Sunday, January 12, 2014

വർണാന്ധത

വർണാന്ധത പരിശോധിക്കുന്നതിനുള്ള ഒരു ചിത്രം. ശരിയായ ഉത്തരം '2'.
20 വർഷം മുൻപത്തെ ഒരു കഥയാണ് പറയാൻ പോകുന്നത്. കഥ എന്നു പറയുന്നതും ശരിയല്ല, നടന്ന സംഭവം തന്നെ. എപ്പോഴെങ്കിലുമൊക്കെ നടന്ന സംഭവങ്ങളെ പിന്നീട് നിർവികാരനായി തിരിഞ്ഞുനോക്കുമ്പോഴല്ലേ കഥകൾ ഉണ്ടാകുന്നത്? ഈ വിവരണത്തിൽ അത്യാവശ്യമായ ചില ഒഴിചുനിർത്തലുകളെയുള്ളൂ, കൂട്ടിചേർക്കലുകൾ ഒട്ടുംതന്നെയില്ല.

1994-ൽ സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ (SAIL) യിൽ എനിക്ക് നിയമനം ലഭിച്ചു. കേരളത്തിൽ തന്നെ ഒരു ജോലി കിട്ടുമോ എന്നു നോക്കിക്കൊണ്ടിരുന്ന എനിക്ക് അന്ന് ബീഹാറിലും ഇന്ന് ഝാർഖണ്ടിലും സ്ഥിതി ചെയ്യുന്ന ബൊക്കാറോയിലുള്ള പോസ്റ്റിങ്ങ്‌ ഇഷ്ടമായില്ലെങ്കിലും പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെ നില്ക്കുന്നതുകൊണ്ടും, ജോലിയുടെ കാര്യമായതുകൊണ്ടും നിയമനം സ്വീകരിക്കാതെ തരമില്ലായിരുന്നു. ഗൃഹാതുരത്വത്തിന്റെ മനുഷ്യാവതാരമായിരുന്ന എനിക്ക് ഹിന്ദി ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള അറിവില്ലായ്മ ഉത്കണ്ഠ വീണ്ടും വർദ്ധിപ്പിച്ചു. ചെന്നൈയിൽ നിന്ന് ബൊക്കാറോയിലേക്ക് ഓടിക്കൊണ്ടിരുന്ന തീവണ്ടി ആലപ്പുഴയിലേക്ക് നീട്ടിയിട്ട് അന്ന് അധികം നാളുകളായിരുന്നില്ല. ഉടനെ തന്നെ സീറ്റ് റിസർവ് ചെയ്തു. അന്നുവരെ അപ്രന്റീസ് ആയി പോയിക്കൊണ്ടിരുന്ന കമ്പനിയിലെ കൂട്ടുകാർക്ക് കാര്യമായി 'ചെലവ്' ചെയ്യുകയും ചെയ്തു.

1994 സെപ്തംബറിലെ ഓണത്തിനുതൊട്ടുമുൻപാണ് യാത്ര ഉദ്ദേശിച്ചിരുന്നത്. തിരുവോണം ബൊക്കാറോയിൽ ആഘോഷിക്കാമെന്നൊക്കെ വീട്ടുകാർ പറയുകയും ചെയ്തു. തീവണ്ടിയിൽ കയറിയപ്പോഴും ആദ്യദിവസം ചീട്ടുകളിയും മറ്റുമായി ചെലവഴിച്ചപ്പോഴും നല്ല ഉത്സാഹത്തിൽ തന്നെയായിരുന്നു. ഓണത്തിനു രണ്ടു ദിവസം മുൻപായിരുന്നതുകൊണ്ട് വണ്ടിയിൽ യാത്രക്കാർ തീരെ കുറവ്, കമ്പാർട്ട്മെന്റിൽ ആകെ പത്തോളം പേർ മാത്രം. ആദ്യദിവസം അങ്ങനെയൊക്കെ കടന്നുപോയി. നേരം വെളുത്തപ്പോഴേക്കും ആന്ധ്രയിൽ എത്തിക്കഴിഞ്ഞിരുന്നു. അതോടെ കാര്യങ്ങൾ മാറാനും തുടങ്ങി. ഓരോ സിരകളിലും തുടിച്ചുയരുന്ന melancholyയെ ശോകം എന്നോ വ്യഥ എന്നോ പറയേണ്ടത്? എന്തായാലും അത് വൈകുന്നേരമായപ്പോഴേക്കും അടി മുതൽ മുടി വരെ പകർന്നു. രാത്രിയായപ്പോഴേക്കും ഞാൻ ദയനീയസ്ഥിതിയിലായി. അപ്പോൾ വീണ്ടും ഒരു പ്രശ്നം. വണ്ടിയുടെ റൂട്ടിൽ എവിടെയോ കനത്ത മഴപെയ്ത് പാളം ഒലിച്ചുപോയതുകൊണ്ട് വഴിതിരിഞ്ഞാണ് പോകേണ്ടത്. സമയമല്ലാത്ത സമയത്ത് ഓടുന്ന വണ്ടിയായതുകൊണ്ടും ആളുകൾ തീരെ കുറവായതുകൊണ്ടും ഭക്ഷണം കിട്ടാനും ബുദ്ധിമുട്ടായിത്തുടങ്ങി. വിശപ്പും വ്യഥയും രണ്ടു യുദ്ധമുഖങ്ങൾ തുറന്നു. 44 മണിക്കൂറിൽ ഓടിയെത്തേണ്ടിയിരുന്ന ഞങ്ങൾ 60 മണിക്കൂറിനുശേഷം സന്ധ്യയോടെ ബൊക്കാറോയിൽ കാലുകുത്തി. കഴിയുമെങ്കിൽ തിരിച്ചുവരവുകൾ മാത്രം സന്ധ്യയിലാക്കുക. മറയാൻ തുടങ്ങുന്ന സൂര്യനെ സാക്ഷിയാക്കി ഒരു പുതിയ സ്ഥലത്ത് ചെന്നുപറ്റാതിരിക്കാൻ ശ്രമിക്കുക.

