Thursday, January 7, 2021

കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ

തീവ്രമായി മതാടിസ്ഥാനത്തിൽ വിഭജിച്ചുനിൽക്കുന്നതാണ് കേരളസമൂഹം. സഹിഷ്ണുതയുടേയും നവോത്ഥാനത്തിന്റേയും മുഖാവരണങ്ങൾക്കുള്ളിൽ ഈ പുഴുക്കുത്തുവീണ യാഥാർഥ്യത്തെ നമ്മുടെ ബുദ്ധിജീവികൾ ഒളിച്ചുവെക്കാൻ പാടുപെടുന്നു. മതസങ്കല്പങ്ങളെ ചരിത്രമായും ചരിത്രവസ്തുതകളെ മതബിംബങ്ങളുമായും ഏച്ചുകെട്ടിക്കൊണ്ടാണ് പണ്ഡിതസമ്മതമായ ചരിത്രരചന പോലും കേരളത്തിൽ നിലനിൽക്കുന്നത്. പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണീ ഭൂമിയെന്ന സങ്കല്പത്തെ സാധൂകരിക്കാൻ ഭൂമിശാസ്ത്രപരമായ കടൽ പിൻവാങ്ങലും നരവംശശാസ്ത്രപരമായ വ്യാഖ്യാനങ്ങളും നിരത്തുന്നവർ ഒരു ഭാഗത്ത്. ക്രിസ്തുശിഷ്യനായ തോമാശ്ലീഹ ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തി നമ്പൂതിരിമാരെ മതം മാറ്റിയാണ് ഇവിടത്തെ ക്രിസ്ത്യാനികൾ ഉണ്ടായതെന്ന് മറ്റൊരു വിഭാഗം. അവസാനത്തെ ചേരസാമ്രാജ്യ പെരുമാൾ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്ത് മക്കത്തുപോയി പ്രവാചകൻ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയെന്ന് മറ്റുചിലർ. തികഞ്ഞ ഒരു വർഗീയകലാപമായിരുന്ന 1921-ലെ മാപ്പിള ലഹളയെ സാമ്രാജ്യത്വവിരുദ്ധസമരമായി ഇടതുചരിത്രകാരന്മാർ തന്മയത്വത്തോടെ അവതരിപ്പിക്കുന്നത് കാണുമ്പോഴാണ് രേഖകൾ കിട്ടാനിടയില്ലാത്ത പ്രാചീനകാലങ്ങളിൽ എന്തെല്ലാം അട്ടിമറികൾ നടന്നിരിക്കാമെന്ന് നാം അത്ഭുതപ്പെട്ടുപോകുന്നത്. ഇന്നത്തെ കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ചരിത്രകാരനാണ് ശ്രീ. എം. ജി. എസ്. നാരായണൻ. പൊതുവിൽ അറിയപ്പെടുന്ന കേരളചരിത്രത്തിന്റെ ഒരു പൊളിച്ചെഴുത്താണ് ഈ പുസ്തകം. നിലവിൽ വിശ്വസിക്കപ്പെടുന്ന പല ധാരണകളും തിരുത്തുന്നതോടൊപ്പം തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന പത്തു സിദ്ധാന്തങ്ങളും ഈ പുസ്തകം നിരത്തുന്നു. കേരളചരിത്രം തന്നെ ഇതുവരെ ഒരു വലിയ കള്ളക്കഥ ആയിരുന്നുവെന്നേ ഇതുവായിക്കുന്ന ഒരാൾക്ക് തിരിച്ചറിയാനാവൂ.

 

