വാസ്‌കോ ഡാ ഗാമ (1460 - 1524) |
1497 ജൂലൈ 7 ന് പോർച്ചുഗലിൽനിന്ന് മൂന്നു കപ്പലുകളുമായി പുറപ്പെട്ട ഗാമയും 117 സംഘാംഗങ്ങളും 1498 ഏപ്രിൽ 15 ന് കിഴക്കനാഫ്രിക്കയിലെ മാലിന്ദി എന്ന തുറമുഖത്തെത്തി. മുൻപ് കണ്ടുമുട്ടിയ ഗോത്രവർഗക്കാരുമായെല്ലാം അടിവെച്ചുപിരിഞ്ഞ ഗാമ ഇവിടെയും തനിസ്വഭാവം പുറത്തെടുത്തു. ഇന്ത്യയിലേക്ക് പോകാൻ പരിചയസമ്പന്നനായ ഒരു വഴികാട്ടിയെയാണ് ആവശ്യപ്പെട്ടത്. നാടുവാഴിയുടെ ഒരു വിശ്വസ്തസേവകനെ തടവിലാക്കിക്കൊണ്ട് ഗാമ തന്റെ ആവശ്യം നേടിയെടുത്തു. അറബിക്കടലിനുകുറുകെ നീങ്ങിയ സംഘം മെയ് 18 ന് കര കാണുകയും 20 ന് ഞായറാഴ്ച കോഴിക്കോടിനും പന്തലായിനിക്കും മദ്ധ്യേ നങ്കൂരമിട്ടു. ചെറുവഞ്ചികൾ കപ്പലിനെ സമീപിച്ച് കരയിലേക്കുവരാൻ നാവികരോട് അഭ്യർഥിച്ചു.
കുടിക്കുന്ന വെള്ളത്തെപ്പോലും അവിശ്വസിച്ചിരുന്ന ഗാമ പെട്ടെന്ന് അതിനു തയ്യാറായില്ല. സംശയാലുവായ അദ്ദേഹം കുറെ കുറ്റവാളികളെയും നൌകയിൽ കൊണ്ടുവന്നിരുന്നു. സ്വാതന്ത്ര്യം വാഗ്ദാനം ചെയ്ത് അപകടകരമായ ദൌത്യങ്ങൾ ഏൽപ്പിക്കാനായിരുന്നു അവരെ കൂടെ കൂട്ടിയിരുന്നത്. ചതിപ്രയോഗം സംശയിച്ചിരുന്ന ഗാമ ജോവോ നൂനെസ് എന്ന ഒരു മുൻകുറ്റവാളിയെയാണ് മെയ് 21 ന് ആദ്യമായി കരയിലിറങ്ങാൻ നിയോഗിച്ചത്. അയാൾ അങ്ങനെ ചരിത്രത്തിലേക്ക് നടന്നിറങ്ങി. ഒരാഴ്ച കൂടി കഴിഞ്ഞ് സാമൂതിരി നിർബന്ധമായും ഗാമയെ കാണണമെന്നാവശ്യപ്പെട്ടപ്പോഴാണ് മെയ് 28 ന് അദ്ദേഹം കരയിലെത്തുന്നത്.
സാമൂതിരിയും കേരളത്തിലെ ജനങ്ങളും വഴിതിരിഞ്ഞുപോയ ക്രിസ്തീയ ജനതയാണെന്നാണ് പോർച്ചുഗീസുകാർ കരുതിയത്. ക്ഷേത്രസന്ദർശനവും അവിടത്തെ വിഗ്രഹങ്ങളും ആരാധനാരീതികളുമൊന്നും ആ ധാരണ തിരുത്താൻ സഹായിച്ചില്ല എന്നതാണ് അത്ഭുതം. ഗാമ പോർച്ചുഗലിൽ തിരിച്ചെത്തിയതിനുശേഷം അയക്കപ്പെട്ട പെഡ്രോ അൽവാരെസ് കബ്രാളിന്റെ ദൌത്യവും ഈ ക്രിസ്തീയരാജാവിന് സഹായം ചെയ്ത് ഒട്ടോമൻ-മാമലൂക് സുൽത്താൻമാർക്കെതിരായ യുദ്ധത്തിൽ അവരെ പങ്കാളികളാക്കാം എന്നതായിരുന്നു. സാമൂതിരിയും ഗാമയും സംസാരിച്ചത് അവരവരുടെ ഭാഷകളിലായിരുന്നെങ്കിലും മാധ്യമമായി വർത്തിച്ചത് അറബി ഭാഷയായിരുന്നു. രാജസദസ്സിലെ മുസ്ലിം സ്വാധീനം ഗാമ എതിർക്കുകയും അടികലശലിൽ എത്തുകയും ചെയ്തു. കോഴിക്കോടുള്ള ചില പ്രമുഖരെ തടവുകാരായി പോർച്ചുഗലിലേക്ക് കൊണ്ടുപോയി.
അതുകൊണ്ട് ആദ്യം കാലുകുത്തിയ പോർച്ചുഗീസുകാരൻ ആര് എന്നു ചോദിച്ചാൽ എന്തു പറയും? കൃഷ്ണരാജസാഗര അണക്കെട്ട് നിർമിച്ചത് സർ വിശ്വേശ്വരയ്യ ആണ് എന്നു പറയുന്ന അർത്ഥത്തിൽ ഗാമയാണ് എന്നു പറയാം. അല്ലെങ്കിൽ ജോവോ നൂനെസിനെ മറക്കരുത്.
No comments:
Post a Comment