SAIL-ന്റെ ട്രെയ്നിംഗ് കേന്ദ്രത്തിൽ റിപ്പോർട്ട്‌ ചെയ്തു. താമസസൌകര്യമൊക്കെ അവിടെത്തന്നെയുണ്ട്. ബംഗാളിയായ ഇന്ദ്രനീൽ സാഹയാണ് സഹമുറിയൻ. അദ്ദേഹം നല്ലൊരു സുഹൃത്തായി തോന്നി. ഒന്നോ രണ്ടോ കോളജ് സഹപാഠികളും ജോലി കിട്ടി എത്തിയിട്ടുണ്ടായിരുന്നെങ്കിലും അവന്മാർ അവിടെ നാട്ടുകാരെപ്പോലെയാണ് കറങ്ങിനടന്നിരുന്നത്. അതും വിഷമം വർദ്ധിപ്പിച്ചു. സന്ധ്യക്കൊന്ന് നടക്കാനിറങ്ങി. കമ്പനി നിർമ്മിച്ചിരിക്കുന്ന നഗരമാണ് ബൊക്കാറോ. എവിടെയും സ്റ്റീൽ അതോറിട്ടി മാത്രം. മഞ്ഞവെളിച്ചം തിരികത്തിച്ച ഒരു ഷോപ്പിംഗ്‌ സർക്കിളിന്റെ അരികിലെ ചാരുബെഞ്ചിൽ ഇരുന്ന് ഞാൻ ബൊക്കാറോയിലെ ആ സായാഹ്നദൃശ്യം ഒരു കാൻവാസ്സിലെന്നപോലെ കണ്ടു. ആർത്തുല്ലസിച്ച് കളിപ്പാട്ടങ്ങളുമായി അച്ഛനമ്മമാരോടൊപ്പം പോകുന്ന കുട്ടികൾ, സൈക്കിളിലും ബൈക്കിലുമൊക്കെയായി വീടുകളിലേക്ക് പായുന്ന ജോലിക്കാർ, നല്ല കോളുകിട്ടിയതിന്റെ ആഹ്ലാദത്തിൽ വ്യാപാരികൾ - ഞാനൊഴികെ ആ നഗരത്തിലെ എല്ലാവരും  അന്ന് സന്തുഷ്ടരായിരുന്നുവെന്ന് എനിക്കുറപ്പായിരുന്നു. നാം വിഷമിക്കുമ്പോൾ ലോകം സന്തോഷിക്കുന്നതുപോലെ തോന്നും. ഉറക്കമില്ലാത്ത ഒരു രാത്രി എങ്ങനെയോ കഴിച്ചുകൂട്ടി.

