മലയാളസാഹിത്യത്തറവാട്ടിലെ കാരണവരാണ് തകഴി എന്ന ശിവശങ്കരപ്പിള്ള. ജ്ഞാനപീഠത്തിന്റെ തിളക്കം കേരളത്തിന്റെ നാലതിരുകൾക്കുള്ളിലെത്തിച്ച വിരലിലെണ്ണാവുന്നവരിൽ ഒരാൾ. കാലത്തിന്റെ നാൽക്കവലയിൽ മലയാള സാഹിത്യം സന്ദേഹിച്ചുനിന്ന ഒരു വേളയിൽ സംശയലേശമെന്യേ നോവലിന്റെ വഴിയേ അതിനെ തിരിച്ചുവിട്ട പ്രഗത്ഭരിൽ പ്രമുഖൻ. ജനസാമാന്യത്തിന്റെ കൗതുകം സിനിമയിലേക്കുതിരിയുന്ന ഘട്ടമെത്തിയപ്പോൾ യാതൊരു മടിയും കൂടാതെ തന്റെ കൃതികളെ പുതിയ മാധ്യമത്തിനു യോജിച്ച രീതിയിൽ മാറ്റാനനുവദിച്ച ക്രാന്തദർശി. അങ്ങനെ ഒട്ടൊരു വിശേഷണങ്ങൾ അർഹിക്കുന്ന കൈരളിയുടെ മഹാനായ ഒരു പുത്രനാണ് തകഴി ശിവശങ്കരപ്പിള്ള. അദ്ദേഹത്തിന്റെ ജീവിതകഥ സ്വയം വിവരിക്കുന്ന ഈ പുസ്തകം ആധുനികസാഹിത്യത്തിന്റെ വികാസപരിണാമത്തിന്റേയും കൂടി കഥ പറയുന്നുണ്ട്. തകഴി ഒരു വക്കീലായിരുന്നു എന്ന വാസ്തവം ഒരുപക്ഷേ പലർക്കും അജ്ഞാതമായിരിക്കാം. ആ അനശ്വര കഥാകാരനിലെ വ്യക്തിയേയും, അദ്ദേഹത്തിന്റെ അനുഭവങ്ങളിലൂടെ ആ സമൂഹത്തേയും തുറന്നുകാണിക്കുന്ന ഈ പുസ്തകം ഏവർക്കും താല്പര്യമുണർത്തുന്ന ഒന്നാണ്.
തകഴിയുടെ ബാല്യം കേരളത്തിൽ വൻതോതിലുള്ള സാമൂഹ്യമാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന ഒരു ഇടവേളയായിരുന്നു. സാധനങ്ങളുടേയും സേവനങ്ങളുടേയും കൈമാറ്റത്തിനുവേണ്ടി പണം ഉപയോഗിച്ചുതുടങ്ങിയ കാലമായിരുന്നു അത്. നെൽകൃഷി മാത്രമായിരുന്നു അതുവരെ എല്ലാ കുടുംബങ്ങളുടേയും ഉപജീവനമാർഗം. ഭൂമി കയ്യിലുണ്ടായിരുന്ന സവർണ്ണജാതിക്കാർ കൃഷി നടത്തിച്ചു. അവരുടെ നെൽപ്പാടങ്ങളിൽ താഴ്ന്ന ജാതിക്കാർ അടിമകളെപ്പോലെ പണിയെടുത്ത് ജീവൻ നിലനിർത്താൻ മാത്രം ആവശ്യമായ നെല്ല് പകരം വാങ്ങി. ഇത് കൂലിയായിരുന്നില്ല എന്നു മാത്രമല്ല, അത് അളക്കുമ്പോൾ അവരെ വ്യാപകമായി വഞ്ചിക്കുകയും ചെയ്യുമായിരുന്നു. പച്ചക്കറികൾ മിക്കവയും സ്വയം ഉൽപ്പാദിപ്പിക്കുന്നവയായിരുന്നു. അവ കടകളിൽ വാങ്ങാൻ കിട്ടുന്നതോ, ഓണമോ മറ്റു ഉത്സവദിനങ്ങളോടടുപ്പിച്ചോ മാത്രവും. വീടുകളിൽ വെളിച്ചത്തിനായി ഉപയോഗിച്ചിരുന്നത് പുന്നക്കയെണ്ണയായിരുന്നു. അങ്ങനെ പുറമേനിന്ന് സാധനങ്ങളോ സേവനങ്ങളോ വാങ്ങേണ്ട അവസരങ്ങൾ വളരെ കുറവായിരുന്നു. അത്യാവശ്യഘട്ടങ്ങളിൽ നെല്ലു കൊടുത്താണ് അവ വാങ്ങിയിരുന്നത്. