Thursday, September 12, 2024

യക്ഷിസങ്കല്പം

കേരളീയർക്ക് ഒട്ടും പരിചയപ്പെടുത്തേണ്ടതില്ലാത്ത ഒരു ആശയമോ പ്രതിഭാസമോ ആണ് യക്ഷി. കള്ളിയങ്കാട്ടു നീലി മുതലായ കഥാപാത്രങ്ങൾ നാടോടിപ്പാട്ടുകളിലും ലിസ മുതലായ സൃഷ്ടികൾ ആധുനികകാലത്തെ സിനിമയിലും വലിയ സ്വാധീനം ചെലുത്തി. കുട്ടിക്കാലം മുതലേ കേരളത്തിൽ ജനങ്ങൾ യക്ഷിയെന്ന സങ്കല്പം നിർമ്മിച്ച ഭയത്തോടുകൂടിയ കൗതുകത്തോടെയാണ് മരണാനന്തരമോ അതീന്ദ്രീയമോ ആയ കാര്യങ്ങളെ കണ്ടിരുന്നത്. ന്യൂജൻ ചലച്ചിത്രങ്ങൾക്ക് യക്ഷി അത്ര പ്രിയപ്പെട്ടവളല്ലാത്തതുകൊണ്ട് പുതിയ തലമുറ ഇതിൽനിന്ന് മുക്തമാകാനും ഇടയുണ്ട്. വിജനമായ പ്രദേശങ്ങളിൽ മനോഹരമായ വേഷഭൂഷാദികളോടെ രാത്രികാലങ്ങളിൽ വഴിയാത്രക്കാരായ പുരുഷന്മാരെ ശൃംഗാരചേഷ്ടകളാൽ മയക്കി അവരെ കൊന്നുതിന്നുന്നവളായിരുന്നു പണ്ടത്തെ യക്ഷിയെങ്കിൽ വഞ്ചിതരായി കൊല്ലപ്പെടുന്ന നിരപരാധികളായ സ്ത്രീകൾ പ്രതികാരദാഹികളായി മരണാനന്തരം തന്റെ ശത്രുക്കളെ വേട്ടയാടുന്നവരാണ് സിനിമായക്ഷികൾ. സാങ്കേതികമായി പറഞ്ഞാൽ ലിസ പ്രേതമാണ്, യക്ഷിയല്ല. പ്രേതങ്ങൾ അവർ ബാധിക്കുന്ന മനുഷ്യരെ കൊന്നുഭക്ഷിക്കുകയില്ല എന്നതാണ് പ്രധാന വ്യത്യാസം. എന്നിരുന്നാലും കെട്ടിലും മട്ടിലും രണ്ടും ഒന്നുതന്നെ. അവർ ജനമനസ്സുകളിൽ ചെലുത്തുന്ന സ്വാധീനത്തിന്റെ കാര്യത്തിലും അങ്ങനെതന്നെ. യക്ഷികളും അവയുടെ പുരുഷപങ്കാളികളായ യക്ഷന്മാരും ബുദ്ധ-ജൈനപാരമ്പര്യത്തിൽ വളർന്നുവന്നതാണ്. എന്നാൽ എന്തുകൊണ്ടോ കേരളത്തിൽ യക്ഷന്മാർ വേരുപിടിച്ചില്ല. കേരളത്തിലും അതിനുപുറത്ത് ഭാരതഖണ്ഡത്തിലുടനീളവും യക്ഷി-യക്ഷസങ്കല്പത്തിന്റെ ഉദയവും വികാസവും സ്വാധീനവും അപഗ്രഥിക്കുന്ന ഒരു കൃതിയാണിത്. 'ചോറ്റാനിക്കര അമ്മ' (1976) എന്ന ചലച്ചിത്രത്തിൽ ഒരു യക്ഷിയുടെ ഭീകരമായ പിടുത്തത്തിൽനിന്ന് ചോറ്റാനിക്കര ഭഗവതി ഒരു ഭക്തനെ രക്ഷപ്പെടുത്തുന്ന രംഗമുണ്ട്. ഗ്രന്ഥകാരൻ ആദ്യമായി യക്ഷിയെന്ന സങ്കല്പവുമായി പരിചയപ്പെടുന്നത് ഇതിൽനിന്നാണെന്നു പറയുന്നു. കൗതുകകരമെന്നു പറയട്ടെ, യക്ഷിയെക്കുറിച്ച് ചിന്തിക്കുമ്പോൾ പണ്ടെന്നോ കണ്ട ഈ രംഗം തന്നെയാണ് ഞാനും ആദ്യമായി ഓർക്കുന്നത്! കോഴിക്കോട് സർവകലാശാലയിലെ ചരിത്രവിഭാഗം അദ്ധ്യാപകനായ ഡോ. വി. വി. ഹരിദാസ് പയ്യന്നൂരിനടുത്ത് കോറോം സ്വദേശിയാണ്.

