Sunday, October 29, 2017

കാർട്ടറുടെ കഴുകൻ - സമ്പൂർണ ജൈവകൃഷി സാദ്ധ്യതയും സാധുതയും

അന്ധവും നിരുത്തരവാദപരവുമായ ഒരു ശാസ്ത്രനിരാസകാലഘട്ടത്തിലൂടെയാണ് കേരള സമൂഹം കടന്നുപോകുന്നത്. ഒരു നൂറ്റാണ്ടിനുമുമ്പേ പിണ്ഡം വെച്ച് പടികടത്തിയ പല ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും തിരികെ വരുന്ന ദുരവസ്ഥ നാം ഇന്നു നേരിടുന്നു. ജ്യോതിഷം, വാസ്തു, ഹോമിയോപ്പതി, സർവ്വരോഗസംഹാരിയെന്ന ലേബലിൽ വരുന്ന ആയുർവേദം എന്നിങ്ങനെ കപട ശാസ്ത്രശാഖകൾ പെറ്റുപെരുകുന്നു. കുട്ടികളിൽ എം. ആർ വാക്സിൻ എടുക്കാൻ വിസമ്മതിക്കലാണ് കേരളത്തിലെ ഏറ്റവും പുതിയ ഫാഷൻ തരംഗം! മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മൂന്നിലൊരുഭാഗം കുട്ടികളേ വാക്സിൻ സ്വീകരിച്ചിട്ടുള്ളൂ. ഈ അന്ധവിശ്വാസലോബിയുടെ ഒരു പ്രധാന വ്യാമോഹവാദമാണ് ജൈവകൃഷിയുടെ വ്യാപനം. കൃഷി വ്യാപിപ്പിക്കുക എന്ന നിർമാണാത്മകമായ കാര്യത്തേക്കാൾ രാസവളം, രാസകീടനാശിനികൾ എന്നിവയെ ഒഴിപ്പിക്കുക എന്ന നശീകരണപ്രക്രിയയിലാണ് ഇക്കൂട്ടർക്ക് കൂടുതൽ താല്പര്യം. സിനിമാതാരങ്ങൾ, സാംസ്കാരികനായകർ, രാഷ്ട്രീയ നേതാക്കൾ എന്നിങ്ങനെ സമൂഹത്തിൽ പ്രമുഖരായ വ്യക്തികൾ ഇത്തരം വാദവുമായി തുനിഞ്ഞിറങ്ങുമ്പോൾ സാധാരണക്കാർ ആശയക്കുഴപ്പത്തിലാവുന്നു. ജൈവകൃഷിക്കാരുടെ വാദങ്ങൾ ശുദ്ധഭോഷ്കാണെന്ന് ഉറക്കെ വിളിച്ചുപറയുന്നതാണ് ഈ പുസ്തകം. സ്വതന്ത്രചിന്തകരും പ്രഭാഷകരുമായ ശ്രീ. സി. രവിചന്ദ്രൻ, ഡോ. കെ. എം. ശ്രീകുമാർ എന്നിവരാണ് ഇതിന്റെ ശിൽപ്പികൾ. യുക്തിചിന്തയുടെ പ്രകാശം തെളിയിച്ച നിരവധി പുസ്തകങ്ങൾ രവിചന്ദ്രൻ രചിച്ചിട്ടുണ്ട്. ശ്രീകുമാറാവട്ടെ കഴിവുതെളിയിച്ച ഒരു കാർഷിക ശാസ്ത്രജ്ഞനും. ഇരുവരുടേയും ഈ സംയുക്തസംരംഭം ശാസ്ത്രീയബോധമുള്ള കേരളീയരുടെ പടച്ചട്ടയായി മാറുകയാണിവിടെ.

