ഭാഷാശാസ്ത്രത്തിലും ഭാരതീയസാഹിത്യതാരതമ്യത്തിലും നിഷ്ണാതനായ പണ്ഡിതനായിരുന്നു കെ. എം. ജോർജ്. ഭാരതീയസാഹിത്യത്തിന്റെ ഏകതയിലൂന്നിക്കൊണ്ട് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മലയാളത്തിലെ ആദ്യവിദഗ്ദ്ധൻ അദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ സപ്തതിയോടനുബന്ധിച്ച് ശിഷ്യരും സുഹൃത്തുക്കളുമടങ്ങിയ വിദ്വൽസദസ്സ് ആ അവസരം വിജ്ഞാനവർദ്ധനവിനുതകുന്ന ഒരു പരിപാടി ആസൂത്രണം ചെയ്യുന്നതിനായി നിശ്ചയിക്കുകയും വിവിധ ഭാഷാപണ്ഡിതരുടെ ഒരു പ്രഭാഷണപരമ്പര 1986 മുതൽ വർഷം തോറും സംഘടിപ്പിച്ചുവരികയും ചെയ്തു. ജോർജിന്റെ സ്വന്തം ഗവേഷണതാല്പര്യങ്ങളെ മാനിച്ചുകൊണ്ട് വിവിധ ഭാരതീയഭാഷകൾ തമ്മിൽ ഐക്യം സ്ഥാപിക്കുന്ന ഒരു വിഷയമാണ് ചർച്ച ചെയ്യേണ്ടത് എന്ന് ആദ്യമേ നിശ്ചയിച്ചു. തുടർന്നുനടന്ന നാലു വിദഗ്ദ്ധ പണ്ഡിതരുടെ പ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ദ്രാവിഡഭാഷകളിലും അവയുടെ സാഹിത്യങ്ങളിന്മേലും സംസ്കൃതം എങ്ങനെ സ്വാധീനം ചെലുത്തി എന്നാണ് ഇതിലെ ലേഖനങ്ങൾ പരിശോധിക്കുന്നത്. മനോഹരമായ ഒരു അവതാരികയുമായി സുകുമാർ അഴീക്കോടും പുസ്തകത്തിൽ ഇടം പിടിച്ചിരിക്കുന്നു. പി. വി. വേലായുധൻ പിള്ളയാണ് പ്രഭാഷണങ്ങളുടെ സമാഹർത്താവ്.
അനവധി ലേഖനങ്ങൾ ഈ കൃതിയിലുണ്ടെങ്കിലും അഴീക്കോടിന്റെ അവതാരിക തന്നെയാണ് ഇതിന്റെ പ്രാണൻ. സംസ്കൃതം എന്താണെന്നും എന്തിനാണെന്നും ഇതിലും കൂടുതൽ വ്യക്തമാക്കാനാവില്ല. ഭാരതീയസാഹിത്യത്തിന്റെ ഏകതയും രൂപഭാവങ്ങളും പുഷ്ടിപ്പെടുത്തുവാൻ സംസ്കൃതത്തിനായിട്ടുള്ളത് ഇവിടെ അടയാളപ്പെടുത്തുന്നു. ഭാരതീയസാഹിത്യം സംസ്കാരപരമായും ചൈതന്യാത്മകമായും ഒന്നാണ്. അത് ഭാരതത്തിലും പുറത്തും പ്രകടിപ്പിക്കപ്പെട്ടിരുന്നത് സംസ്കൃതത്തിലായിരുന്നു. എന്നാൽ സംസ്കൃതസാഹിത്യം നാട്ടുവഴക്കങ്ങൾക്ക് പുറംതിരിഞ്ഞല്ല നിന്നിരുന്നത്. കാളിദാസന്റെ ശാകുന്തളം യഥാർത്ഥത്തിൽ സംസ്കൃതത്തിലും പ്രാകൃതത്തിലും രചിക്കപ്പെട്ട ഒരു കൃതിയാണ്. സൗരാഷ്ട്രി, മഹാരാഷ്ട്രി, മാഗധി എന്നീ പ്രാകൃതഭാഷാഭേദങ്ങളും അതിൽ കാണാം. അതേസമയം തന്നെ ദേശീയസാഹിത്യം എന്നാൽ സംസ്കൃതസാഹിത്യം മാത്രമാണെന്നും മറ്റു ഭാഷാസാഹിത്യങ്ങൾ പ്രാദേശികസാഹിത്യങ്ങൾ മാത്രവുമാണെന്ന ചിന്താഗതിയും ശരിയല്ല. ഭാരതീയത്വത്തെ പ്രകടമാക്കുവാൻ സംസ്കൃതത്തെപ്പോലെതന്നെ പ്രാദേശികഭാഷാ സാഹിത്യങ്ങൾക്കും സാധിക്കും. ഇന്ത്യൻ ജനതയുടെ ആത്മാവിഷ്കാരത്തിന്റെ ഭാഷയാണ് ഓരോ പ്രാദേശികഭാഷയും. സംസ്കൃതത്തിന് അതിന്റെ കുത്തകയില്ലെന്ന് അഴീക്കോട് പ്രഖ്യാപിക്കുന്നു. ഇന്ത്യയുടെ ആത്മാവിന്റെ ഏറിയ ആഴങ്ങളിൽ ആണ്ടുകിടന്നു കത്തുന്ന നിത്യാഗ്നിയാണ് ഭാരതീയഭാഷകളെ എന്നും ഉത്തേജിപ്പിക്കുന്ന സംസ്കൃതപ്രഭാവം എന്ന നിരീക്ഷണത്തോടെ അഴീക്കോട് അരങ്ങൊഴിയുന്നു.
അതാതുഭാഷകളിലെ വിദഗ്ദ്ധർ തങ്ങളുടെ ഭാഷയിലും സാഹിത്യത്തിലും സംസ്കൃതത്തിന്റെ ഇടമെന്ത് എന്ന് വ്യക്തമായി കാണിച്ചുതരുന്ന നാല് ലേഖനങ്ങളാണ് തുടർന്നുള്ളത്. പി. രാമചന്ദ്രുഡു (തെലുഗു), കെ. കൃഷ്ണമൂർത്തി (കന്നഡ), കെ. നാച്ചിമുത്തു (തമിഴ്), എൻ. വി. കൃഷ്ണവാര്യർ (മലയാളം) എന്നിവരാണ് ആ പണ്ഡിതർ. തെലുഗുവിലെ വാക്യഘടനയിൽപ്പോലും സംസ്കൃതത്തിന്റെ സ്വാധീനം കാണാം. സംസ്കൃതത്തിൽനിന്നും പ്രാകൃതത്തിൽനിന്നും കടം വാങ്ങിയ വാക്കുകളെ തെലുഗു സ്വന്തം പ്രത്യയങ്ങൾ ചേർത്ത് സ്വായത്തമാക്കിത്തീർക്കുന്നു. ഭാഷയുടെ കാര്യമാകുമ്പോൾ സംസ്കൃതത്തിൽനിന്ന് കടം വാങ്ങിയത് എന്നുപറയുന്നത് ഭംഗിയാവില്ല. കടം വാങ്ങിയ സാധനം