രാവിലെ ഉണർന്നത് ഒരു പുതിയ തീരുമാനവുമായാണ് - ഈ പണി നമുക്കു പറ്റില്ല. നാട്ടിൽ ശമ്പളം കുറഞ്ഞ എന്തെങ്കിലുമായാലും സാരമില്ല, ഈ സാംസ്കാരികമായ ഒറ്റപ്പെടൽ സഹിക്കാൻ സാധിക്കില്ല എന്നു തോന്നി. പക്ഷേ എങ്ങനെ ഇവിടെനിന്ന് പുറത്തുകടക്കും? എനിക്ക് പറ്റില്ല എന്നുപറഞ്ഞ് പൊടിയും തട്ടി പോകാൻ സാധിക്കുമോ? ഇനി പോയാൽത്തന്നെ വീട്ടിൽ തിരികെ ചെന്ന് വെറുതെയിരിക്കുമ്പോൾ വീട്ടുകാർ എന്തു പറയും? ഉണ്ടായിരുന്ന അപ്രന്റീസ്ഷിപ്‌ കളയുകയും ചെയ്തിരുന്നല്ലോ. ഒടുവിൽ വിവേകം തോറ്റു, വികാരം ജയിച്ചു.

എങ്ങനെ പുറത്തുചാടും എന്നറിയാതെ ഇരിക്കുമ്പോഴാണ് ഒരുപായം തെളിഞ്ഞത്. കമ്പനിയിൽ ചേരുന്നതിനുമുമ്പ് വൈദ്യപരിശോധന നിർബന്ധമാണ്‌.അടുത്ത ദിവസമാണ് അത് നടക്കേണ്ടത്‌. വർണാന്ധത (colour blindness) കർശനമായും പരിശോധിക്കുമെന്നും കേട്ടു. ഉരുക്ക് നിർമിക്കുന്ന ബ്ലാസ്റ്റ് ഫർനസിലെ ജ്വാലയുടെ നിറവ്യത്യാസം പ്രധാനമാണെന്ന് ആരോ പറയുന്നതുകേട്ടു. പ്രത്യാശയുടെ കിരണങ്ങൾ ഉള്ളിൽ മിന്നി. വർണാന്ധതയുള്ളവർക്ക് ചുവപ്പും പച്ചയും തിരിച്ചറിയാൻ സാധിക്കില്ല എന്ന് പണ്ട് ബാലരമയിലോ മറ്റോ വായിച്ചത് ഓർമ വന്നു. ഇത്തരം പ്രസിദ്ധീകരണങ്ങൾ കുട്ടികൾ വായിക്കുന്നത് എത്ര നല്ലതാണെന്ന് മനസ്സിലായില്ലേ?

കമ്പനി തന്നെ നടത്തുന്ന ബൊക്കാറോ ജനറൽ ആശുപത്രിയിലേക്ക് അടുത്തദിവസം രാവിലെ ഞങ്ങൾ കുറേപ്പേരെ വണ്ടിയിലെത്തിച്ചു. കണ്ണ്‍, ചെവി, മുതലായ പരിശോധനകളും തുടങ്ങി. കുത്തിവെപ്പുകൾ, സാമ്പിൾ കൊടുക്കലുകൾ, ഫോറം പൂരിപ്പിക്കലുകൾ എന്നീ കലാപരിപാടികളും തകൃതിയായി നടന്നു. അവസാനം വർണാന്ധത പരിശോധിക്കുന്ന സ്ഥലത്തുമെത്തി. നൂറോളം പേജ് വരുന്ന ഒരു പുസ്തകത്തിലെ പാറ്റേണുകൾ തിരിച്ചറിയുവാനാണ് ഡോക്ടർ ആവശ്യപ്പെടുന്നത്. തുടക്കത്തിലെ പേജുകൾ നിസ്സാരവും മുന്നോട്ടു പോകുംതോറും ബുദ്ധിമുട്ടേറുന്നതുമായ ചിത്രങ്ങളാണ് ഉള്ളതെന്ന് പെട്ടെന്നുതന്നെ പിടികിട്ടി. ആദ്യത്തെ ചില പേജുകൾക്ക് കൃത്യമായ ഉത്തരം നൽകിയതിനുശേഷം ചുവപ്പും പച്ചയും ഇടകലർന്ന പേജുകളിൽ അറിയാത്ത മട്ടുനടിക്കാനും തുടങ്ങി. ഡോക്ടറുടെ മുഖത്ത് ഒരു കാർമേഘം ഒഴുകിയെത്തുന്നത് ഉള്ളിൽ ഒരു ചിരിയോടെ ഞാൻ കണ്ടു. ഒരാളെ അയോഗ്യനാക്കേണ്ടിവരുന്നത് അദ്ദേഹത്തെ വിഷമിപ്പിക്കുന്നുണ്ടെന്ന് തോന്നി. അൽപസമയത്തിനുശേഷം ഡോക്ടർ പറഞ്ഞു, "നിങ്ങൾ ഈ ടെസ്റ്റ്‌ പാസ്സായിട്ടില്ല. എന്തായാലും അല്പസമയം കാത്തിരിക്കൂ, എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്നു നോക്കാം". സഹതാപത്തോടെ ഒരു നേഴ്സ് എന്നെ ലോഞ്ചിലേക്ക് നയിച്ചു. മറ്റൊരു അത്ഭുതം കൂടി - ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന വേറൊരു പയ്യൻ കൂടി ഈ ടെസ്റ്റ്‌ പാസ്സാകാതെ അവിടെയിരിക്കുന്നുണ്ട്! പക്ഷേ അവന്റേത് യഥാർത്ഥപ്രശ്നം തന്നെയാണെന്ന് ആ കണ്‍കോണുകളിൽ തെളിഞ്ഞുനിന്ന ഒരു നീർത്തുള്ളി വിളിച്ചുപറയുന്നുണ്ടായിരുന്നു. പണ്ട് പുരു യയാതിക്ക് യൗവനം വെച്ചുമാറിയതുപോലെ ഈ ന്യൂനത കൈമാറ്റം ചെയ്യാൻ പറ്റുമോ എന്ന് ഒരു നിമിഷം ഞാനോർത്തു.

