Saturday, January 26, 2019

ഇരട്ടമുഖമുള്ള നഗരം

കേരളസാഹിത്യരംഗത്ത് നിതാന്തമായ ഒരു ചലനം സൃഷ്ടിച്ച പുസ്തകമാണ് ബെന്യാമിന്റെ 'ആടുജീവിതം'. കേരള ജനസംഖ്യയുടെ പത്തിലൊന്നോളം പേർ പ്രവാസികൾ ആയിരിക്കുമ്പോഴും അവർക്കിടയിൽനിന്ന് തലയെടുപ്പുള്ള സാഹിത്യകാരന്മാർ ഉയർന്നുവരുന്നില്ല എന്ന ആരോപണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു 'ആടുജീവിത'ത്തിലൂടെ ബെന്യാമിന്റെ രംഗപ്രവേശം. വിദേശത്ത് ജോലി എടുക്കുന്നതിനൊപ്പം തുടങ്ങിയ സാഹിത്യസപര്യ അദ്ദേഹത്തെ മലയാളത്തിന്റെ നാലതിരുകൾ ഭേദിച്ച് പുറത്തേക്ക് പറക്കുവാൻ സഹായിച്ചു. മറ്റു ഭാഷകളിലും ദേശങ്ങളിലും ഉള്ള നിരവധി സുഹൃത്തുക്കൾ ബെന്യാമിന്റെ രചനകൾ അവിടേക്കെല്ലാം കടന്നുചെല്ലാൻ ഇടയാക്കി. 'Goat Days' എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ട തന്റെ മാസ്റ്റർപീസിന്റെ ബഹുമാനാർത്ഥം 2015-ലെ കറാച്ചി സാഹിത്യോത്സവത്തിലേക്ക് ക്ഷണിക്കപ്പെട്ട ബെന്യാമിൻ അഞ്ചുദിവസം കറാച്ചിയിൽ താമസിച്ചു നടത്തിയ യാത്രകളും നേടിയ അനുഭവങ്ങളുമാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

എന്തിനെയെങ്കിലും കുറിച്ച് ഏറ്റവും കുറഞ്ഞ പ്രതീക്ഷകൾ മാത്രം വെച്ചുപുലർത്തിയാൽ അതിൽനിന്ന് പിന്നീട് എന്തുകിട്ടിയാലും നാം സന്തുഷ്ടരാകും എന്ന സത്യത്തിന്റെ പ്രകടമായ ദൃഷ്ടാന്തമാണ് കറാച്ചി യാത്രയും ഈ ഗ്രന്ഥവും. പാക്കിസ്ഥാൻ മതതീവ്രവാദികൾ നിറഞ്ഞ രാജ്യമാണെന്ന ധാരണയും പേറി കറാച്ചിയിൽ എത്തുന്ന ഗ്രന്ഥകാരൻ സാഹിത്യോത്സവത്തിൽ ഒരു ചാവേർ തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചില്ല എന്ന വസ്തുത കൊണ്ടുമാത്രം കൃതാർത്ഥനാവുകയും പാകിസ്താനോട് നന്ദി രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇന്ത്യയിലെ പോലെ അവിടെയും സാധാരണജനങ്ങൾ രാഷ്ട്രീയവും മതപരവുമായ കുരുക്കുകളിൽ ചെന്നുവീഴാതെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി തെരുവുകളിലൂടെ നീങ്ങുന്നത് കാണുമ്പോൾ ബെന്യാമിൻ ആനന്ദഭരതനാവുകയും ചെയ്യുന്നു.

ഇന്ത്യക്കാരെ പാക്കിസ്ഥാനികൾ ശത്രുക്കളായാണ് കാണുന്നത് എന്ന ധാരണ തെറ്റാണെന്നു സ്ഥാപിക്കാൻ ഈ പുസ്തകം ശ്രമിക്കുന്നു. കറാച്ചിയിലെ ഒരു പ്രമുഖ ന്യൂനപക്ഷം ഇന്ത്യയിൽനിന്ന് വിഭജനാനന്തരം കുടിയേറിയവരുടെ പിൻതലമുറക്കാരാണ്. ഇന്ത്യയിൽനിന്ന് പറിച്ചുനടപ്പെട്ടതിൽ അവർ അല്പം ഖിന്നരാണെന്ന നിരീക്ഷണം കൗതുകമുണർത്തുന്നതാണ്. ബെന്യാമിൻ ഇടപഴകിയ സാഹിത്യ - കച്ചവടരംഗങ്ങളിലെ പ്രമുഖർ അതിർത്തികളില്ലാത്ത സാർവ്വദേശീയതയെ ഗാഢം പുണരുന്നവരായതുകൊണ്ട് ആ വരേണ്യവർഗത്തിലെ പ്രമുഖർ സാധാരണജനതയുടെ പരിച്ഛേദമാണെന്നു കരുതുന്നത് ഒരു ഭീമാബദ്ധം ആയിരിക്കും. പാക്കിസ്ഥാനിലെ സർക്കാർ ഉപകരണങ്ങളും പൊലീസും ഇന്ത്യക്കാരോട് തീവ്രശത്രുതാമനോഭാവമാണ് ഇപ്പോഴും പിന്തുടരുന്നതെന്നത് നമുക്കീ കൃതിയിൽ കാണാൻ കഴിയും. രാജ്യം സന്ദർശിക്കുന്ന ഓരോ ഇന്ത്യക്കാരനും തുടക്കത്തിലും ഒടുക്കത്തിലും പോലീസ് സ്റ്റേഷനിൽ ഹാജരായി അവിടെനിന്ന് രേഖകൾ സമ്പാദിക്കണം എന്ന നിയമം വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. അങ്ങനെ ചെല്ലുന്നവർക്കെല്ലാം കയ്പേറിയ അനുഭവം ഉദ്യോഗസ്ഥരിൽനിന്നുണ്ടായി എന്ന പരമാർത്ഥം ബെന്യാമിൻ പ്രത്യേകം പറയുന്നില്ലെങ്കിലും വരികൾക്കിടയിൽ വായിക്കാൻ സാധിക്കും.

