Monday, August 16, 2021

ഓ.ടി.പി

മുന്നിലെ അക്ഷരങ്ങൾക്ക് വ്യക്തത നഷ്ടപ്പെട്ടുതുടങ്ങിയപ്പോൾ അയാൾ പുസ്തകത്തിൽനിന്ന് തലയുയർത്തി. കുറച്ചുനേരം ദൂരേക്കു നോക്കിയാൽ എല്ലാം ശരിയാകാറുണ്ടായിരുന്നതിനാൽ ജനലിലൂടെ അൽപ്പനേരം പുറത്തേക്കു നോക്കി ഇരുന്നു.

ദൂരെ കായലിൽ വെളുത്ത എന്തോ ഒന്ന് നീങ്ങുന്നതായി കണ്ടു. ഇപ്പോഴും ഒന്നും വ്യക്തമല്ല. എങ്കിലും അഴിമുഖത്തേക്ക് ക്രമമായി നീങ്ങുന്നതിനാൽ അതൊരു ബോട്ടായിരിക്കുമെന്ന് അയാൾ ഊഹിച്ചു, പിന്നീട് സ്വയം ഉറപ്പിച്ചു.

ഇപ്പോൾ ഇങ്ങനെയാണ് കാര്യങ്ങൾ. പ്രായം അമ്പതിനോടടുത്തുവെങ്കിലും കണ്ണട വെക്കുന്നത് അയാൾക്കിഷ്ടമല്ല. പുസ്തകത്തിലെ മഷി വെള്ളം നനയാതെ കലങ്ങുന്നതുപോലെ കാണപ്പെട്ടപ്പോഴെല്ലാം തന്റെ സുഹൃത്തുക്കൾ ആദ്യം കണ്ണട വെക്കട്ടെ, എന്നിട്ടാകാം താൻ എന്നയാൾ കരുതി.

ഇന്ന് അവരെല്ലാം കണ്ണടകൾക്കു പിറകിലായി. നല്ലൊരു വായനക്കാരനായിരുന്ന അയാൾ ഓരോ വർഷവും വായിക്കുന്ന പുസ്തകങ്ങളുടെ എണ്ണം ക്രമാനുഗതമായി കുറഞ്ഞു തുടങ്ങി. ദുർബലമാകുന്ന കാഴ്ചശക്തി മൂലം വായന ഒരു യാതനയാകുന്നതുകൊണ്ടാണിതെന്ന സത്യം അയാൾ മനസ്സിന്റെ ഒരു മൂലയിലേക്കെറിഞ്ഞു. ജോലിസ്ഥലത്തെ തിരക്കും ടെൻഷനും കൊണ്ടാണ് വായന നടക്കാത്തതെന്ന് അയാൾ സ്വയം തെറ്റിദ്ധരിപ്പിച്ചു.

ഇത്രനാൾ വെക്കാതിരുന്ന കണ്ണട ഇപ്പോൾ വെക്കുന്നത് വാർദ്ധക്യത്തിലേക്കു കാലൂന്നിയതിനെ സൂചിപ്പിക്കുന്നുവെന്നത് മാത്രമായിരുന്നില്ല പ്രശ്നം. കണ്ണട വെക്കുന്നതോടെ ജീവിതത്തിൽ നിന്ന് എന്തോ ഒന്ന് തിരിച്ചുകിട്ടാത്തവിധം നഷ്ടമാകും എന്നയാൾ കരുതി. മാത്രവുമല്ല, മോതിരമോ വാച്ചോ പോലെ ശരീരത്തോടൊട്ടിക്കിടക്കുന്ന ഒന്നും അയാൾക്കിഷ്ടമായിരുന്നുമില്ല. തന്മൂലം വിവാഹമോതിരം ഭാര്യയുടെ ഏതാനും ആഭരണങ്ങൾക്കിടയിലും ബാറ്ററി തീർന്ന് ഉപയോഗശൂന്യമായ വാച്ച് അലമാരയുടെ ഒരു ഇരുണ്ട മൂലയിലും പൊടിയണിഞ്ഞുകിടന്നിരുന്നു.

