Wednesday, July 29, 2020

നവനാസ്തികത

ശാസ്ത്രത്തെ ജനകീയവൽക്കരിക്കുന്നതിൽ വൻതോതിൽ വിജയം നേടിയ ഗ്രന്ഥകാരനാണ് റിച്ചാർഡ് ഡോക്കിൻസ്. അദ്ദേഹത്തിന്റെ 'The God Delusion' മലയാളത്തിലെ ഡോക്കിൻസ് എന്നു വിശേഷിപ്പിക്കാവുന്ന പ്രൊഫ: സി. രവിചന്ദ്രൻ 'നാസ്തികനായ ദൈവം' എന്ന പേരിൽ മലയാളത്തിലേക്ക് ഭാഷാന്തരീകരണം നടത്തുകയുണ്ടായി. സ്വാഭാവികമായും ഈ കൃതികൾ മതവിശ്വാസികളെ അസ്വസ്ഥരാക്കി. രവിചന്ദ്രന്റെ പുസ്തകത്തിന്റെ വിമർശനമാണ് ഈ കൃതി. വിദ്യാഭ്യാസപരമായ ഗവേഷണങ്ങൾ നടത്തുന്ന ശ്രീ. എൻ. എം. ഹുസൈൻ ആണീ കൃതിയുടെ കർത്താവ്.

ദൈവം എന്ന ആശയത്തേയും സങ്കല്പത്തേയും തകർത്തെറിയുന്നവിധം നിശിതമായ ഒരു വിമർശനമാണ് ഡോക്കിൻസ് മേല്പറഞ്ഞ കൃതിയിൽ അവലംബിച്ചിരിക്കുന്നത്. അതിനെ നേരിടാനെന്ന മട്ടിൽ വാദമാരംഭിക്കുന്ന ഹുസൈൻ ഉടൻതന്നെ തർക്കശാസ്ത്രത്തിലെ സാങ്കേതികതയിൽ കടിച്ചുതൂങ്ങി ദൈവത്തിന്റെ അസ്തിത്വം ചോദ്യം ചെയ്യപ്പെടാനാവാത്തതാണെന്ന തൊടുന്യായത്തെ വായനക്കാരുടെ തലയിലേറ്റുന്നു. ദൈവം ഇന്ദ്രിയാതീതമാണെന്നും അതിനെ ശാസ്ത്രത്തിന്റെ ഭൗതികരീതികൾ വെച്ചു തെളിയിക്കാനാവില്ലെന്നും വാദിക്കുന്ന അദ്ദേഹം പകരം മറ്റു രീതികൾ നിർദ്ദേശിക്കുന്നില്ല. 'പ്രപഞ്ചത്തിന് ബാധകമായ നിയമങ്ങളെല്ലാം ദൈവത്തിനും ബാധകമാണെങ്കിൽ ദൈവം എങ്ങനെ ദൈവമാകും' എന്ന മുടന്തൻ ന്യായത്തിനുപിന്നാലെ (പേജ് 38) പ്രപഞ്ചം സൃഷ്ടിച്ചത് പ്രപഞ്ചാതീതശക്തിയാണെന്നും പറഞ്ഞുവെക്കുന്നു (പേജ് 29). പ്രപഞ്ചാതീതവും മനുഷ്യന്റെ അന്വേഷണോപകരണങ്ങൾക്ക് വിധേയമല്ലാത്തതുമാണ് ദൈവാസ്തിത്വം (പേജ് 71). അനാദിയായ ദൈവം എങ്ങനെയുണ്ടായി എന്ന ചോദ്യം പോലും ചോദിക്കാൻ പാടില്ല. ഇതുപോലെയുള്ള 'പണ്ഡിതർ' പണ്ട് മഴ ഉണ്ടാകുന്നതെങ്ങനെ, വസൂരി പിടിപെടുന്നതെങ്ങനെ മുതലായ ചോദ്യങ്ങളും ഇത്തരത്തിൽ സെൻസർ ചെയ്തിരിക്കണം.