അക്രമവും നിയമരാഹിത്യവും കൊടികുത്തിവാഴുന്ന കറാച്ചിയുടെ തകരുന്ന മൂല്യങ്ങൾ ഗ്രന്ഥകർത്താവ് വ്യക്തമായി വിവരിക്കുന്നു. അവിടെ സമ്പന്നർ വിലകൂടിയ മൊബൈൽഫോണും മുന്തിയ കാറുകളും ഉപയോഗിക്കുന്നില്ല - ആരെങ്കിലും തട്ടിപ്പറിക്കുമോ എന്ന ഭീതിമൂലം. മിക്കവരും രണ്ട് മൊബൈലുകൾ കയ്യിൽ കരുതുന്നു. ആരെങ്കിലും ഒരെണ്ണം തട്ടിക്കൊണ്ടുപോയാലും അത്യാവശ്യം ആശയവിനിമയത്തിന് മറ്റേത് ഉപയോഗിക്കാമല്ലോ. വിലകൂടിയ കാർ ഉപയോഗിക്കുന്നത് ക്രിമിനലുകളുടെ ശ്രദ്ധ ആകർഷിക്കുമെന്നതിനാൽ ധനാഢ്യർ പോലും ചെറുകാറുകളിൽ സഞ്ചരിക്കുന്നു. ഒരു തെരുവുഗുണ്ട വാഗ്‌വാദത്തിനൊടുവിൽ പോലീസുകാരന്റെ നെറ്റിയിലേക്ക് കൈത്തോക്ക് ചൂണ്ടുന്നത് ബെന്യാമിൻ നേരിട്ട് കാണുന്നുമുണ്ട്. അദ്ദേഹത്തിന്റെ പാകിസ്ഥാനി സുഹൃത്ത് അതിവേഗത്തിൽ കാറോടിച്ച് അവിടെ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയേയും മതതീവ്രവാദത്തെച്ചൊല്ലിയുമൊക്കെ കറാച്ചിയിൽ ഇരുന്ന് വിമർശിച്ച ഇന്ത്യൻ സാഹിത്യകാരന്മാർ "നിങ്ങൾ സൽമാൻ റുഷ്ദിയെ കുറിച്ചും മലാലയെ കുറിച്ചും മിണ്ടാത്തതെന്തേ?" എന്ന ഒരു പാക്കിസ്ഥാനി വായനക്കാരന്റെ ചോദ്യത്തിനുമുന്നിൽ വാലും കാലിനിടയിൽ തിരുകി കുരയ്ക്കാൻ പോലുമാകാതെ നാവടക്കിയിരുന്ന കാഴ്ച അല്പം ആത്മവിമർശനത്തോടെയാണെങ്കിലും ബെന്യാമിൻ വിശദീകരിക്കുന്നുണ്ട്. കറാച്ചിയുടെ മലയാളി ബന്ധം അന്വേഷിച്ചുപോകുന്ന അദ്ദേഹം രണ്ടാം തലമുറയിലെ രണ്ടുയുവാക്കളെ കണ്ടുമുട്ടി മാതൃഭൂമിയുടെ ഓർമ്മകൾ അവരിൽ ഉണർത്തുന്നു.

ഒരു സാഹിത്യകാരൻ ഉപയോഗിക്കുമെന്നു പ്രതീക്ഷിക്കുന്ന ആഡംബരവും അലങ്കാരവും നിറഞ്ഞ ഭാഷ ഈ പുസ്തകത്തിൽ കാണുന്നില്ല. കാര്യമാത്രപ്രസക്തമായ വിവരണശൈലി ഒരു സാഹിത്യനായകന്റെ പേനയിൽ നിന്നൂർന്നുവീണതാണോ എന്ന സംശയമുണർത്തുന്നതാണ്. പുഷ്പാലംകൃതമായ ഭാഷയുടെ അഭാവം വസ്തുതകൾ കൃത്യമായി പറഞ്ഞു മനസ്സിലാക്കുന്നതിൽ നിന്ന് ഗ്രന്ഥകാരനെ തടയുന്നുമില്ല. എങ്കിലും ഈ യാത്രയുടേയും നിരീക്ഷണങ്ങളുടേയും ഉപരിപ്ലവമായ സ്വഭാവം ഈ പുസ്തകം ഒരു നഷ്ടപ്പെട്ട അവസരമായിരുന്നു എന്ന തോന്നലിനെ ദൃഢപ്പെടുത്തുന്നു.

