Sunday, December 5, 2021

ശബരിമല - ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും

ശബരിമലയിൽ യുവതികൾക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ആ വർഷത്തെ മണ്ഡലക്കാലത്ത് സൃഷ്ടിച്ച പുലിവാൽ നിസ്സാരമായിരുന്നില്ല. നോക്കുകൂലി, മലങ്കര സഭയിലെ പള്ളിത്തർക്കം എന്നിവയിലൊക്കെ കോടതിവിധികൾ ഫയലുകളിൽ ചിതലരിച്ചുകൊണ്ടിരിക്കേ ഈ വിഷയത്തിലെ വിധി കേരളസർക്കാർ വള്ളിപുള്ളി വിടാതെ നടപ്പാക്കാൻ തീരുമാനിച്ചു. ഹിന്ദുത്വകക്ഷികൾ ഭക്തരുടെ ഭാഗത്തും നിലയുറപ്പിച്ചതോടെ പലയിടങ്ങളിലും തെരുവുയുദ്ധസമാനമായ സംഭവങ്ങൾ അരങ്ങേറി. യുവതീപ്രവേശനത്തിന് അനുകൂലവും പ്രതികൂലവുമായ വാദമുഖങ്ങളുമായി സമൂഹം രണ്ടു ചേരികളായി തിരിഞ്ഞു. ടി.എസ്. ശ്യാംകുമാർ സംസ്കൃത സാഹിത്യത്തിൽ ഉന്നത ബിരുദങ്ങൾ വഹിക്കുന്ന പണ്ഡിതനും ക്ഷേത്രതന്ത്രങ്ങളിൽ ആഴത്തിലുള്ള വിജ്ഞാനം നേടിയ വ്യക്തിയുമാണ്. വിവാദം കത്തിനിന്നിരുന്ന കാലത്ത് രചിക്കപ്പെട്ടതാണ് ഈ കൃതി.
 
കേരളീയ ക്ഷേത്രങ്ങളിൽ പൂജാകർമ്മങ്ങളുടെ കുത്തകാവകാശം നേടിയിരിക്കുന്ന ബ്രാഹ്മണർക്ക് അയ്യപ്പനെ എങ്ങനെ പൂജിക്കാം എന്ന അറിവ് ഇല്ല എന്നു സ്ഥാപിക്കലാണ് ആദ്യഭാഗങ്ങളിൽ കാണുന്നത്. കേരളത്തിലെ ബ്രാഹ്മണർ ക്ഷേത്രപ്രതിഷ്ഠകൾക്കും താന്ത്രികാനുഷ്ഠാനങ്ങൾ നടത്തുന്നതിനുമായി രചിച്ച തന്ത്രഗ്രന്ഥങ്ങളിലും ശാസ്താവിന്റെ പൂജകൾ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്. പ്രാചീന, മദ്ധ്യകാലഘട്ടങ്ങളിൽ ബ്രാഹ്മണർ അയ്യപ്പപൂജകൾ നടത്തിയിരുന്നില്ല എന്നതിന്റെ തെളിവായി ഇത് ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയൊരു ദൈവത്തെ കണ്ടുമുട്ടിയ അവർ അതുമായി സാമ്യമുള്ള തങ്ങളുടെ ദൈവികശ്രേണിയിലെ ഒരു ദേവന്റെ പൂജകൾ പകരം ഉപയോഗിച്ചു എന്നു മാത്രം. എന്നാൽ ഭാരതീയചരിത്രത്തിൽ മറ്റു ചില ആക്രമണകാരികൾ ചെയ്തതുപോലെ പഴയ ദേവന്റെ വിഗ്രഹം തച്ചുടച്ച് തങ്ങളുടെ ദൈവത്തിന്റെ ആരാധനാലയം നിർമ്മിക്കാതിരുന്ന പരമതബഹുമാനവും സ്വാംശീകരണവും ഗ്രന്ഥകാരന്റെ പരിഗണന നേടുന്നതേയില്ല. പകരം തന്ത്രഗ്രന്ഥങ്ങളിലെ സൂക്ഷ്മാംശങ്ങളിലെ പിഴവുകൾ കണ്ടെത്തി നിരത്തുന്നതിനാണ് സമയം ചെലവഴിക്കുന്നത്. തന്ത്രഗ്രന്ഥമായ ഭീമസംഹിതയിൽ ശാസ്താവിന്റെ പ്രതിമാലക്ഷണങ്ങളിൽ ഇടതുഭാഗത്തായി അപ്സരസ്സുകളായ മേനക, രംഭ എന്നിവരേയും സ്ഥാപിക്കണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതിനാൽ ശാസ്താവ് നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്നു തെളിയുന്നു. മാത്രവുമല്ല, ഹരിഹരപുത്രനായ ശാസ്താവിന് പൂർണ്ണ, പുഷ്കല എന്നീ രണ്ടു ഭാര്യമാരും ഉണ്ട്. ബ്രാഹ്മണർ അയ്യപ്പൻകാവുകൾ ഏറ്റെടുക്കുന്നതിനുമുൻപാണ് തന്ത്രഗ്രന്ഥങ്ങൾ രചിക്കപ്പെട്ടതെന്നാണ് ഇവിടെ ഊഹിക്കുന്നത്.
 