പ്രത്യക്ഷത്തിൽ മതവിശ്വാസികൾ ശാസ്ത്രത്തെ എതിർക്കുമെങ്കിലും തങ്ങളുടെ വിശ്വാസങ്ങളെ വിദൂരമായെങ്കിലും ശാസ്ത്രം അംഗീകരിക്കുമെങ്കിൽ അതവരെ ആവേശഭരിതരാക്കും. ഗ്രന്ഥകർത്താവും ഇതിൽനിന്നു ഭിന്നനല്ല. ശാസ്ത്രത്തിന്റെ പുരോഗതി മതവിശ്വാസത്തിലേക്ക് നീങ്ങാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണത്രേ (പേജ് 134)! പരിണാമവാദം ജീവശാസ്ത്രത്തിൽനിന്ന് കെട്ടുകെട്ടാൻ തുടങ്ങിയെന്ന് വസ്തുതകളുടെ പിൻബലമില്ലാതെ അദ്ദേഹം മനപ്പായസമുണ്ണുന്നു (പേജ് 47). ദൈവവിശ്വാസികളായ ചില ശാസ്ത്രജ്ഞർ പരിണാമം ദൈവലീലയാണെന്നു വാദിക്കുന്നത് അതിന്റെ പരാജയത്തിന്റെ തെളിവായി വ്യാഖ്യാനിക്കുകയും ചെയ്യുന്നു. ഞെട്ടിപ്പിക്കുന്ന മറ്റൊരു പ്രസ്താവന 'പ്രപഞ്ചം മുഴുക്കെ സൃഷ്ടിച്ച് സംവിധാനിച്ചത് ഏകദൈവമാണെന്ന വിശ്വാസം ലഭ്യമായ ഏറ്റവും പുതിയ ശാസ്ത്രീയ വിവരങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ടെന്നതാണ് (പേജ് 30). സൃഷ്ടി നടത്തിയത് ഏതെങ്കിലും ദൈവമോ ദൈവങ്ങളോ അല്ല, മറിച്ച് 'ഏകദൈവം' മാത്രമാണെന്ന ഹുസ്സൈന്റെ സൂത്രത്തിലുള്ള അവകാശവാദത്തിന്റെ ഉത്ഭവം എവിടെയാണെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കുമല്ലോ!

നിരീശ്വരവാദത്തേയും ആധുനികശാസ്ത്രത്തേയും കുറിച്ചുള്ള ഹുസൈന്റെ തെറ്റിദ്ധാരണകളുടെ ആകെത്തുകയാണ് ഈ പുസ്തകം. അവ മറ്റൊരു മതമാണെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നതെന്നു തോന്നുന്നു. ആ തോന്നലിൽനിന്നാണ് 'നിരീശ്വരവാദത്തിന് ന്യൂനതയുണ്ടെന്ന് ഡോക്കിൻസ് സമ്മതിക്കുമോ?' എന്ന മട്ടിലുള്ള ചോദ്യങ്ങളുടെ അടിസ്ഥാനം (പേജ് 80). അതുപോലൊന്നാണ് നിരീശ്വരവാദികളെല്ലാം കമ്യൂണിസ്റ്റുകളാണെന്ന ധാരണയും. അതിന്റെ പേരിൽ സ്റ്റാലിന്റെ ക്രൂരകൃത്യങ്ങളുടെ ഉത്തരവാദിത്വവും അദ്ദേഹം അവരുടെ തലയിൽ വെച്ചുകെട്ടുന്നു.

നൂറ്റാണ്ടുകൾക്കുമുൻപെഴുതപ്പെട്ട മതഗ്രന്ഥങ്ങളിൽനിന്നു വ്യത്യസ്തമായി ശാസ്ത്രതത്വങ്ങൾ സൗകര്യംപോലെ ദൈവാസ്തിത്വം തെളിയിക്കുന്നതിനുവേണ്ടി ഉപയോഗിക്കാൻ ഹുസൈൻ തയ്യാറാകുന്നത് ശുഭസൂചനയായി വായനക്കാർക്ക് തോന്നിയേക്കാം. കേംബ്രിയൻ വിസ്ഫോടനം സൃഷ്ടിയുടെ മുഹൂർത്തമായി അദ്ദേഹം വിഭാവനം ചെയ്യുകപോലും ചെയ്യുന്നു. അത്രയും നല്ലത്! എന്നാൽ വിസ്ഫോടനം എന്ന പദം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ എന്നും സംശയിക്കണം. ഒരു നിമിഷാർദ്ധത്തിൽ സംഭവിച്ച ഒരു പൊട്ടിത്തെറിയല്ല അത്! 54 കോടി വർഷങ്ങൾക്കുമുമ്പ് ഒട്ടുമിക്ക ജീവിവർഗ്ഗങ്ങളും പൊടുന്നനെ ആവിർഭവിച്ച സംഭവമാണ് കേംബ്രിയൻ വിസ്ഫോടനം. ഇതു നടന്നത് രണ്ടുകോടി വർഷങ്ങളുടെ ഇടവേളയിലുമാണ്. സൃഷ്ടാവ് വളരെ സാവധാനത്തിലാണെന്നുതോന്നുന്നു സൃഷ്ടികളെ പടച്ചത്. നിഗൂഢസിദ്ധാന്തക്കാരുടെ പ്രിയവിഷയമാണ് ക്വാണ്ടം ബലതന്ത്രം. ആ സിദ്ധാന്തത്തിലെ അനിശ്ചിതത്വങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അതു മനസ്സിലാക്കാത്തവർക്ക് ദൈവത്തെ എങ്ങനെ അറിയാൻ സാധിക്കും എന്നു വാദിക്കുന്നത് അൽപ്പം കടന്നുപോയി. ആ സിദ്ധാന്തത്തിന്റെ വരവോടെ മതതത്വങ്ങൾ സാധൂകരിക്കപ്പെട്ടു എന്ന മട്ടിൽ ഗ്രന്ഥകാരൻ മേനി നടിക്കുകയും ചെയ്യുന്നു.