ഒരു എസ്.എം.എസ് വന്നതായി മൊബൈലിൽ നിന്നുള്ള ശബ്ദം അയാളെ ചിന്തയിൽനിന്നുണർത്തി. കായലിൽ ഇപ്പോഴാ ബോട്ട് കാണുന്നതേയില്ല.

അയാൾ മൊബൈൽ എടുത്തുനോക്കി. ഇപ്പോഴും ഒന്നും വ്യക്തമല്ല. എങ്കിലും അൽപ്പം ബുദ്ധിമുട്ടിയപ്പോൾ വായിക്കുവാൻ സാധിച്ചു.

"താങ്കൾ പ്രീ-പബ്ലിക്കേഷൻ വ്യവസ്ഥയിൽ ബുക്ക് ചെയ്തിരുന്ന 'നമ്മുടെ നാട്ടറിവുകൾ' എന്ന പുസ്തകം ഞങ്ങളുടെ വിതരണശാലയിൽ തയ്യാറായിരിക്കുന്നു. ദയവായി വന്നു വാങ്ങുക" - ഡി.സി. ബുക്സിൽ നിന്നുള്ള സന്ദേശമാണ്.

ഈയിടെയായി വായന കുറഞ്ഞുവെങ്കിലും അയാൾ പുസ്തകങ്ങൾ വാങ്ങിക്കുമായിരുന്നു. കട്ടിയായ ബൈന്റുള്ള പുതിയ പുസ്തകങ്ങൾ അയാൾക്കിഷ്ടമായിരുന്നു. 
 
ആയിരത്തിനടുത്ത് പേജുകളുള്ള പുസ്തകത്തിന്റെ വിട്ടുപിരിയാൻ വിസമ്മതിക്കുന്ന താളുകളെ ലഘുവായി കീറി, പുതിയ കടലാസിന്റേയും മഷിയുടേയും ഹൃദ്യമായ ഗന്ധം ആസ്വദിച്ച്...
 
കടന്നുപോന്ന വഴികളിലെവിടെയോ കണ്ടുമറന്ന ഒരു നിമിഷത്തിന്റെ ഊഷ്മളതയിലേക്ക് ഒരിക്കൽ കൂടി ലയിച്ചുചേർന്നങ്ങനെ...
 
അന്നു വൈകുന്നേരം തന്നെ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ അയാൾ പുസ്തകശാലയിലെത്തി. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ കാര്യമായി ആരും തന്നെ അകത്തുണ്ടായിരുന്നില്ല. 
 
ഒന്നാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടിയും അവന്റെ അമ്മയും കുട്ടികളുടെ പുസ്തകങ്ങൾ തിരയുന്നുണ്ടായിരുന്നു. അൽപ്പം വികൃതിയായിരുന്ന അവനിൽ വായനാശീലം കിളിർപ്പിച്ചെടുക്കുവാനുള്ള ശ്രമമായിരുന്നു അതെങ്കിലും പുസ്തകം കൈകൊണ്ട് തൊടാൻ പോലും ശ്രമിക്കാതെ അടുത്ത കടയിലെ നിറമുള്ള കളിപ്പാട്ടങ്ങളിലായിരുന്നു അവന്റെ ശ്രദ്ധ. ആ സ്ത്രീയാകട്ടെ ഇടക്കെപ്പോഴോ കയ്യിൽ തടഞ്ഞ 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയുടെ പേജുകൾ ഗൃഹാതുരതയോടെ മറിച്ചുകൊണ്ടിരുന്നു. അവൾ അത് മുൻപ് വായിച്ചിരുന്നുവെന്ന് ആ കണ്ണുകളിൽ മാറിമാറി വന്നിരുന്ന പ്രകാശത്തിൽ നിന്ന് ഊഹിക്കാമായിരുന്നു. കുട്ടിക്ക് അവന്റെ അച്ഛന്റെ സ്വഭാവമായിരിക്കുമെന്ന് അയാൾ വെറുതെ പ്രതീക്ഷിച്ചു.
 
