"അങ്കമാലി കല്ലറയിൽ
ഞങ്ങടെ സോദരരാണെങ്കിൽ
ആ കല്ലറയാണേ കട്ടായം
പകരം ഞങ്ങൾ ചോദിക്കും"
വിമോചനസമരകാലത്ത് കേരളമെങ്ങും മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണിത്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ മറിച്ചിടാൻ ക്രിസ്ത്യൻ-നായർ മേധാവികൾ നയിച്ച വിമോചനസമരം പലയിടങ്ങളിലും അക്രമാസക്തമാവുകയും തുടർന്നുണ്ടായ പോലീസ് വെടിവെപ്പുകളിൽ 15 പേർ കൊല്ലപ്പെടുകയും ചെയ്തു. സമകാലീന ഇ.എം.എസ്സ് സ്മരണകളിലെല്ലാം ഈ ചോര പുരണ്ട അദ്ധ്യായം വിസ്മരിച്ചുകളയുകയാണ് പതിവ്. അങ്കമാലിയിൽ നടന്ന ഒരു പ്രകടനത്തിനുനേരെയുണ്ടായ വെടിവെപ്പിലാണ് ഏഴു പേർക്ക് ജീവഹാനി സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ജനപദമായ അങ്കമാലിയിൽ സഭകൾക്ക് നല്ല വേരോട്ടമുണ്ട്. മരിച്ചവരെല്ലാം തികഞ്ഞ മതവിശ്വാസികളും രാഷ്ട്രീയമായി വ്യക്തമായ അഭിപ്രായമൊന്നും ഇല്ലാത്തവരുമായിരുന്നു. മറ്റു പലതരത്തിലും ശ്രദ്ധേയമായ മദ്ധ്യകേരളത്തിലെ ഒരു പട്ടണമാണ് അങ്കമാലി. ഈ പട്ടണത്തെക്കുറിച്ച് ലഭിക്കാവുന്നതും കണ്ടെത്താവുന്നതുമായ രേഖകളെല്ലാം പരിശോധിച്ച് ഒരു ഗവേഷണപഠനം നടത്തുവാനുള്ള ശ്രമമാണ് ഈ പുസ്തകം. നാട്ടുകാർ തന്നെയായ വർഗീസ് അങ്കമാലി, ജോമോൻ തച്ചിൽ എന്നിവരുടെ സംയുക്ത ഉദ്യമമാണ് പ്രാദേശികചരിത്രത്തിന്റെ ജനുസ്സിൽ പെടുത്താവുന്ന ഈ രചന.
ഞങ്ങടെ സോദരരാണെങ്കിൽ
ആ കല്ലറയാണേ കട്ടായം
പകരം ഞങ്ങൾ ചോദിക്കും"
വിമോചനസമരകാലത്ത് കേരളമെങ്ങും മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമാണിത്. ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാരിനെ മറിച്ചിടാൻ ക്രിസ്ത്യൻ-നായർ മേധാവികൾ നയിച്ച വിമോചനസമരം പലയിടങ്ങളിലും അക്രമാസക്തമാവുകയും തുടർന്നുണ്ടായ പോലീസ് വെടിവെപ്പുകളിൽ 15 പേർ കൊല്ലപ്പെടുകയും ചെയ്തു. സമകാലീന ഇ.എം.എസ്സ് സ്മരണകളിലെല്ലാം ഈ ചോര പുരണ്ട അദ്ധ്യായം വിസ്മരിച്ചുകളയുകയാണ് പതിവ്. അങ്കമാലിയിൽ നടന്ന ഒരു പ്രകടനത്തിനുനേരെയുണ്ടായ വെടിവെപ്പിലാണ് ഏഴു പേർക്ക് ജീവഹാനി സംഭവിച്ചത്. കേരളത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ ജനപദമായ അങ്കമാലിയിൽ സഭകൾക്ക് നല്ല വേരോട്ടമുണ്ട്. മരിച്ചവരെല്ലാം തികഞ്ഞ മതവിശ്വാസികളും രാഷ്ട്രീയമായി വ്യക്തമായ അഭിപ്രായമൊന്നും ഇല്ലാത്തവരുമായിരുന്നു. മറ്റു പലതരത്തിലും ശ്രദ്ധേയമായ മദ്ധ്യകേരളത്തിലെ ഒരു പട്ടണമാണ് അങ്കമാലി. ഈ പട്ടണത്തെക്കുറിച്ച് ലഭിക്കാവുന്നതും കണ്ടെത്താവുന്നതുമായ രേഖകളെല്ലാം പരിശോധിച്ച് ഒരു ഗവേഷണപഠനം നടത്തുവാനുള്ള ശ്രമമാണ് ഈ പുസ്തകം. നാട്ടുകാർ തന്നെയായ വർഗീസ് അങ്കമാലി, ജോമോൻ തച്ചിൽ എന്നിവരുടെ സംയുക്ത ഉദ്യമമാണ് പ്രാദേശികചരിത്രത്തിന്റെ ജനുസ്സിൽ പെടുത്താവുന്ന ഈ രചന.
അങ്കമാലിയിലെ ക്രിസ്ത്യൻ ജനസംഖ്യ തൊണ്ണൂറു ശതമാനത്തിനുമേൽ വരുമെന്നാണ് പുസ്തകത്തിൽ സൂചിപ്പിക്കുന്നത്. അതിനാൽത്തന്നെ അതിന്റെ ചരിത്രത്തിൽ ഏറിയ പങ്കും ആ മതവും, അതിന്റെ പുരോഹിതരും, അവരുടെ സഭകളുമായി ബന്ധപ്പെട്ടുനിൽക്കുന്നതിൽ അതിശയിക്കാനില്ല. എന്നാൽ ക്രൈസ്തവസഭകൾ എത്രതന്നെ പുരാതനത്വം അവകാശപ്പെട്ടാലും കൃത്യമായ രേഖകളും അനുബന്ധസാമഗ്രികളും പോർച്ചുഗീസ് അധിനിവേശത്തിനുശേഷം മാത്രമേ അവർക്ക് കാണിക്കുവാനുള്ളൂ എന്നതൊരു സത്യമാണ് (ഒൻപതാം നൂറ്റാണ്ടിലെ തരിസാപ്പള്ളി ശാസനം ഇവിടെ മറക്കുന്നില്ല). അങ്കമാലിയുടെ കാര്യത്തിലും സ്ഥിതി മറിച്ചല്ല. അങ്കമാലി ആസ്ഥാനമാക്കി 34 വർഷം കേരളസുറിയാനികളെ ഭരിച്ച അവസാനത്തെ കൽദായ മെത്രാനാണ് മാർ അബ്രഹാം. വിദേശിയായ ഇദ്ദേഹം 1583-ൽ ഈശോസഭക്കാരുടെ സഹായത്തോടെ അങ്കമാലിയിൽ ആദ്യത്തെ പ്രാദേശിക സൂനഹദോസ് വിളിച്ചുകൂട്ടി. കേരളത്തിൽ വച്ചുനടന്ന അംഗീകാരമുള്ള ആദ്യത്തെ സുനഹദോസാണിത്. മാർ അബ്രഹാം 1597-ൽ നിര്യാതനായി. മാർപ്പാപ്പമാരും സുറിയാനി പാത്രിയർക്കീസുമാരും കേരളത്തിലെ നസ്രാണികൾക്കുവേണ്ടി നടത്തിയ മതാധികാര വടംവലിയിൽ യഥാർത്ഥ സുറിയാനികൾക്ക് നഷ്ടങ്ങൾ സംഭവിച്ചു. ഉയർന്ന പുരോഹിതർ പോലും കൂറ് പൂർണമായും ഒരു ഭദ്രാസനത്തിൽ അർപ്പിച്ചിരുന്നില്ല എന്നു കരുതേണ്ടിവരും. ഉദയംപേരൂർ സൂനഹദോസ് മാർ അബ്രാഹത്തിനെ നെസ്തോറിയൻ എന്നു മുദ്രകുത്തി പാഷണ്ഡത (heretic) ആരോപിച്ചതിനാൽ അദ്ദേഹത്തിന്റെ ശവകുടീരം ഇന്നും ആലേഖനങ്ങളില്ലാതെ നിലകൊള്ളുന്നു. 1599-ൽ ഉദയംപേരൂരിൽ വെച്ചുനടന്ന സുനഹദോസിന് അങ്കമാലി സൂനഹദോസ് എന്നാണ് പേരിട്ടിരുന്നത്. ഈ മതസമ്മേളനത്തിൽ സുറിയാനി ആരാധനാക്രമം വിലക്കി. ഗോവയിൽനിന്ന് പോർച്ചുഗീസുകാരനായ മെനെസിസ് മെത്രാപ്പോലീത്ത അങ്കമാലിയിലെ ഗ്രന്ഥാലയത്തിലെത്തി സുറിയാനി ഗ്രന്ഥങ്ങൾ അഗ്നിക്കിരയാക്കി. 391-ൽ അലക്സാൻഡ്രിയയിലെ ഗ്രന്ഥാലയം തീവെച്ചുനശിപ്പിച്ച തെയോഫിലസ് മെത്രാനെ ഇവിടെ സ്മരിക്കാം! മെനെസിസ് അങ്കമാലിയെ ഗോവയുടെ സാമന്തരൂപതയായി തരംതാഴ്ത്തി. അതിനുശേഷം ലത്തീൻ മെത്രാന്മാർ അങ്കമാലി ഭരിച്ചു. സുറിയാനികൾ അവർക്കു വിധേയരായി. എന്നാൽ അർക്കാദിയാക്കോന്റെ നേതൃത്വത്തിൽ അവർ വീണ്ടും സംഘടിച്ച് 1653-ലെ കൂനൻകുരിശു സത്യത്തോടെ ലത്തീൻ സഭയുമായുള്ള ബന്ധം വിടർത്തി. ഒരുകൂട്ടം ആളുകൾ സുറിയാനി ആരാധനാക്രമത്തോടെ മാർപ്പാപ്പയുമായുള്ള ബന്ധം തുടർന്നപ്പോൾ മറ്റൊരു കൂട്ടർ അന്ത്യോഖ്യയിലെ പാത്രിയർക്കീസിന്റെ ആത്മീയനേതൃത്വത്തിനുകീഴിൽ തീർത്തും സ്വതന്ത്രരായി മാറി.
അങ്കമാലി എന്ന പേരിന്റെ ഉത്ഭവം ഗ്രന്ഥകർത്താക്കൾ വിവരിക്കുന്നത് കുറെയൊക്കെ അവിശ്വസനീയമായി തോന്നാം. പുരാതനകാലം മുതലേ നസ്രാണി ഭടന്മാരുടെ ഒരു സങ്കേതവും അങ്കം, കളരിപ്പയറ്റ് തുടങ്ങിയ പല ആയോധനകലകളും അഭ്യസിപ്പിച്ചിരുന്ന ഒരു കേന്ദ്രവുമായിരുന്നു ഇത്. അങ്കം അഭ്യസിപ്പിച്ചിരുന്ന മാലി (മൈതാനം) ആയതുകൊണ്ടാകാം അങ്കമാലി എന്ന നാമം സിദ്ധിച്ചതെന്ന് ഊഹിക്കുന്നു (പേജ് 34). 522-ൽ ഇന്ത്യ സന്ദർശിച്ച കോസ്മോസ് (ഇന്തിക്കോപ്ലൂസ്തസ്) എന്ന ബൈസാന്തിയൻ സഞ്ചാരി 'മാലിയിൽ ബിഷപ്പുണ്ടായിരുന്നു' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇത് അങ്കമാലിയാണെന്ന അവകാശവാദം ശരിയാകാനിടയില്ല. അങ്കമാലിക്കുചുറ്റുമുള്ള പതിനെട്ടരച്ചേരികളുടെ പേരുകളും അവയുടെ ഉത്ഭവവും വെറുതെ പറഞ്ഞുപോകുന്നതേയുള്ളൂ.
