Friday, June 27, 2014

കോട്ടണ്‍ ഹിൽ സ്കൂളിലെ സ്ഥലംമാറ്റം

ഉദ്ഘാടകനായ മന്ത്രി എത്താൻ താമസിച്ചതിന് കോട്ടണ്‍ ഹിൽ സ്കൂളിലെ പ്രധാന അധ്യാപിക അദ്ദേഹത്തെ പൊതുവേദിയിൽ വിമർശിക്കുകയും തുടർന്ന് അവരെ സ്ഥലം മാറ്റുകയും ചെയ്തതിനെത്തുടർന്ന് സർവീസ് യൂണിയൻ തമ്പുരാക്കന്മാരും അവരുടെ തലതൊട്ടപ്പൻമാരായ ഇടതു നേതാക്കളും ഇളകിമറിഞ്ഞിരിക്കുകയാണല്ലോ. ഈ ശിക്ഷ ശരിയാണോ തെറ്റാണോ എന്നതിനെക്കുറിച്ച് ഫേസ്ബുക്കിൽ നടക്കുന്ന ഒരു വാദപ്രതിവാദത്തിനു നല്കിയ മറുപടി.
-----------------------------------------------------------------------------
വിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും ഉന്നതനായ അധികാരിയെ അതേ വകുപ്പിലെ ഒരു താഴ്ന്ന ഉദ്യോഗസ്ഥ പൊതുവേദിയിൽ അധിക്ഷേപിച്ചതിന് അവരെ ചെറുതായൊന്ന് ശിക്ഷിച്ചത് ശരിയാണോ തെറ്റാണോ എന്നാണ് നമ്മളിപ്പോൾ വാദിച്ചുകൊണ്ടിരിക്കുന്നത്. അമ്മയെ തല്ലിയാലും രണ്ടുപക്ഷമുണ്ട് എന്ന പഴഞ്ചൊല്ല് എത്ര ശരിയാണ്!

ഒരു സ്കൂളിലെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം ചെയ്യാൻ മന്ത്രി തന്നെ വേണമെന്ന് തീരുമാനിച്ചത് ആരാണെന്ന് നമുക്കറിയില്ല. പലയിടങ്ങളിലും ഒരു പഞ്ചായത്ത് പ്രസിഡന്റിനെപ്പോലും വിളിക്കാത്ത ഇത്തരം ചടങ്ങുകൾ തലസ്ഥാനത്ത് നടക്കുമ്പോൾ മന്ത്രി തന്നെ വേണമായിരിക്കും. മന്ത്രി വന്നാലല്ലേ പത്രക്കാരും ചാനലുകാരുമൊക്കെ വരികയുള്ളൂ? എങ്കിലല്ലേ സംഘാടകഞാഞ്ഞൂലുകൾക്ക് പത്രത്തിലും ടി.വി.യിലുമൊക്കെ മുഖം കാണിക്കാൻ പറ്റുകയുള്ളൂ? മന്ത്രി ഒരു തിരക്കുപിടിച്ച മനുഷ്യനാണെന്ന് നമുക്കെല്ലാവർക്കും അറിയാം. കോട്ടണ്‍ ഹിൽ സ്കൂളിൽ എത്താൻ അദ്ദേഹം ഒന്നര മണിക്കൂർ താമസിച്ചത് രാവിലെ ഉറക്കമുണരാൻ വൈകിയതുകൊണ്ടായിരിക്കില്ലെന്നും നമുക്കൂഹിക്കാം.

കൂടുതൽ പബ്ലിസിറ്റി കിട്ടാൻ മന്ത്രിയെ ക്ഷണിക്കുന്നവർ മന്ത്രി വൈകാൻ സാധ്യതയുണ്ട് എന്നുകൂടി മുൻകൂട്ടി കരുതണം. അല്ലാതെ അതിഥിയെ ക്ഷണിച്ചുവരുത്തിയിട്ട് ഗേറ്റ് അടച്ചിടുന്നത് പോക്രിത്തരമല്ലാതെ മറ്റെന്താണ്? അതും പോരാതെ സഭയിൽ അധിക്ഷേപിച്ചതിന് ശിക്ഷ സ്ഥലംമാറ്റത്തിൽ ഒതുങ്ങിയതിന് ആ ടീച്ചർ ആശ്വസിക്കുക തന്നെ വേണം.

സർക്കാർ ഉദ്യോഗസ്ഥർ ആർക്കും ചോദ്യം ചെയ്യാനാവാത്ത ഒരു വരേണ്യവർഗമാണോ?സ്വന്തം വകുപ്പിന്റെ തലവനെപ്പോലും വകവെയ്ക്കാത്ത ഇത്തരം അഹങ്കാരികൾ പൊതുജനത്തിനോട് എങ്ങനെയായിരിക്കും പെരുമാറുക? മന്ത്രിയായ അബ്ദുറബ്ബും ടീച്ചറായ ഊർമിള ദേവിയും തമ്മിലുള്ള ഒരു വഴക്കല്ല ഇതെന്നും ഇതിൽ അടങ്ങിയിരിക്കുന്നത് ഡിസിപ്ലിന്റെ പ്രശ്നമാണെന്നും നാം എന്നാണ് തിരിച്ചറിയാൻ പോകുന്നത്?

അതെല്ലാം പോട്ടെ, പൊതുവേദിയിൽ തന്നെ അധിക്ഷേപിച്ച ഒരു കീഴുദ്യോഗസ്ഥയെ സ്ഥലം മാറ്റാൻ പോലും അധികാരമില്ലെങ്കിൽ അത്തരമൊരു മന്ത്രി നമുക്കെന്തിനാണ്?


