Tuesday, March 27, 2018

നീതി തേടുന്ന വാക്ക്

മലയാളത്തിലെ പ്രമുഖ സാമൂഹ്യചിന്തകരിൽ അഗ്രിമസ്ഥാനം അലങ്കരിക്കുന്ന ശ്രീ. എം. എൻ. കാരശേരിയുടെ ഷഷ്ഠിപൂർത്തി വേളയിൽ തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളുമായി ഡി. സി. ബുക്ക്സ് പുറത്തിറക്കിയ പുസ്തകമാണിത്. കോഴിക്കോട് സർവകലാശാലയിലെ മലയാളം അദ്ധ്യാപകനായിരുന്ന കാരശേരി എഴുത്തുകാരനെന്ന നിലയിൽ ജനശ്രദ്ധ നേടുന്നത് 1985-ലാണ്. സുലൈഖാ ബീവി, ഷാബാനോ കേസുകൾ, മുസ്ലിം വനിതാ ബില്ല് എന്നീ വിഷയങ്ങൾ കാളിമ പടർത്തിയ അന്തരീക്ഷത്തിൽ, മതഗ്രന്ഥങ്ങളുടെ പിൻബലത്തോടെ പൗരോഹിത്യസ്ഥാപിതതാല്പര്യങ്ങളുടെ കള്ളലാക്ക് അദ്ദേഹം ധീരതയോടെ തുറന്നുകാട്ടി. വിവിധ കാലഘട്ടങ്ങളിൽ, വിവിധ വിഷയങ്ങളെ അധികരിച്ചെഴുതിയ ഈ 58 ഉപന്യാസങ്ങൾ തെളിവാർന്ന ചിന്തയുടേയും, യുക്തിബോധത്തിൽ അധിഷ്ഠിതമായ സാമാന്യബുദ്ധിയുടേയും ഉത്തമനിദർശനമാകുന്നു. മുൻപു പല ഗ്രന്ഥങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ട ചില ലേഖനങ്ങൾ ഇതിൽ കാണാം. ഈ പുസ്തകം 2013-ൽ പ്രകാശനം ചെയ്യപ്പെട്ട ഒരു സമാഹാരമാണല്ലോ. 'ഉമ്മമാർക്കൊരു സങ്കടഹർജി' എന്ന ലേഖനം മൊത്തമായിത്തന്നെ ചേർത്തിരിക്കുന്നു.

സ്ത്രീ, സാഹിത്യം, ഭാഷ, പൗരാവകാശം, മതേതരവാദം, സവർണരാഷ്ട്രീയം, ഇസ്‌ലാമിക രാഷ്ട്രീയം, നാട്ടറിവ്, വ്യക്തി, അനുഭവം എന്നിങ്ങനെ പത്തുഭാഗങ്ങളായിട്ടാണ് ലേഖനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ സ്ത്രീ, മതേതരവാദം, ഇസ്‌ലാമിക രാഷ്ട്രീയം എന്നീ ശ്രേണികളിലെ രചനകളുടെ പേരിലാണ് നാം കാരശേരി മാഷിനെ അറിയുന്നതുതന്നെ എന്നു പറയാം. മലയാളസാഹിത്യത്തിൽ ഗവേഷണബിരുദം നേടിയ, ബി. ഏക്ക് ഒന്നാം റാങ്കുകാരനായിരുന്ന, സർവകലാശാലാ പ്രൊഫസറായിരുന്ന കാരശേരി സാഹിത്യം, ഭാഷ എന്നിവയെ വിശകലനം ചെയ്യുന്നത് നമ്മെ ആശ്ചര്യപ്പെടുത്തുകയില്ല. എന്നാൽ ഒരു യാഥാസ്ഥിതികകുടുംബത്തിൽ വളർന്ന അദ്ദേഹം പുലർത്തുന്ന മതേതരഭാവം അസാധാരണവും രാജ്യത്തിന് ശുഭോദർക്കവുമാണ്. പുസ്തകത്തിൽ പരാമർശിതമായ സാഹിത്യനിരൂപണം, എം. ടി, സുരാസു, വൈക്കം മുഹമ്മദ് ബഷീർ എന്നിവരുടെ രചനാപ്രപഞ്ചം എന്നിവ ശ്രദ്ധേയമാണ്.  ഒപ്പം തന്നെ ജമാ അത്തെ ഇസ്ലാമി, വഹാബിസം മുതലായ തീവ്രവാദപ്രസ്ഥാനങ്ങളെ അപഗ്രഥിക്കുന്ന അദ്ധ്യായങ്ങൾ മികച്ച വിശകലനപാടവത്തിന് ദൃഷ്ടാന്തമാണ്. മാപ്പിളചൊല്ല്, അവരുടെ ശൈലികൾ എന്നിവ കൈകാര്യം ചെയ്യുന്നവർ അപൂർവമായേ കാണൂ.

ഇങ്ങനെയൊക്കെയാണെങ്കിലും ചില വിഷയങ്ങളിൽ അല്പം കൂടി ശ്രദ്ധ ചെലുത്താമായിരുന്നു എന്നു നമുക്കു തോന്നും. അനീതിയിൽ നിന്നാണ് തീവ്രവാദം ഊർജം ശേഖരിക്കുന്നത് (പേജ് 228) എന്ന മാഷിന്റെ അഭിപ്രായം ശരിയല്ല. എല്ലാ മതവിഭാഗങ്ങളിലും പെട്ട നിരവധി ജനങ്ങൾ അനീതി നേരിടുന്നുണ്ടെങ്കിലും തീവ്രവാദം ഒരു പ്രത്യേകമതത്തിന്റെ അനുയായികളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ എന്ന പരമാർത്ഥത്തിനുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. ഈ ചോദ്യം ചോദിക്കുന്നവർക്കുനേരെ ഇസ്ലാമോഫോബിയയുടെ ഖഡ്ഗം വീശുന്നതായിട്ടാണ് കണ്ടുവരുന്നത്. ശരിയായ ചോദ്യത്തിനല്ലേ ശരിയായ ഉത്തരം കണ്ടെത്താനാവൂ? ഭാരതത്തിനാവശ്യമുള്ളതും ഇവിടെ പ്രായോഗികവുമായ ഒരേയൊരു വ്യവസ്ഥ മതേതരത്വമാണെന്നു പറഞ്ഞുവെക്കുമ്പോഴും ആ മുറിയിലെ ന്യൂനപക്ഷപ്രീണനം എന്ന ആനയെ കാരശേരി കാണുന്നില്ല. മദനിയുടെ ജയിൽ മോചനത്തിനായി അദ്ദേഹം കണ്ണുനീർ വാർക്കുന്നുമുണ്ട്.

സമൂഹമനസ്സാക്ഷിയുടെ ദർപ്പണമായ ഈ കൃതി ശുപാർശ ചെയ്യുന്നു.

Book Review of 'Neethi Thedunna Vakku' by M N Karassery
ISBN: 9788126440375

No comments:

Post a Comment