Tuesday, November 22, 2016

സ്നേഹപൂർവ്വം

മലയാളകഥയിലെ അതികായന്മാരിൽ പ്രമുഖസ്ഥാനമലങ്കരിക്കുന്ന ടി. പത്മനാഭൻ കാലികപ്രാധാന്യമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തൂലികയ്ക്ക് മൂർച്ചയേറുന്ന ഒരു വ്യക്തിയാണ്. ശുഭാപ്തിവിശ്വാസം തുളുമ്പുന്ന കഥകൾ എഴുതുമ്പോഴും മൂർച്ചയേറിയ ഒരമ്പ് അദ്ദേഹം തനിക്കുചുറ്റുമുള്ള സാഹിത്യകാരന്മാർക്കുവേണ്ടി കരുതിവെച്ചിരുന്നു. തെറ്റെന്ന് ഉത്തമബോധ്യമുള്ള കാര്യങ്ങൾ എത്ര ഉച്ചത്തിൽ വിളിച്ചുപറയുന്നതിനും അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവരെ അനിവാര്യമായ തിന്മ എന്ന നിലയിൽ ഗണിച്ചതുകൊണ്ടാകണം അർഹിക്കുന്ന ബഹുമതികൾ അദ്ദേഹത്തെ തേടിയെത്താതിരുന്നത്. ഒരു പദ്‌മശ്രീ പോലും നൽകാതെ നാം അദ്ദേഹത്തെ തഴഞ്ഞിട്ടിരിക്കുകയാണല്ലോ. ഏറെ നാളുകളായി കഥകളൊന്നും എഴുതുന്നില്ല മലയാളത്തിന്റെ പ്രിയപ്പെട്ട ഈ കഥാകാരൻ.

അങ്ങനെയിരിക്കേ പത്മനാഭൻ മറ്റു സാഹിത്യകാരന്മാരെ അനുസ്മരിച്ചെഴുതിയ ലേഖനങ്ങളും, നടത്തിയ പ്രസംഗങ്ങളും സമാഹരിച്ച് തയാറാക്കിയ ലേഖനങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. തകഴി, കേസരി, കാരൂർ, ഉറൂബ് തുടങ്ങി മാധവിക്കുട്ടി, ഡി. സി. കിഴക്കേമുറി എന്നിവരിലവസാനിക്കുന്ന പതിനാലു വ്യക്തിനിഷ്ഠസ്മരണകൾ. ഗ്രന്ഥകാരനിലെ സൗമ്യവ്യക്തിത്വം പ്രകടമാക്കുന്നതാണ് ഓരോ അദ്ധ്യായവും. അംഗീകാരവും, ആദരവും, സ്നേഹവുമെല്ലാം നിർലോഭം ചൊരിയുന്നുണ്ട് ഓരോരുത്തരുടെ നേർക്കും. കാരൂർ സ്മാരകപ്രഭാഷണത്തിന്റെ ഭാഗമായി മലയാളത്തിലെ കഥാകൃത്തുക്കളെ ലക്ഷ്യമാക്കി ചെയ്ത 'ലക്ഷ്യം നക്ഷത്രങ്ങളാകട്ടെ' എന്ന പ്രസംഗം കഥയുടെ ചരിത്രത്തിലെ വഴിത്തിരിവാകാൻ കെല്പുള്ള ഒന്നാണ്.

ഒറ്റയിരിപ്പിന് വായിച്ചുതീർക്കാവുന്ന ഈ ചെറിയ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Snehapoorvam' by T. Padmanabhan
ISBN: 9788184234406

Saturday, November 12, 2016

സമ്പത്തും അധികാരവും

കൃത്യമായ ചരിത്രാഭ്യസനം ലഭിച്ചിട്ടില്ലാത്തവർ ചരിത്രരചനയിലേർപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ മലയാളത്തിലുണ്ട്. ചരിത്രപരമായ തെളിവുകളും ഉപാദാനങ്ങളും എങ്ങനെയാണ് സ്വീകരിക്കുകയോ തള്ളുകയോ ചെയ്യേണ്ടത് എന്ന സൂക്ഷ്മബോധമില്ലാതെ എഴുതിക്കൂട്ടുന്ന പലകൃതികളിലും ലേഖകന്റെ ഭാവനയും വ്യക്തിനിഷ്ഠമായ തെരഞ്ഞെടുപ്പുകളുമാണ് മുൻഗണന നേടുന്നത്. ഇതിനെ ചരിത്രമാക്കി പാടിനടക്കാനും ആളുകളുണ്ട് നമ്മുടെ നാട്ടിൽ. അഥർവ്വവേദമാണ് ആദ്യത്തെ വേദം എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന പോഞ്ഞിക്കര റാഫിയുടെ കൃതിയാണ് ഓർമ്മ വരുന്നത് (കൃതിയുടെ പേരോർമ്മയില്ല). ഇതിൽ നിന്നെല്ലാം വിഭിന്നമായി ശരിയായ രീതിശാസ്ത്രമനുസരിച്ച് ചരിത്രരചന നടത്തുന്ന ശ്രീ. ടി. ആർ. വേണുഗോപാലന്റെ ശൈലി അതിശ്ലാഘനീയവും അനുകരണീയവുമാണ്. 32 വർഷത്തെ ചരിത്രാദ്ധ്യാപനത്തിനുശേഷം പട്ടാമ്പി സംസ്കൃതകോളേജിൽ നിന്ന് പ്രിൻസിപ്പൽ ആയി വിരമിച്ച അദ്ദേഹം നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്.

