Tuesday, February 12, 2019

സെക്കുലർ പൊലീസ്


പ്രമുഖ സാഹിത്യകാരനായ ശ്രീ. മലയാറ്റൂർ രാമകൃഷ്ണന്റെ സർവീസ് സ്റ്റോറി ആണെന്നു തോന്നുന്നു വേണ്ടത്ര മസാലയോടെ മലയാളത്തിൽ പ്രചാരം നേടിയ ആദ്യത്തെ തൊഴിൽപരമായ ഓർമ്മക്കുറിപ്പുകൾ. ശ്രീ. സി. പി നായരുടെയും ജസ്റ്റിസ് കെ. ടി. തോമസിന്റേയും കൃതികൾ ഇത്തരുണത്തിൽ പ്രത്യേകം എടുത്തുപറയേണ്ടതാണ്. കേരളം ആകാംക്ഷയോടെ ഇനി കാത്തിരിക്കുന്നത് മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാലാ വൈസ് ചാൻസലറുമായ ശ്രീ. കെ. ജയകുമാറിന്റെ ആത്മ/സർവീസ് കഥയാണ്. എന്തുകൊണ്ടോ അദ്ദേഹം ഈ വിഷയത്തിൽ കാര്യമായ പരിഗണന കൊടുത്തുകാണുന്നുമില്ല. ഐ.പി.എസ് നേടി ഗുജറാത്ത് പൊലീസിലും സിബിഐയിലും ദീർഘകാലം സേവനമനുഷ്ഠിച്ച ശ്രീ. പി. ജി. ജാതവേദൻ നമ്പൂതിരിയുടെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം.

ഐ.പി.എസ് നേടിയെങ്കിലും ക്രമസമാധാന രംഗത്ത് വളരെ കുറഞ്ഞ പ്രവർത്തിപരിചയമേ ഗ്രന്ഥകാരൻ നേടിയിട്ടുള്ളൂ. പ്രത്യേകിച്ചും പൊതുജനങ്ങളുമായി ഇടപെടുന്ന മേഖലകളിൽ വിരലിലെണ്ണാവുന്ന വർഷങ്ങളുടെ അനുഭവസമ്പത്തു മാത്രമേ അദ്ദേഹത്തിന് കൈവശമുള്ളൂ. ഒട്ടു മിക്ക സമയങ്ങളിലും മേലുദ്യോഗസ്ഥരുടെ ഓഫീസുകളിൽ ഭരണപരമായ ചുമതലകളിലും സി.ബി.ഐ അന്വേഷണ വിഭാഗത്തിലും എല്ലാമായി അദ്ദേഹം സായൂജ്യമടഞ്ഞു. ഭാര്യയുടെ സ്ഥലംമാറ്റമില്ലാത്ത ജോലിയും മക്കളുടെ വിദ്യാഭ്യാസവും മൂലം നമ്പൂതിരി ഇത്തരം പണികളിൽ സ്വയം ഒതുങ്ങിക്കൂടി കാലം കഴിച്ചുകൂട്ടി. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചുപറ്റാൻ ഒരു കീഴ്ജീവനക്കാരൻ അയച്ചുകൊടുത്ത ഏതാനും പെട്ടി മാങ്ങകൾ കയ്യോടെ പിടികൂടുന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗികജീവിതത്തിലെ സ്തോഭജനകമായ ഒരു സംഗതി! സി.ബി.ഐയിലും കേസന്വേഷണവുമായി നേരിട്ട് ബന്ധം വരാത്ത ഭരണചുമതലകൾ ലേഖകൻ തേടി കണ്ടെത്തി. സർവീസിന്റെ അവസാനകാലത്താണ് സിറ്റി പോലീസ് കമ്മീഷണർ, ഡി.ജി.പി എന്നീ തസ്തികകളിൽ മനസ്സില്ലാമനസ്സോടെ അദ്ദേഹത്തിന് സേവനമനുഷ്ഠിക്കേണ്ടി വന്നത്. എന്തായാലും ഒന്ന് ഉറപ്പിച്ചു പറയേണ്ടതുണ്ട് - വായനക്കാർ എന്തു ധരിക്കുമെന്ന ഭയമില്ലാതെ തന്റെ വീഴ്ചകൾ തുറന്നുപറയുന്നതിൽ കാണിക്കുന്ന സത്യസന്ധത.

1998-ൽ വിരമിച്ച ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക ദൂതൻ എന്ന പദവി വഹിക്കവേ സംഭവിച്ച 2002-ലെ ഗുജറാത്ത് കലാപത്തിന്റെ വളരെ ദീർഘമായ വിവരങ്ങളാണ് ഈ കൃതിയെ വേർതിരിച്ചു നിർത്തുന്നത്. ഒരുപക്ഷേ ഈ വിവരണങ്ങൾ ആയിരിക്കാം ഈ പുസ്തകം പ്രസിദ്ധീകരിക്കാൻ പ്രസാധകരെ പ്രേരിപ്പിച്ചിട്ടുണ്ടാവുക - പ്രത്യേകിച്ചും ഔദ്യോഗികജീവിതം ഇത്രയധികം നിറമില്ലാത്തതായിരിക്കുമ്പോൾ! ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും കലാപത്തിൽ ഒരു വിഭാഗത്തിനെതിരെ ആസൂത്രിതമായി നീങ്ങുന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ നമുക്കിതിൽ വായിക്കാം. എങ്കിലും അക്രമങ്ങളുടെ നാൾവഴിക്കണക്കുകൾ കള്ളികൾ തിരിച്ച് നിരത്തിവെക്കുന്നത് മുറിവുകൾ ഉണങ്ങുന്നതിന് സഹായകമാകുമോ എന്ന് ചിന്തിക്കേണ്ടതാണ്, പ്രത്യേകിച്ചും അതിനുശേഷം വലിയതോതിലുള്ള വർഗീയ കലാപങ്ങൾ ഒന്നും ഗുജറാത്തിൽ സംഭവിച്ചിട്ടില്ല എന്നതോർക്കുമ്പോൾ. കലാപത്തെ വംശഹത്യയെന്നും മറ്റും വിശേഷിപ്പിക്കുന്നത് വസ്തുതകൾക്ക് നിരക്കാത്തതും പ്രക്ഷുബ്ധത സൃഷ്ടിക്കാൻ ബോധപൂർവം മെനഞ്ഞെടുത്തതാണെന്നും തോന്നിപ്പിക്കുന്നു. 36 സ്ത്രീകളും 12 കുട്ടികളുമുൾപ്പെടെ 59 പേരെ തീവണ്ടിയിൽ ജീവനോടെ ചുട്ടെരിച്ചതിനെതുടർന്ന് ആളിപ്പടർന്ന കലാപത്തിൽ രണ്ടായിരത്തോളം മുസ്ലിങ്ങളും 750-ഓളം ഹിന്ദുക്കളും കൊല്ലപ്പെട്ടുവെന്നാണ് കണക്ക് എന്നിരിക്കെ അത് എങ്ങനെയാണ് വംശഹത്യ ആകുന്നത്? മരണത്തിന്റെ സ്ഥിതിവിവരക്കണക്കുകളിലെ മനുഷ്യത്വമില്ലായ്മ മാറ്റിനിർത്തിക്കൊണ്ട്, ഇനിയൊരിക്കലും രാജ്യത്തെവിടെയും ഇത്തരം കലാപങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

പുസ്തകം തീർത്തും നിരാശാജനകം എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. അത് പുതിയ തലമുറയ്ക്ക് നൽകുന്ന സന്ദേശം അലസതയുടെയും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറലിന്റേയുമാണ്. ഭാര്യയുടെ ജോലിയും കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ഉത്കർഷേച്ഛ ഇല്ലാത്ത ആളുകൾ ഔദ്യോഗിക കാര്യങ്ങളെക്കാൾ അവയ്ക്ക് പ്രാധാന്യം നൽകി എന്നും വരും. എങ്കിലും വിശാല വീക്ഷണത്തിൽ അണുവോളം ചെറിയ ഇത്തരം ഉൾക്കാഴ്ചകളെ ഒരു സർവീസ് സ്റ്റോറിയിലൂടെ മഹത്വവൽക്കരിക്കുന്ന നടപടി ശരിയല്ല. നമ്പൂതിരിയുടെ പുസ്തകം മാതൃകയാകുന്നത് ഭാവി തലമുറയിലെ ഉഴപ്പന്മാരായ ഉദ്യോഗസ്ഥർക്കു മാത്രമാണ്. 

പുസ്തകം ശുപാർശ ചെയ്യുന്നില്ല

Book Review of 'Secular Police' by P G Jathavedan Namboodiri
ISBN: 9788182649415

No comments:

Post a Comment