Tuesday, November 6, 2018

സർദാർ കെ. എം. പണിക്കർ

കേരള സാഹിത്യ അക്കാദമിയുടെ പ്രഥമ ചെയർമാൻ എന്ന വിലാസത്തിലല്ല നമ്മൾ ചാലയിൽ മാധവപ്പണിക്കരെന്ന സർദാർ കെ. എം. പണിക്കരെ അറിയുന്നത്. അതിനുമുൻപ് ഉന്നതപദവിയിൽ വിരാജിച്ചിരുന്ന ഉദ്യോഗസ്ഥമേധാവി കൂടിയായിരുന്നു അദ്ദേഹം. മൂന്നു വട്ടമേശ സമ്മേളനങ്ങളിലും നാട്ടുരാജ്യങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഒരേയൊരു മലയാളി, ബിക്കാനീർ രാജ്യത്തിന്റെ പ്രധാനമന്ത്രി, ചൈന, ഈജിപ്ത്, ഫ്രാൻസ് എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ സ്ഥാനപതി, സംസ്ഥാന പുനഃസംഘടനാ കമ്മീഷനിലെ അംഗം എന്നീ നിലകളിലും അതുല്യമായ ഒരു ഭാഗമാണ് അദ്ദേഹത്തിന് അഭിനയിക്കാനുണ്ടായിരുന്നത്. തികഞ്ഞ ദേശീയവാദിയായ പണിക്കർ അതേസമയം തന്നെ ഉദ്യോഗസ്ഥവൃന്ദത്തിലും പ്രവർത്തിക്കുക എന്നത് വിരോധാഭാസമായി നമുക്കിപ്പോൾ തോന്നിയേക്കാമെങ്കിലും ഗാന്ധി, നെഹ്‌റു എന്നിവരുടെ ഉറ്റചങ്ങാതിയായിരുന്ന പണിക്കർ മുയലുകൾക്കൊപ്പം ഓടുകയും നായ്ക്കൾക്കൊപ്പം വേട്ടയാടുകയും ചെയ്തു. കൊച്ചി സർവകലാശാലയിലെ പ്രസിദ്ധീകരണവിഭാഗത്തിന്റെ ഡയറക്ടറായിരുന്ന ഡോ. അനിൽ കുമാർ വടവാതൂരാണ് പുസ്തകരചന നിർവഹിച്ചിരിക്കുന്നത്. അദ്ദേഹം സർദാറിന്റെ ഒരു ബന്ധു കൂടിയാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഭൗതികശാസ്ത്ര പരീക്ഷയിൽ ജയിക്കാനാവാതിരുന്നതിനാൽ മെട്രിക്കുലേഷൻ ആദ്യശ്രമത്തിൽ പണിക്കർക്ക് കടന്നുകൂടാൻ സാധിച്ചില്ല. എങ്കിലും സ്ഥിരോത്സാഹത്തോടെ പരിശ്രമിച്ചതിനാൽ പിന്നീട് ആ കടമ്പ മറികടക്കുകയും ഓക്സ്ഫോർഡിൽ നിന്ന് ഓണേഴ്‌സോടുകൂടി ബിരുദം നേടി ഇന്ത്യയിൽ മടങ്ങിയെത്തുകയും ചെയ്തു. 46 കൃതികൾ മലയാളത്തിലും, 52 എണ്ണം ഇംഗ്ലീഷിലും, ആനുകാലികങ്ങളിലായി പ്രൗഢഗംഭീരമായ നൂറുകണക്കിന് ലേഖനങ്ങളും രചിച്ച സർദാർ മെട്രിക്കുലേഷൻ പാസാകാതിരുന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അപര്യാപ്തതയല്ലാതെ മറ്റെന്താണ്?

ചാലയിൽ എന്ന കുടുംബപ്പേരിന്റെ പ്രഥമ ആംഗല അക്ഷരമായ 'സി'ക്കു പകരം അദ്ദേഹത്തിന്റെ പേരിൽ 'കെ' വന്നതെങ്ങനെ എന്നതിന് ഒരു സൂചനയും പുസ്തകത്തിലില്ല. ജന്മദേശമായ കാവാലത്തിനെ സ്മരിച്ചതാണോ എന്നറിയില്ല. ബന്ധുവായിരുന്നിട്ടും തനതായ വസ്തുതകളോ വിവരങ്ങളോ ഗ്രന്ഥകാരൻ നൽകുന്നുമില്ല. പ്രധാനമായും അദ്ദേഹത്തിന്റെ ആത്മകഥയും സഹപ്രവർത്തകരുടെ സ്മരണകളുമാണ് അനിൽ കുമാർ അവലംബമാക്കുന്നത്. പട്യാല രാജാവിന്റെ വിദേശകാര്യമന്ത്രി ആയിരിക്കേയാണ് ബഹുമാനസൂചകമായ 'സർദാർ' എന്ന വിശേഷണം അദ്ദേഹത്തിന്റെ തൊപ്പിയിലെ തൂവലാകുന്നത്.

സർദാറിന്റെ ഔദ്യോഗികജീവിതത്തിന്റെ വിജയത്തിനു കാരണമായി അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടുന്നത് ചെല്ലുന്നിടത്തെല്ലാം സുഹൃത്തുക്കളെ സൃഷ്ടിച്ചതും ആദർശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നതുമാണ്. എന്നാൽ അതിശക്തമായ ഒരു ശത്രുനിര അദ്ദേഹത്തിന് എല്ലാ പ്രവർത്തനമേഖലകളിലും നേരിടേണ്ടി വന്നു എന്നത് വിസ്മയജനകമാണ്. സാഹിത്യകാരനായ ഖുശ്‌വന്ത് സിംഗ്, നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന എം. ഓ. മത്തായി, വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥർ എന്നിങ്ങനെ ചിലരെ പുസ്തകത്തിൽ പരാമർശിച്ചിട്ടുമുണ്ട്. അനിതരസാധാരണമായ ആത്മധൈര്യമുണ്ടായിരുന്ന പണിക്കർക്ക് ശത്രുക്കളുണ്ടാകുന്നത് ആശ്ചര്യകരമൊന്നുമല്ല. കപ്പൽ തകർന്നതിനെത്തുടർന്ന് ഒരു ദിവസം മുഴുവൻ അത്‌ലാന്റിക് സമുദ്രത്തിൽ ചെലവഴിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന വ്യക്തിത്വത്തിൽ വിട്ടുവീഴ്ച്ചകൾ പ്രതീക്ഷിക്കുക വയ്യല്ലോ. എങ്കിലും ഈ യശോധാവള്യത്തിൽ ചെറുതെങ്കിലും കളങ്കങ്ങൾ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഗ്രന്ഥകാരന്റെ വാചാലമായ മൗനം മാത്രമാണുത്തരം.

പുസ്തകം ശുപാർശ ചെയ്യുന്നു.

Book Review of 'Sardar K M Panikker' by Dr. Anil Kumar Vadavathoor
ISBN: 9789382654988

No comments:

Post a Comment