മനുഷ്യസമത്വത്തിന്റെ മൂർത്തീകരണമെന്ന നിലയിൽ മഹാബലിയെന്ന അസുരരാജാവ് മലയാളിയുടെ ഗോത്രജനിതകത്തിൽ ലയിച്ചുചേർന്നിരിക്കുകയാണ്. നമ്മുടെ സമൂഹത്തിന്റെ സംയുക്ത അധമബോധം (collective inferiority complex) മഹാബലിയെ എല്ലാവരുടേയും ആരെങ്കിലുമാക്കി മാറ്റി. ചിലർക്കദ്ദേഹം സവർണവെറിക്കടിപ്പെട്ട ദളിത് പ്രമാണിയാണ്, മറ്റു ചിലർക്ക് ഉത്തരഭാരതത്തിന്റെ കടന്നുകയറ്റത്തിന്റെ വിജയമാണ്, ഇനിയും ചിലർക്ക് പ്രാക്തനകമ്യൂണിസത്തിന്റെ തകർച്ചയുടെ നാഴികക്കല്ലുമാണ്. മഹാബലി കേരളീയ സ്വത്വത്തിന്റെ നിർവചനഘടകമായതെങ്ങനെ എന്നും, അതെന്നാണ് സംഭവിച്ചതെന്നുമുള്ള ഒരു അന്വേഷണമാണ് ഈ കൃതി. കേരളത്തേയും മഹാബലിയേയും ഘടിപ്പിക്കുന്ന അസന്നിഗ്ദ്ധവും രേഖാമൂലവുമായ തെളിവിന് പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തെക്കാൾ പഴക്കമില്ല. ജേക്കബ് ഫെനിഷ്യോ എന്നൊരു പോർച്ചുഗീസ് പാതിരി ആ ഭാഷയിലെഴുതിയ ഒരു പുസ്തകത്തിലാണ് മഹാബലി ജനങ്ങളെ കാണാനെത്തുന്ന ദിവസമാണ് ഓണമെന്നു പ്രതിപാദിക്കുന്നത്. അതിനുമപ്പുറം പ്രാചീന, മദ്ധ്യകാലങ്ങളിൽ രൂപം കൊണ്ട മതപരമായ സാഹിത്യത്തേയും ഐതിഹ്യങ്ങളേയും വിശകലനം ചെയ്യുകയാണ് ഈ കൃതി. ലേഖകനായ ശ്രീ. കെ. ടി. രവിവർമ്മ കർമ്മം കൊണ്ട് മുംബൈയിൽ ജീവശാസ്ത്ര പ്രൊഫസ്സർ ആയിരുന്നെങ്കിലും ഈ പുസ്തകത്തിൽ കാണുന്ന ഗവേഷണമികവും വിശകലനപാടവവും അവിശ്വസനീയമാംവിധം ഒരു യഥാർത്ഥ ചരിത്രകാരന്റേതാണ്.
മഹാബലിയേയും വാമനനേയും ലേഖകൻ ഭാരതത്തിലെ പ്രാചീനഗ്രന്ഥങ്ങളിൽ തിരഞ്ഞു കണ്ടുപിടിക്കുന്നു. ഋഗ്വേദത്തിലെ ത്രിവിക്രമമിത്തിൽ നിന്നാണ് എല്ലാറ്റിന്റേയും പ്രാഥമികമായ ഉൽപ്പത്തി. ത്രിവിക്രമം എന്നാൽ മൂന്നു കാൽവെപ്പുകൾ എന്ന അർത്ഥത്തിൽ വിഷ്ണു ലോകത്രയത്തെ മൂന്നു കാൽവെപ്പുകളാൽ വിശേഷമായി നിർമ്മിച്ചുവെന്ന് ഋഗ്വേദത്തിൽ പറയുന്നു. മൂന്നാമത്തെ കാൽവെപ്പിന് എന്തോ സവിശേഷതയുണ്ടെന്ന സങ്കൽപ്പവും ഇതിൽ കാണാം. പക്ഷേ, വാമനനോ ബലിയോ കാണുന്നില്ലെന്നു മാത്രമല്ല, ജനങ്ങളുടെ ഉത്കർഷയാണ് ത്രിവിക്രമങ്ങൾ സ്ഥാപിക്കുന്നതും. വിഷ്ണുവിന്റെ വാമനരൂപത്തെക്കുറിച്ചുള്ള ആദ്യ പരാമർശം വേദങ്ങളുടെ അനുബന്ധം എന്നു കരുതാവുന്ന ബ്രാഹ്മണങ്ങളിലാണ്. ഇവിടെയാണ് അസുരന്മാർക്കെതിരെ വിഷ്ണു ആദ്യമായി വാമനവേഷമെടുക്കുന്നത്. കിഴക്കേ കടലിന്റെ തീരത്താണ് ബലിയുടെ രാജ്യമെങ്കിലും പരാജിതനായ ബലിയെ എന്തുചെയ്തുവെന്ന് രാമായണത്തിലും മഹാഭാരതത്തിലും പറയുന്നില്ല. ആദ്യം വൈദികമതാനുഭാവിയായി ഉയരുകയും പിന്നീട് ഏതോ അബ്രാഹ്മണമതത്തെ പിന്താങ്ങുകയും ചെയ്ത ഏതോ വടക്കേ ഇന്ത്യൻ രാജാവായിരിക്കാം വേദേതിഹാസങ്ങളിലെ ബലി എന്ന് ഗ്രന്ഥകാരൻ ഊഹിക്കുന്നു.
