Thursday, May 25, 2017

ആർക്കാണ് ഭ്രാന്ത്?

സമൂഹമാധ്യമങ്ങൾ, ബ്ലോഗ്, ട്വിറ്റർ എന്നിവ രംഗപ്രവേശം ചെയ്യുന്നതിനുമുമ്പേ മൺമറഞ്ഞ ഒരു സാഹിത്യകാരനും, ചിന്തകനും, സാമൂഹ്യവിമർശകനുമൊക്കെയായിരുന്നു ശ്രീ. എം. പി. നാരായണപിള്ള. സമൂഹം കാണാതെ വിട്ട വസ്തുതകൾ അദ്ദേഹം കണ്ടെത്തി, കേൾക്കാതെ വിട്ട ശബ്ദങ്ങൾ അദ്ദേഹം പുരപ്പുറത്തുനിന്ന് വിളിച്ചുപറഞ്ഞു. നവമാധ്യമങ്ങളുടെ ഈ കാലത്ത് അതുപോലൊരു സർഗ്ഗധനനെ നഷ്ടമായത് മലയാളത്തിന്റെ നികത്താനാവാത്ത വിടവാണ്. 1998-ൽ ഹൃദ്രോഗം മൂലം അകാലത്തിൽ നിര്യാതനായ നാരായണപിള്ളയുടെ ചിന്തകൾ കാലത്തിന്റെ അനുസ്യൂതമായ ഉപ്പുകാറ്റിലും തുരുമ്പുകയറാതെ നിൽക്കുന്നത് അവയുടെ പത്തരമാറ്റുള്ള തനിമ കൊണ്ടാണ്.

1980-90 കാലഘട്ടത്തിലെഴുതപ്പെട്ട ഏതാനും ലേഖനങ്ങളാണ് ഈ ചെറുകൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പലതിലും ആധുനിക വൈദ്യശാസ്ത്രത്തിനെതിരെയുള്ള കൂരമ്പുകൾ തെളിഞ്ഞുകാണാം. നവകാലത്തിന്റെ ഫാഷനായ 'കെമിക്കലുകൾ'ക്കെതിരെയുള്ള ഫോബിയ നാരായണപിള്ളയേയും പിടികൂടിയിരുന്നുവെന്നുവേണം കരുതാൻ.അതുകൊണ്ടായിരിക്കാം സ്വന്തം ഹൃദ്രോഗം പോലും കാര്യമാക്കാതിരുന്നതും ഒരു പ്രഭാതത്തിൽ വിധി അദ്ദേഹത്തെ നമ്മിൽനിന്നടർത്തിക്കൊണ്ടുപോയതും. താൻ അലോപ്പതി ഡോക്ടർമാരെ കാണുന്നതു നിർത്തിയെന്നും പകരം ഒരു മൃഗഡോക്ടറെയാണ് കാണുന്നതെന്നും ഒരു ലേഖനത്തിൽ പരാമർശിച്ചുകാണുന്നു. അത് ശുദ്ധഹാസ്യമായിരുന്നില്ലെന്നും മറിച്ച് ലേഖകൻ കാര്യമായിത്തന്നെ ഉദ്ദേശിച്ചതായിരുന്നെന്നും വായനക്കാർ വേദനയോടെ മനസ്സിലാക്കിയത് ഒരു അശനിപാതം പോലെ അദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞപ്പോഴായിരുന്നു. അവസാന നാളുകളിലെ ഓർമ്മകൾ നാരായണപിള്ളയുടെ ഭാര്യ ഒരു ലേഖനത്തിലൂടെ രേഖപ്പെടുത്തുന്നു.

സൂര്യൻ അസ്തമിച്ചുകഴിഞ്ഞാലും അല്പസമയം അവശേഷിക്കുന്ന വർണ്ണരാജി പോലെയാണ് പ്രസാധകർ എവിടുന്നൊക്കെയോ തപ്പിയെടുത്ത് നമ്മുടെ മുന്നിൽ വെക്കുന്ന ഇത്തരം ലേഖനസമാഹാരങ്ങൾ. കടുംനിറങ്ങൾ ചാലിച്ച ആ ചായക്കൂട്ടുകൾ പൂർണ്ണമായും മാഞ്ഞ് അന്ധകാരം അടുത്തെത്തുമ്പോൾ നമുക്കവ വീണ്ടും വീണ്ടും വായിക്കാം - 'പരിണാമം' പോലുള്ള കൃതികൾ ഏതു കൂരിരുട്ടിലും സത്യസന്ധമായ ഉൾക്കാഴ്ചയുടെ നിറനിലാവ് പാരിലെങ്ങും പരത്തുമെന്ന വിശ്വാസത്തോടെ, പ്രതീക്ഷയോടെ!

