ജീവിതത്തിന്റെ സമസ്തതലങ്ങളിലും വിവേചനവും തരംതാഴ്‌ത്തലും അനുഭവിച്ചുകൊണ്ടാണ് സ്ത്രീകൾ ഏതാണ്ട് ഒരു നൂറ്റാണ്ടിനപ്പുറം ഈ ഭൂമുഖത്ത് വസിച്ചിരുന്നത്. തൊഴിലവസരങ്ങൾ നിഷേധിക്കുക, പുരുഷൻ ചെയ്യുന്ന തുല്യജോലിക്ക് തുല്യമായ കൂലി നൽകാതിരിക്കുക, ബഹുഭാര്യാത്വം, പിതാവിന്റെ സ്വത്തിന് മകൾക്ക് അവകാശമില്ലാതിരിക്കുക എന്നിങ്ങനെ നിരവധി മുഖങ്ങളിലാണ് സ്ത്രീസമൂഹം അവഗണനയുടെ മുറിപ്പാടുകൾ പേറിയിരുന്നത്. കേരളത്തിലാണെങ്കിൽ മാറു മറയ്ക്കാൻ അവകാശം ഇല്ലാതിരിക്കുക, വഴി നടക്കാൻ അനുവാദം ഇല്ലാതിരിക്കുക എന്നിവയും ഉണ്ടായിരുന്നു. സാമൂഹ്യ നവോത്ഥാനത്തോടെ ഇത്തരം അനാചാരങ്ങളെ തുടച്ചുനീക്കിയതിന്റേയും കേരളസ്ത്രീകളുടെ ഉയിർത്തെഴുന്നേല്പിന്റേയും കഥയാണ് ഈ കൃതി പറയാൻ ശ്രമിക്കുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ മലയാളവിഭാഗം അദ്ധ്യാപികയായ പി. എസ്. ശ്രീകല ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി അടുത്തുപ്രവർത്തിക്കുന്ന ഒരാളുമാണ്.
സ്ത്രീയുടെ സ്ഥാനം താഴെയായതിന്റെ സാമൂഹ്യശാസ്ത്രപരമായ അടിസ്ഥാനം ലേഖിക കണ്ടെത്തുന്നത് ഏംഗൽസിന്റെ കൃതിയിലൂടെയാണ്. സഗോത്രകുടുംബം, സമൂഹകുടുംബം എന്നീ ഘട്ടങ്ങൾ പിന്നിട്ടുകൊണ്ട് സ്വകാര്യസ്വത്തിന്റെ ആവിർഭാവത്തോടെ ഏകദാമ്പത്യകുടുംബത്തിലേക്ക് എത്തിച്ചേർന്നു. സ്ത്രീക്ക് നിരവധി പങ്കാളികൾ ഉണ്ടായിരുന്ന വ്യവസ്ഥയിൽ നിന്നുള്ള സമൂലമായ മാറ്റമായിരുന്നു ഇത്. താൻ അദ്ധ്വാനത്തിലൂടെ ആർജിച്ച സ്വത്ത് തന്നിൽനിന്നു മാത്രം ജനിച്ച കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടണം എന്ന ആഗ്രഹമായിരുന്നിരിക്കാം ഇതിനു പിന്നിൽ. എന്നാൽ ഇതോടുകൂടി പുരുഷൻ സ്ത്രീക്കുമേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ഈ വ്യവസ്ഥയെ ലേഖിക ശക്തമായി വിമർശിക്കുന്നു. ഒരു വേശ്യ ചെയ്യുന്നതുപോലെ കൂലി പറഞ്ഞുറപ്പിച്ച് തന്റെ ശരീരം വാടകയ്ക്ക് കൊടുക്കുകയല്ല ഭാര്യ ചെയ്യുന്നത്, മറിച്ച് എന്നെന്നേക്കുമായി അത് വില്പന നടത്തിയിട്ട് സ്ഥിരമായ അടിമത്തത്തിലേക്ക് അവൾ സ്വമേധയാ നടന്നുനീങ്ങുകയാണ്. പുസ്തകത്തിലുടനീളം പ്രകടമാകുന്ന തീവ്ര ഇടതുപക്ഷ അനുഭാവം ശ്രീകല ഇവിടെയും വെളിപ്പെടുത്തുന്നു. നഷ്ടപ്പെടാൻ സ്വത്തില്ലാതിരുന്ന തൊഴിലാളിവർഗ്ഗത്തിന് അതിന്റെ കൈമാറ്റത്തിനുവേണ്ടി രൂപം കൊണ്ട ഏകദാമ്പത്യം ബാധകമാകേണ്ടിയിരുന്നില്ലെങ്കിലും അവർ അത് പിന്തുടരാൻ നിർബന്ധിതമായി.
