Wednesday, November 6, 2019

ഫാഷിസ്റ്റ് കാലത്തെ ബഷീർ

2014-ൽ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനുശേഷം നാം നിരന്തരമായി കേട്ടുവരുന്ന വായ്ത്താരിയാണ് ഫാസിസം എന്നത്. കുറേക്കൂടി തീവ്രമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ചിന്തകർ ഉപയോഗിക്കുന്ന പദമാണ് ഫാഷിസം! അക്ഷരസ്ഫുടത നോക്കണമല്ലോ. എന്നാൽ, ഭരിക്കുന്ന സർക്കാരിനെ ഫാസിസ്റ്റ് എന്നു വിളിക്കുന്നതിനുള്ള സ്വാതന്ത്ര്യം ജനാധിപത്യ രാജ്യങ്ങളിലല്ലേ ലഭ്യമാകൂ എന്ന ഒരൊറ്റ ചോദ്യത്തിനുമുൻപിൽ ഇവരുടെ ബഡായികൾ കാറ്റുപോയ ബലൂൺ പോലെയാകും. ചൈനയിലോ, ഉത്തര കൊറിയയിലോ, ക്യൂബയിലോ ഉള്ള ബുദ്ധിജീവികൾക്ക് അത്തരമൊരു അവകാശത്തെക്കുറിച്ച് സ്വപ്നം കാണുന്നതുപോലും പ്രതിവിപ്ലവപരവും ആത്മഹത്യാപരവുമായ ഒരു ബൂർഷ്വാ നടപടിയായിരിക്കും. അതേസമയം അമേരിക്കൻ ഐക്യനാടുകളിലോ, ബ്രിട്ടനിലോ, ഇന്ത്യയിലോ ഈ തോന്ന്യവാസമൊക്കെ അനുവദിക്കുകയും ചെയ്യും. എസ്. കെ. പൊറ്റക്കാട് അദ്ദേഹത്തിന്റെ ബ്രിട്ടീഷ് പര്യടനത്തിനിടെ നിരീക്ഷിച്ച ഒരു സംഭവമാണ് ഇവിടെ ഓർമ്മ വരുന്നത്. ലണ്ടനിലെ ഹൈഡ് പാർക്ക് പ്രതിഷേധക്കാർക്ക് തങ്ങളുടെ വാദങ്ങൾ വിളിച്ചുപറയുന്നതിനുള്ള ഒരു വേദിയാണ്. അവിടെയൊരു വ്യക്തി തന്റെ പ്രസംഗത്തിനിടെ 'ബ്രിട്ടീഷ് ഡോഗ്സ്' എന്ന് പലതവണ ഉപയോഗിക്കുന്നുണ്ടായിരുന്നു. പൊറ്റക്കാടിനെ അത്ഭുതപ്പെടുത്തിയ വസ്തുത ആ 'ബ്രിട്ടീഷ് നായ്ക്കൾ' അയാൾക്കെതിരെ കുരച്ചുചാടുന്നതിനുപകരം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്നതാണ്. അതാണ് ജനാധിപത്യത്തിന്റെ സഹിഷ്ണുത, പ്രതിപക്ഷ ബഹുമാനം എന്നീ വരദാനങ്ങൾ. മലയാളത്തിന്റെ സ്വകാര്യ അഭിമാനമായ ശ്രീ. വൈക്കം മുഹമ്മദ് ബഷീർ തന്റെ യൗവ്വനകാലത്ത് ബ്രിട്ടീഷ് സർക്കാരിനേയും, തിരുവിതാംകൂറിൽ സർ. സി. പി നേതൃത്വം നൽകിയ സർക്കാരിനേയും എതിർത്തതിനാൽ ഭരണകൂടത്തിന്റെ മർദ്ദനമുറകൾ ഏറ്റുവാങ്ങാനിടയായിരുന്നു. ആ കാലഘട്ടത്തെ അനുസ്മരിക്കുകയാണ് 'ഫാഷിസ്റ്റ് കാലത്തെ ബഷീർ' എന്ന ശീർഷകം. അതോടൊപ്പംതന്നെ ഇക്കാലത്ത് വളരെയധികം 'ചെലവാകുന്ന' ഫാസിസത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലക്‌ഷ്യം വെച്ചാണ് എം. ഏ. റഹ്‌മാൻ ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബഷീറിന്റെ സാഹിത്യപ്രപഞ്ചത്തെക്കാളുപരി ബഷീർ എന്ന വ്യക്തിയുടെ വികാസപരിണാമങ്ങളാണ് ഈ പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. ശുദ്ധ മലയാളലിപിയിൽ ശുദ്ധ മുസ്ലിം ജീവിതം സമ്പൂർണമായി രേഖപ്പെടുത്തുന്ന ആദ്യത്തെ സർഗാത്മക കൃതിയായ 'ന്റുപ്പാപ്പാക്കൊരാനേണ്ടാർന്ന്' (1951) എന്ന ബഷീർ കൃതി അറബിമലയാളത്തിന്റെ ഇടുങ്ങിയ തെരുവുകളിൽനിന്ന് മുസ്ലിം സാഹിത്യത്തെ മലയാളഭാഷയുടെ രാജവീഥിയിലേക്ക് വഴിതിരിച്ചുവിട്ടു. തനിക്ക് പരിചയമുള്ള കഥാപാത്രങ്ങളേയും ഇതിവൃത്തങ്ങളേയും ബഷീർ ആവിഷ്കരിച്ചപ്പോൾ അവ ഇസ്‌ലാമികമായിപ്പോയതിൽ യാതൊരത്ഭുതവുമില്ല. എന്നാൽ അതിന്റെ പേരിൽ ബഷീറിയൻ പ്രതിഭയുടെ സമ്പൂർണ്ണ കൈകർത്തൃത്വ അവകാശമാണ് ഇസ്‌ലാമിന്റെ പേരിൽ റഹ്‌മാനെപ്പോലുള്ള പണ്ഡിതർ ആവശ്യപ്പെടുന്നത്. 'പേർഷ്യൻ ഭൂമികയിൽനിന്നാരംഭിക്കുന്ന സൂഫികളുടെ സത്യാന്വേഷണവും, മനുഷ്യപ്പറ്റും, ചരാചരസ്നേഹവും, ദാർശനികവുമായ ചിരിയുമാണ് ബഷീർ സ്വാംശീകരിച്ചത്' (പേജ് 59) എന്ന മട്ടിലുള്ള അഭിപ്രായങ്ങൾ തട്ടിമൂളിക്കുവാൻ ഗ്രന്ഥകാരനെ പ്രേരിപ്പിക്കുന്നത് ഈ മിഥ്യാഭിമാനമാണ്. കേരളീയ ആവിഷ്കാരപാരമ്പര്യത്തിനു വെളിയിലല്ല ബഷീറിന്റെ പ്രതിഭ. അല്ലെങ്കിലും 'ദൈവം എന്നൊന്നില്ലെങ്കിൽ എന്റെയാവശ്യത്തിനുവേണ്ടിയെങ്കിലും ഞാനൊരു ദൈവത്തെ ഉണ്ടാക്കും' എന്നു പ്രഖ്യാപിച്ച കലാകാരനെ മദ്ധ്യപൗരസ്ത്യദേശത്തിന്റെ സാഹിത്യചട്ടക്കൂടിൽ എങ്ങനെ ഒതുക്കാൻ സാധിക്കും? സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം പോലും 'അറേബ്യയിൽ നിന്നും വന്ന് കേരളത്തിന്റെ ദേശീയതയോട് കൂറുപുലർത്തിയ സയ്യിദുകളുടെ പാരമ്പര്യത്തിന്റെ' ഫലമാണെന്നാണ് ഗ്രന്ഥകർത്താവ് സ്ഥാപിക്കുന്നത്.