നാം കഴിക്കുന്ന ഭക്ഷണത്തിൽ കീട, കള, കുമിൾനാശിനികളുടെ അളവിൽ കവിഞ്ഞ സാന്നിദ്ധ്യമുള്ളതിനാൽ കാൻസർ പോലുള്ള മാരകരോഗങ്ങളുടെ പിടിയിലേക്ക് നാം സാവധാനം തെന്നിവീഴുകയാണെന്ന വാദത്തിലൂടെയാണ് ജൈവകൃഷിവാദികൾ മറ്റുള്ളവരെ കയ്യിലെടുക്കുന്നത്. കടകളിൽ വിൽപ്പനയ്ക്കു വെച്ചിരിക്കുന്ന പഴങ്ങൾ ചീത്തയാകാതിരിക്കാൻ അതിന്മേൽ കുമിൾ നാശിനി തളിക്കുന്നത് വ്യാപാരികളും സംഭരണക്കാരുമാണ്, കർഷകരല്ല. എന്നാൽ കീടനാശിനികളെല്ലാം വിഷമാണെങ്കിലും അവ വളരെ നേർപ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ടും, കഴുകുമ്പോഴും പാചകം ചെയ്യുമ്പോഴും അവശേഷിച്ച വിഷാംശവും വിഘടിച്ചുപോകും എന്നതുകൊണ്ടും ജൈവവാദികൾ അനാവശ്യമായ ബഹളമാണ് സൃഷ്ടിക്കുന്നതെന്നൂഹിക്കാം. ജൈവകീടനാശിനികളിലും ഇത്തരം വിഷാംശം ഉണ്ടെന്നത് ഇവർ മറച്ചുവെക്കും. Rotenone എന്ന ജൈവകീടനാശിനി മനുഷ്യരിൽ പാർക്കിൻസൺസ് രോഗസാദ്ധ്യത വർദ്ധിപ്പിക്കുമെന്നു കണ്ടതിനാൽ 2005-ൽ പിൻവലിച്ചു. നമ്മുടെ നാട്ടിലെത്തന്നെ പട്ടാമ്പി, കായംകുളം എന്നീ നെല്ലു ഗവേഷണകേന്ദ്രങ്ങളിൽ നടത്തപ്പെട്ട ദീർഘകാല വളം പരീക്ഷണങ്ങൾ വെളിവാക്കിയത് ഉയർന്ന വിളവുലഭിക്കാൻ രാസവളങ്ങൾ അനിവാര്യമാണെന്നാണ്. ജൈവസാന്നിദ്ധ്യം ധാരാളമായുള്ള മണ്ണിൽ രാസവളം കൂടി ആവശ്യത്തിനു പ്രയോഗിച്ചുനടത്തുന്ന സംയോജിതവളപ്രയോഗം വിളയുടെ കാര്യത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ക്ഷാമം മൂലം ജനങ്ങൾ 1970-കളിൽ ലക്ഷക്കണക്കായി ചത്തൊടുങ്ങുമെന്നു പ്രവചിക്കപ്പെട്ട ഇന്ത്യയിൽ ഹരിതവിപ്ലവത്തിലൂടെ നാം ധാന്യസുഭിക്ഷത നേടിയെടുത്തത് രാസവളങ്ങളുടേയും രാസകീടനാശിനികളുടേയും വിദഗ്ദ്ധമായ ഉപയോഗത്തിലൂടെയാണെന്നത് മറന്നുകൂടാ.

മറ്റു വരുമാനമാർഗ്ഗങ്ങളുള്ള, പണിക്കുവേണ്ടി വേണ്ടുവോളം സമയം നീക്കിയിരിപ്പുള്ള ഭാഗ്യവാന്മാരുടെ പൊങ്ങച്ചങ്ങളിൽ ഒന്നുമാത്രമാണ് ജൈവകൃഷി എന്ന് ഈ കൃതി നിരീക്ഷിക്കുന്നു. അന്ധമായ ശാസ്ത്രവിരുദ്ധത മാത്രമാണ് ഇത്തരം ജൈവഭ്രമിതാക്കളുടെ കൈമുതൽ. ജൈവ ഉൽപ്പന്നങ്ങൾക്ക് സ്വാദ് കൂടുതലാണെന്നും മറ്റുമുള്ള വ്യക്ത്യാധിഷ്ഠിത അവകാശവാദങ്ങളെ പരീക്ഷണത്തിലൂടെ മുട്ടുകുത്തിച്ചതും നമുക്കിതിൽ വായിക്കാം. രാസവളമിട്ട് കൃഷി ചെയ്ത നാടൻ ഏത്തക്കാപ്പഴം കഷണങ്ങളായി പത്തുകപ്പുകളിൽ അരിഞ്ഞിട്ടതിനുശേഷം അവ രുചിച്ചുനോക്കിയ ജൈവകൃഷി സംരംഭകർ അതിൽ ആറുകപ്പുകളിൽ ജൈവകൃഷി ഉല്പന്നമാണെന്നാണ് അഭിപ്രായപ്പെട്ടത്. സ്വാദിനായി ചേർക്കുന്ന അജിനോമോട്ടോ, മലയാളികളുടെ ഇഷ്ടഭക്ഷണപദാർത്ഥമായ പൊറോട്ട എന്നിവയൊക്കെ ദോഷമാണെന്നുള്ള വാദങ്ങളേയും ഗ്രന്ഥകർത്താക്കൾ നിലംപരിശാക്കുന്നുണ്ട്.

2015 സെപ്റ്റംബറിലെ 'പച്ചക്കുതിര' മാസികയിൽ രവിചന്ദ്രൻ എഴുതിയ 'കാർട്ടർ കണ്ട കഴുകൻ' എന്ന ലേഖനത്തിന്റെ വിപുലീകരിച്ച പുസ്തകാവിഷ്കാരമാണ് ഈ കൃതി. ക്ഷാമം നക്കിത്തോർത്തിയ സുഡാനിൽനിന്നും ദക്ഷിണാഫ്രിക്കൻ ഫോട്ടോ ജേർണലിസ്റ്റ് കെവിൻ കാർട്ടർ പകർത്തിയ ഒരു ചിത്രം ലോകജനതയെ സ്തബ്ധരാക്കി. അർദ്ധപ്രാണനുമായി അസ്ഥികൂടം പോലെ ഇഴഞ്ഞുനീങ്ങുന്ന ഒരു ബാലനുപിന്നിൽ കാത്തിരിക്കുന്ന ഒരു നരഭോജി കഴുകന്റെ ചിത്രമായിരുന്നു അത്. ഭക്ഷ്യസുരക്ഷ ഇല്ലാത്ത രാജ്യങ്ങളിലെ ദയനീയ ജീവിതങ്ങളുടെ ഈ നേർപ്പകർപ്പ് ശാസ്ത്രീയകൃഷിക്കുനേരെ മുഖം തിരിക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണ്. 'പച്ചക്കുതിര'യിൽ വിശദമാക്കിയ ഈ വസ്തുത പുസ്തകത്തിൽ ചേർക്കാൻ വിട്ടുപോയതിനാൽ തലക്കെട്ടിന്റെ സാംഗത്യം മനസ്സിലാക്കാൻ വായനക്കാർ ബുദ്ധിമുട്ടും. റഫറൻസ് ആയി ബ്ലോഗുകൾ, വെബ് സൈറ്റുകൾ എന്നിവ ചൂണ്ടിക്കാണിക്കുന്നു എന്നതാണ് ചില സമയങ്ങളിൽ ഈ ഗ്രന്ഥത്തിനെതിരെ ഉന്നയിക്കാവുന്ന ഏക ആരോപണം. അത്തരം സ്രോതസ്സുകളുടെ ആധികാരികത ചിന്തിക്കപ്പെടേണ്ടതാണ്. വിജ്ഞാനപ്രദമായ നിരവധി അദ്ധ്യായങ്ങൾ വളരെ പ്രയോജനം ചെയ്യുന്നുവെങ്കിലും ഒരുറച്ച ചട്ടക്കൂടിന്റെ അഭാവം പ്രകടമാണ്. ഒരേ വിഷയം തന്നെ പല അദ്ധ്യായങ്ങളിൽ കടന്നുവരുന്നു. തീക്ഷ്ണമായ ഭാഷ ഇതിന്റെ ഒരാകർഷണം തന്നെയാണ്. കുറിക്കുകൊള്ളുന്ന ഉപമകളും ആക്ഷേപോക്തികളും വഴി ഗ്രന്ഥകർത്താക്കൾ ജൈവകൃഷിയെന്ന വിഡ്ഢിത്തത്തിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചുകയറ്റുന്നു. വിഷയസൂചികയുടെ അഭാവം വരും പതിപ്പുകളിലെങ്കിലും നേരെയാക്കേണ്ടതാണ്.

