കേരളകൗമുദിയിലൂടെ പത്രപ്രവർത്തനരംഗത്തേക്ക് കടന്നുവന്ന ശ്രീ. എസ്. ജയചന്ദ്രൻ നായർ കേരളത്തിലെ എണ്ണപ്പെട്ട ജേണലിസ്റ്റുകളിൽ ഒരാളാണ്. 'സമകാലിക മലയാളം' വാരികയിലെ ദീർഘമായ സേവനത്തിനുശേഷം വിരമിച്ച ലേഖകൻ കഴിഞ്ഞ ഏതാനും വർഷങ്ങളിലെഴുതിയ 19 ലേഖനങ്ങളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം.
'സ്വാതന്ത്ര്യത്തിന് 21 ദിവസം മുമ്പ്' എന്ന തലക്കെട്ട് 1947 ജൂലൈ 25-ന് (അതായത് സ്വാതന്ത്ര്യത്തിന് 21 ദിവസം മുമ്പ്) വിപ്ലവകാരിയായ കെ. സി. എസ്. മണി അധികാരപ്രമത്തനായ ദിവാൻ സർ. സി. പി. രാമസ്വാമി അയ്യരെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തെ സ്മരിക്കുന്നു. ദിവാനെ വധിക്കാൻ തന്നെയാണ് ആക്രമിച്ചതെങ്കിലും ഭാഗ്യം സർ. സി. പിയുടെ കൂടെയായിരുന്നു. ഉരുക്കുമുഷ്ടിയുടേയും നിശ്ചയദാർഢ്യത്തിന്റേയും പ്രതീകമായിരുന്ന സർ. സി. പി പക്ഷേ വ്യക്തിജീവിതത്തിൽ അതിന്റെ മറ്റേയറ്റത്തായിരുന്നുവെന്ന് സംശയിച്ചുപോകത്തക്ക രീതിയിലായിരുന്നു അദ്ദേഹത്തിന്റെ തുടർചെയ്തികൾ. ജീവനുംകൊണ്ടോടിയ സി. പി. പിന്നീട് തിരിച്ചുവന്നില്ല. തിരുവിതാംകൂർ ഉടനെ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് അദ്ദേഹത്തിന്റെ പലായനം കാരണമായെങ്കിലും സി. പി.യുടെ ഈ ലോലഹൃദയത്വം ഇനിയും വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഗ്രന്ഥകാരന്റെ സഹപ്രവർത്തകനായി പിന്നീട് മാറിയ മണിയെ ഓർത്തെടുക്കാൻ ഈ ലേഖനം ഉപകരിക്കുന്നു.
രാജ്യത്തെ നിയമവ്യവസ്ഥക്കും ഭരണഘടനക്കുമെതിരെ നടത്തിയ ഒരു പടയോട്ടമായിരുന്നു നക്സലൈറ്റ് പ്രസ്ഥാനം. പലരംഗങ്ങളിലും ജനപങ്കാളിത്തം പരിഹാസ്യമാംവിധം ശുഷ്കമായിരുന്നെങ്കിലും അതിനേക്കാൾ പതിന്മടങ്ങ് മാദ്ധ്യമശ്രദ്ധ അവർക്കുലഭിച്ചു. നിയമം യാതൊരു ദാക്ഷിണ്യവും അവരോട് കാണിച്ചില്ലെന്നു മാത്രമല്ല, നിയമപാലകർ ഒരു പടി കൂടി കടന്ന് നിയമവിരുദ്ധമായും അവരെ വേട്ടയാടി. അതിന്റെ ഇരകളാക്കപ്പെട്ടവരുടെമേൽ ഈ കൃതി വലിയതോതിൽ സഹാനുഭൂതി വെച്ചുപുലർത്തുന്നു. ഒരു പത്രപ്രവർത്തകന്റെ ഉദാരചിന്താഗതിയുടെ പ്രകടമായ സ്വാധീനം ഈ കൃതികളിൽ കാണാം. നക്സലൈറ്റുകൾ വിജയിച്ചിരുന്നുവെങ്കിൽ സ്വതന്ത്രപത്രപ്രവർത്തനമൊക്കെ എന്നേ കുഴിച്ചുമൂടുമായിരുന്നു എന്ന യാഥാർഥ്യം ഗ്രന്ഥകാരൻ കണ്ടില്ലെന്നുനടിക്കുന്നു.
