Tuesday, January 27, 2015

'നിങ്ങളെ എനിക്കറിയാം'

ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം ടി.പദ്മനാഭന്റെ തൂലികയിൽ നിന്നുതിർന്ന മറ്റൊരു കഥാസമാഹാരം. ജോലിയിൽ നിന്നു വിരമിച്ച് കണ്ണൂരിൽ താമസമാക്കിയതിനുശേഷം പ്രചോദനത്തിന്റെ കുറവു കൊണ്ടാണോ എന്നറിഞ്ഞില്ല, കഥകളുടെ എണ്ണത്തിൽ സാരമായ കുറവ് അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കൊടുംവേനലിലെ ആദ്യത്തെ മഴപോലെ ഒരു ആത്മഹർഷത്തോടെയാണ് ഈ പുസ്തകവും സാഹിത്യപ്രേമികൾ ഏറ്റുവാങ്ങുന്നത്. പദ്മനാഭന്റെ സമ്പൂർണകഥാസമാഹാരം ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചതിനുശേഷം 'പള്ളിക്കുന്ന്' എന്ന ലേഖനസംഗ്രഹം മാത്രമേ പുറത്തിറങ്ങിയിരുന്നുള്ളൂ. അതുതന്നെ മുൻപെപ്പോഴൊക്കെയോ എഴുതിവെച്ചിരുന്ന അപ്രകാശിതലേഖനങ്ങളായിരുന്നുതാനും. അടുത്തകാലത്തായി സാഹിത്യവിവാദങ്ങളിലൊന്നുംതന്നെ തലയിടാതെ പത്രദ്വാരാ നിശബ്ദനായി ജീവിതം നയിക്കുകയായിരുന്നു കേരളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ. പദ്മനാഭന് എന്തു പറ്റി എന്ന് അല്പമൊരു ആകുലതയോടെ ചിന്തിച്ചിരുന്ന വായനക്കാർക്ക് സമാശ്വാസവുമായിട്ടാണ് ഡി.സി.ബുക്സിന്റെ 'നിങ്ങളെ എനിക്കറിയാം' എന്ന ഹാർഡ് ബൌണ്ട് പുസ്തകം വെളിച്ചം കാണുന്നത്.

കഥ എന്നാൽ എന്താണ്, എങ്ങനെയായിരിക്കണം എന്നൊക്കെ മലയാളിക്ക് കാണിച്ചുതന്ന കഥാകാരനാണ് വ്യക്തിജീവിതത്തിൽ പരുക്കനാണെന്ന് സുഹൃത്തുക്കൾ പോലും വിശേഷിപ്പിക്കുന്ന പദ്മനാഭൻ. അദ്ദേഹത്തിന്റെ കഥകൾ ഊണുകഴിക്കുന്നതിനിടയിലോ, യാത്ര പോകുമ്പോഴോ ബോറടി മാറ്റാൻ വായിക്കേണ്ടവയല്ല. സ്നേഹം, ദയ, പ്രത്യാശ എന്നീ ഭാവങ്ങളൊക്കെ മിന്നിമറയുന്ന ആ കഥകളിലെ മലയാളിത്തം മാറ്റിനിർത്തിയാലും ലോകത്തിന്റെ ഏതുകോണിലും സംഭവിക്കുന്ന കുറെ ഹൃദയസ്പ്രുക്കായ കാര്യങ്ങളാണവയെല്ലാം. ആ കഥകൾ അനേകം ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ളതിന്റെ സാരാംശം ഇതുതന്നെയാണ്. അവയിലെ ആശയങ്ങൾ വാക്കുകളുടെ ചവിട്ടുപടി കയറിയെത്തുന്നത് നമ്മുടെ ഹൃദയത്തിലേക്കുതന്നെയാണ്.