Book Review of 'Arkkanu Bhranth?' by M P Narayana Pillai
ISBN: 9788182657618

Tuesday, May 16, 2017

ശാസ്ത്രബോധം നൂറ്റാണ്ടുകളിലൂടെ

നാം ജീവിക്കുന്ന ലോകം ശാസ്ത്രത്തിൽനിന്നുൽപ്പാദിപ്പിക്കപ്പെട്ട വസ്തുക്കളാൽ നിറഞ്ഞതാണ്. നേരം വെളുത്ത് അസ്തമിക്കുന്നതുവരെ നാം ഉപയോഗിക്കുന്ന ഉപകരണങ്ങളും സേവനങ്ങളുമെല്ലാം നിരവധി വർഷങ്ങളിലെ പഠന, ഗവേഷണങ്ങളുടെ ഫലമായി ഉരുവം കൊണ്ടവയാണ്. ഇങ്ങനെയാണെങ്കിലും ശാസ്ത്രബോധവും അന്വേഷണത്വരയും ജനങ്ങളിൽ കുറഞ്ഞുവരുന്നതായിട്ടാണോ കാണുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ശാസ്ത്രവിജ്ഞാനം സമ്പാദിച്ചവർ പോലും ജ്യോതിഷം, വാസ്തു, ഹോമിയോപ്പതി എന്നിവയുടെ പുറകേ പോകുന്നത് ഇതിന്റെ പ്രത്യക്ഷലക്ഷണമാണ്. ശാസ്ത്രജ്ഞാനവും ശാസ്ത്രബോധവും ഒന്നല്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതാണ് ഈ പുസ്തകം. നൂറ്റാണ്ടുകളിലൂടെ വികസിതമാക്കപ്പെട്ട ശാസ്ത്രബോധത്തിന്റെ വിവിധങ്ങളായ അവസ്ഥാന്തരങ്ങളും ഇതിൽ പരിശോധിക്കുന്നു. ശ്രീ. സി. പി. നാരായണൻ ഗണിതത്തിലും സാംഖ്യികത്തിലും ബിരുദാനന്തരബിരുദം നേടിയതിനുശേഷം കോളേജ് അദ്ധ്യാപകനായും ഭാഷാ ഇൻസ്റ്റിട്യൂട്ടിലുമൊക്കെ പ്രവർത്തിച്ചിട്ടുള്ളയാളുമാണ്. 'ചിന്ത' വാരികയുടെ പത്രാധിപരും സി. പി. എം സംസ്ഥാനക്കമ്മിറ്റി അംഗവുമായ അദ്ദേഹം മുൻ രാജ്യസഭാ എം. പി യുമാണ്.