"ഞാൻ 'നമ്മുടെ നാട്ടറിവുകൾ' പ്രീ-പബ്ബിൽ ബുക്ക് ചെയ്തിരുന്നു. അത് വാങ്ങാൻ വന്നതാണ്", കടയിൽ നിൽക്കുന്ന പയ്യനോട് ഇത്രയും പറഞ്ഞപ്പോൾ ആ സ്ത്രീ പുസ്തകത്തിൽനിന്ന് താല്പര്യപൂർവം തലയുയർത്തിനോക്കുന്നത് കൺകോണുകളിലൂടെ അയാൾക്ക് കാണാമായിരുന്നു.

സാധാരണഗതിയിൽ പണമടച്ച രസീതുവാങ്ങി പുസ്തകം കടക്കാരൻ കൈമാറേണ്ടതാണ്. എന്നാൽ ഈ പയ്യൻ രസീതിലേക്കും കംപ്യൂട്ടറിലേക്കും മാറിമാറി നോക്കി എന്തൊക്കെയോ അടിച്ചുകയറ്റിക്കൊണ്ടിരുന്നു. അവസാനം അവൻ ആരോടോ ഫോണിൽ വിളിച്ചുചോദിച്ചതിനുശേഷം തലയാട്ടിക്കൊണ്ട് ഫോൺ താഴെവെച്ചു.

"സാറിന്റെ മൊബൈലിൽ ഇപ്പോൾ ഒരു ഓ.ടി.പി വന്നിട്ടുണ്ടാകും. ഒന്നു പറയാമോ സർ?", അവൻ ചോദിച്ചു. ആ നിമിഷം തന്നെ ഒരു മണികിലുക്കത്തോടെ മൊബൈലിന്റെ സ്ക്രീനിലും പ്രകാശം നിറഞ്ഞു.

അയാൾ മൊബൈൽ തുറന്നുനോക്കി. അക്ഷരങ്ങൾ അത്ര വ്യക്തമല്ല. എങ്കിലും അയാൾ പറഞ്ഞു, "TFHV"

അതുകേട്ടതും കടക്കാരൻ പയ്യന്റെ മുഖത്ത് ആശയക്കുഴപ്പം മുഴുവൻ വോൾട്ടേജിലും വന്നു നിറഞ്ഞു. എങ്കിലും അവൻ അത് തീരെ പ്രതീക്ഷയില്ലാത്തവിധത്തിൽ കംപ്യൂട്ടറിൽ അടിച്ചുകയറ്റി. എന്നിട്ട് അയാളുടെ നേരെ തിരിഞ്ഞുപറഞ്ഞു.

"ഓ.ടി.പി ശരിയാകുന്നില്ലല്ലോ, സാധാരണയായി അഞ്ചക്ഷരങ്ങളാണ് ഉണ്ടാകാറുള്ളത്. TIFHV ആണോ എന്നു നോക്കാമോ സർ?"

ഇപ്പോഴാണ് അയാൾ ശരിക്കും വെട്ടിലായത്. ഗത്യന്തരമില്ലാതെ മൊബൈൽ കയ്യകലത്തോളം നീട്ടിപ്പിടിച്ചിട്ടും 'T'ക്കും 'F'നും ഇടയ്ക്ക് ഒരു 'I' ഉണ്ടോ എന്നു കാണാൻ സാധിക്കുന്നില്ല. സ്ത്രീയാണെങ്കിൽ പുസ്തകം അടച്ചുവെച്ച് ഈ നാടകവും കണ്ടുനിൽക്കുകയാണ്. പ്രൊപ്പോർഷണൽ ഫോണ്ടുകൾ കണ്ടുപിടിച്ചവന്റെ പിതാമഹന്മാരെ മുഴുവൻ അയാൾ മനസ്സിൽ ചീത്തവിളിച്ചു.