പുസ്തകം ശുപാർശചെയ്യുന്നു

Book Review of 'Irattamukhamulla Nagaram' by Benyamin
ISBN: 9788184234237

Monday, January 14, 2019

മാർക്സിന്റെ വീട്

മാനവചരിത്രരചന രാജാക്കന്മാരുടേയും ചക്രവർത്തിമാരുടേയും കുതിരക്കുളമ്പടികളിലും യുദ്ധാരവങ്ങളിലും മുഴുകിനിന്നിരുന്ന കാലത്ത് വ്യത്യസ്തമായ ഒരു ദിശ കാട്ടിക്കൊടുത്ത സാമ്പത്തികശാസ്ത്രപണ്ഡിതനാണ് കാൾ മാർക്സ്. രണ്ടു വിപരീതങ്ങൾ, അഥവാ വൈരുദ്ധ്യങ്ങൾ, തമ്മിലുള്ള നിരന്തരസമരത്തിലൂടെ ഉത്പാദനോപാധികളിൽ ഉണ്ടാകുന്ന വളർച്ചയാണ് ചരിത്രത്തെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം എന്ന മാർക്സിയൻ നിരീക്ഷണം ചിന്തയുടെ ഒരു പുതിയ യുഗത്തിന് നാന്ദി കുറിച്ചു. മറ്റു ചരിത്രകാരന്മാരിൽനിന്ന് വ്യത്യസ്തത പുലർത്തിക്കൊണ്ട് മാർക്സിന്റെ വീക്ഷണം ശാസ്ത്രീയതയുടെ മേലങ്കി സ്വയം എടുത്തണിഞ്ഞു. അതിനാൽത്തന്നെ വരാനിരിക്കുന്ന ചരിത്രത്തെക്കുറിച്ചുള്ള പ്രവചനാത്മകമായ ദർശനങ്ങളും അദ്ദേഹം നൽകി. വ്യാവസായികവിപ്ലവത്തെത്തുടർന്നുള്ള യൂറോപ്പിലെ തൊഴിലാളിപ്രശ്നങ്ങൾ, അതിൽത്തന്നെ മാഞ്ചസ്റ്ററിലെ തുണിമിൽ തൊഴിലാളികളുടെ പ്രശ്‍നങ്ങളുടെ ഗാഢമായ പഠനവും, പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ യൂറോപ്പിലുണ്ടായ രാഷ്ട്രീയ അനിശ്ചിതാവസ്ഥ സൃഷ്ടിച്ച ഭരണകൂടങ്ങളുടെ ദുർബലതയും, രാഷ്ട്രീയാധികാരം തൊഴിലാളികൾക്ക് കൈവരുന്നതിനെക്കുറിച്ച് സ്വപ്നം കാണാൻ മാർക്സിനെ പ്രേരിപ്പിച്ചു. ആ സൈദ്ധാന്തികപ്രതിഭയുടെ കിരണങ്ങൾ ലോകമെങ്ങും വീശി. അല്പകാലത്തിനുശേഷം ലെനിൻ ആ സിദ്ധാന്തങ്ങളുടെ പ്രായോഗികരൂപം സോവിയറ്റ് യൂണിയനിലൂടെ കാഴ്ചവെച്ചു. എന്നാൽ ഏട്ടിലെ പശു പുല്ലുതിന്നില്ലല്ലോ! മുതലാളിത്തരാജ്യങ്ങളിൽ സാമ്പത്തികപരാധീനത മാത്രമാണ് തൊഴിലാളിവർഗ്ഗത്തിനെ അലട്ടിയതെങ്കിൽ കമ്യൂണിസ്റ്റ് രാജ്യങ്ങളിൽ അതിനുപുറമേ രാഷ്ട്രീയമായ ദാസ്യം കൂടി അവർക്കു നേരിടേണ്ടിവന്നു. പൊതുജനം പാർട്ടിനേതാക്കളുടെ അടിമകളായി മാറുന്ന ദയനീയനാടകം ഒന്നിനുപുറകെ ഒന്നായി എല്ലാ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും അരങ്ങേറി. 1990 ആയപ്പോഴേക്കും മാറ്റത്തിന്റെ കൊടുങ്കാറ്റുകൾ ആഞ്ഞുവീശാൻ തുടങ്ങി - ചെങ്കോട്ടകൾ തകർന്നുവീണു, ചുവപ്പുസൈനികർ ആയുധമുപേക്ഷിച്ച് പലായനം ചെയ്തു, അവസാനം ചെങ്കൊടി എന്നെന്നേക്കുമായി കൊടിമരത്തിൽനിന്ന് താഴെയിറങ്ങി. ഈ ഘട്ടത്തിൽ മാർക്സ് ജനിച്ച ട്രയർ എന്ന ജർമ്മൻ നഗരത്തിൽ സന്ദർശനം നടത്തിയ ദേശാഭിമാനി പത്രത്തിന്റെ എഡിറ്ററും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന ശ്രീ. കെ. ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വിവിധവശങ്ങളെക്കുറിച്ചു നടത്തുന്ന ഒരു പഠനമാണ് ഈ പുസ്തകം.

മാർക്സ് ജനിച്ച ഭവനം ഇന്നൊരു മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ വ്യക്തി-സാഹിത്യ-രാഷ്ട്രീയജീവിതങ്ങളുടെ ഒരു നേർക്കാഴ്ച്ച നമുക്കവിടെ കാണാൻ കഴിയും. ഇനം തിരിച്ച്, വിവിധ മുറികളിലായി, ആ ജീവിതം ഇതൾ വിരിയുന്നത് സന്ദർശകന് അനുഭവവേദ്യമാകുന്നു. യുവാവായ മാർക്സിന്റെ പ്രായോഗികബുദ്ധി അദ്ദേഹത്തിന്റെ ആദർശസൂക്ഷ്മതയെ മറികടക്കുന്നത് ബാലകൃഷ്ണൻ കൃത്യമായി കണ്ടെത്തുന്നുണ്ട്. ബെർലിനിലെ ഫ്രെഡറിക് വില്യം സർവകലാശാലയിൽ നിയമവിദ്യാർത്ഥിയായിരുന്ന മാർക്സ് പി.എച്ച്.ഡി ബിരുദം എളുപ്പം നേടാൻ ജേനാ സർവകലാശാലയാണ് സഹായകം എന്നു മനസ്സിലാക്കിക്കൊണ്ട് ഒരു തത്വശാസ്ത്രപ്രബന്ധം തയ്യാറാക്കി അങ്ങോട്ടയച്ചുകൊടുത്തു. പ്രാചീന ഗ്രീസിലെ 'ഡെമോക്രീറ്റസിന്റേയും എപ്പിക്യൂറിയനിസത്തിന്റേയും പ്രകൃതിതത്വശാസ്ത്രങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ' എന്ന ഈ പ്രബന്ധത്തിന് ഡോക്ടറേറ്റ് ലഭിച്ചുവെങ്കിലും സ്വദേശമായ ബോണിൽ ഒരു ലക്ച്ചറർ ആകാൻ അത് സഹായകമായില്ല. നിരാശനായ മാർക്സ് പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. വിവാദവിഷയങ്ങളെക്കുറിച്ച് എഴുതുന്നത് ഒരു ശീലമാക്കിയതോടെ ഫ്രാൻസ്, ബെൽജിയം, വീണ്ടും ജർമ്മനി എന്നിവിടങ്ങളിലേക്ക് മാറിമാറി നാടുകടത്തപ്പെട്ടു. ഒടുവിൽ അദ്ദേഹം ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കി.