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ സാവധാനത്തിലാണെങ്കിലും ഗ്രാമങ്ങളിലേക്ക് അരിച്ചെത്തിയിരുന്നു. മണ്ണെണ്ണ വീടുകളിൽ ഉജ്വലപ്രകാശം പരത്തി. ബോട്ടുകളും ബസ്സുകളും പ്രത്യക്ഷപ്പെട്ടത് യാത്രാസമയം കുത്തനെ വെട്ടിച്ചുരുക്കി. കുട്ടനാടൻ പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ചുകളയാൻ മൂന്നാഴ്ച്ചയോളം ചക്രം ചവിട്ടേണ്ടിയിരുന്നിടത്ത് എൻജിൻ ഘടിപ്പിച്ച പമ്പുകൾ രണ്ടുദിവസം കൊണ്ട് ആ പണി നിറവേറ്റി. എന്നാൽ ഇവക്കെല്ലാം കൂലി പണമായിത്തന്നെ കൊടുക്കേണ്ടിവന്നു. ഇത് മിച്ചമുള്ള നെല്ല് കമ്പോളത്തിൽ വിൽക്കാൻ കർഷകരെ നിർബന്ധിതരാക്കി. അങ്ങനെ വിറ്റുകിട്ടുന്ന പണം കൊണ്ട് അടുത്ത കൊയ്ത്തുവരെയുള്ള ചെലവുകൾ നിർവഹിക്കണമായിരുന്നു. പണം കയ്യിൽവന്നത് അത് സ്വരുക്കൂട്ടിവെക്കാനുള്ള പ്രവണതക്കു വളമേകി. നല്ല തുണിത്തരങ്ങളും ജീവിതസൗകര്യങ്ങളും പണം മുടക്കിയാൽ കിട്ടുമെന്നിരിക്കേ കൂട്ടുകുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ ഏവരും വിസമ്മതിച്ചു. 'നാം പണിയെടുത്ത് മറ്റു വല്ലവരുടേയും സന്തതികളെ പോറ്റണോ?' എന്ന മന്നത്തു പദ്മനാഭന്റെ ചോദ്യം കാട്ടുതീ പോലെ പടർന്നുപിടിച്ചു. സ്വന്തം സഹോദരിയുടെ മക്കളായ അനന്തരവരാണ് ഈ സന്തതികൾ എന്ന വസ്തുത തറവാട്ടംഗങ്ങൾ സൗകര്യപൂർവം വിസ്മരിച്ചു. തറവാടുകളെല്ലാം അന്തഃഛിദ്രവും കോടതിവഴക്കുകളും മൂലം തകർന്നടിഞ്ഞു. ആളോഹരി വീതംവെക്കൽ നിയമപ്രകാരം നടപ്പായതോടെ ഇന്നത്തെ അണുകുടുംബങ്ങൾ പിറവിയെടുത്തു. തനിക്കു പ്രിയപ്പെട്ട അമ്മാവന്മാർ എത്ര പെട്ടെന്നാണ് ശത്രുക്കളായി മാറിയതെന്ന് തകഴി ഈ ഓർമ്മക്കുറിപ്പിലൂടെ വിവരിക്കുന്നു.
പുതിയ തലമുറ സുന്ദരന്മാരുടേയും സുന്ദരികളുടേയുമാണെന്ന് തകഴി അത്ഭുതപൂർവ്വം രേഖപ്പെടുത്തുന്നു. തനിക്കു പരിചയമുണ്ടായിരുന്നവരുടെ മക്കളും ചെറുമക്കളുമാണോ ഇവർ എന്നദ്ദേഹം ആശ്ചര്യപ്പെടുന്നു. നാടിന്റെ സാമൂഹ്യ, സാമ്പത്തികത്തലങ്ങളിൽ വന്നുചേർന്ന കുതിച്ചുചാട്ടം തന്നെയാണിതിന്റെ കാരണം. അന്നൊക്കെ ധനികരും ദരിദ്രരും തമ്മിൽ കാഴ്ച്ചയിൽ വലിയ അന്തരമില്ലായിരുന്നു. അരയിൽ ഒരു കോണകമോ ഒറ്റമുണ്ടോ തന്നെയായിരുന്നു പൊതുവായ വേഷവിധാനം. ഭക്ഷണവും എല്ലാവരും മിതമായിത്തന്നെ കഴിച്ചു. ധനികരുടെ കയ്യിൽ കൂടുതലായി ഉണ്ടായിരുന്നത് പത്തായത്തിൽ ധാരാളമായി കിടന്നിരുന്ന നെല്ലു മാത്രമായിരുന്നു. അതുകൊടുത്താൽ വാങ്ങാൻ കിട്ടുന്ന സാധനങ്ങൾ വളരെ പരിമിതവും. താഴ്ന്ന ജാതിക്കാരുടെ കൈവശം ഉണ്ടായിരുന്നത് അവരുടെ അദ്ധ്വാനശേഷി മാത്രമായിരുന്നു. എങ്കിലും അത് തമ്പുരാന്റെ പാടത്തുമാത്രം ഉപയോഗിക്കേണ്ട ആവശ്യമില്ലാതായി. സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മികച്ച പോഷകമൂല്യമുള്ള ആഹാരം കഴിക്കുന്നതിനും, നല്ല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനും, സൗന്ദര്യവർദ്ധക വസ്തുക്കൾ കൈക്കലാക്കുന്നതിനും ജനങ്ങളെ പ്രാപ്തരാക്കി. ശാരീരികവും ഭൗതികവുമായി കൈവരിച്ച ശ്രേഷ്ഠതക്ക് ഇതുതന്നെയായിരുന്നു കാരണം.