ഒരു പരാജിതനെപ്പോലെ അവസാനം അയാൾ മൊബൈൽ സ്ക്രീൻ പയ്യന്റെ നേർക്കു നീട്ടി.

"TIFHV തന്നെയാണ് സർ, ഞാനൂഹിച്ചതുപോലെ തന്നെ", അവൻ ഉത്സാഹത്തോടെ കംപ്യൂട്ടറിൽ ബാക്കി വിവരങ്ങളും അടിച്ചുകയറ്റി. താഴെനിന്ന് മൂന്നു വാള്യങ്ങളുള്ള പുസ്തകപ്പൊതി എടുത്തു മേശപ്പുറത്തുവെച്ചു. എന്നിട്ട് ഒരു പുഞ്ചിരിയോടെ, ഉപഭോക്താവിന്റെ സംതൃപ്തി എന്ന കച്ചവടത്തിന്റെ ബാലപാഠം പോലും മറന്നുകൊണ്ട് ഒരു ചോദ്യം ചോദിച്ചു.

"ഞങ്ങളുടെ പുതിയ ഓ.ടി.പി. സംവിധാനം എങ്ങനെയുണ്ട് സർ?"

അതായിരുന്നു ഒട്ടകത്തിന്റെ മുതുകിൽ കയറ്റിവെച്ച അവസാനത്തെ വൈക്കോൽക്കഷ്ണം.

"ഇങ്ങനെ ഉപഭോക്താക്കളെ നിറുത്തി ബുദ്ധിമുട്ടിപ്പിച്ചുകൊണ്ടാണോ നിങ്ങളുടെ പരീക്ഷണം? ഇതെന്താ ഏ.ടി.എമ്മോ അതോ സർക്കാരാപ്പീസോ, ഓ.ടി.പി നോക്കി കാര്യങ്ങൾ നിശ്ചയിക്കാൻ? കോവിഡ് കാലത്ത് ഈ സ്ഥാപനം മാസങ്ങളോളം അടച്ചിട്ടിരിക്കുകയായിരുന്നില്ലേ? എന്നിട്ടിങ്ങനെയാണോ തുറക്കുമ്പോൾ ഉപഭോക്താക്കളെ വരവേൽക്കുന്നത്?", പറഞ്ഞുനിർത്തുമ്പോഴും അയാൾക്ക് കലിയടങ്ങിയിരുന്നില്ല.

'ചേട്ടൻ ചൂടാകാൻ മാത്രം ഞാനൊന്നും പറഞ്ഞില്ലല്ലോ' എന്ന മട്ടിൽ അവൻ പുറത്തേക്കുനോക്കി നിന്നു. പിന്നീടൊന്നും മിണ്ടാതെ പുസ്തകപ്പൊതി ഒരു കാരിബാഗിനുള്ളിലാക്കി. 
 
സ്ത്രീ അതുവരെ കാണാതിരുന്ന ഒരു പുസ്തകം 'ഇതു മതി'യെന്നും പറഞ്ഞ് കുട്ടിയുടെ കയ്യിൽ കൊടുത്തു.

കയ്യിൽ ബാഗും തൂക്കി അസ്തമയസൂര്യന്റെ ചുവന്ന വെളിച്ചം ചാഞ്ഞുവീണുകൊണ്ടിരുന്ന വരാന്തയിലേക്ക് അയാളിറങ്ങി. കാരണമറിയാത്ത ഒരസ്വസ്ഥത അയാളെ ചിന്താമഗ്നനാക്കിയിരുന്നു. 
 
കയ്യിലും മനസ്സിലും തൂങ്ങുന്ന ഭാരവുമായി വാഹനത്തിനരികിലേക്ക് നടക്കവേ അടുത്തുള്ള ലോട്ടറിക്കടയിൽനിന്ന് ആദിശങ്കരന്റെ ആയിരം മുള്ളുകളുള്ള ഒരു കീർത്തനം അയാളെ തേടി വന്നുകൊണ്ടിരുന്നു.