ശാസ്ത്രബോധമുള്ള ഓരോ മലയാളിയും അവശ്യം കയ്യിൽ സൂക്ഷിക്കേണ്ട ഈ പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Kartarude Kazhukan' by C Ravichandran and K M Sreekumar
ISBN: 9788126475742

Monday, October 2, 2017

മലബാർ

ചരിത്രപരമായ കാരണങ്ങളാൽ കേരളത്തിലെ മറ്റു രണ്ടു ഭൂവിഭാഗങ്ങളായ കൊച്ചിയും തിരുവിതാംകൂറിലും നിന്ന് ചില വ്യത്യസ്തതകൾ പുലർത്തുന്ന മേഖലയാണ് മലബാർ. മലകളുടെ നാട് എന്ന അർത്ഥത്തിൽ അറബി വർത്തകർ ചെല്ലപ്പേരിട്ടുവിളിച്ച നാടിന്റെ തനിമ വിളിച്ചറിയിക്കാനുള്ള ഉദ്യമമാണീ പുസ്തകം. കോഴിക്കോട് ജില്ലാ കളക്ടറായിരുന്ന ഡോ. പി. ബി. സലിം, പ്രമുഖ സാഹിത്യകാരനായ എൻ. പി. ഹാഫിസ് മുഹമ്മദ്, ചരിത്രാദ്ധ്യാപകനായ എം. സി. വസിഷ്ഠ് എന്നിവർ എഡിറ്റർമാരായി ശേഖരിച്ചെടുത്ത 81 പ്രൗഢലേഖനങ്ങൾ മലബാറിന്റെ പൈതൃകവും പ്രതാപവും നമ്മുടെ മുന്നിൽ തുറന്നുവെക്കുന്നു. സ്നേഹസംഗമഭൂമി, ചരിത്രം, ദേശം, ദേശികർ, മതനിരപേക്ഷത, സാംസ്കാരികം എന്നീ ആറു തലക്കെട്ടുകളിലായി വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരുടെ കരവിരുത് ലേഖനങ്ങളിൽ കാണാവുന്നതാണ്.

ഒട്ടനവധി പുതിയ അറിവുകൾ ഈ കൃതി നമുക്കു നൽകുന്നു. കേരളത്തിലെ ജാതിവ്യവസ്ഥയുടെ ഉച്ചിയിൽ നിലകൊണ്ടിരുന്ന നമ്പൂതിരിമാർക്കിടയിലെ ഉച്ചനീചത്വങ്ങൾ ഡോ. എം. ആർ. മന്മഥൻ ചർച്ച ചെയ്യുന്നു. ആഢ്യൻമാർ - ആസ്യന്മാർ, ഓത്തുള്ളവർ - ഓത്തില്ലാത്തവർ എന്നിങ്ങനെ വിവാഹബന്ധമോ പന്തിഭോജനം പോലുമോ നിഷിദ്ധമായ അവാന്തരവിഭാഗങ്ങൾ നമ്പൂതിരി സമുദായത്തിലുണ്ടായിരുന്നു. മരുമക്കത്തായികളായിരുന്ന പയ്യന്നൂർ നമ്പൂതിരിമാർക്കാകട്ടെ പതിത്വത്തിന്റെ പേരിൽ മുറജപത്തിന് ക്ഷണമില്ലായിരുന്നു. അവരുടെ ക്ഷേത്രങ്ങളിൽ പൂജാദികർമ്മങ്ങൾ നടത്തിയിരുന്നത് മറ്റു നമ്പൂതിരിമാരും. മാപ്പിളത്തമാശകളെക്കുറിച്ച് എം. എൻ. കാരശ്ശേരി വിവരിക്കുന്ന ഭാഗം നർമ്മരസവും വിജ്ഞാനവും സമാസമം പങ്കുവെക്കുന്നു. രാഷ്ട്രീയം ഒരു ലേഖനത്തിലും കടന്നുവന്നിട്ടില്ല എന്നത് നമ്മെ ആഹ്ലാദിപ്പിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. മദനന്റെ ചിത്രങ്ങൾ വാക്കുകളുടെ സമൃദ്ധിയെ വരയുടെ നിറവിനാൽ പൂർണ്ണതയിലെത്തിക്കുന്നു. സംഖ്യകൾ കൈകാര്യം ചെയ്യുന്നതിലെ ചില ശ്രദ്ധക്കുറവുകൾ ഒഴിവാക്കേണ്ടതായിരുന്നു. വർഷങ്ങൾ, കണക്കുകൾ എന്നിവയിൽ ചിലേടത്തൊക്കെ ഗുരുതരമായ പിഴവുകൾ കടന്നുവന്നിട്ടുണ്ട്.