മലബാർ ലഹള പോലുള്ള വർഗീയകലാപങ്ങളെ ഹിന്ദു ജാതിമേധാവിത്വത്തിനെതിരായുള്ള പോരാട്ടമാക്കി വെള്ളപൂശാൻ റഹ്‌മാൻ കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. അല്ലെങ്കിലും പിന്നോക്ക, ദളിത് വിഭാഗങ്ങളുടെ അപ്പോസ്തലന്മാരായി സ്വയം നടിക്കുന്നവരാണ് മുസ്ലിം വർഗ്ഗീയവാദികൾ. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിലാണ് ഈ നയത്തിന്റെ ജനിതക ഉറവിടം. ഈ അടവുനയം ബ്രിട്ടീഷ് ഭരണകാലത്തെ മുസ്ലിം ലീഗിന്റെ സന്തതിയുമാണ്. അവരുടെ മോഹനവാഗ്ദാനങ്ങളിൽ വിശ്വസിച്ച് പാക്കിസ്ഥാനിലേക്കു കുടിയേറിയ ദളിത് നേതാവ് ജോഗേന്ദ്രനാഥ് മണ്ഡലിന്റെ ദുരിതപർവ്വം ഇനിയും വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടില്ല. പാക്കിസ്ഥാനിലെ ആദ്യ മന്ത്രിസഭയിൽ നിയമ-തൊഴിൽ മന്ത്രിയായ മണ്ഡൽ മൂന്നുവർഷത്തിനുശേഷം ഇന്ത്യയിലേക്ക് തിരിച്ചോടിവന്നു. മുസ്ലിം ലീഗിന്റെ ഭരണത്തിനുകീഴിൽ മനുഷ്യൻ എന്ന പരിഗണന പോലും ലഭിക്കാതെവന്നത് അദ്ദേഹത്തിന്റെ കണ്ണുതുറപ്പിച്ചു. മലബാറിലെ വർഗീയലഹളകളെല്ലാം റഹ്‌മാൻ ഇങ്ങനെ സൂത്രത്തിൽ സവർണ്ണർക്കെതിരായ പോരാട്ടമാക്കി മാറ്റുകയാണ്. 1836 മുതൽ 1921 വരെ ബ്രിട്ടീഷുകാർക്കെതിരേയും സവർണജന്മിമാരുടെ ജാതിവിവേചനത്തിനെതിരേയും മലബാറിൽ 83 കലാപങ്ങൾ അരങ്ങേറി എന്നദ്ദേഹം അവകാശപ്പെടുന്നു (പേജ് 49).