ഗ്രന്ഥകാരന്റെ ഗുരുവും പ്രമുഖ ചരിത്രകാരനുമായ എം. ജി. എസ്. നാരായണന്റെ അവതാരികയുമായി ആരംഭിക്കുന്ന പഠനം തന്റെ ഗവേഷണത്തിനുപയുക്തമാക്കിയ ഉപാദാനങ്ങളും മുൻരചനകളും പരിചയപ്പെടുത്തുന്നതിലൂടെ ഉത്തമമായ ആധികാരികത്വം കൈവരിക്കുന്നു. നിസ്സാരമായി തള്ളിക്കളയേണ്ടുന്ന ഒന്നല്ല ഈ പുസ്തകം എന്ന് വായനക്കാരെ ഓർമ്മിപ്പിക്കുന്ന ഈ ഭാഗം സവിശേഷമായ ഔന്നത്യം അർഹിക്കുന്നതാണ്. ഗോത്രസംസ്കൃതിയിൽ നിന്ന് ഭരണകൂടങ്ങളിൽ എത്തുന്നതുവരെയുള്ള ഏതാണ്ട് ആയിരം വർഷക്കാലത്തെ തൃശൂർ ജില്ലയുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ സാമൂതിരിയും ടിപ്പു ഉൾപ്പെടെയുള്ള മൈസൂർ നവാബുമാരും നടത്തിയ പടയോട്ടങ്ങൾ, കർഷകസമ്പത്തിന്റെ കേന്ദ്രീകരണവും ക്ഷേത്രാധിപത്യവും, വൈദേശിക വണിക് സമൂഹങ്ങളുടെ ആഗമനം, സംസ്കാരം എന്നിങ്ങനെ നിരവധി ഭാഗങ്ങളാക്കി തിരിച്ചിരിക്കുകയാണ്. ക്ഷേത്രങ്ങളിലെ ചെപ്പേടുകളും പട്ടയങ്ങളും ലിഖിതങ്ങളുമെല്ലാം വിശദമായി പഠിക്കുകയും താരതമ്യപരിശോധനയിലൂടെ വിശകലനത്തിനു വിധേയമാക്കുകയും ചെയ്യുന്നുണ്ട്.

'സമ്പത്തും അധികാരവും' എന്ന തലക്കെട്ട് വ്യക്തമാക്കുന്നത് പെരുമാൾ ഭരണം അവസാനിച്ച പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ തിരുവിതാംകൂർ - കൊച്ചി രാജാക്കന്മാർ രാജ്യഭരണം പൂർണമായും തങ്ങളുടെ ചൊല്പടിയിലാക്കുന്ന പതിനെട്ടാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ സമൂഹജീവിതത്തിന്റെ സമസ്തമേഖലകളിലും ആധിപത്യം പുലർത്തിയ ക്ഷേത്രങ്ങളുടെ സംവിധാനത്തെയാണ്. പെരുവനം, തൃശൂർ വടക്കുന്നാഥൻ, കൂടൽ മാണിക്യം എന്നീ മൂന്നു ക്ഷേത്രങ്ങളുടെ സങ്കേതഭൂമിയായിരുന്നു ഇന്നത്തെ തൃശൂർ ജില്ലയിലെ നാടും കാടുമെല്ലാം. ക്ഷേത്രസങ്കേതമായതിനാൽ രാജവാഴ്ച കടന്നുചെല്ലാത്ത നാടുകളിലെല്ലാം ഊരാണ്മക്കാരായ നമ്പൂതിരിമാർ അരങ്ങുതകർത്തു വാണു. നിയമനിർമ്മാണ, നീതിനിർവഹണരംഗങ്ങളിൽ പോലും അന്നത്തെ ക്ഷേത്രകേന്ദ്രിതവ്യവസ്ഥയിൽ ബ്രാഹ്മണർ ഇടപെട്ടിരുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് മൂഴിക്കുളം കച്ചം, വടക്കുന്നാഥനിലെ കോട്ടുവായിരവേലി കച്ചം തുടങ്ങിയ ശാസനാ സമുച്ചയങ്ങൾ. പെരുവനം ക്ഷേത്രത്തിൽ 1,43,000 പറ നിലവും കിലോമീറ്ററുകൾ നീളുന്ന വനഭൂമിയും ഉണ്ടായിരുന്നതായി കാണാം. നിലത്തിന്റെ ആധുനിക അളവ് ഉദ്ധരിച്ചിട്ടില്ല. ക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനം എന്നതിനുപരി കൃഷിഭൂമിയുടേയും കാർഷികവിഭവങ്ങളുടേയും ക്രയവിക്രയം നിയന്ത്രിക്കുന്നതുവഴി അവ എങ്ങനെ കാർഷിക കോർപ്പറേഷനുകളായിത്തീർന്നു എന്നു കാണിക്കാനാണ് ലേഖകൻ ശ്രമിക്കുന്നത്.

