Thursday, November 22, 2018

പൊളിച്ചെഴുത്ത്

രണ്ടാം ലോകയുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയന്റെ തകർച്ച വരെയുള്ള 45 വർഷം ലോകമെങ്ങും കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ സുവർണകാലമായിരുന്നു. ഭൂഗോളമെങ്ങും വേരുകളും ശാഖകളുമുള്ള ഒരു സാർവദേശീയപ്രസ്ഥാനത്തിന്റെ ഭാഗമെന്ന നിലയിൽ സമ്മേളനങ്ങളിലും പഠനക്ലാസ്സുകളിലുമൊക്കെ അവർ പ്രതിനിധികളെ കൈമാറി. ലോകം മുഴുവൻ ഇടതു ചേരിയിലേക്കു നീങ്ങിയേക്കും എന്ന് ഒരുപക്ഷേ അമേരിക്ക പോലും സംശയിച്ചിരുന്ന നാളുകൾ. സോഷ്യലിസ്റ്റ് ചേരിയിലെ ഏറ്റവും പുരോഗതിയാർജ്ജിച്ച നഗരങ്ങളായ മോസ്കോയിലും ബെർലിനിലുമെല്ലാം പരിശീലനം, ചികിത്സ, പത്രപ്രവർത്തനം എന്നെല്ലാമുള്ള ലേബലുകളുടെ മറവിൽ കഴിഞ്ഞുകൂടാൻ സഖാക്കൾ തമ്മിൽത്തമ്മിൽ കടുത്ത മത്സരവുമുണ്ടായിരുന്നു. ബ്ലിറ്റ്സ് പത്രത്തിന്റെ ലേഖകൻ എന്ന നിലയിൽ നാലു പതിറ്റാണ്ടുകളോളം ബെർലിനിൽ സ്ഥിരതാമസമാക്കിയ ശ്രീ. കുഞ്ഞനന്തൻ നായർ ലോകക്കാഴ്ച്ചകളെ കമ്യൂണിസത്തിന്റെ കട്ടിക്കണ്ണട വെച്ചുകൊണ്ടാണെങ്കിലും മലയാളികളുടെ മുന്നിൽ അവതരിപ്പിച്ചയാളാണ്. യാതൊരു ബഹുജനസമരത്തിലോ തൊഴിലാളിപ്രക്ഷോഭത്തിലോ പങ്കെടുത്തിട്ടില്ലെങ്കിലും ഉന്നതനേതൃത്വത്തിന്റെ വിശ്വസ്തനായി അദ്ദേഹം എന്നുമുണ്ടായിരുന്നു. പാർട്ടിയുടെ കേന്ദ്ര ഓഫീസ് സെക്രട്ടറി, അല്ലെങ്കിൽ ജനറൽ സെക്രട്ടറിയുടെ അസിസ്റ്റന്റ്, അതുമല്ലെങ്കിൽ ഒളിവിൽ കഴിയുന്ന നേതാക്കൾക്ക് വിവിധസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുക, അവരുടെ കുടുംബാംഗങ്ങളെ സഹായിക്കുക മുതലായ നുണുക്കുവിദ്യകളിലൂടെ അദ്ദേഹം ഒരു ഔദ്യോഗികസ്ഥാനവും പാർട്ടിയിൽ വഹിക്കാതെതന്നെ ഉന്നതങ്ങളിലേക്ക് കെട്ടിയുയർത്തപ്പെട്ടു. അങ്ങനെ നോക്കിയാൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിലെ എം. ഓ. മത്തായിയോ ആർ. കെ. ധവാനോ, വിൻസെന്റ് ജോർജോ മറ്റോ ആണെന്ന് പറയേണ്ടിവരും. ജർമ്മനി സന്ദർശിക്കാനൊരുങ്ങുന്ന നേതാക്കളെ അദ്ദേഹം വാഹന-താമസസൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തും ജർമൻ നേതാക്കളെ പരിചയപ്പെടുത്തിയും കയ്യിലെടുത്തു. ഈവിധ സേവനങ്ങൾ വിദേശപാർട്ടി നേതാക്കൾക്ക് ഇന്ത്യയിലും നൽകിയതോടെ കലവറയില്ലാത്ത സൗഹൃദം താൻ ചെന്നെത്തിയിടത്തെല്ലാം കുഞ്ഞനന്തൻനായർ നേടിയെടുത്തു. 2005-ൽ പാർട്ടിയിൽനിന്ന് പുറത്തായ അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണീ പുസ്തകം.