Saturday, May 3, 2014

മനശാസ്ത്ര പുസ്തകം

ഡോ. എൻ. എം. മുഹമ്മദാലിയുടെ 'ഒരു മനശാസ്ത്രജ്ഞന്റെ ഓർമക്കുറിപ്പുകൾ' എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുന്നു. കണ്ടിടത്തോളം വരുംവർഷങ്ങളിലെപ്പോഴോ ഇറങ്ങാനിരിക്കുന്ന ഒരു സമാനപുസ്തകത്തിൽ എന്റെ ജീവിതകഥയും പ്രത്യക്ഷപ്പെടുമോ എന്നൊരു ഭയം! എന്തെങ്കിലുമൊക്കെ ഭ്രാന്തില്ലാത്തവർ ഇല്ലായിരിക്കുമല്ലേ?

Monday, April 7, 2014

കഴുതകളെപ്പറ്റി

സി.പി.എം. നേതാവ് പിണറായി വിജയൻ സ്വന്തം മുന്നണിയിൽനിന്ന് സീറ്റു കിട്ടാത്തതിന്റെ പേരിൽ പതിനൊന്നാം മണിക്കൂറിൽ കൂറുമാറിയ എൻ.കെ.പ്രേമചന്ദ്രനെ 'പരനാറി' എന്നു വിളിച്ചതിനെച്ചൊല്ലിയുള്ള കോലാഹലങ്ങളാണല്ലോ ഇപ്പോൾ നടക്കുന്നത്. ഒരു രാഷ്ട്രീയക്കാരൻ മറ്റൊരുത്തനെ അങ്ങനെയൊക്കെ വിളിക്കാമോ എന്ന് മറ്റു രാഷ്ട്രീയക്കാർ വായിട്ടലയ്ക്കുന്നു. പക്ഷേ, ആ രംഗം ടി.വി.യിൽ കാണുമ്പോൾ നാം എന്താണ് മനസ്സിലാക്കേണ്ടത്?

പിണറായി വിജയൻ ആർ.എസ്.പിയെയും പ്രേമചന്ദ്രനെയും നിശിതമായി വിമർശിക്കുന്നു. സംസാരമധ്യേ വാക്കുകൾ കിട്ടാതെ ഒരു നിമിഷം നിർത്തുന്നു. അതിനുശേഷം അടക്കിവെച്ച വിക്ഷുബ്ധത തുറന്നുവിടുന്ന തരത്തിൽ 'ഇതിനെയൊക്കെ പരനാറി എന്നല്ലാതെ എന്താണ് പറയേണ്ടത്?' എന്നു ചോദിക്കുന്നു. പിന്നെ നാം കേൾക്കുന്നത് കാതടപ്പിക്കുന്ന കരഘോഷവും ഹർഷാരവവുമൊക്കെയാണ്. കേൾക്കാനാഗ്രഹിച്ചത് കേൾക്കുമ്പോൾ അണികൾക്കുണ്ടാകുന്ന ഉന്മാദം! ഇതിനുമുൻപും ഇത്തരം എഴുന്നേറ്റുനിന്നുള്ള കയ്യടി നമ്മൾ കേട്ടിട്ടുണ്ട്. സി.പി.എമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.മണി രാഷ്ട്രീയഎതിരാളികളെ ഓരോരുത്തരെയായി തല്ലിക്കൊന്നു, വെട്ടിക്കൊന്നു എന്നൊക്കെ വീമ്പിളക്കിയപ്പോൾ. ജനത്തിനിതൊക്കെയാണ് വേണ്ടത്. ഏതൊരു ജനതയ്ക്കും അവർ അർഹിക്കുന്ന ഭരണാധികാരികളെയാണ് കിട്ടുക എന്നു പറയുന്നത് എത്ര ശരിയാണ്! ഇവരെയൊക്കെ കഴുതകൾ എന്നല്ലാതെ എന്താണു വിളിക്കേണ്ടത്?

സ്വന്തം പ്രസ്ഥാനക്കാർ എന്തു പോക്രിത്തരം ചെയ്താലും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന ഇവരൊക്കെയല്ലേ സത്യത്തിൽ പരനാറികൾ?

Friday, March 14, 2014

എങ്കിലും ഇന്നസെന്റേ.....

എം.ജി.ആറും ജയലളിതയുമൊക്കെ തമിഴകത്ത് തകർത്തുവാഴുമ്പോഴും കേരളത്തിലെ സിനിമാതാരങ്ങൾ മിതത്വവും പക്വതയും പ്രകടിപ്പിച്ചുകൊണ്ട് രാഷ്ട്രീയരംഗത്തുനിന്ന് അകന്നുനിന്നു. പ്രേംനസീർ പ്രചാരണത്തിന് ഇറങ്ങിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിലെ തിരിച്ചടി അദ്ദേഹത്തിന്റെ രാഷ്ട്രീയമോഹങ്ങളെ തല്ലിക്കെടുത്തി. വീണ്ടും പലരും ഗോദയിൽ ഇറങ്ങിയിരുന്നെങ്കിലും തീർത്തും ബോധം നശിച്ചിട്ടില്ലാത്ത കേരള ജനത അവരെ വന്നവഴി തന്നെ പറപ്പിച്ചു. പക്ഷേ സിനിമാക്കാർ വീണ്ടും വീണ്ടും രാഷ്ട്രീയത്തിലേക്ക് തള്ളിക്കയറുക തന്നെയാണ്. എന്താണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്?