ജാത്യാചാരങ്ങളുടെ തടങ്കലിൽ നിന്ന് കേരളത്തെ വിമോചിപ്പിച്ച സാമൂഹ്യപ്രസ്ഥാനങ്ങൾ സ്ത്രീവിമോചനത്തേയും പരോക്ഷമായി സഹായിച്ചു. ജാതീയമായ ഉച്ചനീചത്വങ്ങളിലും ക്രൂരമായ ജാതിവിവേചനങ്ങളിലും നിന്നുള്ള മോചനത്തിന്റെ ഭാഗമായാണ് സ്ത്രീമുന്നേറ്റ സമരങ്ങൾ കേരളത്തിൽ രൂപമെടുക്കുന്നതും പ്രബലമാകുന്നതും. മാറുമറക്കൽ സമരം, കല്ലയും മാലയും ബഹിഷ്കരണം തുടങ്ങിയ മുന്നേറ്റങ്ങൾ സ്ത്രീകളെ സാമൂഹിക അടിമത്തത്തിൽനിന്ന് രക്ഷപ്പെടുത്തി. ലിംഗസമത്വത്തിൽ അധിഷ്ഠിതമായ സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹനിർമ്മിതി സ്ത്രീവിമോചനവാദത്തിന്റെ ലക്ഷ്യവുമായിരുന്നു. സ്ത്രീകൾ വീടുപേക്ഷിച്ച് തെരുവിലേക്കിറങ്ങലായിരുന്നില്ല അതിന്റെ ലക്‌ഷ്യം. ദേവകി നരിക്കാട്ടിരി 'സ്ത്രീകൾ അടുക്കള ഉപേക്ഷിക്കരുത്' എന്ന തലക്കെട്ടോടെ എഴുതിയ ലേഖനം ശ്രദ്ധേയമാണ്. ലോകത്തെ സേവിക്കാനുള്ള ഏറ്റവും ഉചിതമായ ഒരിടമാണ് അടുക്കള. അടുക്കളയിലെ പ്രവർത്തനങ്ങളിലൂടെ ആചാരങ്ങളെ പരിഷ്കരിക്കാനും ആരോഗ്യം, സദാചാരബോധം തുടങ്ങിയവയെപ്പറ്റി അവബോധം സൃഷ്ടിക്കാനും കഴിയും. മറ്റുത്തരവാദിത്വങ്ങളുടെ പേരിൽ ശക്തമായി സ്വാധീനിക്കാവുന്ന ഒരിടമായ അടുക്കള സ്ത്രീകൾ നഷ്ടപ്പെടുത്തരുതെന്ന് അവർ അഭിപ്രായപ്പെടുന്നു. ഈ പുസ്തകത്തിൽ കേരളനവോത്ഥാനത്തെ കമ്യൂണിസത്തിന്റെ ചാലിലേക്ക് മാറ്റിയൊഴുക്കാൻ ഗ്രന്ഥകർത്രി നിതാന്തപരിശ്രമം നടത്തുന്നു. സമുദായപരിഷ്കരണത്തിൽനിന്ന് സാമൂഹികപരിഷ്കരണത്തിലേക്കും ദേശീയ വിമോചനസമരത്തിലേക്കും തൊഴിലാളി സംഘടനകളിലേക്കും കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും വികസിക്കുന്ന കൃത്യമായ രാഷ്ട്രീയധാരണ ഉള്ളതായിരുന്നത്രേ കേരളത്തിന്റെ ആധുനികീകരണപ്രക്രിയ.