ജൈന-ബുദ്ധമതങ്ങൾ ഒരിക്കൽ കേരളത്തിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്നു എന്ന് നിരവധി ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. എന്നാൽ തെളിവുകളുടെ അഭാവത്താൽ പൂർണമായും അംഗീകരിക്കാനുമാവില്ല (പേജ് 60). യക്ഷി എന്നത് ബുദ്ധമതത്തിൽ യക്ഖിയും ജൈനമതത്തിൽ ജക്ഖിയുമാകുന്നു. മദ്ധ്യകാലത്ത് പ്രാമാണ്യം നേടിയതായി കേരളീയ പ്രാചീനശിലാലിഖിതങ്ങളിൽ കാണുന്ന യക്കന്മാർ ഭൂവുടമകളോ ഉന്നതശ്രേണിയിലെ പ്രമുഖരോ ആയിരിക്കാം. ഇവർ പെരുമാക്കന്മാരുടെ കാലത്ത് ബുദ്ധ/ജൈനവിശ്വാസം ഉപേക്ഷിച്ച് ശൈവ-വൈഷ്ണവ വിശ്വാസികളായിത്തീർന്നിരിക്കാമെന്നും ഗ്രന്ഥകർത്താവ് ഊഹിക്കുന്നു. തങ്ങളുടെ പുതിയ വിശ്വാസത്തോടുള്ള കൂറ് പ്രഖ്യാപിക്കാനാകും ഇവർ ക്ഷേത്രങ്ങളിലേക്ക് ഊർജസ്വലമായി ഭൂദാനം നടത്തിയതായി ലിഖിതങ്ങളിൽ കാണുന്നത്. യക്ഷിയെ ഹൈന്ദവ ആരാധനയുടെ ഭാഗമാക്കിയ വളരെയധികം ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. 'ഭഗവതി' എന്ന ആശയം തന്നെ യക്ഷിയുമായി ബന്ധപ്പെട്ടതാണെന്നും ഹരിദാസ് സൂചിപ്പിക്കുന്നു. ദേവതയായില്ലെങ്കിലും വാൽക്കണ്ണാടി നോക്കി നെറ്റിയിൽ പൊട്ടുതൊടുന്ന ശില്പങ്ങളും കുറെയുണ്ട്. ചുരുക്കത്തിൽ എല്ലാ ഭാവങ്ങളിലുമുള്ള യക്ഷീശില്പങ്ങളും നിലവിലുണ്ടെങ്കിലും അവയെയെല്ലാം വിശദീകരിക്കാവുന്ന സാമാന്യനിയമങ്ങൾ ഇനിയും ക്രോഡീകരിക്കപ്പെട്ടിട്ടില്ല എന്നു ചിന്തിക്കേണ്ടിവരും. കുറച്ചുകൂടി ശാസ്ത്രീയമായി നോക്കിയാൽ സ്ത്രീലൈംഗികതയുടെ കരുത്തിനെ നേരിടാനാകാതെ കുഴങ്ങുന്ന ദുർബ്ബലർ വെറും ശവശരീരങ്ങളായിത്തീരുന്നതിന്റെ പ്രതീകാത്മകവിവരണവുമാകാം യക്ഷിക്കഥകൾ.

