Monday, March 11, 2019

ആശാന്റെ വീണപൂവ്: വിത്തും വൃക്ഷവും


മലയാള കവിതാനഭസ്സിലെ വസന്തത്തിന്റെ ഇടിമുഴക്കമായിരുന്നു 1907-ൽ പ്രസിദ്ധീകരിച്ച കുമാരനാശാന്റെ 'വീണപൂവ്' എന്ന കൃതി. ഉടൽവർണനകൾക്കും രതിവർണനകൾക്കും ശൃംഗാരത്തിനും അടിമവേല ചെയ്തുകൊണ്ടിരുന്ന മലയാളകവിതയെ വെറും 41 ശ്ലോകങ്ങൾ മാത്രം അടങ്ങുന്ന ഈ ലഘുകാവ്യം സ്വതന്ത്രമാക്കി. വസന്തതിലകം വൃത്തത്തിൽ ദ്വിതീയാക്ഷരപ്രാസത്തിൽ മെടഞ്ഞെടുത്ത ഈ വിഷാദകാവ്യം ഒരു നൂറ്റാണ്ടു പിന്നിട്ടിട്ടും അപ്രസക്തമാവാതിരിക്കുന്നത് അത് ഉയർത്തിവിട്ട ചില തിരയിളക്കങ്ങൾ ഒരു പക്ഷേ ഇന്നും സഹൃദയശ്രദ്ധ ആവശ്യപ്പെടുന്നതുകൊണ്ടാണ്. കവിതയുമായി പുലബന്ധംപോലും പുലർത്താത്ത പലർക്കും ആകെ അറിയാവുന്ന കവിതാശകലമോ വാക്കുകളോ മിക്കവാറും ഈ കാവ്യത്തിൽ നിന്നുള്ളതായിരിക്കും: 'ശ്രീഭൂവിലസ്ഥിര', 'ആരാകിലെന്ത് മിഴിയുള്ളവർ നോക്കിനിന്നിരിക്കാം', 'വ്യാപാരമേ ഹനനമാം വനവേടനുണ്ടോ', 'അവനി വാഴ്‌വ് കിനാവ്' മുതലായ പ്രയോഗങ്ങൾ ഇന്ന് അവ എഴുതപ്പെട്ട സാഹചര്യങ്ങളെ വിസ്മരിച്ചുകൊണ്ടെന്നവണ്ണം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. മുൻ ചീഫ് സെക്രട്ടറിയും വിഖ്യാത ഗാനരചയിതാവുമായ ശ്രീ. കെ. ജയകുമാർ തികഞ്ഞ വിഷയഗൗരവത്തോടെയും കാവ്യാസ്വാദനത്തിലൂടെയും നെയ്തെടുത്ത ഈ കൃതി നിരൂപണസാഹിത്യത്തിലെ ഒരു മുതൽക്കൂട്ടാണ്. തന്റെ പത്തൊമ്പതാമത്തെ വയസ്സിൽ 'ആശാന്റെ മാനസപുത്രിമാർ' എന്നപേരിൽ പ്രസിദ്ധീകരിച്ച പഠനഗ്രന്ഥം ഗ്രന്ഥകാരന്റെ തദ്‌വിഷയത്തിലെ ഒളിമങ്ങാത്ത താൽപര്യം വെളിപ്പെടുത്തുന്നു.

1891-95 കാലഘട്ടത്തിൽ ആശാൻ നിരവധി സ്തോത്രകൃതികൾ രചിച്ചിരുന്നു; ശൃംഗാരകവിതകൾ എഴുതരുതെന്ന് ശ്രീനാരായണഗുരു അദ്ദേഹത്തെ ഉപദേശിച്ചിരുന്നുവല്ലോ! എന്നാൽ ഏതാണ്ടൊരേ മൂശയിൽ തന്റെ പ്രതിഭയെ സ്ഥിരമായി തളച്ചിടാൻ ആശാനെപ്പോലൊരു കാവ്യകുലപതിക്ക് സാധിക്കുമായിരുന്നില്ല. ഉപരിപഠനാർത്ഥം ബാംഗ്ലൂരിലും കൽക്കത്തയിലുമായി ഏതാനും വർഷങ്ങൾ ചെലവഴിക്കവേ പാശ്ചാത്യവിദ്യാഭ്യാസം നേടിയ നിരവധി പണ്ഡിതരുമായുള്ള സഹവാസവും ഇംഗ്ലീഷ് കവിതകളുമായി കൈവന്ന പരിചയവും ആശാന്റെ സർഗവാസന തേച്ചുമിനുക്കിയെടുത്തു. സമാധിയിലേക്കു നീങ്ങിയ പുഴു ദീർഘനാളത്തെ അജ്ഞാതവാസത്തിനുശേഷം നിറപ്പകിട്ടാർന്ന പൂമ്പാറ്റയായി മാറുന്നതുപോലെ ആ സർഗ്ഗചൈതന്യം മലയാളത്തിന്റെ സാഹിത്യജാലകങ്ങളെ നവോത്ഥാനത്തിന്റെ വെളിച്ചത്തിലേക്കു തുറന്നുവെച്ചു.