ശാസ്ത്രത്തെ കമ്യൂണിസത്തിന്റെ പൊളിഞ്ഞ തൊഴുത്തിൽ കെട്ടാനാണ് ഗ്രന്ഥത്തിലുടനീളം പരിശ്രമിച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയനിലും മറ്റു കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ശാസ്ത്രം വെന്നിക്കൊടി പാറിച്ചിരുന്നുവെന്നാണ് വാദമെങ്കിലും ഇത് തീർത്തും തെറ്റാണെന്ന് നമുക്കിന്നറിയാം. 2005-ൽ എഴുതപ്പെട്ടതെങ്കിലും കമ്യൂണിസത്തിന്റെ തകർച്ച ശാസ്ത്രബോധത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് വിശകലനം ചെയ്യപ്പെടുന്നില്ല. അന്ധവും അതുകൊണ്ടുതന്നെ പരിഹാസ്യവുമായ അമേരിക്കൻ വിരോധം പുസ്തകത്തിന്റെ പരാമർശവിഷയത്തിന്റെ ചുറ്റുവട്ടങ്ങളെ ഭേദിച്ചുകൊണ്ട് പുറത്തേക്കു തികട്ടുന്നു. "ബുഷും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും അവരുടെ നയങ്ങളും ജനങ്ങളിൽനിന്ന് അത്രമാത്രം ഒറ്റപ്പെട്ടിരിക്കുന്നു" (പേജ് 65) എന്ന ജല്പനത്തിന് ഇത്തരമൊരു പുസ്തകത്തിൽ എന്താണ് പ്രസക്തി? മാത്രവുമല്ല, "ഇന്ത്യ അമേരിക്കയുടെ തണലിൽ ഒരു പോക്കിരിരാഷ്ട്രമായി മാറിയ ഇസ്രായേലിന്റെ ചങ്ങാതിയാകുന്ന സ്ഥിതിയിലേക്കെത്തിച്ചത് NDA ഭരണമായിരുന്നു" (പേജ് 92) എന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്. ശാസ്ത്രബോധത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിൽ മാർക്സിസ്റ്റ് ശിങ്കിടികളുടെ നീചമായ രാഷ്ട്രീയവിസർജ്യം പേറുന്ന ഒരു പുസ്തകം പുറത്തിറക്കിയത് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ താഴ്ചയുടെ നെല്ലിപ്പടിയാണ്. ഭീമൻ മണ്ടത്തരങ്ങളും നാരായണൻ തട്ടിവിടുന്നുണ്ട്. "ഇസ്രായേലിനെ കരുവാക്കി മദ്ധ്യേഷ്യയിലെ എണ്ണ മുഴുവനും തങ്ങളുടെ പിടിയിലാക്കുക എന്ന നയം അമേരിക്ക സ്വീകരിച്ചു"വെന്ന് അദ്ദേഹം ആണയിടുമ്പോൾ സഹതപിക്കാനേ നമുക്കു നിവൃത്തിയുള്ളൂ. ഇസ്ളാമികരാജ്യങ്ങളോട് സമ്പൂർണവിധേയത്വവും അദ്ദേഹം പുലർത്തുന്നു.

ശാസ്ത്രം നിത്യേനയെന്നോണം കണ്ടെത്തുന്ന പ്രതിഭാസങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പേ മതഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടതാണെന്നു വാദിക്കുന്നവരെ പുസ്തകത്തിൽ തൊലിയുരിക്കുന്നുണ്ട്. സംഘപരിവാർ ശക്തികളെ കടന്നാക്രമിക്കുന്നതിൽ ഗ്രന്ഥകാരൻ യാതൊരു ലുബ്‌ധും കാണിക്കുന്നില്ല. എന്നാൽ അതിനുപകരമായി കമ്യൂണിസം എന്ന മതത്തിന്റെ 'പുണ്യ'ഗ്രന്ഥങ്ങളേയും പ്രവാചകരേയും ആശയസംഹിതകളെയുമാണ്‌ നാരായണൻ പ്രതിഷ്ഠിക്കുന്നത്. വൻകര ചലനസിദ്ധാന്തം ഏംഗൽസ് ഒരു നൂറ്റാണ്ടു മുന്നേ സൂചിപ്പിച്ചിരുന്നുവത്രേ. ആപേക്ഷികസിദ്ധാന്തം, ദ്രവ്യത്തിന്റെ സത്ത എന്നീ ഗഹനമായ ആശയങ്ങളെല്ലാം ആ കമ്യൂണിസ്റ്റ് സൈദ്ധാന്തികൻ ഉൾക്കണ്ണുകൊണ്ട് മുൻകൂട്ടി കണ്ടുവത്രേ! വൈരുദ്ധ്യാത്മകമായി ആരും ഭൗതികശാസ്ത്രത്തെ സമീപിച്ചില്ല എന്ന് വിലപിക്കുന്നതോടൊപ്പം ക്രമഭംഗസിദ്ധാന്തം (chaos theory) വൈരുദ്ധ്യാത്മക വീക്ഷണദശയിലേക്ക് തപ്പിത്തടഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അഭിമാനിക്കുകയും ചെയ്യുന്നു. വിലകുറഞ്ഞ തെരുവുരാഷ്ട്രീയത്തിന്റെ ദുർഗന്ധം പേറുന്ന ഈ കൃതിയിൽ ഏംഗൽസിനെ 27 തവണയാണ് പരാമർശിച്ചിരിക്കുന്നത്. മാർക്സ് (10 തവണ), ബഹുരാഷ്ട്രകുത്തക (15 തവണ), സാമ്രാജ്യത്വ ശക്തികൾ (53 തവണ) എന്നിങ്ങനെ പോകുന്നു സ്ഥിരം വായ്‌ത്താരികളുടെ എണ്ണം. ഇന്ത്യയിൽ സാമൂഹ്യനീതി വരാതിരിക്കാൻ സാമ്രാജ്യത്വ, ബഹുരാഷ്ട്രകുത്തകകൾ പ്രയത്നിച്ചുകൊണ്ടിരിക്കുന്നു എന്നു വായിക്കുമ്പോൾ ചിത്തഭ്രമത്തിനുള്ള മരുന്ന് ഗ്രന്ഥകാരൻ കഴിക്കാൻ മറന്നുപോയതാണോ എന്നുപോലും നാം ചിന്തിച്ചുപോകും.