എന്നിരുന്നാലും 'നിങ്ങളെ എനിക്കറിയാം' അല്പമൊന്ന് നിരാശപ്പെടുത്തിയെന്ന് സമ്മതിക്കാതെ വയ്യ. കേവലം ഒൻപത് കഥകൾ മാത്രം ഉൾപ്പെടുത്തിയിരിക്കുന്ന ഗ്രന്ഥത്തിലെ ഒന്നോ രണ്ടോ കഥകൾ മുൻസമാഹാരങ്ങളിൽ ഉൾപ്പെടുത്താൻ വിട്ടുപോയതുപോലെ കാണപ്പെട്ടു (ഒരു പഴയ കഥ, കുട്ടൻ, നിങ്ങളെ എനിക്കറിയാം). മറ്റു കഥകളിൽ പ്രത്യാശയുടെ സ്ഥാനത്ത് പ്രായാധിക്യത്തിന്റെ നിസ്സഹായമായ വിഹ്വലത രംഗപ്രവേശം ചെയ്യുന്നത് വേദനയോടെ വായനക്കാർ തിരിച്ചറിയും. ഓട്ടോ ഡ്രൈവറും, വീട്ടുകാര്യസ്ഥനും, സുഹൃത്തുമൊക്കെയായ രാമചന്ദ്രൻ എന്ന കഥാപാത്രം പല കഥകളിലും കയറിവരുന്നത് ഒരു ഡയറിക്കുറിപ്പിന്റെ യാന്ത്രികപ്രതീതി ഉളവാക്കി. പദ്മനാഭനെ ഇരുളടഞ്ഞ മലയാള കഥാനഭസ്സിലെ പ്രകാശമാനമായ താരമായി നിർത്തിയിരുന്നത് അദ്ദേഹത്തിന്റെ കഥകളിലെ പ്രത്യാശയുടെ കിരണങ്ങളായിരുന്നു. പക്ഷേ ഈ സമാഹാരത്തിലെ ഒരു പിടി കഥകളിലെങ്കിലും (ഉദാ. മണ്ണും മനുഷ്യനും, സന്തുഷ്ട കുടുംബം, അച്ഛനും മക്കളും) പദ്മനാഭന്റെ കഥാപാത്രങ്ങൾ ജീവിതസായാഹ്നത്തിൽ അവഗണിക്കപ്പെടുന്നവരുടെ പ്രകടനപത്രികയാണ് പശ്ചാത്തലമൊരുക്കിയത്. ഒ.ഹെന്റിയുടെ കഥകളിലെപ്പോലെ അവസാനഭാഗത്തെങ്കിലും ഒരു 'ട്വിസ്റ്റിലൂടെ' ശുഭപ്രതീക്ഷ കടന്നുവരുമെന്നു പ്രതീക്ഷിച്ചവർ നിരാശരായി. 'മണ്ണും മനുഷ്യനു'മിലെ അയല്ക്കാരനും 'സന്തുഷ്ടകുടുംബ'ത്തിലെ സ്വന്തം ഏട്ടനും അനുഭവിക്കുന്ന ഏകാന്തത യഥാർത്ഥത്തിൽ പത്നിയുടെ നിര്യാണത്തിനുശേഷം കഥാകാരൻ കടന്നുപോകുന്ന വിഷമസന്ധി തന്നെയാണോ എന്ന് വായനക്കാർ സന്ദേഹപ്പെടുന്നു.

മുൻ കഥാസമാഹാരങ്ങളുടെ അത്യുന്നത നിലവാരത്തിലേക്ക് എത്തുന്നില്ലെങ്കിലും 'നിങ്ങളെ എനിക്കറിയാം' അവശ്യം വായിച്ചിരിക്കേണ്ടതായ ഒരു പുസ്തകമാണ്. 'ആ കഥകളൊക്കെ എഴുതിയ ഈ വലതുകൈ ഒന്നു തൊടാൻ' കൊതിച്ച 'ഓട്ടോഡ്രൈവറും എഴുത്തുകാരനും' എന്ന കഥയിലെ കഥാപാത്രത്തെപ്പോലെ ആത്മാവിന്റെ വിശുദ്ധമായ പ്രാർത്ഥനകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ആ കഥകൾ നമുക്ക് ഹൃദയത്തോട് ചേർത്തുവെയ്ക്കാം.