Saturday, July 28, 2018

കമ്യൂണിസ്റ്റ് ഭരണവും വിമോചനസമരവും

ലോകമെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഭരണം കൈക്കലാക്കിയത് തോക്കിൻകുഴലിലൂടെ ഒഴുകിയെത്തിയ വിപ്ലവത്തിലൂടെയായിരുന്നു. റഷ്യയിലോ, ചൈനയിലോ, ക്യൂബയിലോ, എവിടെയായാലും ഒരു ജനാധിപത്യപ്രക്രിയയിലൂടെ അധികാരം നേടാനാവാത്തവിധം ചെറിയ ജനകീയപിന്തുണയേ ആ പാർട്ടിക്കുണ്ടായിരുന്നുള്ളൂ. അതിനാൽത്തന്നെ 1957-ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ബാലറ്റ് പെട്ടിയിലൂടെ കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ ഏറ്റവുമധികം അമ്പരന്നത് ഒരുപക്ഷേ ലോകത്തിലെ ഇതര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നിരിക്കും. അമേരിക്കൻ കൊടിക്കീഴിലുള്ള ജനാധിപത്യശക്തികളേയും ഈ തെരഞ്ഞെടുപ്പുഫലം ഞെട്ടിച്ചു. പുതുതായി നിലവിൽ വന്ന നമ്പൂതിരിപ്പാട് സർക്കാർ പാർട്ടി സെൽ ഭരണവും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ തുറന്നുവിടലുമടക്കം ജനങ്ങളുടെ ശത്രുത പിടിച്ചുപറ്റുന്ന കുറെയധികം നടപടികൾ സ്വീകരിച്ചു. എങ്കിലും വിദ്യാഭ്യാസപരിഷ്കരണം, ഭൂപരിഷ്കരണം മുതലായ യഥാർത്ഥ പുരോഗമന കാഴ്ചപ്പാടുള്ള നടപടികളും ആ സർക്കാർ ആവിഷ്കരിച്ചു. ഈ രണ്ടുമേഖലകളിലും കുത്തകയും നിക്ഷിപ്തതാല്പര്യങ്ങളും ഉണ്ടായിരുന്ന കൃസ്ത്യൻ - നായർ മാടമ്പികളെ ഈ പരിഷ്‌കാരങ്ങൾ അസ്വസ്ഥരാക്കി. സി.ഐ.എ തുടങ്ങിയ വിദേശസംഘടനകളിൽനിന്ന് സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിലേക്ക് വൻതുക ഒഴുകിയെത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കേ ഭരണത്തിനെതിരെ വൻതോതിൽ ജനരോഷം അലയടിച്ചുയർന്നു. വിമോചനസമരം എന്ന പേരിൽ അറിയപ്പെട്ട ഈ പ്രക്ഷോഭണം രണ്ടുമാസത്തിനൊടുവിൽ വിജയകരമായ പരിസമാപ്തിയിലെത്തി. കോൺഗ്രസിൽ തന്റെ കുടുംബാധിപത്യം നടപ്പാക്കാനാഗ്രഹിച്ച നെഹ്രുവിന്റെ പദ്ധതി പ്രകാരം പാർട്ടി പ്രസിഡന്റായ മകൾ ഇന്ദിരാ ഗാന്ധിയുടെ സ്വാധീനഫലമായി കേന്ദ്രസർക്കാർ 1959 ജൂലൈ 31-ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു. ഇതിലേക്കുനയിച്ച സംഭവപരമ്പരകളും പിന്നീടുള്ള കേരളരാഷ്ട്രീയത്തിനെ അതെങ്ങനെ സ്വാധീനിച്ചു എന്നും വെളിവാക്കുന്ന അഡ്വ. ഏ. ജയശങ്കറിന്റെ ഈ പുസ്തകം രാഷ്ട്രീയരംഗത്തെ ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണ്.