ബാലസ്ഥാവത് ക്രീഡാസക്ത
തരുണസ്ഥാവത് തരുണീസക്ത
വൃദ്ധസ്ഥാവത് ചിന്താസക്ത
പരമേ ബ്രഹ്മനി കോപിന സക്ത...

Friday, August 13, 2021

പുന്നപ്ര സമരം - ചരിത്രത്തിലെ കഥയും കഥയിലെ ചരിത്രവും

1930-കളുടെ അന്ത്യത്തോടെ ജന്മമെടുത്ത ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ടത് രണ്ടാം ലോകയുദ്ധത്തിനിടെ ഹിറ്റ്ലർ അപ്രതീക്ഷിതമായി സോവിയറ്റ് യൂണിയനെ കടന്നാക്രമിച്ചപ്പോഴാണ്. അതുവരെ ലോകയുദ്ധം സാമ്രാജ്യത്വയുദ്ധമാണെന്നും ഇന്ത്യ അതിൽ ഇടപെടേണ്ടതില്ലെന്നും വാദിച്ച് കോൺഗ്രസ്സിനോടൊപ്പം ബ്രിട്ടീഷ് യുദ്ധനയങ്ങളെ എതിർത്തിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി സോവിയറ്റ് യൂണിയൻ ആക്രമിക്കപ്പെട്ടതോടെ യുദ്ധം ജനകീയമായി മാറിയെന്നവകാശപ്പെട്ടുകൊണ്ട് ഹിറ്റ്ലർക്കെതിരെ പൊരുതിക്കൊണ്ടിരുന്ന ബ്രിട്ടീഷ് പക്ഷത്ത് നിലയുറപ്പിച്ചു. തുടർന്ന് ക്വിറ്റ് ഇന്ത്യാ സമരത്തെ തകർക്കാനും ഒളിവിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ് നേതാക്കളെ ഒറ്റുകൊടുക്കാനുമൊക്കെ അവർ മുതിർന്നു. എന്നാൽ യുദ്ധാനന്തരം ഇന്ത്യ സ്വാതന്ത്ര്യം നേടുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഏതെങ്കിലുമൊരു സമരം നയിച്ചതിന്റെ ബഹുമതി തങ്ങൾക്കും നേടണമെന്നവർ ആഗ്രഹിച്ചു. 1946-ൽ ബംഗാളിലെ തേഭാഗയിലും, തെലങ്കാനയിലും, തിരുവിതാംകൂറിലെ പുന്നപ്ര-വയലാറിലും നടന്ന സംഭവങ്ങൾ ആ ആഗ്രഹത്തിന്റെ ബഹിർസ്ഫുരണമായിരുന്നു. ഒരു വെടിക്ക് രണ്ടു പക്ഷി എന്നു പറയുന്നതുപോലെ അധികാരക്കൈമാറ്റം മൂലം ദുർബലമായേക്കാവുന്ന ഇന്ത്യൻ സൈന്യത്തിനുമേൽ പ്രാദേശികമായെങ്കിലും മേൽക്കൈ നേടുവാൻ കഴിഞ്ഞാൽ സോവിയറ്റ് ആയുധസഹായത്തോടെ രാജ്യമെങ്ങും വിപ്ലവം നടപ്പിലാക്കാൻ കഴിഞ്ഞേക്കുമെന്നും അവർ കണക്കുകൂട്ടി. ജന്മിമാരുടേയും മുതലാളിമാരുടേയും ക്രൂരമായ അടിച്ചമർത്തലിൽ ഞെരിഞ്ഞമർന്നിരുന്ന ആലപ്പുഴയിലെ തൊഴിലാളികളെ സംഘടിപ്പിക്കൽ എന്ന ലക്ഷ്യം വിജയിച്ചതോടെ അവരെ തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾ നേടുന്നതിനുള്ള സേനയായി ഉപയോഗിച്ചുകളയാം എന്ന് കമ്യൂണിസ്റ്റ് നേതാക്കൾ കിനാവുകണ്ടു. അടയ്ക്കാമരവും ശീമക്കൊന്നയും ചെത്തിക്കൂർപ്പിച്ച വാരിക്കുന്തങ്ങളുമായി എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതിരുന്ന തൊഴിലാളികളെ യന്ത്രത്തോക്കുകളുമായി അണിനിരന്നിരുന്ന സൈനികരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തിട്ട് നേതാക്കൾ ഒന്നടങ്കം വലിഞ്ഞുകളഞ്ഞു. നൂറുകണക്കിന് നിരപരാധികൾ കൊല്ലപ്പെട്ട ആ സംഭവത്തിന്റെ പുന്നപ്രയിലെ കാരണങ്ങളും ഫലങ്ങളുമാണ് ഈ പുസ്തകം ചർച്ച ചെയ്യുന്നത്. രാഷ്ട്രീയപ്രസക്തിയും ഏറ്റുമുട്ടലിന്റെ സാഹസികതയും നിറഞ്ഞുനിൽക്കുന്ന പുന്നപ്ര സമരത്തിൽ പ്രതിനായകസ്ഥാനത്ത് നിൽക്കുന്ന വൻകിട മുതലാളി കുടുംബമായ അരശർകടവിൽ - പൊള്ളയിൽ കുടുംബാംഗമാണ് ഗ്രന്ഥകാരനായ ഏ. എം. ജോസി. സമരകാരണങ്ങളിൽ പുന്നപ്രയിലെ പ്രഭുകുടുംബങ്ങൾ തമ്മിലുള്ള സ്പർദ്ധയും കാരണമായിരുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു.
 
