Monday, October 7, 2013

ശ്യാമമാധവത്തിന് വയലാർ അവാർഡ്

അർഹതയെ അംഗീകാരം തേടിവരും എന്നു തെളിയിച്ചിരിക്കുന്നു ഇത്തവണത്തെ വയലാർ അവാർഡ് പ്രഖ്യാപനം. പ്രഭാ വർമയുടെ ശ്യാമമാധവം എന്ന കാവ്യം ബഹുമതി നേടിയെടുത്തു. 2012-ലെ ഒരു വലിയ കോലാഹലമായിരുന്നു മലയാളം വാരിക ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന ഈ കാവ്യത്തിന്റെ ഗഡുക്കൾ നിർത്തിക്കളഞ്ഞത്. അതിനു കാരണമായതോ പന്ന രാഷ്ട്രീയവും!

പ്രഭാ വർമ ഒരു നല്ല കവിയാണെങ്കിലും അദ്ദേഹത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയവീക്ഷണം കാലഹരണപ്പെട്ടതും പുതിയ സാഹചര്യങ്ങളിൽ തികച്ചും പിന്തിരിപ്പനുമാണ്. മാത്രവുമല്ല, കമ്യൂണിസ്റ്റ് പാർട്ടിയിൽ മാത്രം കാണാൻ കഴിയുന്ന, ചിന്താശീലമുള്ള വ്യക്തികളുടെ മാനസിക അടിമത്തത്തോളമെത്തുന്ന പ്രത്യയശാസ്ത്ര പ്രതിബദ്ധത നമ്മുടെ കവിയുടെ അഭിപ്രായങ്ങളെ രാഷ്ട്രീയ ജല്പനങ്ങളുടെ നിലവാരത്തിലേക്ക് ചവുട്ടിത്താഴ്ത്തി. അല്ലെങ്കിൽ കമ്യൂണിസ്റ്റ് വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകികളെ ന്യായീകരിക്കേണ്ട ആവശ്യം പ്രഭാ വർമയ്ക്കുണ്ടായിരുന്നോ? ഈ വിമതരുടെ കാര്യമാണെങ്കിൽ പറയാനുമില്ല - മുഖ്യധാരാ കമ്യൂണിസ്റ്റുകൾ സമൂഹത്തെ 90 വർഷം മുൻപത്തെ ലെനിനിസ്റ്റ്-സ്റ്റാലിനിസ്റ്റ് കാലത്തിലേക്ക് ചവിട്ടിത്താഴ്ത്താൻ ആഗ്രഹിക്കുമ്പോൾ വിമതർ നമ്മെ 160 വർഷം മുൻപത്തെ മാർക്സ്-ഏംഗൽസ് കാലത്തേക്ക് പറിച്ചുനടുവാൻ ആഗ്രഹിക്കുന്നു. അത്രയേയുള്ളൂ അവർ തമ്മിലുള്ള വ്യത്യാസം! മലേറിയയും കോളറയും തമ്മിൽ ഒരു തെരഞ്ഞെടുപ്പ് നടത്തേണ്ടുന്ന അവസ്ഥയിൽ നാം പാവപ്പെട്ട ജനവും.

പക്ഷേ എല്ലാവരെയും അമ്പരപ്പിച്ച ഒരു സംഭവമായിരുന്നു മലയാളം വാരികയുടെ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രൻ നായരുടെ കൊടുവാളുമെടുത്തുള്ള അങ്കപ്പുറപ്പാട്. പ്രഭാ വർമ പുറപ്പെടുവിച്ച സ്വന്തം അഭിപ്രായത്തിനെതിരെ വിറളിയെടുത്ത് അദ്ദേഹം ശ്യാമമാധവം തന്റെ വാരികയിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചു. ആസ്വാദകലോകത്തിന് ഇന്നും മനസ്സിലാകാത്ത കാര്യമാണ് ഒരു കവിയുടെ വികലമെങ്കിലും വ്യക്തിപരമായ രാഷ്ട്രീയവീക്ഷണം ഇതിഹാസത്തിൽ അടിയുറപ്പിച്ച അയാളുടെ കാവ്യത്തിൽ പ്രതിഫലിക്കുന്നത് എങ്ങനെയെന്ന്! എന്നാൽ ഈ വാരികയുടെ കാര്യമോ? തീവ്ര ഇടതുപക്ഷ കാഴ്ചപ്പാടുകൾ മാത്രം പുളിച്ചുതികട്ടുന്നതും എല്ലാത്തരത്തിലുമുള്ള വ്യാവസായികവളർച്ചയേയും മുളയിലേ നുള്ളിക്കളയാൻ ശ്രമിക്കുന്നതുമായ കുറെ ലേഖനങ്ങളുടെ സമാഹാരത്തിന്റെ ആഴ്ചതോറുമുള്ള വിസർജനത്തിന്റെ പത്രാധിപരായി വാഴുമ്പോഴാണ് ജയചന്ദ്രൻ നായരുടെ ചാരിത്ര്യപ്രസംഗം അരങ്ങുതകർക്കുന്നത്. കുത്തക മുതലാളിയായ ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള മലയാളം വാരിക കമ്യൂണിസ്റ്റ് ആശയങ്ങൾ വിറ്റ് നല്ലതോതിൽ കാശുവാരുന്നുണ്ടെന്നാണ് കേൾവി. പണ്ട് കുഞ്ചാക്കോ മുതലാളി 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' മട്ടിലുള്ള സിനിമകളിറക്കി സഖാക്കളുടെ പോക്കറ്റിൽ കിടന്നിരുന്ന കുറെ കാശ് സ്വന്തം പെട്ടിയിലിട്ടതുപോലെ.

മലയാളം വാരികയുടെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് അന്നേ ഒരു പോസ്റ്റ്‌ എന്റെ മറ്റൊരു ബ്ലോഗിൽ ഇട്ടിരുന്നു. ശ്യാമമാധവം എന്ന അനിതരസാധാരണമായ ഒരു കാവ്യത്തിന്റെ മേന്മ സാംസ്കാരികകേരളം കാണാതെ പോകരുതേ എന്നൊരു അപേക്ഷയും അതിലുണ്ടായിരുന്നു. ആ കാവ്യത്തിന് വയലാർ അവാർഡ് സമ്മാനിക്കുമ്പോൾ കവിയോടൊപ്പം ഞാനും അഭിമാനിക്കുന്നു. വയലാർ അവാർഡ് കമ്മറ്റി ഇടതുപക്ഷക്കാരെക്കൊണ്ട് തിങ്ങിനിറഞ്ഞതാണെങ്കിലും ശ്യാമമാധവത്തിന് അടുക്കളവാതിലിലൂടെയുള്ള ഒരു സഹായവും ആവശ്യമില്ല. വിവാദങ്ങളെല്ലാം മാറ്റിവെച്ച് നമുക്കാ കാവ്യം വീണ്ടും വീണ്ടും വീണ്ടും വായിക്കാം.

No comments:

Post a Comment