ശുദ്ധനർമ്മവും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവും ഇടകലർന്ന ജയശങ്കറിന്റെ ആഖ്യാനശൈലി മനോജ്ഞമാണ്. മറ്റു രാഷ്ട്രീയനിരീക്ഷകർ ഔദ്യോഗികരേഖകളുടെ തണലിൽ തങ്ങളുടെ സർഗാത്മകതയെ തളച്ചിടുമ്പോൾ ജയശങ്കർ വായനക്കാരെ രസിപ്പിക്കുന്ന മറ്റു നുറുങ്ങുകളും തുറന്നുകാട്ടാൻ മടിക്കുന്നില്ല. നിരീശ്വരവാദവും യുക്തിചിന്തയും നയിക്കുന്ന കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസ് തന്റെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചെയ്യിച്ചത് രാഹുകാലത്തിനുശേഷമായിരുന്നു എന്ന വസ്തുത ആശ്ചര്യമുണർത്തി. രാഷ്ട്രീയപ്രസംഗങ്ങളും നിയമസഭയിലെ ചർച്ചകളും പത്രങ്ങളുടെ മുഖപ്രസംഗങ്ങളും ആധാരമാക്കുമ്പോഴും ഗ്രന്ഥകാരൻ അക്കാലത്തെ കേരളത്തിന്റെ ഒരു തെളിമയുറ്റ ചിത്രം വരച്ചുകാണിക്കുന്നു. ജില്ല തിരിച്ചുള്ള രാഷ്ട്രീയതാല്പര്യങ്ങൾ, പ്രമുഖ നേതാക്കൾ, സർ. സി. പിയുടെ കാലം മുതലുള്ള ഉത്തരവാദഭരണപ്രസ്ഥാനങ്ങൾ എന്നിവയും പരാമർശവിധേയമാകുമ്പോൾ അക്കാലത്തെ പത്രങ്ങളുടെ വിശേഷങ്ങളും അവയുടെ രാഷ്ട്രീയതാല്പര്യങ്ങളുമെല്ലാം പഠനവിഷയമാക്കപ്പെടുന്നു. ഈ നൂതനമായ പ്രക്ഷോഭരീതി സാഹിത്യത്തിൽ ഇളക്കിവിട്ട അലകളും ജയശങ്കർ നിരീക്ഷിക്കുന്നുണ്ട്. വിമോചനസമരത്തിലെ ഓരോ അടിയുടേയും വെടിയുടേയും വിവരങ്ങൾ നൽകുന്നില്ലെങ്കിലും സമരത്തിന്റെ അടിവേരുകൾ ജനങ്ങളിൽ ആഴത്തിൽ ഇറങ്ങിപ്പോയിരുന്നത് ലേഖകൻ കാണാതെ പോകുന്നുമില്ല. കേരളരാഷ്ട്രീയത്തെ സൂക്ഷ്മമായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ പുസ്തകം കാണാതെ പോകരുത്. അക്കാലത്തെ രാഷ്ട്രീയലക്ഷ്യങ്ങളും ജനപ്രിയ മുദ്രാവാക്യങ്ങളുമൊക്കെ ഈ കൃതിയിൽ നിരത്തിവെച്ചിട്ടുണ്ട്. സംഗീതാത്മകവും സ്തോഭജനകവുമായ മുദ്രാവാക്യങ്ങൾ പടച്ചുവിടാനുള്ള കഴിവ് പിന്നീടുവന്ന പ്രചാരണശില്പികൾക്ക് കൈമോശം വന്നുപോയോ എന്നു നാം ചിന്തിച്ചുപോകും.

