Sunday, December 15, 2019

ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം

മൂന്നുവശവും സമുദ്രത്താൽ ചുറ്റപ്പെട്ടതും പ്രാചീനകാലം മുതലേ കിഴക്കും പടിഞ്ഞാറും തമ്മിലുള്ള വ്യാപാരത്തിൽ നിർണായക പങ്കുവഹിച്ചിട്ടുള്ളതുമായ രാജ്യമാണ് ഇന്ത്യ. കടൽ കടക്കുന്നതിനെതിരെ മദ്ധ്യകാലത്തെങ്ങോ നിലവിൽ വന്ന ഒരു നിരോധനത്തിനുമുമ്പ് നമ്മുടെ നാവികർ ഇന്ത്യൻ മഹാസമുദ്രത്തിൽ നിർണായകസ്ഥാനം നേടിയിരുന്നു. ഇന്ത്യൻ കപ്പലോട്ടത്തെ കുറഞ്ഞ നിരക്കുകൾ നൽകി കഴുത്തുഞെരിച്ചിരുന്ന ബ്രിട്ടീഷ് ഭരണകൂടത്തിന്റെ നയങ്ങളിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെ മാറ്റങ്ങൾ വന്നുതുടങ്ങി. എങ്കിലും സ്വാതന്ത്ര്യാനന്തരമാണ് ഈ മേഖല ചിറകുവിരിക്കാൻ തുടങ്ങിയത്. ഇന്ത്യൻ കപ്പലോട്ടത്തിന്റെ ചരിത്രം ആഖ്യാനം ചെയ്യുന്ന ആദ്യ മലയാളകൃതിയാണിത്. ഉപന്യാസകനും നിരൂപകനുമായ ഡോ. ടി. ആർ. രാഘവൻ കപ്പൽ ഗതാഗതമേഖലയിലെ പ്രമുഖ പൊതുമേഖലാസ്ഥാപനമായ ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ സീനിയർ എക്സിക്യൂട്ടീവായി 34 വർഷം ജോലിചെയ്തു.അദ്ദേഹത്തിന്റെ പി.എച്ച്.ഡി ഗവേഷണപ്രബന്ധത്തെ അടിസ്ഥാനമാക്കി രചിച്ചതാണ് ഈ പുസ്തകം.

സംഘകാലം മുതലുള്ള വസ്തുതകൾ പരാമർശിക്കുന്നുണ്ടെങ്കിലും ഗ്രന്ഥകാരൻ പ്രധാനമായി ഊന്നൽ നൽകിയിരിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടും അതിനുശേഷവുമുള്ള വസ്തുതകളിലേക്കാണ്. ആ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കപ്പൽ ഗതാഗതം സ്ഥായിയായ മാറ്റങ്ങളിലൂടെ കടന്നുപോയി. കപ്പൽപ്പായക്കു പകരം നീരാവിയും തടിക്കുപകരം ഉരുക്കും ദൂരവ്യാപകമായ പരിവർത്തനങ്ങൾ ആ മേഖലയിൽ സൃഷ്ടിച്ചു. ഇന്ത്യൻ സംരംഭകർ തുടക്കം മുതലേ ഈ മാറ്റങ്ങളെ സ്വാംശീകരിച്ചുകൊണ്ട് രംഗത്തിറങ്ങി എന്നതാണ് ആഹ്ലാദകരമായ ഒരു വസ്തുത. പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ വാഡിയമാർ മുംബൈയിൽ കപ്പൽ നിർമ്മാണം ആരംഭിച്ചു.

