Monday, December 30, 2019

സംഘകാലത്തെ ജനജീവിതം

മലയാളഭാഷയുടെ ഉത്ഭവവും വികാസവും തമിഴിന്റെ കളിത്തൊട്ടിലിലായിരുന്നതിനാൽ ആ ഭാഷയിലെ ആദ്യകാല സാഹിത്യരചനകളായ സംഘം കൃതികൾ നമ്മുടെ പാരമ്പര്യത്തിന്റേയും സ്രോതസ്സാണ്. രാഷ്ട്രധർമ്മം, സാമൂഹ്യബന്ധങ്ങൾ, പ്രണയം എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത മേഖലകളേയും സ്പർശിക്കുന്ന ഈ പ്രാചീന സാഹിത്യസമാഹാരം മാത്രമാണ് അക്കാലത്തെ ജനങ്ങളുടെ ജീവിതരീതിയും, സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയസ്ഥിതികളും ഒട്ടൊക്കെ അറിയാൻ നമ്മെ പ്രാപ്തരാക്കുന്നത്. വടക്ക് തിരുപ്പതിയും തെക്ക് കന്യാകുമാരിയും കിഴക്കും പടിഞ്ഞാറും കടൽത്തിരകളും അതിരിടുന്ന പ്രാചീന തമിഴകത്തിനെ സാംസ്കാരികമായി ഏകീകരിച്ച സംഘസാഹിത്യം ഇവിടത്തെ ആധുനികജനതയുടെ പല അടയാളങ്ങളിലേയും ഗുപ്തസാന്നിദ്ധ്യമാണ്. അതുതന്നെയാണ് ഈ കൃതികളുടെ കാലികപ്രസക്തിയും. ഔപചാരികവിദ്യാഭ്യാസത്തിനുശേഷം അദ്ധ്യാപനവൃത്തിയിലേർപ്പെട്ട ഗ്രന്ഥകർത്താവായ ശ്രീ. ജേക്കബ് നായത്തോട് കഥയും നോവലുമായി നിരവധി രചനകൾ നിർവഹിച്ചിട്ടുണ്ട്.

സംഘകാലകൃതികളിൽനിന്ന് നമുക്കാദ്യമായി മനസ്സിലാക്കാൻ കഴിയുന്നത് ഗോത്രവ്യവസ്ഥയിൽനിന്ന് കുടുംബവ്യവസ്ഥയിലേക്കുള്ള സ്പഷ്ടമായ മാറ്റമാണ്. മൻറത്തിൽനിന്ന് കുടികളിലേക്കു നീങ്ങിയ ജനത സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം കാലിവളർത്തലിൽനിന്ന് കൃഷിയിലേക്ക് മാറ്റിസ്ഥാപിച്ചു. ഈ നിർണായകഘട്ടത്തിൽ സ്ത്രീയുടെ സ്ഥാനം പുരുഷന്റേതിൽനിന്ന് വളരെ താഴ്ന്ന ഒരു നിലവാരത്തിലേക്ക് അധഃപതിച്ചതായി ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. എന്നാൽ ഇതിന് വിപരീതമായ ഒരഭിപ്രായവും പുസ്തകത്തിൽ മറ്റൊരിടത്ത് കാണുന്നുണ്ട്. സംഘകാലത്ത് പ്രണയവിവാഹമാണ് കൂടുതലായി നടന്നിരുന്നതെന്ന് അകനാനൂറിലെ പാട്ടുകളിലെ തെളിവുകൾ വെച്ച് ലേഖകൻ ഊഹിക്കുന്നു. ഇത് പൂർണമായും ശരിയാകാനിടയില്ല. എല്ലാ ഭാഷകളിലും എക്കാലത്തും കവികളും കഥാകാരന്മാരും ഊന്നൽ കൊടുത്തിരുന്ന ഒന്നാണ് പ്രണയം. കർക്കശമായ പർദ്ദാ സമ്പ്രദായം നിലനിന്നിരുന്ന ഇടങ്ങളിൽപ്പോലും ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നത് പ്രണയവിഷയകമായ സാഹിത്യമാണ്. അങ്ങനെയിരിക്കേ അത് അക്കാലത്തെ സമൂഹത്തിന്റെ ഒരു നേർ പ്രതിഫലനമാണെന്നു കരുതുക വയ്യ. എല്ലാ പ്രാചീനസമുദായങ്ങളിലും സ്ത്രീ അടിച്ചമർത്തപ്പെട്ടിരുന്നു എന്നു വാദിക്കുന്ന ലേഖകൻ പഴയ നിയമത്തിലെ ചില ഉദ്ധരണികളും നൽകുന്നു. എന്നാൽ പാലസ്തീനിലെ സ്ത്രീകൾക്ക് യേശു ഒരു ആശ്വാസമായി ഉയർന്നുവന്നതെങ്ങനെ എന്ന ദീർഘമായ വാദം (പേജ് 165) പുസ്തകത്തിന്റെ ചർച്ചാവിഷയവുമായി പൊരുത്തപ്പെടുന്നില്ല.

