ലോകമെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനം ഭരണം കൈക്കലാക്കിയത് തോക്കിൻകുഴലിലൂടെ ഒഴുകിയെത്തിയ വിപ്ലവത്തിലൂടെയായിരുന്നു. റഷ്യയിലോ, ചൈനയിലോ, ക്യൂബയിലോ, എവിടെയായാലും ഒരു ജനാധിപത്യപ്രക്രിയയിലൂടെ അധികാരം നേടാനാവാത്തവിധം ചെറിയ ജനകീയപിന്തുണയേ ആ പാർട്ടിക്കുണ്ടായിരുന്നുള്ളൂ. അതിനാൽത്തന്നെ 1957-ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം ബാലറ്റ് പെട്ടിയിലൂടെ കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ ഏറ്റവുമധികം അമ്പരന്നത് ഒരുപക്ഷേ ലോകത്തിലെ ഇതര കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നിരിക്കും. അമേരിക്കൻ കൊടിക്കീഴിലുള്ള ജനാധിപത്യശക്തികളേയും ഈ തെരഞ്ഞെടുപ്പുഫലം ഞെട്ടിച്ചു. പുതുതായി നിലവിൽ വന്ന നമ്പൂതിരിപ്പാട് സർക്കാർ പാർട്ടി സെൽ ഭരണവും ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ തുറന്നുവിടലുമടക്കം ജനങ്ങളുടെ ശത്രുത പിടിച്ചുപറ്റുന്ന കുറെയധികം നടപടികൾ സ്വീകരിച്ചു. എങ്കിലും വിദ്യാഭ്യാസപരിഷ്കരണം, ഭൂപരിഷ്കരണം മുതലായ യഥാർത്ഥ പുരോഗമന കാഴ്ചപ്പാടുള്ള നടപടികളും ആ സർക്കാർ ആവിഷ്കരിച്ചു. ഈ രണ്ടുമേഖലകളിലും കുത്തകയും നിക്ഷിപ്തതാല്പര്യങ്ങളും ഉണ്ടായിരുന്ന കൃസ്ത്യൻ - നായർ മാടമ്പികളെ ഈ പരിഷ്‌കാരങ്ങൾ അസ്വസ്ഥരാക്കി. സി.ഐ.എ തുടങ്ങിയ വിദേശസംഘടനകളിൽനിന്ന് സർക്കാരിനെ അട്ടിമറിക്കാൻ കേരളത്തിലേക്ക് വൻതുക ഒഴുകിയെത്തിയെന്ന ആരോപണങ്ങൾ നിലനിൽക്കേ ഭരണത്തിനെതിരെ വൻതോതിൽ ജനരോഷം അലയടിച്ചുയർന്നു. വിമോചനസമരം എന്ന പേരിൽ അറിയപ്പെട്ട ഈ പ്രക്ഷോഭണം രണ്ടുമാസത്തിനൊടുവിൽ വിജയകരമായ പരിസമാപ്തിയിലെത്തി. കോൺഗ്രസിൽ തന്റെ കുടുംബാധിപത്യം നടപ്പാക്കാനാഗ്രഹിച്ച നെഹ്രുവിന്റെ പദ്ധതി പ്രകാരം പാർട്ടി പ്രസിഡന്റായ മകൾ ഇന്ദിരാ ഗാന്ധിയുടെ സ്വാധീനഫലമായി കേന്ദ്രസർക്കാർ 1959 ജൂലൈ 31-ന് കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു. ഇതിലേക്കുനയിച്ച സംഭവപരമ്പരകളും പിന്നീടുള്ള കേരളരാഷ്ട്രീയത്തിനെ അതെങ്ങനെ സ്വാധീനിച്ചു എന്നും വെളിവാക്കുന്ന അഡ്വ. ഏ. ജയശങ്കറിന്റെ ഈ പുസ്തകം രാഷ്ട്രീയരംഗത്തെ ഒരമൂല്യ റഫറൻസ് ഗ്രന്ഥമാണ്.