വാഗ്ദാനങ്ങളേക്കാളേറെ വാഗ്ദാനലംഘനങ്ങളാണ് ഈ പുസ്തകം നമുക്കു പ്രദാനം ചെയ്യുന്നത്. ഇംഗ്ലീഷിലുള്ള ചില ഗ്രന്ഥങ്ങളുടെ ക്ലിഷ്ടമായ തർജ്ജമയാണ് മിക്കഭാഗങ്ങളിലും. പുതിയ ആശയങ്ങളൊന്നും അവതരിപ്പിക്കുന്നില്ലെന്നതോ പോകട്ടെ, എന്താണ് ശാസ്ത്രം, അതിന്റെ രീതിശാസ്ത്രമെന്ത് എന്നുപോലും വ്യക്തമാക്കാതെ ഗ്രന്ഥകർത്താവ് ലെനിന്റെ മൊഴിമുത്തുകളും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വങ്കത്തരങ്ങളും തേടിപ്പോവുകയാണ്. ലേഖകൻ ആശ്രയിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് നൽകാനുള്ള സാമാന്യമര്യാദ പോലും കാണുന്നില്ല. വൈരുദ്ധ്യാത്മകമായി ശാസ്ത്രത്തെ സമീപിച്ച സ്റ്റാലിന്റെ സിൽബന്തിയായിരുന്ന ലൈസൻകോവിന്റെ ജീവശാസ്ത്രപരമായ അബദ്ധങ്ങൾ ശാസ്ത്രത്തിൽ കമ്യൂണിസ്റ്റ് ആശയങ്ങൾ തിരുകിക്കയറ്റിയാൽ എന്തുസംഭവിക്കുമെന്നതിന്റെ പരിഹാസ്യമായ ഉദാഹരണമാണെങ്കിലും നാരായണൻ അത് സൗകര്യപൂർവം വിഴുങ്ങിക്കളയുന്നു. കടുത്ത ആംഗലപദങ്ങൾ മലയാളത്തിലേക്കു മാറ്റുമ്പോൾ അതിന്റെ തൽസ്വരൂപം നൽകാത്തത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. 'ആശയവാദം' എന്നാൽ എന്താണ്? ശാസ്ത്രവസ്തുതകളെ ലളിതമായി വിവരിക്കുന്ന ഡോക്കിൻസ്, ഗ്രിബിൻ, സേഗൻ, ഹിച്ചൻസ് എന്നിവരുടെ രചനകൾ ഗ്രന്ഥകാരൻ ഒന്നു മനസ്സിരുത്തി വായിക്കുന്നതും നന്നായിരിക്കും.

തീരെ നിലവാരം പുലർത്താത്ത ഈ പുസ്തകം ശുപാർശ ചെയ്യാനാവില്ല.