ആലപ്പുഴയുടെ തീരദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുമായും അവരുടെ ജീവനരീതികളുമായും ആഴത്തിലുള്ള പരിചയം ഗ്രന്ഥകാരനുള്ളതായി കാണാൻ കഴിയുന്നു. പ്രാദേശികമായി മാത്രം കാണപ്പെടുന്ന ചാകരയും അതിന്റെ ഭാഗമായ തീരത്തുള്ള പ്രവൃത്തികളേയും വിശദമായി പ്രതിപാദിച്ചിരിക്കുന്നു. വലിയ മത്സ്യങ്ങളെ പിടിക്കുന്നതിനായി വലയോട്ടം എന്ന പേരിൽ രാത്രിയിൽ കടലിൽ പോകുന്നതും മത്സ്യബന്ധന രീതികളുമെല്ലാം മറ്റൊരിടത്തും ഇത്ര സൂക്ഷ്മതയോടെ വിവരിക്കുന്നതു കാണാൻ കഴിഞ്ഞെന്നുവരില്ല. തിരികെയെത്തുന്ന വള്ളങ്ങളിലെ മത്സ്യം പങ്കുവെക്കുന്ന രീതികളും ജോസി വ്യക്തമായി നമുക്കു പറഞ്ഞുതരുന്നു.
 
