Sunday, March 19, 2017

മറക്കാൻ അനുവദിക്കാത്തവർ

Atheists Kerala എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഈ പോസ്റ്റിനു നൽകിയ മറുപടി.



-------------------------------മറുപടി-----------------------
ബ്രാഹ്മണമേധാവിത്വവും അത് ഇന്ത്യയ്ക്കുവരുത്തിവെച്ച സാംസ്കാരിക അപഭ്രംശവും മറന്നുകൊണ്ടല്ല, എങ്കിലും പറയട്ടെ.

കഴിഞ്ഞുപോയതും ജനങ്ങൾ മറക്കാനാഗ്രഹിക്കുന്നതുമായ ഏടുകൾ എല്ലാ രാഷ്ട്രചരിത്രങ്ങളിലും മതങ്ങളിലുമുണ്ട്. ആ കാലഘട്ടത്തിന്റെ സ്മരണകൾ വൃഥാ ചികഞ്ഞെടുത്ത് ഉയർത്തിക്കാട്ടുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്? അനുരഞ്ജനം വേണമെങ്കിൽ മറവി അതിന്റെ അവിഭാജ്യഘടകമാണ്. ഒരു കുടുംബത്തിലെ അംഗങ്ങൾ കഴിഞ്ഞതെല്ലാം മറന്ന് ഒന്നിക്കാനൊരുങ്ങുമ്പോൾ അതിലൊരുവൻ പഴയ ദ്രോഹങ്ങൾ വീണ്ടും ഉരുക്കഴിക്കുന്നത് നീചവും.

ഒരു ഗാനത്തിലെ ചില വരികൾ ബോധപൂർവം ഒഴിവാക്കുന്നത് ഇന്ത്യയിൽ മാത്രമുള്ള ഒരു പ്രതിഭാസമല്ല. God save the Queen എന്ന ബ്രിട്ടീഷ് ദേശീയഗാനം തന്നെ ഉദാഹരണം. അതിന്റെ ആറാം പാദം ഒഴിവാക്കിയാണ് ഗാനം ആലപിക്കുന്നത്. ആ ഭാഗം ഇങ്ങനെ..

Lord grant that Marshal Wade
May by thy mighty aid
Victory bring.
May he sedition hush,
And like a torrent rush,
Rebellious Scots to crush.
God save the Queen!

സ്കോട്ട് ലാൻഡിൽ പതിനെട്ടാം നൂറ്റാണ്ടിൽ നടന്ന ഒരു കലാപത്തെ അടിച്ചമർത്താൻ സേനാനായകനായ വേഡിനെ സഹായിക്കണമേ എന്ന ഈ പ്രാർത്ഥന സ്കോട്ട് ലൻഡ് കൂടി ഉൾപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്റെ ദേശീയഗാനമാണിപ്പോഴും. അസുഖകരമായ സ്മരണകൾ പുതുക്കാതിരിക്കാൻ ആറാം പാദം ആലപിക്കാറുമില്ല.

അനുരഞ്ജനത്തിന്റെ പാതയിൽ നമുക്ക് കല്ലും മുള്ളും വിതറാതിരിക്കാം!

Friday, March 10, 2017

ഭാരതയാത്ര

തപാൽ വകുപ്പിൽനിന്ന് മുപ്പതുവർഷത്തെ സേവനത്തിനുശേഷം വിരമിച്ച് ഇന്ത്യയിലും അമേരിക്കയിലുമായി വസിക്കുന്ന ശ്രീ എം. സി. ചാക്കോ നിരവധി യാത്രാവിവരണഗ്രന്ഥങ്ങളുടെ കർത്താവാണ്. മുഖ്യമായും വിദേശരാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങളാണ് ഈ പുസ്തകങ്ങളിൽ പരാമർശിതമായിട്ടുള്ളത്. അവയിൽ പാക്കിസ്ഥാൻ പോലും ഉൾപ്പെടുന്നു. അങ്ങനെയിരിക്കേ എന്തുകൊണ്ട് ഇന്ത്യയിൽ സഞ്ചരിച്ച് അനുഭവങ്ങൾ രേഖപ്പെടുത്തുന്നില്ല എന്ന് അനുവാചകർ അഭിപ്രായപ്പെട്ടതുമൂലമാണ് ശ്രീ. ചാക്കോ 2012, 13 വർഷങ്ങളിൽ ഭാരതത്തിലുടനീളം യാത്ര ചെയ്ത് ഈ കൃതി രചിച്ചത്.