വിമോചനസമരം നല്ലതോ ചീത്തയോ എന്നൊരു വിധിപ്രസ്താവം നടത്തുന്നതിൽനിന്ന് ജയശങ്കർ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറുന്നു. സമരത്തിന്റെ കാരണങ്ങളും രീതികളും ഫലങ്ങളും വിവരിച്ചുകഴിയുന്നതോടെ തന്റെ ജോലി കഴിഞ്ഞു എന്ന ഗ്രന്ഥകർത്താവിന്റെ നയം താത്വികമായി  ശരിവെക്കപ്പെടേണ്ടതുതന്നെയാണ്. ശരിയും തെറ്റും കണ്ടെത്താനും വിധി കൽപ്പിക്കാനുമുള്ള അധികാരം അദ്ദേഹം വായനക്കാരനു നൽകുന്നു. നല്ലൊരു അഭിഭാഷകൻ കൂടിയായ ജയശങ്കർ കമ്യൂണിസ്റ്റ് മന്ത്രിസഭക്ക് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ നമുക്കുമുന്നിൽ നിരത്തിയതിനുശേഷം തീരുമാനമെടുക്കേണ്ട ചുമതല നമ്മെത്തന്നെ ഏൽപ്പിക്കുന്നു. പത്രറിപ്പോർട്ടുകളിൽപോലും ലേഖകന്റെ തോന്നലാണ് ശരിയും പരമമായ സത്യവും എന്നു വിശ്വസിക്കുന്ന ശരാശരി മലയാളി ഇത്തരമൊരു ഉത്തരവാദിത്വം വലിച്ചു തലയിൽവെക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. കട്ടിയായ കാര്യങ്ങൾ ആരെങ്കിലും നേർപ്പിച്ചുകൊടുത്താലേ നമുക്ക് അകത്താക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ നേർപ്പിച്ചു നേർപ്പിച്ചു വരുമ്പോൾ അതിൽ ഹോമിയോ മരുന്നിലെ ഔഷധച്ചേരുവ പോലെ സത്യത്തിന്റെ ഒരു തന്മാത്ര പോലും കാണാനിടയില്ല എന്ന യുക്തിപോലും നമുക്ക് സ്വീകാര്യവുമല്ല.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Communist Bharanavum Vimochana Samaravum' by A. Jayashankar
ISBN: 9788182653283

Monday, July 2, 2018

ജമാ അത്തെ ഇസ്ലാമി - അകവും പുറവും

ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകങ്ങൾ മുതൽ ഇസ്ലാമിക മതമൗലികവാദം ലോകമെങ്ങും പടർന്നുപിടിക്കാനിടയായി. ഒന്നാം ലോകയുദ്ധത്തിനൊടുവിൽ പാശ്ചാത്യശക്തികൾ ഖിലാഫത്തിനെ നുള്ളിക്കളഞ്ഞതും തങ്ങളുടെ കോളനിവൽക്കരണപദ്ധതികൾക്കനുസൃതമായി മദ്ധ്യപൂർവദേശത്തെ കീറിമുറിച്ചതും ഇതിനു സഹായകമായിട്ടുണ്ട്. എന്നിരുന്നാലും ഇസ്ലാം കേവലം ഒരു മതം മാത്രമല്ലെന്നും, രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരികമേഖലകളിലും സമഗ്രാധിപത്യം പുലർത്തുന്ന ഒരു സമ്പൂർണജീവിതപദ്ധതിയാണെന്നുമുള്ള ചിന്തയും ഇതിനുപിന്നിലുണ്ടായിരുന്നു. ഈജിപ്തിലെ മുസ്ലിം ബ്രദർഹുഡ്, ഇന്ത്യയിലെ ജമാ അത്തെ ഇസ്ലാമി എന്നീ സംഘടനകൾ ഈ ആശയങ്ങളെ പിൻപറ്റി ഏതാണ്ടൊരേകാലത്ത് രൂപം കൊണ്ടവയാണ്. സയ്യിദ് അബുൽ ആലാ മൗദൂദി (1903-1979) എന്ന ഇസ്ലാമിക പണ്ഡിതൻ 1941-ൽ ജന്മം നൽകിയ സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. ഇസ്ലാമികതത്വങ്ങൾക്ക് ആധിപത്യമുള്ള ഒരു ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കുക എന്നതായിരുന്നു സംഘടനയുടെ പ്രധാന ഉദ്ദേശലക്ഷ്യം. സ്വാതന്ത്ര്യാനന്തരം മൗദൂദി പാക്കിസ്ഥാനിലേക്ക് കുടിയേറിയെങ്കിലും ഇന്ത്യയിൽ അവശേഷിച്ച ജമാ അത്തുകാർ തന്ത്രപൂർവം തങ്ങളുടെ യഥാർത്ഥലക്ഷ്യം മറച്ചുവെച്ചുകൊണ്ട് പുരോഗമനവാദികളായി നടിക്കാനും, ഇടതുപക്ഷ-പാരിസ്ഥിതികസമരങ്ങൾക്കനുകൂലമായും നിലകൊള്ളാൻ തുടങ്ങി. ഇത് മറ്റു മതസ്ഥരിലും മതേതരചിന്താഗതിയുള്ളവരിലും ആശയക്കുഴപ്പം സൃഷ്ടിക്കുകയും അവരിൽ ചിലരെങ്കിലും ജമാ അത്തിനോട് സഹകരിക്കുന്നതിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ അത്തരത്തിൽ വഞ്ചിക്കപ്പെട്ടവരുടെ കണ്ണ് തുറപ്പിക്കുന്നതിനും ജമാ അത്തെ ഇസ്ലാമിയുടെ തനതുമുഖം ജനസാമാന്യത്തിനുമുൻപിൽ തുറന്നുകാണിക്കുന്നതിനുമായി രചിക്കപ്പെട്ടതാണ് രണ്ടു ഭാഗങ്ങളിലായി 29 ലേഖനങ്ങളടങ്ങിയ ഈ സമാഹാരം. പ്രമുഖചിന്തകനായ ശ്രീ. എം. ഏ. കാരപ്പഞ്ചേരിയാണ് പുസ്തകത്തിന്റെ എഡിറ്റർ.

ജമാ അത്തിനെയും അതിന്റെ സ്ഥാപകനായ മൗദൂദിയെയും നിർദ്ദയം തൊലിയുരിച്ചുകാണിക്കുന്നതിൽ ഈ ഗ്രന്ഥം വിസ്മയകരമായ വിജയം നേടിയിരിക്കുന്നു. ഇന്ത്യയിലെ ദേശീയത, മതേതരത്വം, ജനാധിപത്യം എന്നീ ആധാരശിലകളോടെല്ലാം നിന്ദ്യമായ അവജ്ഞ പുലർത്തുന്നയാളായിരുന്നു മൗദൂദി. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ജമാ അത്തെ ഇസ്ലാമിക്ക് നാലു ഘടകങ്ങളാണുള്ളത് - ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, കാശ്മീർ എന്നിവ. അതിൽത്തന്നെ യഥാർത്ഥ ഭാരതീയർക്ക് ഒരു കല്ലുകടി അനുഭവപ്പെടുന്നില്ലേ? ഹുക്കുമത്ത്-ഇ-ഇലാഹി (ദൈവികഭരണം) എന്ന പ്രാഥമികലക്ഷ്യം മാറ്റിവെച്ച് സ്വതന്ത്ര ഇന്ത്യയിൽ ഇഖാമത്തുദീൻ (മതസ്ഥാപനം) എന്ന കുറച്ചുകൂടി ലഘൂകരിക്കപ്പെട്ട ചിന്ത പകരം കൊണ്ടുവന്നുവെങ്കിലും മതവും രാഷ്ട്രവും ഒന്നാണെന്ന മൗദൂദിയൻ സങ്കൽപ്പത്തിൽ രണ്ടുംതമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നു കാണാം. ആധുനികമായ രാഷ്ട്രസങ്കല്പങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് മൗദൂദി കൊണ്ടുവരാൻ ശ്രമിക്കുന്നത് മദ്ധ്യകാലത്തെ പ്രാകൃതഭരണസമ്പ്രദായമാണ്. ഒരു അനിസ്ലാമികരാജ്യത്തിലെ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ആകുന്നതിലും അഭിമാനകരം ജമാ അത്ത് ഓഫീസിലെ പ്യൂൺ ആയിരിക്കുന്നതാണെന്ന് അദ്ദേഹം കരുതി. ഇന്ത്യാവിഭജനത്തെ ജമാ അത്ത് എതിർത്തു. ഇത് പക്ഷേ അവിഭക്ത ഇന്ത്യയോടുള്ള സ്നേഹം കൊണ്ടൊന്നുമായിരുന്നില്ല, മറിച്ച് അല്പം കൂടി ക്ഷമിച്ചാൽ മുസ്ലിം ജനസംഖ്യ ക്രമേണ വർദ്ധിച്ച് ഇന്ത്യയൊട്ടാകെ ഒരു പാക്കിസ്ഥാൻ സൃഷ്ടിച്ചെടുക്കാം എന്ന ദുഷ്ടലാക്കായിരുന്നു. അമുസ്ലിം ഭരണത്തിനു കീഴിൽ ജീവിക്കുന്ന മുസ്ലിങ്ങൾ തങ്ങൾ ഇസ്ലാമനുസരിച്ച് ജീവിക്കുന്നവരാണെന്ന് അവകാശപ്പെടുന്നത് വ്യാജവും പരിഹാസ്യവുമാണെന്ന് ഫത്‍വയിറക്കിയ മൗദൂദിയുടെ തനിനിറം നാം കാണാതെ പോകരുത്.

അടിയന്തരാവസ്ഥക്കുശേഷമാണ് കേരളത്തിൽ ജമാ അത്തെ ഇസ്ലാമി പുരോഗമനപരതയുടെ മുഖംമൂടി അണിഞ്ഞുതുടങ്ങിയത്. അക്കാലത്ത് നിരോധിക്കപ്പെട്ട ജമാ അത്തിന്റെ കേരള അമീറായിരുന്ന കെ. സി. അബ്ദുല്ല മൗലവി അടക്കമുള്ള നേതാക്കൾ നിരോധിത ജമാ അത്തെ ഇസ്ലാമിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് മാപ്പെഴുതിക്കൊടുത്ത് പുറത്തിറങ്ങുകയാണുണ്ടായത്. അതിനുശേഷം പഴയ നക്സൽ മുദ്രാവാക്യങ്ങളെ ഉപജീവിച്ചും മനുഷ്യാവകാശ-പരിസ്ഥിതി താല്പര്യങ്ങളുടെ മുഖാവരണമണിഞ്ഞും സർവ്വമതസംഗമങ്ങൾ നടത്തിയും ജീവിച്ചുപോവുകയാണീ സംഘടന. അവരുമായി സഹകരിക്കുന്നവരെ പ്രൊഫ. മങ്കട ടി. അബ്ദുൽ അസീസ് മൗലവി വിശേഷിപ്പിക്കുന്നത് 'വേദിയന്വേഷകരായ ബുദ്ധിജീവികൾ' എന്നാണ്. മനുഷ്യന്റെമേൽ അല്ലാഹുവിന്റേതല്ലാത്ത യാതൊരു ആധിപത്യവും നടക്കാതിരിക്കുന്ന ഒരു ചതുരശ്രമൈൽ ലഭിക്കുകയാണെങ്കിൽ ആ ഒരു പിടി മണ്ണായിരിക്കും മുഴുവൻ ഇന്ത്യയേക്കാൾ താൻ വിലമതിക്കുകയെന്നു പ്രഖ്യാപിച്ച മൗദൂദിയെ പിൻപറ്റുന്നവരെ പിന്നെ എന്താണു വിളിക്കേണ്ടത്? സ്വാതന്ത്ര്യസമരവുമായി ജമാ അത്തിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അമുസ്ലീങ്ങളായ ബ്രിട്ടീഷുകാരിൽനിന്ന് അമുസ്ലീങ്ങളായ ഇന്ത്യാക്കാരിലേക്ക് ഭരണം കൈമാറുന്നതുകൊണ്ട് ഇസ്ലാമിനോ മുസ്ലീങ്ങൾക്കോ യാതൊരു