Monday, May 11, 2015

പാനിപ്പട്ടിലെ നാലാം യുദ്ധം

ശ്രീ. ടി. പദ്മനാഭന്റെ 'പാനിപ്പട്ടിലെ യുദ്ധം' എന്നൊരു കഥ നളിനകാന്തി എന്ന സമാഹാരത്തിലുണ്ട്.കാന്റീൻ സൂപ്പർവൈസർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്കുന്നതിനായി കമ്പനിയിൽ നടത്തപ്പെടുന്ന ഇന്റർവ്യൂ ആണ് കഥാതന്തു. കാന്റീനിലെ കാര്യങ്ങളെല്ലാം നേരാംവണ്ണം പഠിച്ച്, ആഗ്രഹിച്ച പ്രമോഷൻ നേടാനായി ഹാജരാവുന്ന പ്രാരാബ്ധക്കാരനായ ഒരു ജീവനക്കാരന്റെ സ്വപ്‌നങ്ങൾ തകർന്നടിയുന്നതാണ് വിഷയം. പ്രത്യേക സ്വഭാവക്കാരനായ ജനറൽ മാനേജർ അയാളോട് ചോദിക്കുന്നത് പാനിപ്പട്ട് യുദ്ധത്തെക്കുറിച്ചും! മനസ്സുകൊണ്ട് താൻ അവസാനിപ്പിച്ചുകഴിഞ്ഞ പഴയ ജോലിയിലേക്ക് തിരിച്ചുപോകേണ്ടിവരുന്നതിലുള്ള മനംമടുപ്പും, ജീവിതം ജീവിച്ചുതീർക്കുക എന്നതുതന്നെ ഭാരമേറിയ ജോലിയാകുമ്പോഴുള്ള നിസ്സഹായതയും അയാൾക്ക് പുതുധൈര്യം നല്കുന്നു. 'ഇന്ത്യയിൽ എതുഭാഗത്തുള്ള പാനിപ്പട്ടിനെക്കുറിച്ചാണ് സാർ ചോദിക്കുന്നത്' എന്ന മറുചോദ്യത്തിൽ ഉദ്യോഗസ്ഥർ ഉത്തരമില്ലാതെ മിഴിച്ചിരിക്കേ ക്ഷുഭിതനായി അയാൾ മുറിവിട്ടിറങ്ങുന്നിടത്താണ് കഥയുടെ അവസാനം. ഇത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവമാണെന്നാണ് കഥയുടെ പിന്നാമ്പുറം. അത് സഹപ്രവർത്തകരിൽ നിന്ന് കേട്ടറിഞ്ഞ പദ്മനാഭൻ അതിനെ അനശ്വരമാക്കുകയും ചെയ്തു.

ഏതാണ്ട് നാലു പതിറ്റാണ്ടുകൾക്കുശേഷമുള്ള അതേ കമ്പനിയിലെ മറ്റൊരു മുറി. പമ്പ് ഓപ്പറേറ്റർ എന്ന തസ്തികയിലേക്ക് കമ്പനിയിലെ തന്നെ ഹെൽപർമാരിൽ നിന്ന് സ്ഥാനക്കയറ്റം നല്കുന്നതിനുള്ള ഇന്റർവ്യൂ നടക്കുകയാണ്. ജോലിക്കിടയിൽ നിന്ന് വിളിപ്പിച്ചതാണെങ്കിലും ഉദ്യോഗാർഥികളെല്ലാം സ്മാർട്ടായി വസ്ത്രധാരണം ചെയ്തവരാണ്. എന്നാൽ അവർക്കിടയിൽ ദിവസങ്ങളായി ഷേവ് ചെയ്തിട്ടില്ലാത്ത, കറുപ്പും വെളുപ്പും ഇടകലർന്ന താടിരോമങ്ങളുമായി ഒരാൾ പ്രത്യക്ഷപ്പെട്ടു. സീനിയോറിറ്റിയിൽ മുകളിലൊന്നുമല്ലാതിരുന്ന അയാൾ തന്റെ കർമം താൻ തന്നെ ചെയ്തു തീർക്കേണ്ടതാണെന്ന മട്ടിൽ നിസ്സംഗനായി ആൾക്കൂട്ടത്തിനു നടുവിൽ തനിയെ നിന്നു.

അഭിമുഖപരീക്ഷ തുടങ്ങി. ഓരോരുത്തരായി മുറിയിലേക്ക് കയറുകയും അല്പസമയത്തിനുശേഷം പുറത്തേക്കിറങ്ങുകയും ചെയ്തു. ഓരോരുത്തരോടും പേർസണൽ മാനേജർ ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. "നിങ്ങൾ എന്തിനാണ് ഈ തസ്തികയിലേക്ക് അപേക്ഷിച്ചത്?". ഉത്തരങ്ങൾ പലതായിരുന്നു. പുതിയ വെല്ലുവിളികൾ നേരിടാനാണെന്ന് ഒരാൾ. പഴയ ലാവണത്തിൽ അനവധി വർഷങ്ങൾ പിന്നിട്ടതിനാൽ അർഹിക്കുന്ന പ്രമോഷൻ നേടിയെടുക്കാനാണെന്ന് മറ്റൊരാൾ. പമ്പുകളോട് വളരെ താല്പര്യമായതിനാൽ വിരമിക്കാനുള്ള ഒന്നോ രണ്ടോ വർഷങ്ങൾ അവയോടൊപ്പം ചെലവഴിക്കാനാണെന്ന് പിന്നെയുമൊരാൾ. ഇന്റർവ്യൂ ബോർഡ്‌ കേൾക്കാനാഗ്രഹിക്കുന്നതെന്ന് ഉദ്യോഗാർഥികൾ കരുതുന്ന ആത്മാർഥതയില്ലാത്ത പ്രതികരണങ്ങൾ.

