ഏതാണ്ട് മൂന്നു നൂറ്റാണ്ടുമുമ്പുവരെ പത്തോളം ചെറിയ നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു കേരളം. അതായത് ആധുനികകാലത്തെ ഒരു ജില്ലയുടെ മാത്രം വലിപ്പവും വിഭവശേഷിയുമേ ആ രാജ്യങ്ങൾക്കുണ്ടാകുമായിരുന്നുള്ളൂ. അനിഴം തിരുനാൾ മാർത്താണ്ഡവർമ മഹാരാജാവാണ് ഇത്തരം നിരവധി രാജ്യങ്ങളെ ആക്രമിച്ചു തോൽപ്പിച്ച് അവിടത്തെ ഭരണാധികാരികളെ അടുത്തൂൺ കൊടുത്ത് പറഞ്ഞയച്ച് അവയെ തിരുവിതാംകൂറിനോട് ലയിപ്പിച്ചത്. അത്തരമൊരു ഏകീകരണപ്രക്രിയ സാമൂതിരി വടക്കുവശത്തുനിന്നും അതിലും നേരത്തേ തുടങ്ങിയിരുന്നെങ്കിലും പോർച്ചുഗീസ്-കൊച്ചി ബാന്ധവം ഒരു വിലങ്ങുതടിയായി നിന്നിരുന്നു. മാത്രവുമല്ല, മൈസൂർ സുൽത്താന്മാരുടെ ആക്രമണം സാമൂതിരിയുടെ സാമ്രാജ്യത്തെ ശിഥിലമാക്കുകയും ചെയ്തു. തിരുവിതാംകൂർ പത്തൊൻപതാം നൂറ്റാണ്ടിൽ സമുന്നതിയിലേക്ക് ഉയർന്നുവന്നതിന്റെ ചരിത്രപശ്ചാത്തലം ഇതാണ്. മാർത്താണ്ഡവർമ്മ പിടിച്ചടക്കിയ രാജ്യങ്ങളിൽ ഒന്നായിരുന്നു മദ്ധ്യകേരളത്തിലെ തെക്കുംകൂർ. ആറന്മുള മുതൽ ഏറ്റുമാനൂർ വരെ സഹ്യനും വേമ്പനാട്ടുകായലിനും ഇടയിൽ ഇന്നത്തെ കോട്ടയം ജില്ല ഏതാണ്ട് മുഴുവനായും ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ ചില ഭാഗങ്ങളും കൂടിയതാണ് അന്യംനിന്നുപോയ ഈ നാട്ടുരാജ്യം. ഈ നാടിന്റെ വിവിധപ്രദേശങ്ങളിൽ പുരാതനകാലം മുതൽ വാമൊഴിയായി കേട്ടറിഞ്ഞുപോരുന്ന ഐതിഹ്യങ്ങൾ, ചരിത്രശകലങ്ങൾ, പുരാതനരേഖകൾ, നാട്ടറിവുകൾ എന്നിവ കണ്ടെത്തി യുക്തിഭദ്രമായ നിലപാടുകളിലൂടെ അനാവരണം ചെയ്യുകയാണ് ഈ കൃതി. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന എൻ. ഇ. കേശവൻ നമ്പൂതിരി ആ ഭാഷയിലും മലയാളത്തിലുമുള്ള അനേകം കൃതികളുടെ കർത്താവാണ്. തെക്കുംകൂർ സ്വദേശിയായതുകൊണ്ടാകാം അദ്ദേഹത്തിന്റെ മറ്റു രണ്ടു ഗ്രന്ഥങ്ങൾ കൂടി ആ രാജ്യത്തിനെ സംബന്ധിക്കുന്നവയാണ്.
പുതുശേരി രാമചന്ദ്രന്റെ അവതാരിക തന്റെ ധർമ്മം മറന്ന് ജൈനമതത്തിന്റെ അപചയത്തെക്കുറിച്ചുമാത്രമാണ് വാചാലമാകുന്നത്. ഹൈന്ദവ-ജൈന സംഘട്ടനങ്ങളാണ് ഇതിനു പിന്നിലെന്ന പഴയ 'മിഷനറി ലൈൻ' തന്നെയാണ് ഇതിലും തെളിഞ്ഞു കാണുന്നത്. തന്നെ ഏൽപ്പിച്ച ദൗത്യം നേരാംവണ്ണം നിറവേറ്റാതെ സ്വന്തം രാഷ്ട്രീയ-സാമൂഹ്യ നിലപാടുകൾ എഴുന്നെള്ളിക്കുന്നത് വെറും കോപ്പിരാട്ടി മാത്രമായാണ് നമുക്കനുഭവപ്പെടുക. എം. ജി. ശശിഭൂഷണിന്റെ ആമുഖം ഒരു സമതുലിതമായ വിവരണം നല്കുന്നുവെങ്കിലും കൃതിയിലെ ചിലയിടങ്ങളിൽ സംശയിക്കാവുന്ന ചരിത്രവിരുദ്ധത അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നുവെന്ന് തോന്നും. തെക്കുംകൂർ രാജവംശത്തിലെ അംഗമായ സോമവർമ്മരാജയുടെ ഗ്രന്ഥപരിചയം ശ്രദ്ധേയമാകുന്നത് ഇത് താനെഴുതേണ്ട കൃതിയായിരുന്നുവെന്ന അർദ്ധഖേദപ്രകടനത്താലാണ്. രാജീവ് പള്ളിക്കോണത്തിന്റെ ഒരു മുഖവുര കൂടി പരിഗണിക്കുമ്പോൾ വളരെയധികം പണ്ഡിതരുടെ പരിശോധനക്കുശേഷമാണ് ഈ പുസ്തകം നമ്മുടെ കയ്യിലെത്തുന്നതെന്ന് തോന്നിപ്പിക്കുന്നു.