ആകെയുള്ള 81 ലേഖനങ്ങളിൽ ഏതാണ്ട് പകുതിയിലധികത്തിലും കടന്നുവരുന്ന ഒരു ആഖ്യാനവിശേഷമാണ് മതനിരപേക്ഷത. എന്തിനിത് ഇത്രയധികം പറയുന്നു എന്ന് വായനക്കാർക്ക് ആശ്ചര്യം തോന്നിയേക്കാം. ജീവിതത്തിലെ മതനിരപേക്ഷമായ ഓരോ കൊച്ചുകൊച്ചു സന്ധികളിലും മതതത്വങ്ങൾ പ്രമാണമാക്കി ജീവിക്കുന്നവർക്ക് അങ്ങനെയല്ലാത്തവർ അനുവദിച്ചുകൊടുക്കുന്ന സൗജന്യങ്ങളുടെ ഒരു അനന്തശ്രേണിയാണെന്നു തോന്നിപ്പിക്കുന്നു മലബാറിലെ മതേതരത്വം. കേരളം കണ്ടിട്ടുള്ള ഏറ്റവും ഭീകരമായ വർഗ്ഗീയ കലാപങ്ങൾ മലബാറിലാണ് നടന്നിട്ടുള്ളതെന്ന് മറക്കാതിരിക്കുക. 1921-ലെ വർഗ്ഗീയലഹള മുതൽ മാറാട് കലാപം വരെ എത്രയെത്ര കൊലകളും കൊള്ളിവെപ്പുകളും നിർബന്ധിതമതപരിവർത്തനങ്ങളുമാണ് മലബാറിൽ അരങ്ങേറിയത്! 32 ചെറിയ കലാപങ്ങളുടെ തുടർച്ചയായി പൊട്ടിവീണ 1921-ലെ കലാപത്തിന് ബ്രിട്ടീഷുകാരാണ് വഴിവെച്ചതെന്നു വാദിക്കുന്ന എം. ഗംഗാധരനോട് സഹതപിക്കാനേ നമുക്കു നിവൃത്തിയുള്ളൂ. ഇസ്‌ലാമിൽ പ്രായോഗികമായ ആശയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന പരിഹാസ്യമായ വാദം ചുമക്കുന്ന എം. വിജയലക്ഷ്മി (പേജ് 98) 'മുഅത്ത' എന്ന താൽക്കാലിക അറബിക്കല്യാണങ്ങളെപ്പോലും വിമർശിക്കാൻ ഭയക്കുന്നു. മലബാർ കലാപം ജന്മിത്വവിരുദ്ധ, കൊളോണിയൽ വിരുദ്ധ പ്രക്ഷോഭമായിരുന്നെന്ന് വീമ്പടിക്കുന്ന കെ. എൻ. പണിക്കർ 678 മാപ്പിളമാരെയാണ് നിർബന്ധിതമതപരിവർത്തനത്തിന് ശ്രമിച്ചതിന്റെ പേരിൽ കുറ്റക്കാരാക്കപ്പെട്ടതെന്ന് വിമ്മിഷ്ടത്തോടെയെങ്കിലും പറഞ്ഞുവെക്കുന്നു. മതനിരപേക്ഷതക്കുവേണ്ടി സാമൂതിരിയും മറ്റു മലബാർ നാട്ടരചന്മാരും അനുഷ്ഠിച്ച കൃത്യങ്ങൾ പെരുമ്പറയടിക്കുമ്പോൾ അതിന്റെ സുഖഭോഗങ്ങൾ മാത്രം ഏറ്റുവാങ്ങി ഒരു വിഭാഗം കൂടുതൽ കൂടുതലായി മതാഭിമുഖ്യമുള്ളവരാകുകയായിരുന്നു. മലബാറിൽ ജീവിച്ചിരുന്ന ഷൈഖ് സൈനുദ്ദീൻ മഖ്ദൂം 1583-ൽ രചിച്ച ചരിത്രകാവ്യമായ തുഹ്ഫത്തുൽ മുജാഹിദീൻ സമർപ്പിച്ചിരിക്കുന്നത് 'മതനിരപേക്ഷതയുടെ കാവൽമാലാഖയായ' സാമൂതിരിക്കല്ല, മറിച്ച് ബീജാപ്പൂരിലെ ആദിൽ ഷാ സുൽത്താനാണ്. മൂന്നാം ക്ലാസ്സിൽ പഠിക്കവേ ജോർജ് രാജാവിന്റെ പേരുവരുന്ന 'മംഗളഗാനം' പാടുമ്പോൾ ആ പേരിന്റെ സ്ഥാനത്ത് തുർക്കി സുൽത്താൻ എന്നു പാടിയ ടി. ഉബൈദിനെ വിശേഷിപ്പിക്കുന്നത് 'ദേശീയബോധം' പ്രകടിപ്പിച്ച യുവാവ് എന്നാണ് (പേജ് 595). ഇത്തരം ആത്മവഞ്ചനകൾ നാം എന്നാണ് നിർത്താൻ പോകുന്നത്? മതേതരത്വത്തിന്റെ പേരിൽ മതഭ്രാന്തരായ ഉലമാക്കളുടെ ജല്പനങ്ങൾക്കു ചൂട്ടുപിടിച്ചുകൊടുക്കുന്ന പുരോഗമനചിന്തയുടെ അടുത്ത കീഴടങ്ങൽ നാം കാണുന്നത് നാടകാവതരണരംഗത്താണ്. പുരുഷന്മാർ സ്ത്രീവേഷം കെട്ടുന്ന നാടകമാണെങ്കിലും സ്ത്രീകഥാപാത്രങ്ങൾ പർദ്ദ ധരിച്ചുവേണം വേദിയിൽ പ്രത്യക്ഷപ്പെടാൻ എന്ന കൽപ്പന പോലും ശിരസാ വഹിക്കുന്ന കാഴ്ച ഇതിൽ വിസ്തരിക്കുന്നുണ്ട് (പേജ് 533). ഇത്തരം മതാധിപത്യത്തെയാണ് മതനിരപേക്ഷതയുടെ ഗുണഫലമായി വാഴ്ത്തുന്നത്! ബ്രിട്ടീഷുകാർ നാടുകടത്തിയ മമ്പുറത്തെ സയ്യിദ് ഫസൽ തങ്ങളുടെ കഥ ബുദ്ധിപൂർവം ഒഴിവാക്കിയിട്ടുമുണ്ട്.

കോഴിക്കോട് നഗരത്തിന്റെ സർവാധിപത്യം പുസ്തകത്തിലുടനീളം കാണാം. വടക്കൻ മലബാറിൽ നിന്ന് തീർത്തും വ്യതിരിക്തമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്ന പാലക്കാടിന് അർഹിക്കുന്ന പ്രാധാന്യം നൽകിയിട്ടില്ല. മലബാറെന്നാൽ കോഴിക്കോട് നഗരം  മാത്രമാണെന്ന ചിന്ത മാറ്റിനിർത്തിയാൽത്തന്നെ ആവർത്തനവിരസതയുളവാക്കുന്ന നിരവധി ലേഖനങ്ങൾ ഒഴിവാക്കാൻ സാധിക്കുമായിരുന്നു. മലബാറിന്റെ വ്യവസായമുഖം എങ്ങും പരാമർശിച്ചിട്ടില്ല.

സാമാന്യം ദീർഘമെങ്കിലും (611 പേജ്) സുഗമമായി വായിച്ചുപോകാവുന്ന ഈ പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Malabar - Paithrukavum Prathapavum', edited by Dr. P B Salim, N P Hafiz Mohammed and M C Vasisht
ISBN: 9788182652040