അങ്ങനെയിരിക്കേ അയാളുടെ ഊഴം വന്നെത്തി. കസേരയെ വേദനിപ്പിക്കാതെ അതിലേക്കിരുന്ന അയാളുടെ സൗമ്യത പേർസണൽ മാനേജരെ അതിശയപ്പെടുത്തിക്കാണണം. ഉദ്യോഗാർഥിയുടെ സൗമ്യത ഇന്റർവ്യൂ നടത്തുന്നവരെ അസ്വസ്ഥരാക്കും. മറ്റൊരർത്ഥത്തിൽ, ഇന്റർവ്യൂവിലെ സൗമ്യതയുടേയും അസ്വസ്ഥതയുടേയും ആകെത്തുക തുല്യമാണെന്നു വരുന്നു. ഒന്നാം കക്ഷിയിൽ സൗമ്യത കൂടുമ്പോൾ രണ്ടാം കക്ഷി അസ്വസ്ഥനാകുന്നു, നേരെ തിരിച്ചും.

"എന്തെങ്കിലും അസുഖമുണ്ടോ?", പേർസണൽ മാനേജരുടെ ചോദ്യം അയാളുടെ ക്ഷീണിച്ച കണ്ണുകളിൽ ഒരു നിമിഷത്തേക്ക് ഒരു പ്രകാശകണികയുടെ രൂപത്തിൽ അന്തരാത്മാവിലേക്ക് ആണ്ടുപോയി. 
"ഇല്ല",ഒറ്റവാക്കിലുള്ള മറുപടി. 'എന്റെ രൂപം എപ്പോഴും ഇങ്ങനെയാണെന്ന് അയാൾ പറയാതെ പറഞ്ഞു. ഏതോ പ്ലാന്റിൽ ഹെൽപർ ആയി ജോലി നോക്കുകയാണയാൾ. 'എന്തിനാണീ ജോലിക്കപേക്ഷിച്ചതെ'ന്ന ചോദ്യം അയാളുടെ നേർക്കും ഉന്നയിക്കപ്പെട്ടു. അയാൾ ഒരു നിമിഷം നിശ്ശബ്ദനായി. ഫാനിന്റെ നേർത്ത മുരൾച്ചയും, കാറ്റിൽ ഇളകുന്ന കടലാസുകളുടെ മർമരവും, മുറിക്കു പുറത്തുള്ള ഉദ്യോഗാർഥികളുടെ പിറുപിറുക്കലുകൾക്കുമകലെ തടാകത്തിന്റെ കരയിലെ ലക്ഷക്കണക്കിന്‌ ചീവീടുകളുടെ വായ്ത്താരിയും പെട്ടെന്ന് മുറിയിലെ വാചാലസാന്നിധ്യമായി. അല്പസമയത്തിനുശേഷം ആദ്യമായി സന്ദേഹത്തിന്റെ ഇടർച്ചയോടെ അയാൾ പറഞ്ഞു തുടങ്ങി.

"എനിക്ക് രണ്ടു പെണ്‍മക്കളാണ്. അതിൽ മൂത്തവൾക്ക് വിവാഹപ്രായമായി. ആലോചനകൾ വരുന്നുണ്ട്. അച്ഛനെന്താണ് ജോലിയെന്നു ചോദിക്കുമ്പോൾ ഹെൽപർ എന്നതിനേക്കാളും പമ്പ് ഓപ്പറേറ്റർ എന്നു പറയുന്നതാണ് അവർക്ക് കൂടുതൽ നല്ല ആലോചനകൾ വരാൻ നല്ലത് എന്നു തോന്നിയതുകൊണ്ടാണ്", അയാൾ പറഞ്ഞു. ഇന്റർവ്യൂ ബോർഡ്‌ സത്യസന്ധതയുടെ ഈ മലവെള്ളപ്പാച്ചിലിൽ സ്തബ്ധരായിപ്പോയി. കൂടുതൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല. നനുത്തതും എന്നാൽ ഉറച്ചതുമായ ചുവടുകളോടെ അയാൾ ഇറങ്ങിപ്പോയി. സീനിയോറിറ്റിയുടെ നൂലാമാലകളെല്ലാം പൊട്ടിച്ചെറിഞ്ഞ് അയാൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ഈ മാസം അയാൾ വിരമിക്കുകയാണ്. വിടവാങ്ങൽ യോഗത്തിൽ ആശംസകൾ നേരാൻ അന്ന് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന പേർസണൽ മാനേജരും ഉണ്ട്. വിരമിക്കുന്നവരുടെ കുടുംബവിവരങ്ങൾ അടങ്ങിയ കടലാസ് പ്രസംഗിക്കുന്നവർക്ക് നൽകിയിട്ടുണ്ട്. നമ്മുടെ പമ്പ് ഓപ്പറേറ്ററുടെ പേരിനു നേരെ 24ഉം, 25ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികളുടെ പേരുകളാണ് എഴുതിയിരുന്നത്. മാനേജർ കണ്ണുതിരുമ്മി വീണ്ടും നോക്കി. അതുതന്നെ!

അമ്പട മിടുക്കാ!

No comments:

Post a Comment