തിരിച്ചുകൊടുക്കണമല്ലോ. അതുകൊണ്ട് സംസ്കൃതത്തിൽനിന്ന് തിരികൊളുത്തിയത് എന്നു വിശേഷിപ്പിക്കുന്നതാവും കൂടുതൽ ഉചിതം. സംസ്കൃതത്തിലെ എല്ലാ വർണ്ണങ്ങളും തെലുഗു അക്ഷരമാലയിലും സ്ഥാനം പിടിച്ചിരിക്കുന്നു. അതിനാൽ 'കാന്തി' എന്നെഴുതി സന്ദർഭത്തിനനുസരിച്ച് 'ഗാന്ധി' എന്നു വായിക്കേണ്ടിവരുന്ന തമിഴിന്റെ ഗതികേട് തെലുഗുവിനില്ല - മറ്റു ദ്രാവിഡഭാഷകൾക്കും. പന്ത്രണ്ടാം ശതകത്തോടെയാണ് തമിഴ് ഒഴികെയുള്ള മറ്റു ദ്രാവിഡഭാഷകൾ സ്വന്തം വ്യക്തിത്വം ആർജ്ജിക്കുന്നത്. പ്രാചീനശാസനങ്ങളിൽ സംസ്കൃതവാക്കുകൾക്കൊപ്പം ഭാഷാപ്രത്യയങ്ങൾ ചേർക്കുന്നതായിട്ടാണ് കാണുന്നത്. ആദ്യകാല കന്നഡയിൽ ജൈനന്മാരാണ് സാഹിത്യരചന നടത്താൻ മുന്നോട്ടുവന്നത്. അറുന്നൂറുകൊല്ലക്കാലത്തോളം കന്നഡ സാഹിത്യത്തിൽ അവരുടെ ആധിപത്യം നിലനിന്നു. അവരുടെ മതഗ്രന്ഥങ്ങളെല്ലാം പ്രാകൃതത്തിലാണ് വിരചിതമായത്. അതിനാൽ കന്നഡയിൽ പ്രാകൃതപദങ്ങളുടെ ആധിപത്യമുണ്ടായി. ആദ്യകാല കന്നഡ കാവ്യങ്ങളിൽ സംസ്കൃതപദങ്ങൾ നിർബാധം കുത്തിനിറക്കുന്ന പ്രവണതയാണുണ്ടായിരുന്നത്. 1112-ൽ കവിയായ നയസേന ഇതിനെതിരെ ആദ്യത്തെ ശാസനം മറ്റുകവികൾക്ക് നൽകുകയുണ്ടായി. ഒരാൾക്ക് സംസ്കൃതപദങ്ങൾ ഉപയോഗിക്കണമെന്ന അമിതതാല്പര്യമുണ്ടെങ്കിൽ അയാളെ സംസ്കൃതത്തിൽത്തന്നെ എഴുതാൻ അനുവദിക്കണമെന്നും ശുദ്ധമായ കന്നഡത്തിലേക്ക് സംസ്കൃതപദങ്ങൾ ആവശ്യമില്ലാതെ ഇറക്കുമതി ചെയ്യുന്നതിൽ എന്താണൊരു മേന്മയെന്നും അദ്ദേഹം ചോദിച്ചു. ഈ പ്രക്രിയ എണ്ണയും നെയ്യും കൂട്ടിക്കലർത്തുന്നതുപോലുള്ള വിവരക്കേടാണെന്നും അദ്ദേഹം താക്കീതുനല്കി. ഈ ഉപദേശത്തിന്റെ ദൂരവ്യാപകമായ പ്രത്യാഘാതമെന്നോണം തുടർന്നു പ്രത്യക്ഷപ്പെട്ട വീരശൈവപ്രസ്ഥാനത്തിന്റെ സംഭാവനയായ 'വചന' എന്ന പ്രാർത്ഥനകളിൽ സംസ്കൃതസ്വാധീനം തീരെ കുറവായിരുന്നു.
