Tuesday, March 27, 2018

നീതി തേടുന്ന വാക്ക്

മലയാളത്തിലെ പ്രമുഖ സാമൂഹ്യചിന്തകരിൽ അഗ്രിമസ്ഥാനം അലങ്കരിക്കുന്ന ശ്രീ. എം. എൻ. കാരശേരിയുടെ ഷഷ്ഠിപൂർത്തി വേളയിൽ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുമായി ഡി. സി. ബുക്ക്സ് പുറത്തിറക്കിയ പുസ്തകമാണിത്. കോഴിക്കോട് സർവകലാശാലയിലെ മലയാളം അദ്ധ്യാപകനായിരുന്ന കാരശേരി എഴുത്തുകാരനെന്ന നിലയിൽ ജനശ്രദ്ധ നേടുന്നത് 1985-ലാണ്. സുലൈഖാ ബീവി, ഷാബാനോ കേസുകൾ, മുസ്ലിം വനിതാ ബില്ല് എന്നീ വിഷയങ്ങൾ കാളിമ പടർത്തിയ അന്തരീക്ഷത്തിൽ, മതഗ്രന്ഥങ്ങളുടെ പിൻബലത്തോടെ പൗരോഹിത്യസ്ഥാപിതതാല്പര്യങ്ങളുടെ കള്ളലാക്ക് അദ്ദേഹം ധീരതയോടെ തുറന്നുകാട്ടി. വിവിധ കാലഘട്ടങ്ങളിൽ, വിവിധ വിഷയങ്ങളെ അധികരിച്ചെഴുതിയ ഈ 58 ഉപന്യാസങ്ങൾ തെളിവാർന്ന ചിന്തയുടേയും, യുക്തിബോധത്തിൽ അധിഷ്ഠിതമായ സാമാന്യബുദ്ധിയുടേയും ഉത്തമനിദർശനമാകുന്നു. മുൻപു പല ഗ്രന്ഥങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട ചില ലേഖനങ്ങൾ ഇതിൽ കാണാം. ഈ പുസ്തകം 2013-ൽ പ്രകാശനം ചെയ്യപ്പെട്ട ഒരു സമാഹാരമാണല്ലോ. 'ഉമ്മമാർക്കൊരു സങ്കടഹർജി' എന്ന ലേഖനം മൊത്തമായിത്തന്നെ ചേർത്തിരിക്കുന്നു.

സ്ത്രീ, സാഹിത്യം, ഭാഷ, പൗരാവകാശം, മതേതരവാദം, സവർണരാഷ്ട്രീയം, ഇസ്‌ലാമിക രാഷ്ട്രീയം, നാട്ടറിവ്, വ്യക്തി, അനുഭവം എന്നിങ്ങനെ പത്തുഭാഗങ്ങളായിട്ടാണ് ലേഖനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ സ്ത്രീ, മതേതരവാദം, ഇസ്‌ലാമിക രാഷ്ട്രീയം എന്നീ ശ്രേണികളിലെ രചനകളുടെ പേരിലാണ് നാം കാരശേരി മാഷിനെ അറിയുന്നതുതന്നെ എന്നു പറയാം. മലയാളസാഹിത്യത്തിൽ ഗവേഷണബിരുദം നേടിയ, ബി. ഏക്ക് ഒന്നാം റാങ്കുകാരനായിരുന്ന, സർവകലാശാലാ പ്രൊഫസറായിരുന്ന കാരശേരി സാഹിത്യം, ഭാഷ എന്നിവയെ വിശകലനം ചെയ്യുന്നത് നമ്മെ ആശ്ചര്യപ്പെടുത്തുകയില്ല. എന്നാൽ ഒരു യാഥാസ്ഥിതികകുടുംബത്തിൽ വളർന്ന അദ്ദേഹം പുലർത്തുന്ന മതേതരഭാവം അസാധാരണവും രാജ്യത്തിന് ശുഭോദർക്കവുമാണ്. പുസ്തകത്തിൽ പരാമർശിതമായ സാഹിത്യനിരൂപണം, എം. ടി, സുരാസു, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ രചനാപ്രപഞ്ചം എന്നിവ ശ്രദ്ധേയമാണ്.  ഒപ്പം തന്നെ ജമാ അത്തെ ഇസ്ലാമി, വഹാബിസം മുതലായ തീവ്രവാദപ്രസ്ഥാനങ്ങളെ അപഗ്രഥിക്കുന്ന അദ്ധ്യായങ്ങൾ മികച്ച വിശകലനപാടവത്തിന് ദൃഷ്ടാന്തമാണ്. മാപ്പിളചൊല്ല്, അവരുടെ ശൈലികൾ എന്നിവ കൈകാര്യം ചെയ്യുന്നവർ അപൂർവമായേ കാണൂ.