'വീണപൂവ്' എന്ന കൃതി രചിക്കുന്നതിനുണ്ടായ പ്രചോദനം എന്ത് എന്നതിനെക്കുറിച്ച് ഗവേഷകരുടെ ഇടയിൽ ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നു. അതിലേക്ക് ജയകുമാറും തന്റേതായ സംഭാവനകൾ നൽകുന്നു. കൽക്കത്തയിൽ വച്ച് പരിചയപ്പെട്ടതും കവി പ്രേമാർദ്രനായിപ്പോയതുമായ ഒരു വിദേശവനിതയെയാണ് ഈ കാവ്യത്തിൽ നിലത്തുവീണ പൂവായി എണ്ണിയിരിക്കുന്നത് എന്ന വാദം കൗതുകകരമെങ്കിലും തീരെ ദുർബലമാണ്. ആധ്യാത്മികദീക്ഷയുടെ പടിവാതിൽ വരെ എത്തിയതിനുശേഷം കാഷായം തിരസ്കരിച്ച് ലൗകികജീവിതത്തിലേക്ക് തിരിച്ചുവന്നയാളാണ് കുമാരനാശാനെങ്കിലും ഇത്തരം നിഗമനങ്ങൾ ഭാവനയുടെ വന്യതമൂലം തള്ളിക്കളയേണ്ടതാണ്. പ്ളേഗ് രോഗബാധിതനായി മരണത്തെ മുഖാമുഖം നേരിട്ടിരുന്ന ശ്രീനാരായണഗുരുവിന്റെ സന്ദിഗ്ദ്ധഘട്ടമായിരിക്കാം കാവ്യത്തിന്റെ ഉത്തരഭാഗത്തിന്റെ പ്രേരണയായി ഭവിച്ചത് എന്ന വാദവും ശക്തമാണ്. കവിക്കുപോലും പലപ്പോഴും വേർതിരിച്ചറിയാൻ കഴിയാത്ത നിരവധി ചിത്രങ്ങളും സ്മൃതികളും പ്രേരണകളുമെല്ലാം പ്രവചനാതീതമാംവിധം ഇടകലരുമ്പോഴാണ് കവിത ഉരുവംകൊള്ളുന്നത് എന്ന ഗ്രന്ഥകർത്താവിന്റെ നിരീക്ഷണം തന്നെയാണ് ഇവിടെ കുറിക്കുകൊള്ളുന്നത്.

ഈ പുസ്തകത്തിന്റെ പ്രധാനപ്രത്യേകത ആശാന്റെ മറ്റു കാവ്യങ്ങളുമായുള്ള സാദൃശപഠനമാണ്. 'വീണപൂവ്' മാത്രമല്ല 'നളിനി', 'ലീല', 'സീത' മുതലായ മറ്റു രചനകളും ഗ്രന്ഥകാരൻ 'അരച്ചുകലക്കി കുടിച്ചിട്ടുണ്ട്' എന്നു പറയാതെ വയ്യ. വാഴ്വിന്റെ അസ്ഥിരത, അനിവാര്യമായ മൃത്യു, മൃത്യുവിനപ്പുറമുള്ള ജീവിതം എന്നീ ചിന്താഗതികൾ ആശാന്റെ രചനകളെ കൂട്ടിയിണക്കുന്ന ചരടാണ്. എങ്കിലും കൂടുതൽ ദൈർഘ്യമുള്ള കാവ്യങ്ങളിലേക്ക് കുതിച്ചു ചാടാൻ മഹാകവിക്ക് 'വീണപൂവ്' വഴക്കമുള്ള പലക ആയിത്തീർന്നു എന്ന നിരീക്ഷണം യാഥാർത്ഥ്യത്തോട് ഏറ്റവും അടുത്തു നിൽക്കുന്നതാണ്.

ജയകുമാറിലെ കവി മലയാളഭാഷയുടെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നില്ല. 'വീണപൂവിലെ' 41 ചതുഷ്പദികളും അദ്ദേഹം സ്വയം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു ചേർത്തിരിക്കുന്നു. ആ ബഹുമുഖപ്രതിഭയുടെ മിന്നലാട്ടം ഇവിടെ സ്ഥായിയായ പ്രഭ ചൊരിയുകയാണ്. നൂറു വർഷത്തിനിപ്പുറവും ഈ കാവ്യത്തിന് ഒരു വ്യാഖ്യാനം കൂടി അധികമാവുകയില്ല എന്നു തിരിച്ചറിഞ്ഞ സാഹിത്യചേതനയെ എത്ര അഭിനന്ദിച്ചാലും മതിയാവുകയുമില്ല. 

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു

Book Review of 'Asante Veenapoovu - Vithum Vrikshavum' by K Jayakumar
ISBN: 9788126476749

No comments:

Post a Comment