വിദ്യാഭ്യാസകാലത്തുതന്നെ സാഹിത്യരംഗത്തേക്കു കാലെടുത്തുകുത്തിയിരുന്ന തകഴിയുടെ ഭാവനക്ക് സുലഭമായി അസംസ്കൃതവസ്തുക്കൾ നൽകിയത് അമ്പലപ്പുഴയിൽ അദ്ദേഹം വക്കീലായിരുന്ന കാലഘട്ടമാണ്. തൊഴിലാളിപ്രസ്ഥാനവുമായി ആഭിമുഖ്യം പുലർത്തിയിരുന്നതിനാൽ അവരെ പ്രതിയാക്കിയുള്ളതും അവർക്കിടയിലുള്ളതുമായ നിരവധി കേസുകളും രേഖകളും പഠിക്കാനിടവന്നതാണ് കയർ, രണ്ടിടങ്ങഴി മുതലായ മാസ്റ്റർപീസുകളിലേക്ക് നയിച്ചത്.ആഹാരത്തിനായുള്ള കൃഷി എന്ന മുൻകാല സമ്പദ്‌വ്യവസ്ഥയിൽനിന്ന് ഉപജീവനത്തിനായി വക്കീൽപ്പണി എന്ന ആധുനികവ്യവസ്ഥയിലേക്ക് നീന്തിക്കയറാനായെങ്കിലും സാഹിത്യരചന ഒരു കുടുംബത്തെ നയിച്ചുകൊണ്ടുപോകുന്നതിനുള്ള ഉറപ്പായ മാർഗ്ഗം ഒരിക്കലുമായിരുന്നില്ല. ധാരാളം എഴുതാനാഗ്രഹിക്കുന്ന ഒരു സാഹിത്യകാരൻ യാന്ത്രികമായ കോടതിനടപടികളുടെ മടുപ്പിക്കുന്ന നൈരന്തര്യത്തിൽ ശ്വാസം മുട്ടുന്നത് ഇവിടെ നമുക്കു കാണാവുന്നതാണ്. ഭാഷാസാഹിത്യത്തിൽ ഒരു വസന്തപ്പകർച്ചയുടെ സൗരഭ്യം കടന്നുവന്ന ഘട്ടമായിരുന്നു അത്. ചെറുതെങ്കിലും കൃതികൾ സ്ഥിരമായി അച്ചടിച്ചു പ്രസിദ്ധപ്പെടുത്താൻ പാങ്ങുള്ള സഹൃദയരും പ്രസ്സുകളും രംഗത്തുവന്നുകഴിഞ്ഞിരുന്നു. പുസ്തകപ്രസാധനം ഒരു കച്ചവടമായി മാറുന്നത് ഡി. സി. കിഴക്കേമുറിയുടെ രംഗപ്രവേശത്തോടെയാണ്. ഏറെക്കാലം എഴുത്തുകാരുടെ പ്രസിദ്ധീകരണശാലയുമായി സഹകരിച്ചു പ്രവർത്തിച്ചതിനുശേഷം അതിന്റെ പരാജയങ്ങൾ പൂർണമായി മനസ്സിലാക്കിയതിനെത്തുടർന്നാണ് ഡി. സി. പ്രസാധനത്തിലേക്കു തിരിഞ്ഞത്. വ്യാവസായികമായും സാംസ്കാരികമായും തീർത്തും ശരിയായിരുന്ന ആ നടപടി ഇന്ന് ഡി. സി. ബുക്സിനെ കേരളത്തിലെ ഏറ്റവും വലിയ പ്രസാധകരാക്കിത്തീർത്തു. അതുകൊണ്ടാണോ കിഴക്കേമുറിയെ പേരിനുപോലും വിമർശിച്ചുകൊണ്ടുള്ള ഒരു പ്രസ്താവം പോലും ഒരു പുസ്തകത്തിലും കാണാനില്ലാത്തത്?
കൃത്യമായ ഒരു ചട്ടക്കൂടിൽ ഒതുക്കിയിട്ടില്ലെങ്കിലും അനായാസമായി വായിച്ചുപോകാവുന്ന ഒരു നല്ല പുസ്തകമാണിത്. ബാല്യം, വക്കീൽക്കാലം, സാഹിത്യരചന എന്നിങ്ങനെ മൂന്നു ഘട്ടങ്ങളായി തിരിക്കാവുന്ന ആ ജീവിതം ഒരു കാലഘട്ടത്തിന്റെ നേർദർപ്പണമാണെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. മരുമക്കത്തായത്തിൽനിന്ന് ആളോഹരി വീതംവെപ്പിലേക്കുപോയ തറവാടുകളുടെ ജീവരക്തം ഈ വരികൾക്കിടയിൽ തുള്ളിതുള്ളിയായി വീഴുന്നതുപോലെ തോന്നും. പിശുക്കനെന്ന പേരുണ്ടായിരുന്നുവെങ്കിലും ഉദാരത പുലർത്തേണ്ടിടത്ത് അദ്ദേഹം അതുതന്നെ ചെയ്തു. നാലു പെൺമക്കളുള്ള ഒരാൾ പിശുക്കനാകാതിരിക്കുന്നത് എങ്ങനെയാണ്? കമ്യൂണിസ്റ്റ് അനുഭാവം ഒരു സമയത്ത് തകഴി പ്രദർശിപ്പിച്ചിരുന്നുവെങ്കിലും സാഹിത്യകാരന്മാരുടെ സംഘടന പിടിച്ചെടുക്കാൻ പാർട്ടി ശ്രമിച്ചപ്പോൾ അതിനെ എതിർക്കുകയും ചെയ്തു. ഭാര്യയായ കമലാക്ഷിയമ്മ എന്ന കാത്തക്കുവേണ്ടി നീക്കിവച്ചിരിക്കുന്ന ഒരദ്ധ്യായം ഒരായുഷ്കാലത്തിന്റെ നിസ്വാർത്ഥസ്നേഹത്തിനായി അർപ്പിച്ചിരിക്കുന്ന ഒരു പനിനീർ പുഷ്പമാണ്.
തകഴിയുടെ ബാല്യകാലത്തു സംഭവിച്ച ദായക്രമപരിഷ്കരണം വരുത്തിയ സാമൂഹ്യമാറ്റങ്ങളെക്കുറിച്ച് മുകളിൽ സൂചിപ്പിച്ചുവല്ലോ. അങ്ങനെ ഒരു വലിയ പരിണാമം തനിക്കു ചുറ്റും നൃത്തം വെക്കുന്നതുകണ്ടും പഠിച്ചും വളർന്ന തകഴി പക്ഷേ ആധുനികകാലത്തിന്റെ മാറ്റങ്ങളെ പൂർണമായും ഉൾക്കൊള്ളാനാവാത്തതുപോലെ തോന്നിപ്പിക്കുന്നു. ഈ മാറ്റങ്ങളെ നയിക്കുന്ന ചാലകശക്തി എന്തെന്ന് തിരിച്ചറിയാനും അദ്ദേഹം ശ്രമിക്കുന്നില്ല. യുവത്വവുമായി ഇപ്പോഴും ഇടപഴകിക്കഴിയാനാണ് തനിക്കിഷ്ടമെന്നു പ്രഖ്യാപിക്കുമ്പോഴും, തലമുറകളുടെ വിടവ് തന്നെ സംബന്ധിച്ചിടത്തോളം ഇല്ലെന്ന് സ്വയം വിശ്വസിക്കുമ്പോഴും, തകഴി ക്രമേണ പുതിയ തലമുറയുടെ ചക്രവാളത്തിനു താഴേക്കുപോകുന്നത് അദ്ദേഹം മനസ്സിലാക്കിയിരുന്നെന്നുവേണം കരുതാൻ. കീഴാളജനതയുടെ വിചാരങ്ങളും വികാരങ്ങളും കാച്ചിക്കുറുക്കി അവതരിപ്പിച്ച തകഴി അതേ സാമ്പത്തികകാരണങ്ങൾ അവരുടെ ജീവിതനിലവാരം വർദ്ധിപ്പിച്ചുകൊണ്ട് ആഡംബരഭ്രമം വർദ്ധിപ്പിക്കുന്നതുകണ്ട് അസ്വസ്ഥനാകുന്നു. ഇതാണ് ഒരാൾക്ക് എന്തെല്ലാം ജീവിതസൗകര്യങ്ങൾ വേണമെന്ന് സ്റ്റേറ്റ് തീരുമാനിക്കണമെന്നുള്ള അഭിപ്രായങ്ങളിലേക്കു നയിക്കുന്നത്.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Athmakatha' by Thakazhi
ISBN: 9798184230597

No comments:
Post a Comment