Friday, March 10, 2017

ഭാരതയാത്ര

തപാൽ വകുപ്പിൽനിന്ന് മുപ്പതുവർഷത്തെ സേവനത്തിനുശേഷം വിരമിച്ച് ഇന്ത്യയിലും അമേരിക്കയിലുമായി വസിക്കുന്ന ശ്രീ എം. സി. ചാക്കോ നിരവധി യാത്രാവിവരണഗ്രന്ഥങ്ങളുടെ കർത്താവാണ്. മുഖ്യമായും വിദേശരാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങളാണ് ഈ പുസ്തകങ്ങളിൽ പരാമർശിതമായിട്ടുള്ളത്. അവയിൽ പാക്കിസ്ഥാൻ പോലും ഉൾപ്പെടുന്നു. അങ്ങനെയിരിക്കേ എന്തുകൊണ്ട് ഇന്ത്യയിൽ സഞ്ചരിച്ച് അനുഭവങ്ങൾ രേഖപ്പെടുത്തുന്നില്ല എന്ന് അനുവാചകർ അഭിപ്രായപ്പെട്ടതുമൂലമാണ് ശ്രീ. ചാക്കോ 2012, 13 വർഷങ്ങളിൽ ഭാരതത്തിലുടനീളം യാത്ര ചെയ്ത് ഈ കൃതി രചിച്ചത്.

കന്യാകുമാരിയിൽ തുടങ്ങി ഗുജറാത്ത്, കാശ്മീർ, ഒഡിഷ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിങ്ങനെ രാജ്യത്തിന്റെ നാനാകോണുകളിലും ലേഖകൻ ചെന്നെത്തുന്നു. എഴുപത്തിയഞ്ചാം വയസ്സിലാണ് അദ്ദേഹം ആയിരക്കണക്കിനു കിലോമീറ്ററുകൾ നീണ്ട ഈ ദൗത്യത്തിനു മുതിർന്നതെന്ന് വായനക്കാർ ഓർമ്മിക്കേണ്ടതാണ്. എങ്കിലും ഒരു യുവാവിന്റെ ചുറുചുറുക്കും ഉന്മേഷവും അദ്ദേഹം യാത്രയിലുടനീളം പുലർത്തി. വൈദ്യശാസ്ത്രപുരോഗതിയുടെ ഫലമായി ആയുർദൈർഘ്യം വർദ്ധിക്കുകയും ജനസമൂഹത്തിന് മൊത്തത്തിൽ ജരാനരകൾ ബാധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലത്ത്ഒരു മൂലയിലൊതുങ്ങി കുഴമ്പും തേച്ചുപിടിപ്പിച്ചുകൊണ്ടിരിക്കാതെ നാടുകാണാനിറങ്ങിയ ആ 916 മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഏറ്റവും ചെലവുചുരുക്കിയുള്ള ഒരു യാത്രാപരിപാടിയാണ് ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളുമായ സഹയാത്രികരും സംവിധാനം ചെയ്യുന്നത്. വിമാനയാത്രകൾ തീർത്തും ഒഴിവാക്കിക്കൊണ്ട് നാടിനെയും നാട്ടുകാരേയും കൂടുതൽ അടുത്തറിയാൻ സഹായകമായ തീവണ്ടി യാത്രകളാണ് കൂടുതൽ കാണുന്നത്. കൃസ്തീയസഭയുമായുള്ള അടുപ്പം കുറെ സ്ഥലങ്ങളിലൊക്കെ താമസസൗകര്യം ഒരുക്കിക്കൊടുക്കുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ചെലവുകുറഞ്ഞ സജ്ജീകരണങ്ങൾ ഉപയോഗപ്പെടുത്തിയിരിക്കുന്നു. തദ്ദേശീയ വാഹനങ്ങളായ ടാക്സിയും ഓട്ടോയും വിലപേശി ഉപയോഗിക്കുമ്പോഴും അവരുടെ സേവനം തൃപ്തികരമെന്നുകണ്ടാൽ കൂടുതൽ തുക നൽകാനും അദ്ദേഹം മടി കാണിക്കുന്നില്ല.

ഭാരതത്തിന്റെ സാംസ്കാരികത്തനിമ ഹൃദയത്തിൽ സ്വാംശീകരിച്ച യാത്രകളാണ് നാമിവിടെ കാണുന്നത്. പുരാണേതിഹാസങ്ങളിൽ രേഖപ്പെടുത്തപ്പെട്ട സ്ഥലങ്ങൾ, രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ അതികായരായ ഗാന്ധിജി, നെഹ്‌റു, സ്വാമി വിവേകാനന്ദൻ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങളായ ഹരിദ്വാർ, ഋഷികേശ്, വാരാണസി, ബുദ്ധകേന്ദ്രമായ സാരാനാഥ്, സൂഫി സ്ഥാനമായ അജ്‌മീർ, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പേറുന്ന രാജസ്ഥാൻ മരുഭൂമി, ഹിമാലയം, വടക്കുകിഴക്കൻ നാടുകൾ എന്നിങ്ങനെ രാജ്യത്തിന്റെ ഒരു കറതീർന്ന പരിച്ഛേദം തന്നെ നമുക്കിതിൽ കാണാം.

ചാക്കോയുടെ യാത്രകളെ എസ്. കെ. പൊറ്റെക്കാടിന്റേതുമായി താരതമ്യം ചെയ്യരുത്. സാധാരണക്കാർക്കും ക്ലേശരഹിതമായി നടത്തുവാൻ സഹായകമായിട്ടുള്ളതാണ് ഈ യാത്രകൾ. സാഹിത്യപരമായ ഉന്നതമേന്മയൊന്നും അവകാശപ്പെടാനില്ലെങ്കിലും അറിയേണ്ട കാര്യങ്ങൾ ആത്മാർത്ഥതയോടെ അദ്ദേഹം വിവരിക്കുന്നു. സുഹൃദ് ജനത്തോടൊപ്പം സഞ്ചരിക്കുമ്പോൾ യാത്ര ബെൻസ് കാറിലാണെങ്കിൽ ആ വിവരം ആവേശത്തോടെ എടുത്തുപറയുന്നതും, കാഴ്ചകളെ താൻ വിദേശങ്ങളിൽ കണ്ടിട്ടുള്ളവയുമായി കൂടെക്കൂടെ താരതമ്യപ്പെടുത്തുന്നതും പോലുള്ള കൊച്ചു കൊച്ചു പൊങ്ങച്ചങ്ങൾ നമുക്ക് തീർച്ചയായും ഇഷ്ടപ്പെടും. ഒട്ടനവധി ചിത്രങ്ങളും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് വായനക്കാരെ വളരെയധികം ആകർഷിക്കുന്നു.

Book Review of 'Bharathayathra' by M C Chacko
ISBN: 97881240019689

No comments:

Post a Comment