നീണ്ടതും കുറിയതുമായ ഏതാണ്ട് മുപ്പതോളം ആഖ്യാനങ്ങൾ വാമന-ബലി മിത്തിനെ പുരസ്കരിച്ച് പുരാണങ്ങളിൽ കാണാനുണ്ട്. ബലി ഒരു മാതൃകാരാജാവായി ആദ്യം അവതരിക്കുന്നത് പുരാണങ്ങളിലാണ് - സനാതനധർമ്മത്തേയും ബ്രാഹ്മണരേയും പരിപാലിച്ചുപോന്ന ഒരു വിഷ്ണുഭക്തൻ! അതിനാൽത്തന്നെ ബലിയുടെ സദ്ഭരണത്തിന് ബ്രാഹ്മണരുടെ പിന്തുണ ഉണ്ടായിരുന്നു എന്ന് ന്യായമായും കരുതാം. ബലി മിത്തിന് ചരിത്രനായകരോടുള്ള വിധേയത്വവും രവിവർമ്മയുടെ പരിഗണനാവിഷയമാകുന്നു. മഹാഭാരതത്തിലെ ബലിയുടെ പ്രചോദനം അശോകചക്രവർത്തിയും, പുരാണങ്ങളിലെ വൈഷ്ണവഭക്തനായ ബലിയുടെ പ്രാഗ്‌രൂപം സാതവാഹന പരമ്പരയിലെ ഗൗതമീപുത്ര ശതകർണിയുമാണ്. ദേവാലയങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ട് പൂജാവിധികൾ തുടങ്ങിയത് ഹിന്ദുദൈവങ്ങൾക്കല്ലെന്നും യക്ഷന്മാർക്കാണെന്നുമാണ് ലേഖകന്റെ നിഗമനം. പിന്നീട് പുരാണദൈവങ്ങളുടെ സ്വാധീനം വളർന്നുവന്നപ്പോൾ യക്ഷന്മാർ പിന്തള്ളപ്പെട്ടു. അത്തരം മൂർത്തികളിൽ രാമൻ, വരാഹം, നരസിംഹം എന്നിവർക്കൊപ്പം ബലിയുടെ വിഗ്രഹവും ആരാധിക്കപ്പെട്ടിരുന്നു.
മദ്ധ്യകാല ഭാരതീയ ജനപദങ്ങളിൽ ബലി എങ്ങനെ അനുസ്മരിക്കപ്പെട്ടിരുന്നു എന്ന ചോദ്യത്തിനും ഈ പുസ്തകം ഉത്തരം നൽകുന്നുണ്ട്. ദീപപ്രതിപദം എന്ന പേരിൽ ആരംഭിച്ച ബലിയുടെ വാർഷികഉത്സവം ദീപാവലി തന്നെയാണ്. ഹിന്ദുമത വികാസം ലക്ഷ്യമാക്കി നാട്ടുകാർ ആരാധിച്ചിരുന്ന ബലിയെ പുരാണകർത്താക്കൾ സൽസ്വഭാവിയായി സ്വീകരിച്ചു. എങ്കിലും മഹാഭാരതത്തിൽ എന്തുകൊണ്ട് ബലിയോട് ശത്രുതാമനോഭാവം കൈക്കൊണ്ടു എന്ന് ഗ്രന്ഥകർത്താവ് പറയുന്നില്ല. തന്റെ കർമ്മമണ്ഡലം എന്ന നിലയിൽ മഹാരാഷ്ട്രയെക്കുറിച്ച് ആഴത്തിൽ പഠിച്ചിരിക്കാനിടയുള്ള രവിവർമ്മ അവിടത്തെ ബലി ആരാധനാനുഷ്ഠാനവും കേരളത്തിലെ 'ചേട്ടയെ കളയലും' തമ്മിൽ സാമ്യം കണ്ടെത്തുന്നു. അതിനൊപ്പം നിൽക്കുന്ന ആചാരങ്ങളത്രേ ഗുജറാത്തിലെ അഡാഘോ-ബഡാഘോവും ഭവിഷ്യോത്തര പുരാണത്തിലെ അലക്ഷ്മി കളയലും. കാർഷിക വിളവെടുപ്പുത്സവത്തോടനുബന്ധിച്ച് സമൃദ്ധിക്കുവേണ്ടിയുള്ള പ്രാർത്ഥന എന്ന നിലയ്ക്കാണ് കേരളത്തിനുപുറത്തും ബലി ആരാധനയുടെ തുടക്കം.