ടിപ്പുവിന്റെ ആക്രമണം കേരളത്തിന്റെ ചരിത്രത്തിലെ രക്തപങ്കിലമായ ഒരേടാണ്. മദ്ധ്യകാല രാജാക്കന്മാർ കാട്ടിക്കൂട്ടിയ മൃഗീയതകളിൽ കവിഞ്ഞൊന്നും മൈസൂർ കടുവയും ചെയ്തിട്ടില്ലെങ്കിലും ടിപ്പു ജയന്തി എന്ന പേരിൽ ചില ദിക്കുകളിൽ നടത്തപ്പെടുന്ന പേക്കൂത്തുകൾ ഇരകൾക്കുനേരെയുള്ള കൊഞ്ഞനംകുത്തലാണെന്ന് ടിപ്പുവിന്റെ പടയോട്ടക്കാലത്തെക്കുറിച്ചുള്ള ഈ പുസ്തകത്തിലെ വിവരണങ്ങൾ വ്യക്തമാക്കുന്നു. ഹൈന്ദവക്ഷേത്രങ്ങൾ മാത്രമല്ല, കൃസ്ത്യൻ പള്ളികളും തകർക്കുകയും നിരവധി പേരെ നിർബന്ധമായി മതംമാറ്റം നടത്തുകയും ചെയ്ത ഈ വിദേശ ഭരണാധികാരിയുടെ ജയന്തി എന്തിനാണ് നാം കൊണ്ടാടുന്നത്?

ഒരു ജില്ലക്കുമാത്രമായി ചരിത്രമെഴുതുന്നതിന്റെ സാമൂഹ്യപരമായ കൃത്യതയില്ലായ്മ വേണുഗോപാലൻ കണക്കിലെടുക്കുന്നതേയില്ല. അതും 1956-ൽ മാത്രം രൂപീകൃതമായ തൃശൂർ റവന്യൂ ജില്ലയാണ് അദ്ദേഹം തന്റെ ആഖ്യാനഭൂമികയാക്കുന്നത്. പ്രാചീനചരിത്രപ്രവാഹത്തെ ആധുനിക എലുകകളുടെ നാലതിരുകൾക്കുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് പക്വതയില്ലായ്മയുടെ പ്രതിഫലനമായി കരുതാമോ എന്നു തീർച്ചയില്ല. ഫ്രഞ്ച് ചരിത്രം, ജർമ്മൻ ചരിത്രം എന്നിങ്ങനെയുള്ള രചനകളിൽ ഏർപ്പെടുന്നവരെ അവ intelligible fields of study അല്ല എന്ന കാരണത്താൽ ആർനോൾഡ് ടോയൻബി കണക്കിനു പരിഹസിക്കുന്നതു ശ്രദ്ധിക്കുക. ഗ്രന്ഥകർത്താവ് കേരളചരിത്രമെഴുതുകയാണെങ്കിൽ അത് മലയാളഭാഷക്കുതന്നെ ഒരു മുതൽക്കൂട്ടാവുമെന്നതിൽ സന്ദേഹമില്ല.

ഓരോ അദ്ധ്യായത്തിന്റെ അവസാനത്തിലും ദീർഘമായ കുറിപ്പുകൾ കൊടുത്തിരിക്കുന്നതുവഴി പ്രാചീനലിഖിതങ്ങളുടെ പ്രാഥമികവായനക്ക് അവസരം ലഭിക്കുന്നു. വിപുലമായ ഗ്രന്ഥസൂചി, പദസൂചി, പദകോശം എന്നിവ പുസ്തകത്തിന് ഒരു മുതൽക്കൂട്ടാണ്. ഒട്ടനവധി കളർ ചിത്രങ്ങൾ നൽകിയിരിക്കുന്നത് വായനക്കാരെ നേരിട്ട് ചരിത്രഭൂമികയുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു.

എല്ലാ മലയാളികളും നിർബന്ധമായും വായിച്ചിരിക്കേണ്ടതായ ഒരു പുസ്തകം

Book Review of 'Sambathum Adhikaravum' by T R Venugopalan
ISBN: 9788122609356