കന്യാകുമാരിയിൽ തുടങ്ങി ഗുജറാത്ത്, കാശ്മീർ, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ രാജ്യത്തിന്റെ നാനാകോണുകളിലും ലേഖകൻ ചെന്നെത്തുന്നു. എഴുപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം ആയിരക്കണക്കിനു കിലോമീറ്ററുകൾ നീണ്ട ഈ ദൗത്യത്തിനു മുതിർന്നതെന്ന് വായനക്കാർ ഓർമ്മിക്കേണ്ടതാണ്. എങ്കിലും ഒരു യുവാവിന്റെ ചുറുചുറുക്കും ഉന്മേഷവും അദ്ദേഹം യാത്രയിലുടനീളം പുലർത്തി. വൈദ്യശാസ്ത്രപുരോഗതിയുടെ ഫലമായി ആയുർദൈർഘ്യം വർദ്ധിക്കുകയും ജനസമൂഹത്തിന് മൊത്തത്തിൽ ജരാനരകൾ ബാധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത്ഒരു മൂലയിലൊതുങ്ങി കുഴമ്പും തേച്ചുപിടിപ്പിച്ചുകൊണ്ടിരിക്കാതെ നാടുകാണാനിറങ്ങിയ ആ 916 മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഏറ്റവും ചെലവുചുരുക്കിയുള്ള ഒരു യാത്രാപരിപാടിയാണ് ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുമായ സഹയാത്രികരും സംവിധാനം ചെയ്യുന്നത്. വിമാനയാത്രകൾ തീർത്തും ഒഴിവാക്കിക്കൊണ്ട് നാടിനെയും നാട്ടുകാരേയും കൂടുതൽ അടുത്തറിയാൻ സഹായകമായ തീവണ്ടി യാത്രകളാണ് കൂടുതൽ കാണുന്നത്. കൃസ്തീയസഭയുമായുള്ള അടുപ്പം കുറെ സ്ഥലങ്ങളിലൊക്കെ താമസസൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ചെലവുകുറഞ്ഞ സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു. തദ്ദേശീയ വാഹനങ്ങളായ ടാക്സിയും ഓട്ടോയും വിലപേശി ഉപയോഗിക്കുമ്പോഴും അവരുടെ സേവനം തൃപ്തികരമെന്നുകണ്ടാൽ കൂടുതൽ തുക നൽകാനും അദ്ദേഹം മടി കാണിക്കുന്നില്ല.

ഭാരതത്തിന്റെ സാംസ്കാരികത്തനിമ ഹൃദയത്തിൽ സ്വാംശീകരിച്ച യാത്രകളാണ് നാമിവിടെ കാണുന്നത്. പുരാണേതിഹാസങ്ങളിൽ രേഖപ്പെടുത്തപ്പെട്ട സ്ഥലങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ അതികായരായ ഗാന്ധിജി, നെഹ്‌റു, സ്വാമി വിവേകാനന്ദൻ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങളായ ഹരിദ്വാർ, ഋഷികേശ്, വാരാണസി, ബുദ്ധകേന്ദ്രമായ സാരാനാഥ്, സൂഫി സ്ഥാനമായ അജ്‌മീർ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പേറുന്ന രാജസ്ഥാൻ മരുഭൂമി, ഹിമാലയം, വടക്കുകിഴക്കൻ നാടുകൾ എന്നിങ്ങനെ രാജ്യത്തിന്റെ ഒരു കറതീർന്ന പരിച്ഛേദം തന്നെ നമുക്കിതിൽ കാണാം.

ചാക്കോയുടെ യാത്രകളെ എസ്. കെ. പൊറ്റെക്കാടിന്റേതുമായി താരതമ്യം ചെയ്യരുത്. സാധാരണക്കാർക്കും ക്ലേശരഹിതമായി നടത്തുവാൻ സഹായകമായിട്ടുള്ളതാണ് ഈ യാത്രകൾ. സാഹിത്യപരമായ ഉന്നതമേന്മയൊന്നും അവകാശപ്പെടാനില്ലെങ്കിലും അറിയേണ്ട കാര്യങ്ങൾ ആത്മാർത്ഥതയോടെ അദ്ദേഹം വിവരിക്കുന്നു. സുഹൃദ് ജനത്തോടൊപ്പം സഞ്ചരിക്കുമ്പോൾ യാത്ര ബെൻസ് കാറിലാണെങ്കിൽ ആ വിവരം ആവേശത്തോടെ എടുത്തുപറയുന്നതും, കാഴ്ചകളെ താൻ വിദേശങ്ങളിൽ കണ്ടിട്ടുള്ളവയുമായി കൂടെക്കൂടെ താരതമ്യപ്പെടുത്തുന്നതും പോലുള്ള കൊച്ചു കൊച്ചു പൊങ്ങച്ചങ്ങൾ നമുക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഒട്ടനവധി ചിത്രങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് വായനക്കാരെ വളരെയധികം ആകർഷിക്കുന്നു.