ടിപ്പു സുൽത്താന്റെ പടയോട്ടം അങ്കമാലി പട്ടണത്തെ തകർത്തതെങ്ങനെ എന്ന് സാമാന്യം വിശദമായി എഴുതിയിട്ടുണ്ട്. ഹിന്ദു-ക്രിസ്ത്യൻ ആരാധനാലയങ്ങൾ തകർത്തും കീഴടങ്ങുന്നവരെ നിർബന്ധപൂർവം മതം മാറ്റിയും കീഴടങ്ങാൻ കൂട്ടാക്കാത്തവരെ വധിച്ചും സ്ത്രീകളെ ബലാത്സംഗം ചെയ്തും ടിപ്പു പരിവാരസമേതം ഇരച്ചുകയറിയപ്പോൾ സുറിയാനി ക്രൈസ്തവകേന്ദ്രമായ അങ്കമാലിയിൽ ഗോവർണദോരുടെ വാസം സുരക്ഷിതമല്ലാതാവുകയും അദ്ദേഹം ജീവരക്ഷാർത്ഥം വടയാറ്റിലേക്ക് പലായനം ചെയ്യുകയും ചെയ്തു. ടിപ്പു നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്ത 23 പള്ളികളുടെ പട്ടിക കൊടുത്തിരിക്കുന്നു. തകർക്കപ്പെട്ട ഏതാനും ക്ഷേത്രങ്ങളുടെ പേരുകളും ഉണ്ട്. അങ്കമാലിയിൽ കിഴക്കേപ്പള്ളിയുടെ സമീപത്തുള്ള മെത്രാസനമന്ദിരവും വൈദികസെമിനാരിയും തകർക്കപ്പെട്ടു. എന്നാൽ ടിപ്പു തകർത്ത പള്ളികളിൽ മിക്കവയും പാറേമ്മാക്കൽ ഗോവർണദോർ ഏറെ താമസിയാതെ പുതുക്കിപ്പണിതു (പേജ് 116). ടിപ്പുവിന്റെ മുന്നേറ്റത്തിന് തടയിടാനായി തിരുവിതാംകൂർ തീർത്ത നെടുങ്കോട്ട അങ്കമാലിക്കു സമീപത്തായിരുന്നുവെന്നത് കൗതുകകരമായ വസ്തുതയാണ്. എന്നാൽ ഈ മൺകോട്ട തകർക്കുവാൻ മൈസൂർ സൈന്യത്തിന് ഏറെയൊന്നും മിനക്കെടേണ്ടി വന്നില്ല.
രണ്ടു ഗ്രന്ഥകർത്താക്കളും കൃസ്തീയവിശ്വാസികളായതിനാലാകാം സഭാചരിത്രം മാത്രമാണ് പുസ്തകത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും. എന്നാൽ ഹൈന്ദവസമുദായത്തെ താറടിച്ചും ചെറുതാക്കിയും ചിത്രീകരിക്കുന്ന ദുഷ്ടലാക്കോടുകൂടിയ ഒരു വികടപ്രവണത ഈ പുസ്തകത്തിലുടനീളം കാണാം. മറ്റു സമുദായങ്ങളെ ഇകഴ്ത്തുന്നതിൽ ഈ ലേഖകർ ഗൂഢമായ ആനന്ദം നേടുന്നുണ്ടാകണം. ഇത് പലപ്പോഴും പരസ്പരവിരുദ്ധവും തെറ്റുമായ നിരീക്ഷണങ്ങളിലേക്ക് വഴിവെക്കുകയും ചെയ്യുന്നു. ഉദാഹരണമായി പറഞ്ഞാൽ 'കേരളത്തിൽ കൃസ്തുമതം പ്രചരിച്ചുതുടങ്ങിയ സംഘകാലത്ത് ജനങ്ങളിൽ ഭൂരിപക്ഷത്തിനും പ്രത്യേകിച്ച് മതമൊന്നും ഉണ്ടായിരുന്നില്ല. കേരളത്തിലെത്തിയ യഹൂദന്മാരുടെ സംസ്കാരമാണ് കേരളസംസ്കാരത്തിന്റെ അടിത്തറ എന്നുപറയുന്നതിൽ തെറ്റില്ല' (പേജ് 17) എന്ന പ്രകോപനപരവും അബദ്ധജടിലവുമായ ഒരു പരാമർശമുണ്ട്. ജൂതസംസ്കാരമാണ് കേരളീയസംസ്കാരം എന്ന ഇവറ്റകളുടെ കണ്ടുപിടിത്തം എങ്ങനെയുണ്ട്? തരിസാപ്പള്ളി ചെപ്പേടുകളിൽ സാക്ഷികളായി വേദബ്രാഹ്മണരെ ചേർത്തുകാണാത്തത് അന്ന് കേരളക്കരയിൽ നമ്പൂതിരിമാർ ഉണ്ടായിരുന്നില്ല എന്നതിന് തെളിവാണെന്ന് പേജ് 31-ൽ പറയുന്ന ഇവർ തോമാശ്ലീഹാ ബ്രാഹ്മണരെ മതപരിവർത്തനം ചെയ്തുവെന്ന് പേജ് 20-ൽ പറഞ്ഞത് മറന്നുപോകുന്നു. തോമാശ്ലീഹായുടെ കേരളത്തിലേക്കുള്ള വരവിന്റെ കഥ പരശുരാമൻ മഴുവെറിഞ്ഞ് കേരളക്കര ഉയർത്തിയതാണെന്നതുപോലുള്ള ഒരു ഐതിഹ്യം മാത്രമാണ്. അങ്കമാലിക്കു ചുറ്റുമുള്ള ക്ഷേത്രങ്ങൾ ജൈനമതധ്വംസനം നടത്തി ഹിന്ദു ക്ഷേത്രങ്ങളാക്കിയതാണെന്ന വികലധാരണയും കാണാം. മൂഴിക്കുളം ക്ഷേത്രത്തിൽ ജൈനരെ തൂക്കിലേറ്റിയിരുന്നു എന്നൊക്കെയുള്ള പുളിച്ചുതികട്ടലുകൾ ഈ കുഞ്ഞാടുകൾ നമ്മുടെ മുന്നിലേക്ക് കാഴ്ചവെയ്ക്കുന്നു. അങ്കമാലിക്കുചുറ്റും പ്രബലമായിരുന്ന ജൈന-ബുദ്ധ-ക്രിസ്ത്യൻ മതങ്ങളെ ഉച്ചാടനം ചെയ്യാനാണ് കാലടിയിൽ ജനിച്ച ശങ്കരാചാര്യർ അദ്വൈതസിദ്ധാന്തവുമായി ഇന്ത്യയൊട്ടാകെ ചുറ്റിസഞ്ചരിച്ചത് (പേജ് 135). ശങ്കരാചാര്യരെക്കുറിച്ച് ഈ ഗ്രന്ഥത്തിലുള്ള ഏക പരാമർശമാണിത്! ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള ഹിന്ദു ആവാസകേന്ദ്രങ്ങൾ കേരളചരിത്രത്തിൽ ഉന്നതിയിൽ വരുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ മാത്രമാണത്രേ (പേജ് 154). തീർന്നില്ല, 'ഈഴവർ ഈയടുത്തകാലത്താണ് ഹിന്ദുക്കളായി തീർന്നത്' (പേജ് 156). ഇതൊക്കെ ഒന്നിച്ചുകാണുമ്പോൾ പുസ്തകത്തിന്റെ ഉചിതമായ തലക്കെട്ട് 'വങ്കമാലി രേഖകൾ' എന്നാക്കുന്നതാണെന്നു തോന്നിപ്പോകും.
കൃസ്തീയസഭാചരിത്രം മാത്രമാണ് ഈ പുസ്തകത്തിലെ മുഖ്യ പ്രതിപാദ്യവിഷയമെന്നതിനാൽ ശീർഷകത്തോട് പൂർണമായും നീതി പുലർത്താൻ ഇതിനു സാധിച്ചിട്ടില്ല. ചരിത്രവുമായി നേരിട്ട് ബന്ധമൊന്നും പുസ്തകത്തിനോ അതിന്റെ രചയിതാക്കൾക്കോ ഉള്ളതായി വായനക്കാരെ ബോദ്ധ്യപ്പെടുത്താൻ അവർക്കു സാധിച്ചിട്ടില്ല. യഹൂദന്മാർ കൃസ്ത്യാനികളാണെന്ന തെറ്റിദ്ധാരണയും ഇവർക്കുള്ളതായി തോന്നുന്നു. പലയിടങ്ങളിലും അത്തരം വിവരങ്ങൾ കാണാം. കേരളത്തിൽ യഹൂദന്മാർ കൃസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതായും പരാമർശിക്കുന്നു. യൂറോപ്പിലെ കൃസ്തുമതത്തിന്റെ അടിച്ചമർത്തലിൽനിന്ന് രക്ഷപ്പെടാനാണ് യഹൂദർ പലായനം ചെയ്തിട്ടുള്ളത്. അങ്ങനെയുള്ള അവർ യാതൊരു ഭീഷണിയും നേരിടാത്ത കേരളത്തിൽ കൃസ്ത്യാനികളായി മാറി എന്നു വാദിക്കുന്നത് എത്ര പരിഹാസ്യമാണ്!
സാഹിത്യപരമായോ ചരിത്രപരമായോ നാട്ടറിവുകളുടെ തലത്തിൽ പോലുമോ യാതൊരു മൂല്യവുമില്ലാത്ത ഈ കൃതി ശുപാർശ ചെയ്യുന്നില്ല.
സാഹിത്യപരമായോ ചരിത്രപരമായോ നാട്ടറിവുകളുടെ തലത്തിൽ പോലുമോ യാതൊരു മൂല്യവുമില്ലാത്ത ഈ കൃതി ശുപാർശ ചെയ്യുന്നില്ല.
Book Review of 'Angamaly Rekhakal'
Author: Varghese Angamaly, Jomon Thachil
Publisher: Merit Books, Ernakulam, 2002 (First)
ISBN: Nil
Pages: 222