താന്ത്രികഗ്രന്ഥങ്ങളിൽ എഴുതിവെക്കപ്പെട്ട ആരാധനാക്രമങ്ങൾ അയ്യപ്പന്റേതല്ലെന്നും, സമാനമായ ശാസ്താവിന്റെ പൂജാരീതികൾ അക്ഷരംപ്രതി നടപ്പിലാക്കാത്തതുവഴി പ്രാമാണികഗ്രന്ഥങ്ങളെ മാനിക്കാത്ത വിധത്തിലാണ് ശബരിമലയിലെ ക്ഷേത്രകർമ്മങ്ങൾ നടത്തപ്പെടുന്നതുമാണെന്നാണ് ഗ്രന്ഥകാരന്റെ മുഖ്യവാദം. എന്നാൽ ലക്ഷ്മി രാജീവ് എഴുതിയിരിക്കുന്ന അവതാരികയിലെ 'ഹിന്ദുമതം എന്നറിയപ്പെടുന്ന ആചാരാനുഷ്ഠാന ബഹുത്വവും സങ്കീർണമായ വിശ്വാസങ്ങളും ഭിന്നതകളും നിലനിൽക്കുന്ന മതത്തിലെ വിശ്വാസങ്ങൾക്ക് ഏകമുഖമല്ല ഉള്ളത്' എന്ന വാദത്തെ ഖണ്ഡിക്കുന്നതാണ് ഈ അഭിപ്രായം. മാത്രവുമല്ല, വിശ്വാസങ്ങൾ തന്നെ വൈവിധ്യമാർന്നതും കാലാന്തരത്തിൽ രൂപമാറ്റം ആർജ്ജിക്കുന്നതുമായ ഒന്നാണെന്നും അവർ സ്ഥാപിക്കുന്നു. സ്ത്രീകളെ ക്ഷേത്രത്തിൽനിന്ന് അകറ്റിനിർത്തുന്നത് ശാക്തികതന്ത്രപ്രകാരം സാധുവല്ല എന്നാണ് മറ്റൊരു വാദം. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ സ്ത്രീകൾക്ക് അശുദ്ധി കൽപ്പിക്കുന്നില്ല. എന്നാൽ ശാക്തികസമ്പ്രദായം കേരളത്തിൽ പിന്തുടർന്നിരുന്നില്ല. തന്നെയുമല്ല, മനുസ്മൃതിയിൽ വിഗ്രഹപൂജ നടത്തുന്ന ബ്രാഹ്മണർക്കും പതിത്വം കൽപ്പിക്കുകയും അവരെ വർജ്ജിക്കണം എന്നും അനുശാസിക്കുന്നു. പരാശരമാധവീയം എന്ന ധർമശാസ്ത്രഗ്രന്ഥവും ഇതാവർത്തിക്കുന്നു. പ്രശ്നപരിഹാരം കണ്ടെത്തുന്നതിനായി ദേവപ്രശ്നം നടത്തുന്നതിനേയും ശ്യാംകുമാർ എതിർക്കുന്നു. തന്ത്രസമുച്ചയം മുതലായ താന്ത്രികഗ്രന്ഥങ്ങളിൽ പ്രായശ്ചിത്തം തന്ത്രി തന്നെ നിശ്ചയിച്ച് ചെയ്യിക്കണമെന്നാണ് കാണുന്നത്. എന്നാൽ 1650-ൽ ജ്യോതിഷത്തിന് പ്രാമാണ്യം നൽകിക്കൊണ്ട് രചിക്കപ്പെട്ട 'പ്രശ്നമാർഗം' എന്ന കൃതി പ്രചാരം നേടിയതോടെയാണ് ജ്യോതിഷികളും ബ്രാഹ്മണരും കൂട്ടായി ദേവപ്രശ്നവും മറ്റും നടത്താൻ തുടങ്ങിയത്.
 