പതിനാലാം വയസ്സിൽ പാർട്ടി കോൺഗ്രസ്സിൽ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചുതുടങ്ങിയ രാഷ്ട്രീയജീവിതം 1990-കളിൽ യൂറോപ്പിൽ സോഷ്യലിസ്റ്റ് വാഴ്ച്ച തറപറ്റിയതോടെ താളം തെറ്റുകയായിരുന്നു. 1991-നു ശേഷമുള്ള ഒരു സംഭവവുംപുസ്തകത്തിലില്ല. ഈ തകർച്ചക്കുവഴിയൊരുക്കിയ ക്രൂഷ്ചേവ്, ബ്രഷ്നേവ്, ഗോർബച്ചേവ് എന്നിവർക്കെതിരെ പല്ലുഞെരിക്കുന്നതുമാത്രമാണ് പിന്നീട് നാം കാണുന്നത്. എന്നാൽ ഈ മഹാരഥന്മാരുടെ ഭരണകാലത്ത് സംഭവിച്ചുകൊണ്ടിരുന്ന പാളിച്ചകളുടെ വിശദവിവരങ്ങളൊന്നും ലേഖകൻ അന്ന് ചൂണ്ടിക്കാണിച്ചതുമില്ല. ഉത്തരവാദിത്വത്തിന്റെ ബാദ്ധ്യതകളില്ലാത്ത പച്ചയായ അധികാരം എന്നും ബെർലിൻ കുഞ്ഞനന്തൻനായരെ ലഹരി പിടിപ്പിച്ചിരുന്നു. 'അധികാരത്തിന്റെ ശക്തി!' എന്ന് മൂന്നുതവണ അദ്ദേഹം വിവിധ സംഭവങ്ങളെ അധികരിച്ച് ആശ്ചര്യപ്പെടുന്നുണ്ട്. ബെർലിനിൽ താമസത്തിനുവന്ന വി. കെ. കൃഷ്ണമേനോൻ തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ ഒന്നരാടം ദിവസങ്ങളിൽ വിമാനമാർഗ്ഗം മോസ്കോയിലയച്ചാണ് അലക്കി വൃത്തിയാക്കിയിരുന്നതെന്നതാണ് അതിലൊന്ന് (പേജ് 331). നമുക്കൊക്കെ ഓക്കാനമുണ്ടാക്കുന്ന ഈ അധികാരദുർവിനിയോഗത്തിൽ ധാർമികരോഷം കൊള്ളുന്നതിനുപകരം ഈ തോന്ന്യവാസം നടത്താൻ കൃഷ്ണമേനോനെ പ്രാപ്തനാക്കിയ അധികാരത്തിന് രതിമൂർച്ഛയോളമെത്തുന്ന ലഹരിയോടെ സ്തുതി പാടുകയാണ് ഗ്രന്ഥകാരൻ ചെയ്യുന്നത്.

1940-50 കാലഘട്ടങ്ങളിൽ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ വിശദമായി നമുക്കീ കൃതിയിൽ വായിക്കാം. സ്വാതന്ത്ര്യാനന്തരം സായുധവിപ്ലവത്തിലൂടെ ഇന്ത്യയിൽ അധികാരത്തിലെത്താനുള്ള ശ്രമം, ഒളിവിലായിരുന്ന നേതാക്കളെ കൽക്കത്തയിൽനിന്ന് റഷ്യൻ മുങ്ങിക്കപ്പലിൽ സ്റ്റാലിൻ മോസ്കോയിലെത്തിച്ചത്, കമ്യൂണിസ്റ്റ് നേതാവായിരുന്ന എസ്. ഏ. ഡാങ്കെയുടെ വ്യക്തിപരവും സാമ്പത്തികവുമായ ക്രമക്കേടുകൾ എന്നിവയൊക്കെ വിശദമായിത്തന്നെ പുസ്തകത്തിൽ പൊളിച്ചെഴുതുന്നുണ്ട്.