മാർക്സിന്റെ ജീവിതത്തിൽ സ്ഥായിയായ മാറ്റങ്ങൾ ഉണ്ടാകുന്നത് ഫ്രഡറിക് ഏംഗൽസുമായി ദൃഢമായ സുഹൃദ്ബന്ധം സ്ഥാപിച്ചതോടെയാണ്. ഒരു വൻവ്യവസായിയുടെ മകനായ ഏംഗൽസ് മാർക്സിനെ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരുന്നു. ഗൃഹനാഥൻ പ്രതിഫലമില്ലാത്ത ഗവേഷണത്തിൽ മാത്രം മുഴുകിയിരുന്നതിനാൽ കടുത്ത ദാരിദ്ര്യത്തിലേക്കു വഴുതിവീണ മാർക്സിന്റെ കുടുംബം പലപ്പോഴും ഏംഗൽസിന്റെ മണി ഓർഡറുകൾക്കായി കാത്തിരുന്ന രംഗങ്ങൾ ഗ്രന്ഥകാരൻ തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം എന്നീ ശ്രദ്ധേയമായ രചനകളും ഈ കൂട്ടുകെട്ടിലൂടെ താമസിയാതെ പുറത്തുവന്നു. ഈ രണ്ടു ഗ്രന്ഥങ്ങളേയും സമീപിക്കുമ്പോൾ ബാലകൃഷ്ണൻ പ്രദർശിപ്പിക്കുന്ന മതവികാരത്തോളമെത്തുന്ന ഭക്ത്യാദരങ്ങൾ വായനക്കാരെ രസിപ്പിക്കും. എന്നാൽ 'മൂലധനം' വിറ്റുകിട്ടുന്ന റോയൽറ്റി കൊണ്ട് വീട്ടിലേക്ക് ചില അത്യാവശ്യസാധനങ്ങൾ വാങ്ങാമെന്നു കരുതിയ മാർക്സിനെ നിരാശനാക്കുന്നതായിരുന്നു അതിന്റെ വിൽപ്പന. ആ കൃതി എഴുതുമ്പോൾ വലിച്ചുകൂട്ടിയ സിഗരറ്റിന്റെ തുക പോലും റോയൽറ്റിയായി കിട്ടിയില്ല എന്നാണ് മാർക്സ് തന്നെ തമാശരൂപേണ രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യപതിപ്പിലെ ആയിരം കോപ്പി വിറ്റുതീരാൻ നാലുവർഷമെടുത്തു. എന്നിരുന്നാലും 222 പണ്ഡിതരെ ഉദ്ധരിക്കുന്ന, 360 ഗ്രന്ഥങ്ങളെപ്പറ്റി പരാമർശം നടത്തുന്ന, 54 പത്രങ്ങളും 80 പാർലമെന്ററി റിപ്പോർട്ടുകളും പരിശോധിക്കുന്ന ആ പുസ്തകം മാർക്സിന്റെ ഗവേഷണപാണ്ഡിത്യത്തിന്റെ മകുടവും ലോകത്തിനുതന്നെ അഭിമാനിക്കാവുന്ന ഒരുദാഹരണവുമാണ്.

നാമിന്നു കാണുന്ന കമ്യൂണിസ്റ്റ് ആചാര്യനായ മാർക്സിന്റെ ഋഷിസമാനമായ ചിത്രം അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലെ തീവ്രമായ രാഗദ്വേഷങ്ങളുടെ പ്രതിഫലനമല്ല. മാർക്സ് എന്ന മനുഷ്യന്റെ കുടുംബജീവിതവും നല്ലൊരളവിൽ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. "മാർക്സ് ഒരു അവധൂതനോ സന്യാസിയോ അഥവാ മഹർഷിതുല്യനോ ഒന്നുമായിരുന്നില്ലെന്നും, പ്രണയവും കാമവും സ്നേഹവും ജീവിതാസക്തിയും ഉള്ള, തിന്നുകയും കുടിക്കുകയും ചെയ്യുന്ന, ഒരു പച്ചമനുഷ്യൻ മാത്രമായിരുന്നുവെന്നും" ബാലകൃഷ്ണൻ മുൻകൂർജാമ്യമെടുക്കുന്നതു കാണുമ്പോൾ (പേജ് 113) അദ്ദേഹത്തിന്റെ ആരാധകർ മറച്ചുവെക്കാനാഗ്രഹിക്കുന്ന ഹെലൻ ഡെമുത്ത് എന്ന സ്വന്തം പരിചാരികയെക്കുറിച്ചുള്ള വിവരങ്ങൾ തുടർന്നുവരുമെന്നു പ്രതീക്ഷിക്കുന്ന വായനക്കാർക്കുതെറ്റി. ഗ്രന്ഥകാരൻ പറയാതെ വിടുന്ന കാര്യങ്ങൾ ഞാനിവിടെ വിളിച്ചുപറയുന്നത് ഭംഗിയല്ലാത്തതിനാൽ നമുക്കാ വിഷയം ഇവിടെ ഉപേക്ഷിക്കാം.