പൊതുസമൂഹം അംഗീകരിക്കുന്ന കേരളചരിത്രം അബദ്ധജടിലമാണെന്നു സ്ഥാപിച്ചുകൊണ്ട് എം.ജി.എസ് തുടക്കത്തിലേ വായനക്കാരുടെ ഉദ്വേഗമുണർത്തുന്നു. ഏകദേശം ക്രി.പി. ഏഴാം നൂറ്റാണ്ടുവരെ കേരളം ഇടതൂർന്ന കാടുകൾ നിറഞ്ഞ, പരിഷ്കൃത ജനസമൂഹങ്ങൾ അധിവസിക്കാത്ത വിജനഭൂമിയായിരുന്നുവത്രേ. അവിടെ തീരദേശത്തോടുചേർന്ന ചില തുറമുഖങ്ങളിലൂടെ പശ്ചിമേഷ്യയുമായി വ്യാപാരം നടന്നിരുന്നു. ഒന്നാം ചേരസാമ്രാജ്യം എന്നൊന്നില്ല. ഉത്തരദേശത്തുനിന്ന് ബ്രാഹ്മണർ ഇവിടെയെത്തി കാടുവെട്ടിത്തെളിച്ച് ഗ്രാമങ്ങൾ സ്ഥാപിക്കുകയും ഒൻപതാം നൂറ്റാണ്ടിൽ ബ്രാഹ്മണമേധാവിത്വത്തിൽ പെരുമാൾ ഭരണം ഏർപ്പെടുത്തുകയും ചെയ്തു. ചോളന്മാരുമായി നടന്ന നൂറ്റാണ്ടുയുദ്ധം ഇളംകുളം കുഞ്ഞൻപിള്ളയുടെ ഭാവനാസൃഷ്ടി മാത്രമാണ്. ബ്രാഹ്മണത്തളികളുമായുണ്ടായ അഭിപ്രായഭേദത്തെത്തുടർന്ന് അവസാനത്തെ പെരുമാൾ സ്ഥാനഭൃഷ്ടനാക്കപ്പെടുകയും കേരളം നിരവധി നാട്ടുരാജ്യങ്ങളായി ചിതറിപ്പോവുകയും ചെയ്തു. മാത്രവുമല്ല, ചേരതലസ്ഥാനം തമിഴ്‌നാട്ടിലെ കരൂർ ആണെന്നാണ് ഗ്രന്ഥകാരന്റെ അഭിപ്രായം. ചിലപ്പതികാരത്തിന്റെ സൂക്ഷ്മപരിശോധനയിൽ അത് ഒൻപതാം നൂറ്റാണ്ടിലെ കൃതിയാണെന്ന് ബോദ്ധ്യമായതോടെ മുസിരിസ് ആസ്ഥാനമായ ഒന്നാം ചേരസാമ്രാജ്യത്തിന്റെ അടിസ്ഥാനം തന്നെ തകരാറിലായി.


കേരളചരിത്രകാരന്മാർ തങ്ങളുടെ വിജ്ഞാനശാഖയുടെ സ്ഥാപകമൂല്യങ്ങൾ വിസ്മരിച്ചുകൊണ്ട് നിലവിലെ രാഷ്ട്രീയ-സാമൂഹ്യവ്യവസ്ഥകളുടെ ആശയപരമായ മുൻവിധികളെയാണ് ശിരസ്സിലേന്തുന്നത്. ഇത് രൂക്ഷമായ വിമർശനത്തിനു പാത്രമാകുന്നു. ജന്മം കൊണ്ട് മുസ്ലീമോ, ദളിതനോ, നസ്രാണിയോ ആയവർ അതാത് കൂട്ടങ്ങളിലെ സഹജപക്ഷപാതങ്ങൾ ഉറപ്പിച്ച് അവരുടെ അധികാരപിന്തുണ നേടാൻ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത് (പേജ് 75). ഈ കാഴ്ചപ്പാടുകൾ തമ്മിലുള്ള സംഘർഷത്തിന്റെ ഫലമായി ഉൽപ്പാദിപ്പിക്കപ്പെടുന്നത് ജീർണതയും സ്തംഭനവും മാത്രമാണ്. ഇതിൽ ബുദ്ധിപരമായ പുരോഗതിയില്ല, ചർവിതചർവ്വണമോ, മുദ്ര കുത്തി അയിത്തം കൽപ്പിച്ച് വേർതിരിച്ചുനിർത്തലോ മാത്രമേയുള്ളൂ. ഈ മുദ്രകൾ ഉയർത്തിക്കാട്ടി യുദ്ധം ചെയ്യുന്നതിലൂടെ രണ്ടു നൂറ്റാണ്ടു മുൻപിലേക്ക് മടങ്ങിപ്പോവുകയാണ് പ്രായം കൊണ്ട് ചെറുപ്പക്കാരായവർ പോലും പലപ്പോഴും ചെയ്യുന്നത്.


കേരളചരിത്രത്തിന്റെ സമൂലമായ പരിഷ്കരണത്തോടൊപ്പം തെറ്റായ പത്തു സങ്കല്പങ്ങൾ വിവരിക്കുന്ന അദ്ധ്യായങ്ങളാണ് പുസ്തകത്തിന്റെ ശീർഷകത്തിനടിസ്ഥാനം. ഈ പത്തു കള്ളക്കഥകളെ ഇങ്ങനെ സംഗ്രഹിക്കാം - 1) പരശുരാമൻ കേരളം സൃഷ്ടിച്ചു 2) തോമാശ്ലീഹ കേരളത്തിൽ വന്നു 3) മഹാബലി കേരളം ഭരിച്ചു 4) ചേരമാൻ പെരുമാൾ നബിയെ സന്ദർശിച്ചു 5) വാസ്കോ ഡാ ഗാമ കാപ്പാട് കപ്പലിറങ്ങി 6) ടിപ്പു സുൽത്താന്റെ സ്വാതന്ത്ര്യപോരാട്ടം 7) പഴശ്ശി രാജ വൈരമോതിരം വിഴുങ്ങി മരിച്ചു 8) മാപ്പിള ലഹള കാർഷികസമരമായിരുന്നു 9) വികസനത്തിലെ കേരളമാതൃക 10) പറവൂരിനടുത്തുള്ള 'പട്ടണം' മുസിരിസാക്കാൻ ശ്രമിക്കുന്നത്. എല്ലാ ചരിത്ര വിദ്യാർത്ഥികളും അവശ്യം വായിച്ചിരിക്കേണ്ടതാണ് എം.ജി.എസ് അവതരിപ്പിക്കുന്ന ന്യായവാദങ്ങളും തീർപ്പുകളും.