സൈന്ധവതീരത്തെ പ്രാചീന നാഗരികത അക്രമികളായി കടന്നു വന്ന ആര്യന്മാർ നശിപ്പിച്ചുവെന്നും അതിൽനിന്ന് രക്ഷ തേടി ദക്ഷിണദേശത്തേക്ക് ഓടിവന്ന് അവിടെ വാസമുറപ്പിച്ചവരാണ് ദ്രാവിഡരെന്നും ഒരു വിശ്വാസം ചില ചരിത്രകാരന്മാരും അന്ധമായ ദ്രാവിഡാഭിമാനം മനസ്സിൽ പേറുന്നവരും സൂക്ഷിക്കുന്നുണ്ട്. എന്നാൽ സംഘകൃതികളിലെ പല പരാമർശങ്ങളും ഈ വാദത്തിന്റെ മുനയൊടിക്കുന്നതാണ്. വൈദികമതം ആര്യന്മാരുടെ സൃഷ്ടിയാണല്ലോ. അപ്പോൾ അതിനെ പ്രകീർത്തിക്കുന്ന ഭാഗങ്ങൾ ദ്രാവിഡരുടെ പ്രഥമസാഹിത്യസംരംഭമായ സംഘകാല രചനകളിൽ കാണാൻ പാടില്ലാത്തതാണ്. എന്നാൽ വൈദിക ദൈവങ്ങളെ ആരാധിച്ചിരുന്നവരാണ് തമിഴകത്തെ ജനങ്ങൾ എന്ന് ഇവ അസന്നിഗ്ദ്ധമായി തെളിയിക്കുന്നു. നാലു തിണൈകളിൽ വേദകാലത്തെ ആരാധനാമൂർത്തികളാണ് 'നില ദേവത' എന്നറിയപ്പെടുന്നത് - മരുതത്തിണൈയിൽ ഇന്ദ്രൻ, പാലൈയിൽ വനദുർഗ്ഗ, നെയ്തലിൽ വരുണൻ, മുല്ലൈയിൽ വിഷ്ണു. മാത്രവുമല്ല, പുത്രകാമേഷ്ടി അടക്കമുള്ള യാഗങ്ങൾ രാജാക്കന്മാർ ധാരാളമായി നടത്തിയിരുന്നുവെന്നും അതിന് കാർമ്മികത്വം വഹിക്കുന്ന ബ്രാഹ്മണരെ ആദരിക്കുകയും ധാരാളം സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്തിരുന്നതായി പല പാട്ടുകളും രേഖപ്പെടുത്തുന്നു. സതി പോലുള്ള ആചാരങ്ങളും നടപ്പിലായിരുന്നു. ബുദ്ധമതവും ഇവിടെ വ്യാപകമായി പ്രചരിച്ചിരുന്നതായിട്ടാണ് കാണുന്നത്. കേരളത്തിൽ ശാസ്താവായ അയ്യപ്പനോടൊപ്പം ആദരിക്കപ്പെടുന്ന വാവർ 'ബാവരി' എന്ന ബുദ്ധാചാര്യനായിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് ജേക്കബ് നായത്തോട് അഭിപ്രായപ്പെടുന്നു.

സംഘകൃതികളിൽനിന്ന് ധാരാളമായ ഉദ്ധരണികൾ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ശ്രംഖലകളായി നീളുന്ന അലങ്കാരങ്ങൾ ഇവയുടെ പ്രത്യേകതയാണ്. ഇന്ന് നമുക്ക് കാര്യമായ പരിചയമില്ലാത്ത ഈ അണിയിച്ചൊരുക്കിയ ഭാഷ കൗതുകം പകരുന്നതാണ്. സംഘകാല സമൂഹത്തിൽനിന്ന് ആധുനിക കാലത്തേക്കു നീളുന്ന ആശയപരമായ പൊക്കിൾക്കൊടിബന്ധം ഗ്രന്ഥകർത്താവ് കൃത്യമായി കണ്ടെത്തുന്നു. നാം ഇന്നും വെച്ചുപുലർത്തുന്ന പല അന്ധവിശ്വാസങ്ങളുടേയും - പല്ലി ചിലക്കുന്ന ശബ്ദം, ശകുനങ്ങൾ, കാക്ക വിരുന്നു വിളിക്കുന്നുവെന്ന സങ്കല്പം, ബാധയൊഴിപ്പിക്കൽ മുതലായവ - അടിസ്ഥാനം സംഘകാലത്തുതന്നെ ഉറച്ചിരുന്നു. എന്തിനേറെ, കേരളത്തിലെ വളരുന്ന മദ്യാസക്തി പോലും സംഘകാലത്തും കാണപ്പെട്ടിരുന്നു എന്ന വസ്തുത രസകരമാണ്. അക്കാലത്തും മദ്യം ഒരവശ്യവസ്തുവായിരുന്നെന്നും 'കൊടി കെട്ടിയ മദ്യശാലകൾ' വഴി അത് നാടെങ്ങും വിതരണം ചെയ്തിരുന്നുവെന്നും ലേഖകൻ കണ്ടെത്തുന്നു.

പുസ്തകം ശക്തമായി ശുപാർശ ചെയ്യുന്നു.


Book Review of 'Sanghakaalathe Janajeevitham' by Jacob Nayathode
ISBN: 9789386112583

Sunday, December 15, 2019

ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം

മൂന്നുവശവും സമുദ്രത്താൽ ചുറ്റപ്പെട്ടതും പ്രാചീനകാലം മുതലേ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളതുമായ രാജ്യമാണ് ഇന്ത്യ. കടൽ കടക്കുന്നതിനെതിരെ മദ്ധ്യകാലത്തെങ്ങോ നിലവിൽ വന്ന ഒരു നിരോധനത്തിനുമുമ്പ് നമ്മുടെ നാവികർ ഇന്ത്യൻ മഹാസമുദ്രത്തിൽ നിർണായകസ്ഥാനം നേടിയിരുന്നു. ഇന്ത്യൻ കപ്പലോട്ടത്തെ കുറഞ്ഞ നിരക്കുകൾ നൽകി കഴുത്തുഞെരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെ മാറ്റങ്ങൾ വന്നുതുടങ്ങി. എങ്കിലും സ്വാതന്ത്ര്യാനന്തരമാണ് ഈ മേഖല ചിറകുവിരിക്കാൻ തുടങ്ങിയത്. ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം ആഖ്യാനം ചെയ്യുന്ന ആദ്യ മലയാളകൃതിയാണിത്. ഉപന്യാസകനും നിരൂപകനുമായ ഡോ. ടി. ആർ. രാഘവൻ കപ്പൽ ഗതാഗതമേഖലയിലെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സീനിയർ എക്സിക്യൂട്ടീവായി 34 വർഷം ജോലിചെയ്തു.അദ്ദേഹത്തിന്റെ പി.എച്ച്.ഡി ഗവേഷണപ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ചതാണ് ഈ പുസ്തകം.

സംഘകാലം മുതലുള്ള വസ്തുതകൾ പരാമർശിക്കുന്നുണ്ടെങ്കിലും ഗ്രന്ഥകാരൻ പ്രധാനമായി ഊന്നൽ നൽകിയിരിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടും അതിനുശേഷവുമുള്ള വസ്തുതകളിലേക്കാണ്. ആ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കപ്പൽ ഗതാഗതം സ്ഥായിയായ മാറ്റങ്ങളിലൂടെ കടന്നുപോയി. കപ്പൽപ്പായക്കു പകരം നീരാവിയും തടിക്കുപകരം ഉരുക്കും ദൂരവ്യാപകമായ പരിവർത്തനങ്ങൾ ആ മേഖലയിൽ സൃഷ്ടിച്ചു. ഇന്ത്യൻ സംരംഭകർ തുടക്കം മുതലേ ഈ മാറ്റങ്ങളെ സ്വാംശീകരിച്ചുകൊണ്ട് രംഗത്തിറങ്ങി എന്നതാണ് ആഹ്ലാദകരമായ ഒരു വസ്തുത. പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ വാഡിയമാർ മുംബൈയിൽ കപ്പൽ നിർമ്മാണം ആരംഭിച്ചു.