ഒരു യാത്രാവിവരണം എന്നതിലുപരി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ഈ കൃതി ശുപാർശ ചെയ്യുന്നു.

Book Review of 'Marxinte Veedu' by K. Balakrishnan'
ISBN: 8187474848

Friday, January 4, 2019

ഒരു കമ്യൂണിസ്റ്റുകാരന്റെ ജനാധിപത്യസങ്കല്പം

ലോകചരിത്രത്തെ വലിയതോതിൽ സ്വാധീനിച്ച ഒരു മഹാസംഭവമായിരുന്നു 1917-ലെ ഒക്ടോബർ വിപ്ലവം. അതിനെത്തുടർന്ന് ലോകമെങ്ങും ശുഭാപ്തിവിശ്വാസത്തോടുകൂടിയ വിപ്ലവപ്രസ്ഥാനങ്ങൾ പിറവിയെടുത്തു. 1949-ലെ ചൈനീസ് വിപ്ലവത്തോടെ കമ്യൂണിസം എല്ലാ നാടുകളിലും ആധിപത്യം സ്ഥാപിച്ചേക്കും എന്ന ഭീതി മുതലാളിത്തരാജ്യങ്ങളെപ്പോലും ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ന് പിന്തിരിഞ്ഞുനോക്കുമ്പോൾ 1953-ൽ സ്റ്റാലിൻ മരണമടയുന്നതിനു തൊട്ടുമുൻപായിരുന്നു കമ്യൂണിസ്റ്റ് പ്രതാപത്തിന്റെ നട്ടുച്ചയെന്നു കാണാൻ കഴിയും. ക്രൂഷ്‌ചേവിന്റെ പരിഷ്‌കാരങ്ങൾ, ഹംഗറിയിലും, ചെക്കോസ്ലോവാക്യയിലും, പോളണ്ടിലും നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾ, റഷ്യയുടെ അഫ്‌ഗാനിസ്ഥാൻ ആക്രമണം എന്നിവ താമസിയാതെ സോഷ്യലിസ്റ്റ് ഭരണക്രമത്തിന്റെ പ്രഭ കെടുത്തി. ശൂന്യതയിൽ നിന്ന് കൊട്ടാരം പണിതുയർത്തിയ അലാവുദീന്റെ ഭൂതത്തിന്റെ മാന്ത്രികസിദ്ധിയേക്കാൾ മാസ്മരികമായിരുന്നു നൊടിയിടയിൽ കൊട്ടാരത്തിൽനിന്ന് ശൂന്യതയുടെ അപ്രസക്തിയിലേക്ക് കമ്യൂണിസത്തെ തെളിച്ചുകൊണ്ടുപോയ ഗോർബച്ചേവിന്റെ ഭരണകാലം. തങ്ങളുടെ പ്രസ്ഥാനവും ഭരണകൂടങ്ങളുമെല്ലാം നോക്കിനിൽക്കവേ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിട്ടും തങ്ങൾക്കെന്തുകൊണ്ടിത് മുൻകൂട്ടിക്കാണാൻ സാധിച്ചില്ല എന്ന ചോദ്യം വിശ്വമെങ്ങുമുള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ ഉറക്കം കെടുത്തി. എവിടെയാണ് തങ്ങൾക്ക് തെറ്റുപറ്റിയതെന്ന അന്വേഷണം വൻതോതിൽ ആരംഭിച്ചതിന്റെ ഫലമായി രചിക്കപ്പെട്ട ഒരു പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് ഈ പുസ്തകം. നക്സൽ നേതാവായിരുന്ന ശ്രീ. കെ. വേണു ഈ ഗ്രന്ഥത്തിലൂടെ പാർട്ടിക്കും പ്രസ്ഥാനത്തിനും നേരിട്ട പിഴവുകൾ മാത്രമല്ല, അവ എങ്ങനെ തിരുത്തിക്കൊണ്ട് പുത്തൻകൊളോണിയലിസത്തെ ചെറുക്കാം എന്നും അഭിപ്രായപ്പെടുന്നു. പിൻകാഴ്ച്ചയുടെ മുൻതൂക്കവുമായി വിശകലനം നടത്തുന്ന ലേഖകൻ ചില വസ്തുതകളൊക്കെ വളരെ പ്രകടമായിരുന്നു എന്ന് അഭിപ്രായപ്പെടുമ്പോൾപ്പോലും എതിർപ്പിന്റെ ശബ്ദം പാർട്ടിയിൽ എന്തുകൊണ്ടുയർന്നില്ല എന്നതിന് വ്യക്തമായൊരുത്തരം നൽകുന്നില്ല.

