കകം നിർത്തിവെച്ചു. മൂന്നുമാസത്തിനുള്ളിൽ ക്ഷേത്രപ്രവേശനം അനുവദിച്ചില്ലെങ്കിൽ 1933 ജനുവരിയിൽ ഗാന്ധിജി തന്നെ നിരാഹാരം അനുഷ്‌ഠിക്കുമെന്നു പ്രഖ്യാപിച്ചുവെങ്കിലും അദ്ദേഹം അത് സൗകര്യപൂർവ്വം അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചുനിർത്തി. അങ്ങനെ കോൺഗ്രസ്സിന്റെ പരാജയമടഞ്ഞ പ്രക്ഷോഭങ്ങളുടെ കൂട്ടത്തിൽ ഗുരുവായൂർ സത്യഗ്രഹവും ഇടം പിടിച്ചു.

എന്നാൽ ഗുരുവായൂർ ഇളക്കിവിട്ട മാറ്റൊലികൾ തിരുവിതാംകൂറിൽ ഫലപ്രാപ്തിയിലെത്തി. സർ. സി. പിയുടെ ഉപദേശപ്രകാരം 1936-ൽ ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ മഹാരാജാവിന്റെ ഇരുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് ഹൈന്ദവവിശ്വാസിയായ യാതൊരാൾക്കും ജാതിപരിഗണന കൂടാതെ ക്ഷേത്രങ്ങളിൽ ആരാധന നടത്താൻ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തു. ഈ വിപ്ലവകരമായ നടപടിയാണ് ചിത്തിരതിരുനാളിനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചതും മാനവേദനെപ്പോലുള്ള സാമൂതിരി ഏഴാംകൂലികളെ ചരിത്രത്തിന്റെ അഴുക്കുചാലിലേക്കു പിടിച്ചുതള്ളിയതും. മദിരാശി സർക്കാർ 1947 ജൂൺ 2-ന് നിയമം മൂലം അധഃകൃതർക്ക് പ്രവേശനം അനുവദിച്ചുവെങ്കിലും അന്ന് സാമൂതിരിയുടെ വക എടുക്കാടുള്ള പുത്തൂർ ഭഗവതിക്ഷേത്രത്തിൽ നട അടച്ചിട്ടുകൊണ്ടാണ് അയാൾ വെളിച്ചത്തിനുനേരെ മുഖം തിരിച്ചുനിന്നത്.

ഇന്നു കേരളത്തിൽ നിലവിലിരിക്കുന്ന പ്രസ്ഥാനങ്ങൾ അന്ന് സത്യഗ്രഹത്തോട് സ്വീകരിച്ച നിലപാട് ഇപ്പോൾ പരിശോധിക്കുന്നത് കൗതുകകരമായിരിക്കും. കോൺഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കുകവഴി ചരിത്രത്തിന്റെ നല്ല പുസ്തകത്തിൽ ഇടം പിടിച്ചു. കമ്യൂണിസ്റ്റ് പാർട്ടി അക്കാലത്ത് രൂപംകൊണ്ടിരുന്നില്ല. പിൽക്കാല ഇടതുനേതാക്കളായ ഏ. കെ. ഗോപാലനും പി. കൃഷ്ണപിള്ളയും കോൺഗ്രസ് പ്രവർത്തകർ എന്ന നിലയിൽ സമരത്തിൽ പങ്കുചേർന്ന് യാഥാസ്ഥിതികരിൽനിന്ന് ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങി. ഇ. എം. എസ്സ് യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണമായ 'ഉണ്ണി നമ്പൂതിരി'യുടെ പ്രാദേശികലേഖകൻ എന്ന നിലയിൽ സത്യഗ്രഹത്തെക്കുറിച്ച് റിപ്പോർട്ടുകളയച്ച് തൃപ്തിപ്പെട്ടു. ഹിന്ദു മഹാസഭ ക്ഷേത്രപ്രവേശനത്തെ അനുകൂലിച്ചു. ആർ. എസ്. എസ്സിനെക്കുറിച്ച് പുസ്തകത്തിൽ അനുകൂലമായോ പ്രതികൂലമായോ പരാമർശങ്ങളൊന്നുമില്ല. അഖിലേന്ത്യാ വർണാശ്രമ സ്വരാജ്യസംഘം എന്ന ഇന്നു നിലവിലില്ലാത്ത ഒരു സംഘടനയുടെ കൊടിക്കീഴിലാണ് സനാതനികൾ സത്യഗ്രഹത്തെ അട്ടിമറിക്കാൻ കരുക്കൾ നീക്കിയത്. ഒരദ്ധ്യായം ഈ പ്രവർത്തനങ്ങൾ വിവരിക്കാനായി നീക്കിവെച്ചിരിക്കുന്നു. പ്രവേശനത്തെ എതിർത്തുകൊണ്ട് സാമൂതിരിക്കു പിന്തുണപ്രഖ്യാപിച്ച് കത്തെഴുതിയവരുടെ കൂട്ടത്തിൽ സെന്റ്. ആന്റണീസ് ഏ. എസ്‌, ഗോരഖ്‌പൂർ എന്നൊരു പേരുകാണുന്നത് നമ്മെ ആശ്ചര്യപ്പെടുത്തും. എന്നാൽ ക്ഷേത്രപ്രവേശനം അനുവദിക്കാതിരുന്നാൽ അവർണ്ണഹിന്ദുക്കൾ മുഴുവനായും മതപരിവർത്തനം ചെയ്തേക്കുമെന്ന കണക്കുകൂട്ടലായിരുന്നിരിക്കും ഇതിനുപിന്നിൽ.