ഇങ്ങനെയൊക്കെയാണെങ്കിലും ചില വിഷയങ്ങളിൽ അല്പം കൂടി ശ്രദ്ധ ചെലുത്താമായിരുന്നു എന്നു നമുക്കു തോന്നും. അനീതിയിൽ നിന്നാണ് തീവ്രവാദം ഊർജം ശേഖരിക്കുന്നത് (പേജ് 228) എന്ന മാഷിന്റെ അഭിപ്രായം ശരിയല്ല. എല്ലാ മതവിഭാഗങ്ങളിലും പെട്ട നിരവധി ജനങ്ങൾ അനീതി നേരിടുന്നുണ്ടെങ്കിലും തീവ്രവാദം ഒരു പ്രത്യേകമതത്തിന്റെ അനുയായികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എന്ന പരമാർത്ഥത്തിനുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. ഈ ചോദ്യം ചോദിക്കുന്നവർക്കുനേരെ ഇസ്ലാമോഫോബിയയുടെ ഖഡ്ഗം വീശുന്നതായിട്ടാണ് കണ്ടുവരുന്നത്. ശരിയായ ചോദ്യത്തിനല്ലേ ശരിയായ ഉത്തരം കണ്ടെത്താനാവൂ? ഭാരതത്തിനാവശ്യമുള്ളതും ഇവിടെ പ്രായോഗികവുമായ ഒരേയൊരു വ്യവസ്ഥ മതേതരത്വമാണെന്നു പറഞ്ഞുവെക്കുമ്പോഴും ആ മുറിയിലെ ന്യൂനപക്ഷപ്രീണനം എന്ന ആനയെ കാരശേരി കാണുന്നില്ല. മദനിയുടെ ജയിൽ മോചനത്തിനായി അദ്ദേഹം കണ്ണുനീർ വാർക്കുന്നുമുണ്ട്.

സമൂഹമനസ്സാക്ഷിയുടെ ദർപ്പണമായ ഈ കൃതി ശുപാർശ ചെയ്യുന്നു.

Book Review of 'Neethi Thedunna Vakku' by M N Karassery
ISBN: 9788126440375

Saturday, March 10, 2018

കാസ്റ്റിംഗ് മന്ത്രിസഭ

1985-ൽ പാസ്സാക്കിയ കാലുമാറ്റനിരോധനനിയമം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഒരു നാഴികക്കല്ലാണെന്നാണ് കരുതിയിരുന്നതെങ്കിലും വർഷങ്ങൾ കഴിഞ്ഞതോടെ അത് ആധാരശിലയായി മാറുന്നതാണ് നാം കാണുന്നത്. വമ്പൻ ബിസിനസ്സുകാരും ആദർശശുദ്ധിയില്ലാത്ത രാഷ്ട്രീയക്കാരും ഒത്തുകൂടിയാൽ എന്താണ് സാധിക്കാൻ കഴിയാത്തത്? എന്നാൽ കൂറുമാറ്റനിയമം വിശ്വസ്തത പുലർത്താത്ത ജനപ്രതിനിധികൾക്ക് അയോഗ്യത കൽപ്പിക്കാൻ ആരംഭിച്ചതോടെ സർക്കാരുകളുടെ ആയുർദൈർഘ്യം വർദ്ധിച്ചു. കേരളത്തിന്റെ കാര്യമെടുക്കുകയാണെങ്കിൽ 1977 മുതൽ 1982 വരെയുള്ള അഞ്ചുവർഷത്തിനിടയിൽ ആറുതവണയാണ് ഗവർണർ പുതിയ മുഖ്യമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇവയെല്ലാം കാലുമാറ്റമായിരുന്നില്ലെങ്കിലും 'ഒരു നിശ്ചയമില്ലയൊന്നിനും' എന്ന് ഭരണത്തലവന്മാരെക്കൊണ്ട് പറയിപ്പിച്ച ഒരു കാലഘട്ടമായിരുന്നു അത്. സഭയിൽ കേവലഭൂരിപക്ഷം പോലും ഇല്ലാതെ ഭരണത്തിലേറി സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിന്റെ ബലത്തിൽ മൂന്നുമാസക്കാലത്തോളം ഭരണത്തിൽ അള്ളിപ്പിടിച്ചിരുന്ന ശ്രീ. കെ. കരുണാകരന്റെ കാസ്റ്റിംഗ് മന്ത്രിസഭയുടെ കഥയാണ് ഈ കൃതിയിൽ വിവരിക്കുന്നത്.