കമ്യൂണിസ്റ്റ് രീതിശാസ്ത്രത്തിന്റെ നാൾവഴികൾ വിശദമാക്കിക്കൊണ്ടാരംഭിക്കുന്ന വിവരണം സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഇരുളടഞ്ഞ പാതകളിൽപ്പോലും കൃത്യമായി വെളിച്ചം വീശുന്നു. വർഗ്ഗസമരം അനിവാര്യമായി തൊഴിലാളിവർഗ്ഗസർവാധിപത്യത്തിലേക്കു നയിക്കുന്നു. ഈ വർഗ്ഗാധിപത്യഭരണക്രമത്തെ ക്രമേണ വർഗ്ഗരഹിതസമൂഹത്തിലേക്കു നയിക്കുന്നതിന്റെ ചുക്കാൻ പിടിച്ചിരുന്നത് ഏകപാർട്ടി ഭരണകൂടമായിരുന്നു. എന്നാലിവിടെ പ്രസ്ഥാനത്തിന് വീഴ്ച സംഭവിച്ചു. ഒരു പാർട്ടിയുടെ കുത്തകാധികാരം ഭരണഘടനാപരമായി വ്യവസ്ഥ ചെയ്യുന്നതോടെ ആ പാർട്ടിയിൽപ്പെട്ടവർ വരേണ്യവർഗ്ഗമായി മാറുന്നു. ഈ അവസ്ഥ ഫ്യൂഡൽ കാലത്തെ പ്രഭുവാഴ്ചയ്ക്കുസമാനമാണ്. പോളിറ്റ് ബ്യൂറോയിലെ നേതാക്കൾ പ്രഭുവർഗ്ഗത്തിന്റെ പങ്കുവഹിക്കുമ്പോൾ അത് ഫാസിസ്റ്റ് അധികാരകേന്ദ്രീകരണത്തിന്റെ മൂർത്തരൂപമായി മാറുന്നു. കമ്യൂണിസ്റ്റ് ഭരണം നിലനിന്നിരുന്ന രാജ്യങ്ങളിലെല്ലാം ജനങ്ങളെ നിർദ്ദാക്ഷിണ്യം അടിച്ചമർത്തുന്ന സോഷ്യൽ ഫാസിസമാണ് നിലനിന്നിരുന്നെതെന്നാണ് വേണു അഭിപ്രായപ്പെടുന്നത്. മുന്നോട്ടുള്ള പ്രയാണമാർഗം പരീക്ഷണങ്ങളിലൂടെയും തെറ്റു തിരുത്തലുകളിലൂടെയുമാണ് പ്രസ്ഥാനം കരുപ്പിടിപ്പിച്ചിരുന്നത്. മാർക്സിന്റേയും ലെനിന്റേയും സൈദ്ധാന്തികപ്രതിഭകൾക്കുപോലും ശരിയുത്തരം കണ്ടെത്താൻ സാധിക്കാതിരുന്ന ചോദ്യങ്ങളാണ് പ്രായോഗികരാഷ്ട്രീയത്തിന്റെ നാൽക്കവലകളിൽ സഖാക്കളെ കാത്തുനിന്നത്. അത്തരം മൂന്നു ദശാസന്ധികൾ വേണു ലളിതമായി തുറന്നുകാണിക്കുന്നു. 1871-ലെ പാരീസ് കമ്യൂൺ അധികാരം നേടിയെടുക്കുന്നതിൽ വിജയിച്ചുവെങ്കിലും ഭരണമുറപ്പിക്കുന്നതിനുമുമ്പേ അധികാരം കമ്യൂണുകൾക്കു കൈമാറിയതോടെ തകർന്നുപോയി. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ടാണ് ലെനിൻ 1917-ൽ വികേന്ദ്രീകരണത്തിനെതിരായി മുഖം തിരിച്ചത്. അദ്ദേഹം വാഗ്ദാനം ചെയ്തതുപോലെ അധികാരം സോവിയറ്റുകൾക്ക് നൽകാതെ പാർട്ടിയിൽ കേന്ദ്രീകരിച്ചു. ചൈനയിലെ സാംസ്കാരികവിപ്ലവസമയത്ത് മാവോ വീണ്ടും അധികാരം ജനങ്ങളിലേക്ക് എത്തിച്ചുവെങ്കിലും അത് മാവോ ജനങ്ങൾക്കുനൽകിയ ഒരു ഔദാര്യം മാത്രമായിരുന്നു എന്നാണ് നിരീക്ഷിക്കുന്നത്. താഴേത്തട്ടിലെ പ്രവർത്തകർ പാർട്ടിയുടെ മേധാവിത്വത്തെ ചോദ്യചെയ്യാൻ തുടങ്ങിയപ്പോൾ അത് പിൻവലിക്കപ്പെടുകയും ചെയ്തു. അതായത്, കേന്ദ്രീകരണമാണോ അതോ വികേന്ദ്രീകരണമാണോ അഭിലഷണീയം എന്ന അടിസ്ഥാനവസ്തുതയിൽ പോലും പ്രസ്ഥാനത്തിൽ അഭിപ്രായൈക്യം ഉണ്ടായിരുന്നില്ല, ഇപ്പോഴുമില്ല എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് നാമിവിടെ മനസ്സിലാക്കേണ്ടത്.