ഇന്ത്യൻ കപ്പലോട്ടമേഖലയിലെ പ്രഥമ സംരംഭകരെ മൂക്കുകയറിടാൻ ബ്രിട്ടീഷ് നാവികരും കോളനി സർക്കാരും ചേർന്നുനടത്തിയ കുടിലനീക്കങ്ങളെ ഈ പുസ്തകം തുറന്നുകാണിക്കുന്നു. ബ്രിട്ടീഷ് കപ്പലുകളിൽ കൊണ്ടുവരുന്നതും ഇന്ത്യൻ കപ്പലുകളിൽ കൊണ്ടുവരുന്നതുമായ ചരക്കുകൾക്ക് വ്യത്യസ്ത ഇറക്കുമതിച്ചുങ്കമാണ് ചാർത്തിയിരുന്നത് - യഥാക്രമം ഏഴരയും പതിനഞ്ചും ശതമാനം. 1914-ൽ പെനിൻസുലാർ & ഓറിയന്റൽ (P&O), ബ്രിട്ടീഷ് ഇന്ത്യൻ സ്റ്റീം നാവിഗേഷൻ കമ്പനികൾ ലയിച്ചതോടെ പൂർവ്വാധികം ശക്തമായ ബ്രിട്ടീഷ് നാവികമേഖല നിരക്കുകൾ കുത്തനെ കുറച്ചുകൊണ്ട് അവരോടു മത്സരിക്കുന്ന പുത്തൻ ഇന്ത്യൻ കമ്പനികളെ കുത്തുപാളയെടുപ്പിച്ചു. ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ടതല്ലെങ്കിലും അക്കാലത്തെ നിയമനിർമ്മാണ സഭകളിൽ ഇന്ത്യൻ അംഗങ്ങൾ എത്ര വീറും വാശിയോടെയുമാണ് രാജ്യതാല്പര്യങ്ങൾ സംരക്ഷിക്കാൻ ഇടപെട്ടിരുന്നതെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്നത് കോൺഗ്രസ്സ് എന്നൊരു പാർട്ടി നടത്തിയ ഒറ്റയാൻ സമരത്തിന്റെ ഫലമായി വെള്ളിത്താലത്തിൽ വെച്ചുനീട്ടിയതാണെന്ന മട്ടിലുള്ള ലളിതവത്കരിക്കപ്പെട്ട ചരിത്രപുസ്തകങ്ങൾ മാത്രം വായിച്ചവർക്ക് ഇതൊരു പുതിയ വെളിപാടായിരിക്കും.

വിവിധ വ്യക്തികൾ രചിച്ച ആമുഖം, അവതാരിക, പരിപ്രേക്ഷ്യം, ഉപക്രമം എന്നിങ്ങനെ നിരവധി കടമ്പകൾ കടന്നിട്ടുവേണം വായനക്കാർ പുസ്തകത്തിന്റെ കാമ്പിലേക്കു പ്രവേശിക്കാൻ. ഒരു ഗവേഷണപ്രബന്ധത്തിനേക്കാൾ കവിഞ്ഞ വായനാക്ഷമതയൊന്നും ഒരു ഭാഗത്തും ഈ കൃതി പ്രദർശിപ്പിക്കുന്നുമില്ല. 1870-കളിൽ രൂപം കൊണ്ട ബോംബെ, കൽക്കത്ത പോർട്ട് ബോർഡുകളിലെ മുഴുവൻ അംഗങ്ങളുടേയും പേരുകൾ പോലും നിരനിരയായി എഴുതിവെക്കുന്നു. പുസ്തകത്തിലെമ്പാടും കാണുന്ന അച്ചടിപ്പിശകുകൾ, പ്രത്യേകിച്ചും വർഷങ്ങൾ പരാമർശിക്കുമ്പോൾ, ഒരു റഫറൻസ് ഗ്രന്ഥം എന്ന നിലയിലുള്ള പുസ്തകത്തിന്റെ നിലവാരത്തിൽ മങ്ങലുണ്ടാക്കുന്നു.

വായനാക്ഷമമല്ലാത്ത ഈ കൃതി സാധാരണ അനുവാചകർക്കായി ശുപാർശ ചെയ്യുന്നില്ല.

Book Review of 'Indian Kappalottathinte Charithram' by T R Raghavan
ISBN: 9788120038844
 

No comments:

Post a Comment