1980-ൽ അധികാരത്തിൽ വന്ന നായനാരുടെ ഇടതുമന്ത്രിസഭ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾത്തന്നെ തകർച്ചയെ നേരിട്ടു. നിരന്തരമായ രാഷ്ട്രീയ അക്രമങ്ങൾ ജനങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തി. തലശേരിയിൽ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തികളിൽ പിടഞ്ഞുവീണവരുടെ സംഖ്യ ബാസ്കറ്റ്ബോൾ സ്‌കോർബോർഡിനെ അതിശയിപ്പിച്ചു. അഴിമതിയിലും നായനാരുടെ മന്ത്രിമാർ ആർക്കും പിന്നിലായിരുന്നില്ല. സ്പിരിറ്റ് കുംഭകോണത്തിൽ എം. കെ. കൃഷ്ണനും ടി. കെ. രാമകൃഷ്ണനും മുഖം നഷ്ടമായി. ഈ ഘട്ടത്തിലാണ് അധികാരം പിടിച്ചടക്കാനായി ഏതറ്റം വരെയും താഴാൻ മടിയില്ലാതിരുന്ന ലീഡർ കരുണാകരൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും സംസ്ഥാന ഗവർണറായിരുന്ന ജ്യോതി വെങ്കിടാചലത്തിന്റെയും പരോക്ഷപിന്തുണയോടെ കാലുവാരാൻ തുടങ്ങിയത്. ഏ. കെ. ആന്റണിയുടെ കോൺഗ്രസ് (ഏ), കെ. എം. മാണിയുടെ കേരള കോൺഗ്രസ് എന്നീ കക്ഷികൾ പിന്തുണ പിൻവലിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട നായനാർ രാജി സമർപ്പിച്ചു. ഈ സമയത്ത് ഗവർണർ സഭ പിരിച്ചുവിടാതെ കുതിരക്കച്ചവടം നടത്താൻ കരുണാകരന് പച്ചക്കൊടി കാട്ടി. നാമനിർദേശം ചെയ്യപ്പെട്ട അംഗമടക്കം ഇരുപക്ഷത്തും 70 അംഗങ്ങൾ വീതം ഉണ്ടായിരിക്കേ അവർ ലീഡറെ മുഖ്യമന്ത്രിയാക്കി പ്രതിജ്ഞ ചൊല്ലിച്ചു. സ്പീക്കറായ ഏ. സി. ജോസ് തന്റെ സവിശേഷ അധികാരം തലങ്ങും വിലങ്ങും പ്രയോഗിച്ചു. ഗവർണറുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ ഒരൊറ്റ ദിവസം തന്നെ അദ്ദേഹം ഏഴുതവണയാണ്  കാസ്റ്റിംഗ് വോട്ടിനുള്ള തന്റെ അവകാശം ഉപയോഗിച്ചത്. എങ്കിലും 'നിലാവുണ്ടെന്നുകരുതി വെളുക്കുംവരെ' ഭരണത്തിലിരിക്കാൻ ഇടതുമുന്നണി ലീഡറെ അനുവദിച്ചില്ല. ലോനപ്പൻ നമ്പാടൻ കൂറുമാറിയതോടെ മന്ത്രിസഭ വീണു. ഈ കാലഘട്ടത്തിലെ രാഷ്ട്രീയക്കളികളാണ് അഡ്വ: ജയശങ്കർ വിവരിക്കുന്നത്.

ജയശങ്കറിന്റെ ശൈലി വളരെ മൂർച്ചയേറിയതാണ്. ഏ. കെ. ആന്റണിയെ പരിഹാസരൂപേണ 'ആദർശധീരൻ' എന്നുമാത്രമേ അദ്ദേഹം വിശേഷിപ്പിക്കുന്നുള്ളൂ. എങ്കിലും വിവരണശൈലി പരിശോധിച്ചാൽ 'കപടനാട്യക്കാരൻ' എന്നു തുറന്നുവിളിക്കുന്നതായിരുന്നു ഇതിലും ഭേദം എന്ന് ആന്റണി പോലും സമ്മതിച്ചുപോകും. 1970 മുതലുള്ള കേരളരാഷ്ട്രീയത്തിന്റെ ഒരു നിഷ്പക്ഷ പരിച്ഛേദവും പുതിയ പാർട്ടികളുടെ ഉദയവുമെല്ലാം നമുക്കിതിൽ കാണാം. പത്രങ്ങളുടെ മുഖപ്രസംഗങ്ങളും നിയമസഭാ പ്രസംഗങ്ങളുമെല്ലാം ഗൗരവത്തോടെ ചേർത്തിരിക്കുന്നത് പുസ്തകത്തിന് ഒരൽപ്പം വൃഥാസ്ഥൂലത നൽകുന്നുണ്ട്.

Book Review of 'Casting Manthrisabha' by Adv. A Jayashankar
ISBN: 9788182662940