സ്വാഭാവികമായും നാം ഉറ്റുനോക്കുന്നത് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത് ഏതുകാലത്താണെന്നും മഹാബലി മിത്ത് അതിനോട് കൂട്ടിച്ചേർക്കപ്പെട്ടത് എങ്ങനെയാണെന്നുമുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളാണ്. പേരുപോലുമറിയാത്ത ഒരു നാടോടി ആചാരം, ഹൈന്ദവീകരണത്തോടുകൂടി നിലവിൽവന്ന ഓണമെന്ന ക്ഷേത്രോത്സവം, പരദേശത്തുനിന്നും സംക്രമിച്ച ബലി ആരാധന എന്നിവയുടെയെല്ലാം സമ്മിശ്രരൂപമാണ് മലയാളികളുടെ ദേശീയോത്സവം. മാങ്കുടി മരുതനാർ എന്ന സംഘകാല കവി രചിച്ച 'മതുരൈ കാഞ്ചി' എന്ന കാവ്യത്തിലാണ് ഓണത്തെക്കുറിച്ചുള്ള ആദ്യപരാമർശം കാണുന്നത്. ഇത് ക്രി.വ. 4-5 നൂറ്റാണ്ടുകളിലാണ്. 'അവുണരെ അകറ്റിയ സുവർണ്ണമാലയണിഞ്ഞ മായോന്റെ പ്രീതിക്കായാണ്' ഓണം ആചരിക്കപ്പെടുന്നത് എന്നാണദ്ദേഹം കുറിക്കുന്നത്. മായോൻ വിഷ്ണുവാണ്. പിന്നീട് കുലശേഖരസാമ്രാജ്യത്തിന്റെ തകർച്ചയോടെ ബ്രാഹ്മണമേധാവിത്വം ശക്തി പ്രാപിച്ചപ്പോൾ രാജ്യമുപേക്ഷിച്ച പെരുമാളിന്റെ സ്മരണാർത്ഥം ബ്രാഹ്മണേതര ജനവിഭാഗങ്ങൾ മഹാബലി മിത്തിനെ ഓണാഘോഷവുമായി 11-13 നൂറ്റാണ്ടുകളിൽ ബന്ധിപ്പിച്ചു എന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു.
ഈ ഗ്രന്ഥരചനയുടെ ഭാഗമായി ലേഖകൻ നടത്തിയ പഠനങ്ങൾ അതിശയകരമാംവിധം വിപുലമാണ്. വേദങ്ങൾ, പുരാണങ്ങൾ, ഇതിഹാസങ്ങൾ, സംഘകാല കൃതികൾ എന്നിവയെല്ലാം ഇദ്ദേഹം അരച്ചുകലക്കി കുടിച്ചിട്ടുണ്ട്. ബലി ആരാധനയുമായി ബന്ധപ്പെട്ട ശില്പങ്ങളുടെ രേഖാചിത്രങ്ങളും ഇതിൽ കാണാം. ഒരു തികഞ്ഞ ഗവേഷണഗ്രന്ഥം തന്നെയാണീ കൃതി. എങ്കിലും വൈദിക-ഇതിഹാസ കാലങ്ങളിലെ മതത്തെ 'ഹിന്ദു' എന്ന് വിശേഷിപ്പിക്കുന്നത് ശുദ്ധചരിത്രകാരന്മാരെ അലോസരപ്പെടുത്തിയേക്കാം.
പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.
Book Review of 'Mahabali Enna Mythum Onathinte Charithravum' by K T Ravivarma
ISBN: 9788126451395