Book Review of 'Shasthrabodham Noottandukaliloode' by C P Narayanan
ISBN: 9789383330140

Thursday, May 11, 2017

ആരോടും പരിഭവമില്ലാതെ

സിവിൽ സർവീസിൽ മലയാളികളുടെ പ്രാതിനിദ്ധ്യം വളരെ കുറവായിരുന്ന ഒരു കാലഘട്ടമായിരുന്നു സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള ചില ദശകങ്ങൾ. നാട്ടുരാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ കേന്ദ്രസർവീസിലെടുക്കുന്നതിനുള്ള ചില നടപടിപരമായ തടസ്സങ്ങളായിരുന്നു ഇതിനുപിന്നിൽ. അത്തരമൊരു ഘട്ടത്തിൽ കാര്യശേഷി കൊണ്ടും ഉന്നതങ്ങളിലെ പിടിപാടുകൊണ്ടും മുൻനിരയിലായിരുന്ന എം. കെ. കെ നായർ സിവിൽ സർവീസിൽ കേരളത്തിന്റെ പ്രാതിനിദ്ധ്യം സ്തുത്യർഹമാംവിധം സഫലമാക്കി. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഏതാനും വർഷം സേവനമനുഷ്ഠിച്ചതിനുശേഷം ഭിലായ് ഉരുക്കുശാലയിലും എഫ്. ഏ. സി. ടി യിലും ഉന്നത മാനേജ്‌മന്റ് തസ്തികകൾ അദ്ദേഹം വഹിച്ചു. എഫ്. ഏ. സി. ടി യിലെ സേവനത്തിനിടയിൽ കമ്പനിക്ക് ഒരു നിസ്സാര തുക നഷ്ടം വരുത്തി എന്ന കാരണത്താൽ അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തു. പതിനൊന്നുവർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ കോടതി അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും അർഹതപ്പെട്ട സ്ഥാനങ്ങളിലൊന്നും എത്തിച്ചേരാൻ ആ കറ അനുവദിച്ചില്ല. കാബിനറ്റ് സെക്രട്ടറിയായേക്കുമായിരുന്ന എം. കെ. കെ നായർ കേസും കോടതിയുമായി നിരങ്ങേണ്ടിവരുന്ന അവസ്ഥയിലാണ് അടുത്തൂൺ പറ്റിപ്പിരിഞ്ഞത്. ഏതാണ്ട് നാല്പതുവർഷങ്ങളോളം പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്.

വെറും അനുഭവക്കുറിപ്പുകളിൽ ഈ കഠിനാദ്ധ്വാനിയായ മനുഷ്യന്റെ ജീവിതാനുഭവങ്ങൾ തളച്ചിടുവാൻ സാധിക്കുന്നതല്ല. ആ കാലഘട്ടത്തിന്റെ ചരിത്രവും, രാജ്യം ഭരിച്ചിരുന്ന നേതാക്കളുടെ വ്യക്തിപരവും അല്ലാതെയുമുള്ള ശക്തിദൗർബല്യങ്ങളും, സർക്കാർ ഭരണസംവിധാനത്തിലെ നെല്ലും പതിരുമെല്ലാം ഈ പുസ്തകത്തിൽ കാണാം. സുദീർഘമായ പരിഹാരനിർദേശങ്ങൾ വായനക്കാരെ ബുദ്ധിമുട്ടിക്കുമെങ്കിലും നിരവധി സംഭവങ്ങൾ ഉദ്വേഗജനകമായി വിവരിച്ചിരിക്കുന്നത് വളരെ താല്പര്യപൂർവം വായിക്കാവുന്നതാണ്.