പ്രയോജനവുമില്ലാത്തതുകൊണ്ട് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നത് ഹറാമാണെന്നുവരെ മൗദൂദി കൊട്ടിഘോഷിച്ചു. എങ്കിലും അറബി ഭാഷയിൽ പ്രാവീണ്യമില്ലാതിരുന്നത് അദ്ദേഹത്തെ ഇസ്ലാമിക പണ്ഡിതസദസ്സുകളിൽ അപഹാസ്യനാക്കി. ജമാ അത്തിന്റെ രചനകളും നിലപാടുകളും ഷിയാ വിഭാഗത്തിന്റെ സിദ്ധാന്തങ്ങളിൽ നിലയുറപ്പിച്ചതാണെന്നും അത് തഖിയ്യ (സ്വന്തം ആശയങ്ങൾ സൂക്ഷിച്ചുമാത്രം വെളിപ്പെടുത്തുകയും വേണ്ടിവന്നാൽ അവ്യക്തസുന്ദരമായി സംസാരിക്കുകയും ചെയ്യുക)യാണെന്നും ചില ലേഖകർ രേഖപ്പെടുത്തുന്നു.

തങ്ങൾക്ക് ജനസാമാന്യത്തിൽ നിർണായകസ്വാധീനം ലഭ്യമാകുന്നതുവരെ പുരോഗമനനാട്യങ്ങളുമായി കഴിഞ്ഞുകൂടിയതിനുശേഷം പിന്നീട് അധികാരം ലഭ്യമാകുമ്പോൾ ഇറാഖിലും സിറിയയിലും നാം കണ്ടതുപോലുള്ള ഭീകരമായ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കലാണ് ജമാ അത്തിന്റെ ലക്ഷ്യം. അതായത് മുസ്ലീങ്ങൾ ന്യൂനപക്ഷമായിരിക്കുന്നിടത്തോളം കാലം അവർ മതേതരത്വം ആവശ്യപ്പെടും, ഭൂരിപക്ഷത്തിനടുത്തെത്തിയാൽ ശരിയത്ത് നിയമം നടപ്പിലാക്കുകയും ചെയ്യും. എങ്ങനെയുണ്ട് പ്ലാൻ? മറ്റു മതസ്ഥർ അത്തരമൊരു ഭരണവ്യവസ്ഥയിൽ ദിമ്മികൾ എന്നറിയപ്പെടുന്ന രണ്ടാംതരം പൗരന്മാരായിരിക്കും. ദിമ്മികളുടെ മൃഗതുല്യമായ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്റർനെറ്റിൽ എമ്പാടും ലഭ്യമായതിനാൽ ഇവിടെ ഉൾക്കൊള്ളിക്കുന്നില്ല. ഭാഗ്യവശാൽ ഇന്ത്യയിലോ പാക്കിസ്ഥാനിൽ പോലുമോ മുസ്ലിം ജനതയിലെ തന്നെ ഒരു ചെറിയ വിഭാഗം ആളുകളുടെ പിന്തുണയേ ഈ പ്രസ്ഥാനത്തിനുള്ളൂ. ഇത്തരം തീവ്രവാദനിലപാടുകളുടെ ആശയപരമായ അടിത്തറ മൗദൂദിയുടെ വിളംബരങ്ങളിൽ കാണാം. അധികാരം പിടിച്ചെടുക്കാനുള്ള സൈനികപരിശീലനമാണ് മുസ്ലിങ്ങളുടെ അഞ്ചുനേരത്തെ നിസ്കാരങ്ങൾ എന്നതാണ് അതിലൊന്ന്. തങ്ങളുടെ സ്ഥാപകന്റെ പുസ്തകങ്ങളും ആശയങ്ങളും വിറ്റു കാശാക്കുകയും എന്നാൽ അതിലെ പിന്തിരിപ്പൻ ചിന്താഗതികളെ മറച്ചുപിടിക്കുകയും ചെയ്യുക എന്ന പദ്ധതി കുറെയൊക്കെ വിജയമാകുന്നുണ്ട്. അതുകൊണ്ടാണല്ലോ 'ഒരു ജർമൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽനിന്ന് പുറപ്പെട്ടതും റഷ്യയിൽ തഴച്ചുവളർന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസം' എന്നഭിപ്രായപ്പെട്ട മൗദൂദിയുടെ സംഘടനക്ക് ഇടതുപക്ഷത്തിന്റെ സഹായം ഇപ്പോഴും ലഭ്യമാകുന്നത്!

