പുരോഗമനാത്മകമായ നിരവധി നടപടികൾ കാലത്തിനുമുമ്പേ നടപ്പിൽ വരുത്തിയ ഒരു രാജവംശമായിരുന്നു തിരുവിതാംകൂറിലേത്. വിദ്യാഭ്യാസരംഗത്തെ ജനകീയവൽക്കരണം, അടിമസമ്പ്രദായം നിർത്തൽ ചെയ്തത്, ശ്രീമൂലം പ്രജാസഭയുടെ രൂപീകരണം, അയിത്താചരണത്തിനെതിരായ നീക്കങ്ങൾ, ക്ഷേത്രപ്രവേശനവിളംബരം എന്നിവയൊക്കെ തിരുവിതാംകൂർ രാജാക്കന്മാരുടെ കിരീടത്തിന് ഖ്യാതിയേറ്റുന്നവയാണ്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആവിർഭാവത്തോടെ രാജാക്കന്മാർ അപ്രത്യക്ഷരായെങ്കിലും കേരളത്തിന്റെ സാമൂഹ്യ-മതപരമായ രംഗങ്ങളിൽ തിരുവിതാംകൂർ രാജവംശം സൗമ്യമായ ഒരു സ്വാധീനം നിലനിർത്തുന്നു. പദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ അളവറ്റ നിധിശേഖരം പടുത്തുയർത്തിയവർ എന്ന നിലയിലും ഈ രാജവംശം നമ്മുടെ ആദരവ് പിടിച്ചുപറ്റുന്നു. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മുതൽ അവസാനരാജാവായിരുന്ന ചിത്തിരതിരുനാളിന്റെ ഇളയസഹോദരൻ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ വരെയെത്തിനിൽക്കുന്ന രാജവംശത്തിന്റെ സംക്ഷിപ്തചരിത്രം നമുക്കു നൽകുന്നത് ദീർഘകാലം ഹൈസ്കൂൾ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന ശ്രീ. കൊട്ടാരക്കര കൃഷ്ണൻകുട്ടിയാണ്.
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയാണെന്നത് നിസ്തർക്കമായ വസ്തുതയാണ്. തന്റെ സിംഹാസനം ഉറപ്പിക്കുകയെന്ന ദുഷ്കരമായ കൃത്യം നിർവഹിക്കുന്നതിന് വിലങ്ങുതടിയായി നിന്ന ഇടപ്രഭുക്കളെ നിഷ്കരുണം അരിഞ്ഞുതള്ളാൻ ആ ഉരുക്കുമനുഷ്യൻ മടി കാണിച്ചില്ല. അതിനുശേഷം രാജ്യവിസ്തൃതി വിപുലപ്പെടുത്തി വിദേശശക്തികളെ വരുതിയിലാക്കിയ അനിഴം തിരുനാളിനോളം പോന്ന ഒരു രാജാവും അതിനുശേഷമുണ്ടായിട്ടില്ല. എന്നാൽ എട്ടുവീട്ടിൽ പിള്ളമാരെ കൊലപ്പെടുത്തിയതിനുശേഷം അവരുടെ സ്ത്രീകളേയും കുട്ടികളേയും മുക്കുവർക്ക് ദാനം ചെയ്തത് രാജാവിന്റെ കരുണയായി വ്യാഖ്യാനിക്കാനുള്ള ഗ്രന്ഥകാരന്റെ പ്രയത്നം അസ്ഥാനത്താണ്. തികഞ്ഞ രാജഭക്തി കൃഷ്ണൻകുട്ടി പുലർത്തുന്നതുകൊണ്ടാകാം 'രാജാക്കന്മാരുടെ നിസ്സീമമായ നിഷ്കളങ്കത നവകാല ഭരണാധികാരികൾക്ക് മാതൃകയാണെന്ന' മട്ടിലുള്ള വൃഥാപ്രശംസകൾ അദ്ദേഹം ഉരുവിടുന്നത്. നിഷ്കളങ്കനായ ഒരാൾക്ക് രാജാവായിരിക്കാൻ സാദ്ധ്യമാണോ? അമാനുഷികസിദ്ധികളും രാജാക്കന്മാർക്ക് ലേഖകൻ പതിച്ചുനല്കുന്നുണ്ട്. മദം പൊട്ടി ഓടിയ ഒരു ആന സ്വാതിതിരുനാളിനെ ദർശിച്ച മാത്രയിൽ ശാന്തനായ കഥ ഈ ഗണത്തിൽ പെടുന്നതാണ്. ആയില്യം തിരുനാൾ നല്ലരീതിയിൽ പ്രോത്സാഹനം നൽകിയ ചിത്രകാരൻ രാജാ രവിവർമ്മയെ പിന്നീട് അധികാരത്തിലെത്തിയ വിശാഖം തിരുനാൾ പലരീതിയിലും ബുദ്ധിമുട്ടിച്ചിരുന്നു. അദ്ദേഹം കേരളം വിട്ടുപോകാൻ കാരണമായതുപോലും ഈ ശല്യപ്പെടുത്തലായിരുന്നു. എന്നാൽ അത്തരം കഥകളൊന്നും ഈ പുസ്തകത്തിൽ പരാമർശിക്കുന്നതേയില്ല. സർ. സി. പിക്കുനേരെ നടന്ന വധശ്രമം തിരുവിതാംകൂർ ചരിത്രത്തിലെ ഒരു നിർണായക സംഭവമാണെങ്കിലും അതും ലേഖകൻ തമസ്കരിക്കുന്നു. രാജാക്കന്മാരുടെ വിദ്യാഭ്യാസപരമായ കാര്യങ്ങൾ വിശദീകരിക്കുന്ന കൂട്ടത്തിൽ അവരെല്ലാവരും മറ്റു പ്രമുഖഭാഷകൾ കൂടാതെ മറാഠി, കന്നഡ, തെലുഗ് എന്നിവയും അഭ്യസിക്കുന്നതായി കാണുന്നത് എന്തിനെന്നു മനസ്സിലാകുന്നില്ല.
പുസ്തകത്തിലെ വളരെ ഗുരുതരമായ ഒരു തെറ്റുകൂടി ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. മാവേലിക്കര കൊട്ടാരത്തിൽനിന്ന് ദത്തെടുക്കപ്പെട്ട സേതുലക്ഷ്മീഭായി, സേതുപാർവ്വതീഭായി എന്നീ രാജകുമാരിമാർ സഹോദരീപുത്രിമാരായിരുന്നു. ശ്രീമൂലം തിരുനാളിന്റെ അകാലനിര്യാണസമയത്ത് സേതുപാർവ്വതീഭായിയുടെ മകനും, കിരീടാവകാശിയുമായിരുന്ന ചിത്തിര തിരുനാളിന് പ്രായപൂർത്തിയായിരുന്നില്ല. തുടർന്ന് ഏഴുവർഷം റീജന്റായി ഭരിച്ചത് അദ്ദേഹത്തിന്റെ വല്യമ്മയായിരുന്ന സേതുലക്ഷ്മീഭായിയാണ്. ഇതിനെച്ചൊല്ലി രണ്ടുറാണിമാരും തമ്മിൽ നിരന്തരമായ അഭിപ്രായവ്യത്യാസവും കലഹവും പതിവായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ കൃഷ്ണൻകുട്ടി റീജന്റായിരുന്ന സേതുലക്ഷ്മീഭായിയെയാണ് ചിത്തിരതിരുനാളിന്റെ മാതാവായി അവതരിപ്പിക്കുന്നത് (പേജ് 120).
വിമർശനബുദ്ധി പടിപ്പുരക്കകത്തുപോലും കടത്താത്ത ഈ പുസ്തകം താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികൾക്കുമാത്രം പ്രയോജനപ്പെടുന്ന ഒന്നാണ്. ഒരു സ്‌കൂൾ ടെക്സ്റ്റ് ബുക്ക് എന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നതും. ആധുനികകേരളസമൂഹത്തിന് തമാശ തോന്നാവുന്ന വിധത്തിലാണ് ഗ്രന്ഥകാരന്റെ രാജഭക്തി വരികൾക്കിടയിലൂടെ നൃത്തം ചെയ്യുന്നത്.
പുസ്തകം ശുപാർശ ചെയ്യുന്നു.
Book Review of 'Thirvithamkoor Maharajakkanmar' by Kottarakkara Krishnankutty
Published by Saindhava Books, Kollam

No comments:
Post a Comment