ഭാരതത്തിന്റെ മറ്റുഭാഗങ്ങളിൽ യക്ഷി/യക്ഷന്മാരുടെ നില എങ്ങനെയാണ് എന്നു പരിശോധിക്കുന്നുണ്ട് ഈ കൃതിയിൽ. വേദകാലത്ത് ദേവനായി ആരാധിക്കപ്പെട്ട് പിന്നീട് ഉപദേവതയായും ഒടുവിൽ ദുർദേവതയായും മാറ്റപ്പെട്ട ദുര്യോഗമാണ് യക്ഷന്മാർക്ക് ഉണ്ടായത്. യക്ഷികൾ ജൈനതീർത്ഥങ്കരന്മാരുടെ രക്ഷാദേവതകളാണ്. യക്ഷിശില്പങ്ങൾ ജൈനസമൂഹത്തിൽ വ്യാപകമാകുന്നത് ക്രി.വ 8-10 നൂറ്റാണ്ടുകളോടെയാണ്. എന്നാൽ വേദകാലത്തിനുംമുമ്പ് നിലനിന്നിരുന്ന പ്രാദേശിക ആരാധനകളാണ് യക്ഷിയുടെ ഉത്ഭവത്തിനു കാരണമെന്ന അഭിപ്രായവും ഗ്രന്ഥകാരൻ മറച്ചുവെക്കുന്നില്ല. അങ്ങനെയെങ്കിൽ എട്ട്-പത്ത് നൂറ്റാണ്ടുകളിൽ ജൈനമതം ക്ഷയോന്മുഖമായ ഒരു ഭൂമികയിൽ പൊടുന്നനെ ശില്പവിദ്യ നവോത്ഥാനം നേടുന്നതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്താൻ ഈ പുസ്തകത്തിനാകുന്നില്ല. 24 തീർത്ഥങ്കരന്മാരുടേയും അവരുമായി ബന്ധപ്പെട്ട യക്ഷിമാരുടേയും വിശദവിവരങ്ങൾ ഒരദ്ധ്യായത്തിലുണ്ട്. അവരുടെ ശില്പവൈചിത്ര്യങ്ങൾ, കൈകളുടെ എണ്ണം, വാഹനം, നിർമ്മിച്ചിരിക്കുന്ന വസ്തുക്കൾ, പ്രതിമകൾ കണ്ടെത്തിയ സ്ഥലങ്ങൾ എന്നിവ വിജ്ഞാനകോശമാതൃകയിൽ വിവരിച്ചിരിക്കുന്നത് വൃഥാസ്ഥൂലതയുണ്ടാക്കുന്നു. ബൗദ്ധസാഹിത്യത്തിലെ ജാതകകഥകളിൽ യക്ഷൻ/യക്ഷികൾ വളരെ സുലഭമാണ്. അവരിൽ ദുഷ്ടശക്തികളും മര്യാദക്കാരും കാണപ്പെടുന്നുവെങ്കിൽ ബുദ്ധപാരമ്പര്യത്തിൽ യക്ഷന്മാർ തിന്മയുടെ ഭാഗത്തേക്കാണ് കൂടുതൽ താഴ്‌ന്നുനിൽക്കുന്നത്.