വ്യക്തിപരമായ ആരാധന മാത്രം കൈമുതലാക്കി ഒരു പുസ്തകം വിജയിപ്പിക്കാനാവില്ല എന്നതിന്റെ വ്യക്തമായ തെളിവാണീ കൃതി. ബഷീറിനെ സാഹിത്യപരമായി വിമർശിക്കുന്നവർക്കെതിരെ റഹ്‌മാൻ ഉറഞ്ഞുതുള്ളുന്നു. സുകുമാർ അഴീക്കോടിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത് 'മന്ദബുദ്ധി' എന്നും 'അയാൾ' എന്നുമാണ് (പേജ് 96). ഗുപ്തൻ നായർ, പവനൻ എന്നിവരും ആരോപണവിധേയമാകുന്നുണ്ട്. അവർ ചെയ്ത 'കുറ്റം' ബഷീറിനെ വിമർശിച്ചു എന്നതുമാത്രവും! കാര്യമായ ബുദ്ധിമുട്ടൊന്നും കൂടാതെ വായിച്ചുപോകാവുന്ന ഈ പുസ്തകത്തിൽ 1929-ൽ ആരംഭിച്ച വൻ സാമ്പത്തികമാന്ദ്യത്തെ (Great Depression) 'മഹാ വിഷാദകാലം' എന്നു പരിഭാഷപ്പെടുത്തുന്നത് കഷ്ടമായിപ്പോയി.

പുസ്തകം ശുപാർശ ചെയ്യുന്നു.


Book Review of 'Fascist Kaalathe Basheer' by M A Rehman
ISBN: 9789387334885

No comments:

Post a Comment