മലയാളസിനിമയിലെ പ്രതിഫലത്തുക വളരെ ഉയർന്നതാണെന്നതാണ് വാസ്തവം. ഇത് നല്ലതാണോ അല്ലയോ എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല. സിനിമ ഒരു കച്ചവടസംരംഭം ആണ്, കൊടുക്കാൻ തയ്യാറുള്ളവർ ഉള്ളതുകൊണ്ട് വാങ്ങാനും ആളുണ്ടാവുന്നു - ഒരു സപ്ലൈ-ഡിമാൻഡ്‌ പ്രതിഭാസം തന്നെ. വർഷങ്ങളോളം സിനിമയിൽ അഭിനയിച്ചിട്ടും കയ്യിൽ കാല്ക്കാശില്ലാതെ വിരമിക്കേണ്ടിവന്ന അഭിനേതാക്കൾ ഇവിടെയുണ്ടായിരുന്നു. എന്നാൽ ഒറ്റ സിനിമയിൽനിന്നുതന്നെ ജീവിതകാലം മുഴുവൻ സുഖമായി ജീവിക്കാനുള്ള പണം ഇന്നത്തെ നടീനടന്മാർക്ക് ലഭിക്കുന്നുണ്ട്. സൂപ്പർ താരങ്ങളുടെ കാര്യം പറയാനുമില്ല, കൃത്യമായ വരുമാനം പ്രഖ്യാപിക്കാൻ അവർ തയ്യാറാകാത്തതുകൊണ്ടാണ് അംബാനിയും പ്രേംജിയുമൊക്കെ കോടീശ്വരന്മാരുടെ കസേരകളിൽ ഞെളിഞ്ഞിരിക്കുന്നത്. ബിനാമികളായും കമ്പനികളായുമൊക്കെ സിനിമാക്കാരുടെ നിക്ഷേപം കേരളസമൂഹത്തിന്റെ നാനാകോണുകളിലും എത്തുന്നുണ്ട്.

ഇത്രയുമൊക്കെ ആയപ്പോൾ ശതകോടികൾ വിലമതിക്കുന്ന തങ്ങളുടെ സമ്പാദ്യം സംരക്ഷിക്കാൻ അധികാരത്തിൽ ഒരു പങ്കുള്ളത് നല്ലതാണെന്നു തോന്നിത്തുടങ്ങി. സംഘടനയുടെ വിലപേശൽ ശക്തി ആവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് 'അമ്മ'യെപ്പോലുള്ള വൈചിത്ര്യങ്ങൾ പിറവിയെടുത്തത്. സിനിമ സംവിധായകരുടെയും നിർമാതാക്കളുടെയും കൈകളിൽ നിന്ന് നടന്മാരുടെ നിയന്ത്രണത്തിലേക്ക് മാറുന്നതിന്റെ തിരനോട്ടമായിരുന്നു അത്. നിർമാതാവിന്റെ പക്കലുണ്ടായിരുന്നത് പണം മാത്രമായിരുന്നു. അത് നടന്മാരുടെ കയ്യിലേക്കെത്തിയതോടെ, നടിമാരുടെ ലൈംഗികചൂഷണത്തിനു മാത്രമായി നിർമാതാവ് എന്ന വസ്തുവിന്റെ ആവശ്യമില്ലാതെ വന്നു. അതുല്യ പ്രതിഭയുള്ള സംവിധായകർക്കു മാത്രമേ തങ്ങൾക്കു ബോധിച്ച രീതിയിൽ സിനിമയെടുക്കാനാവൂ എന്ന നിലയുണ്ടായി.

അധികാരത്തിനു വേണ്ടിയുള്ള സിനിമാക്കാരുടെ ആഗ്രഹം തൃപ്തിപ്പെടാതെ നില്ക്കുമ്പോഴാണ് ഗണേശ് കുമാർ മന്ത്രിപദവിയിൽ എത്തുന്നത്. നടൻ എന്ന നിലയില്ലാതെ പുത്രൻ എന്ന ലേബലിൽ മാത്രമാണ് അദ്ദേഹം തിരഞ്ഞെടുപ്പ് എന്ന കടമ്പ കടന്നതും പെരുന്തച്ചൻ കോംപ്ലക്സ് പ്രദർശിപ്പിച്ച പിതാവിനെ ഒതുക്കി മന്ത്രിയായതും. മന്ത്രിയായിരിക്കേ അഭിനയം തുടർന്ന ഗണേശൻ മറ്റു സിനിമാക്കാരുടെ കണ്ണഞ്ചിപ്പിച്ചുകാണണം. ചുവന്ന വിളക്കുവെച്ച കാറും, മുന്നിലും പിന്നിലുമൊക്കെ കാക്കിപ്പടയുടെ അകമ്പടിയുമൊക്കെ ഷൂട്ടിങ്ങിൽ മാത്രം കണ്ടുശീലിച്ച അഭിനേതാക്കളെ തങ്ങളിൽ ഒരുവൻ യഥാർത്ഥത്തിൽ ഇതൊക്കെ നേടിയെടുത്തത് അസൂയപ്പെടുത്തിയിട്ടുണ്ടാകണം. പാർട്ടി ചാനലിന്റെ തലവനാകാനും, ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണൽ ആകാനുമൊക്കെയുള്ള പാച്ചിലിന്റെ തുടക്കം മരുന്നില്ലാത്ത ആ രോഗത്തിന്റെ ബാഹ്യലക്ഷണം മാത്രമായിരുന്നു. ഇൻകം ടാക്സ്‌ ഉദ്യോഗസ്ഥർ എല്ലായ്പ്പോഴും തലക്കുമീതെ തൂങ്ങുന്ന വാളായിരുന്നതുകൊണ്ട് അതിനുമുകളിൽ ഒരു പിടിയുണ്ടാകുന്നത് നല്ലതാണെന്ന് അവർക്കുതോന്നി.

90-കളിൽ ഉപഗ്രഹചാനലുകൾ സ്വീകരണമുറികളിൽ മലയാളത്തിന്റെ വസന്തം വിരിയിച്ചപ്പോൾ സിനിമയുടെ സ്വാധീനം നഷ്ടമാകുമെന്നു കണക്കുകൂട്ടിയവർക്കു തെറ്റി. അവാർഡ് വിതരണം (അതെ, റേഷനരി പോലെ എല്ലാവർക്കും കൃത്യമായി വീതിച്ചുകൊണ്ട്), സ്റ്റേജ് ഷോ, ഉത്ഘാടനം തുടങ്ങിയ പരിപാടികൾ സിനിമാക്കാരെ ക്യാമറയ്ക്കുപിന്നിലും തിരക്കുള്ളവരാക്കി. കേരളീയജനതയുടെ ഒഴിവാക്കാനാവാത്ത ഒരാവശ്യമാണ് തങ്ങൾ നിറവേറ്റുന്നത് എന്ന തെറ്റിദ്ധാരണ അവരിലുണ്ടായത് ഈ ഘട്ടത്തിലായിരിക്കണം. ധിക്കാരപരമായ പെരുമാറ്റവും, സ്വയംമാഹാത്മ്യത്തെക്കുറിച്ചുള്ള വികലചിന്തകളും അവരുടെ തലക്കനം കൂട്ടി. കലാഭവൻ മണി, ഇടവേള ബാബു, മൈഥിലി മുതലായ മുൻനിര താരങ്ങൾ പോലും അവർ മറക്കാനാഗ്രഹിക്കുന്ന കാരണങ്ങൾ മൂലം പൊതുമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടത് ഓർമിക്കുക.

അങ്ങനെയിരിക്കുമ്പോഴാണ് ഇന്നസെന്റിനും ഒരു പൂതി തോന്നുന്നത്. കൃസ്ത്യാനിയായിരിക്കുക എന്നതിൽ കവിഞ്ഞ് ഒരു യോഗ്യതയും ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാർഥിയ്ക്ക് വേണ്ട എന്ന മനോഭാവവുമായി നടന്ന പാർട്ടിയിലെ മൂപ്പുള്ള സഖാക്കൾ അദ്ദേഹത്തിനുതന്നെ ചീട്ടുകീറിക്കൊടുത്തു. പാർട്ടിയ്ക്കുവേണ്ടി വിറകുവെട്ടിയും വെള്ളം കോരിയും നടക്കുന്ന പരിഷകളെയെല്ലാം സ്ഥാനാർഥിയാക്കാൻ പറ്റുമോ? ഗണേശൻ കയ്യിലിരിപ്പുമൂലം മന്ത്രിസ്ഥാനം കളഞ്ഞുകുളിച്ചതിനുശേഷം ആരെയെങ്കിലും അധികാരസ്ഥാനത്ത് എത്തിക്കാൻ പറ്റുമോ എന്നു നോക്കിനടന്ന താരസംഘടനയ്ക്ക് സ്വന്തം പ്രസിഡന്റിനുനേരെ നീട്ടിയ അപ്പക്കഷണം വേണ്ടെന്നു വെയ്ക്കാൻ തോന്നുമോ?

പക്ഷേ ഇന്നസെന്റ് ഈ വേദിയിൽ ഇറങ്ങേണ്ടായിരുന്നു. ഞങ്ങൾക്കേറെ ഇഷ്ടപ്പെട്ട ഞങ്ങളുടെ കൊമേഡിയൻ അടുത്ത തമാശ പാർലമെന്റിൽ പറയാം എന്നു കരുതിയത് അധികപ്രസംഗമായിപ്പോയി. എട്ടാം ക്ലാസിൽ എട്ടുനിലയിൽ പൊട്ടിയതിനെക്കുറിച്ചെല്ലാം താങ്കൾ നർമരസത്തിൽ പറഞ്ഞപ്പോൾ ഞങ്ങൾ ആർത്തുചിരിച്ചു, പക്ഷേ അത് ഞങ്ങളുടെമേൽ ഭരിക്കാനുള്ള അവകാശമായി താങ്കൾ എടുത്തത്‌ ശരിയായില്ല. ഇംഗ്ലീഷും ഹിന്ദിയും വശമില്ലാത്ത അങ്ങ് ലോക് സഭയിൽ 'മണിച്ചിത്രത്താഴി'ലെ ഏലസ്സ് കെട്ടിയ ഉണ്ണിത്താനെപ്പോലെ നടിച്ചുകളയാം എന്നാണോ കരുതിയിരിക്കുന്നത്? ഈ തിരഞ്ഞെടുപ്പ് കേരള നിയമസഭയിലേക്കാണെന്നാണോ താങ്കൾ വിചാരിക്കുന്നത്? എന്തൊരുകാര്യത്തിനും ചാടിപ്പുറപ്പെടുന്നതിനു മുൻപ് അവനവന്റെ കപ്പാസിറ്റി കൂടി നോക്കേണ്ടേ? വാചാടോപത്തിന്റെ ചക്രവർത്തിയായ സുകുമാർ അഴീക്കോടിനോട് ഏറ്റുമുട്ടി പരിക്കുവാങ്ങിയ ബുദ്ധിശൂന്യത വിസ്മരിച്ചുകൊണ്ടല്ല പറയുന്നത്.

ശ്രീ ഇന്നസെന്റ്, ഒരു ഹാസ്യനടനെന്ന നിലയിൽ അങ്ങ് അതുല്യനായ ഒരു കലാകാരനാണ്. പക്ഷേ ഒരു പാർലമെന്റേറിയൻ എന്ന നിലയിൽ ശോഭിക്കാനാവുമെന്ന് പ്രതീക്ഷിക്കാനാവില്ല. താങ്കളെ ഞങ്ങൾക്കു വേണ്ടത് ബോക്സ്‌ ഓഫീസിലാണ്, ബാലറ്റ് ബോക്സിലല്ല.