ശബരിമല ഒരു 'മതേതര' ക്ഷേത്രമാണെന്നു സ്ഥാപിക്കാൻ ഗ്രന്ഥകർത്താവ് കഠിനപരിശ്രമം തന്നെ നടത്തുന്നുണ്ട്. ക്ഷേത്രത്തിലേക്ക് പൂജാസാമഗ്രികൾ എത്തിക്കുന്നതിന് നിയുക്തരായ വാവരുടെ കുടുംബക്കാർ എന്നു വിശ്വസിക്കപ്പെടുന്ന മുസ്ലിം വ്യാപാരിക്ക് പതിനെട്ടാംപടിക്കുതാഴെ സ്ഥലം അനുവദിക്കുന്നത് അവരുടെ മതവിശ്വാസത്തെ ബാധിക്കാത്ത തരത്തിലാണ്. 1908-ൽ ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയെത്തുടർന്നുള്ള പുനർനിർമാണം മാവേലിക്കരയിലെ പോളച്ചിറക്കൽ കൊച്ചുമ്മൻ എന്ന ക്രിസ്ത്യാനിയായ കരാറുകാരനാണ് ഏറ്റെടുത്തുനടത്തിയത്. എന്നാൽ കൊച്ചുമ്മന്റെ ആത്മാർത്ഥമായ ഭക്തിയുടെ നിശ്വാസങ്ങൾ കാതോർത്താൽ ശബരിമലയിൽ കേൾക്കാമെന്നുള്ള നിരീക്ഷണം തീർത്തും ബാലിശവും ക്രിസ്തീയവിശ്വാസങ്ങളെ അവഹേളിക്കുന്നതുമാണ്. ലാഭത്തിനു വേണ്ടിയുള്ള ഒരു പ്രവൃത്തി ഒരുപക്ഷേ നൂറു ശതമാനവും ആത്മാർത്ഥമായിത്തന്നെ ചെയ്തുതീർത്തതാകാമെങ്കിലും അതിൽ ഭക്തിയുടെ അംശം കടന്നുകൂടുന്നതെങ്ങനെയാണ്? പ്രത്യേകിച്ചും വാവരും കൊച്ചുമ്മനും വിഗ്രഹാരാധന തീർത്തും നിഷിദ്ധമാക്കപ്പെട്ട മതവിശ്വാസികളായിരിക്കുമ്പോൾ? അതേസമയം തന്നെ ചില കാര്യങ്ങളിൽ ശ്യാംകുമാർ തന്ത്രപരമായ മൗനം ദീക്ഷിക്കുന്നു. മാറിവന്ന രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാണ് ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടുകൂടി ശബരിമല ക്ഷേത്രം പ്രസിദ്ധിയിലെത്താൻ ഇടയായതെന്ന രാധിക ശേഖറിന്റെ കണ്ടെത്തലിനൊപ്പം (പേജ് 67), 1950-കളുടെ മദ്ധ്യത്തിലാണ് വളരെപ്പെട്ടെന്നുണ്ടായ ചില സവിശേഷ സാഹചര്യത്തിൽ ശബരിമല പ്രസിദ്ധമാകാൻ തുടങ്ങുന്നത് എന്ന് ഗ്രന്ഥകർത്താവും നിരീക്ഷിക്കുന്നു. പക്ഷേ, എന്താണാ സവിശേഷ സാഹചര്യം എന്നു വെളിപ്പെടുത്തേണ്ടത് അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ കടമയാണെന്ന കാര്യം വിസ്മരിച്ചുകൊണ്ട് മൗനം ഭജിക്കുകയാണ് ചെയ്യുന്നത്.  1950-ൽ ക്ഷേത്രം വൻകിട ക്രിസ്ത്യൻ തോട്ടമുടമകൾ കത്തിച്ചുകളഞ്ഞതിനെയാണ് ഈ മാതിരി പൊതിഞ്ഞുവെളുപ്പിക്കാൻ ശ്രമിക്കുന്നത്. ഗ്രന്ഥകാരന്റെ ബൗദ്ധിക സത്യസന്ധത പൂജ്യമാണെന്ന് ഈയൊരൊറ്റ കാര്യത്തിൽ നിന്നുതന്നെ വെളിവാകുന്നു. സത്യം വെളിപ്പെടുത്താൻ ശ്യാംകുമാർ ആരെയാണ് ഭയക്കുന്നത്?
 