പ്രത്യയശാസ്ത്രകടുംപിടിത്തങ്ങളുടേയും തദ്വാരാ വരട്ടുവാദത്തിന്റേയും മൂർത്തിമദ്ഭാവമാണ് ബെർലിൻ നായർ. സ്റ്റാലിന്റെ ഭരണകാലം ഭീകരവും നിർദാക്ഷിണ്യവുമായ അടിച്ചമർത്തലുകളുടെ പ്രഭവവേളയായിരുന്നുവെന്ന് ഇന്ന് ഏവരും സമ്മതിക്കും. എന്നാൽ ഗ്രന്ഥകാരൻ 'സ്റ്റാലിൻ എന്ന വിഗ്രഹം' എന്ന വിശേഷണമാണ് അദ്ദേഹത്തിന് ചാർത്തിക്കൊടുക്കുന്നത്. സ്റ്റാലിന്റെ കാലത്ത് ശക്തിപ്പെട്ട സോഷ്യലിസ്റ്റ് നിർമ്മാണപ്രക്രിയ റിവിഷനിസ്റ്റായ ക്രൂഷ്ചേവ് തടസ്സപ്പെടുത്തി. 'ക്രൂഷ്‌ചേവിന്റെ വിക്രിയകൾ' എന്ന ഒരദ്ധ്യായം തന്നെ കൊടുംവിമർശനത്തിനായി നീക്കിവെച്ചിരിക്കുന്നു. സ്റ്റാലിൻ ആരോടെങ്കിലും 'കടുംകൈ കാണിച്ചിട്ടുണ്ടെങ്കിൽ അത് രാഷ്ട്രത്തിനും പ്രസ്ഥാനത്തിനുമെതിരായി പ്രവർത്തിക്കുന്നവരോടു മാത്രമായിരുന്നത്രേ' (പേജ് 230)! റഷ്യയിലെ പേടിസ്വപ്നമായിരുന്ന രഹസ്യപ്പോലീസ് മേധാവി ബെറിയ ലേഖകന് 'ഉശിരാർന്ന കമ്യൂണിസ്റ്റ്' ആണ്. ബർലിൻ മതിൽ കെട്ടിയുയർത്തിയത് പശ്ചിമജർമനിയിൽ നിന്നുള്ള നുഴഞ്ഞുകയറ്റം തടയാനാണെന്നും, ചൈനയിലെ ടിയാനൻമെൻ ചത്വരത്തിലെ വിദ്യാർത്ഥികലാപം അമേരിക്കയിൽ ഉപരിപഠനം നടത്തിയ വിദ്യാർത്ഥികൾ സി.ഐ.എ-സഹായത്തോടെ ആസൂത്രണം ചെയ്തതാണെന്നുള്ള നിരീക്ഷണങ്ങൾ മാത്രം മതി ബർലിൻ നായരുടെ ബൗദ്ധികദാസ്യത്തിന്റെ ആഴം തിരിച്ചറിയാൻ!

ഗ്രന്ഥകാരൻ പത്രപ്രവർത്തകനായിരുന്നല്ലോ. ഒരു പത്രപ്രവർത്തകന് ഏറ്റവും പ്രധാനം 'സ്‌കൂപ്പ്' ആണ്. തന്റെ സ്‌കൂപ്പുകൾ എന്ന പേരിൽ നിരവധി കഥകൾ ഇതിൽ നിരത്തിവെക്കുന്നുണ്ട്. പോപ്പ് ജോൺ പോൾ ഒന്നാമന്റെ മരണം കൊലപാതകമായിരുന്നുവെന്നും, നെഹ്രു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരെ വധിക്കാൻ സി.ഐ.എ ആസൂത്രണം ചെയ്തിരുന്നുവെന്നുമുള്ള റഷ്യൻ ചാരസംഘടനയായ കെജിബി പടച്ചുവിട്ട ചില അസത്യങ്ങളും അർദ്ധസത്യങ്ങളും മാത്രമാണിവയെന്ന് സൂക്ഷിച്ചുനോക്കിയാൽ ആർക്കും മനസ്സിലാകും. ബർലിൻ നായർ എഴുതിയതു മുഴുവൻ പ്രൊപ്പഗാണ്ട എന്നു വിശേഷിപ്പിക്കാവുന്ന ഗണത്തിൽ പെടുന്നവയാണ്.