യക്ഷിയുമായി ബന്ധപ്പെട്ട പൊതുധാരണകളും ഈ ഗ്രന്ഥം ചർച്ചചെയ്യുന്നു. യക്ഷിക്ക് ഇരുമ്പിനെ ഭയമാണെന്നാണ് കേരളത്തിലെ വിശ്വാസം. ബുദ്ധ-ജൈന സാഹിത്യങ്ങളും ഇതു ശരിവെക്കുന്നു. യക്ഷി ശിലായുഗദേവതയാണെന്നും ലോഹയുഗം കടന്നുവന്നതിന്റെ സൂചനയാണിതെന്നും ഹരിദാസ് വ്യാഖ്യാനിക്കുന്നു. ഇത് യുക്തിഭദ്രമല്ല. കല്ലും ഇരുമ്പും തമ്മിൽ അങ്ങനെയൊരു സംഘട്ടനം പ്രാചീനസമൂഹങ്ങളിൽ വ്യാപകമായി നടന്നിട്ടില്ല. മാത്രമല്ല, ശിലയെ സ്ഥാനഭ്രഷ്ടമാക്കിയ ലോഹയുഗം ഇരുമ്പിലൂടെയല്ല പലയിടങ്ങളിലും ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ചെമ്പ്, പിച്ചള, ഓട് എന്നിവയായിരുന്നു ഒരർത്ഥത്തിൽ ശിലയുടെ പ്രഥമ എതിരാളികൾ. യക്ഷിക്കുസമാനമായ സങ്കല്പങ്ങൾ പാശ്ചാത്യനാടുകളിലും വ്യാപകമായി നിലനിന്നിരുന്നു. ഇതിനെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയവരേയും അവിടെ കാണാം. ഇൻകബസ്, സക്കബസ് എന്നിവയാണ് യഥാക്രമം യൂറോപ്പിലെ പുരുഷ-സ്ത്രീ പിശാചുക്കൾ. മദ്ധ്യകാലത്ത് ഒരു കന്യാസ്ത്രീ ബിഷപ്പ് സിൽവാനസ് തന്നെ ലൈംഗികമായി അതിക്രമിച്ചതായി പരാതിപ്പെട്ടപ്പോൾ തന്റെ രൂപത്തിൽ വന്ന ഇൻകബസ് ആയിരിക്കും അതെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം (പേജ് 40). ഭാരതത്തിൽ ഇന്നേവരെ കണ്ടെത്തിയതിൽ ഏറ്റവും മനോഹരമായ ശില്പമാണ് ദിദാർഗഞ്ജ് യക്ഷിയുടേത്. സംശയമുണ്ടെങ്കിൽ ഒന്നു ഗൂഗിളിൽ നോക്കുക. ഈ പ്രതിമയുടെ കണ്ടെത്തലും ഭാരതീയശില്പകല ഗ്രീക്കുകാരിൽനിന്ന് കടംകൊണ്ടതാണെന്ന സിദ്ധാന്തത്തെ അത് തകർത്തതും ഈ കൃതിയിൽ പരാമർശിക്കുന്നു. പട്നയിലെ ബീഹാർ മ്യൂസിയത്തിലാണ് ഈ ശിൽപം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. പട്ന സന്ദർശിക്കുന്നവർ അവളെ കാണാതെ മടങ്ങരുത്.

മലയാളികളുടെ യക്ഷി, താന്ത്രിക-ജൈന-ബുദ്ധമതങ്ങളിലെ യക്ഷിസങ്കല്പം, യക്ഷിക്കഥകൾ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് ഈ പുസ്തകത്തിനുള്ളത്. മൂന്നാം ഭാഗത്തിലെ കഥകൾ മിക്കവയും ആദ്യഭാഗത്തിൽ ചുരുക്കി വിവരിക്കുന്നവ തന്നെയാണ്. കേരളത്തിലെ ബുദ്ധ-ജൈനസാന്നിദ്ധ്യത്തെ സാധൂകരിക്കുന്ന തെളിവുകൾ പൂർണ്ണമായും ലഭിച്ചിട്ടില്ലെന്ന് ഗ്രന്ഥകാരൻ ഒരിടത്തു സമ്മതിക്കുമ്പോൾ മറ്റൊരിടത്ത് ലഭ്യമായ ഏതാനും