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽപോലും ആലപ്പുഴയിലെ കർഷക-മത്സ്യത്തൊഴിലാളികൾ പ്രായേണ മുതലാളിമാരുടെ അടിമകൾ തന്നെയായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു വിവരണമാണ് അത്തരമൊരു കുടുംബാംഗം കൂടിയായ ലേഖകൻ നൽകുന്നത്. മർദ്ദനം, പട്ടിണി, കുടിയൊഴിപ്പിക്കൽ എന്നിവയെല്ലാം കൂടാതെ അവരുടെ സ്ത്രീകളുടെ നേരെ ലൈംഗിക അതിക്രമങ്ങളും മുതലാളിമാർ ചിലപ്പോഴെല്ലാം നടത്തിയിരുന്നു. തൊഴിലാളിപ്രസ്ഥാനങ്ങൾ വളരുന്നുണ്ടായിരുന്നുവെങ്കിലും 1938-ൽ രാഷ്ട്രീയ ആവശ്യങ്ങളുന്നയിച്ച് 25 ദിവസം നീണ്ടുനിന്ന തൊഴിലാളിസമരം കാര്യമായ ഒന്നും നേടിയെടുത്തില്ല. ആ വർഷം തന്നെ ആലപ്പുഴയിൽ തിരുവിതാംകൂറിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം രൂപീകരിക്കപ്പെട്ടു. എന്നാൽ ഈ തൊഴിലാളി പ്രസ്ഥാനങ്ങളിലും മുതലാളിമാർ പിടിമുറുക്കിയിരുന്നു. 1946-ൽ രൂപീകരിച്ച അമ്പലപ്പുഴ താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ അതിസമ്പന്നരായ മൂന്നു ജന്മിപുത്രന്മാരായിരുന്നു. പുന്നപ്രയിലെ ജന്മി-മുതലാളിമാരെല്ലാവരും തന്നെ ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനികളായിരുന്നു എന്നതാണ് മറ്റൊരു സവിശേഷത. 
 
പുന്നപ്ര സമരത്തിന്റെ തുടക്കം അരശർകടവിൽ കുടുംബാംഗമായ അന്തപ്പൻ എന്നയാളുടെ ഓഫിസും വീടും ആക്രമിച്ച നാലു മത്സ്യത്തൊഴിലാളികളെ പോലീസ് പിടികൂടുന്നതോടെയാണ്. ആ ആക്രമണത്തിന്റെ കാരണങ്ങൾ ചരിത്രകാരന്മാർ നിരത്തിയിരിക്കുന്നത് പരസ്പരവിരുദ്ധവുമാണ്. യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമമാണ് ഈ പുസ്തകം, അഥവാ അതാണ് ഗ്രന്ഥകാരന്റെ അവകാശവാദം. അരശർകടവിലെ അന്തപ്പനും മറ്റൊരു പ്രഭുകുടുംബമായ കറുകപ്പറമ്പിലെ ഒരു യുവതിയുമായി വിവാഹാലോചനകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ യുവതിയുടെ അമ്മ അടുത്തിടെ മതപരിവർത്തനം നടത്തിയതാകയാൽ അവർക്ക് കുടുംബമഹിമയില്ലെന്നതുകൊണ്ട് ആലോചന ഒഴിവായിപ്പോയെന്നുമാണ് കണ്ടെത്തൽ. ഇതിൽ പ്രകോപിതനായ യുവതിയുടെ സഹോദരൻ കെ. എസ്. ബെൻ തൊഴിലാളിനേതാവ് കൂടിയായിരുന്നതുകൊണ്ട് ആക്രമണത്തിന് ചുക്കാൻ പിടിച്ചു. ഈ ആക്രമണത്തെത്തുടർന്ന് സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന സായുധ പോലീസ് സംഘത്തിനുനേരെ ഒരാഴ്ചക്കുശേഷം തൊഴിലാളികൾ നടത്തിയ വിഫലമായ ആക്രമണമാണ് പുന്നപ്ര സംഘട്ടനമെന്ന പേരിൽ അറിയപ്പെടുന്നത്.
 
