ഉദ്യോഗസ്ഥമേധാവികൾ പൊതുവേ സർക്കാരിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങുന്നവരായാണ് കാണപ്പെടുന്നത് - പ്രത്യേകിച്ചും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ. ഭരണകൂടം ആവശ്യപ്പെടുന്നവർക്കെതിരെ കേസെടുക്കാനും കേസ് ഇല്ലാതാക്കാനും ഇക്കൂട്ടർക്ക് സവിശേഷമായ ഒരു മിടുക്കുണ്ട്. അങ്ങനെയല്ലാത്ത ഒരു വ്യക്തിയായിട്ടാണ് സംസ്ഥാന പോലീസ് മേധാവിയായി വിരമിച്ച ശ്രീ. ടി. പി. സെൻകുമാർ ഐ.പി.എസ് അറിയപ്പെടുന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരമേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ സെൻകുമാറിനെ തലപ്പത്തുനിന്നും മാറ്റി കുറഞ്ഞ ശമ്പളസ്കെയിലിൽ മറ്റൊരു തസ്തികയിൽ നിയമിച്ചു. അതിനെതിരെ സുപ്രീം കോടതി വരെ പോവുകയും അനുകൂലമായ ഒരു വിധി നേടിയെടുക്കുകയും ചെയ്തതിനാൽ വിരമിക്കാൻ കഷ്ടിച്ച് രണ്ടുമാസം ബാക്കിനിൽക്കേ പോലീസ് മേധാവി സ്ഥാനത്ത് അദ്ദേഹം തിരിച്ചെത്തി. സ്വാഭാവികമായും അങ്ങനെയൊരാളുടെ സർവീസ് സ്റ്റോറി വളരെ ആകാംക്ഷയോടെയാണ് ജനങ്ങൾ ഉറ്റുനോക്കുക. അതിനാലായിരിക്കണം വ്യക്തിപരമായ യാതൊരു സംഭവങ്ങളും വിവരിക്കാതെ തയാറാക്കപ്പെട്ടതാണ് ഈ പുസ്തകം.
സെൻകുമാറിന്റെ ജീവിതസാഹചര്യങ്ങൾ തികച്ചും സാധാരണമായ ഒന്നായിരുന്നു. ചാലക്കുടിക്കടുത്തുള്ള ഒരു ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച അദ്ദേഹം വിദ്യാഭ്യാസം നടത്തിയത് പൊതുവിദ്യാലയങ്ങളിലായിരുന്നു. അവിടെനിന്നും ഐ.പി.എസ് നേടി സംസ്ഥാന പോലീസിന്റെ ഏറ്റവും ഔന്നത്യത്തിലെത്തിയ ആ കരിയറിൽ ആർക്കും പരാതിപ്പെടാൻ ഒന്നുംതന്നെ കണ്ടെത്താനാവില്ല. എന്നാൽ എല്ലാറ്റിനെക്കുറിച്ചും പരാതിപ്പെടുന്ന ഒരു മനോഭാവമാണ് ഈ ഓർമകളുടെ സമാഹാരത്തിൽ ഉടനീളം കാണാനാവുക. എല്ലാ മേഖലയിലും നിരവധി ശത്രുക്കളെ സമ്പാദിച്ചുകൂട്ടിക്കൊണ്ട് അവർക്കെതിരെയുള്ള വെല്ലുവിളികളാൽ സമൃദ്ധമാണ് ഈ ഗ്രന്ഥം. കേരളസമൂഹത്തെപ്പോലും അദ്ദേഹം വെറുതെ വിടുന്നില്ല. അസഹിഷ്ണുതയാണത്രേ കേരളത്തിന്റെ മുഖമുദ്ര. മുന്നിൽ പോകുന്നവന്റെ ഒപ്പമെത്താനോ അതിനുമുൻപിൽ പോകാനോ അല്ല, മറിച്ച് മുന്നിൽ പോകുന്നവനെ തങ്ങൾക്കൊപ്പം പിന്നോട്ടു വലിക്കലാണ് കേരളസമൂഹത്തിന്റെ സ്വഭാവവിശേഷം, ഇതാണ് ഇവിടത്തെ സോഷ്യലിസം എന്നദ്ദേഹം സ്ഥാപിക്കുന്നു. ഇതിൽ കുറെയൊക്കെ ശരിയുണ്ടാകാമെങ്കിലും ഈ രചനയിൽ ഒരിടത്തും ഒരാളെക്കുറിച്ചും നിരുപാധികമായ നല്ല അഭിപ്രായം പറഞ്ഞിട്ടില്ല എന്നതിനാൽ ഈ നിരീക്ഷണത്തിന്റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുന്നു.