ആര്യ-ദ്രാവിഡ പദങ്ങൾ ഭാഷാഗോത്രങ്ങളെ മാത്രം കുറിക്കാനുള്ള സംജ്ഞകളാണെന്നു മനസ്സിലാക്കാതെ അവ മനുഷ്യവംശങ്ങളെ സൂചിപ്പിക്കുന്നുവെന്നും അതിനാൽ ഉത്തരേന്ത്യയിലെ പ്രധാനനിവാസികൾ ആര്യന്മാരും ദക്ഷിണേന്ത്യയിൽ ദ്രാവിഡരുമാണെന്ന മൂഢവിശ്വാസത്തിൽ ജീവിക്കുന്ന കുറച്ചുപേർ തമിഴ്നാട്ടിലുണ്ട്. ദ്രാവിഡപ്രസ്ഥാനങ്ങളുടെ ജീവാത്മാവ് തന്നെ ഈ അബദ്ധധാരണയിലാണ് കുടികൊള്ളുന്നത്. ലോകത്തിലെ ഏറ്റവും പ്രാചീനമായ ഭാഷ തമിഴാണെന്നും അതു സംസാരിച്ചിരുന്ന ലെമുറിയ എന്ന ഭൂഭാഗം കന്യാകുമാരിക്കുതെക്ക് കടലിൽ താഴ്‌ന്നുപോയി എന്നുമാണ് അവരുടെ വിശ്വാസം. അതെ, വിശ്വാസമായതുകൊണ്ടുതന്നെ ഇതിന് തെളിവ് ആവശ്യവുമില്ല. പക്ഷേ, തമിഴ് ഭാഷയിലെ സംസ്കൃതസ്വാധീനത്തെക്കുറിച്ച് മറ്റു ഭാഷകളേക്കാൾ കൂടിയ അളവിൽ വസ്തുനിഷ്ഠത പുലർത്തേണ്ടത് ഇത് ആവശ്യമാക്കിത്തീർക്കുന്നു. നാച്ചിമുത്തു ഈ വെല്ലുവിളി പൂർണമായി ഉൾക്കൊണ്ടതായി കാണുന്നില്ല. മറ്റു ഭാഷകളിൽനിന്നു വ്യത്യസ്തമായി തൊൽക്കാപ്പിയം തമിഴിൽത്തന്നെ രചിക്കപ്പെട്ട ആദ്യത്തെ വ്യാകരണഗ്രന്ഥമാണ്. മറ്റിടങ്ങളിലെല്ലാം ആദ്യ വ്യാകരണഗ്രന്ഥം സംസ്കൃതത്തിലായിരുന്നു. എങ്കിലും തൊൽക്കാപ്പിയത്തിൽ സംസ്കൃതസ്വാധീനം ധാരാളമായി കാണാം. അഞ്ചു തിണകളിലെ (ദേശങ്ങളിലെ) അധിദേവതകളിൽ വിഷ്ണു, ഇന്ദ്രൻ, വരുണൻ എന്നീ വൈദികദൈവങ്ങളേയും ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്കൃതത്തിൽനിന്നും തൊൽക്കാപ്പിയർ അനേകം സാങ്കേതികപദങ്ങൾ സ്വീകരിക്കുകയും പരിഭാഷപ്പെടുത്തി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നുവന്ന സംഘകാലസാഹിത്യത്തിൽ വേദങ്ങളും വേദപണ്ഡിതരായ ബ്രാഹ്മണരും പരാമർശിക്കപ്പെടുന്നു. സംഘകാല രാജാക്കന്മാർ ബ്രാഹ്മണർക്ക് ഗ്രാമങ്ങൾ ദാനം ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനുപകരമായി രാജസൂയം പോലുള്ള വൈദിക ബലികർമ്മങ്ങൾ അവർ രാജാക്കന്മാർക്കുവേണ്ടി അനുഷ്ഠിച്ചു. അതുമാത്രമല്ല, ഹിമാലയം, ഗംഗ, യമുന എന്നിവയെക്കുറിച്ചും നന്ദ-മൗര്യ രാജവംശങ്ങളെക്കുറിച്ചും തമിഴ് ആദ്യകാല സാഹിത്യത്തിൽ ധാരാളമായി സൂചിപ്പിക്കുന്നു. രാമായണം, മഹാഭാരതം, പുരാണങ്ങൾ എന്നിവകളിലെ കഥകളും പ്രചരിച്ചിരുന്നു. ആകെ നോക്കുമ്പോൾ തമിഴിന്റെ പ്രാചീനതയെക്കുറിച്ചുള്ള അവകാശവാദങ്ങൾ എന്തുതന്നെയായിരുന്നാലും അതിന്റെ വളർച്ചയിൽ സംസ്കൃതം വളരെയേറെ സ്വാധീനം ചെലുത്തിയിരുന്നു എന്നുകാണാം.