ശുദ്ധനർമ്മവും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യവും ഇടകലർന്ന ജയശങ്കറിന്റെ ആഖ്യാനശൈലി മനോജ്ഞമാണ്. മറ്റു രാഷ്ട്രീയനിരീക്ഷകർ ഔദ്യോഗികരേഖകളുടെ തണലിൽ തങ്ങളുടെ സർഗാത്മകതയെ തളച്ചിടുമ്പോൾ ജയശങ്കർ വായനക്കാരെ രസിപ്പിക്കുന്ന മറ്റു നുറുങ്ങുകളും തുറന്നുകാട്ടാൻ മടിക്കുന്നില്ല. നിരീശ്വരവാദവും യുക്തിചിന്തയും നയിക്കുന്ന കമ്യൂണിസ്റ്റ് ആചാര്യനായ ഇ.എം.എസ് തന്റെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചെയ്യിച്ചത് രാഹുകാലത്തിനുശേഷമായിരുന്നു എന്ന വസ്തുത ആശ്ചര്യമുണർത്തി. രാഷ്ട്രീയപ്രസംഗങ്ങളും നിയമസഭയിലെ ചർച്ചകളും പത്രങ്ങളുടെ മുഖപ്രസംഗങ്ങളും ആധാരമാക്കുമ്പോഴും ഗ്രന്ഥകാരൻ അക്കാലത്തെ കേരളത്തിന്റെ ഒരു തെളിമയുറ്റ ചിത്രം വരച്ചുകാണിക്കുന്നു. ജില്ല തിരിച്ചുള്ള രാഷ്ട്രീയതാല്പര്യങ്ങൾ, പ്രമുഖ നേതാക്കൾ, സർ. സി. പിയുടെ കാലം മുതലുള്ള ഉത്തരവാദഭരണപ്രസ്ഥാനങ്ങൾ എന്നിവയും പരാമർശവിധേയമാകുമ്പോൾ അക്കാലത്തെ പത്രങ്ങളുടെ വിശേഷങ്ങളും അവയുടെ രാഷ്ട്രീയതാല്പര്യങ്ങളുമെല്ലാം പഠനവിഷയമാക്കപ്പെടുന്നു. ഈ നൂതനമായ പ്രക്ഷോഭരീതി സാഹിത്യത്തിൽ ഇളക്കിവിട്ട അലകളും ജയശങ്കർ നിരീക്ഷിക്കുന്നുണ്ട്. വിമോചനസമരത്തിലെ ഓരോ അടിയുടേയും വെടിയുടേയും വിവരങ്ങൾ നൽകുന്നില്ലെങ്കിലും സമരത്തിന്റെ അടിവേരുകൾ ജനങ്ങളിൽ ആഴത്തിൽ ഇറങ്ങിപ്പോയിരുന്നത് ലേഖകൻ കാണാതെ പോകുന്നുമില്ല. കേരളരാഷ്ട്രീയത്തെ സൂക്ഷ്മമായി അറിയാൻ ആഗ്രഹിക്കുന്നവർ ഈ പുസ്തകം കാണാതെ പോകരുത്. അക്കാലത്തെ രാഷ്ട്രീയലക്ഷ്യങ്ങളും ജനപ്രിയ മുദ്രാവാക്യങ്ങളുമൊക്കെ ഈ കൃതിയിൽ നിരത്തിവെച്ചിട്ടുണ്ട്. സംഗീതാത്മകവും സ്തോഭജനകവുമായ മുദ്രാവാക്യങ്ങൾ പടച്ചുവിടാനുള്ള കഴിവ് പിന്നീടുവന്ന പ്രചാരണശില്പികൾക്ക് കൈമോശം വന്നുപോയോ എന്നു നാം ചിന്തിച്ചുപോകും.
വിമോചനസമരം നല്ലതോ ചീത്തയോ എന്നൊരു വിധിപ്രസ്താവം നടത്തുന്നതിൽനിന്ന് ജയശങ്കർ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറുന്നു. സമരത്തിന്റെ കാരണങ്ങളും രീതികളും ഫലങ്ങളും വിവരിച്ചുകഴിയുന്നതോടെ തന്റെ ജോലി കഴിഞ്ഞു എന്ന ഗ്രന്ഥകർത്താവിന്റെ നയം താത്വികമായി ശരിവെക്കപ്പെടേണ്ടതുതന്നെയാണ്. ശരിയും തെറ്റും കണ്ടെത്താനും വിധി കൽപ്പിക്കാനുമുള്ള അധികാരം അദ്ദേഹം വായനക്കാരനു നൽകുന്നു. നല്ലൊരു അഭിഭാഷകൻ കൂടിയായ ജയശങ്കർ കമ്യൂണിസ്റ്റ് മന്ത്രിസഭക്ക് അനുകൂലവും പ്രതികൂലവുമായ വാദങ്ങൾ നമുക്കുമുന്നിൽ നിരത്തിയതിനുശേഷം തീരുമാനമെടുക്കേണ്ട ചുമതല നമ്മെത്തന്നെ ഏൽപ്പിക്കുന്നു. പത്രറിപ്പോർട്ടുകളിൽപോലും ലേഖകന്റെ തോന്നലാണ് ശരിയും പരമമായ സത്യവും എന്നു വിശ്വസിക്കുന്ന ശരാശരി മലയാളി ഇത്തരമൊരു ഉത്തരവാദിത്വം വലിച്ചു തലയിൽവെക്കാൻ ഇഷ്ടപ്പെടുന്നുണ്ടാവില്ല. കട്ടിയായ കാര്യങ്ങൾ ആരെങ്കിലും നേർപ്പിച്ചുകൊടുത്താലേ നമുക്ക് അകത്താക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെ നേർപ്പിച്ചു നേർപ്പിച്ചു വരുമ്പോൾ അതിൽ ഹോമിയോ മരുന്നിലെ ഔഷധച്ചേരുവ പോലെ സത്യത്തിന്റെ ഒരു തന്മാത്ര പോലും കാണാനിടയില്ല എന്ന യുക്തിപോലും നമുക്ക് സ്വീകാര്യവുമല്ല.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Communist Bharanavum Vimochana Samaravum' by A. Jayashankar
ISBN: 9788182653283

No comments:
Post a Comment