തെക്കുംകൂറിന്റെ ചരിത്രമാണ് ഈ പുസ്തകം പ്രാഥമികമായി കൈകാര്യം ചെയ്യേണ്ടിയിരുന്നതെങ്കിലും ആവശ്യമായ ചരിത്രരേഖകളുടെ അഭാവത്താലാകാം അത് വളരെ ചുരുക്കം താളുകളിലായി പരിമിതപ്പെട്ടുപോയത്. ചില രാജശാസനങ്ങളും ഗ്രന്ഥവരികളും ക്ഷേത്രലിഖിതങ്ങളും മാത്രമാണ് അവ്യക്തമായെങ്കിലും ഒരു രൂപേരേഖ നിർമ്മിച്ചെടുക്കാൻ സഹായകമായിട്ടുള്ളത്. ക്രി.വ 1105-ൽ ചോളരാജാവിന്റെ ആക്രമണത്താൽ കുലശേഖരന്റെ കൈവശമിരുന്ന വെമ്പൊലിനാട് വടക്കുംകൂർ, തെക്കുംകൂർ എന്നീ രാജ്യങ്ങളായി പിരിഞ്ഞു. തുടർന്ന് 1750-കളിൽ മാർത്താണ്ഡവർമ്മ പിടിച്ചടക്കുന്നതുവരെ തെക്കുംകൂർ ഒരു സ്വതന്ത്രരാജ്യമായി നിലനിന്നു. തിരുവിതാംകൂറിന്റെ അധിനിവേശത്തിനുശേഷവും ഏതാനും മാടമ്പിമാർ ചെറുത്തുനിൽപ്പ് തുടർന്നെങ്കിലും നാലുവർഷത്തിനകംതന്നെ തെക്കുംകൂർ ജനത പൂർണമായും തിരുവിതാംകൂറിൽ ലയിച്ചുചേർന്നു. ഇത്രയുമേ ഉള്ളൂ ഇതിലെ ചരിത്രസംഗ്രഹം. രാജ്യചരിത്രത്തേക്കാളുപരി ഈ കൃതി വിവരിക്കുന്നത് കോട്ടയം ജില്ലയിലെ പല സ്ഥലനാമങ്ങളുടേയും ഉൽപ്പത്തിയാണ്. വിവിധ ക്ഷേത്രങ്ങളുടെ ഉത്ഭവ ഐതിഹ്യങ്ങളും പ്രതിഷ്ഠാവിശേഷങ്ങളും അനുഷ്ഠാനങ്ങളും വിവരിക്കുന്നുണ്ട്. കിളിരൂർ ഭഗവതി ക്ഷേത്രത്തിൽ ബുദ്ധനെ ഉപദേവതയായി ആരാധിക്കുന്നത് ബൗദ്ധസ്വാംശീകരണത്തിന്റെ ഉദാഹരണമായി കാണാം. ചില ക്ഷേത്രങ്ങളുടേയും ക്രിസ്ത്യൻ പള്ളികളുടേയും സ്ഥാപനം പന്ത്രണ്ടാം നൂറ്റാണ്ടിലോ അതിനുമുമ്പോ ആണെന്ന് കലിയുഗസംഖ്യ കണക്കാക്കി അനുമാനിക്കുന്നത് പൂർണമായും ശരിയാകണമെന്നില്ല.