Friday, February 28, 2014

ശിവരാത്രി പരാക്രമം

ഇത്തവണ ശിവരാത്രിയുടെ ഒരു പ്രത്യേകതയായി കാണുന്നതാണ് 'ശിവരാത്രി പരിക്രമം' എന്ന പേരിൽ നടക്കുന്ന നടപ്പുയജ്ഞം. സമീപ ക്ഷേത്രങ്ങളിൽ നിന്ന് ഒരുകൂട്ടം ഭക്തർ കാൽനടയായി, കൈകൊട്ടിപ്പാടി മണപ്പുറത്തേക്ക് നടക്കുന്നതാണ് സംഭവം. പുതിയ ഒരു ആചാരം തുടങ്ങിവെക്കാനാകും ഈ അഭ്യാസം. അല്പം വ്യായാമമല്ലാതെ എന്തു പ്രയോജനമാണ് ഇതുകൊണ്ട് ഉണ്ടാകുന്നതെന്നൊന്നും ചോദിക്കരുത്. നാലമ്പല തീർത്ഥയാത്ര, ശിവാലയ ഓട്ടം മുതലായ കലാപരിപാടികളുടെ ഇടയിൽ കിടക്കട്ടെ നമ്മുടെ വക ഒന്ന് എന്ന ന്യായത്തിൽ ചെയ്തതാകാനേ വഴിയുള്ളൂ.

ഉടനീളം വാഹനസൗകര്യമുള്ള ആലുവാ മണപ്പുറത്തേക്ക് നടന്നു പോകാനൊരുങ്ങുന്ന പരാക്രമം കൊള്ളാം.

Sunday, January 12, 2014

വർണാന്ധത

വർണാന്ധത പരിശോധിക്കുന്നതിനുള്ള ഒരു ചിത്രം. ശരിയായ ഉത്തരം '2'.
20 വർഷം മുൻപത്തെ ഒരു കഥയാണ് പറയാൻ പോകുന്നത്. കഥ എന്നു പറയുന്നതും ശരിയല്ല, നടന്ന സംഭവം തന്നെ. എപ്പോഴെങ്കിലുമൊക്കെ നടന്ന സംഭവങ്ങളെ പിന്നീട് നിർവികാരനായി തിരിഞ്ഞുനോക്കുമ്പോഴല്ലേ കഥകൾ ഉണ്ടാകുന്നത്? ഈ വിവരണത്തിൽ അത്യാവശ്യമായ ചില ഒഴിചുനിർത്തലുകളെയുള്ളൂ, കൂട്ടിചേർക്കലുകൾ ഒട്ടുംതന്നെയില്ല.

1994-ൽ സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ (SAIL) യിൽ എനിക്ക് നിയമനം ലഭിച്ചു. കേരളത്തിൽ തന്നെ ഒരു ജോലി കിട്ടുമോ എന്നു നോക്കിക്കൊണ്ടിരുന്ന എനിക്ക് അന്ന് ബീഹാറിലും ഇന്ന് ഝാർഖണ്ടിലും സ്ഥിതി ചെയ്യുന്ന ബൊക്കാറോയിലുള്ള പോസ്റ്റിങ്ങ്‌ ഇഷ്ടമായില്ലെങ്കിലും പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെ നില്ക്കുന്നതുകൊണ്ടും, ജോലിയുടെ കാര്യമായതുകൊണ്ടും നിയമനം സ്വീകരിക്കാതെ തരമില്ലായിരുന്നു. ഗൃഹാതുരത്വത്തിന്റെ മനുഷ്യാവതാരമായിരുന്ന എനിക്ക് ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള അറിവില്ലായ്മ ഉത്കണ്ഠ വീണ്ടും വർദ്ധിപ്പിച്ചു. ചെന്നൈയിൽ നിന്ന് ബൊക്കാറോയിലേക്ക് ഓടിക്കൊണ്ടിരുന്ന തീവണ്ടി ആലപ്പുഴയിലേക്ക് നീട്ടിയിട്ട് അന്ന് അധികം നാളുകളായിരുന്നില്ല. ഉടനെ തന്നെ സീറ്റ് റിസർവ് ചെയ്തു. അന്നുവരെ അപ്രന്റീസ് ആയി പോയിക്കൊണ്ടിരുന്ന കമ്പനിയിലെ കൂട്ടുകാർക്ക് കാര്യമായി 'ചെലവ്' ചെയ്യുകയും ചെയ്തു.

1994 സെപ്തംബറിലെ ഓണത്തിനുതൊട്ടുമുൻപാണ് യാത്ര ഉദ്ദേശിച്ചിരുന്നത്. തിരുവോണം ബൊക്കാറോയിൽ ആഘോഷിക്കാമെന്നൊക്കെ വീട്ടുകാർ പറയുകയും ചെയ്തു. തീവണ്ടിയിൽ കയറിയപ്പോഴും ആദ്യദിവസം ചീട്ടുകളിയും മറ്റുമായി ചെലവഴിച്ചപ്പോഴും നല്ല ഉത്സാഹത്തിൽ തന്നെയായിരുന്നു. ഓണത്തിനു രണ്ടു ദിവസം മുൻപായിരുന്നതുകൊണ്ട് വണ്ടിയിൽ യാത്രക്കാർ തീരെ കുറവ്, കമ്പാർട്ട്മെന്റിൽ ആകെ പത്തോളം പേർ മാത്രം. ആദ്യദിവസം അങ്ങനെയൊക്കെ കടന്നുപോയി. നേരം വെളുത്തപ്പോഴേക്കും ആന്ധ്രയിൽ എത്തിക്കഴിഞ്ഞിരുന്നു. അതോടെ കാര്യങ്ങൾ മാറാനും തുടങ്ങി. ഓരോ സിരകളിലും തുടിച്ചുയരുന്ന melancholyയെ ശോകം എന്നോ വ്യഥ എന്നോ പറയേണ്ടത്? എന്തായാലും അത് വൈകുന്നേരമായപ്പോഴേക്കും അടി മുതൽ മുടി വരെ പകർന്നു. രാത്രിയായപ്പോഴേക്കും ഞാൻ ദയനീയസ്ഥിതിയിലായി. അപ്പോൾ വീണ്ടും ഒരു പ്രശ്നം. വണ്ടിയുടെ റൂട്ടിൽ എവിടെയോ കനത്ത മഴപെയ്ത് പാളം ഒലിച്ചുപോയതുകൊണ്ട് വഴിതിരിഞ്ഞാണ് പോകേണ്ടത്. സമയമല്ലാത്ത സമയത്ത് ഓടുന്ന വണ്ടിയായതുകൊണ്ടും ആളുകൾ തീരെ കുറവായതുകൊണ്ടും ഭക്ഷണം കിട്ടാനും ബുദ്ധിമുട്ടായിത്തുടങ്ങി. വിശപ്പും വ്യഥയും രണ്ടു യുദ്ധമുഖങ്ങൾ തുറന്നു. 44 മണിക്കൂറിൽ ഓടിയെത്തേണ്ടിയിരുന്ന ഞങ്ങൾ 60 മണിക്കൂറിനുശേഷം സന്ധ്യയോടെ ബൊക്കാറോയിൽ കാലുകുത്തി. കഴിയുമെങ്കിൽ തിരിച്ചുവരവുകൾ മാത്രം സന്ധ്യയിലാക്കുക. മറയാൻ തുടങ്ങുന്ന സൂര്യനെ സാക്ഷിയാക്കി ഒരു പുതിയ സ്ഥലത്ത് ചെന്നുപറ്റാതിരിക്കാൻ ശ്രമിക്കുക.

SAIL-ന്റെ ട്രെയ്നിംഗ് കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്തു. താമസസൌകര്യമൊക്കെ അവിടെത്തന്നെയുണ്ട്. ബംഗാളിയായ ഇന്ദ്രനീൽ സാഹയാണ് സഹമുറിയൻ. അദ്ദേഹം നല്ലൊരു സുഹൃത്തായി തോന്നി. ഒന്നോ രണ്ടോ കോളജ് സഹപാഠികളും ജോലി കിട്ടി എത്തിയിട്ടുണ്ടായിരുന്നെങ്കിലും അവന്മാർ അവിടെ നാട്ടുകാരെപ്പോലെയാണ് കറങ്ങിനടന്നിരുന്നത്. അതും വിഷമം വർദ്ധിപ്പിച്ചു. സന്ധ്യക്കൊന്ന് നടക്കാനിറങ്ങി. കമ്പനി നിർമ്മിച്ചിരിക്കുന്ന നഗരമാണ് ബൊക്കാറോ. എവിടെയും സ്റ്റീൽ അതോറിട്ടി മാത്രം. മഞ്ഞവെളിച്ചം തിരികത്തിച്ച ഒരു ഷോപ്പിംഗ്‌ സർക്കിളിന്റെ അരികിലെ ചാരുബെഞ്ചിൽ ഇരുന്ന് ഞാൻ ബൊക്കാറോയിലെ ആ സായാഹ്നദൃശ്യം ഒരു കാൻവാസ്സിലെന്നപോലെ കണ്ടു. ആർത്തുല്ലസിച്ച് കളിപ്പാട്ടങ്ങളുമായി അച്ഛനമ്മമാരോടൊപ്പം പോകുന്ന കുട്ടികൾ, സൈക്കിളിലും ബൈക്കിലുമൊക്കെയായി വീടുകളിലേക്ക് പായുന്ന ജോലിക്കാർ, നല്ല കോളുകിട്ടിയതിന്റെ ആഹ്ലാദത്തിൽ വ്യാപാരികൾ - ഞാനൊഴികെ ആ നഗരത്തിലെ എല്ലാവരും  അന്ന് സന്തുഷ്ടരായിരുന്നുവെന്ന് എനിക്കുറപ്പായിരുന്നു. നാം വിഷമിക്കുമ്പോൾ ലോകം സന്തോഷിക്കുന്നതുപോലെ തോന്നും. ഉറക്കമില്ലാത്ത ഒരു രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി.

രാവിലെ ഉണർന്നത് ഒരു പുതിയ തീരുമാനവുമായാണ് - ഈ പണി നമുക്കു പറ്റില്ല. നാട്ടിൽ ശമ്പളം കുറഞ്ഞ എന്തെങ്കിലുമായാലും സാരമില്ല, ഈ സാംസ്കാരികമായ ഒറ്റപ്പെടൽ സഹിക്കാൻ സാധിക്കില്ല എന്നു തോന്നി. പക്ഷേ എങ്ങനെ ഇവിടെനിന്ന് പുറത്തുകടക്കും? എനിക്ക് പറ്റില്ല എന്നുപറഞ്ഞ് പൊടിയും തട്ടി പോകാൻ സാധിക്കുമോ? ഇനി പോയാൽത്തന്നെ വീട്ടിൽ തിരികെ ചെന്ന് വെറുതെയിരിക്കുമ്പോൾ വീട്ടുകാർ എന്തു പറയും? ഉണ്ടായിരുന്ന അപ്രന്റീസ്ഷിപ്‌ കളയുകയും ചെയ്തിരുന്നല്ലോ. ഒടുവിൽ വിവേകം തോറ്റു, വികാരം ജയിച്ചു.