ജയചന്ദ്രൻ നായരുടെ ഇഷ്ടവിഷയമായ ഇറാനിയൻ സിനിമ രണ്ടുലേഖനങ്ങളിൽ കടന്നുവരുന്നു. ബോറിസ് പാസ്തർനാക്ക്, ടോൾസ്റ്റോയ് എന്നിവരുടെ സാഹിത്യ-വ്യക്തിജീവിതങ്ങൾ മൂന്ന് അദ്ധ്യായങ്ങൾക്ക് വിഷയമാകുന്നു. ഇവയിലെല്ലാം പൊതുവായി നാം കാണുന്നത് ജീവിതഗന്ധിയായ വിഷയങ്ങൾ തൂലികയിലൂടെ ആവിഷ്കരിച്ച സാഹിത്യകാരന്മാരും സിനിമാ സംവിധായകന്മാരും ഗ്രന്ഥകാരന്റെ ഏറ്റവും ഉയർന്ന ആദരവ് പിടിച്ചുപറ്റുന്നു എന്ന വസ്തുതയാണ്. ഇതുകൊണ്ടും നിൽക്കാതെ ലിറ്റററി ജേണലിസം എന്ന പുത്തൻ പന്ഥാവ് പത്രപ്രവർത്തനരംഗത്ത് തുറക്കുന്നതുവഴി ഭാവനയുടെ ഏകാധിപത്യത്തിൻ കീഴിലല്ലാതെ കഥ പറയുന്ന പുതിയ ശൈലി വായനക്കാർക്ക് പരിചയപ്പെടാൻ സാധിക്കുന്നു.
'യോദ്ധാവായ ഭിക്ഷു' എന്ന ലേഖനം ക്യൂബൻ സ്വേച്ഛാധിപതിയായിരുന്ന ഫിഡൽ കാസ്‌ട്രോയെ പ്രകീർത്തിച്ചുകൊണ്ടെഴുതപ്പെട്ടിട്ടുള്ളതാണ്. 'ഓടുന്ന തീവണ്ടി അവിശ്വാസത്തോടെ നോക്കിനിന്ന' കുഞ്ഞുകാസ്‌ട്രോയെ പറ്റി കണ്ണുകളിൽ നക്ഷത്രത്തിളക്കത്തോടെ ജയചന്ദ്രൻ നായർ വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിൽ ക്യൂബയിൽ കശാപ്പ് ചെയ്യപ്പെട്ട് കുഴിച്ചുമൂടിയ ജനാധിപത്യത്തെക്കുറിച്ച് ഒരക്ഷരം പോലുമില്ല. കാസ്ട്രോയുടെ ഭരണകാലത്ത് അമേരിക്കയിൽ പതിനൊന്ന് പ്രസിഡന്റുമാർ മാറിമാറി വന്നു എന്ന പ്രസ്താവന പോലും ഏകാധിപത്യത്തിന്റെ ആരോപണമുന്നയിക്കാതെയാണ് ഗ്രന്ഥകർത്താവ് നടത്തുന്നത്. 27000 ഏക്കർ കൃഷിഭൂമി സ്വന്തമായുണ്ടായിരുന്ന ഒരു പിതാവിന്റെ മകനാണ് കാസ്ട്രോ എന്നുകൂടി നാമിവിടെ ഓർമ്മിക്കണം. എന്നാൽ ഇതിനെല്ലാം പ്രായശ്ചിത്തം പാസ്തർനാക്കിന്റെ ജീവിതകഥയിലൂടെ ഗ്രന്ഥകാരൻ നിർവഹിക്കുന്നു. സ്റ്റാലിന്റെ ക്രൂരമായ ഏകാധിപത്യപ്രവണതകളെ ഇതിൽ കൃത്യമായി തുറന്നുകാണിക്കുന്നു. മാനുഷികമൂല്യങ്ങളേയും, വികാരങ്ങളേയും പ്രത്യയശാസ്ത്രതുലാസ്സിൽ തൂക്കിനോക്കി ചവുട്ടിയരച്ച കമ്യൂണിസ്റ്റ് ഭീകരവാഴ്ചയുടെ ഞെട്ടിക്കുന്ന ദർപ്പണമാണ് പാസ്തർനാക്കിന്റെ ആത്മകഥാംശമുള്ള ഡോക്ടർ ഷിവാഗോ എന്ന കൃതി. പാസ്തർനാക്കിന്റെ വ്യക്തിജീവിതത്തിലെ ഉയർച്ചതാഴ്ചകളും ഈ ലേഖനം മനോഹരമായി പുനഃസൃഷ്ടിക്കുന്നു.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Swathanthryathinu 21 Divasam Munpu' by S. Jayachandran Nair
ISBN: 9789386822901

No comments:
Post a Comment