കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും വളരെ ജനകീയനുമായിരുന്നു പി. കൃഷ്ണപിള്ള. പാർട്ടിയെ കെട്ടിപ്പടുത്തതിൽ അദ്ദേഹത്തിന്റെ സംഭാവന നിസ്തുലമാണ്. 1940-കളിൽ സംസ്ഥാന സെക്രട്ടറിയായിരിക്കേ അദ്ദേഹം പാർട്ടിപ്രവർത്തകരിൽനിന്ന് ആവശ്യപ്പെട്ട വിട്ടുവീഴ്ചയില്ലാത്ത അച്ചടക്കം ഏകാധിപത്യത്തിന്റെ വക്കോളമെത്തുകയും സഹപ്രവർത്തകരുടെ വലിയ അതൃപ്തി നേടുകയും ചെയ്തു. എന്നാൽ കമ്യൂണിസത്തിൽ ഇതൊന്നും പുത്തരിയായിരുന്നില്ല. കൃഷ്ണപിള്ളയുടെ മുന്നിലുണ്ടായിരുന്ന മാതൃക സ്റ്റാലിന്റേതായിരുന്നു. അങ്ങനെയിരിക്കേ ഇന്ത്യ സ്വാതന്ത്ര്യം നേടുകയും അത് കപടസ്വാതന്ത്ര്യമാണെന്നു വ്യാഖ്യാനിച്ചുകൊണ്ട് വിപ്ലവപോരാട്ടം തുടരാൻ ആഹ്വാനം നൽകുന്ന കൽക്കത്താ തീസിസ് കമ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തെലങ്കാനയിൽ ആയുധമേന്തിയുള്ള പ്രക്ഷോഭം ആരംഭിച്ചു. എന്നാൽ സായുധസമരം ഒരു ഭീകര തോൽവിയിലേ കലാശിക്കുകയുള്ളൂ എന്ന് പാർട്ടിക്ക് വളരെ പെട്ടെന്നുതന്നെ മനസ്സിലായി. തുടർന്ന് തീസിസ് അവതരിപ്പിച്ച പാർട്ടി സെക്രട്ടറി ബി. ടി. രണദിവെയുടെ മേൽ മുഴുവൻ ഉത്തരവാദിത്തവും കെട്ടിവെച്ച് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് മറ്റു നേതാക്കൾ പാർലമെന്ററി രാഷ്ട്രീയം പരീക്ഷിക്കാനൊരുങ്ങി. എന്നാൽ യുദ്ധാഹ്വാനം മുഴക്കിയ 1948-ൽ പാർട്ടിയെ നിരോധിച്ചിരുന്നു. അതിനാൽ നേതാക്കൾ മുഴുവൻ ഒളിവിൽ പോയി. ഇതിന്റെ ഭാഗമായി ആലപ്പുഴക്കടുത്ത് മുഹമ്മയിലുള്ള പാർട്ടി അനുഭാവികളുടെ ഒരു തൊഴിലാളി ഭവനത്തിൽ കൃഷ്ണപിള്ള ഒളിവുജീവിതം ആരംഭിച്ചു. എന്നാൽ 1948 ആഗസ്റ്റ് 19-ന് രാവിലെ ആ വീട്ടിൽവെച്ച് സർപ്പദംശനമേറ്റ് അദ്ദേഹം മരണമടഞ്ഞു. പാർട്ടിയിലെ ഗ്രൂപ്പുവഴക്കിന്റെ ഭാഗമായി അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്ന ആരോപണം അക്കാലത്തുതന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ ഉന്നയിച്ചിരുന്നു. അതിനെയൊന്നു പൊലിപ്പിച്ചു മിനുക്കാനുള്ള ഒരു ശ്രമമാണ് 2001-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം. കോൺഗ്രസ്സിന്റെ മുഖപത്രമായ 'വീക്ഷണ'ത്തിൽ 1983-ൽ എഴുതിയ ഒരു ലേഖനപരമ്പരയാണ് ഇതിന്റെ അടിസ്ഥാനം. പ്രമുഖ പത്രപ്രവർത്തകനായിരുന്ന കെ. എം. ചുമ്മാർ പ്രത്യക്ഷത്തിൽത്തന്നെ കോൺഗ്രസ്സിനോടൊത്തു പ്രവർത്തിച്ചിരുന്ന ഒരാളാണ്.