അരമണിക്കൂറിനുശേഷം ഞങ്ങളെ രണ്ടുപേരേയും വിളിപ്പിച്ചു, ഒന്നിച്ച്. മൂന്നു ഡോക്ടർമാരുടെ ഒരു പാനലാണ് ഇത്തവണ ഞങ്ങളെ എതിരേറ്റത്. വീണ്ടും ചില ടെസ്റ്റുകൾ, വീണ്ടും അഭിനയം. അവസാനം എന്നെ ആർദ്രമായി നോക്കി അദ്ദേഹം പറഞ്ഞു, "ഇയാളുടെ കാര്യമാണ് ഏറെ കഷ്ടം. മറ്റയാൾ കുറെയൊക്കെ കൃത്യമായി പറയുന്നുണ്ട്. ഇയാൾക്കാകട്ടെ ചുവപ്പും പച്ചയും പോലും തിരിച്ചറിയാൻ സാധിക്കുന്നില്ല". ഞാൻ ഓവർ-ആക്ടിംഗ് ആയിപ്പോയോ എന്ന് ഒരു സംശയം പെട്ടെന്നുണ്ടായി. എന്തായാലും ഞങ്ങളെ രണ്ടുപേരെയും പാനൽ അയോഗ്യരാക്കി. ഒരാൾ സ്വയം ചെയ്യാൻ മടിക്കുന്ന കാര്യം ഒരു ആൾക്കൂട്ടത്തിന്റെ ഭാഗമായി അയാൾ ചെയ്യും. സന്തോഷപൂർവ്വം, തിരിച്ചുപോകാനുള്ള ഒന്നാം ക്ലാസ് തീവണ്ടിക്കൂലിയും വാങ്ങി ഞാൻ വൈകിട്ടുതന്നെ തിരിച്ചു. രാജിവെച്ചു പോന്നിരുന്നെങ്കിൽ വണ്ടിക്കൂലി കിട്ടില്ലായിരുന്നു!