മറ്റു പുസ്തകങ്ങളിൽനിന്ന് ധാരാളമായി ഉദ്ധരണികൾ ശേഖരിച്ചിരിക്കുന്ന ഈ കൃതിയിൽ അവ കൃത്യമായി അടയാളപ്പെടുത്താത്തത് ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അന്ധവിശ്വാസത്തോടൊപ്പം ക്ഷേത്രവും കൂടി നശിച്ചാൽ അത്രയും നന്ന് എന്നുകരുതുന്ന വിപ്ലവഎഴുത്തുകാരിൽനിന്ന് രാജൻ വ്യത്യസ്തനാകുന്നത് ഗുരുവായൂരിന്റെ ആത്മീയ, ചരിത്രപശ്ചാത്തലങ്ങൾ വസ്തുനിഷ്ഠമായി വ്യക്തമാക്കുന്നിടത്താണ്. അനായാസം വായിച്ചുപോകാവുന്ന ഈ പുസ്തകത്തിൽ അൽപ്പം ചില ചിത്രങ്ങൾ കൂടി ഉൾക്കൊള്ളിച്ചിരുന്നുവെങ്കിൽ വളരെ നന്നാകുമായിരുന്നു.

Book Review of Guruvayur Sathyagraham by E. Rajan
ISBN: 9788182665439

Tuesday, May 7, 2019

പറയർ - കുലം, ഗോത്രം, സാമൂഹികജീവിതം



സമൂഹത്തിലെ കരുത്തർ അവരിലെ ദുർബലരുടെ മേൽ കുതിര കയറുന്ന സമ്പ്രദായം ലോകമെങ്ങുമുണ്ട്. എന്നാൽ അവരെ പലപല ജാതികളായി തിരിച്ച് ക്രമാനുഗതമായി മുകളിലെ ജാതിക്കാർ താഴ്ന്നവരെ ചവിട്ടിമെതിക്കുന്ന രീതി തികച്ചും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്. വിദൂര ഭൂതകാലത്തിലെങ്ങോ തങ്ങൾ പോലുമറിയാതെ ജാതിശ്രേണിയുടെ അടിത്തട്ടിൽ നിപതിച്ചുപോയ ഒരു ജനതയാണ് പറയർ. ആഘോഷങ്ങൾക്കോ രാജശാസനം അറിയിക്കുന്നതിനോ ഉള്ള പറ, അഥവാ പെരുമ്പറ, മുഴക്കുവാൻ അവകാശം സിദ്ധിച്ചവർ എന്ന മട്ടിലാണ് പറയ എന്ന നാമം ഇവർക്കു വന്നുചേർന്നത്. കാലാന്തരത്തിൽ ഈറ്റ, ചൂരൽ എന്നിവകൊണ്ട് കുട്ട, മുറം, പനമ്പ് മുതലായവയുടെ വിദഗ്ധമായ നെയ്ത്തും ഈ സമൂഹം സ്വായത്തമാക്കി. ഒരുകാലത്ത് ഉന്നതജാതിക്കാർ അടിമകളാക്കിവെച്ചു കൊണ്ടിരുന്ന പറയ ഇന്ന് പല അവകാശങ്ങളും നേടിയെടുത്ത് ജാതിയിൽ തങ്ങൾ ആർക്കും പിറകിലല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. കലാ-സാംസ്കാരിക-സാമൂഹ്യരംഗങ്ങളിലെല്ലാം ഈ സമുദായാംഗങ്ങൾ തനതായ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞിട്ടുമുണ്ട്. എന്നാൽ ആ സമുദായത്തെ പൂർണ്ണതോതിൽ വിലയിരുത്തുന്ന ഒരു ഗ്രന്ഥത്തിന്റെ അഭാവം മലയാളസാഹിത്യത്തിന് അപൂർണ്ണതയുടെ കളങ്കം ചാർത്തിക്കൊടുക്കുമെന്ന ആശങ്ക ഉന്മൂലനം ചെയ്യുന്ന ഒരു കൃതിയാണ് ആണ് ഓർണ കൃഷ്ണൻകുട്ടിയുടെ ഈ പുസ്തകം.

പ്രാചീനചരിത്രത്തെ വിലയിരുത്തുമ്പോൾ കൃഷ്ണൻകുട്ടി മറ്റെഴുത്തുകാരിൽ നിന്ന് വ്യത്യസ്തനാകുന്നില്ല. ചരിത്രത്തിന്റേയും, ഐതിഹ്യങ്ങളുടെയും രേഖകൾ പരിശോധിക്കുകയാണെങ്കിൽ പറയർ അഥവാ സാംബവർ ബ്രാഹ്മണരായിരുന്നുവെന്ന് അവിതർക്കിതമായി പറയുവാൻ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ മതം (പേജ് 41). എന്നാൽ മറ്റൊരു പേജിൽ അദ്ദേഹം പറയുന്നത് അവർ ക്ഷത്രിയരിൽനിന്ന് ഉളവായതെന്നാണ് (പേജ് 56). സുറിയാനി ക്രിസ്ത്യാനികൾ അഭിമാനപൂർവ്വം അവകാശപ്പെടുന്ന നമ്പൂതിരിബന്ധം നമ്മൾ ഇവിടെ ഓർക്കണം. ജാതിശ്രേണിയിൽ എവിടെ സ്ഥിതി ചെയ്താലും നമ്പൂതിരിമാരുമായി ഒരു ജനിതകബന്ധം സ്ഥാപിച്ചില്ലെങ്കിൽ തങ്ങളുടെ സ്വത്വം അംഗീകരിപ്പിച്ചെടുക്കാൻ കഴിയില്ല എന്ന അധമബോധം എന്നാണ് നമ്മുടെ സമൂഹം വലിച്ചെറിയുക? കേരളത്തിലെ ജനസമൂഹം ഏതു ജാതിയിൽ പെട്ടതായാലും, ഏതു മതത്തിൽ പെട്ടതായാലും, ഒരൊറ്റ മനുഷ്യവംശം (race) ആണെന്നത് നിഷേധിക്കാനാവാത്ത സത്യമാണ്. അങ്ങനെയിരിക്കേ, ഒരു പറയനെ കണ്ടാൽ മറ്റൊരു പറയന് തിരിച്ചറിയാൻ സാധിക്കുമെന്ന ഗ്രന്ഥകാരന്റെ പ്രസ്താവന (പേജ് 56) ശാസ്ത്രത്തെ പിന്നാക്കം നടത്തുന്ന ഒന്നാണ്. മറ്റു സമുദായങ്ങളുമായി ഇടകലർന്നുള്ള വിദ്യാഭ്യാസത്തിനുള്ള അവസരം ഇടയ്ക്കെപ്പോഴോ പറയർക്ക് കൈമോശം വന്നുവെങ്കിലും ലിപിയില്ലാത്ത പാളോൻ എന്ന ഭാഷ അവർ വികസിപ്പിച്ചെടുത്തു. ഭാഷയിലെ ഏതാനും പദങ്ങളും വാക്യങ്ങളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