ബുദ്ധമതത്തിന്റെ ആരാധനാലയങ്ങൾ പലയിടങ്ങളിലും കാണുന്നതുകൊണ്ട് അവ ക്രമേണ ഹൈന്ദവക്ഷേത്രങ്ങളായി മാറ്റപ്പെട്ടതാകാമെന്ന് ഗ്രന്ഥകാരൻ ഊഹിക്കുന്നു. നീലംപേരൂരിൽ ബുദ്ധസങ്കല്പത്തിലുള്ള മഹാവിഷ്ണുപ്രതിഷ്ഠയുണ്ട്. ബുദ്ധമതത്തിനും മുൻപേ ഇവിടെ കാവുകൾ ഉണ്ടായിരുന്നു. കാവുകളിലെ വൃക്ഷദേവതയെ നാട്ടുകാർ കൊറ്റവൈ ആയി ആരാധിച്ചിരുന്നു. കൊറ്റവൈ ബുദ്ധമതക്കാർക്ക് യക്ഷിയും ഹൈന്ദവസമ്പ്രദായത്തിൽ ദുർഗ്ഗയും ആയിത്തീർന്നിരിക്കാം. കീഴ്ജാതിക്കാർക്കും ക്ഷേത്രസ്ഥാപനത്തിൽ നിർണ്ണായകപങ്കുണ്ടായിരുന്നതായി ക്ഷേത്രോത്ഭവ ഐതിഹ്യങ്ങൾ നിസ്സംശയം തെളിയിക്കുന്നു. പല ക്ഷേത്രങ്ങളിലേയും വിഗ്രഹങ്ങൾ കണ്ടെടുക്കുന്നത് പുലയർ തങ്ങളുടെ ദൈനംദിനപ്രയത്നത്തിനിടയിലാണ്. അവരുടെ ക്ഷേത്രസങ്കേതങ്ങൾ ബ്രാഹ്മണർ പിന്നീട് കൈവശപ്പെടുത്തി അവരെ തൊട്ടുകൂടാത്തവരായി പുറംതള്ളി എന്നുതന്നെയാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. എന്നാൽ ബ്രാഹ്മണാധിപത്യം ചോദ്യം ചെയ്യപ്പെടാനാവാത്തതൊന്നുമായിരുന്നില്ല എന്നും കാണാം. 'കണ്ടപ്പോൾ വന്ദിച്ചില്ല' മുതലായ നിസ്സാരകാരണങ്ങളുടെ പേരിൽ നാടൻപ്രഭുക്കൾ ബ്രാഹ്മണരെ വധിക്കുന്ന നിരവധി ഐതിഹ്യങ്ങൾ ഇതിലുണ്ട്. തുടർന്ന് ജന്മംകൊള്ളുന്ന ബ്രഹ്മരക്ഷസ്സുകളെ വിവിധ ക്ഷേത്രങ്ങളിൽ കുടിയിരുത്തിയിരിക്കുന്നു. തെക്കുംകൂർ രാജാക്കന്മാരുടെ മതേതരവീക്ഷണം വളരെയധികം ഉദാഹരണങ്ങളിലൂടെ സമർത്ഥിക്കുന്നു. കൃസ്ത്യൻ പള്ളികൾ നിർമ്മിക്കുന്നതിനും വരുമാനമാർഗ്ഗങ്ങൾ ഏൽപ്പിക്കുന്നതിനും അവർ ഭൂമി സൗജന്യമായി നൽകി. മതവിശ്വാസങ്ങൾ അനുസരിക്കാത്ത കൃസ്ത്യാനികളെ ശിക്ഷിക്കുകപോലും ചെയ്തു. ക്ഷേത്രാവശ്യത്തിനുള്ള എണ്ണയും ശർക്കരയും കൃസ്ത്യാനി തൊട്ടാലേ ശുദ്ധമാവുകയുള്ളൂ എന്നും ഏർപ്പെടുത്തി. ഇതൊക്കെ ചെയ്തിട്ടും പോർച്ചുഗീസ് മെത്രാന്മാർ തിരിച്ചെങ്ങനെയാണ് പെരുമാറിയതെന്നും ഇതിൽ കാണാം. തെക്കുംകൂർ രാജാവിന്റെ സഹായസഹകരണങ്ങൾ നിർലോഭം സ്വീകരിച്ച അലക്സിസ് മെനസിസ് 'മിഥ്യാദേവതമാരെ പൂജിക്കാതെ ക്രിസ്തുവിന്റെ രക്ഷാമാർഗം സ്വീകരിക്കാൻ' രാജാവിനെ ഉപദേശിച്ചതായി അന്റോണിയോ ഗുവായ തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു (പേജ് 59).