തന്ത്രഗ്രന്ഥങ്ങളിലെ വിവരങ്ങൾ നല്കുന്നതിനാലാണ് ഈ ഗ്രന്ഥം വ്യത്യസ്തമാകുന്നത്. എങ്കിലും ചിലപ്പോഴൊക്കെ അതിൽനിന്നു വ്യതിചലിച്ച് ഇടതു-ലിബറൽ രാഷ്ട്രീയ വിമർശനം കടന്നുവരുന്നതു കാണാം. അതുമൂലമുള്ള പരസ്പരവൈരുദ്ധ്യങ്ങളും ഒഴിവാക്കാനാകുന്നില്ല. കുട്ടിച്ചാത്തൻ താഴ്ന്ന ജാതിക്കാരുടെ ദേവതയാണെന്നു പ്രഖ്യാപിക്കുമ്പോൾ എന്തുകൊണ്ടാണ് പയ്യന്നൂരുള്ള കാളകാട്ടില്ലത്തെ നമ്പൂതിരിമാർ കരിങ്കുട്ടിച്ചാത്തനെ വിഷ്ണുരൂപത്തിൽ പ്രതിഷ്ഠ നടത്തി ആരാധിക്കുന്നത് എന്നു വ്യക്തമാക്കുന്നില്ല. വാവർ സ്വാമി ആയുർവേദഗുരുഭൂതനാണെന്ന് പന്തളരാജാവിന്റെ 1793-ലെ ചെപ്പേടിൽ രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ മുസ്ലീങ്ങളുടെ ആയുർവേദപാരമ്പര്യം തെരഞ്ഞുപോകുന്ന ഭാഗം വാസ്തവമാണെന്നു തോന്നുന്നില്ല.
 