ലേഖനങ്ങളിൽ ഭൂരിപക്ഷവും രചിച്ചിരിക്കുന്നത് മുസ്ലിം ചിന്തകരാണെങ്കിലും അവരെല്ലാം രൂക്ഷമായ ഭാഷയിൽത്തന്നെ ജമാ അത്തെ ഇസ്ലാമിയുടെ ഭീകരമുഖത്തെ തുറന്നുകാണിക്കുന്നത് മതനിരപേക്ഷതക്ക് കരുത്തു പകരുന്നു - പ്രത്യേകിച്ചും ഇ. എ. ജബ്ബാർ, എം. ഐ. തങ്ങൾ, സാറാ അബൂബക്കർ എന്നിവരുടെ കൃതികൾ. എന്നാൽ മറ്റുചില പണ്ഡിതരുടെ ആശയപരമായ പ്രതിബദ്ധത സംശയാസ്പദവും ജിഹാദികളുടെ മൂല്യങ്ങളിൽനിന്ന് കാര്യമായ വ്യത്യാസമൊന്നും ഇല്ലാത്തതുമാണ്. പലസ്തീനിലെ ഭീകരസംഘടനയായ ഹമാസ് ഒരു പൂർണ ജനാധിപത്യ, പോരാട്ടസംഘടനയാണെന്നാണ് എൻ. ഏ. കരീം വിശ്വസിക്കുന്നത്. മതം മനുഷ്യനെ നവീകരിക്കുകയല്ലാതെ മനുഷ്യൻ മതത്തെ നവീകരിച്ചുകൂടാ എന്നലറുന്ന സി. ഹംസയും, ഇസ്ലാം ദൈവികമാണെന്നും അത് മാറ്റത്തിരുത്തലുകൾക്ക് വിധേയമല്ല എന്നും കരുതുന്ന അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും ഈ ജനുസ്സിൽ പെടും. ജിഹാദികളുമായുള്ള പ്രത്യയശാസ്ത്ര ഏറ്റുമുട്ടൽ രൂക്ഷമാകുന്ന വേളയിൽ ഇവരൊക്കെ എവിടെ നിൽക്കുമെന്ന് കണ്ടുതന്നെ അറിയണം. ഈ പുസ്തകത്തിലെ 29 ലേഖനങ്ങളും ജമാ അത്തിനെ നിശിതമായി വിമർശിക്കുന്നവയാണ്. അവർക്ക് മറുപടി നൽകാൻ ഒരവസരം പ്രസാധകർ നൽകേണ്ടതായിരുന്നു. സംഘടനയുടെ അകവും പുറവും കാണിക്കാനൊരുങ്ങുന്ന പുസ്തകത്തിൽ പുറത്തുനിൽക്കുന്നവർ അകത്തെക്കുറിച്ചുനൽകുന്ന വിവരണങ്ങളേയുള്ളൂ എന്നത് ഒരു ന്യൂനത തന്നെയാണ്.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Jamaat-e-Islami - Akavum Puravum', edited by M A Karappanchery
ISBN: 979818747325