കൃഷ്ണപിള്ളയെ ആദർശവൽക്കരിക്കാൻ ഉദ്ദേശിച്ചുകൊണ്ട് നിർമ്മിതമായ നിരവധി മിത്തുകളെ ലേഖകൻ പരിശോധിക്കുന്നു. പാമ്പുകടിയേറ്റശേഷം ശരീരം തളർന്നുകൊണ്ടിരിക്കുമ്പോൾ താൻ എഴുതിക്കൊണ്ടിരുന്ന ഒരു സംഘടനാ റിപ്പോർട്ടിന്റെ താഴെയായി 'സഖാക്കളേ, മുന്നോട്ട്' എന്നൊരു യാത്രാമൊഴി രേഖപ്പെടുത്തിയതായാണ് പരക്കെ വിശ്വസിക്കപ്പെടുന്നതെങ്കിലും ഇത് ശരിയല്ല. പിൽക്കാലത്ത് പ്രമുഖ തിരക്കഥാകൃത്തായിത്തീർന്ന എസ്. എൽ. പുരം സദാനന്ദനാണ് മരണശേഷം ആ രംഗത്തെത്തിയ പ്രമുഖ വ്യക്തി. അദ്ദേഹം പറയുന്നത്, 'എന്റെ കണ്ണിൽ ഇരുൾ വ്യാപിച്ചുവരുന്നു, എന്റെ ശരീരമാകെ തളരുകയാണ്, എന്തു സംഭവിക്കുമെന്ന് എനിക്കറിയാം' എന്നാണ് കൃഷ്ണപിള്ള എഴുതിയതെന്നാണ്. എന്തായാലും ആ റിപ്പോർട്ട് എവിടെയോ നഷ്ടപ്പെട്ടുപോയി അല്ലെങ്കിൽ പാർട്ടി അത് മുക്കിക്കളഞ്ഞു. എന്നാൽ ഇത്രയും സംഭവങ്ങളിൽനിന്ന് പാർട്ടിയിലെ എതിരാളികൾ ചായയിൽ വിഷം ചേർത്തു കൊടുത്താണ് അദ്ദേഹത്തെ വകവരുത്തിയത് എന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഗ്രന്ഥകർത്താവിന്റെ നിഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല.
കൃഷ്ണപിള്ളയുടെ മരണത്തിനുശേഷം ഏറെ വർഷങ്ങൾ കഴിഞ്ഞാണ് സ്മാരകഗ്രന്ഥങ്ങളും വിശേഷാൽ പ്രതികളുമൊക്കെ പുറത്തിറങ്ങുന്നത്. സ്വാഭാവികമായും അവയിൽ പരസ്പരവിരുദ്ധമായ വിവരണങ്ങളും ഭാവനാസൃഷ്ടികളുമൊക്കെ കടന്നുകൂടിയിട്ടുണ്ട്. ഈ അവ്യക്തതയെ കൊലപാതകത്തിന്റെ തെളിവുകളായി വ്യാഖ്യാനിക്കുന്നത് ആശയപരമായ പാപ്പരത്തമാണ്. പ്രകൃതിദുരന്തങ്ങളെപ്പോലും മനുഷ്യസൃഷ്ടികളായി ചിത്രീകരിക്കുന്ന ഗൂഢാലോചനാസിദ്ധാന്ത ഗോത്രത്തിൽ പെടുന്ന ഒരു കൃതിയാണിത്. കൃഷ്ണപിള്ളയുടെ മരണം വിഷപ്രയോഗത്തിലൂടെയാണെന്നു വാദിക്കുമ്പോൾ ആരാണതിനുപിന്നിൽ എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. ആ വീട്ടുകാരാണോ അദ്ദേഹത്തിനു വിഷം നൽകിയത്? എങ്കിൽ അവരെ അതിനു പ്രേരിപ്പിച്ചത് ആരൊക്കെയാണ്? ഇവിടെ ഇ.എം.എസ്സിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതല്ലാതെ കാര്യമായൊന്നും നടക്കുന്നില്ല. അഖിലേന്ത്യാ നേതൃത്വം കളിച്ചു നടന്ന ഇ.എം.എസ്സിനെ സ്വന്തം താലൂക്കായ വള്ളുവനാട്ടിലെ 'പ്രായോഗിക രാഷ്ട്രീയ പ്രവർത്തനത്തിൽ' പങ്കെടുക്കാൻ നിർദ്ദേശിച്ചുകൊണ്ടുള്ള സർക്കുലർ കൃഷ്ണപിള്ള അയച്ചിരുന്നു. കേന്ദ്ര നേതൃത്വത്തെ ഇടപെടീച്ച് ഈ സർക്കുലർ ഇ.എം.എസ്സ് പിൻവലിപ്പിച്ചു. പാർട്ടിയുടെ മലബാർ കമ്മറ്റി പിരിച്ചുവിട്ടതും ഏകാധിപതിയെപ്പോലെ കൃഷ്ണപിള്ള പെരുമാറുന്നതും പലരിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. പാർട്ടികാര്യങ്ങളെപ്പറ്റിയുള്ള ഒരു വാക്കുതർക്കത്തിനൊടുവിൽ ഏ.കെ.ജി കൃഷ്ണപിള്ളയെ അടിച്ചതായിപ്പോലും രേഖപ്പെടുത്തിക്കാണുന്നു (പേജ് 37). എന്നാൽ ഇതൊരു കൊലപാതകമാണെന്നതിന് വിശ്വസനീയമായതു പോയിട്ട് സാദ്ധ്യതയുള്ളത് എന്നുപോലും പറയാവുന്ന ഒരു ന്യായം നിരത്താൻ ഇതുകൊണ്ടൊന്നും ഗ്രന്ഥകാരന് സാധിക്കുന്നില്ല.
വെറും കക്ഷിരാഷ്ട്രീയപരമായ വാദങ്ങളും അബദ്ധധാരണകളും മാത്രം നിരത്തുന്ന ഈ പുസ്തകം ശുപാർശ ചെയ്യുന്നില്ല.
വെറും കക്ഷിരാഷ്ട്രീയപരമായ വാദങ്ങളും അബദ്ധധാരണകളും മാത്രം നിരത്തുന്ന ഈ പുസ്തകം ശുപാർശ ചെയ്യുന്നില്ല.
Book Review of 'Krishnapillaye Kadicha Paampu Aaru?' by K M Chummar
Publisher: Haritham Books, 2001 (First)
ISBN: Nil
Pages: 64