എൻ. വി. കൃഷ്ണവാര്യരുടെ ലേഖനം മറ്റുള്ളവരുടേതിൽനിന്ന് വളരെ വ്യത്യസ്തമാണ്. ചരിത്രപരമായ ഒരു അവലോകനം മാത്രമേ അദ്ദേഹം നടത്തുന്നുള്ളൂ. ഭാഷാശാസ്ത്രപരമായ പ്രത്യേകതകളോ പ്രഭാവങ്ങളോ പരിഗണിക്കാതെ വിട്ടുകളയുന്നു. സംസ്കൃതം എപ്പോഴെങ്കിലും ഒരു സംസാരഭാഷയായി ഉപയോഗിച്ചിരുന്നോ എന്നും അദ്ദേഹം സംശയിക്കുന്നു. മഹാരാഷ്ട്രി, ശൗരസേനി, മാഗധി, അർദ്ധമാഗധി എന്നിങ്ങനെ നടപ്പിലിരുന്ന പല പ്രാകൃതഭാഷകളിൽനിന്ന് ഗ്രന്ഥനിർമ്മാണത്തിനും വിദ്ദ്വജ്ജനങ്ങളുടെ ചർച്ചകൾക്കുമായി വ്യാകരണസംസ്കാരത്തിലൂടെ സൃഷ്ടിക്കപ്പെട്ട ഒരു ഉദാത്തീകൃത ഭാഷാരൂപം മാത്രമാണ് സംസ്കൃതം എന്നാണ് വാദം. എന്നിരുന്നാലും മലയാളഭാഷയുടെ ഉത്ഭവവികാസങ്ങളിൽ സംസ്കൃതം വളരെയധികം പങ്കുവഹിച്ചിട്ടുണ്ട്. ആയിരം വർഷങ്ങളേ ആയിട്ടുള്ളൂ മലയാളം പ്രാചീന തമിഴിൽനിന്ന് ജൈവികമായി വേർതിരിഞ്ഞുതുടങ്ങിയിട്ട്. അങ്ങനെ രൂപംകൊണ്ട സ്വതന്ത്രഭാഷ അതിന്റെ അക്ഷരമാല മുഴുവനായിത്തന്നെ സംസ്കൃതത്തിൽനിന്ന് സ്വീകരിച്ചു. കേരളത്തിലെ താഴ്‌ന്ന ജാതിക്കാരുടെയിടയിൽ സംസ്കൃതവ്യുല്പത്തിയുള്ള അനവധിയാളുകൾ തീണ്ടലും തൊടീലും നിലനിന്നിരുന്ന സമയത്തും ഉണ്ടായിരുന്നു. തീണ്ടൽ ഉള്ളവരായി ഗണിച്ചിരുന്ന വിഭാഗങ്ങൾക്കിടയിലെ വൈദ്യ-ജ്യോതിശാസ്ത്രസിദ്ധിക്കും സംസ്കൃതവിജ്ഞാനത്തിനും അവർ നന്ദിപറയേണ്ടത് ബൗദ്ധരോടും ജൈനരോടുമാണെന്ന് വാര്യർ അഭിപ്രായപ്പെടുന്നു. കേരളത്തിന്റെ സംസ്കൃതവൽക്കരണം അതിനാൽ ഒരു അബ്രാഹ്മണപ്രക്രിയയായിരുന്നു. മണിപ്രവാളമെന്ന പേരിൽ സംസ്കൃതവും പ്രാദേശികഭാഷകളും ഇടകലർത്തി എഴുതുന്ന ശൈലി എല്ലാ ദ്രാവിഡഭാഷകളിലും ഉണ്ടായിരുന്നു. വൈശികതന്ത്രം എന്ന ഖണ്ഡകാവ്യത്തിലും രാമചരിതമെന്ന പാട്ടിലും കാണുന്ന പ്രൗഢി നേടിയ മണിപ്രവാളശൈലി മലയാളത്തിലെ ആദ്യദശകളിൽ സംസ്കൃതസ്വാധീനത്തിന്റെ തെളിഞ്ഞ ദൃഷ്ടാന്തമാണ്. ഇത് അവസാനിക്കുന്നത് ആധുനിക വിദ്യാഭ്യാസത്തിന്റെ വരവോടെയും. അതോടെ മലയാളം സംസ്കൃതത്തിൽനിന്ന് മോചിപ്പിക്കപ്പെട്ട് ഇംഗ്ലീഷ് വഴി എത്തിയ പുതിയ സാഹിത്യരൂപങ്ങളിലേക്കു നീങ്ങിത്തുടങ്ങി.