പാർട്ടിയുടെ ഒളിവുകാലപ്രവർത്തനങ്ങളെക്കുറിച്ചും ആദ്യകാലരീതികളെക്കുറിച്ചും ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ചില വസ്തുതകൾ തുറന്നുവിവരിച്ചിരിക്കുന്നു എന്നതാണ് ഈ കൃതിയുടെ പ്രത്യേകത. ഒളിവുജീവിതം പാർട്ടി എങ്ങനെ നിയന്ത്രിച്ചിരുന്നു എന്ന് ചരിത്രാന്വേഷികൾക്ക് കൗതുകത്തോടെ വായിക്കാം. പാർട്ടിയും അതിന്റെ സാർവദേശീയഘടകങ്ങളും അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരക്ക് പിന്തുണ നൽകിയതിന്റെ പിന്നാമ്പുറങ്ങൾ - ഇന്നവർ ഓർമ്മിക്കാനിഷ്ടപ്പെടാത്ത കഥകളും - ഗ്രന്ഥകർത്താവ് വെളിപ്പെടുത്തുന്നു. എസ്. ഏ. ഡാങ്കെ, പി. സി. ജോഷി, എം. പി. പരമേശ്വരൻ, പി. ഗോവിന്ദപ്പിള്ള, തോമസ് ഐസക്ക്, ഡോ. ഇക്‌ബാൽ എന്നിവർക്കു നേരെയുള്ള നിശിതവിമർശനം പ്രത്യേകശ്രദ്ധ അർഹിക്കുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.

Book Review of 'Polichezhuthu' by Berlin Kunjananthan Nair
ISBN: 9788182651708

Tuesday, November 6, 2018

സർദാർ കെ. എം. പണിക്കർ

കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ ചെയർമാൻ എന്ന വിലാസത്തിലല്ല നമ്മൾ ചാലയിൽ മാധവപ്പണിക്കരെന്ന സർദാർ കെ. എം. പണിക്കരെ അറിയുന്നത്. അതിനുമുൻപ് ഉന്നതപദവിയിൽ വിരാജിച്ചിരുന്ന ഉദ്യോഗസ്ഥമേധാവി കൂടിയായിരുന്നു അദ്ദേഹം. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരേയൊരു മലയാളി, ബിക്കാനീർ രാജ്യത്തിന്റെ പ്രധാനമന്ത്രി, ചൈന, ഈജിപ്ത്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതി, സംസ്ഥാന പുനഃസംഘടനാ കമ്മീഷനിലെ അംഗം എന്നീ നിലകളിലും അതുല്യമായ ഒരു ഭാഗമാണ് അദ്ദേഹത്തിന് അഭിനയിക്കാനുണ്ടായിരുന്നത്. തികഞ്ഞ ദേശീയവാദിയായ പണിക്കർ അതേസമയം തന്നെ ഉദ്യോഗസ്ഥവൃന്ദത്തിലും പ്രവർത്തിക്കുക എന്നത് വിരോധാഭാസമായി നമുക്കിപ്പോൾ തോന്നിയേക്കാമെങ്കിലും ഗാന്ധി, നെഹ്‌റു എന്നിവരുടെ ഉറ്റചങ്ങാതിയായിരുന്ന പണിക്കർ മുയലുകൾക്കൊപ്പം ഓടുകയും നായ്ക്കൾക്കൊപ്പം വേട്ടയാടുകയും ചെയ്തു. കൊച്ചി സർവകലാശാലയിലെ പ്രസിദ്ധീകരണവിഭാഗത്തിന്റെ ഡയറക്ടറായിരുന്ന ഡോ. അനിൽ കുമാർ വടവാതൂരാണ് പുസ്തകരചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹം സർദാറിന്റെ ഒരു ബന്ധു കൂടിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഭൗതികശാസ്ത്ര പരീക്ഷയിൽ ജയിക്കാനാവാതിരുന്നതിനാൽ മെട്രിക്കുലേഷൻ ആദ്യശ്രമത്തിൽ പണിക്കർക്ക് കടന്നുകൂടാൻ സാധിച്ചില്ല. എങ്കിലും സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചതിനാൽ പിന്നീട് ആ കടമ്പ മറികടക്കുകയും ഓക്സ്ഫോർഡിൽ നിന്ന് ഓണേഴ്‌സോടുകൂടി ബിരുദം നേടി ഇന്ത്യയിൽ മടങ്ങിയെത്തുകയും ചെയ്തു. 46 കൃതികൾ മലയാളത്തിലും, 52 എണ്ണം ഇംഗ്ലീഷിലും, ആനുകാലികങ്ങളിലായി പ്രൗഢഗംഭീരമായ നൂറുകണക്കിന് ലേഖനങ്ങളും രചിച്ച സർദാർ മെട്രിക്കുലേഷൻ പാസാകാതിരുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപര്യാപ്തതയല്ലാതെ മറ്റെന്താണ്?