ഇന്ത്യൻ കപ്പലോട്ടമേഖലയിലെ പ്രഥമ സംരംഭകരെ മൂക്കുകയറിടാൻ ബ്രിട്ടീഷ് നാവികരും കോളനി സർക്കാരും ചേർന്നുനടത്തിയ കുടിലനീക്കങ്ങളെ ഈ പുസ്തകം തുറന്നുകാണിക്കുന്നു. ബ്രിട്ടീഷ് കപ്പലുകളിൽ കൊണ്ടുവരുന്നതും ഇന്ത്യൻ കപ്പലുകളിൽ കൊണ്ടുവരുന്നതുമായ ചരക്കുകൾക്ക് വ്യത്യസ്ത ഇറക്കുമതിച്ചുങ്കമാണ് ചാർത്തിയിരുന്നത് - യഥാക്രമം ഏഴരയും പതിനഞ്ചും ശതമാനം. 1914-ൽ പെനിൻസുലാർ & ഓറിയന്റൽ (P&O), ബ്രിട്ടീഷ് ഇന്ത്യൻ സ്റ്റീം നാവിഗേഷൻ കമ്പനികൾ ലയിച്ചതോടെ പൂർവ്വാധികം ശക്തമായ ബ്രിട്ടീഷ് നാവികമേഖല നിരക്കുകൾ കുത്തനെ കുറച്ചുകൊണ്ട് അവരോടു മത്സരിക്കുന്ന പുത്തൻ ഇന്ത്യൻ കമ്പനികളെ കുത്തുപാളയെടുപ്പിച്ചു. ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടതല്ലെങ്കിലും അക്കാലത്തെ നിയമനിർമ്മാണ സഭകളിൽ ഇന്ത്യൻ അംഗങ്ങൾ എത്ര വീറും വാശിയോടെയുമാണ് രാജ്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ ഇടപെട്ടിരുന്നതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്നത് കോൺഗ്രസ്സ് എന്നൊരു പാർട്ടി നടത്തിയ ഒറ്റയാൻ സമരത്തിന്റെ ഫലമായി വെള്ളിത്താലത്തിൽ വെച്ചുനീട്ടിയതാണെന്ന മട്ടിലുള്ള ലളിതവത്കരിക്കപ്പെട്ട ചരിത്രപുസ്തകങ്ങൾ മാത്രം വായിച്ചവർക്ക് ഇതൊരു പുതിയ വെളിപാടായിരിക്കും.

വിവിധ വ്യക്തികൾ രചിച്ച ആമുഖം, അവതാരിക, പരിപ്രേക്ഷ്യം, ഉപക്രമം എന്നിങ്ങനെ നിരവധി കടമ്പകൾ കടന്നിട്ടുവേണം വായനക്കാർ പുസ്തകത്തിന്റെ കാമ്പിലേക്കു പ്രവേശിക്കാൻ. ഒരു ഗവേഷണപ്രബന്ധത്തിനേക്കാൾ കവിഞ്ഞ വായനാക്ഷമതയൊന്നും ഒരു ഭാഗത്തും ഈ കൃതി പ്രദർശിപ്പിക്കുന്നുമില്ല. 1870-കളിൽ രൂപം കൊണ്ട ബോംബെ, കൽക്കത്ത പോർട്ട് ബോർഡുകളിലെ മുഴുവൻ അംഗങ്ങളുടേയും പേരുകൾ പോലും നിരനിരയായി എഴുതിവെക്കുന്നു. പുസ്തകത്തിലെമ്പാടും കാണുന്ന അച്ചടിപ്പിശകുകൾ, പ്രത്യേകിച്ചും വർഷങ്ങൾ പരാമർശിക്കുമ്പോൾ, ഒരു റഫറൻസ് ഗ്രന്ഥം എന്ന നിലയിലുള്ള പുസ്തകത്തിന്റെ നിലവാരത്തിൽ മങ്ങലുണ്ടാക്കുന്നു.

വായനാക്ഷമമല്ലാത്ത ഈ കൃതി സാധാരണ അനുവാചകർക്കായി ശുപാർശ ചെയ്യുന്നില്ല.

Book Review of 'Indian Kappalottathinte Charithram' by T R Raghavan
ISBN: 9788120038844