മലയാളഭാഷയുടെ വ്യതിരിക്തത കൃത്യമായി നിർവചിക്കപ്പെട്ടത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടോടുകൂടിയാണല്ലോ. വൈശികതന്ത്രവും ചന്ദ്രോത്സവവും പോലുള്ള കൃതികളുടെ ദുഷിച്ച സന്മാർഗ്ഗസമ്പ്രദായത്തിൽ നിന്ന് പൂർണ്ണമായും മാറിനിൽക്കുന്ന ഒരു പ്രസ്ഥാനത്തിനാണ് ഭാഷയുടെ പിതാവ് തുടക്കം കുറിച്ചത്. എന്നാൽ ഈ കൃതിക്ക് അർഹിക്കുന്ന പ്രാധാന്യം കൃഷ്ണവാര്യർ നൽകുന്നതേയില്ല. എഴുത്തച്ഛൻ ആ കൃതി അതേ പേരുള്ള ഒരു സംസ്കൃതഗ്രന്ഥത്തിനെ ആധാരമാക്കി പുനഃസൃഷ്ടിച്ചതാണെന്നുകൂടി ഓർക്കണം. രാമായണത്തെ പുകഴ്ത്തിയാൽ മതേതരത്വം തറയിൽ വീണുടഞ്ഞുപോയേക്കുമോ എന്ന ഭയമാണോ വാര്യരെ ഇതിനു പ്രേരിപ്പിച്ചതെന്നറിയില്ല. നാച്ചിമുത്തുവിന്റെ പ്രബന്ധം തമിഴിൽനിന്ന് സംസ്കൃതസ്വാധീനം ഒഴിവാക്കാൻ പല കാലഘട്ടങ്ങളിലായി നടന്നിട്ടുള്ളതും ഇന്നും നടന്നുകൊണ്ടിരിക്കുന്നതുമായ ശ്രമങ്ങളെപ്പറ്റി നിശ്ശബ്ദത പാലിക്കുന്നു. ഇതു വളരെ ഗുരുതരമായ ന്യൂനതയാണ്. പത്രങ്ങളോ മറ്റ് ആനുകാലികപ്രസിദ്ധീകരണങ്ങളോ സൂക്ഷ്മമായി പിന്തുടരാത്ത ആളുകൾ നാച്ചിമുത്തുവിന്റെ ലേഖനം വായിച്ചതിനുശേഷം ഇന്നത്തെ തമിഴർ അവരുടെ ഭാഷയിലെ സംസ്കൃതസ്വാധീനം സഹർഷം സ്വാഗതം ചെയ്യുന്നു എന്നു ധരിച്ചുവശാകും. മലയാളത്തെക്കുറിച്ചുള്ളതൊഴികെയുള്ള പ്രബന്ധങ്ങൾ ചില ഭാഗങ്ങളിൽ വ്യാകരണത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്നുണ്ടെങ്കിലും വളരെ പൊതുവായതും മുൻപുതന്നെ അറിയാവുന്നതുമായ ചില നിഗമനങ്ങൾ ആവർത്തിച്ചു സ്ഥാപിക്കുന്നതേയുള്ളൂ. സാമാന്യം ധനവാനായ ഒരാളോട് 'നിങ്ങളുടെ കയ്യിൽ പത്തുരൂപയുണ്ടോ?' എന്നു ചോദിക്കുമ്പോൾ അയാൾ പേഴ്സും, അലമാരയും, സേഫും, അടുക്കളയിലെ അരിപ്പെട്ടിയും വരെ കുടഞ്ഞിട്ടു പരിശോധിച്ചതിനുശേഷം 'അതെ, എന്റെ കയ്യിൽ പത്തുരൂപയുണ്ട്' എന്നു പറയുന്നതുകേൾക്കുമ്പോഴുള്ള ഒരു അനുഭവമാണ് വായനക്കാർക്കുണ്ടാകുന്നത്.
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book review of 'Samskrutha Swadheenam Dravidabhashakalilum Saahithyangalilum'
Editor: P V Velayudhan Pillai
Publisher: Poorna Publications, 1992 (First)
ISBN: Nil
Pages: 167