തൊഴിലാളികളെ ബോധപൂർവം അക്രമമാർഗ്ഗത്തിലേക്ക് തിരിച്ചുവിടാൻ പാർട്ടി നേതൃത്വം നടത്തിയ ശ്രമങ്ങളെപ്പറ്റി നമുക്കിതിൽ വായിക്കാം. ആദ്യത്തെ അക്രമസംഭവത്തെത്തുടർന്ന് സായുധപോലീസ് നടത്തിയ റൂട്ട് മാർച്ച് പോലും തൊഴിലാളികൾ തടഞ്ഞു. അനിഷ്ടസംഭവങ്ങളെ ഭയന്ന് പോലീസ് സംഘം പിൻതിരിഞ്ഞ് മറ്റൊരു വഴിയിലൂടെ മാർച്ച് നടത്തി. എന്നാലിത് തൊഴിലാളികളിൽ മിഥ്യയായ ആത്മവിശ്വാസം വളർത്തി. പ്രദേശത്തെല്ലാം തൊഴിലാളികൾ ക്യാംപുകൾ തുടങ്ങുകയും അവിടെ ആയുധസംഭരണവും പരിശീലനവും നടത്തുകയും ചെയ്തു. വെടി കൊള്ളാതിരിക്കാൻ നിലത്ത് കമിഴ്ന്നുകിടന്ന് നീന്തി മുന്നോട്ടുപോകാനും അടുത്തുചെന്ന് പ്രതിയോഗിയെ വകവരുത്താനും വാരിക്കുന്തങ്ങൾ ശത്രുവിന്റെ നേരെ എറിയാനുമുള്ള പരിശീലനമാണ് നൽകിയിരുന്നത്. പട്ടാളത്തിൽനിന്ന് പിരിഞ്ഞുപോന്നവരായിരുന്നു പരിശീലകർ. നാട്ടിലെ അടയ്ക്കാമരങ്ങളെല്ലാം ഉടമസ്ഥരുടെ അനുവാദം കൂടാതെ തന്നെ മുറിച്ചെടുത്ത് ആയിരക്കണക്കിന് വാരിക്കുന്തങ്ങൾ തീർത്തു. എന്നാൽ ഈ പരിശീലനത്തിന്റേയും ആയുധസംഭരണത്തിന്റെയും അർത്ഥം ക്യാംപ് അംഗങ്ങളിൽ മിക്കവർക്കും അജ്ഞാതമായിരുന്നു. 1946 ഒക്ടോബർ 24-ന് മഹാരാജാവ് ശ്രീചിത്തിര തിരുനാളിന്റെ ജന്മദിനത്തിൻ നാൾ സായുധരായ തൊഴിലാളികൾ പോലീസ് ക്യാംപ് ആക്രമിച്ചു. അനുനയത്തിലൂടെ തൊഴിലാളികളെ പിരിച്ചുവിടാനായി അവരുടെയിടയിലേക്ക് നിരായുധനായി ഇറങ്ങിച്ചെന്ന പോലീസ് ഇൻസ്‌പെക്ടറെ തൊഴിലാളികൾ തൽക്ഷണം വെട്ടിവീഴ്ത്തിയതോടെ വെടിവെപ്പ് തുടങ്ങി. 28 കലാപകാരികളും 6 പോലീസുകാരും സംഘട്ടനത്തിൽ കൊല്ലപ്പെട്ടു. 
 
കലാപത്തിനുശേഷം ദീർഘനാൾ നീണ്ടുനിന്ന കേസിന്റെ വിവരങ്ങളും പുസ്തകത്തിൽ നൽകിയിരിക്കുന്നു. തന്റെ കുടുംബത്തിനുമേലുള്ള ചീത്തപ്പേര് മാറ്റിയെടുക്കാനുള്ള ഗ്രന്ഥകർത്താവിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നതെങ്കിലും വളരെയധികം സുപ്രധാന വിവരങ്ങൾ ഇതിലൂടെ ലഭിക്കുന്നു. കഴിയുന്നത്ര നിഷ്പക്ഷതയും വസ്തുനിഷ്ഠതയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ തീയതികളുടെ കാര്യത്തിൽ അത്ര കണിശത പുലർത്തുന്നില്ല. കുറെയധികം സ്ഥലങ്ങളിൽ മലയാളതീയതികൾ ഉപയോഗിക്കുന്നതും വായനക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
 
Book Review of 'Punnapra Samaram - Charithrathile Kathayum Kathayile Charithravum' by A M Josi Arasharkadavil
Current Books, 2015 (First published 2007)
ISBN: 9788124017449
Pages: 144