ഭാരതത്തിന്റെ പ്രഥമപ്രധാനമന്ത്രിയായിരുന്ന നെഹ്രു വിശ്വപൗരനായിരുന്നു, പണ്ഡിതനായിരുന്നു, രാജ്യതന്ത്രജ്ഞനായിരുന്നു എന്നൊക്കെയാണ് ഔദ്യോഗിക പ്രചാരണമെങ്കിലും അദ്ദേഹത്തിന്റെ വീഴ്ചകൾ പല ഓർമ്മക്കുറിപ്പുകളിലും ആത്മകഥകളിലുമായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാണ്ഡിത്യം നമുക്കു വിടാമെങ്കിലും കാശ്മീർ പ്രശ്നം ഇത്രയും വഷളാക്കി അന്താരാഷ്ട്രവൽക്കരിക്കുന്നതിൽ നെഹ്രുവിന്റെ പങ്ക് വിദേശകാര്യമന്ത്രിയായിരുന്ന നട് വർ സിംഗിന്റെ 'One Life is not Enough' എന്ന ഗ്രന്ഥത്തിൽ വിവരിച്ചിട്ടുണ്ട്. രാഷ്ട്രീയതീരുമാനങ്ങളെടുക്കുമ്പോൾ പ്രായോഗികബുദ്ധിയേക്കാൾ സ്വന്തം പൊങ്ങച്ചത്തിനാണ് നെഹ്രു മുഖ്യപരിഗണന നൽകിയിരുന്നത്. ഹൈദരാബാദ് പിടിച്ചെടുക്കുന്നതിനുള്ള പട്ടാളനടപടി വെച്ചുതാമസിപ്പിച്ചത് ലോകരാജ്യങ്ങൾ തന്നെക്കുറിച്ച് എന്തുവിചാരിക്കുമെന്നുള്ള നെഹ്രുവിന്റെ ബേജാറായിരുന്നു എന്ന് എം. കെ. കെ രേഖപ്പെടുത്തുന്നു. രാഷ്ട്രത്തേക്കാൾ വലിയ നേതാവാണ് താൻ എന്ന അത്തരം തോന്നലുകളാണ് ഇന്ത്യൻ ജനാധിപത്യത്തിന് വലിയ ബാദ്ധ്യതയായിത്തീർന്ന അടിയന്തിരാവസ്ഥയിലേക്കെത്തിച്ചത്. സർദാർ പട്ടേലിനോടുള്ള നെഹ്രുവിന്റെ മത്സരം മര്യാദയുടെ സീമകൾ ലംഘിക്കുന്നതും നാം ഈ പുസ്തകത്തിൽ കാണുന്നു. ശയ്യാവലംബിയായിരുന്ന പട്ടേൽ അന്തരിച്ചപ്പോൾ അദ്ദേഹം ഉപയോഗിച്ചിരുന്ന കാഡിലാക് കാർ തൊട്ടടുത്തദിവസം തന്നെ മന്ത്രാലയത്തിൽ തിരിച്ചേൽപ്പിക്കണമെന്ന് നെഹ്രു ഉത്തരവിട്ടു.

ഭിലായ് ഉരുക്കുനിർമ്മാണശാലയുടെ നിർമ്മാണം, എഫ്. ഏ. സി. ടി യുടെ വികസനപ്രവർത്തനങ്ങൾ നടത്തിയത് എന്നിവയാണ് ഗ്രന്ഥകർത്താവിന്റെ എടുത്തുപറയത്തക്ക നേട്ടങ്ങൾ. നെഹ്രു, പട്ടേൽ, വി. പി. മേനോൻ എന്നിങ്ങനെ ഉന്നതഭരണാധികാരികളുമായുള്ള അടുത്ത സുഹൃത്ബന്ധം എം, കെ, കെയുടെ പ്രവർത്തനങ്ങൾക്ക് വളരെ സഹായകമായിട്ടുണ്ട്. ബ്യൂറോക്രാറ്റ് എന്ന നിലയിൽ തിളങ്ങുമ്പോഴും കഥകളി, നാടകം, കവിത എന്നീ കലകളോടുള്ള അഭിരുചി പലപ്പോഴും പ്രകടമാകുന്നുണ്ട്. നിരവധി അദ്ധ്യായങ്ങൾ കഥകളിക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നു. കലാമണ്ഡലത്തിന്റെ ചെയർമാൻ എന്ന നിലയിലും അദ്ദേഹം തന്റെ കഴിവുതെളിയിച്ചു. ഉദാരവൽക്കരണം തുടങ്ങുന്നതിനുമുൻപെഴുതിയ പുസ്തകം എന്ന നിലയിലുള്ള ഒരു പോരായ്മ ചൂണ്ടിക്കാണിക്കാനുണ്ട്. ഭാരതത്തിന്റെ വ്യവസായവികസനത്തിന് പൊതുമേഖല മാത്രമാണ് പ്രധാനപങ്ക്‌ വഹിക്കേണ്ടത് എന്ന ചിന്താഗതി അതിന്റെ സൂചകമാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Arodum Paribhavamillathe' by M K K Nair