Monday, October 17, 2016

ഹിമാലയസാമ്രാജ്യത്തിൽ

മലയാള സഞ്ചാരസാഹിത്യരംഗത്തെ മുടിചൂടാമന്നൻ ആര് എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ നമുക്കു ലേശവും സംശയം തോന്നാനിടയില്ലാത്ത വിധത്തിൽ ഉന്നതങ്ങളിൽ വിരാജിക്കുന്നയാളാണ് എസ്. കെ. പൊറ്റക്കാട്. ലോകത്തിന്റെ എത്രയെത്ര ഭാഗങ്ങളാണ് അദ്ദേഹം നമുക്കു കാട്ടിത്തന്നത്! യാത്രാസൗകര്യങ്ങൾ വികസിക്കുന്നതിനുമുമ്പ് ലോറികളിലും കപ്പലുകളിലുമൊക്കെയായി നടത്തിയിട്ടുള്ള ആ യാത്രകൾ കൈരളിയുടെ സാഹിത്യവേണിയിൽ ഒരു പുതിയ കൈവഴി വെട്ടിത്തുറക്കുകയായിരുന്നു. പാർലമെന്റംഗമായിരിക്കേ 1966-ൽ രണ്ടു സഹപ്രവർത്തകർക്കൊപ്പം നടത്തിയ കേദാർനാഥ് - ബദരീനാഥ് - മാനാ ഗ്രാമം യാത്രയാണ് ഈ പുസ്തകത്തിലെ പ്രതിപാദ്യം.

ഒരു എം. പി എന്ന നിലയിൽ ലഭിക്കാവുന്ന എല്ലാ ആനുകൂല്യങ്ങളും പറ്റിയുള്ള ഒരു യാത്രയായിരുന്നു ഇത്. വഴിയിലുള്ള പൊതുമേഖലാസ്ഥാപനങ്ങളുടെ അതിഥി മന്ദിരങ്ങളിൽ താമസിച്ച്, സൈന്യത്തിന്റെ ഭക്ഷണശാലകളിൽ വിരുന്നുണ്ണി, അവരുടെ തന്നെ വാഹനസൗകര്യവും തരപ്പെടുത്തി നടത്തിയ ഒരു സഞ്ചാരം! ജനാധിപത്യം ചെലവേറിയ ഒരു ഭരണസംവിധാനം തന്നെയാണ്. എങ്കിലും അത് ഏറ്റവും മോശമായ സമ്പ്രദായമാകുന്നത് ബാക്കിയുള്ളതിനെയെല്ലാം ഒഴിച്ചുനിർത്തുമ്പോൾ മാത്രമാണ്.

ഇന്നേക്ക് കൃത്യം 50 വർഷം മുൻപ് നടത്തിയ ഈ യാത്ര ഭക്തജനങ്ങളുടേയും വിനോദസഞ്ചാരികളുടേയും തിരക്കു തുടങ്ങുന്നതിനുമുമ്പുള്ള ഉത്തരാഖണ്ഡിന്റെ ചിത്രം കാഴ്ചവെയ്ക്കുന്നു. ഗൗരീകുണ്ഡിൽ നിന്ന് കേദാർനാഥിലേക്ക് അന്നും ഇന്നും കാൽനടയാത്ര തന്നെ ശരണം. മലയാളികൾ എത്തിപ്പെടാത്ത സ്ഥലമില്ലല്ലോ! ബദരീനാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരി റാവൽജി എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഒരു കേരളബ്രാഹ്മണൻ ആണ്. ഇത് ശങ്കരാചാര്യർ തുടങ്ങിവെച്ച സമ്പ്രദായമാണ് എന്ന സാമാന്യധാരണ പൊറ്റക്കാട് തിരുത്തുന്നു. ക്ഷേത്രം പുനരുദ്ധരിച്ച പതിനെട്ടാം നൂറ്റാണ്ടിലാണ് ശങ്കരാചാര്യരുടെ നാട്ടുകാരനായ ഒരു പൂജാരി വേണമെന്ന് ഉത്തരാഖണ്ഡുകാർക്ക് തോന്നുന്നത്. ഇതിനെ തുടർന്ന് 1776-ൽ തിരുവിതാംകൂർ രാജാവിന്റെ സഹായത്തോടെ ഒരു നമ്പൂതിരിയെ തിരഞ്ഞെടുക്കുകയായിരുന്നു. നാലുവർഷം മുമ്പുണ്ടായ ചൈനീസ് ആക്രമണത്തെത്തുടർന്ന് പ്രതിരോധകവചങ്ങൾ തീർത്തുകൊണ്ടിരിക്കുന്ന സൈന്യത്തിന്റെ നിതാന്തസാന്നിധ്യം ഈ പ്രദേശങ്ങളുടെ മുഖമുദ്ര കൂടിയാണ്.

തികച്ചും ലളിതമായ വിവരണമാണ് ലേഖകന്റെ സവിശേഷതയാർന്ന ശൈലിയുടെ കൈമുദ്ര. ഒട്ടനവധി നുറുങ്ങുകളും കഥകളും വഴിയിൽ വീണുകിട്ടുന്ന പൊടിപ്പും തൊങ്ങലുമൊക്കെ അദ്ദേഹം വേണ്ടവിധത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഒരു തികഞ്ഞ യാത്രാനുഭവം പ്രദാനം ചെയ്യുന്ന ഈ കൃതി ആഹ്ലാദകരമായ ഒരു വായനാനുഭവം നമുക്കു നൽകുന്നു.

Book Review of 'Himalaya Samraajyathil' by S K Pottekkad
ISBN: 9788171803576