കേരളത്തിൽ അടിമവ്യവസ്ഥ പത്തൊമ്പതാം നൂറ്റാണ്ടിൽ അവസാനിപ്പിക്കപ്പെട്ടതിനു പിന്നിൽ വിദേശക്രിസ്ത്യൻ മിഷണറിമാരുടെ നിർണായകസ്വാധീനം ഉണ്ടായിരുന്നു. എങ്കിലും ഒരു സമൂഹത്തിന്റെ സ്വാതന്ത്ര്യത്തിനു പകരമായി അവർ ചോദിച്ച വില അവരുടെ വിശ്വാസപ്രമാണങ്ങൾ ആയിരുന്നു. വെളുത്ത പുണ്യാളൻമാരും പുണ്യാളത്തികളും കറുത്ത ആത്മാവുകളിൽനിന്ന് കരുത്തുറ്റ ദൈവങ്ങളെ കുടിയിറക്കി. നീലി, കരിങ്കുട്ടി ചാത്തൻ മുതലായ ദേവതകളുടെ ആരാധനയും കാളികെട്ട്, കാക്കാച്ചിക്കളി എന്നീ അനുഷ്ഠാനങ്ങളും അവർ വിലക്കി. എന്നാൽ തങ്ങൾ പിന്നെയും അടിമകൾ തന്നെയായി അവശേഷിച്ചു എന്ന പരമാർത്ഥം അടിയാളർ മനസ്സിലാക്കുന്നത് പുതിയ ആരാധനാസമ്പ്രദായങ്ങളിലും, ദേവാലയങ്ങളിലും ക്രിസ്ത്യാനികളും തങ്ങളെ അവഗണിക്കുന്നു എന്ന തിരിച്ചറിവിലൂടെയാണ്. പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന പൊയ്കയിൽ അപ്പച്ചന്റെ ജീവിതകഥ ഇത് അടിവരയിട്ടു സമർത്ഥിക്കുന്നു. മാർത്തോമാ സഭയിൽ ചേർന്നു കൊണ്ട് സുവിശേഷവേല ആരംഭിച്ച അപ്പച്ചൻ വളരെ പെട്ടെന്നുതന്നെ സുപ്രസിദ്ധനായെങ്കിലും താൻ ജനിച്ച ജാതി ക്രിസ്ത്യാനികളായ സഹപ്രവർത്തകർക്കും ഒരു തലവേദനയാണെന്നതിൽ അതിയായി ഖേദിച്ചു. മാമോദിസ മുങ്ങിയാലും പറയൻ പറയനായും പുലയൻ പുലയനായും നിലനിൽക്കുമെന്ന സവർണ്ണക്രിസ്ത്യൻ നിലപാട് ആ സ്വാതന്ത്ര്യദാഹിക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല. പുലയക്രിസ്ത്യാനി മരിച്ചപ്പോൾ ദേഹം മറവുചെയ്യാൻ വിസമ്മതിച്ച പുലരിക്കാട്ടുപള്ളി സംഭവം ഇത്തരുണത്തിലാണ് ഉണ്ടായത്. നമ്പൂതിരിമാർ മതംമാറിയ സവർണ്ണക്രിസ്ത്യാനികൾ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയിൽ മതം മാറിയാൽ പോലും പുലയരെ അടക്കം ചെയ്യാൻ സാദ്ധ്യമല്ല എന്നായിരുന്നു പൗരോഹിത്യത്തിന്റെ ഉറച്ച നിലപാട്. ഇത്തരം നിലപാടുകൾ ഇന്നും നിലകൊള്ളുന്നു. സവർണ്ണക്രിസ്ത്യൻ സമുദായത്തിൽ നിന്ന് പ്രേമവിവാഹം നടത്തി എന്ന കുറ്റം ആരോപിച്ച് കെവിൻ എന്നൊരു അധഃകൃതക്രിസ്ത്യൻ യുവാവിനെ ഈടുത്ത കാലത്ത് കൊലപ്പെടുത്തിയത് നാം മറക്കാറായിട്ടില്ലല്ലോ! എന്നാൽ പൊയ്കയിൽ അപ്പച്ചൻ അങ്ങനെ കീഴടങ്ങാൻ തയ്യാറായിരുന്നില്ല. മാരാമണ്ണിൽ വിളിച്ചുകൂട്ടിയ പരിവർത്തിതക്രൈസ്തവരുടെ സമ്മേളനത്തിൽ വച്ച് അദ്ദേഹം വേദഗ്രന്ഥം അഗ്നിക്കിരയാക്കുകയും മിഷനറിമാർ നിങ്ങളുടെ തലയിൽ ഒഴിച്ച മാമോദിസവെള്ളം ഞാൻ കഴുകിക്കളയുന്നു എന്നു പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീടാണദ്ദേഹം പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിക്കുന്നത്.