പോലീസിലും ഗ്രന്ഥകാരന്റെ ശത്രുക്കൾ നിരന്തരമായി ശല്യപ്പെടുത്തിയതായാണ് നാമിവിടെ മനസ്സിലാക്കുന്നത്. അതിന് അവരെ കടുത്തഭാഷയിൽ വിമർശിക്കുന്നുമുണ്ട്. മുൻ പോലീസ് മേധാവിയായ ജേക്കബ് പുന്നൂസ് ഇടതുപക്ഷം അധികാരത്തിൽ വരുമ്പോൾ പാർട്ടിയിലെ ചിലർ മുഖാന്തിരവും കോൺഗ്രസ് അധികാരത്തിലുള്ളപ്പോൾ മതമേലധ്യക്ഷന്മാർ മുഖാന്തിരവും ഒരുപോലെ സ്വാധീനമുറപ്പിക്കാൻ കഴിഞ്ഞ വ്യക്തി എന്നാണ് ആരോപണം. ഇപ്പോൾ സർവീസിലുള്ളവരേയും ഈ രൂപത്തിൽത്തന്നെ കുറ്റാരോപിതരാക്കുന്നു. സർവീസിലുള്ളപ്പോൾ തീരാതിരുന്ന വൈരാഗ്യങ്ങൾ പുസ്തകത്തിലൂടെ തീർക്കാനാണോ ഗ്രന്ഥകർത്താവിന്റെ യഥാർത്ഥ ലക്‌ഷ്യം എന്നു സംശയിച്ചുപോകുന്ന തരത്തിൽ കോടതിവിധികളുടെ പകർപ്പുകളും അതിലെ ഖണ്ഡികകളുടെ തലനാരിഴ കീറിയുള്ള നിയമവിശകലനങ്ങളും വഴി സാമാന്യം നല്ല രീതിയിൽത്തന്നെ വെറുപ്പിക്കുന്നുണ്ട്. കേരളത്തിലെ 'ഏറ്റവും ക്രൂക്കഡ്' ആയ ക്രിമിനൽ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നുപോലും പറഞ്ഞുവെക്കുന്നു (പേജ് 300).
കേരളചരിത്രത്തിലെ ഏറ്റവും ഭീകരമായ തട്ടിപ്പുകളിലൊന്നായിരുന്നു ഐ.എസ്.ആർ.ഒ ചാരക്കേസ്. മാലിയിൽ നിന്നെത്തിയ ഏതാനും വനിതകൾ ശാസ്ത്രജ്ഞരുമായിച്ചേർന്ന് ഉപഗ്രഹവിക്ഷേപണ രഹസ്യങ്ങൾ ചോർത്തിയെന്നായിരുന്നു കേസ്. എന്നാൽ ഇത് തികച്ചും മാദ്ധ്യമസൃഷ്ടിയായിരുന്നുവെന്നും അന്നത്തെ മുഖ്യമന്ത്രിയെ സ്ഥാനഭൃഷ്ടനാക്കി തങ്ങൾക്ക് വേണ്ടപ്പെട്ടയാളെ അവരോധിക്കാൻ കോട്ടയം കേന്ദ്രമായ ഒരു മാദ്ധ്യമസ്ഥാപനം കഥകൾ വിളമ്പിയതാണെന്നും മനസ്സിലായ സുപ്രീം കോടതി പ്രതിയായ നമ്പി നാരായണന് വൻതുക നഷ്ടപരിഹാരമായി നല്കാൻ പോലും വിധിച്ചു. ഈ കേസ് തുടങ്ങിയത് തികച്ചും വ്യക്തിപരമായ അസൂയയിൽ നിന്നാണെന്നത് രസാവഹമായ ഒരറിവാണ്. തിരുവനന്തപുരത്തെ പുതിയ ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് ഉന്നത ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സിൽ താമസിക്കാൻ സ്ഥലം ലഭിച്ചില്ല. പറ്റിയ ഒരു വാടകവീട് സാമ്പത്തികമായി അദ്ദേഹത്തിന് താങ്ങാനുമായില്ല. തുടർന്ന് ഉയർന്ന വാടക കൊടുത്ത് താമസിക്കുന്നവരെ നിരീക്ഷിച്ചതിൽനിന്നാണ് മാലി വനിതകളുടെ വിവരങ്ങൾ പോലീസിന് ലഭിക്കുന്നത്. ഇത്ര പ്രകടമായ അനീതി സെൻകുമാറിനെ വേദനിപ്പിക്കുന്നില്ലെന്നതോ പോകട്ടെ, നമ്പി നാരായണൻ നൽകിയ കേസിൽ തന്നെ പരാമർശിച്ചതിൽ കുപിതനായി അദ്ദേഹത്തിനെതിരെ നിരവധി വാദമുഖങ്ങൾ നിരത്തുന്നു. നമ്പി നാരായണൻ സായിപ്പിനെപ്പോലെ വെളുത്തവനാണെന്നും അയാൾ ശാസ്ത്രജ്ഞനെന്ന നിലയിൽ കഴിവില്ലാത്തവനാണെന്നും പ്രഖ്യാപിക്കുന്നതുവഴി താൻതന്നെയാണ് വെറുപ്പിന്റെ മാലിന്യത്തിൽ ആഴ്ന്നുപോകുന്നതെന്നും ഗ്രന്ഥകാരൻ തിരിച്ചറിയുന്നില്ല. തെളിവില്ലെന്നുകണ്ട് സി.ബി.ഐ തള്ളിയ കേസിൽ ഇടതുപക്ഷം ഭരണത്തിൽ എത്തിയതിനെത്തുടർന്ന് ഉത്തരവിട്ട പുനരന്വേഷണത്തിൽ മാത്രമാണ് സെൻകുമാർ ഇതിൽ ഇടപെടുന്നതുതന്നെ. ആ അന്വേഷണത്തിന്റെ കാരണമായി വർത്തിച്ചത് 1996-ലെ തെരഞ്ഞെടുപ്പിൽ ഈ കേസ് എൽ.ഡി.എഫ് മുഖ്യ തെരഞ്ഞെടുപ്പുവിഷയമാക്കിയതും!
മലയാറ്റൂർ രാമകൃഷ്ണൻ, ബാബു പോൾ എന്നിവരുടെയൊക്കെ സർവീസ് സ്റ്റോറികൾക്കുശേഷം നമ്മുടെ സാഹിത്യത്തിൽ ഇന്നവശേഷിക്കുന്നത് ഈ പുസ്തകവും ഏതാനും ആഴ്ചകൾക്കുമുമ്പ് വായിച്ച ജേക്കബ് തോമസിന്റെ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' പോലുള്ള നിലവാരമില്ലാത്ത കൃതികളും മാത്രമാണ്. സർവീസ് കാലത്തെ പകയും വിദ്വേഷവും തീർക്കാനുള്ള ഉപാധി മാത്രമാണ് ഇവർക്കീ രചനകൾ. ഇതുകളിൽ നിറഞ്ഞുനിൽക്കുന്ന ആത്മാർത്ഥതയില്ലായ്മയാണ് വായനക്കാരെ അമ്പരപ്പിക്കേണ്ടത്. പോലീസ് മേധാവി സ്ഥാനത്തുനിന്ന് തന്നെ മാറ്റാനുണ്ടായ കാരണം പോലും നമുക്കിതിൽ കാണാനാവില്ല. ഈ പുസ്തകം എഴുതാനുള്ള ഏക കാരണം ആ സ്ഥാനഭ്രംശമായിരുന്നെങ്കിൽപ്പോലും മുഖ്യമന്ത്രിക്ക് അദ്ദേഹത്തോട് തോന്നിയ വിദ്വേഷത്തിന്റെ ഉറവിടം വ്യക്തമല്ല. പിണറായിയെ അതിനുമുൻപ് ഒരിക്കലേ ഈ വിവരണത്തിൽ നാം കണ്ടുമുട്ടുന്നുള്ളൂ. അദ്ദേഹം കൂത്തുപറമ്പിൽ ഒരു ചെറിയ നേതാവായിരിക്കേ ജോയിന്റ് റെജിസ്ട്രാറെ പാർട്ടി അനുകൂലികൾ മർദ്ദിച്ചു. സെൻകുമാർ അന്വേഷിച്ച ഈ കേസിൽ പോലീസ് തന്നെ മർദ്ദിക്കുമോയെന്നു ഭയന്ന് പട്ടണത്തിൽ പ്രത്യക്ഷപ്പെടാൻ പോലും പിണറായി വിജയൻ മടിച്ചു (പേജ് 49). ഈ പകയാണോ പിന്നീട് പോലീസ് മേധാവി സ്ഥാനത്തുനിന്ന് ലേഖകനെ മാറ്റാനിടയായത്? എന്തായാലും ഇത്ര കടുത്ത പ്രതികാരബുദ്ധി ലേഖകൻ അറിയാതെ ആർക്കും അദ്ദേഹത്തിനുനേരെ തോന്നുകയില്ല എന്ന് വ്യക്തമാണ്. ഇങ്ങനെ പലപ്പോഴും വായനക്കാരെ ഇരുട്ടത്ത് നിര്ത്തുന്നു.
ഈ പുസ്തകം ശുപാർശ ചെയ്യുന്നില്ല.