എങ്ങനെ പുറത്തുചാടും എന്നറിയാതെ ഇരിക്കുമ്പോഴാണ് ഒരുപായം തെളിഞ്ഞത്. കമ്പനിയിൽ ചേരുന്നതിനുമുമ്പ് വൈദ്യപരിശോധന നിർബന്ധമാണ്‌.അടുത്ത ദിവസമാണ് അത് നടക്കേണ്ടത്‌. വർണാന്ധത (colour blindness) കർശനമായും പരിശോധിക്കുമെന്നും കേട്ടു. ഉരുക്ക് നിർമിക്കുന്ന ബ്ലാസ്റ്റ് ഫർനസിലെ ജ്വാലയുടെ നിറവ്യത്യാസം പ്രധാനമാണെന്ന് ആരോ പറയുന്നതുകേട്ടു. പ്രത്യാശയുടെ കിരണങ്ങൾ ഉള്ളിൽ മിന്നി. വർണാന്ധതയുള്ളവർക്ക് ചുവപ്പും പച്ചയും തിരിച്ചറിയാൻ സാധിക്കില്ല എന്ന് പണ്ട് ബാലരമയിലോ മറ്റോ വായിച്ചത് ഓർമ വന്നു. ഇത്തരം പ്രസിദ്ധീകരണങ്ങൾ കുട്ടികൾ വായിക്കുന്നത് എത്ര നല്ലതാണെന്ന് മനസ്സിലായില്ലേ?

കമ്പനി തന്നെ നടത്തുന്ന ബൊക്കാറോ ജനറൽ ആശുപത്രിയിലേക്ക് അടുത്തദിവസം രാവിലെ ഞങ്ങൾ കുറേപ്പേരെ വണ്ടിയിലെത്തിച്ചു. കണ്ണ്‍, ചെവി, മുതലായ പരിശോധനകളും തുടങ്ങി. കുത്തിവെപ്പുകൾ, സാമ്പിൾ കൊടുക്കലുകൾ, ഫോറം പൂരിപ്പിക്കലുകൾ എന്നീ കലാപരിപാടികളും തകൃതിയായി നടന്നു. അവസാനം വർണാന്ധത പരിശോധിക്കുന്ന സ്ഥലത്തുമെത്തി. നൂറോളം പേജ് വരുന്ന ഒരു പുസ്തകത്തിലെ പാറ്റേണുകൾ തിരിച്ചറിയുവാനാണ് ഡോക്ടർ ആവശ്യപ്പെടുന്നത്. തുടക്കത്തിലെ പേജുകൾ നിസ്സാരവും മുന്നോട്ടു പോകുംതോറും ബുദ്ധിമുട്ടേറുന്നതുമായ ചിത്രങ്ങളാണ് ഉള്ളതെന്ന് പെട്ടെന്നുതന്നെ പിടികിട്ടി. ആദ്യത്തെ ചില പേജുകൾക്ക് കൃത്യമായ ഉത്തരം നൽകിയതിനുശേഷം ചുവപ്പും പച്ചയും ഇടകലർന്ന പേജുകളിൽ അറിയാത്ത മട്ടുനടിക്കാനും തുടങ്ങി. ഡോക്ടറുടെ മുഖത്ത് ഒരു കാർമേഘം ഒഴുകിയെത്തുന്നത് ഉള്ളിൽ ഒരു ചിരിയോടെ ഞാൻ കണ്ടു. ഒരാളെ അയോഗ്യനാക്കേണ്ടിവരുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി. അൽപസമയത്തിനുശേഷം ഡോക്ടർ പറഞ്ഞു, "നിങ്ങൾ ഈ ടെസ്റ്റ്‌ പാസ്സായിട്ടില്ല. എന്തായാലും അല്പസമയം കാത്തിരിക്കൂ, എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു നോക്കാം". സഹതാപത്തോടെ ഒരു നേഴ്സ് എന്നെ ലോഞ്ചിലേക്ക് നയിച്ചു. മറ്റൊരു അത്ഭുതം കൂടി - ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന വേറൊരു പയ്യൻ കൂടി ഈ ടെസ്റ്റ്‌ പാസ്സാകാതെ അവിടെയിരിക്കുന്നുണ്ട്! പക്ഷേ അവന്റേത് യഥാർത്ഥപ്രശ്നം തന്നെയാണെന്ന് ആ കണ്‍കോണുകളിൽ തെളിഞ്ഞുനിന്ന ഒരു നീർത്തുള്ളി വിളിച്ചുപറയുന്നുണ്ടായിരുന്നു. പണ്ട് പുരു യയാതിക്ക് യൗവനം വെച്ചുമാറിയതുപോലെ ഈ ന്യൂനത കൈമാറ്റം ചെയ്യാൻ പറ്റുമോ എന്ന് ഒരു നിമിഷം ഞാനോർത്തു.

അരമണിക്കൂറിനുശേഷം ഞങ്ങളെ രണ്ടുപേരേയും വിളിപ്പിച്ചു, ഒന്നിച്ച്. മൂന്നു ഡോക്ടർമാരുടെ ഒരു പാനലാണ് ഇത്തവണ ഞങ്ങളെ എതിരേറ്റത്. വീണ്ടും ചില ടെസ്റ്റുകൾ, വീണ്ടും അഭിനയം. അവസാനം എന്നെ ആർദ്രമായി നോക്കി അദ്ദേഹം പറഞ്ഞു, "ഇയാളുടെ കാര്യമാണ് ഏറെ കഷ്ടം. മറ്റയാൾ കുറെയൊക്കെ കൃത്യമായി പറയുന്നുണ്ട്. ഇയാൾക്കാകട്ടെ ചുവപ്പും പച്ചയും പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല". ഞാൻ ഓവർ-ആക്ടിംഗ് ആയിപ്പോയോ എന്ന് ഒരു സംശയം പെട്ടെന്നുണ്ടായി. എന്തായാലും ഞങ്ങളെ രണ്ടുപേരെയും പാനൽ അയോഗ്യരാക്കി. ഒരാൾ സ്വയം ചെയ്യാൻ മടിക്കുന്ന കാര്യം ഒരു ആൾക്കൂട്ടത്തിന്റെ ഭാഗമായി അയാൾ ചെയ്യും. സന്തോഷപൂർവ്വം, തിരിച്ചുപോകാനുള്ള ഒന്നാം ക്ലാസ് തീവണ്ടിക്കൂലിയും വാങ്ങി ഞാൻ വൈകിട്ടുതന്നെ തിരിച്ചു. രാജിവെച്ചു പോന്നിരുന്നെങ്കിൽ വണ്ടിക്കൂലി കിട്ടില്ലായിരുന്നു!