ലേഖകന്റെ മറ്റൊരു തെറ്റിദ്ധാരണ പരിണാമസിദ്ധാന്തം ജീവന്റെ ഉല്പത്തി വിവരിക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ്. വാസ്തവത്തിൽ ആ സിദ്ധാന്തം ജീവോത്പത്തി വിശദീകരിക്കാൻ മെനക്കെടുന്നേയില്ല. എല്ലാ പ്രതിഭാസങ്ങളേയും വിവരിക്കുന്ന മാന്ത്രികസിദ്ധാന്തങ്ങൾ മതഗ്രന്ഥങ്ങളിലേ കാണുകയുള്ളൂ. ജീവിവർഗ്ഗങ്ങൾ എങ്ങനെ പരിണമിച്ച് മറ്റു വർഗ്ഗങ്ങളായി എന്നുമാത്രമേ ഡാർവിൻ വിശദീകരിക്കുന്നുള്ളൂ. ജീവൻ വളരെ സങ്കീർണ്ണമായ ഒന്നാണ്. അത് എങ്ങനെ ആവിർഭവിച്ചു എന്ന് കൃത്യതയോടെ വിശദീകരിക്കാൻ ഇന്ന് ശാസ്ത്രത്തിന് കഴിയില്ല. മതത്തിനും കഴിയില്ല. എന്നാൽ ഈ രണ്ടാമത്തെ കഴിവില്ലായ്മ തിരിച്ചറിയാൻ പറ്റാത്തിടത്താണ് ഹുസ്സൈന്റെ ബൗദ്ധിക ആന്ധ്യം വെളിപ്പെടുന്നത്.

ശാസ്ത്രത്തെ താനുദ്ദേശിക്കുന്ന തൊഴുത്തിൽകൊണ്ടുപോയി കെട്ടാൻ സാധിക്കാത്ത സന്ദർഭങ്ങളിൽ അതിനെ കാര്യകാരണബന്ധമില്ലാതെ അപലപിക്കാനും ഈ ഗ്രന്ഥം തയ്യാറാകുന്നു. ആധുനികതയും അദ്ദേഹത്തിന് ഒരു ചീത്തവാക്കാണ്. കോളനി വാഴ്ചക്കാരുടെ പ്രത്യയശാസ്ത്രമാണത്രേ ആധുനികത (പേജ് 131). മാത്രവുമല്ല, നിരീശ്വരവാദമാണ് അതിന്റെ അടിത്തറ. ആധുനികകാലത്ത് ശാസ്ത്രജ്ഞർ എന്നത് സാമൂഹികപ്രശ്നങ്ങളിൽ ഇടപെടാതെയും താല്പര്യം കാണിക്കാതെയും കമ്പനികളേയും സർക്കാരുകളേയും സേവിക്കുന്ന അഭിജാതവിഭാഗക്കാരാണെന്നുകൂടി അദ്ദേഹം പറഞ്ഞുവെക്കുന്നു (പേജ് 218).

ലേഖകൻ ഡോക്കിൻസിനോ രവിചന്ദ്രനോ പോന്ന ഒരു എതിരാളിയല്ല. ഈ പുസ്തകം വായനാക്ഷമം പോലുമല്ല. എതിരാളികളെ ആക്രമിക്കാൻ ഏതു ഹീനമാർഗ്ഗവും ഗ്രന്ഥകാരൻ അവലംബിക്കുകയും ചെയ്യുന്നു. അദ്ദേഹം നിരീശ്വരവാദികളെ വിവരിക്കുന്നതുകാണുക. പുസ്തകത്തിലുടനീളം അദ്ദേഹം അവരെ വിശേഷിപ്പിക്കുന്നത് മാനസികവളർച്ച നേടാത്തവർ (പേജ് 44), പ്രത്യക്ഷജ്ഞാനത്തിനപ്പുറം പോകാൻ കഴിവില്ലാത്തവർ, അല്പജ്ഞർ അഥവാ അൽപ്പർ (പേജ് 65), ആന്ത്രോപിക് തത്വം വിലയിരുത്താനുള്ള വിവരമോ കഴിവോ ഇല്ലാത്തവർ (പേജ് 111), സാമാന്യബോധമോ വിവരമോ ഇല്ലാത്തവർ (പേജ് 122), മാനസിക തകരാറുള്ളവർ (പേജ് 122), മതതത്വശാസ്ത്രത്തെക്കുറിച്ച് ഒന്നുമറിയാത്ത ലോകോത്തരവിഡ്ഢികൾ (പേജ് 156), സാമാന്യതത്വത്തെ മനസ്സിലാക്കാനുള്ള ഗ്രഹണശേഷി ഇല്ലാത്തവർ (പേജ് 157) എന്നൊക്കെയാണ്. വാചാടോപം മാത്രമേ ഹുസ്സൈന്റെ കയ്യിലുള്ളൂ എന്നതിന് ഇനിയും തെളിവുവേണോ?

പുസ്തകം ശുപാർശ ചെയ്യുന്നില്ല.

Book Review of 'Navanasthikatha - Richard Dawkinsinte Vibhraanthikal' by N M Hussain
ISBN: Nil
Publisher: Creatives, Kochi