Book Review of 'Bharathayathra' by M C Chacko
ISBN: 97881240019689

Saturday, March 4, 2017

ക്ലിയോപാട്രയുടെ നാട്ടിൽ

സഞ്ചാരസാഹിത്യത്തിന്റെ ചക്രവർത്തിയായ എസ്. കെ. പൊറ്റെക്കാട് കയ്‌റോ, അലക്സാൻഡ്രിയ എന്നീ നഗരങ്ങളിൽ നടത്തിയ പര്യടനത്തിന്റെ വിവരണമാണ് ഈ ചെറിയ പുസ്തകത്തിൽ. തന്റെ ആഫ്രിക്കൻ യാത്രയുടെ അവസാനഖണ്ഡത്തിന് രാജകീയമായിത്തന്നെ അദ്ദേഹം അലക്സാൻഡ്രിയയിൽ തിരി താഴ്‌ത്തുന്നു.

പൊറ്റെക്കാടിന്റെ യാത്രകൾ മോഹിപ്പിക്കുന്നവിധം മൗലികത്വം നിറഞ്ഞതാണ്. 1952-ൽ നടത്തിയ ഈ യാത്രയുടെ വിവരണം 2017-ൽ വായിക്കുമ്പോഴും ലേഖകന്റെ അനുഭവങ്ങളുടെ ചൂടും ചൂരും നഷ്ടപ്പെടാതിരിക്കുന്നതും അതുകൊണ്ടാണ്. മറ്റൊരാൾ ചിട്ടപ്പെടുത്തിയ യാത്രാപദ്ധതികൾ നമ്മളിതിൽ കാണില്ല. താമസസൗകര്യം തെരഞ്ഞെടുക്കുന്നതിൽ തുടങ്ങി, വിജനതയിൽ ബോധപൂർവ്വം ഇറങ്ങി വഴികണ്ടുപിടിക്കുന്നതുമൊക്കെ പൊറ്റെക്കാടിന്റെ കയ്യൊപ്പുകളാണ്.

കയ്റോയാണ് പ്രധാനമായും ഈ പുസ്തകത്തിലെ പ്രതിപാദ്യം. ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള പിരമിഡുകളും അതിനുള്ളിൽ അടക്കം ചെയ്തിട്ടുള്ള മൃതശരീരങ്ങളുമാണല്ലോ കയ്‌റോയുടെ പ്രധാന  ആകർഷണങ്ങൾ! ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ പ്രതിവർഷം അങ്ങോട്ടേക്കൊഴുകിയെത്തുന്നതും ഈ നഗരത്തിന്റെ മൃതാവശിഷ്ടങ്ങൾ കാണാൻ വേണ്ടി മാത്രമാണ്. എന്നാൽ പൊറ്റെക്കാട് അവയ്ക്കുമപ്പുറം കയ്റോ നഗരിയുടെ ജീവിക്കുന്ന, തുടിക്കുന്ന ഹൃദയം നമുക്കു കാട്ടിത്തരുന്നു. നഗരത്തിലെ ചന്തകളും, ജനസമൂഹത്തിന്റെ ആഘോഷങ്ങളും, രുചിഭേദങ്ങളുമെല്ലാം ആ തൂലികയിൽനിന്ന് ചിറകടിച്ചുയരുന്നു. ഗ്രന്ഥകാരനിലെ കാല്പനികൻ ഈജിപ്ഷ്യൻ വനിതകളുടെ കവിൾത്തടങ്ങളിലെ തുടുപ്പും ശ്രദ്ധിക്കാതെ പോകുന്നില്ല!

ഒരുമാസക്കാലം കയ്‌റോയിൽ താമസിച്ചുനടത്തിയ യാത്രകളുടെ ഒരു നല്ല വിവരണമാണ് ഈ പുസ്തകം കാഴ്ച വെയ്ക്കുന്നത്. വിഖ്യാതമായ ഈജിപ്ഷ്യൻ മ്യൂസിയത്തിലേക്കുള്ള സന്ദർശനവും അവിടത്തെ കാഴ്ചവസ്തുക്കളുടെ പ്രത്യേകതകളുമെല്ലാം വിശദമായിത്തന്നെ വായിക്കാം. ഈജിപ്ത് രാജാവായിരുന്ന ഫാറൂഖിന്റെ വികൃതികളും സരസമായി വർണ്ണിക്കപ്പെടുന്നു. പൊറ്റെക്കാടിന്റെ യാത്ര നടന്നതിന്റെ തൊട്ടടുത്ത വർഷം തന്നെ ഈ രാജാവ് പട്ടാള അട്ടിമറിയിലൂടെ നീക്കം ചെയ്യപ്പെട്ടു.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Cleopatrayude Nattil' by S K Pottekkatt
ISBN: 9788182652088