പക്ഷേ ആ പണത്തിന്റെ കുറച്ചുഭാഗം നഷ്ടപ്പെടാൻ തന്നെയായിരുന്നു യോഗം. ബൊക്കാറോ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഒരു റെയിൽവേ സമയവിവരപ്പട്ടിക നോക്കി മൂന്നു തീവണ്ടികൾ മാറിക്കേറി നാട്ടിലെത്താനായിരുന്നു പരിപാടി, യാത്ര റിസർവ് ചെയ്യാതെ രണ്ടാം ക്ലാസ്സിൽ തന്നെ. പുറപ്പെട്ടതിന്റെ മൂന്നാം ദിവസം രാവിലെ വിജയവാഡ സ്റ്റേഷനിൽ ഒരു മണിക്കൂറിനകം വരാനിരിക്കുന്ന കോറമാണ്ടൽ എക്സപ്രസ്സും കാത്തിരിക്കുന്ന എന്നെ ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഒരു മാന്യവ്യക്തി സമീപിച്ചു. സ്ഫുടമായ ഇംഗ്ലീഷിൽ വിജയവാഡയിൽ വളരെ സൂക്ഷിക്കണമെന്നും പോക്കറ്റടിക്കാർ വളരെയധികമുണ്ടെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. മകളുടെ കുട്ടിയുടെ പേരിടീലിന് പോകാനിരുന്ന തന്റെ പേഴ്സ് ആരോ തട്ടിയെടുത്തെന്നും ഒറീസയിലെ കേന്ദ്രപാദ എന്ന സ്ഥലത്തു നിന്നുവന്ന താൻ ഇനി എങ്ങനെ പോകുമെന്നും അയാൾ വിഷമത്തോടെ പറഞ്ഞു. ആത്മാഭിമാനിയായ താൻ മറ്റൊരാളോട് പണം കടമായിട്ടാണെങ്കിലും ചോദിക്കുന്നത് വളരെ സങ്കടകരമാണെന്നും, എങ്കിലും ഈ സാഹചര്യത്തിൽ ഒരു 200 രൂപ കടം കൊടുക്കുകയാണെങ്കിൽ അത് ഉടനെ തിരിച്ചയച്ചുതരാമെന്നും അയാൾ തുടർന്നു. കൂടാതെ ഷർട്ടിനുള്ളിൽ നിന്ന് നിറം മങ്ങിയ ഒരു പൂണൂൽ വെളിയിലെടുത്ത് നിറകണ്ണുകളോടെ ആണയിടുകയും ചെയ്തു. ഞാൻ 200 രൂപ അയാൾക്ക് നല്കി. കേന്ദ്രസർവീസിൽ നിന്ന് അടുത്തയിടെ വിരമിച്ച അക്കൌണ്ടന്റായ ഒരു വൃദ്ധബ്രാഹ്മണനെ അവിശ്വസിക്കേണ്ട കാര്യമുണ്ടോ? ആ പണം ആ വഴി തന്നെ പോയി.

കേവലം ഒരാഴ്ച മാത്രം നീണ്ടുനിന്ന SAIL സാഹസം പഠിപ്പിച്ച കുറെ അനുഭവങ്ങൾ മാത്രമാണ് അതിലെ മുതൽക്കൂട്ട്. ഒപ്പം നഷ്ടപ്പെട്ടുപോയ ഒരു സൌഹൃദവും. ഇന്ദ്രനീലിനെ പരിചയപ്പെട്ടപ്പോൾ തന്നെ വളരെക്കാലമായി അടുത്തറിയാവുന്ന ഒരാളാണെന്ന് തോന്നിച്ചിരുന്നു. വെറും ഒന്നര ദിവസത്തെ പരിചയം കൊണ്ടുതന്നെ അദ്ദേഹം എന്നെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ബംഗാളി പാചകത്തിന്റെ രുചി പകർന്നു തന്നു. സംഗീതം ഇഷ്ടമായിരുന്ന ഇന്ദ്രനീലിനെ ബംഗാളി തന്നെയായ സലിൽ ചൌധുരി ഈണം പകർന്ന ചില പഴയ മലയാളം പാട്ടുകൾ ഞാൻ കേൾപ്പിക്കുകയും ചെയ്തു. പോകുമ്പോൾ എന്നെ കൊൽക്കത്തയിലെ സ്വന്തം വീട്ടിലേക്ക് ആത്മാർഥതയോടെ ക്ഷണിച്ചു. ഒന്നോ രണ്ടോ കത്തുകൾ പിന്നീട് അയച്ചിരുന്നെങ്കിലും കാലക്രമേണ ആ ബന്ധവും വിസ്മൃതിയിലാണ്ടു. വർണാന്ധത വെച്ചുനീട്ടിയ നാട്ടിലെ വാസം പിന്നീട് നഷ്ടപ്പെടുത്താൻ തോന്നിയില്ല. യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് വീട്ടിൽ പറഞ്ഞതുപോലും വർഷങ്ങൾ കഴിഞ്ഞ് സെറ്റിൽ ആയതിനുശേഷം മാത്രമായിരുന്നു!