ദുർഗ്രഹമായ ശിലാ-ലോഹലിഖിതങ്ങൾ (അവയിൽ മിക്കവയിലും ഏതാനും വാക്കുകൾ മാത്രമേയുള്ളൂ) സൗകര്യപ്രദമായി വ്യാഖ്യാനിച്ചുകൊണ്ട് ജൈനരെ നിർബന്ധമായി പരിവർത്തനം ചെയ്തെന്ന വിചിത്രമായ പരികല്പന (hypothesis) മുന്നോട്ടുവെക്കുന്നു. ബുദ്ധ-ജൈനമതങ്ങൾ ബ്രാഹ്മണമതത്തിന്റെ ആരാധനാ ചട്ടക്കൂടിനുപുറത്താണെന്ന് അവർ തന്നെ അക്കാലങ്ങളിൽ മനസ്സിലാക്കിയിരുന്നോ എന്നത് ഉറപ്പില്ലാത്ത കാര്യമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ പോലും സിഖുകാർ തങ്ങൾ ഒരു പ്രത്യേക മതവിഭാഗമാണെന്നു വാദിക്കുകയും അത് അംഗീകരിച്ചുകിട്ടാനായി തീവ്രശ്രമങ്ങൾ നടത്തുകയും ചെയ്തപ്പോൾ മാത്രമാണ് അവർ ഹിന്ദുമതത്തിനുപുറത്താണെന്ന് മറ്റുള്ളവർ മനസ്സിലാക്കിയത്. ബുദ്ധ-ജൈനസങ്കേതങ്ങൾക്കു ലഭിച്ച ഉദാരമായ സംഭാവനകൾ ഒന്നും തെളിയിക്കുന്നില്ല. ക്ഷേത്രങ്ങൾക്ക് വഴിപാട് നൽകുന്ന കൃസ്ത്യാനികളും, പള്ളികൾക്ക് പണം നൽകുന്ന ഹിന്ദുക്കളും, വീട്ടിൽ വരുന്ന കമ്മ്യൂണിസ്റ്റുകാർക്ക് സംഭാവന നൽകുന്ന കോൺഗ്രസ്സുകാരും, കോൺഗ്രസ്സുകാർ ചോദിക്കുമ്പോൾ സാമ്പത്തികസഹായം നൽകുന്ന കമ്യൂണിസ്റ്റുകാരും ഇന്നും കേരളസമൂഹത്തിൽ ഉണ്ടെന്നോർമ്മിക്കുക. പുസ്തകം വളരെ ലളിതമായി വായിച്ചുപോകാവുന്ന ഒന്നാണ്. വിവിധ പുരാണങ്ങൾ, ബ്രാഹ്മണങ്ങൾ, ഗൃഹ്യസൂത്രങ്ങൾ എന്നിവയിലെ യക്ഷ-യക്ഷി പരാമർശങ്ങൾ അതേപടി ഇതിൽ ഉദ്ധരിക്കുന്നു. ലേഖകൻ പരന്ന വായന നടത്തിയിട്ടുണ്ടെന്ന് വായനക്കാർക്ക് മനസ്സിലാകുമെന്നല്ലാതെ ഇതുകൊണ്ട് മറ്റു പ്രയോജനമില്ല. കുറെ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും അവ കറുപ്പും വെള്ളയിലും മാത്രമായതിനാൽ വ്യക്തതയില്ലാത്തതാണ്. പലതും വിവരണ സാഹചര്യവുമായി ബന്ധം പോലുമില്ലാതെ വെറും കടത്തുകഴിക്കുന്നതുപോലെ കാണപ്പെടുന്നു. ആധുനികകാലത്തെ യക്ഷിസങ്കല്പത്തെ ഇതുപോലൊരു കൃതി തീർത്തും വിട്ടുകളഞ്ഞത് ശരിയായില്ല. സിനിമയിലേയും മാന്ത്രികനോവലുകളിലേയും യക്ഷിമാരാണല്ലോ ഇപ്പോൾ കൂടുതൽ ജനപ്രിയർ.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book review of 'Yakshi Sankalpam' by Dr. V V Haridas
Publisher: Sahithya Pravarthaka Sahakarana Sangham, 2020 (First published 2016)
ISBN: 9789389495089
Pages: 239