ചാലയിൽ എന്ന കുടുംബപ്പേരിന്റെ പ്രഥമ ആംഗല അക്ഷരമായ 'സി'ക്കു പകരം അദ്ദേഹത്തിന്റെ പേരിൽ 'കെ' വന്നതെങ്ങനെ എന്നതിന് ഒരു സൂചനയും പുസ്തകത്തിലില്ല. ജന്മദേശമായ കാവാലത്തിനെ സ്മരിച്ചതാണോ എന്നറിയില്ല. ബന്ധുവായിരുന്നിട്ടും തനതായ വസ്തുതകളോ വിവരങ്ങളോ ഗ്രന്ഥകാരൻ നൽകുന്നുമില്ല. പ്രധാനമായും അദ്ദേഹത്തിന്റെ ആത്മകഥയും സഹപ്രവർത്തകരുടെ സ്മരണകളുമാണ് അനിൽ കുമാർ അവലംബമാക്കുന്നത്. പട്യാല രാജാവിന്റെ വിദേശകാര്യമന്ത്രി ആയിരിക്കേയാണ് ബഹുമാനസൂചകമായ 'സർദാർ' എന്ന വിശേഷണം അദ്ദേഹത്തിന്റെ തൊപ്പിയിലെ തൂവലാകുന്നത്.

സർദാറിന്റെ ഔദ്യോഗികജീവിതത്തിന്റെ വിജയത്തിനു കാരണമായി അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നത് ചെല്ലുന്നിടത്തെല്ലാം സുഹൃത്തുക്കളെ സൃഷ്ടിച്ചതും ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നതുമാണ്. എന്നാൽ അതിശക്തമായ ഒരു ശത്രുനിര അദ്ദേഹത്തിന് എല്ലാ പ്രവർത്തനമേഖലകളിലും നേരിടേണ്ടി വന്നു എന്നത് വിസ്മയജനകമാണ്. സാഹിത്യകാരനായ ഖുശ്‌വന്ത് സിംഗ്, നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന എം. ഓ. മത്തായി, വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിങ്ങനെ ചിലരെ പുസ്തകത്തിൽ പരാമർശിച്ചിട്ടുമുണ്ട്. അനിതരസാധാരണമായ ആത്മധൈര്യമുണ്ടായിരുന്ന പണിക്കർക്ക് ശത്രുക്കളുണ്ടാകുന്നത് ആശ്ചര്യകരമൊന്നുമല്ല. കപ്പൽ തകർന്നതിനെത്തുടർന്ന് ഒരു ദിവസം മുഴുവൻ അത്‌ലാന്റിക് സമുദ്രത്തിൽ ചെലവഴിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിത്വത്തിൽ വിട്ടുവീഴ്ച്ചകൾ പ്രതീക്ഷിക്കുക വയ്യല്ലോ. എങ്കിലും ഈ യശോധാവള്യത്തിൽ ചെറുതെങ്കിലും കളങ്കങ്ങൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഗ്രന്ഥകാരന്റെ വാചാലമായ മൗനം മാത്രമാണുത്തരം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Sardar K M Panikker' by Dr. Anil Kumar Vadavathoor
ISBN: 9789382654988