മാർക്സിയൻ ചിന്തയേയും ചരിത്രരചനയിൽ അതിന്റെ സ്വാധീനത്തേയും ഇതിൽ തോലുരിച്ചുകാണിക്കുന്നു. മാർക്സ് എന്ന ചരിത്ര-സാമൂഹിക പണ്ഡിതനോട് ഗ്രന്ഥകാരന് തികഞ്ഞ ബഹുമാനം തന്നെയാണെങ്കിലും കേരളത്തിലേയും ഭാരതത്തിലെ തന്നെയും ചരിത്രനിർമ്മിതി ഇടതുപക്ഷ ചരിത്രകാരന്മാർ സത്യങ്ങൾ പുറത്തുവിടാതെയും വസ്തുതകൾ വളച്ചൊടിച്ചും മലീമസമാക്കുന്നതിനെ നിശിതമായി വെളിപ്പെടുത്തുന്നു. സംഘബലം കൊണ്ട് മാർക്സിയൻ സിദ്ധാന്തങ്ങൾക്ക് അപ്രമാദിത്വം കൽപ്പിച്ച്, മതവിശ്വാസ തുല്യമാക്കാൻ ശ്രമിച്ച ആദ്യകാല സൈദ്ധാന്തികർ തന്നെ അതിന് ശവക്കുഴി തോണ്ടി. മനുഷ്യരിൽ ഉള്ള അത്യുൽക്കടകാമനകളെ രാക്ഷസീയസ്വഭാവമുള്ള ഒരു പ്രസ്ഥാനത്തിന്റെ ഉപകരണങ്ങളായി അത് മാറ്റിയെടുത്തു. എന്നാൽ മാർക്സിന്റെ കാലത്തുതന്നെ യൂറോപ്പിൽ ദേശീയതകൾ വളരുന്നുണ്ടായിരുന്നു. പിൽക്കാലത്ത് നാസി-ഫാസിസ്റ്റ് ഭരണങ്ങൾക്ക് ജന്മം നൽകിയ തീവ്രദേശീയത ഒരു രാഷ്ട്രീയ ഘടകമായി മനസ്സിലാക്കുന്നതിൽ മാർക്സ് പരാജയപ്പെട്ടു. ദേശീയതയുടെ കാലം കഴിഞ്ഞുപോയി എന്നദ്ദേഹം തെറ്റിദ്ധരിച്ചു. തന്മൂലം ഭാവിപ്രവചനങ്ങൾ ഒന്നടങ്കം പാളിപ്പോയി.


ഈ കൃതിക്ക് ഒന്നാന്തരം അവതാരികയാണ് ശ്രീ. കേശവൻ വെളുത്താട്ട് നൽകിയിരിക്കുന്നത്. എം. ജി. എസ്. നാരായണൻ എന്ന ചരിത്രപ്രതിഭ ആരാണെന്നും എങ്ങനെയാണ് അദ്ദേഹം ചരിത്രപഠനഭൂമികയിൽ നെടുനായകത്വം വഹിച്ചതെന്നും കേരളചരിത്രവിജ്ഞാനത്തിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എന്തെന്നും ഇത് വ്യക്തമാക്കിത്തരുന്നു. ഈ പുസ്തകത്തിൽ പൊളിച്ചെഴുതിയ സംഭവങ്ങളും വസ്തുതകളും ശരിയായ തെളിവുകളുടെ പിൻബലത്തോടെ സാമാന്യം വിശദമായ മറ്റൊരു കൃതിയിലൂടെ വ്യക്തമാക്കേണ്ടത് ഗ്രന്ഥകാരന്റെ ബാദ്ധ്യതയാണ്. നിശ്ചലമായിരുന്ന വിജ്ഞാനപ്പരപ്പിൽ ഈ കൃതിയിലെ സംഭ്രമിപ്പിക്കുന്ന ആശയങ്ങൾ ഉയർത്തിവിട്ടിരിക്കുന്ന ഓളങ്ങൾ നിസ്സാരമല്ല. തദ്‌വിഷയകമായി കൂടുതൽ പഠനങ്ങൾ നിരവധി പണ്ഡിതർ നടത്തും എന്ന് പ്രതീക്ഷിക്കാവുന്നതാണ്.


പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Kerala Charithrathile 10 Kallakkathakal' by M G S Narayanan
DC Books, 2016
ISBN: 9788126474097
Pages: 143