Monday, March 4, 2013

ആത്മാവിന്റെ ഹിമാലയം

"ഇന്ത്യയുടെ തത്വജ്ഞാനത്തിന്റെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയാണ് ഉപനിഷത്ത്; ലോകചിന്തയിലാകട്ടെ ആത്മീയാനുഭൂതിയുടെ അത്യുന്നതമായ ആദിശൃംഗവും. അതിനാല്‍ ഉപനിഷത്തെന്ന്‍ കേള്‍ക്കുമ്പോള്‍, അറിയുന്നവരുടെ മനസ്സില്‍ പര്‍വതരാജനായ ഹിമാലയത്തിന്റെ ചിത്രം താനേ ഉയര്‍ന്നുവരുന്നു. വ്യോമം ഭേദിച്ച ഹിമാലയത്തിന്റെ താഴ്വരകളില്‍ നിന്നും സമതലങ്ങളില്‍നിന്നുമാണ് ഈ രണ്ടാം ഹിമാലയം ഉണ്ടായത്. എങ്കിലും അതുയര്‍ന്നുയര്‍ന്ന്‍ പരമവ്യോമം വരെ ചെന്നു മുട്ടിയപ്പോള്‍, ഹിമാലയത്തെക്കാള്‍ എത്രയോ മഹത്വമാര്‍ന്ന ഒരു കാവല്‍ക്കാരനെ ഭാരതത്തിന്‌ കിട്ടി."

കഴിഞ്ഞ വര്‍ഷം അന്തരിച്ച ശ്രീ. സുകുമാര്‍ അഴീക്കോടിന്റെ 'തത്വമസി'യിലെ ആദ്യത്തെ വരികളാണിത്. എനിക്ക് സമ്മാനമായി ലഭിച്ച പുസ്തകമായതുകൊണ്ടാകാം തത്വമസി നന്നേ ചെറുപ്പത്തിലേ വായിച്ചിരുന്നു. അതിലെ ഗഹനമായ ചിന്തകളൊന്നും ചെവികള്‍ക്കിടയില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ മഹദ്ഗ്രന്ഥം വായിച്ചു തീര്‍ക്കണം എന്ന വാശിയോടെ അതുമുഴുവന്‍ ഒരു കണക്കിന് വായിച്ചെത്തിച്ചു. ആ വൃക്ഷത്തിലെ ഏതാണ്ടെല്ലാ ശിഖരങ്ങളും എനിക്ക് കയ്യെത്താവുന്നതിലും ഉയരത്തിലായിരുന്നെങ്കിലും താഴേക്ക് ചാഞ്ഞുനിന്നിരുന്ന 'ആത്മാവിന്റെ ഹിമാലയം' എന്ന ചില്ല വളരെ ആകര്‍ഷണീയമായി മാറി. ഭാരതത്തിന് ഹിമാലയം ഒരു ഭൌമശാസ്ത്രപരമായ അതിരു മാത്രമല്ല, അതിന്റെ സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ചിന്തയുടേയും കുടിയിരിപ്പുകൂടിയാണ്. ഭൌതികഹിമാലയം രാജ്യത്തിന് എങ്ങനെയാണോ അതിലും ഉത്കര്‍ഷമായ വിധത്തിലാണ് ഭാരതീയ തത്വചിന്തയ്ക്ക് ഉപനിഷത്തുക്കള്‍ എന്നാണ് അഴീക്കോട്‌ സ്ഥാപിക്കുന്നത്.

മഞ്ഞണിഞ്ഞ ഹിമാലയസാനുക്കള്‍ എന്നും എന്നെ ആകര്‍ഷിച്ചിരുന്നു. ആല്‍പ്സും ഹിമാലയവും ചിത്രങ്ങളിലേ കണ്ടിട്ടുള്ളൂ എങ്കിലും ഒറ്റനോട്ടത്തില്‍ തന്നെ അവയെ വേര്‍തിരിച്ചറിയുന്നത് എന്തുകൊണ്ടാണ്? ഹിമവാന്റെ അദൃശ്യകരങ്ങള്‍ തലമുറകളിലൂടെ വളര്‍ന്ന്  ഇവിടത്തെ ഓരോ കുഞ്ഞിന്റെയും തലച്ചോറില്‍ മായ്ക്കാനാവാത്തവിധം പതിഞ്ഞിട്ടുണ്ടാകാം. ആ പര്‍വതശ്രേഷ്ഠനെ തിരിച്ചറിയുവാനുള്ള ഒരു ജീന്‍ നമ്മുടെ ജനിതകഘടനയില്‍ പരിണാമം രേഖപ്പെടുത്തിയിട്ടുണ്ടാകുമോ?

ജീവിതത്തിലൊരിക്കലെങ്കിലും ഹിമവാന്റെ മടിത്തട്ടില്‍ ചെന്നിറങ്ങണമെന്ന് മനസ്സില്‍ പണ്ടുമുതലേയുള്ള ഒരു ചെറിയ മോഹം. ഇതുവരെ നടന്നില്ല, എങ്കിലും ഇനിയധികം വൈകിക്കേണ്ട എന്നൊരു തോന്നല്‍ ശക്തമായിവരുന്നു. ഹരിദ്വാറും ബദരീനാഥുമൊന്നുമല്ല, കാരക്കോറം മുതല്‍ അരുണാചല്‍ വരെ നീണ്ടുകിടക്കുന്ന ആ ഗിരിനിരയില്‍ എവിടെയെങ്കിലും കാലുകുത്താന്‍ ആഗ്രഹം ശക്തമാവുന്നു. ഡാര്‍ജീലിംഗും ഗാംഗ്ടോക്കും സന്ദര്‍ശിക്കാന്‍ വഴിതെളിയുന്നത് ഇങ്ങനെയാകാം!

No comments:

Post a Comment