നവോത്ഥാനത്തിന്റെ നാൾവഴികൾ വിശദീകരിക്കുമ്പോൾ കമ്യൂണിസ്റ്റ് ചായ്‌വ് പ്രകടമാക്കുന്നതിനൊപ്പം നഗ്നമായ ബ്രാഹ്മണചായ്‌വും ഈ കൃതിയിൽ എല്ലായിടത്തും കാണാം. ശ്രീനാരായണഗുരുവിനേയും അയ്യങ്കാളിയേയും ഒന്നോ രണ്ടോ പേജുകളിൽ ലേഖിക ഒതുക്കിക്കളഞ്ഞു. മന്നത്തു പദ്മനാഭനെ പരാമർശിക്കുന്നതേയില്ല. എന്നാൽ നമ്പൂതിരി സമുദായത്തിലെ പരിഷ്കരണശ്രമങ്ങൾ വിവരിക്കാൻ മുപ്പതോളം പേജുകളാണ് നീക്കിവെച്ചിരിക്കുന്നത്. അതിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഇ.എം.എസ്സാണ് കേരളനവോത്ഥാനത്തിന്റെ ശില്പി എന്നതും. പക്ഷേ പിന്നോക്കവിഭാഗങ്ങളെ അവജ്ഞയോടെ തള്ളിക്കളഞ്ഞുകൊണ്ടല്ല നമ്പൂതിരിപ്പാടിനെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കേണ്ടത്. ആധുനികകാലത്തെ ദളിത് മുന്നേറ്റത്തേയും ലേഖിക എതിർക്കുന്നു. ദളിത് സ്ത്രീ പങ്കാളിത്തത്തിന് പ്രത്യേക ഊന്നൽ നല്കുന്നതുവഴി ശിഥിലീകരിച്ചും ശകലീകരിച്ചും വർഗ്ഗബോധത്തെ നിർവീര്യമാക്കാനും വർഗഐക്യത്തെ തകർക്കാനുമുള്ള ശ്രമമായിട്ടാണ് ശ്രീകല വ്യാഖ്യാനിക്കുന്നത്. 1950-നു ശേഷമുള്ള ഭാഗങ്ങളിൽ ഇടതുപക്ഷ സർക്കാരുകളുടെ ഭരണനേട്ടങ്ങൾ എണ്ണിപ്പറയൽ മാത്രമായി ഈ കൃതി അധഃപതിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ സ്ത്രീകളുടെ സാമൂഹികപരിഷ്കരണത്തിന്റെ കാര്യത്തിൽ തികഞ്ഞ മൗനമാണ് ഈ പുസ്തകം പാലിക്കുന്നത്. മുസ്ലിം സ്ത്രീകൾ നേരിടുന്ന ബഹുഭാര്യാത്വം, ജീവനാംശം നല്കാതെയുള്ള ഭർത്താവിന്റെ ഒഴിവാക്കൽ എന്നീ വിഷയങ്ങൾ ലേഖിക കാണുന്നതുപോലുമില്ല. ഇടതുപക്ഷ ചിന്താഗതിക്കാരിയാണല്ലോ!
മാർക്സിസ്റ്റ് പാർട്ടിയുടെ അജണ്ടയും തത്വങ്ങളും പ്രചരിപ്പിക്കുക എന്ന ഒരൊറ്റ പരിപാടിയേ ഈ പുസ്തകത്തിലുള്ളൂ. റഫറൻസിന് ഉപയോഗിക്കുന്നത് കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ പുസ്തകങ്ങൾ മാത്രമാണ്. മനുഷ്യസമൂഹത്തിന്റെ പരിണാമചരിത്രം ശാസ്ത്രീയമായി രേഖപ്പെടുത്തുന്നതായി അനുഭവപ്പെട്ടിട്ടുള്ളത് ഏംഗൽസിന്റെ 'കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്പത്തി' എന്ന ഗ്രന്ഥത്തിലാണത്രേ! 150 വർഷങ്ങൾക്കുമുൻപ് എഴുതപ്പെട്ട ഈ കൃതിയല്ലാതെ മറ്റൊന്നും കാര്യമായി ഉദ്ധരിച്ചിട്ടുമില്ല. മാർക്സിയൻ ചപ്പടാച്ചികൾ നിർലോഭം വാരി വിതറുന്നുമുണ്ട്. സ്ത്രീകൾക്കെതിരായ ചൂഷണം അവസാനിപ്പിക്കുന്നതിന് വർഗ്ഗസമരം ശക്തിപ്പെടുത്തണം (പേജ് 210), സ്വകാര്യസ്വത്ത് അവസാനിക്കുന്നതോടെ വർഗ്ഗവൈരുദ്ധ്യവും അവസാനിച്ച് സ്ത്രീപുരുഷസമത്വം യാഥാർഥ്യമാകും (പേജ് 218) എന്നീ പരാമർശങ്ങളൊക്കെ വായിച്ച് ബൗദ്ധിക അടിമത്തം ബാധിച്ചിട്ടില്ലാത്ത വായനക്കാർ പൊട്ടിച്ചിരിക്കുകയേയുള്ളൂ. ഈ കൃതിയിൽ മാർക്സിനെ നാലു തവണ ഉദ്ധരിക്കുമ്പോൾ ഏംഗൽസിനെ 18 തവണയും ഇ.എം.എസ്സിനെ 43 തവണയുമാണ് ഉദ്ധരിക്കുന്നത്.
തീർത്തും നിരാശാജനകമായ ഈ പുസ്തകം സർക്കാർ ഗവേഷണരംഗത്തെ പാളിച്ചകളുടെ ഉത്തമദൃഷ്ടാന്തമെന്ന നിലയിൽ ശുപാർശ ചെയ്യുന്നു.
തീർത്തും നിരാശാജനകമായ ഈ പുസ്തകം സർക്കാർ ഗവേഷണരംഗത്തെ പാളിച്ചകളുടെ ഉത്തമദൃഷ്ടാന്തമെന്ന നിലയിൽ ശുപാർശ ചെയ്യുന്നു.
Book Review of 'Femisathinte Keralacharithram' by P S Sreekala
Mathrubhumi Books, 2020
ISBN: 9788194822271
Pages: 248