കേരളത്തിന്റെ സാമൂഹ്യചരിത്രത്തിൽ പറയ നേടിയിരുന്ന സ്ഥാനം തിരിച്ചറിയുവാൻ കുഞ്ചൻ നമ്പ്യാർ തുള്ളൽ രീതികളിൽ ഒന്നിന് പറയൻ തുള്ളൽ എന്ന പേരുനൽകിയതിൽ നിന്ന് സാധിക്കുമെന്ന് ഗ്രന്ഥകർത്താവ് അഭിപ്രായപ്പെടുന്നു. മാത്രവുമല്ല, വരരുചി എന്ന ബ്രാഹ്മണന് ഒരു പറയസ്ത്രീയിൽ ജനിച്ച പന്തിരുകുലം എന്ന സങ്കൽപ്പം കേരളത്തിന്റെ ഒരു ഉൽപ്പത്തിമിത്തായി കണക്കാക്കുകയും വേണം. എന്നാൽ പറയരിൽ സിംഹഭാഗവും മതം മാറിപ്പോയതോടെ ഈ ജനതയുടെ വർദ്ധനവിൽ ഉലച്ചിൽ തട്ടി. കലാഭവൻ മണി, നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങി ജാതിമതഭേദമെന്യേ കേരളീയസമൂഹത്തിന്റെ ആദരങ്ങൾ പിടിച്ചുപറ്റിയ സമുദായാംഗങ്ങളെ കൃഷ്ണൻകുട്ടി പരിചയപ്പെടുത്തിത്തരുന്നു. പറയസമുദായ സംഘടനകളിലെ ഐക്യമില്ലായ്മയെ അദ്ദേഹം നിശിതമായി വിമർശിക്കുകയും ചെയ്യുന്നു.

ചരിത്രപരമായ പരാമർശങ്ങൾ ചിലപ്പോഴെങ്കിലും വസ്തുതകൾക്കു നിരക്കുന്നതല്ല എന്നൊരു കുറവ് ഈ പുസ്തകത്തിനെപ്പറ്റി ചൂണ്ടിക്കാണിക്കേണ്ടതാണ്. സംഘകാലകൃതികളിൽ ബ്രാഹ്മണരെ ഒരിടത്തും കാണുന്നില്ല (പേജ് 9) എന്ന പ്രസ്താവന അത്തരത്തിലൊന്നാണ്. എന്നാൽ മിക്കവാറും കൃതികളിലും ബ്രാഹ്മണരെയും വൈദികദൈവങ്ങളെയും പരാമർശിക്കുന്നു എന്നതാണ് സത്യം. ചരിത്രരചനക്കായി കെ. പി. ചോന്റെ പുസ്തകങ്ങളെ ആശ്രയിക്കുന്നത് ആശയപരമായ പാപ്പരത്തമാണ്. വാചകങ്ങളുടെ കുത്തൊഴുക്കിൽ ഗ്രന്ഥകാരൻ വാചകഘടനയിൽ ചിലയിടങ്ങളിലൊക്കെ അൽപ്പംകൂടി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണെന്നു തോന്നിക്കുന്നു.

പുസ്തകം ശുപാർശ ചെയ്യുന്നു.



Book review of Parayar - Kulam, Gothram, Samoohika jeevitham by Orna Krishnankutty
ISBN 9788120044159