ഇതുവരെ നിലവിൽവന്ന എല്ലാ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളും അന്തസ്സത്തയിൽ ജനങ്ങളിൽനിന്ന് അന്യവും അങ്ങേയറ്റം കേന്ദ്രീകൃതവും മർദ്ദകവുമായിരുന്നു. അതിനാൽത്തന്നെ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ സിദ്ധാന്ത-പ്രയോഗവശങ്ങളും ഈ കൃതിയിൽ പരിശോധിക്കുകയും രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. മാർക്സിനുപോലും തെറ്റുപറ്റിയെന്ന് പ്രഖ്യാപിക്കുന്ന ആദ്യത്തെ വിപ്ലവകാരി ഒരുപക്ഷേ വേണുവായിരിക്കാം. വർഗ്ഗരഹിതസമൂഹത്തിലേക്കുള്ള പരിണാമഗതിയെക്കുറിച്ചുള്ള മാർക്സിന്റെ സങ്കല്പങ്ങൾ ലളിതവത്കൃതമായിരുന്നു. മാത്രവുമല്ല, അവയെല്ലാം പാരീസ് കമ്യൂണിനെ മുന്നിൽക്കണ്ട് രൂപപ്പെടുത്തിയവയും. പാരീസ് കമ്യൂണിന്റെ വികേന്ദ്രീകൃതസ്വഭാവം ആചാര്യനെ ചിന്താക്കുഴപ്പത്തിലാക്കിയതിന്റെ ഫലമായി അദ്ദേഹം സിദ്ധാന്തങ്ങൾ മാറ്റിവെച്ച് അതിനു പിന്തുണ നൽകി. തൊഴിലാളിവർഗ്ഗ സർവാധിപത്യത്തെ പാർട്ടി സ്വേച്‌ഛാധിപത്യമായി മാറ്റിയതിലായിരുന്നു ലെനിന്റെ പിഴ. എല്ലാ അധികാരവും സോവിയറ്റുകൾക്ക് എന്ന വിപ്ലവമുദ്രാവാക്യത്തിന്റെ തണലിൽ അധികാരം പിടിച്ചതിനുശേഷം ലെനിൻ പ്രഖ്യാപിച്ചത് അവ അധികാരസംവിധാനത്തിന്റെ കൺവേയർ ബെൽറ്റുകൾ മാത്രമാണെന്നാണ്. ഒരു വർഗ്ഗമെന്ന നിലക്ക് തൊഴിലാളിവർഗ്ഗത്തിനു ഭരിക്കാനാവില്ലെന്നും മുന്നണിപ്പടയായ പാർട്ടിയിലൂടെ മാത്രമേ തൊഴിലാളിവർഗ്ഗ സർവാധിപത്യം നടപ്പിലാക്കാനാവൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇതിനെല്ലാം മുകളിലായിരുന്നു ഏംഗൽസിന്റെ അബദ്ധധാരണകൾ. ഭാവിയിലെ കമ്യൂണിസ്റ്റ് സമൂഹത്തിൽ ഇന്നത്തെ കുടുംബഘടന പാടേ തകരാനുള്ള സാധ്യതയും തികച്ചും സ്വതന്ത്രമായ സ്ത്രീ-പുരുഷബന്ധത്തിന്റെ സാധ്യതയും ഏംഗൽസ് കണ്ടു (പേജ് 213). അതായത്, ഏതാണ്ട് മൃഗങ്ങളുടേതിനു സമാനമായ സാമൂഹ്യഘടന!

അടുത്തതായി ഗ്രന്ഥകാരൻ പരിശോധിക്കുന്നത് ഇന്ത്യയിലെ എം.എൽ പ്രസ്ഥാനത്തിന്റെ വീഴ്ചകളെക്കുറിച്ചാണ്. സാർവദേശീയതലത്തിൽ മാവോയേയും ദേശീയതലത്തിൽ ചാരു മജൂംദാറിനെയും പിൻതുടരുക മാത്രമാണ് വിപ്ലവപരമായ സമീപനത്തിന്റെ ഉരകല്ല് എന്ന തെറ്റായ വിശ്വാസം നക്സലൈറ്റ് പ്രസ്ഥാനത്തെ നയിച്ചു. പ്രത്യയശാസ്ത്രപരമായ വിശ്വാസപ്രമാണങ്ങൾക്കു നിരക്കാത്ത ഒരു യാഥാർഥ്യത്തെയും കമ്യൂണിസ്റ്റുകൾ അംഗീകരിക്കില്ലെന്നു മാത്രമല്ല, അവയെ തിരിച്ചറിയുകപോലുമില്ല - ഇന്ത്യയിലെ ജാതിവ്യവസ്ഥ തന്നെ ഉത്തമോദാഹരണം. സമൂഹങ്ങളുടെ ദേശീയപരമായ ഒരുമിച്ചുകൂടൽ ബൂർഷ്വ വ്യതിയാനമാണെന്ന നിലപാടിൽനിന്ന് അവർ അൽപ്പം കൂടി മുന്നോട്ടുപോയി ദേശീയസമരം വർഗ്ഗസമരം തന്നെയാണെന്ന തെറ്റുതിരുത്തലിൽ ചില പ്രസ്ഥാനങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. മാറിവരുന്ന യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാനും അതനുസരിച്ച് പുതിയ വിശകലനരീതികൾ വികസിപ്പിക്കാനുമുള്ള ഒരു ചിന്താരീതിയല്ല പ്രസ്ഥാനത്തിൽ നിലനിൽക്കുന്നതെന്ന് ലേഖകൻ തുറന്നുസമ്മതിക്കുന്നു. എം.എൽ. പ്രസ്ഥാനം മാത്രമാണ് ഈ വിഷയത്തിൽ പുരോഗതി നേടിയിട്ടുള്ളതെന്നും മുഖ്യധാരാ കമ്യൂണിസ്റ്റ് പാർട്ടികൾ പണ്ടത്തെ നിലപാടുതന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. 1992-ലാണ് ഈ കൃതി രചിക്കപ്പെട്ടതെന്നുകൂടി ഓർമ്മിക്കേണ്ടതാണ്. സോഷ്യലിസ്റ്റ് കാലഘട്ടത്തിലും തൊഴിലാളിവർഗ്ഗവും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളും ഏകശിലാനിർമ്മിതമായ സമൂഹമായിട്ടല്ല നിലനിൽക്കുന്നതെന്നും, അവയിലെ വീക്ഷണവ്യത്യാസങ്ങൾ പ്രതിഫലിപ്പിക്കാൻ ഒന്നിലധികം കമ്യൂണിസ്റ്റ് പാർട്ടികൾ വേണമെന്നും പുസ്തകം രേഖപ്പെടുത്തുന്നു. തന്നെയുമല്ല, കമ്യൂണിസം കെട്ടിപ്പടുക്കാനുള്ള പരിപാടിയുടെ മുഖ്യഭാഗമല്ല സായുധസമരം (പേജ് 238).