യുവതീപ്രവേശന വിധിയാണ് ശബരിമലയിൽ 2018-ലുണ്ടായ സംഘർഷത്തിനു കാരണം. ഈ പുസ്തകം രചിക്കപ്പെടാനുള്ള കാരണവും അതുതന്നെ. അയ്യപ്പൻ എന്ന മലഅരയദൈവത്തെ ബ്രാഹ്മണർ ശാസ്താവെന്ന പേരിൽ ഏറ്റെടുത്തതാണെന്നും ലേഖകൻ വാദിക്കുന്നു. ശാസ്താവിന്റെ നടയിൽ യുവതികൾക്ക് പ്രവേശിച്ച് ആരാധന നടത്താൻ തന്ത്രവിധികൾ അനുവദിക്കുന്നുമുണ്ട്. അപ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യം അയ്യപ്പൻ എന്ന ഗോത്രദൈവത്തിനുമുന്നിൽ യുവതികൾ വരാൻ പാടുണ്ടോ എന്നതാണ്. കൗതുകകരമെന്നുതന്നെ പറയട്ടെ, മലഅരയ ഗോത്രവിഭാഗങ്ങൾ അയ്യപ്പനെ ആരാധിച്ചിരുന്നതിന്റെ യാതൊരു വിവരങ്ങളും ഇതിൽ കാണുന്നില്ല. അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളോ ഉല്പത്തികഥകളോ ഒന്നുംതന്നെ ഉൾക്കൊള്ളിക്കാത്തത് വിചിത്രവും, ഗോത്രവിഭാഗങ്ങളും യുവതീപ്രവേശം അനുവദിച്ചിരുന്നില്ല എന്ന വസ്തുത മറച്ചുവെക്കാനല്ലേ ഈ ഒഴിവാക്കൽ എന്ന സംശയം വായനക്കാരിൽ ജനിപ്പിക്കുന്നതുമാണ്. പ്രാമാണികത്വം അവകാശപ്പെടാനായിരിക്കണം മൂലഗ്രന്ഥങ്ങളിൽ നിന്നുള്ള ചില സംസ്കൃത ഉദ്ധരണികൾ അർത്ഥം വ്യക്തമാക്കാതെ ചേർത്തിട്ടുണ്ട്. 
 
നൂറായിരം എന്ന സംഖ്യയെ സൂചിപ്പിക്കാൻ ലക്ഷം എന്ന സംജ്ഞയാണ് ഇന്ത്യയിൽ പൊതുവെ നിലവിലുള്ളത്. പാശ്ചാത്യ സമ്പ്രദായത്തിലാകട്ടെ നൂറായിരം എന്നുതന്നെയാണ് ഉപയോഗിക്കുന്നത്. എന്നുമുതലാണ് ലക്ഷം ഉപയോഗത്തിലായത് എന്നു വ്യക്തമല്ല. ഈ പുസ്തകത്തിൽ 1794-ലെ ഒരു പന്തളം രേഖയിൽ രണ്ടു ലക്ഷത്തിനെ 'രണ്ടു നൂറായിരം' എന്നു വിവക്ഷിക്കുന്നത് ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.

ഗ്രന്ഥകാരന് എന്തൊക്കെയോ അജണ്ടകൾ ഉണ്ടെന്നും അതിന്റെ ഭാഗമായി ചില സത്യങ്ങൾ പൂർണമായും മറച്ചുപിടിക്കുകയും മറ്റു ചിലവ ഭാഗികമായി മാത്രം വെളിപ്പെടുത്തുന്നതുമാണ് ഈ കൃതിയെന്നും വായനക്കാർക്ക് അധികം താമസിയാതെ മനസ്സിലാകും എന്നതാണ് ഈ ഗ്രന്ഥത്തിന്റെ ദുർവിധി. എങ്കിലും താന്ത്രികഗ്രന്ഥങ്ങളിലെ ചില അറിവുകൾ വെളിപ്പെടുത്തുന്നതിനാൽ ഈ കൃതി ശുപാർശ ചെയ്യുന്നു. 
 
Book Review of 'Sabarimala - Hindutva Thanthrangalum Yatharthyavum' by T S Shyamkumar
Publisher: DC Books, 2019 (First)
ISBN: 9789352826629
Pages: 120