പക്ഷേ ആ പണത്തിന്റെ കുറച്ചുഭാഗം നഷ്ടപ്പെടാൻ തന്നെയായിരുന്നു യോഗം. ബൊക്കാറോ സ്റ്റേഷനിൽ നിന്ന് വാങ്ങിയ ഒരു റെയിൽവേ സമയവിവരപ്പട്ടിക നോക്കി മൂന്നു തീവണ്ടികൾ മാറിക്കേറി നാട്ടിലെത്താനായിരുന്നു പരിപാടി, യാത്ര റിസർവ് ചെയ്യാതെ രണ്ടാം ക്ലാസ്സിൽ തന്നെ. പുറപ്പെട്ടതിന്റെ മൂന്നാം ദിവസം രാവിലെ വിജയവാഡ സ്റ്റേഷനിൽ ഒരു മണിക്കൂറിനകം വരാനിരിക്കുന്ന കോറമാണ്ടൽ എക്സപ്രസ്സും കാത്തിരിക്കുന്ന എന്നെ ഏകദേശം 60 വയസ്സ് തോന്നിക്കുന്ന ഒരു മാന്യവ്യക്തി സമീപിച്ചു. സ്ഫുടമായ ഇംഗ്ലീഷിൽ വിജയവാഡയിൽ വളരെ സൂക്ഷിക്കണമെന്നും പോക്കറ്റടിക്കാർ വളരെയധികമുണ്ടെന്നും അദ്ദേഹം എന്നെ ഉപദേശിച്ചു. മകളുടെ കുട്ടിയുടെ പേരിടീലിന് പോകാനിരുന്ന തന്റെ പേഴ്സ് ആരോ തട്ടിയെടുത്തെന്നും ഒറീസയിലെ കേന്ദ്രപാദ എന്ന സ്ഥലത്തു നിന്നുവന്ന താൻ ഇനി എങ്ങനെ പോകുമെന്നും അയാൾ വിഷമത്തോടെ പറഞ്ഞു. ആത്മാഭിമാനിയായ താൻ മറ്റൊരാളോട് പണം കടമായിട്ടാണെങ്കിലും ചോദിക്കുന്നത് വളരെ സങ്കടകരമാണെന്നും, എങ്കിലും ഈ സാഹചര്യത്തിൽ ഒരു 200 രൂപ കടം കൊടുക്കുകയാണെങ്കിൽ അത് ഉടനെ തിരിച്ചയച്ചുതരാമെന്നും അയാൾ തുടർന്നു. കൂടാതെ ഷർട്ടിനുള്ളിൽ നിന്ന് നിറം മങ്ങിയ ഒരു പൂണൂൽ വെളിയിലെടുത്ത് നിറകണ്ണുകളോടെ ആണയിടുകയും ചെയ്തു. ഞാൻ 200 രൂപ അയാൾക്ക് നല്കി. കേന്ദ്രസർവീസിൽ നിന്ന് അടുത്തയിടെ വിരമിച്ച അക്കൌണ്ടന്റായ ഒരു വൃദ്ധബ്രാഹ്മണനെ അവിശ്വസിക്കേണ്ട കാര്യമുണ്ടോ? ആ പണം ആ വഴി തന്നെ പോയി.

കേവലം ഒരാഴ്ച മാത്രം നീണ്ടുനിന്ന SAIL സാഹസം പഠിപ്പിച്ച കുറെ അനുഭവങ്ങൾ മാത്രമാണ് അതിലെ മുതൽക്കൂട്ട്. ഒപ്പം നഷ്ടപ്പെട്ടുപോയ ഒരു സൌഹൃദവും. ഇന്ദ്രനീലിനെ പരിചയപ്പെട്ടപ്പോൾ തന്നെ വളരെക്കാലമായി അടുത്തറിയാവുന്ന ഒരാളാണെന്ന് തോന്നിച്ചിരുന്നു. വെറും ഒന്നര ദിവസത്തെ പരിചയം കൊണ്ടുതന്നെ അദ്ദേഹം എന്നെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ബംഗാളി പാചകത്തിന്റെ രുചി പകർന്നു തന്നു. സംഗീതം ഇഷ്ടമായിരുന്ന ഇന്ദ്രനീലിനെ ബംഗാളി തന്നെയായ സലിൽ ചൌധുരി ഈണം പകർന്ന ചില പഴയ മലയാളം പാട്ടുകൾ ഞാൻ കേൾപ്പിക്കുകയും ചെയ്തു. പോകുമ്പോൾ എന്നെ കൊൽക്കത്തയിലെ സ്വന്തം വീട്ടിലേക്ക് ആത്മാർഥതയോടെ ക്ഷണിച്ചു. ഒന്നോ രണ്ടോ കത്തുകൾ പിന്നീട് അയച്ചിരുന്നെങ്കിലും കാലക്രമേണ ആ ബന്ധവും വിസ്മൃതിയിലാണ്ടു. വർണാന്ധത വെച്ചുനീട്ടിയ നാട്ടിലെ വാസം പിന്നീട് നഷ്ടപ്പെടുത്താൻ തോന്നിയില്ല. യഥാർത്ഥത്തിൽ നടന്നതെന്താണെന്ന് വീട്ടിൽ പറഞ്ഞതുപോലും വർഷങ്ങൾ കഴിഞ്ഞ് സെറ്റിൽ ആയതിനുശേഷം മാത്രമായിരുന്നു!


No comments:

Post a Comment