കെ. വേണുവിന്റെ വിശാലമായ അറിവിന്റേയും, പരന്ന വായനയുടേയും സൂചകങ്ങൾ ഗ്രന്ഥത്തിലുടനീളം കാണാം. യൂറോപ്യൻ ചിന്തകരുടെ ഗഹനമായ അഭിപ്രായങ്ങൾ ദാർശനികതലത്തിലെ വിശകലനങ്ങളിലൂടെ വായനക്കാർക്കു പരിചയപ്പെടുത്തുകയാണീ കൃതി. 'സമാന്തരാന്വേഷണങ്ങൾ' എന്ന അദ്ധ്യായം ഇതു വെളിപ്പെടുത്തുന്നു. എന്നാൽ മാർക്സിയൻ ചിന്താപദ്ധതിയിലെ സാമ്പത്തികകാരണങ്ങളുടെ പരിശോധന നടത്താതെ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. സ്വയംവിമർശനത്തിന്റെ ഭാഗമായി ദാർശനികം, സാമൂഹികം-സാംസ്കാരികം, രാഷ്ട്രീയം, സാമ്പത്തികം, സംഘടനാപരം എന്നീ മേഖലകൾക്കായി അഞ്ച് അദ്ധ്യായങ്ങൾ നീക്കിവെച്ചിരിക്കുന്നു. ഭാവിയിലേക്കുനോക്കുന്ന ലേഖകൻ അവിടേയും ഭൂതകാലത്തിലെ വൈരുദ്ധ്യങ്ങൾ തന്നെയാണ് കാണുന്നത്. സാമ്രാജ്യത്വശക്തികളും സാമ്രാജ്യത്വവിരുദ്ധമർദ്ദിതജനതകളും തമ്മിലുള്ള വൈരുദ്ധ്യം ഭാവിയിൽ മൂർച്ഛിക്കാൻ പോകുന്നുവത്രേ!

വളരെ ശാന്തമായും സമതുലിതമായും വിശകലനം നടത്തുന്ന ഗ്രന്ഥകാരന്റെ സമചിത്തത അഴിഞ്ഞുവീഴുന്നതും മൂർച്ചയേറിയ കോമ്പല്ല് പ്രത്യക്ഷമാകുന്നതും ഇന്ത്യയുടെ അഖണ്ഡതയും ഐക്യവും കൈകാര്യം ചെയ്യുന്ന തലത്തിലാണ്. ഇന്ത്യ പതിനാറോ പതിനേഴോ സ്വയംനിർണ്ണയാവകാശമുള്ള ദേശീയതകളായി വെട്ടിമുറിക്കപ്പെടണം എന്നാണീ 'ബുദ്ധിജീവിയുടെ' ഉള്ളിലിരുപ്പ്! വിവിധ ഭാഷകളും സംസ്കാരങ്ങളും മതങ്ങളും ഇടകലർന്നു വളരുന്ന ഇന്ത്യയെപ്പോലൊരു രാജ്യം മാർക്സിന് പത്തൊൻപതാം നൂറ്റാണ്ടിലെ യൂറോപ്പിലിരുന്ന് സ്വപ്നം കാണാൻപോലും കഴിഞ്ഞില്ല എന്നതുകൊണ്ട് അങ്ങനെയൊരു രാജ്യത്തിന് നിലനിൽക്കാൻ അവകാശമില്ല എന്നാണ് വലിയ ആചാര്യനെ പിന്തുടരുന്ന ചെറിയ ആശാന്മാരുടെ മനോഗതം! കാശ്മീരിന്റെ സ്വയംനിർണ്ണയാവകാശം അദ്ദേഹം അംഗീകരിച്ചുകൊടുക്കുന്നു. ഖാലിസ്ഥാൻ വാദവും അദ്ദേഹത്തിന്റെ വായിൽ വെള്ളമൂറിക്കുന്നുണ്ട്. സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ടുള്ള അകാലികളുടെ നേതൃത്വത്തിൽ നടന്ന ബഹുജനപ്രക്ഷോഭങ്ങൾ ആവർത്തിച്ചാവർത്തിച്ച് അടിച്ചമർത്തപ്പെട്ടുകൊണ്ടിരുന്ന പശ്ചാത്തലത്തിലാണ് അവർ ഭീകരപ്രവർത്തനം ആരംഭിച്ചതത്രേ (പേജ് 285). 'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന നിർദ്ദേശാത്മകമായ കൃതി ഇ.എം.എസ്സ് 1940-കളിൽ പുറത്തിറക്കിയിട്ടുപോലും കേരളത്തിൽ വിഭാഗീയപ്രവണതകൾ വളർന്നുവരാത്തതിൽ വേണു അതീവകുണ്ഠിതനാണ്. രാഷ്ട്രപിതാവിന്റെ സമരരീതികളോടുള്ള പുച്‌ഛം കലർന്ന അംഗീകാരം പലയിടങ്ങളിലും ദൃശ്യമാണ്. ലെനിന്റേയും മാവോയുടേയും തലത്തിലല്ലെങ്കിലും ഒരു വലിയ സമൂഹത്തിന്റെ പ്രതിപുരുഷനായി ബ്രിട്ടീഷ് വിരുദ്ധസമരത്തിലൂടെ ഗാന്ധി വളർന്നുവന്നു (പേജ് 279) എന്ന് അദ്ദേഹം മടിച്ചുമടിച്ച് സമ്മതിക്കുന്നു.

ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ആശയപരമായ ഇഴ പിരിച്ചുപരിശോധിക്കുന്ന ഈ കൃതി മുൻപൊരിക്കൽ ഇവിടെ നിരൂപണം നടത്തിയിട്ടുള്ള ആർ. കെ. ബിജുരാജിന്റെ 'നക്സൽ ദിനങ്ങൾ' എന്ന പുസ്തകത്തിന്റെ തുടർവായനയായി ഉപയോഗിക്കാവുന്നതാണ്.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Oru Communisttukarante Janadhipathya Sankalpam' by K Venu
ISBN: 9788182673144