സ്ഥലനാമങ്ങളുടെ ഉല്പത്തി മാത്രമാണ് ഈ പുസ്തകം കാര്യമായിത്തന്നെ വിവരിച്ചുതരുന്നത്. ആ പ്രക്രിയയിൽ എല്ലാത്തരം വിവരങ്ങളും നമ്പൂതിരി സ്വീകരിക്കുന്നുണ്ട് - വാമൊഴി, ഐതിഹ്യം, ലിഖിതരേഖ എന്നിവ. എങ്കിലും വാമൊഴിക്കാണ് അല്പം കൂടുതൽ പ്രാധാന്യം നൽകുന്നത്. ദേവിയെ പ്രതിഷ്ഠിച്ചപ്പോൾ നിലത്തുറക്കാത്തതിനാൽ 'ഇവിടെ പാർക്ക്' എന്ന് പാക്കനാർ ശുണ്ഠിയെടുത്തുകൊണ്ട് ബിംബം ഉറപ്പിച്ചതിനാലാണ് 'പാക്ക്' എന്ന സ്ഥലപ്പേരുണ്ടായത്. സർപ്പക്കാവുകൾ തിങ്ങിനിറഞ്ഞ സ്ഥലം കാവാലയവും പിന്നീട് 'കാവാലവുമായി'. ഇതൊന്നും വസ്തുനിഷ്ഠമായ ഒരു കഥനരീതിയുടെ ആവിഷ്‌കാരമല്ല കാട്ടിത്തരുന്നത്. കപടശാസ്ത്രീയവീക്ഷണങ്ങൾ ഗ്രന്ഥകാരൻ പുലർത്തുന്നതിന്റെ ചില ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാൻ കഴിയും. സൂര്യരശ്മിയിലെ വിഷാംശം സർപ്പങ്ങൾ ആഗിരണം ചെയ്യുന്നു എന്ന് ആധുനികശാസ്ത്രം കണ്ടെത്തിയിരിക്കുന്നതായി അവകാശപ്പെടുന്നത് യാതൊരടിസ്ഥാനവുമില്ലാത്ത ഒരു അന്ധവിശ്വാസം മാത്രമാണ്. ക്ഷേത്രത്തിലെ ദേവതയും തൊട്ടടുത്ത ക്രിസ്ത്യൻ ദേവാലയത്തിൽ ആരാധിക്കപ്പെടുന്ന വിശുദ്ധവ്യക്തിത്വവും സഹോദരങ്ങളാണെന്ന വിശ്വാസം ഒട്ടനവധി സ്ഥലങ്ങളിലുള്ളതായി രേഖപ്പെടുത്തുന്നു. എന്നാൽ അതിനോടൊപ്പംതന്നെ സഹോദരഭാവത്തിനുവിരുദ്ധമായ നിലപാടുകളും അപൂർവമായി കാണാം. ക്ഷേത്രദേവതയെ മന്ത്രശക്തിയിൽ വെല്ലുവിളിക്കുന്ന കത്തനാർമാർ രാജ്യത്തുണ്ടായിരുന്നു. മാന്ത്രികസിദ്ധിയിൽ അവർ ചിലപ്പോഴെല്ലാം ബ്രാഹ്മണരെ അതിജീവിക്കുന്നുമുണ്ടായിരുന്നു. തൊട്ടടുത്ത പള്ളിയിൽ ശക്തിയായി മണിയടിക്കുന്നത് അസഹ്യതയുണ്ടാക്കിയ ഒരു ദേവനെക്കുറിച്ചും ഇതിൽ സൂചിപ്പിക്കുന്നു.
തെക്കുംകൂർ രാജകുടുംബത്തിന്റെ പശ്ചാത്തലത്തിൽ കുറുപ്പംവീട്ടിൽ ഗോപാലപിള്ള എഴുതിയ 'റാണി മംഗളാബായി', 'തെക്കുംകൂർ റാണി', 'പോർക്കളത്തിന്റെ പിന്നിൽ' എന്നീ ചരിത്ര ആഖ്യായികകളുടെ സംക്ഷിപ്തവിവരണം പുസ്തകത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. പ്രാദേശികചരിത്രരചന മലയാളത്തിൽ ശക്തിപ്പെടുന്നതിന്റെ സൂചനയായി ഈ കൃതിയെ പരിഗണിക്കാവുന്നതാണ്. ഒട്ടേറെ രേഖകൾ പരിശോധിച്ചും നിരവധിയാളുകളുമായി അഭിമുഖങ്ങൾ നടത്തിയുമാണ് ഗ്രന്ഥകാരൻ വളരെയധികം വസ്തുതകൾ ശേഖരിച്ച് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. വസ്തുനിഷ്ഠതയുടെ കാര്യത്തിൽ അൽപ്പംകൂടി ശ്രദ്ധിക്കണമായിരുന്നു എന്നതാണ് ഇതിന്റെ ന്യൂനത. എങ്കിലും ബുദ്ധിമുട്ടില്ലാതെ അനായാസം വായിച്ചുപോകാവുന്ന ഈ കൃതി തെക്കുംകൂറിന്റെ രാജ്യവിജ്ഞാനകോശം തന്നെയാണ്.
പുസ്തകം ശുപാർശ ചെയ്യുന്നു.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Thekkumkoor - Charithravum Puravruthavum'
Author: N E Kesavan Namboothiri
Publisher: SPCS, 2014 (First)
ISBN: 978000019760
Pages: 328